അതിവാദങ്ങളെ അരികിലേക്ക് മാറ്റിനിര്‍ത്താം
ടി റിയാസ് മോന്‍ പെരിമ്പലം
മദ്ഖലി സലഫിസം സംബന്ധിച്ച് ശബാബ് പ്രസിദ്ധീകരിച്ച കവര്‍സ്റ്റോറി വായിച്ചു. അറബ് നാടുകളില്‍ നിന്നുള്ള സലഫിസം എന്ന പേരിട്ട പുതിയ ആദര്‍ശ ഇറക്കുമതിയെ എം ഐ മുഹമ്മദലി സുല്ലമി എഴുതിയ പുസ്തകം ‘ഗള്‍ഫ് സലഫിസം’ എന്ന് ആദ്യം പരിചയപ്പെടുത്തി. സലഫിയ്യ എന്നും ‘മന്‍ഹജുസ്സലഫ്’ എന്നും വിശദീകരിച്ച് കേരളത്തിലേക്ക് ഇറക്കുമതി ചെയ്ത പുതിയ നയ സമീപനങ്ങളെ അംഗീകരിക്കുന്നില്ല എന്നതായിരുന്നു മുജാഹിദ് പ്രസ്ഥാനത്തിന്റെ സമീപനം. എന്നാല്‍ പുതിയ ആദര്‍ശത്തിന്റെ ആളുകളാല്‍ ഹൈജാക്ക് ചെയ്യപ്പെട്ട മുജാഹിദ് പ്രസ്ഥാനത്തില്‍ പല പ്രതിസന്ധികളും ഉണ്ടായി.
കാലം പിന്നെയും മുന്നോട്ട് പോയി. ഗള്‍ഫില്‍ തനിമയാര്‍ന്ന സലഫി ആദര്‍ശക്കാര്‍ പുത്തന്‍ കൂറ്റ് സലഫികളോട് എതിര്‍പ്പ് ഉന്നയിച്ചു വന്നു. കുവൈത്തിലും ബഹ്‌റൈനിലും ഉള്‍പ്പെടെ സലഫി സംഘങ്ങള്‍ പിളര്‍ന്നു. ഈ തീവ്ര നിലപാടുകാരുടെ നേതാവ് ശൈഖ് റബീ ബിന്‍ ഹാദി അല്‍ മദ്ഖലിയെ തനിമയുള്ള സലഫികള്‍ തള്ളിപ്പറഞ്ഞു. ശൈഖ് മുഖ്ബിലിനെ അവര്‍ ആദ്യമേ തള്ളിക്കളഞ്ഞിരുന്നു. തങ്ങള്‍ മാത്രമാണ് ശരിയെന്നും തങ്ങളല്ലാത്തവരെല്ലാം പിഴച്ചവരാണെന്നും ധരിച്ചുവശായ ഈ ‘ഉന്മാദ സലഫിസ’ത്തെ അക്കാദമീഷ്യന്മാര്‍ ‘മദ്ഖലി സലഫിസം’ എന്ന് വിളിച്ചു. പല നിരീക്ഷകരും അതിനെ മദ്ഖലിസം എന്ന് തന്നെ വിളിച്ചു. ആ മദ്ഖലിസം അല്ല സലഫിസം അല്ലെങ്കില്‍ സലഫിയ എന്ന് വിവരമുള്ളവര്‍ തിരിച്ചറിഞ്ഞു.
ആദ്യനോട്ടത്തില്‍ ഗള്‍ഫില്‍ നിന്നുള്ള ഇറക്കുമതി എന്ന നിലയിലാണ് പുതിയ ആദര്‍ശത്തെ ‘ഗള്‍ഫ് സലഫിസം’ എന്ന് വിളിച്ചത്. എന്നാല്‍ കേരളത്തിനു പുറത്ത് ‘ഗള്‍ഫ് സലഫിസം’ എന്ന പേര് ആരും ഉപയോഗിക്കുന്നില്ല. ഇതാകട്ടെ യഥാര്‍ഥ സലഫിസവും അല്ല. തങ്ങളോട് ചേര്‍ന്നു നില്‍ക്കാത്തവരെല്ലാം പിഴച്ചവരാണെന്ന് അഭിപ്രായപ്പെടുന്ന യാതൊരു സാമൂഹിക മര്യാദയും പരിഗണിക്കാത്ത ആ പ്രവണതയ്ക്ക് അനുയോജ്യമായ പേര് ‘മദ്ഖലിസം’ എന്നാണ്. മുജാഹിദ് പ്രസ്ഥാനത്തില്‍ നിന്നു മദ്ഖലിസം ആദര്‍ശമായി സ്വീകരിച്ച് പുറത്തു പോയവര്‍ സ്വയം മുജാഹിദ് പ്രസ്ഥാനത്തിന്റെ ആളുകളാണ് എന്നവകാശപ്പെടുന്നില്ല. അവര്‍ സ്വയം സലഫികള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. അവരെ കൂടുതല്‍ വ്യക്തതയോടെ തിരിച്ചറിയാന്‍ മദ്ഖലികള്‍ എന്ന പേരാണ് അനുയോജ്യം.
മുജാഹിദ് പ്രസ്ഥാനവും മദ്ഖലിസവും തമ്മില്‍ പ്രമാണങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ആശയസംവാദങ്ങള്‍ ശ്രമകരമാണ്. കാരണം രാഷ്ട്രീയപരവും സാമൂഹികപരവുമായ ഉണര്‍വുകളോടു നിഷേധ സമീപനം സ്വീകരിക്കുന്നു എന്നതാണ് മദ്ഖലിസത്തിന്റെ പ്രത്യേകത.
മുസ്ലിം സമുദായത്തിലെ വിവിധങ്ങളായ മത സാമൂഹിക കൂട്ടായ്മകളെ പിഴച്ച കക്ഷികള്‍ എന്ന് മുദ്രകുത്തുന്ന മദ്ഖലിസത്തില്‍ നിന്നു മുജാഹിദുകള്‍ പുറത്തു കടക്കണം. മദ്ഖലിസം കേരളത്തിനു അനുയോജ്യമായ രീതിയല്ല. സുഊദി, കുവൈത്ത് ഉള്‍പ്പെടെയുള്ള സലഫി സമൂഹങ്ങള്‍ തന്നെയും മദ്ഖലിയുടെ അതിവാദങ്ങളെ അരികിലേക്ക് മാറ്റി നിര്‍ത്തിയിരിക്കുകയാണ്. മദ്ഖലിസത്തെ വാരിപ്പുണര്‍ന്ന കുവൈത്തിലെ സലഫി സംഘടനകളിലെ ഛിദ്രത എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. മദ്ഖലിസത്തോട് നിരന്തരം സംവാദം നടത്തി അതിന്റെ പൊള്ളത്തരങ്ങളെ തുറന്നുകാണിക്കാന്‍ മുജാഹിദ് പ്രസ്ഥാനത്തിന് ഭയമില്ല. എന്നാല്‍ അതിന്റെ സാമൂഹിക മുന്‍ഗണനാ ക്രമങ്ങള്‍ തെറ്റിക്കരുത് എന്നതിനാല്‍ മാത്രമാണ് ദീര്‍ഘകാലമായി അത്തരം സംവാദങ്ങള്‍ നടത്താതിരുന്നത്.