27 Saturday
July 2024
2024 July 27
1446 Mouharrem 20

വിശുദ്ധ റമദാന്‍ ആത്മീയതയുടെ ഇളംകാറ്റ് നമ്മെ കാത്തിരിക്കുന്നു

സഹല്‍ മുട്ടില്‍


റമദാന്‍ നമ്മിലേക്ക് അടുത്തിരിക്കുകയാണ്. വിശ്വാസികള്‍ക്ക് വിശുദ്ധരാകാനുള്ള അവസരം. തെറ്റുകള്‍ കരിച്ചുകളയാന്‍ പടച്ചവന്‍ നിശ്ചയിച്ച സംവിധാനം. സന്തോഷത്തിന്റെ സുദിനങ്ങളാണ് റമദാന്‍. എന്താണ് സന്തോഷം? ഖുര്‍ആന്‍ എന്നതാണ് സന്തോഷത്തിന്റെ മര്‍മം. ഖുര്‍ആനിന്റെ അവതരണ തുടക്കം പ്രവാചകത്വത്തിന്റെ തുടക്കമാണ്. അപ്പോള്‍ പ്രവാചകന്റെ വരവാണ് റമദാന്‍.
ആലോചിച്ചുനോക്കുക, നമുക്കൊരു മെസേജ് ലഭിക്കുന്നു, ഇന്ന ദിവസം മുഹമ്മദ് നബി നമ്മുടെ വീട്ടിലേക്ക് വരുന്നുണ്ടെന്ന്. എന്തായിരിക്കും നമ്മുടെ പ്രതികരണം? നമ്മള്‍ സന്തോഷവാന്മാരായിരിക്കും. എല്ലാ ഒരുക്കങ്ങളും നമ്മള്‍ നടത്തും. വീടും പരിസരവും വൃത്തിയാക്കും. കാരണം നബിയാണല്ലോ വരുന്നത്. പ്രവാചകനോടുള്ള നമ്മുടെ സ്‌നേഹം അത്രയ്ക്ക് വലുതാണ്. അതുകൊണ്ടുതന്നെ ഭൗതികമായ ഒരുക്കങ്ങള്‍ നടത്തുന്നതോടൊപ്പം തന്നെ, നമ്മുടെ സംസാരത്തിിെ വാക്കുകളും ശൈലികളും എല്ലാം നമ്മള്‍ പ്രത്യേകം പരിശീലിക്കും. കാരണം നമ്മുടെ സംസാര-സ്വഭാവ-പെരുമാറ്റ മര്യാദകള്‍ എന്തെല്ലാമാണ് എന്ന് നമ്മെ പഠിപ്പിച്ച ഗുരുവാണ് വരുന്നത്. അതുകൊണ്ടുതന്നെ ഇപ്പറഞ്ഞിരിക്കുന്ന കാര്യങ്ങളിലെല്ലാം നമ്മള്‍ ഏറെ ശ്രദ്ധയോടെ പരിശീലനം നടത്തും.
എന്നാല്‍ ഓരോ റമദാനും നബിയുടെ ആവര്‍ത്തിച്ചുള്ള വരവ് തന്നെയല്ലേ? 40 വയസ്സു വരെ മുഹമ്മദായിരുന്ന വ്യക്തി നബിയായി തെരഞ്ഞെടുക്കപ്പെടുന്നത് റമദാനിലാണല്ലോ. അതുകൊണ്ടുതന്നെ വിശ്വാസികളെ സംബന്ധിച്ച് റമദാന്‍ എന്നത് നബി ജീവനോടെ വരുന്നതിന് തുല്യമാണ്. കാരണം, ജീവനോടെ നബി വരുന്നില്ല എങ്കിലും നമ്മുടെ ആത്മീയതയിലേക്ക് പ്രവാചകന്റെ അധ്യാപനങ്ങള്‍ കൂടുതല്‍ ആഴ്ന്നിറങ്ങുകയാണ് യഥാര്‍ഥത്തില്‍ റമദാനില്‍ നടക്കേണ്ടത്. അതുകൊണ്ടു റമദാനിനെ സ്വീകരിക്കാന്‍ ഭൗതിക സംവിധാനങ്ങളേക്കള്‍ നമ്മുടെ മാനസിക തലത്തെയാണ് നാം തയ്യാറാക്കേണ്ടത്.
വിശ്വാസിയുടെ ആയുസ്സില്‍ കടന്നുവരുന്ന ഓരോ റമദാനും അവന് സുവര്‍ണാവസരങ്ങളാണ്. ജീവിതത്തില്‍ സംഭവിച്ച അബദ്ധങ്ങള്‍ പരിഹരിക്കാനും മനസ്സിലെ കറകള്‍ മായ്ച്ചുകളയാനുമുള്ള അവസരം. എത്ര തരിശായ ഭൂമിയായാലും അതില്‍ വെള്ളം ലഭിച്ചാല്‍ എന്തെങ്കിലുമൊക്കെ അവിടെ മുളച്ചുപൊന്തും. റമദാന്‍ നമ്മുടെ മനസ്സില്‍ നിന്നു പാപങ്ങളെ കരിച്ചുകളയുമ്പോള്‍ ആ റമദാനിന്റെ കുളിരില്‍ തന്നെ അവിടെ ചില നന്മകള്‍ നട്ടുപിടിപ്പിക്കാനും നമുക്ക് കഴിയണം.
തഖ്‌വയാണ് മര്‍മം
റമദാന്‍ വ്രതത്തിന്റെ ആത്മാവ് തഖ്‌വയാണ്. തഖ്‌വയില്ലാത്ത വ്രതം വെറും പട്ടിണി കിടക്കല്‍ മാത്രമാണ്. നോമ്പിന്റെ വിധികള്‍ ഖുര്‍ആന്‍ വിവരിച്ചുതുടങ്ങിയതും അവസാനിപ്പിച്ചതും തഖ്‌വ ഉണ്ടാകണമെന്ന് ഉണര്‍ത്തിക്കൊണ്ടാണ്. അല്ലാഹുവിന്റെ തൃപ്തിക്ക് വിധേയനായി ജീവിക്കുക എന്നതാണല്ലോ തഖ്‌വ. നാം അധ്വാനിച്ചുണ്ടാക്കിയ ഭക്ഷണപദാര്‍ഥങ്ങള്‍, മതനിയമങ്ങള്‍ അനുസരിച്ചുള്ള ഇണകള്‍ എല്ലാം അനുവദനീയമായതാണ്. എന്നാല്‍ റമദാനിലെ പകല്‍സമയം ഇതെല്ലാം നാം മാറ്റിവെക്കുന്നു, അല്ലാഹുവിന്റെ തൃപ്തിക്കു വേണ്ടി.
ഹലാലായതിനെ പോലും നിശ്ചിത സമയങ്ങളില്‍ വേണ്ടെന്നുവെക്കാന്‍ കഴിയുന്ന ഒരു വ്യക്തിക്ക് എങ്ങനെയാണ് ഒരിക്കലും അനുവദനീയമല്ലാത്ത കാര്യങ്ങളെ സമീപിക്കാനും പ്രവര്‍ത്തിക്കാനും കഴിയുക? ഇവിടെയാണ് സൗമ് ജുന്നത്തായി (വ്രതം പരിചയായി) തീരുന്നത്. തഖ്‌വയെ പുല്‍കാത്ത വ്രതം വെറുതെയാണ്. തഖ്വ ഇല്ലാത്ത നോമ്പ് വിശപ്പും ദാഹവും മാത്രമാണ്. തഖ്‌വ ഇല്ലാത്ത രാത്രിനമസ്‌കാരം ക്ഷീണവും ഉറക്കം നഷ്ടപ്പെടുത്തലും മാത്രമാണ്.
ക്ഷമയാണ് പ്രധാനം
”റമദാന്‍ ക്ഷമയുടെ മാസമാണ്. ക്ഷമയുടെ പ്രതിഫലം സ്വര്‍ഗമാണ്”- തിരുനബിയുടെ വാക്കുകളാണ്. റമദാനില്‍ ചിന്ത, വാക്ക്, നോട്ടം, പ്രവൃത്തി എന്നിവയ്ക്ക് നിയന്ത്രണങ്ങള്‍ ഇെല്ലങ്കില്‍ വ്രതം നിഷ്ഫലമാണ്. കോപം, വികാരം, പ്രതികരണങ്ങള്‍ ഇവ പലപ്പോഴും നമ്മെ തന്നെ നശിപ്പിക്കും. റമദാന്‍ പകലുകളില്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് വിശപ്പ് അനുഭവിച്ചറിയുന്ന വിശ്വാസി യഥാര്‍ഥത്തില്‍ സ്വയം ക്ഷമ ശീലിക്കുകയാണ് ചെയ്യുന്നത്.
മുന്‍കാലത്തേക്കാള്‍ ചൂടു കൂടിയ ഈ സാഹചര്യത്തില്‍ ഈ ശീലത്തിന്റെ തീക്ഷ്ണത കൂടുകയാണ്. കോപാകുലനായി പ്രതികരിക്കാന്‍ ഇടയുള്ള സാഹചര്യത്തിലും താനൊരു നോമ്പുകാരനാണ് എന്ന ചിന്തയില്‍ അതില്‍ നിന്ന് പിന്‍വലിയുമ്പോള്‍ റമദാന്‍ ക്ഷമയുടെ പ്രായോഗികതയാണ് നമ്മെ പഠിപ്പിക്കുന്നത്. ദുഃസ്വഭാവങ്ങള്‍ മനുഷ്യന്റെ വ്യക്തിത്വം ഇല്ലാതാക്കുന്നുണ്ടെങ്കില്‍, ക്ഷമ വ്യക്തിത്വത്തിന്റെ തെളിമയും മഹത്വവും ഉയര്‍ത്തുകയാണ് ചെയ്യുന്നത്. ആത്മീയ-ഭൗതികജീവിതത്തിന്റെ എല്ലാ ഉയര്‍ച്ചകളിലേക്കുമാണ് ക്ഷമ ശീലിപ്പിച്ചുകൊണ്ട് റമദാന്‍ നമ്മെ കൊണ്ടുപോകുന്നത്.
നന്മകളാണ് അടയാളം
റമദാന്‍ നിര്‍ബന്ധ വ്രതം ഏറെ പുണ്യങ്ങള്‍ നിറഞ്ഞതാണ്. മറ്റ് നന്മകളുടെ അകമ്പടിയോടെയാണ് റമദാന്‍ വ്രതമെങ്കിലോ, ആ പുണ്യങ്ങളുടെ മാറ്റ് വര്‍ധിക്കും. ഖുര്‍ആന്‍ പാരായണം, പഠനം, ദാനധര്‍മങ്ങള്‍, പരസ്പര സഹായങ്ങള്‍ ഇവയെല്ലാം നമ്മുടെ വ്രതത്തെ അടയാളപ്പെടുത്തണം. ഏതൊരു നന്മയ്ക്കും പതിന്മടങ്ങ് പ്രതിഫലമാണ് റമദാനില്‍ ഓഫറുള്ളത്. റമദാനില്‍ തിരുദൂതര്‍ ദാനധര്‍മത്തില്‍ ആഞ്ഞുവീശുന്ന കാറ്റു പോലെയായിരുന്നു എന്നാണ് പ്രിയ അനുചരന്‍ പരിചയപ്പെടുത്തിയത്. നമ്മുടെ ഈമാനിനെ അടയാളപ്പെടുത്തുന്നതാകണം നമ്മുടെ നന്മകള്‍.
പാപമോചനമാണ്
ലക്ഷ്യം

എന്തിനാണ് വര്‍ഷത്തില്‍ റമദാന്‍ നോമ്പ് നിശ്ചയിച്ചത്? അത് പാപമോചനം ഉറപ്പാക്കുന്നതിനു വേണ്ടിയല്ലാതെ മറ്റൊന്നിനുമല്ല. ജീവിതത്തില്‍ എപ്പോഴും പാപമോചനം നടത്തണം. എന്നാല്‍ റമദാനില്‍ അതിന്റെ സാധ്യതകള്‍ ഏറെയാണ്. തിരുവചനത്തില്‍ പറയുന്നു: ”റമദാനായാല്‍ ഒരാള്‍ ഉറക്കെ വിളിച്ചുപറയും: നന്മ ചെയ്യുന്നവനേ, നീ മുന്നിട്ടു വരിക. തിന്മ ആഗ്രഹിക്കുന്നവനേ, നീ പിന്തിരിയുക.” റമദാനില്‍ പ്രവേശിക്കുന്ന നമ്മളെല്ലാം ആ റമദാന്‍ കഴിഞ്ഞ് ഇറങ്ങേണ്ടത് എല്ലാ പാപങ്ങളും പൊറുക്കപ്പെട്ട ശുദ്ധനായ ഒരു വ്യക്തിയായിട്ടാണ്. റമദാന്‍ ഇതിനു വേണ്ടി ഉപയോഗപ്പെടുത്താത്തവനെ അതീവ ഗൗരവത്തോടു കൂടിയാണ് പ്രവാചകന്‍ താക്കീത് നല്‍കുന്നത്.
ഇഫ്താറുകള്‍
ആര്‍ഭാടമാക്കരുത്

നോമ്പുകാരന്റെ രണ്ട് സന്തോഷങ്ങളില്‍ ഒന്ന് ഇഫ്താറാണ്. മറ്റൊന്ന് ഈദുല്‍ ഫിത്‌റാണ്. പുണ്യ പ്രവാചകന്റെ വാക്കുകളാണിത്. പകലന്തിയോളം വ്രതം അനുഷ്ഠിച്ച് അസ്തമയത്തില്‍ അവസാനിപ്പിക്കുമ്പോള്‍ അതൊരിക്കലും നഷ്ടമാവരുത്. നോമ്പുകാരനെ നോമ്പു തുറപ്പിക്കുന്നത് പുണ്യമാണ്. പലതുകൊണ്ടും പ്രയാസങ്ങള്‍ അനുഭവിക്കുന്നവരെയോ യാത്രക്കാരെയോ ആണെങ്കില്‍ ആ പുണ്യത്തിന്റെ തിളക്കം ഏറെയാണ്. സംതൃപ്തവും സന്തോഷകരവും ആയിരിക്കണം ഇഫ്താറുകള്‍. ഭക്ഷണത്തില്‍ എപ്പോഴും മിതത്വം പാലിക്കണമെന്ന് അല്ലാഹു കല്‍പിച്ചതാണ്.
എന്നാല്‍ ഇന്ന് നടക്കുന്ന ഇഫ്താറുകളെ കുറിച്ച് അല്‍പം ഗൗരവമായി തന്നെ നാം ചിന്തിക്കണം. അത് പുണ്യങ്ങളാണോ അതല്ല ശിക്ഷകളാണോ നമുക്ക് നേടിത്തരിക എന്ന്. എത്ര ഭക്ഷണപദാര്‍ഥങ്ങളാണ് വെറുതെ കുഴിച്ചുമൂടുന്നത്? ലോകത്ത് ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി കാത്തിരിക്കുന്ന അനേകം മനുഷ്യര്‍ ഉണ്ടായിരിക്കെയാണ് അനാവശ്യമായ നമ്മുടെ പൊങ്ങച്ചങ്ങള്‍ എന്നോര്‍ക്കണം. ഇഫ്താറുകള്‍ ലളിതമാകട്ടെ. വിഭവങ്ങളിലെ മിതത്വവും ലാളിത്യവും ജീവിതത്തിന്റെ ശീലങ്ങളായിത്തീരട്ടെ. റമദാന്‍ വിഭാവനം ചെയ്യുന്ന എല്ലാ നന്മകളും സ്വായത്തമാക്കാന്‍ നാഥന്‍ നമ്മെ അനുഗ്രഹിക്കട്ടെ.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x