3 Saturday
December 2022
2022 December 3
1444 Joumada I 9

അത്യാഗ്രഹങ്ങളാണ് പരിസ്ഥിതിയെ നശിപ്പിക്കുന്നത്‌

അന്‍സാര്‍ ഒതായി

പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍പെട്ട് ലോകം ഇന്ന് നട്ടം തിരിയുകയാണ്. മനുഷ്യന്റെ ഭൗതികമായ സാഹചര്യങ്ങളിലുള്ള വികസനമാണ് മാനവ പുരോഗതി എന്ന സമവാക്യമാണ് ഇതിനു കാരണം. തന്റെ അടിസ്ഥാന ആവശ്യങ്ങള്‍ക്കുപരി ആര്‍ഭാടങ്ങളിലേക്ക് മനുഷ്യന്‍ ശ്രദ്ധ തിരിക്കുമ്പോള്‍ ഉണ്ടാകുന്ന ഉപഭോഗാസക്തിയെ തൃപ്തിപ്പെടുത്താന്‍ മനുഷ്യന്‍ പ്രകൃതിയെ ചൂഷണം ചെയ്യാന്‍ ആരംഭിച്ചു. ചൂഷണം ഒരര്‍ഥത്തില്‍ മോഷണം തന്നെയാണ്. പ്രകൃതിയെ ചൂഷണം ചെയ്യുക എന്ന ആശയം പാശ്ചാത്യമാണ്. വന്‍തോതിലുള്ള ഉല്‍പാദനത്തിന് വന്‍തോതിലുള്ള പ്രകൃതിചൂഷണം അനിവാര്യമായി. ഇതിന്റെ ഫലമായി ഗുരുതര പ്രതിസന്ധികളിലേക്ക് പരിസ്ഥിതി നിപതിച്ചു.
ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്നാണ് പരിസ്ഥിതി പ്രശ്‌നങ്ങള്‍. എല്ലാ രാജ്യങ്ങളും വളരെ ഗൗരവപൂര്‍ണമായി പരിസ്ഥിതി പ്രശ്‌നങ്ങള്‍ പഠിക്കുകയും അതിന്റെ വിപത്തുകള്‍ കുറയ്ക്കാനുള്ള വഴികള്‍ കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയുമാണ്. മനുഷ്യന്റെ നിലനില്‍പ്പിനുതന്നെ ഭീഷണിയായിക്കൊണ്ട് നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പ്രതിദിനം വര്‍ധിക്കുന്നു. ഈയൊരു പ്രതിസന്ധി ഘട്ടത്തില്‍ കേരളത്തിന്റെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സമഗ്രമായി പഠിക്കുകയും പ്രശ്‌നപരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുകയുമെന്നത് നമ്മുടെ സാമൂഹിക-ധാര്‍മിക ഉത്തരവാദിത്തത്തിന്റെ ഭാഗമാണ്. എന്നാല്‍ ഭൂമിയെ നാം മലിനമാക്കുന്നു. കാടിന്റെ മക്കളെ കുടിയിറക്കുന്നു. കാട്ടാറുകള്‍ കൈയേറി, കാട്ടുമരങ്ങള്‍ കട്ടുമുറിച്ച് മരുഭൂമിക്ക് വഴിയൊരുക്കുന്നു. സംസ്‌കാരത്തിന്റെ ഗര്‍ഭപാത്രത്തില്‍ പരദേശിയുടെ വിഷവിത്ത് വിതച്ചുകൊണ്ട് ഭോഗാസക്തിയില്‍ മതിമറക്കുകയും നാശം വിതയ്ക്കുകയും ചെയ്യുന്ന വര്‍ത്തമാനകാല കേരളം ഏറെ പഠനവിധേയമാക്കേണ്ടതാണ്.
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാന്‍ ഒരുപാട് സവിശേഷതകളുണ്ട്. സാക്ഷരതയുടെയും ആരോഗ്യത്തിന്റെയും വൃത്തിയുടെയുമൊക്കെ കാര്യത്തില്‍ നാം മറ്റു സംസ്ഥാനങ്ങളേക്കാള്‍ മുന്‍പന്തിയിലാണ്. നിര്‍ഭാഗ്യവശാല്‍ പരിസ്ഥിതി സംരക്ഷണ വിഷയത്തില്‍ നാം വളരെ പിറകിലാണ്. സ്വന്തം വൃത്തിയും വീടിന്റെ വൃത്തിയും മാത്രം സംരക്ഷിച്ച് സ്വാര്‍ഥതയുടെ പര്യായമായിക്കൊണ്ടിരിക്കുന്ന മലയാള നാടിന്റെ ഈ പോക്ക് അപകടത്തിലേക്കാണ്.
നാം ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണവും പരിപാലനവും വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്. ജലത്തിനും ഭക്ഷണത്തിനും തൊഴിലിനും പ്രകൃതിയെ നേരിട്ട് ആശ്രയിക്കുന്നവര്‍ക്കാണ് പരിസ്ഥിതിനാശം സ്വന്തം പ്രത്യക്ഷാനുഭവമായി മാറുക. സമൂഹത്തിലെ പൊതുധാരയിലുള്ളവര്‍ക്ക് ഇത് പെട്ടെന്നു മനസ്സിലാവില്ല. പക്ഷേ ക്രമേണ എല്ലാവരിലേക്കും വ്യാപിക്കുന്ന സങ്കീര്‍ണമായ പ്രശ്‌നമാണ് ഇത്തരം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍. പാടം നികത്തിയാലും മണല്‍ വാരി പുഴ നശിച്ചാലും വനം വെട്ടി വെളുപ്പിച്ചാലും മാലിന്യക്കൂമ്പാരങ്ങള്‍ കൂടിയാലും കുന്നിടിച്ചാലും ഞങ്ങള്‍ക്ക് യാതൊരു പ്രശ്‌നവും ഇല്ലെന്നു കരുതുന്നവരുടെ കാഴ്ചപ്പാടുകള്‍ മാറ്റപ്പെടേണ്ടതാണ്. ഇത്തരം പ്രശ്‌നങ്ങള്‍ മാനവരാശിയുടെ പ്രശ്‌നമാണ് എന്നു കരുതി ബോധപൂര്‍വം ഇടപെട്ട് ഭൂമിയെ സംരക്ഷിക്കാന്‍ നാം തയ്യാറായില്ലെങ്കില്‍ നമ്മുടെ മക്കള്‍ക്ക് ഇവിടം വാസയോഗ്യമല്ലാതായി മാറും.
നമുക്ക് നമ്മുടെ പൂര്‍വികര്‍ ദാനം തന്നതല്ല ഈ ഭൂമി, മറിച്ച് നമ്മുടെ ഇളംതലമുറയില്‍ നിന്ന് കടം വാങ്ങിയതാണ് എന്ന ബോധത്തോടെ വേണം ഇവിടെ ജീവിക്കാന്‍. എല്ലാവര്‍ക്കും ആവശ്യത്തിനുള്ളത് എന്നും പ്രകൃതിയിലുണ്ട്. അത്യാഗ്രഹത്തിനൊട്ടില്ല താനും. പരിസ്ഥിതിയുമായുള്ള സന്തുലന സമ്പര്‍ക്കം ഒരു വ്യക്തിയുടെ മാത്രം ആവശ്യമല്ല, സമൂഹത്തിന്റെ കടമയാണ്.
വന നശീകരണം ആഗോളതാപനം, അമ്ലമഴ, കാലാവസ്ഥാ വ്യതിയാനം, കുടിവെള്ളക്ഷാമം തുടങ്ങിയവയെല്ലാം പരസ്പരപൂരകങ്ങളാണ്. ഇന്ന് കേരളത്തിന്റെ കാലാവസ്ഥയില്‍ ഗണ്യമായി വ്യതിയാനം സംഭവിച്ചു, ചൂട് സഹിക്കാന്‍ പറ്റാത്ത അവസ്ഥയായി. കുടിക്കാന്‍ വെള്ളം കിട്ടാത്ത അവസ്ഥയിലേക്ക് നീങ്ങുന്നു. ഈ കാഴ്ച നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x