3 Tuesday
December 2024
2024 December 3
1446 Joumada II 1

അത്യുഷ്ണം വിശ്വാസികളുടെ നിലപാട്‌

മുസ്തഫ നിലമ്പൂര്‍


നമ്മുടെ നാട് അസഹനീയമായ ഉഷ്ണം കൊണ്ട് എരിപൊരിയുകയാണ്. ഉഷ്ണ തരംഗത്തില്‍ നമ്മുടെ നിത്യജീവിതത്തിന്റെ ക്രമീകരണങ്ങള്‍ തകിടം മറിഞ്ഞു. പ്രതിസന്ധികള്‍ വരാതിരിക്കാനും ജീവന്‍ രക്ഷിക്കാനുമുള്ള നിര്‍ദേശങ്ങള്‍ അധികൃതര്‍ നല്‍കിക്കൊണ്ടിരിക്കുന്നു. ആവശ്യമായ ശുദ്ധ ജല പാനങ്ങള്‍ക്കുള്ള പ്രോത്സാഹന പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഭയപ്പെടേണ്ടതില്ലെങ്കിലും അതികഠിനമായ ചൂടിനെ ജാഗ്രതയോടെ കാണേണ്ടതാണ്. നമ്മുടെ ജീവിതത്തെ അശ്രദ്ധയാല്‍ നമ്മള്‍ തന്നെ നശിപ്പിച്ചു കളയരുത്. ‘നിങ്ങളുടെ കൈകളെ നിങ്ങള്‍ തന്നെ നാശത്തില്‍ തള്ളിക്കളയരുത്. നിങ്ങള്‍ നല്ലത് പ്രവര്‍ത്തിക്കുക. നന്‍മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപെടുക തന്നെ ചെയ്യും.’ (വി.ഖു 2:195)
ചൂടിനെ പ്രതിരോധിക്കാന്‍ ആരാധനയുടെ സമയ ക്രമീകരണങ്ങള്‍ പോലും ഇസ്‌ലാം അനുവദിക്കുന്നു. പ്രവാചകന്‍(സ) പറഞ്ഞു: ചൂട് അതിശക്തമായാല്‍ നിങ്ങള്‍ നമസ്‌കാരത്തെ പിന്തിപ്പിക്കുക. (തണുപ്പുള്ള സമയത്തേക്ക് ക്രമീകരിക്കുക). തീര്‍ച്ചയായും കഠിനമായ ചൂട് നരക കാറ്റില്‍ പെട്ടതാകുന്നു. (മുസ്‌ലിം 617). ഇമാം അഹ്മദിന്റെ രിവായത്തില്‍ (10802) ദുഹ്‌റിനെ പിന്തിപ്പിക്കുക എന്നാണ് വന്നിട്ടുള്ളത്.
പ്രവാചകന്റെ ആദ്യ കാല പള്ളി ഭാഗികമായി ഈത്തപ്പന ഓല കൊണ്ടു മേഞ്ഞതായിരുന്നു. അതി കഠിനമായ ചൂട് നിമിത്തം സ്വസ്ഥമായി നമസ്‌കാരം നിര്‍വഹിക്കുന്നത് പ്രയാസമാണെങ്കില്‍ ചൂട് കുറയുന്ന സമയത്തേക്ക് മാറ്റി അസറിന്റെ മുമ്പായി നിര്‍വ്വഹിക്കാവുന്നതാണ് എന്ന് മേല്‍ വചനം വ്യക്തമാക്കുന്നു.
അതികഠിനമായ ചൂട് നരക കാറ്റില്‍ പെട്ടതാണെന്ന ഹദീസിലെ ഭാഗം ശ്രദ്ധേയമാണ്. ഉഷ്ണ പ്രതിഭാസങ്ങള്‍ പരലോകത്തെയും നരകത്തെയും ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ഇഹലോകത്തും ബര്‍സഖിലും മഹ്ശറിലും തണലനുഭവിക്കാനുള്ള തയ്യാറെടുപ്പുകള്‍ നാം നിര്‍വഹിക്കുന്നുണ്ടോ? ഇവിടെ ഇതാണ് ചൂടിന്റെ അവസ്ഥയെങ്കില്‍ നരകാഗ്‌നിയുടെ അവസ്ഥ എന്തായിരിക്കും? പറയുക: നരകാഗ്‌നി കൂടുതല്‍ കഠിനമായ ചൂടുള്ളതാണ്. (ഖുര്‍ആന്‍)
നിര്‍ബന്ധ സാഹചര്യത്തില്‍ ഈ ഇളവ് മാറ്റി വെച്ചു അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പുറപ്പടേണ്ടി വന്നാല്‍ അതിന് തയ്യാറാവണം. തബൂക്ക് യുദ്ധത്തിലേക്ക് പോകാതെ മാറിനിന്ന്, കപടന്മാര്‍ കഠിനമായ ചൂടുകാരണം പുറപ്പെടുന്നില്ല എന്ന് അറിയിച്ചപ്പോള്‍ അവരെ അല്ലാഹു താക്കീത് ചെയ്തത് ഇപ്രകാരമാണ്: ‘(യുദ്ധത്തിനു പോകാതെ) പിന്‍മാറി ഇരുന്നവര്‍ അല്ലാഹുവിന്റെ ദൂതന്റെ കല്‍പനക്കെതിരായുള്ള അവരുടെ ഇരുത്തത്തില്‍ സന്തോഷം പൂണ്ടു. തങ്ങളുടെ സ്വത്തുക്കള്‍കൊണ്ടും ശരീരങ്ങള്‍കൊണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുവാന്‍ അവര്‍ ഇഷ്ടപ്പെട്ടില്ല. അവര്‍ പറഞ്ഞു: ഈ ഉഷ്ണത്തില്‍ നിങ്ങള്‍ ഇറങ്ങി പുറപ്പെടേണ്ട. പറയുക: നരകാഗ്‌നി കൂടുതല്‍ കഠിനമായ ചൂടുള്ളതാണ്. അവര്‍ കാര്യം ഗ്രഹിക്കുന്നവരായിരുന്നെങ്കില്‍! (വി.ഖു 9:81).
ജലം ജീവാമൃതം
ജലം നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാന ഘടകമാണ്. ജല സാന്നിധ്യത്തിലാണ് കോശങ്ങളുടെ ചൈതന്യം കുടികൊള്ളുന്നത്. ശരീര കോശത്തിന്റെ വിഘടനത്തിന് വിധേയമാക്കാന്‍ പ്രയോജനമാകുന്നത് ജലമാണ്. നമ്മുടെ രക്തത്തില്‍ 80 ശതമാനം ജലാംശമാണുള്ളത്. ശരീരത്തിന്റെ ഉഷ്ണനില സംരക്ഷിക്കുന്നതില്‍ ശരീരത്തിലെ ജലം നിര്‍വഹിക്കുന്ന ധര്‍മം അവര്‍ണനീയമാണ്. മനുഷ്യന്‍ പുരോഗതിയുടെ പടവുകള്‍ കയറി പോകുമ്പോഴും അവിടങ്ങളില്‍ ജല കണികയുണ്ടോ എന്ന് നോക്കിയാണ് ജീവന് സാധ്യതയുണ്ടോ എന്ന് പരിശോധിക്കുന്നത്. ഭൂമിയിലെ ജലത്തിന്റെ ചാക്രിക ക്രമീകരണങ്ങള്‍ അത്യല്‍ഭുതകരമാണ്.
പാനജലം പുണ്യകര്‍മം
ജീവന്റെ നിലനില്‍പിന് ജലം അനിവാര്യമായതുകൊണ്ടാണ് ഏറ്റവും മഹത്തായ ദാനം പാനജലം നല്‍കലാണ് എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നത്. വെള്ളം നല്‍കുന്നതിനേക്കാള്‍ പ്രതിഫലാര്‍ഹമായ ഒരു ദാനവും ആരും നിര്‍വഹിക്കുന്നില്ല. (കാമില്‍ 9:114). നീ നിന്റെ ജല പാത്രത്തില്‍ നിന്ന് സഹോദരന്റെ ജല പാത്രത്തിലേക്ക് പകര്‍ന്നു കൊടുക്കുന്നത് ദാനധര്‍മ്മമാണ്. (തിര്‍മിദി 1956).
ഉബാദത്ത് ഇബ്‌നു സാമിത്തിന്റെ(റ) മാതാവ് മരണപ്പെട്ടു. അവര്‍ക്ക് വസിയ്യത്ത് ചെയ്യാന്‍ കഴിയുമായിരുന്നെങ്കില്‍ അവരെന്നോട് വസിയ്യത്ത് ചെയ്യുമായിരുന്നു, അതുകൊണ്ട് ഞാന്‍ അവര്‍ക്ക് വേണ്ടി ദാനം നല്‍കട്ടെയോ എന്ന് ഉബാദത്ത് ചോദിച്ചപ്പോള്‍ നബി(സ) അതെ എന്ന് പറഞ്ഞു. അദ്ദേഹം നബിയോട് ചോദിച്ചു: ഏറ്റവും ശ്രേഷ്ഠമായ ദാനം ഏതാണ്? നബി(സ) പറഞ്ഞു: പാനജലം നല്‍കല്‍. (സുനനു ഇബ്‌നുമാജ 3684)
ഈ ഉഷ്ണ കാലത്ത് ജന്തുജാലങ്ങള്‍ക്ക് പാനം ചെയ്യുന്നതിനായി നമ്മുടെ പറമ്പുകളിലും മറ്റും കുടിവെള്ളം സംവിധാനിച്ചാല്‍ അതിരില്ലാത്ത പ്രതിഫലം ലഭിക്കുന്നതാണ്.
നരകമോക്ഷം
നരകത്തില്‍ നിന്ന് രക്ഷപ്പെടാനും സ്വര്‍ഗപ്രവേശം ലഭിക്കാനും നിമിത്തമാകുന്ന മഹത്തായ ദാനമാണ് കുടിവെള്ളം നല്‍കല്‍. ഏറ്റവും നീചനായ വ്യക്തിയാണെങ്കില്‍ പോലും, ഈ ഒരു കര്‍മം കൊണ്ട് സ്വര്‍ഗപ്രവേശം നേടിയേക്കാം. ബനൂഇസ്രായീല്യരിലെ ദുര്‍നടപ്പുകാരിയായ ഒരു സ്ത്രീ, ദാഹ പരവശനായ നായക്ക് തന്റെ ഷൂ അഴിച്ച് അതില്‍ വെള്ളം കോരി കൊടുത്തതിന്റെ പേരില്‍ അവള്‍ക്ക് അല്ലാഹു പൊറുത്തു കൊടുത്തു. (സംഗ്രഹം ബുഖാരി 3321, 3467, മുസ്‌ലിം 2245).
ദാഹിച്ചു മണ്ണ് കപ്പുന്ന നായക്ക് വെള്ളം നല്‍കിയ വ്യക്തിയോട് അല്ലാഹു നന്ദി ചെയ്യുകയും പൊറുത്തു കൊടുക്കുകയും ചെയ്ത വിവരം നബി(സ) പറഞ്ഞപ്പോള്‍ സ്വഹാബികള്‍ ചോദിച്ചു: നബിയേ, മൃഗങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് പ്രതിഫലം ഉണ്ടോ? നബി(സ) പറഞ്ഞു: ജീവനുള്ള ഏതിലും പ്രതിഫലമുണ്ട്. (ബുഖാരി 2363, മുസ്‌ലിം 2244)
മൃഗങ്ങളെ വളര്‍ത്തുന്നവര്‍ അവയെ യഥാവിധം പരിചരിക്കേണ്ടതുണ്ട്. അന്നപാനങ്ങള്‍ നല്‍കാതെ ജീവജാലങ്ങളെ ബന്ധിതമാക്കുന്നത് കഠിനമായ ശിക്ഷക്ക് നിമിത്തമാകും. പൂച്ചയെ കെട്ടിയിട്ട്, ഭക്ഷണം തേടി പോകാന്‍ അനുവദിക്കാത്തതിനാല്‍ ഒരു സ്ത്രീ നരകത്തില്‍ പോയത് നബി(സ) നമ്മെ ഓര്‍മിപ്പിച്ചു. വളര്‍ത്തുമൃഗങ്ങളെ അവയുടെ ജോഡി അനുസരിച്ചും അവയുടെ പ്രകൃതിക്ക് അനുസരിച്ചും സംരക്ഷിക്കാനുള്ള ബാധ്യത അവയെ വളര്‍ത്തുന്നവര്‍ക്ക് ഉണ്ട്.
പാനജലത്തിനായി ആരെങ്കിലും കിണര്‍ നിര്‍മിക്കുകയോ കുഴിയെടുക്കുകയോ ചെയ്തു, ജിന്നിലോ മനുഷ്യരിലോ പെട്ടവരോ ജീവജാലങ്ങളില്‍ ഏതെങ്കിലുമോ പക്ഷികളോ അതില്‍ നിന്ന് പാനം ചെയ്താല്‍ അന്ത്യനാളില്‍ അതിന്റെ പ്രതിഫലം അവര്‍ക്ക് ലഭിക്കാതിരിക്കുകയില്ല. (ഇബ്‌നുമാജ 738). അവ കുടിക്കുന്ന തുള്ളികള്‍ നമ്മുടെ ദാനമായി പരിഗണിക്കും.
നബി പറഞ്ഞു: ജലം ലഭ്യമായെടുത്ത് പാനജലം നല്‍കല്‍ അടിമയെ മോചിപ്പിച്ചതിന് തുല്യമാണ്. പാനജലം ലഭ്യമല്ലാത്തിടത്ത് പാനജലം നല്‍കല്‍ അവന്‍ മനുഷ്യനെ ജീവിപ്പിച്ചതിന്ന് തുല്യമാണ്. ഒരാളെ ആരെങ്കിലും ജീവിപ്പിച്ചാല്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും ജീവിപ്പിച്ചതിന് തുല്യമാണ്. (ഇബ്‌നുമാജ).
ജാഗരൂകരാവുക
ജലദൗര്‍ലഭ്യം കൊണ്ടുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ഗുരുതരമാണ്. ഉഷ്ണ തരംഗവും ഉഷ്ണ കാറ്റും തുടങ്ങിയ പ്രതിഭാസങ്ങള്‍ അസഹനീയമായ സാഹചര്യങ്ങളില്‍, അവയെ പ്രതിരോധിക്കാന്‍ അല്ലാഹുവിന്റെ അനുഗ്രഹമായ മഴ തന്നെ വര്‍ഷിക്കേണ്ടതുണ്ട്. ‘മനുഷ്യര്‍ നിരാശപ്പെട്ടു കഴിഞ്ഞതിനു ശേഷം മഴ വര്‍ഷിപ്പിക്കുകയും, തന്റെ കാരുണ്യം വ്യാപിപ്പിക്കുകയും ചെയ്യുന്നവന്‍ അവന്‍ തന്നെയാകുന്നു. അവന്‍ തന്നെയാകുന്നു സ്തുത്യര്‍ഹനായ രക്ഷാധികാരി.’ (വി.ഖു 42:28)
‘അല്ലാഹുവാകുന്നു കാറ്റുകളെ അയക്കുന്നവന്‍. എന്നിട്ട് അവ (കാറ്റുകള്‍) മേഘത്തെ ഇളക്കിവിടുന്നു. എന്നിട്ട് അവന്‍ ഉദ്ദേശിക്കുന്ന പ്രകാരം അതിനെ ആകാശത്ത് പരത്തുന്നു. അതിനെ അവന്‍ പല കഷ്ണങ്ങളാക്കുകയും ചെയ്യുന്നു. അപ്പോള്‍ അതിന്നിടയില്‍ നിന്ന് മഴ പുറത്ത് വരുന്നതായി നിനക്ക് കാണാം. എന്നിട്ട് തന്റെ ദാസന്‍മാരില്‍ നിന്ന് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ ആ മഴ എത്തിച്ചുകൊടുത്താല്‍ അവരതാ സന്തുഷ്ടരാകുന്നു. ഇതിന് മുമ്പ് ആ മഴ അവരുടെ മേല്‍ വര്‍ഷിപ്പിക്കപ്പെടുന്നതിന് മുമ്പ് തീര്‍ച്ചയായും അവര്‍ ആശയറ്റവര്‍ തന്നെയായിരുന്നു.’ (വി.ഖു 30:48,49)
വൈവിധ്യമായ പ്രക്രിയയില്‍ മഴയെ ചെറു തുള്ളികള്‍ ആക്കി മഴ ചൊരിയുന്ന രക്ഷിതാവിന്റെ അനുഗ്രഹങ്ങള്‍ നിര്‍ണയാതീതമാണ്. ‘ആകാശത്തു നിന്ന് നാം ഒരു നിശ്ചിത അളവില്‍ വെള്ളം ചൊരിയുകയും, എന്നിട്ട് നാം അതിനെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കുകയും ചെയ്തിരിക്കുന്നു. അത് വറ്റിച്ചു കളയാന്‍ തീര്‍ച്ചയായും നാം ശക്തനാകുന്നു. അങ്ങനെ അത് (വെള്ളം) കൊണ്ട് നാം നിങ്ങള്‍ക്ക് ഈത്തപ്പനകളുടെയും, മുന്തിരിവള്ളികളുടെയും തോട്ടങ്ങള്‍ വളര്‍ത്തിത്തന്നു. അവയില്‍ നിങ്ങള്‍ക്ക് ധാരാളം പഴങ്ങളുണ്ട്. അവയില്‍ നിന്ന് നിങ്ങള്‍ തിന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു.’ (വി.ഖു 23:18, 19).
‘നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് മേഘത്തില്‍ നിന്ന് ഇറക്കിയത്? അതല്ല, നാമാണോ ഇറക്കിയവന്‍? നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അത് നാം ദുസ്സ്വാദുള്ള ഉപ്പുവെള്ളമാക്കുമായിരുന്നു. എന്നിരിക്കെ നിങ്ങള്‍ നന്ദികാണിക്കാത്തതെന്താണ്?’ (വി.ഖു 56:70)
ക്ഷാമം: ആത്മീയ
കാരണങ്ങള്‍

അല്ലാഹുവിന്റെ വിധിവിലക്കുകള്‍ പാലിക്കാതെ ജീവിക്കുന്നവരെ അല്ലാഹു ക്ഷാമം കൊണ്ട് പിടികൂടിയേക്കാം. ഇമാം ബുഖാരി മഴക്ക് വേണ്ടിയുള്ള നമസ്‌കാരത്തിന്റെ അധ്യായത്തില്‍, സൃഷ്ടികള്‍ അല്ലാഹുവിന്റെ വിധിവിലക്കുകളെ തകര്‍ത്തെറിയുമ്പോള്‍ രക്ഷിതാവിന്റെ പ്രതികാരം എന്ന ഒരു ഉപ അധ്യായം തന്നെ നല്‍കിയിട്ടുണ്ട്. അര്‍ഹരായവര്‍ക്ക് സകാത്ത് നല്‍കാതെ തടഞ്ഞു വെക്കുന്നതും ആരാധനയില്‍ വീഴ്ച വരുത്തുന്നതും ഇപ്രകാരം പരീക്ഷിക്കാന്‍ കാരണമായേക്കാം. മുഹാജിറുകളോട് നബി(സ) നല്‍കുന്ന താക്കീതില്‍ ഇപ്രകാരം കാണാം: ‘മുഹാജിറുകളേ, അഞ്ചു കാര്യങ്ങള്‍ മുഖേന അല്ലാഹു നിങ്ങളെ പരീക്ഷിക്കുകയോ അത് നിങ്ങള്‍ക്ക് വന്നെത്തുകയോ ചെയ്തിട്ടില്ല. നിങ്ങള്‍ അതില്‍ ഉള്‍പെടാതിരിക്കാന്‍ ഞാന്‍ അല്ലാഹുവിനോട് അഭയം തേടുന്നു. …ഒരു ജനതയുടെ സമ്പത്തിന്റെ സക്കാത്ത് നല്‍കാതിരുന്നാല്‍ അവര്‍ക്ക് മഴ തടയപ്പെടാതിരിക്കുകയില്ല. നാല്‍ക്കാലികള്‍ ഇല്ലെങ്കില്‍ അവര്‍ക്ക് മഴ തന്നെ ലഭിക്കുകയില്ല. (ഇബ്‌നുമാജ 4019).
ഉമറിന്റെ(റ) കാലത്ത് ക്ഷാമം ബാധിച്ച സന്ദര്‍ഭത്തില്‍ അബ്ബാസിബ്‌നു അബ്ദുല്‍ മുത്തലിബ്(റ) നടത്തിയ പ്രാര്‍ത്ഥനയുടെ ഒരു ഭാഗം ഇപ്രകാരമാണ്: ‘അല്ലാഹുവേ പാപം പ്രവര്‍ത്തിക്കുന്നത് കൊണ്ടല്ലാതെ ആപല്‍ പരീക്ഷണങ്ങള്‍ ഉണ്ടാകാറില്ല. പശ്ചാത്താപം കൊണ്ടല്ലാതെ അതില്‍ നിന്ന് മോചനവും ഉണ്ടാകാറില്ല. പശ്ചാത്താപ മൂര്‍ദാവുമായി നിന്റെ നേരെ തിരിഞ്ഞിരിക്കുന്നു. അതുകൊണ്ട് ഞങ്ങള്‍ക്ക് മഴ വര്‍ഷിപ്പിച്ചു തരേണമേ.’ (ഫത്ഹുല്‍ബാരി).
പാപമോചനം തേടുക
പാപമോചനം വര്‍ധിപ്പിക്കുന്നത് മഴയും ഉപജീവനവും ലഭിക്കാന്‍ കാരണമാകും. നൂഹ് നബി പറഞ്ഞത് നോക്കൂ: ‘അങ്ങനെ ഞാന്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനാകുന്നു. അവന്‍ നിങ്ങള്‍ക്ക് മഴ സമൃദ്ധമായി അയച്ചുതരും. സ്വത്തുക്കളും സന്താനങ്ങളും കൊണ്ട് നിങ്ങളെ അവന്‍ പോഷിപ്പിക്കുകയും, നിങ്ങള്‍ക്കവന്‍ തോട്ടങ്ങള്‍ ഉണ്ടാക്കിത്തരികയും നിങ്ങള്‍ക്കവന്‍ അരുവികള്‍ ഉണ്ടാക്കിത്തരികയും ചെയ്യും. (വി.ഖു 71:1012)
ആദ് സമൂഹത്തിനോട് ഹൂദ്്‌നബി (അ) നല്‍കിയ ഉപദേശം ഖുര്‍ആന്‍ പരാമര്‍ശിക്കുന്നു: ‘എന്റെ ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. എന്നിട്ട് അവങ്കലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് സമൃദ്ധമായി മഴ അയച്ചുതരികയും, നിങ്ങളുടെ ശക്തിയിലേക്ക് അവന്‍ കൂടുതല്‍ ശക്തി ചേര്‍ത്തുതരികയും ചെയ്യുന്നതാണ്. നിങ്ങള്‍ കുറ്റവാളികളായിക്കൊണ്ട് പിന്തിരിഞ്ഞ് പോകരുത്.’ (വി.ഖു 11:52)
സൂക്ഷ്മത
‘ആ നാടുകളിലുള്ളവര്‍ വിശ്വസിക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നെങ്കില്‍ ആകാശത്തുനിന്നും ഭൂമിയില്‍നിന്നും നാം അവര്‍ക്കു അനുഗ്രഹങ്ങള്‍ തുറന്നുകൊടുക്കുമായിരുന്നു. പക്ഷെ അവര്‍ നിഷേധിച്ചു തള്ളുകയാണ് ചെയ്തത്. അപ്പോള്‍ അവര്‍ ചെയ്ത്‌വെച്ചിരുന്നതിന്റെ ഫലമായി നാം അവരെ പിടികൂടി.’ (വി.ഖു 7:96).
അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവനൊരു പോംവഴി ഉണ്ടാക്കികൊടുക്കുകയും അവന്‍ കണക്കാക്കാത്ത വിധത്തില്‍ അവന് ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്. വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന് അല്ലാഹു തന്നെ മതിയാകുന്നതാണ്. തീര്‍ച്ചയായും അല്ലാഹു തന്റെ കാര്യം പ്രാപിക്കുന്നവനാകുന്നു. ഓരോ കാര്യത്തിനും അല്ലാഹു ഒരു ക്രമം ഏര്‍പ്പെടുത്തിയിട്ടുണ്ട്. (വി.ഖു 65:2,3)
മഴക്ക് വേണ്ടി
നമസ്‌കാരം

മഴ കിട്ടാതെ പ്രയാസപ്പെടുമ്പോള്‍ മഴക്ക് വേണ്ടി നമസ്‌കരിക്കല്‍ പ്രബലമായ സുന്നത്താണ്. അനുവദനീയമായ ഏത് സമയത്തും മഴക്ക് വേണ്ടിയുള്ള നമസ്‌കാരം നിര്‍വഹിക്കാവുന്നതാണ്. മൈതാനത്ത് എല്ലാവരും വിനീതരായി വരികയും ആത്മാര്‍ത്ഥമായി രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ടതാണ്. മൈതാനത്ത് അല്ലാതെ നിര്‍വഹിക്കാനും അനുവാദമുണ്ട്. പെരുന്നാള്‍ നമസ്‌കാരം പോലെ തന്നെയാണ് ഈ നമസ്‌കാരവും. നമസ്‌കാരത്തിന് ശേഷമോ മുമ്പോ ഇമാം ജനങ്ങളെ ഉല്‍ബുദ്ധരാക്കണം. ക്ഷാമ ഹേതുകമായ വൈവിധ്യങ്ങളായ കാര്യങ്ങള്‍ വ്യക്തമാക്കി ജനങ്ങളെ സൂക്ഷ്മാലുക്കള്‍ ആക്കി മാറ്റലാണ് ഖുതുബയുടെ പൊരുള്‍. നമസ്‌കാരത്തിന് മുമ്പ് ദാനധര്‍മം ചെയ്യല്‍ പുണ്യകരമാണ്
മഴക്ക് വേണ്ടി വിനയത്തോടെ ദീര്‍ഘമായി കൈകള്‍ ഉയര്‍ത്തി പ്രാര്‍ഥിക്കുകയാണ് മഴക്ക് വേണ്ടി ചെയ്യാനുള്ളത്. വിവിധങ്ങളായ പ്രാര്‍ഥനകള്‍ നബി(സ)യില്‍ നിന്നും സ്വഹാബിമാരില്‍നിന്നും വന്നിട്ടുണ്ട്.
الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ، الرَّحْمَنِ الرَّحِيمِ ، مَالِكِ يَوْمِ الدِّينِ ، لَا إِلَهَ إِلَّا اللَّهُ يَفْعَلُ مَا يُرِيدُ ، اللَّهُمَّ أَنْتَ اللَّهُ ، لَا إِلَهَ إِلَّا أَنْتَ الْغَنِيُّ ، وَنَحْنُ الْفُقَرَاءُ ، أَنْزِلْ عَلَيْنَا الْغَيْثَ ، وَاجْعَلْ مَا أَنْزَلْتَ لَنَا قُوَّةً وَبَلَاغًا إِلَى حِينٍ ، (ابوداود 1173)

സര്‍വ്വലോക രക്ഷിതാവും പരമകാരുണികനും കരുണാനിധിയും പ്രതിഫല ദിവസത്തിനു ഉടമസ്ഥനുമായ അല്ലാഹുവിനാണ് സ്തുതി അല്ലാഹുവല്ലാതെ ഒരു ആരാധ്യനുമില്ല അവര്‍ ഉദ്ദേശിക്കുന്നത് അവന്‍ പ്രവര്‍ത്തിക്കുന്നു. അല്ലാഹുവേ, നീയല്ലാതെ ആരാധ്യനില്ല. നീ അനാശ്രയനും ഞങ്ങള്‍ ആശ്രിതമാണ്. ഞങ്ങള്‍ക്കു മഴ വര്‍ഷിപ്പിച്ചു തരേണമേ. ശക്തിയിലും കൂടുതല്‍ കാലത്തേക്ക് ഉപകരിക്കുന്നതുമായ മഴ വര്‍ഷിപ്പിച്ചു തരേണമേ.’

Back to Top