ആത്മാവുള്ള ആഘോഷങ്ങള്‍ മനസ്സിന്റെ തേട്ടമാണ്
ഹാറൂന്‍ കക്കാട്
ആഘോഷങ്ങളെ അതിരില്ലാതെ ഇഷ്ടപ്പെടുന്നവരാണ് മനുഷ്യര്‍. പ്രകൃതിയുടെ ഈണവും താളവും സന്തുലനവുമൊക്കെ ഒരു മുത്തുമാലയിലെ വര്‍ണമണികളെപ്പോലെ കോര്‍ത്തുവെച്ചത് ഓരോ ആഘോഷങ്ങളിലും പ്രകടമാണ്. കണ്ണിനും കാതിനും ആത്മാവിനും ഇമ്പമേകുന്നവയാണ് യഥാര്‍ഥ ആഘോഷങ്ങള്‍! ബഹുസ്വരത കളിയാടുന്ന ഇന്ത്യയില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ എണ്ണമറ്റ ആഘോഷങ്ങളുണ്ട്.
ഋതുക്കള്‍ ഏതേതു മാറിവന്നാലും മനസ്സകങ്ങളില്‍ ആനന്ദത്തിന്റെ പൂക്കള്‍ വിതറിയാണ് ആഘോഷ സുദിനങ്ങള്‍ മലയാളിയെ തഴുകിയെത്തിയിരുന്നത്. ഹൃദയം നിറഞ്ഞൊഴുകുന്ന സന്തോഷവും ഉദാരമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മാനവികതയുടെ വിശാലമായ തലങ്ങളെ സ്പര്‍ശിക്കുന്ന വസന്തകാലമായിരിക്കുമത്. കോവിഡ് കാലത്ത് നമ്മുടെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് അനിവാര്യമായ ചില മാറ്റങ്ങള്‍ വന്നെങ്കിലും ഭക്തിയുടെയും സാഹോദര്യത്തിന്റെയും നിറവില്‍ ആ പരീക്ഷണ കാലത്തെയും അതിജീവിച്ചവരാണ് വിശ്വാസികള്‍.
ഇസ്‌ലാമിലെ ആഘോഷങ്ങള്‍
ജീവിത മരുഭൂവില്‍ സഞ്ചാരമധ്യേ കണ്ടെത്തുന്ന പച്ചപ്പുല്‍തുരുത്തുകളും തെളിനീര്‍ തടാകങ്ങളുമാണ് ആഘോഷവേളകള്‍. ആഘോഷങ്ങളോടുള്ള മനുഷ്യരുടെ നൈസര്‍ഗികമായ ആഭിമുഖ്യം കണ്ടറിഞ്ഞ മതമാണ് ഇസ്ലാം.
ഈദുല്‍ ഫിത്വ്റും ഈദുല്‍ അദ്ഹായും മഹത്തായ രണ്ട് ആരാധനാ കര്‍മങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. രണ്ട് മതചിഹ്നങ്ങളുടെ മഹനീയ പശ്ചാത്തലം അടയാളക്കുറിയായ രണ്ടു പെരുന്നാളുകളുടെയും പൊരുള്‍ ആത്മഹര്‍ഷവും ദൈവസങ്കീര്‍ത്തനവുമാണ്.
റമദാന്‍ വ്രതാനുഷ്ഠാനത്തിന് സമാപ്തി കുറിച്ച് ശവ്വാല്‍ ഒന്നിനും ഹജ്ജിനോടനുബന്ധിച്ച് ദുല്‍ഹിജ്ജ പത്തിനുമാണ് പെരുന്നാള്‍ സുദിനങ്ങള്‍; ഈദുല്‍ ഫിത്വ്റും ഈദുല്‍ അദ്ഹായും.
മനുഷ്യസ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും സഹാനുഭൂതിയുടെയും ഐക്യത്തിന്റെയും മഹത്തായ സന്ദേശമാണ് ഈ രണ്ട് ആഘോഷങ്ങളും മനുഷ്യര്‍ക്ക് നല്‍കുന്നത്.
ആത്മീയനിര്‍വൃതിയുടെ
ഫിത്വ്ര്‍ പെരുന്നാള്‍
മുപ്പത് ദിവസം വസന്തങ്ങള്‍ വിരിഞ്ഞ നോമ്പുകാലം, പ്രാര്‍ഥനകളുടെയും നന്മകളുടെയും പൂക്കള്‍ വിരിയിച്ച റമദാന്‍ രാവുകള്‍. ആത്മനിയന്ത്രണത്തിന്റെ ജീവിതവഴിയില്‍ വിശുദ്ധിയുടെ മാസം പിന്നിട്ട വിശ്വാസി സമൂഹം ആത്മഹര്‍ഷത്തിന്റെ നിറവിലാണ് ഫിത്വ്ര്‍ പെരുന്നാള്‍ ആഘോഷിക്കുന്നത്.
ഈദ് എന്ന വാക്കിന് മടങ്ങിവരുന്നത് എന്നുകൂടി അര്‍ഥമുണ്ട്, അഥവാ മനുഷ്യന്റെ ജീവിതത്തില്‍ സന്തോഷവും ധന്യതയും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കണമെന്നാണ് അതിന്റെ താല്‍പര്യം. റമദാനിലെ വ്രതാനുഷ്ഠാനവും മറ്റ് ആരാധനാകര്‍മങ്ങളും ഒരു പൂര്‍ണ മനുഷ്യനെ രൂപപ്പെടുത്തുകയായിരുന്നു. ഭൗതിക കാമനകളുടെയും പൈശാചിക പ്രേരണകളുടെയും പ്രലോഭനങ്ങളുടെയും കെണിയില്‍ അകപ്പെടാതെ ആത്മത്യാഗത്തിന്റെയും ഭക്തിയുടെയും നിറവില്‍ ജാഗ്രത്തായ മനസ്സോടെയും ശരീരത്തോടെയും ജീവിക്കാന്‍ കരുത്ത് നല്‍കുകയാണ് വ്രതം ചെയ്യുന്നത്.
‘നോമ്പ് എനിക്കുള്ളതാണ്, ഞാനതിന് പ്രതിഫലം നല്‍കും’ എന്നാണ് ദൈവം പറഞ്ഞിട്ടുള്ളത്. മറ്റെല്ലാ ആരാധനാകര്‍മങ്ങളും ദൈവത്തിനുള്ളതായിരിക്കെ തന്നെ നോമ്പിനെ ‘എനിക്കുള്ളതാണ്’ എന്ന് പ്രത്യേകം എടുത്തുപറഞ്ഞതുതന്നെ അതിന്റെ പ്രാധാന്യമാണ് വ്യക്തമാക്കുന്നത്. ദൈവവുമായി നേരിട്ടുള്ള ഇടപെടലാണ് നോമ്പ്.
ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിലൂടെ സ്വായത്തമാക്കിയ ആത്മീയവും ശാരീരികവും സാമ്പത്തികവുമായ വിശുദ്ധിയുടെ ആഘോഷം കൂടിയാകുന്നു യഥാര്‍ഥത്തില്‍ പെരുന്നാള്‍ ദിനം. വരുന്ന 11 മാസത്തെ ഉത്തമ ജീവിതത്തിനുള്ള പരിശീലന കാലമായാണ് റമദാനിനെ വിശ്വാസി കണക്കാക്കുന്നത്.
‘അല്ലാഹു വലിയവനാകുന്നു, അല്ലാഹു വലിയവനാകുന്നു, അല്ലാഹു വലിയവനാകുന്നു, ആരാധനക്കര്‍ഹനായി അല്ലാഹു അല്ലാതെ മറ്റാരുമില്ല, അല്ലാഹു വലിയവനാകുന്നു, അല്ലാഹു വലിയവനാകുന്നു, അല്ലാഹുവിനാകുന്നു സര്‍വ സ്തുതിയും’ എന്ന തക്ബീര്‍വചനങ്ങളാണ് പ്രവാചകന്‍(സ) പഠിപ്പിച്ചത്. ഇബ്നു ഉമര്‍(റ) മിനായിലെ തന്റെ ടെന്റില്‍വെച്ച് തക്ബീര്‍ ചൊല്ലിയിരുന്നു. പള്ളിയിലുള്ളവരും അതുകേട്ട് തക്ബീര്‍ ചൊല്ലിയിരുന്നു. അങ്ങാടിയിലുള്ളവരും തക്ബീര്‍ ചൊല്ലിയിരുന്നു. അങ്ങനെ മിനാ തക്ബീര്‍ കൊണ്ട് പ്രകമ്പനം കൊണ്ടു എന്ന് ചരിത്രത്തില്‍ കാണാം.
ശുദ്ധീകരണത്തിന്റെ
പര്യായമായ
ഫിത്വ്ര്‍ സകാത്ത്
ഇസ്ലാമിന്റെ സാമൂഹിക പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടുന്നതാണ് ഫിത്വ്ര്‍ സകാത്ത് എന്ന മഹനീയ കര്‍മം. ആഘോഷദിനമായ പെരുന്നാളിന് ഒരാളും പട്ടിണി കിടക്കരുതെന്ന സന്ദേശമാണത്. ദരിദ്രരും ധനികരും തമ്മിലുള്ള സ്‌നേഹബന്ധം ഇതിലൂടെ ഊട്ടിയുറപ്പിക്കാനുമാവും. പെരുന്നാളിന്റെ നിറവില്‍ ഭക്ഷ്യധാന്യം കൈമാറുന്നതിലൂടെ സാമൂഹികബന്ധങ്ങള്‍ സുശക്തമാവുമെന്ന സന്ദേശമാണ് ഇതിലൂടെ പ്രകടമാകുന്നത്. അതിലുപരി മനുഷ്യമനസ്സിനെ സംസ്‌കരിക്കാനും റമദാനിലെ വ്രതമനുഷ്ഠിച്ചപ്പോള്‍ വന്നുഭവിച്ചേക്കാവുന്ന പോരായ്മകള്‍ പരിഹരിക്കപ്പെടാനും ഫിത്വ്ര്‍ സകാത്ത് കാരണമാവുന്നു.
പുതിയ കാലത്തെ
പെരുന്നാള്‍
കൂട്ടുകുടുംബ വ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് ഈദിന്റെ ആഘോഷങ്ങള്‍ക്ക് പ്രത്യേക സൗന്ദര്യമായിരുന്നു. ഫ്‌ളാറ്റ് സംസ്‌കാരത്തിലേക്ക് മാറിയതോടെ ഈദിന്റെ മനോഹരമായ പുഞ്ചിരികളും മൈലാഞ്ചിക്കൈകളും അപൂര്‍വ കാഴ്ചകളായി. മൈലാഞ്ചിയില കല്ലില്‍ അരച്ച് കൈയില്‍ തേക്കുന്നതൊക്കെ നാം മറന്നു. എല്ലാം റെഡിമെയ്ഡ് ജീവിതത്തില്‍ അലിഞ്ഞില്ലാതായി.
സമകാല ലോകം ഉപഭോഗ സംസ്‌കാരത്തിന്റേതും കമ്പോളവത്കരണത്തിന്റേതുമായി വഴിമാറിയിരിക്കുന്നു. എല്ലാ മേഖലകളിലും ഉപഭോഗ സംസ്‌കാരം പിടിമുറുക്കിയപ്പോള്‍ നമ്മുടെ ആത്മാവിന്റെ ഭാഗമായ ആഘോഷങ്ങള്‍ക്കും പലപ്പോഴും അതില്‍നിന്ന് ഒഴിഞ്ഞുമാറാനാവുന്നില്ല.
ഇന്നിപ്പോള്‍ ആഘോഷങ്ങളെപറ്റി നമ്മെ ആദ്യം ഓര്‍മപ്പെടുത്തുന്നത് വിപണിയാണ്. മെഗാ ഓഫറുകളും വലിയ ഡിസ്‌കൗണ്ടുകളും അത്യാകര്‍ഷകമായ സമ്മാനങ്ങളുമൊക്കെയായി ഗ്രാമങ്ങള്‍പോലും ആഘോഷങ്ങളെ കത്തിച്ചുനിര്‍ത്തുകയാണ്. വിപണി ഒരുക്കുന്ന അലങ്കാരങ്ങള്‍ക്കും ആര്‍ഭാടങ്ങള്‍ക്കും ധൂര്‍ത്തിനുമൊക്കെയായി നാം മത്സരിച്ച് മുന്നേറുകയാണ്. കേവലം വിപണനമേളകള്‍ മാത്രമായി ആഘോഷങ്ങള്‍ വഴിമാറുന്നു! ആത്മസത്തയും കാതലും നഷ്ടമായ ആഘോഷങ്ങളെ പകരം തന്ന് ഉപഭോഗ സംസ്‌കാരം നമ്മുടെ സ്വത്വത്തെപോലും വിലക്കെടുത്തിരിക്കുന്നു! ഒരു ഉല്‍പന്നത്തിന് നൂറ് രൂപ വില കൂട്ടിയിട്ട് ഇരുപത്തിയഞ്ച് രൂപ കുറച്ചുകൊടുക്കുന്ന ‘മെഗാ ഡിസ്‌കൗണ്ട് സെയിലുകള്‍’ എന്ന ചൂഷണവലയിലകപ്പെട്ട് ആത്മസായൂജ്യമടയുന്നവനാണ് ഓണ്‍ലൈന്‍ യുഗത്തിലെ പുതു മലയാളി !
ആത്മാവ് നഷ്ടപ്പെട്ട ആഘോഷങ്ങളെ പുനരുജ്ജീവിപ്പിച്ചെങ്കിലേ മതങ്ങളും ദര്‍ശനങ്ങളും നിഷ്‌കര്‍ഷിച്ച ആന്തരിക വിശുദ്ധി ഇവയില്‍നിന്ന് സ്വാംശീകരിക്കാന്‍ കഴിയൂ. വെള്ളവും വളവും പരിചരണവും നല്‍കാതെ നമ്മുടെ മുറ്റത്തെ മാവ് മാമ്പഴം നല്‍കണമെന്ന് വാശിപിടിക്കുന്നത് മണ്ടത്തരമാണല്ലോ. അടിസ്ഥാനപരമായ ഈ പൊതു തത്വം എല്ലാ കാര്യങ്ങള്‍ക്കും ബാധകമാണ്.
ഈദ് മുബാറക്, ഹാപ്പി ഈദ് തുടങ്ങിയ മെസേജുകള്‍ വാട്‌സാപ് വഴി മൊബൈല്‍ ഫോണുകളിലേക്കും തിരിച്ചും അയച്ചതുകൊണ്ട് മാത്രം നമ്മുടെ ബാധ്യതകള്‍ പൂര്‍ത്തിയാവില്ല. അതിനപ്പുറം ക്ഷേമവും ഐശ്വര്യവും ജീവിത ചുറ്റുപാടുകളും പരസ്പരം അറിയുകയും ആവശ്യമായവ പങ്കുവയ്ക്കുകയും ചെയ്യേണ്ടതുണ്ട്. കൂടപ്പിറപ്പുകളുടെ കണ്ണീരൊപ്പാന്‍ മറ്റെന്നത്തെക്കാളും മനസ്സുവെക്കേണ്ടത് ആഘോഷകാലത്താണ്. എങ്കില്‍ മാത്രമേ നമ്മുടെ ആഘോഷങ്ങള്‍ക്ക് ജീവനുണ്ടാവുകയുള്ളൂ. ആത്മാവ് ഉണങ്ങാത്തതാണ് നമ്മുടെ ആഘോഷങ്ങളെങ്കില്‍ സ്വര്‍ഗത്തിന്റെ സൗഭാഗ്യ നിമിഷങ്ങള്‍ ഭൂമിയില്‍ നിന്നുതന്നെ നമുക്ക് അനുഭവിച്ചു തുടങ്ങാന്‍ കഴിയും.
മര്‍ദിതരോടുള്ള മനസ്സറിഞ്ഞ
ഐക്യദാര്‍ഢ്യം
ലോകത്തെങ്ങുമുള്ള മര്‍ദിത ജനവിഭാഗങ്ങളോടുള്ള ഐക്യദാര്‍ഢ്യം ഉറപ്പുവരുത്തേണ്ട സന്ദര്‍ഭം കൂടിയാണ് പെരുന്നാള്‍. പിറന്ന നാട്ടില്‍ അന്യരായി ജീവിക്കേണ്ടിവരുന്നവരുടെ ലോകമാണിത്. നിര്‍ദാക്ഷിണ്യം ആവര്‍ത്തിക്കുന്ന യുദ്ധങ്ങള്‍! അതിദയനീയമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളുടെയും കൊലവിളികളുടെയും പോരാട്ടങ്ങളുടെയും ഫലമായി അനാഥമായ ബാല്യങ്ങള്‍ ദശലക്ഷക്കണക്കിനാണ്. വിധവകള്‍ അതിലേറെയാണ്. വഴിയാധാരമായി തെരുവിന്റെ മക്കളായി അലയുന്ന ഹതഭാഗ്യര്‍ ദശകോടികള്‍. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ അഭയാര്‍ഥികളായി ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍ നിരവധി വേറെയും. ഇവരെ ഓര്‍ക്കാതെയും ഇവര്‍ക്കായി പ്രാര്‍ഥിക്കാതെയും എന്ത് പെരുന്നാള്‍? നാം ഉരുവിടുന്ന സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ശാന്തിയുടെയും തക്ബീര്‍ ധ്വനികളില്‍ ഇവരോടുള്ള ഐക്യദാര്‍ഢ്യം കൂടി ഉള്‍പ്പെടേണ്ടതുണ്ട്.
നന്മകളാല്‍ സ്ഫുടം ചെയ്‌തെടുത്ത മനസ്സുമായി നാം പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ നമുക്ക് ചുറ്റിലുമുള്ള പീഡിതരുടെയും അഭയാര്‍ഥികളുടെയുമെല്ലാം വിഷാദ മുഖങ്ങള്‍ ഒരിക്കലും വിസ്മരിക്കാവതല്ല. ഈ വര്‍ഷത്തെ നമ്മുടെ ഈദാഘോഷത്തില്‍ അവര്‍ കൂടി നിറഞ്ഞുനില്‍ക്കട്ടെ.