റമദാന്‍ ആത്മീയതയുടെ ഉത്സവകാലം
ഹാസില്‍ മുട്ടില്‍
വിശ്വാസികളുടെ മനസ്സില്‍ ഭക്തിയുടെയും ആനന്ദത്തിന്റെയും പൂമഴ വര്‍ഷിക്കുന്ന വിശുദ്ധ റമദാന്‍ വീണ്ടും സമാഗതമായിരിക്കുകയാണ്. മനസ്സിനും ശരീരത്തിനും കുളിര്‍മയേകുന്ന ഭക്തിസാന്ദ്രമായ ദിനരാത്രങ്ങളാണ് റമദാന്‍ സമ്മാനിക്കുന്നത്. സ്വര്‍ഗകവാടങ്ങള്‍ തുറക്കപ്പെടുകയും നരകകവാടങ്ങള്‍ കൊട്ടിയടയ്ക്കപ്പെടുകയും പിശാചിനെ ബന്ധനസ്ഥനാക്കുകയും ചെയ്യുന്ന ഈ നാളുകളില്‍, നന്മ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ മുന്നോട്ടുവരാനും തിന്മ ആഗ്രഹിക്കുന്നവരോട് പിന്തിരിയാനും ആഹ്വാനമുണ്ടാകുമെന്നും നബി(സ) അറിയിക്കുന്നുണ്ട്. പടച്ചവന്റെ അനുഗ്രഹങ്ങള്‍ പെയ്തിറങ്ങുന്ന ഈ മാസത്തെ ഫലപ്രദമായി വിനിയോഗിക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ പ്രവാചകന്‍(സ) നല്‍കുന്നുണ്ട്.
നോമ്പിന്റെ ലക്ഷ്യം
വിശ്വാസപരമായ കാര്യങ്ങള്‍ക്കു പുറമേ ജീവിതത്തില്‍ അനുവര്‍ത്തിക്കേണ്ട അനുഷ്ഠാന കര്‍മങ്ങളും ഇസ്‌ലാം നിശ്ചയിച്ചിട്ടുണ്ട്. ഹൃദയം ശുദ്ധീകരിച്ച് മാതൃകായോഗ്യനായ വ്യക്തിയെ സൃഷ്ടിച്ചെടുക്കുക എന്നതാണ് അനുഷ്ഠാനങ്ങളുടെ പ്രധാന ലക്ഷ്യം. സകല തിന്മകളില്‍ നിന്നും അകന്നു ജീവിക്കാന്‍ വിശ്വാസികളെ പ്രാപ്തമാക്കുകയാണ് നമസ്‌കാരത്തിന്റെ ലക്ഷ്യം. വിശ്വാസിയുടെ സമ്പത്തും മനസ്സും ശുദ്ധീകരിക്കുകയാണ് സകാത്ത് ചെയ്യുന്നത്. നോമ്പാകട്ടെ തിന്മകളെ പ്രതിരോധിച്ച് ഹൃദയവിശുദ്ധി നിലനിര്‍ത്താന്‍ വിശ്വാസികളെ സജ്ജരാക്കുകയാണ്. പിറന്നുവീണ കുഞ്ഞിനെപ്പോലെ വിശ്വാസിയുടെ മനസ്സിനെ പാപരഹിതമാക്കുന്ന കര്‍മമാണ് ഹജ്ജ്. തിന്മയുടെ മാലിന്യങ്ങളില്‍ നിന്ന് മനസ്സിനെ സംസ്‌കരിച്ചെടുക്കുകയെന്ന മഹാ ദൗത്യമാണ് ഇസ്‌ലാമിലെ അനുഷ്ഠാന കര്‍മങ്ങള്‍ നിര്‍വഹിക്കുന്നത്.
ഇസ്‌ലാമിനു പുറമേ ഹിന്ദു മതത്തിലും ബുദ്ധ-ജൈന മതങ്ങളിലും ജൂത-ക്രൈസ്തവരിലും വിവിധ രൂപത്തിലുള്ള വ്രതാനുഷ്ഠാനങ്ങള്‍ ഉള്ളതായി നമുക്ക് കാണാവുന്നതാണ്. ഇതര മതങ്ങളിലെ വ്രതാനുഷ്ഠാനങ്ങളില്‍ നിന്ന് ഇസ്‌ലാമിലെ നോമ്പ് വ്യതിരിക്തമാകുന്നത് അതിന്റെ ആത്മീയ ഔന്നത്യത്തിലാണ്. വിശുദ്ധ ഖുര്‍ആനിലെ രണ്ടാം അധ്യായം സൂറഃ അല്‍ബഖറയിലെ 183 മുതല്‍ 187 വരെയുള്ള സൂക്തങ്ങളിലാണ് റമദാനിലെ നോമ്പിനെക്കുറിച്ചുള്ള പരാമര്‍ശമുള്ളത്. മുന്‍ സമുദായങ്ങളില്‍ പെട്ടവര്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടതുപോലെ വിശ്വാസികള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു എന്ന ആമുഖത്തോടുകൂടി തുടങ്ങുന്ന 183-ാം വചനം അവസാനിക്കുന്നത് ‘നിങ്ങള്‍ ഭക്തിയുള്ളവരായിത്തീരാന്‍ വേണ്ടിയത്രേ അത്’ എന്നു സൂചിപ്പിച്ചുകൊണ്ടാണ്.
നോമ്പുമായി ബന്ധപ്പെട്ട ചില മര്യാദകള്‍ സൂചിപ്പിച്ചതിനു ശേഷം 187-ാം വചനം സമാപിക്കുന്നതാകട്ടെ ‘അവര്‍ തഖ്‌വയുള്ളവരാകാന്‍ വേണ്ടി’ എന്ന് പറഞ്ഞുകൊണ്ടാണ്. വിശ്വാസികളുടെ ഹൃദയാന്തരാളങ്ങളില്‍ തഖ്‌വ എന്ന ഉന്നതമായ മൂല്യം ശാക്തീകരിച്ച് ഉത്കൃഷ്ട വ്യക്തികളായി പരിവര്‍ത്തിപ്പിക്കുക എന്ന ലക്ഷ്യമാണ് നോമ്പ് നിര്‍വഹിക്കുന്നത്. വിശ്വാസിയുടെ ജീവിതത്തിന്റെ സകല തലങ്ങളിലും പ്രതിഫലിക്കേണ്ട ഉന്നതമായ മൂല്യമാണ് തഖ്‌വ. അല്ലാഹുവിനെക്കുറിച്ചുള്ള ഭയം, ഖുര്‍ആന്‍ അനുസരിച്ചുള്ള ജീവിതം, അല്ലാഹു നല്‍കിയ ജീവിതവിഭവങ്ങളില്‍ സംതൃപ്തനായി ജീവിക്കല്‍, പരലോകത്തേക്കു വേണ്ടിയുള്ള മുന്നൊരുക്കം എന്നിവ അടങ്ങുന്നതാണ് തഖ്‌വയെന്ന് അലി(റ) പറഞ്ഞിട്ടുണ്ട്.
നോമ്പിന്റെ ആത്മാവാകുന്ന സൂക്ഷ്മതക്ക് (തഖ്‌വ) ഭംഗം വരുന്ന ഒരു കാര്യവും നോമ്പുകാരനില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലെന്ന് നബി(സ) കര്‍ശനമായി ഉണര്‍ത്തിയിട്ടുണ്ട്. ‘അനാവശ്യമായ സംസാരവും പ്രവര്‍ത്തനവും ഉപേക്ഷിക്കാത്തവന്‍ ഭക്ഷണപാനീയങ്ങള്‍ വെടിയണമെന്ന് അല്ലാഹുവിന് യാതൊരു താല്‍പര്യവുമില്ല’ (ബുഖാരി), ‘എത്രയെത്ര നോമ്പുകാര്‍! നോമ്പുമൂലം ദാഹമല്ലാതെ മറ്റൊന്നും അവര്‍ക്ക് കിട്ടുന്നില്ല. എത്രയെത്ര രാത്രിനമസ്‌കാരക്കാര്‍! ഉറക്കം നഷ്ടപ്പെടുകയല്ലാതെ മറ്റൊന്നും അവര്‍ക്ക് ലഭിക്കുന്നില്ല’ (ദാരിമി) തുടങ്ങിയ പ്രവാചക വചനങ്ങള്‍ നോമ്പിന്റെ യഥാര്‍ഥ ലക്ഷ്യത്തെ കൂടുതല്‍ പ്രതിഫലിപ്പിക്കുന്നതാണ്. അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് നോമ്പെടുക്കുന്നതോടൊപ്പം അനാവശ്യവും അനുചിതവുമായ സകല പ്രവര്‍ത്തനങ്ങളില്‍ നിന്നു മനസ്സിനെയും ശരീരത്തെയും അകറ്റിനിര്‍ത്തുന്നേടത്താണ് നോമ്പ് ജീവനുള്ളതാവുന്നത്.
ഫലപ്രദമായ റമദാന്‍
അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹങ്ങളും വര്‍ഷിക്കുന്ന റമദാനിനെ വിശ്വാസികള്‍ എങ്ങനെയാണ് സമീപിക്കേണ്ടതെന്ന് റസൂല്‍(സ) പറഞ്ഞിട്ടുണ്ട്: ”അനുഗൃഹീത മാസമായ റമദാന്‍ നിങ്ങള്‍ക്കിതാ വന്നെത്തിയിരിക്കുന്നു. അല്ലാഹു ഈ മാസത്തില്‍ നിങ്ങളെ പൊതിയുന്നതാണ്. അവന്‍ നിങ്ങളില്‍ കാരുണ്യം വര്‍ഷിക്കുകയും പാപങ്ങള്‍ പൊറുക്കുകയും പ്രാര്‍ഥനകള്‍ക്ക് ഉത്തരം നല്‍കുകയും ചെയ്യുന്നു. സത്കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നതില്‍ ഈ മാസം നിങ്ങള്‍ കാണിക്കുന്ന മത്സരം അല്ലാഹു നോക്കിക്കൊണ്ടിരിക്കുന്നുണ്ട്. മാത്രമല്ല, മലക്കുകളോട് നിങ്ങളെക്കുറിച്ച് അഭിമാനപൂര്‍വം അവന്‍ സംസാരിക്കുന്നു. അതിനാല്‍ ഈ മാസം നിങ്ങളിലെ നന്മ അല്ലാഹുവിനു കാണിച്ചുകൊടുക്കുവിന്‍. എന്തെന്നാല്‍ ഈ മാസം അല്ലാഹുവിന്റെ കാരുണ്യം തടയപ്പെട്ടവന്‍ തന്നെയാണ് ഏറ്റവും വലിയ ദൗര്‍ഭാഗ്യവാന്‍” (ത്വബ്‌റാനി). അലസതയും നിഷ്‌ക്രിയത്വവും കൃത്യവിലോപവും വെടിഞ്ഞ് ഉണര്‍വും കര്‍മോത്സുകതയുമാണ് വിശ്വാസികള്‍ക്ക് ഉണ്ടാകേണ്ടതെന്ന് ഈ വചനം സൂചിപ്പിക്കുന്നു. പടച്ചവനില്‍ നിന്നുള്ള പ്രതിഫലം പ്രതീക്ഷിച്ച് പ്രവര്‍ത്തനനിരതരാവാന്‍ നബി(സ) വിശ്വാസികളെ പ്രചോദിപ്പിക്കുന്നുണ്ട്. ”വിശ്വാസത്തോടും പ്രതിഫലം ആഗ്രഹിച്ചും ആരെങ്കിലും റമദാനില്‍ നോമ്പ് അനുഷ്ഠിച്ചാല്‍ അവന്റെ മുന്‍കഴിഞ്ഞ എല്ലാ പാപങ്ങളും പൊറുക്കപ്പെടും” (ബുഖാരി).
റമദാനില്‍ നിര്‍വഹിക്കുന്ന പുണ്യകര്‍മങ്ങള്‍ക്ക് ഏറെ പ്രാധാന്യവും പ്രതിഫലവുമുണ്ട്. നബി(സ) പറയുന്നു: ”ആരെങ്കിലും റമദാന്‍ മാസത്തില്‍ ഒരു സത്കര്‍മം നിര്‍വഹിച്ചാല്‍ റമദാന്‍ അല്ലാത്ത മാസത്തില്‍ ഒരു നിര്‍ബന്ധ കര്‍മം (ഫര്‍ദ്) നിര്‍വഹിച്ചതിനു തുല്യമാണ്. ഒരു നിര്‍ബന്ധ കര്‍മം നിര്‍വഹിച്ചാല്‍ മറ്റു മാസങ്ങളില്‍ 70 നിര്‍ബന്ധ കര്‍മങ്ങള്‍ നിര്‍വഹിച്ചതിനു തുല്യവും” (ബൈഹഖി).
റമദാന്‍ പ്രതിഫലം വാരിക്കൂട്ടാനുള്ള അസുലഭ അവസരമായി കാണാന്‍ നമുക്ക് സാധിക്കണം. ജമാഅത്ത് നമസ്‌കാരങ്ങള്‍, ഖുര്‍ആന്‍ പാരായണം, പഠനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, പ്രാര്‍ഥനകള്‍ തുടങ്ങിയ മേഖലയില്‍ നിഷ്ഠ പുലര്‍ത്താന്‍ നമുക്കു കഴിയണം. റമദാനിലെ ദാനധര്‍മ വിഷയത്തില്‍ റസൂല്‍(സ) ആഞ്ഞുവീശുന്ന കൊടുങ്കാറ്റു പോലെയായിരുന്നെന്ന് ഹദീസുകളില്‍ കാണാം. പടച്ചവന്റെ കല്‍പനകള്‍ ശിരസാവഹിച്ച് നോമ്പെടുക്കുന്ന വിശ്വാസികളുടെ പ്രാര്‍ഥന സ്വീകരിക്കപ്പെടുന്നതാണ്. മൂന്നു വിഭാഗം ആളുകളുടെ പ്രാര്‍ഥന അല്ലാഹു തിരസ്‌കരിക്കില്ലെന്ന് റസൂല്‍(സ) അറിയിക്കുന്നുണ്ട്. അതിലൊന്ന് നോമ്പുകാരന്റെ പ്രാര്‍ഥനയാണ്. റമദാനിനെ ഫലപ്രദമായി വിനിയോഗിക്കാന്‍, ചെറുതും വലുതുമായ പുണ്യങ്ങള്‍ ചെയ്യാനുള്ള മനസ്സൊരുക്കം (നിയ്യത്ത്) നമുക്ക് ഉണ്ടാകേണ്ടതുണ്ട്.
റമദാനും ഖുര്‍ആനും
വിശുദ്ധ റമദാന്റെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന് ഖുര്‍ആന്‍ അവതരിച്ചത് ഈ മാസത്തിലാണ് എന്നതത്രേ. മനുഷ്യ ജീവിതത്തിന്റെ നാനാവശങ്ങളിലേക്കും വെളിച്ചം വീശുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍. വിശ്വാസികള്‍ എക്കാലത്തും വായിക്കുകയും പഠിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യേണ്ട ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. ഖുര്‍ആന്‍ പാരായണത്തിനും പഠനത്തിനും റമദാനില്‍ കൂടുതല്‍ സമയം കണ്ടെത്താന്‍ നമുക്ക് സാധിക്കണം. വിശുദ്ധ ഖുര്‍ആനിനെ അവഗണിക്കുന്നവര്‍ക്കെതിരെ പ്രവാചകന്‍ അല്ലാഹുവിനോട് പരാതി പറയുന്നത് (25:30) ഖുര്‍ആന്‍ നമ്മെ കേള്‍പ്പിക്കുന്നുണ്ട്. ഖുര്‍ആനിലുള്ള വിശ്വാസം, പാരായണം, അര്‍ഥം ഗ്രഹിക്കല്‍, മനഃപാഠമാക്കല്‍, ഖുര്‍ആനിക വചനങ്ങളെക്കുറിച്ചു ചിന്തിക്കല്‍, ഖുര്‍ആന്‍ അനുസരിച്ചുള്ള ജീവിതം എന്നിവയില്ലാത്തത് ഖുര്‍ആനിനെ അവഗണിക്കലാണെന്ന് ഇമാം ഇബ്‌നു കസീര്‍ പറഞ്ഞിട്ടുണ്ട്.
ഖുര്‍ആന്‍ പാരായണത്തിന് വലിയ പ്രതിഫലമുണ്ട്. ഖുര്‍ആനുമായുള്ള നമ്മുടെ ബന്ധം കേവലം പാരായണത്തില്‍ മാത്രം പരിമിതപ്പെടരുത്. അര്‍ഥമറിഞ്ഞും ആശയം ഗ്രഹിച്ചുകൊണ്ടുമാകണം നാം ഖുര്‍ആന്‍ പഠിക്കേണ്ടത്. അലി(റ)യുടെ വാക്കുകള്‍ ഏറെ ശ്രദ്ധേയമത്രേ: ”കാര്യം മനസ്സിലാക്കാതെയുള്ള ആരാധനയിലും ആശയങ്ങള്‍ ഗ്രഹിക്കാതെയുള്ള ഖുര്‍ആന്‍ പാരായണത്തിലും യാതൊരു നന്മയുമില്ല.” ഖുര്‍ആനിന്റെ ആശയം മനസ്സിലാക്കാനും പഠിക്കാനും ഏറെ സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള ഇക്കാലത്ത് അവ ഉപയോഗപ്പെടുത്താനുള്ള ശ്രദ്ധ നമ്മുടെ ഭാഗത്തുനിന്നുണ്ടാവണം.
നോമ്പുകാരന്‍ പാലിക്കേണ്ട ധാരാളം സുന്നത്തായ മര്യാദകളെക്കുറിച്ച് റസൂല്‍(സ) പറഞ്ഞിട്ടുണ്ട്. അത്താഴം കഴിക്കല്‍, നോമ്പ് തുറക്കുന്നതില്‍ ധൃതി കാണിക്കല്‍, ദാനധര്‍മങ്ങള്‍ ചെയ്യല്‍ തുടങ്ങിയവ അതില്‍ പ്രധാനമാണ്. രോഗികള്‍, യാത്രക്കാര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന സ്ത്രീകള്‍ എന്നിവര്‍ക്ക് നോമ്പില്‍ ഇളവുണ്ട്. അവര്‍ പിന്നീട് നോമ്പ് നോറ്റുവീട്ടിയാല്‍ മതി. നോറ്റുവീട്ടാന്‍ കഴിയാത്തവര്‍ പ്രായശ്ചിത്തം നല്‍കിയാല്‍ മതിയെന്നും ഖുര്‍ആന്‍ അറിയിക്കുന്നുണ്ട്.