2 Thursday
January 2025
2025 January 2
1446 Rajab 2

ആത്മസായൂജ്യത്തിന്റെ മിഴിനീര്‍ മുത്തുകള്‍

എന്‍ജി. പി മമ്മത് കോയ


ത്യാഗനിര്‍ഭരമായ ഏകദൈവ വിശ്വാസത്തിന്റെ പരംപൊരുള്‍ ലാളിത്യമാര്‍ന്ന കര്‍മങ്ങളിലൂടെ മനുഷ്യ ഹൃദയങ്ങളിലേക്ക് സന്നിവേശിപ്പിക്കുന്ന കര്‍മമാണ് പരിശുദ്ധ ഹജ്ജ്. അടിമയുടെ മനസ്സിന്റെയും ആത്മാവിന്റെയും വിമലീകരണത്തിന് പ്രപഞ്ചനാഥന്‍ മുന്നോട്ടുവെച്ച ആസൂത്രിതമായ ഒരാരാധനാക്രമം! ആകര്‍ഷകമായ ഇഹലോക വ്യാപാരങ്ങളില്‍ മുഴുകിയ മനുഷ്യ പ്രകൃതിയെ ആത്മീയതയുടെ ഉദാത്തമായ മേഖലകളിലേക്ക് പടിപടിയായി ഉയര്‍ത്താന്‍ ഉതകുന്നതാണ് ഹജ്ജിന്റെ ഓരോ കര്‍മങ്ങളും. ഇത് ഹജ്ജ് കര്‍മത്തിനു പുറപ്പെടുന്നതു മുതല്‍ തന്നെ ഓരോ ഹാജിയും പരിശീലിക്കുന്നു.
ഇടപഴകിയവരോട് യാത്ര ചോദിക്കുന്ന രീതിയിലൂടെ ഓരോ ഹാജിയും പ്രകടിപ്പിക്കുന്നത് മരണത്തിലേക്ക് അടുക്കുന്ന ഒരാത്മാവിന്റെ മുന്‍കരുതലാണ്. തെറ്റുകള്‍ക്കും കുറ്റങ്ങള്‍ക്കും മാപ്പു ചോദിക്കുന്നതിലൂടെയും സാമ്പത്തിക ഇടപാടുകള്‍ക്ക് ക്രമീകരണം ഏര്‍പ്പെടുത്തുന്നതിലൂടെയും തന്റെ അകം ശുദ്ധീകരിക്കാനുള്ള അഭിവാഞ്ഛയാണ് പ്രകടിപ്പിക്കുന്നത്.
വര്‍ഷങ്ങളായി വെറുപ്പിലും വാശിയിലും വൈരാഗ്യത്തിലും പുറംതിരിഞ്ഞുനില്‍ക്കുന്ന കുടുംബാംഗങ്ങളോടും അയല്‍വാസികളോടും നേരില്‍ കണ്ടു ക്ഷമ ചോദിക്കാന്‍ ആ മനസ്സ് പാകപ്പെടുന്നു. അതോടൊപ്പം അതുവരെ ദുര്‍വാശിയോടെ കാത്തുസൂക്ഷിച്ചിരുന്ന ദുരഭിമാനത്തിന്റെ കോട്ടകള്‍ തകര്‍ന്നുവീഴുന്നു. കളങ്കമേശാത്ത ആത്മാര്‍ഥതയുടെ ദന്തഗോപുരങ്ങള്‍ അകത്തളങ്ങളില്‍ പടുത്തുയര്‍ത്താന്‍ ഇതു കാരണമാകുന്നു. യാത്രയിലുടനീളം ഹാജിമാര്‍ പ്രകടിപ്പിക്കുന്ന ക്ഷമയും സഹായമനഃസ്ഥിതിയും അനിതരസാധാരണമാണ്. തന്റെ സൗകര്യത്തേക്കാളും സഹയാത്രികന്റെ സൗകര്യത്തിനും സുഖത്തിനും മുന്‍ഗണന കൊടുക്കാനാണ് ഓരോ ഹാജിയും ശ്രമിക്കുന്നത്. ഇത് വിനയാന്വിതനായ ഒരടിമ മനസ്സ് പാകപ്പെടുത്തുന്നതിന്റെ നിദര്‍ശനമാണ്.
ഇതുതന്നെയാണ് ആദ്യം പരിശുദ്ധ കഅ്ബ കാണുന്ന ഹാജിയുടെ ഹൃദയത്തിലുണ്ടാകുന്ന വിവരണാതീതമായ വികാരവേലിയേറ്റവും അവന്റെ നിറഞ്ഞൊഴുകുന്ന കണ്ണുകളും സാക്ഷ്യം വഹിക്കുന്നതും. കഅ്ബയുടെ ചരിത്രപശ്ചാത്തലവും ഇബ്രാഹീം പ്രവാചകന്റെ ത്യാഗോജ്ജ്വല ജീവിതവും അയാളുടെ ആത്മാവിനെ മുമ്പ് സ്പര്‍ശിച്ചിട്ടുണ്ടാകണമെന്നില്ല. എങ്കിലും ഇക്കാലമത്രയും സ്രഷ്ടാവിനെ പ്രണമിക്കുമ്പോള്‍ അവന്‍ ഏതൊരു ലക്ഷ്യത്തിലേക്കു മുഖം തിരിച്ചുവോ ആ പ്രതീകാത്മകമായ ലക്ഷ്യം നേരില്‍ കാണുമ്പോഴുണ്ടാകുന്ന ആത്മസായൂജ്യത്തിന്റെ പ്രതികരണവും പ്രതീകവുമായി ആ മിഴിനീര്‍ മുത്തുകളെ കണക്കാക്കാം.
ലക്ഷങ്ങള്‍ സമ്മേളിക്കുന്ന സമാനതകളില്ലാത്ത ആ ഒത്തുചേരലില്‍ ഹാജിയുടെ മനസ്സില്‍ ഉയര്‍ന്നുവരുന്നത് മാനവിക സാഹോദര്യത്തിന്റെ പുത്തന്‍ നാമ്പുകളാണ്. അതുവരെ ജീവിച്ച ചുറ്റുപാടുകളില്‍ കണ്ടിരുന്ന തന്റെ ഭാഷ സംസാരിക്കുന്ന, തന്റെ സംസ്‌കാരവും ശീലങ്ങളുമുള്ള ബന്ധുക്കളില്‍ നിന്നും സ്‌നേഹിതരില്‍ നിന്നും വ്യത്യസ്തമായ ഒരനുഭവമാണ് ഈ ഒത്തുചേരലില്‍ കാണുന്നത്. സംസ്‌കാരത്തിലും സംസാരത്തിലും ആകാരത്തിലും വൈവിധ്യമുള്ള വ്യത്യസ്ത രാജ്യക്കാരെയാണ് കാണുന്നത്. സ്വസഹോദരന്‍മാരെപ്പോലെ പെരുമാറുന്ന, എപ്പോഴും സഹായമനഃസ്ഥിതി പ്രകടിപ്പിക്കുന്ന ദൂരദേശങ്ങളില്‍ നിന്നെത്തിയ ഈ ഹാജിമാര്‍ ധരിച്ചിരിക്കുന്നത് ഒരേ വസ്ത്രം! ഉരുവിടുന്നത് തനിക്ക് പരിചയമുള്ള ഒരേ പ്രാര്‍ഥനാവചനങ്ങള്‍. ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക, ലബ്ബൈക്ക ലാ ശരീക്ക ലക്ക ലബ്ബൈക്ക, ഇന്നല്‍ ഹംദ വന്നിഅ്മത്ത ലക്ക വല്‍ മുല്‍ക്ക് ലാ ശരീക്ക ലക്ക. അതിരുകളില്ലാത്ത ഏകമാനവികതയുടെ വികാരവിളംബരം ഓരോ ഹാജിയുടെയും ആത്മാവിലേക്ക് അങ്കുരിപ്പിക്കുന്ന കാഴ്ചകളാണ് ഹറമുകളിലും മതാഫിലും മിനായിലും മുസ്ദലിഫയിലും അറഫയിലും അനുഭവവേദ്യമാകുന്നത്.
പുണ്യനഗരങ്ങളുടെ അതിര്‍ത്തികളില്‍ കാണുന്ന സ്വാഗതകമാനങ്ങള്‍ കുറച്ചൊന്നുമല്ല ഓരോ ഹാജിയുടെയും മനസ്സിനെ വികാരതരളിതമാക്കുന്നത്. അല്ലാഹുവിന്റെ അതിഥികള്‍ക്ക് സ്വാഗതമോതുന്ന പ്രസ്തുത കമാനങ്ങള്‍ ആത്മാഭിമാനത്തിന്റെയും അഭിമാനബോധത്തിന്റെയും വാതായനങ്ങളായി ഓരോ ഹാജിയുടെയും ഹൃദയത്തിലേക്ക് തുറക്കുകയാണ്. ജഗന്നിയന്താവായ പടച്ച തമ്പുരാന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചെത്തിയ ആദരണീയനായ അതിഥിയാണ് ഞാനും എന്ന ചിന്ത അവന്റെ മനസ്സിനെ ഭക്തിനിര്‍ഭരമാക്കുന്നു. ഉള്ളവനും ഇല്ലാത്തവനും, അടിമയും ഉടമയും, കറുത്തവനും വെളുത്തവനും, രാജാവും പ്രജയും, വലിയവനും ചെറിയവനും എല്ലാം ഒരേ വസ്ത്രമണിഞ്ഞ, ഒരേ പരിഗണന മാത്രം ലഭിക്കുന്ന രാജാധിരാജന്റെ അതിഥികള്‍! പ്രപഞ്ചനാഥന്റെ തിരുസാന്നിധ്യം അനുഭവവേദ്യമാകുന്ന ആ അന്തരീക്ഷം. തന്റെ കാണിക്കകളും പരിദേവനങ്ങളും പ്രാര്‍ഥനകളും സമര്‍പ്പിക്കാമെന്ന ബോധം മുമ്പൊന്നുമില്ലാത്തവിധം യാഥാര്‍ഥ്യമാകുന്ന സാഹചര്യം.
ഹറം ശരീഫും ഹജറുല്‍ അസ്‌വദും മതാഫും ഇബ്രാഹീം മഖാമും കാണുന്ന ഓരോ ഹാജിയുടെയും മനോമുകുരത്തില്‍ അവയുടെ പുഷ്‌കലമായ ചരിത്രപശ്ചാത്തലങ്ങള്‍ തെളിവാര്‍ന്ന രൂപത്തില്‍ മിന്നിമറിയും. ലക്ഷത്തില്‍പരം പ്രവാചകന്മാരുടെയും ലക്ഷോപലക്ഷം സലഫുസ്സാലിഹീങ്ങളുടെയും പാദസ്പര്‍ശമേറ്റ് പുളകിതമായ മതാഫിലാണ് തന്റെ കാലടികളും പതിക്കുന്നത് എന്ന ചിന്ത ഹാജിയുടെ മനസ്സ് ഭക്തിനിര്‍ഭരമാക്കും. മുല്‍തസമില്‍ തന്റെ ഹൃദയഭാരം നാഥന്റെ മുന്നില്‍ സമര്‍പ്പിക്കുമ്പോഴും മഖാമു ഇബ്രാഹീമിന്റെ പിന്നില്‍ അവനു സാഷ്ടാംഗം പ്രണമിക്കുമ്പോഴും പരിശുദ്ധ ഹജ്ജ് കര്‍മത്തിന്റെ ആത്മാവിലേക്ക് ഓരോ ഹാജിയും അടുക്കുകയായി. സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് ഒരു മാതാവ് അനുഭവിച്ച മാനസിക സംഘര്‍ഷങ്ങള്‍ ഓര്‍മിപ്പിക്കുന്ന ‘സഫ’യും ‘മര്‍വ’യും ഒരു വന്ദ്യവയോധികനായ പിതാവിന്റെ തുല്യതയില്ലാത്ത ആത്മസമര്‍പ്പണത്തിന് തിരുസാക്ഷ്യം വഹിച്ച മിനാ ഭൂപ്രദേശവും കടന്ന് അറഫയിലെ മനുഷ്യ മഹാസാഗരത്തിലേക്കെത്തുന്ന ഹാജിയുടെ മനസ്സും ആത്മാവും മഹിതമായ ആത്മശുദ്ധീകരണമെന്ന ലക്ഷ്യത്തിലേക്ക് എത്തും, തീര്‍ച്ച. ഒന്നാം ആകാശത്തിലേക്ക് ഇറങ്ങിവരുന്ന പ്രപഞ്ചനാഥന്റെ തിരുസാന്നിധ്യം തരളിതമാക്കാത്ത ഹൃദയങ്ങളോ സജലങ്ങളാക്കാത്ത കണ്ണുകളോ വിമലീകരിക്കപ്പെടാത്ത മനസ്സുകളോ ഉണ്ടാകില്ല.

Back to Top