ആത്മീയതയിലേക്ക് വഴികാണിക്കേണ്ടത് പ്രവാചകന്മാരാണ്
മുഹമ്മദ് എല്‍ഷിനാവി; വിവ: റാഫിദ് ചെറുവന്നൂര്‍
ആത്മീയമായ നിറവ് അനുഭവിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. ആത്മീയമായ ഈ സംതൃപ്തിക്കാണ് നാം പല തരത്തിലുള്ള സന്തോഷങ്ങള്‍ തേടി പോവുന്നത്. എന്നാല്‍ ഒന്നിനു പിറകെ മറ്റൊന്നായി താല്‍ക്കാലിക സന്തോഷത്തിന്റെ എല്ലാ കേന്ദ്രങ്ങളും നമ്മെ നിരാശപ്പെടുത്തുന്നു. മനുഷ്യാവസ്ഥയോട് ഒട്ടിനില്‍ക്കുന്ന ഈ നിരാശയുടെ ശമനം ശരിയായ ആത്മീയത കണ്ടെത്തലാണ്. എന്നാല്‍ നാമാവട്ടെ മനസ്സിനകത്തെ ദുഃഖത്തിനു ശമനം തിരയുന്നത് പുറംലോകത്തിന്റെ പളപളപ്പിലാണ്; ആത്മാവിന്റെ കുറവുകള്‍ക്ക് പ്രതിവിധി തേടുന്നത് ശരീരത്തിന്റെ ആഘോഷങ്ങളിലും. എന്നാല്‍ ലൗകികതകളുടെ തളച്ചിടലുകളില്‍ നിന്ന് മോചിതമായി തന്റെ സൃഷ്ടിപ്പിന്റെ അതിമഹത്തായ ലക്ഷ്യം തേടാനാണ് മനുഷ്യനെ അല്ലാഹു പ്രേരിപ്പിക്കുന്നത്: ”ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല” (ഖുര്‍ആന്‍ 51:56).
സ്രഷ്ടാവിനോടുള്ള വിധേയത്വവും ആരാധനയും മനുഷ്യന്റെ സുസ്ഥിരതയ്ക്ക് അനിവാര്യമാണ്. വെള്ളവും വായുവും നല്‍കി ശരീരത്തിന്റെ ആവശ്യങ്ങളെ ശമിപ്പിക്കുന്നപോലെ തന്നെ പ്രാധാന്യമുള്ളതാണ് ആത്മാവിന്റെ ദാഹത്തിനു പരിഹാരം കാണലും. ഈ കാര്യം മനസ്സിലാക്കുന്നതോടെ നമ്മുടെ ലോകവീക്ഷണം തന്നെ മാറുന്നു. ഭൗതികലോകത്തെ ആസ്വാദനങ്ങള്‍ക്കിടയില്‍ ആത്മീയതയിലേക്ക് എത്തിനോക്കുന്ന മനുഷ്യരായല്ല, മറിച്ച്, ആത്മാവിന്റെ തേട്ടങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്ന ശരീരികളായി നമ്മള്‍ നമ്മെ മനസ്സിലാക്കാന്‍ തുടങ്ങും. അങ്ങനെയാണെങ്കില്‍ ആത്മാവിന്റെ അടിസ്ഥാനപരമായ തേട്ടത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനുള്ള വഴി എന്താണ്? സ്രഷ്ടാവുമായി അര്‍ഥവത്തായ ബന്ധം നിലനിര്‍ത്തുന്നത് എങ്ങനെയെന്ന് മനുഷ്യരെ പഠിപ്പിക്കുകയായിരുന്നു എല്ലാ പ്രവാചകരും. അല്ലാഹുവിനെ അഗാധമായി അറിയാനും ഇഷ്ടപ്പെടാനും അവന്റെ മാര്‍ഗത്തിലേക്ക് ജീവിതം സമര്‍പ്പിക്കാനും നമുക്കു കഴിയുന്നത് പ്രവാചകന്‍ പടച്ചവനിലേക്ക് അടുക്കാനുള്ള വഴികാട്ടിയതുകൊണ്ടാണല്ലോ. അല്ലാഹുവെക്കുറിച്ചുള്ള ഓര്‍മയാണ് നമ്മെ ജീവത്തായി നിലനിര്‍ത്തുന്നത്. പ്രവാചകന്‍ പറഞ്ഞല്ലോ: ”അല്ലാഹുവിനെ ഓര്‍ക്കുന്ന ഒരുവനും അല്ലാത്തവനുമുള്ള ഉപമ ജീവിച്ചിരിക്കുന്നവനും മരിച്ചവനും പോലെയാണ്” (സ്വഹീഹുല്‍ ബുഖാരി 8:86).
പ്രശസ്ത അമേരിക്കന്‍ സൈക്കോളജിസ്റ്റ് ആയിരുന്ന എബ്രഹാം മാസ്‌ലോ മനുഷ്യന് ആത്യന്തികമായി ആവശ്യമുള്ള കാര്യങ്ങളുടെ പട്ടിക തയ്യാറാക്കുകയുണ്ടായി. പിന്നീട് അദ്ദേഹം തന്നെ ഈ പട്ടിക തിരുത്തുകയും അതില്‍ ഒന്നാമതായി ‘ലൗകികതയില്‍ നിന്നുള്ള മോക്ഷത്തിനായുള്ള തീവ്രമായ ആഗ്രഹം’ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
എന്നാല്‍ പ്രവാചകന്മാരെയും അവരിലൂടെ എത്തുന്ന ദിവ്യബോധനത്തെയുമൊക്കെ മാറ്റിനിര്‍ത്തി ആത്മീയതയെയും മോക്ഷത്തെയുമൊക്കെ കുറിച്ച് പറയുന്നത് പൂര്‍ണമാവില്ല. ദൈവികതയില്ലാത്ത ആത്മീയത മോണിസം, അള്‍ട്രൂയിസം തുടങ്ങിയ ആശയങ്ങളിലെത്തുന്നു. എന്നാല്‍ അവയൊന്നും പടച്ചവനോടുള്ള ആത്മസമര്‍പ്പണത്തിന്റെ മാധുര്യവും ഉറപ്പും നല്‍കുന്നില്ല. നമ്മളും പ്രപഞ്ചവുമൊക്കെ ഒന്നാണെന്നും വ്യത്യസ്തമായ സത്തകളല്ലെന്നുമുള്ള ചിന്തയും അത് അടിസ്ഥാനപ്പെടുത്തിയുള്ള ലോകവീക്ഷണവുമാണ് മോണിസം. അതുപോലെ മറ്റുള്ളവര്‍ക്കായി സ്വന്തത്തെത്തന്നെ ത്യജിക്കലാണ് അള്‍ട്രൂയിസം. കണക്കുകള്‍ പ്രകാരം അള്‍ട്രൂയിസ്റ്റുകളായ ആളുകള്‍ കൂടുതല്‍ കാലം ജീവിക്കുന്നു. കാരണം അവനവനിലേക്ക് ഒതുങ്ങുന്നവരേക്കാള്‍ സന്തുഷ്ടരാണ് മറ്റുള്ളവരിലേക്ക് ഒഴുകുന്നവര്‍. എന്നാല്‍ ഇങ്ങനെയൊരു ത്യാഗസന്നദ്ധത കൊണ്ട് മാത്രം ആത്മീയമായ ദാഹത്തിനു പൂര്‍ണമായ ഉത്തരം കണ്ടെത്താനാവില്ല. കാരണം അള്‍ട്രൂയിസത്തിലെ ആത്മബന്ധം ചുറ്റുമുള്ള മനുഷ്യരിലേക്ക് പരിമിതപ്പെടുമ്പോള്‍ ആത്യന്തികമായ മഹത്വത്തിന്റെയും സ്‌നേഹത്തിന്റെയും സ്രോതസ്സുമായാണ് ഒരു വിശ്വാസി ആത്മബന്ധത്തില്‍ ഏര്‍പ്പെടുന്നത്. മറ്റു മനുഷ്യരോടുള്ള കടപ്പാടുകളും ഇഷ്ടവും ദൈവികമായ ആത്മീയതയുടെ ഭാഗമാവാം, എന്നാല്‍ ഒരിക്കലും അത് സ്രഷ്ടാവിനോടുള്ള ബന്ധത്തിനു പകരമാവില്ല. അല്ലാഹു പറയുന്നു: ”അതായത് വിശ്വസിക്കുകയും അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ കൊണ്ട് മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക: അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ കൊണ്ടത്രേ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്” (13:28).
ഇസ്‌ലാമിക ലോകത്തെ പ്രശസ്ത ദൈവശാസ്ത്രജ്ഞനായ ഇബ്‌നുല്‍ ഖയ്യിം(റ) പറയുന്നു: ”ഹൃദയത്തില്‍ ആകുലതയുടെ ഒരു വിടവുണ്ട്. ദൈവസാമീപ്യമല്ലാതെ മറ്റൊന്നിനും അതിനു നിറവേകാനാവില്ല. ഹൃദയത്തിന്റെ സാന്ദ്രമായ ഏകാന്തതക്ക് പരിഹാരം പടച്ചവനുമായുള്ള സ്വകാര്യമായ സംഭാഷണങ്ങളാണ്. പടച്ചവനെ അടുത്തറിഞ്ഞ് അവനിലേക്ക് സ്വയം സമര്‍പ്പിക്കുമ്പോഴുള്ള സന്തോഷം നിറയുമ്പോള്‍ ഹൃദയത്തിലെ സങ്കടങ്ങള്‍ ഒഴുകിപ്പോവുന്നു. മനസ്സിന്റെ ഉറപ്പില്ലായ്മകള്‍ക്ക് ഉറപ്പേകുന്നത് സര്‍വശക്തനായ നാഥനിലുള്ള ഉറച്ച വിശ്വാസമാണ്. പശ്ചാത്താപം കൊണ്ട് വിങ്ങുന്ന ഹൃദയത്തിന് പടച്ചവന്റെ നിര്‍ദേശങ്ങളിലുള്ള സംതൃപ്തിയും അവനെ കണ്ടുമുട്ടുന്ന നാള്‍ വരെയും അവ മുറുകെപ്പിടിച്ചുള്ള ജീവിതവുമാണ്. അല്ലാഹുവെ കണ്ടുമുട്ടാനുള്ള അതിയായ കൊതി ജീവിതത്തിന്റെ ആവേഗമാവുമ്പോള്‍ അവനോടുള്ള സ്‌നേഹം സംതൃപ്തിയായി വിശ്വാസിയുടെ ജീവിതത്തില്‍ പടരും. ദൈവസ്മരണയും പൂര്‍ണമായ സമര്‍പ്പണവും ജീവിതത്തെ മാറ്റിമറിക്കും. അങ്ങനെയുള്ള ഒരു വിശ്വാസിക്ക് നിങ്ങളീ ലോകത്തെയും അതിലുള്ള മുഴുവന്‍ സൗഭാഗ്യങ്ങളും നല്‍കാമെന്നു പറഞ്ഞുനോക്കൂ. അവന്‍ അല്ലെങ്കില്‍ അവള്‍ അതിനുമൊക്കെ മുകളിലായി പടച്ചവനോടുള്ള ആത്മബന്ധം തിരഞ്ഞെടുക്കും.”
അങ്ങനെയാണെങ്കില്‍ ആത്മീയമായ ശൂന്യത തീവ്രമായ നമ്മുടെ ഈ പുതിയ കാലത്ത് സ്രഷ്ടാവിലേക്കുള്ള സമര്‍പ്പണമാണ് അതിനുള്ള പരിഹാരം. അതിലേക്കുള്ള വഴി കാട്ടാന്‍ പ്രവാചകന്മാരും പ്രവാചകത്വവും അനിവാര്യമാണ്. നമ്മള്‍ വരും മുമ്പേ തന്നെ മനുഷ്യനു വേണ്ട എല്ലാം ഈ ഭൂമിയില്‍ ഒരുക്കിവെച്ച പടച്ചവന്‍ നമുക്ക് ഏറ്റവും അനിവാര്യമായി വേണ്ട ആത്മീയമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനുള്ള വഴിയായാണ് പ്രവാചകന്മാരെ നിയോഗിക്കുന്നത്. പടച്ചവനിലേക്കും അവന്റെ തൃപ്തിയിലേക്കുമുള്ള വഴി നാം അറിയുന്നത് പ്രവാചകന്മാരിലൂടെയാണ്.