1 Tuesday
July 2025
2025 July 1
1447 Mouharrem 5

അതിരുകവിയാത്ത സൂക്ഷ്മതയാണ് വേണ്ടത്

എ ജമീല ടീച്ചര്‍


അല്ലാഹുവിലുള്ള ഭയഭക്തിയെയും സൂക്ഷ്മതയുമാണ് തഖ്‌വ എന്ന അറബി സാങ്കേതിക പദത്തില്‍ അറിയപ്പെടുന്നത്. നാല് അര്‍ഥങ്ങളാണ് ഈ പദത്തിനുള്ളത്: 1. ആപത്കരമായ സംഗതികളെ തടുക്കുക, അതില്‍ നിന്നു രക്ഷപ്പെടുക. 2. ആപത്‌സാധ്യതയെക്കുറിച്ച് ജാഗ്രത പാലിക്കുക. 3. പരിശുദ്ധനായ അല്ലാഹുവിനോട് ഭയഭക്തി കാണിക്കുക. 4. അല്ലാഹുവിന്റെ അപ്രീതിയെയും കോപത്തെയും ഭയപ്പെടുക.
വിശുദ്ധ ഖുര്‍ആനില്‍ ഈ അര്‍ഥത്തിലല്ലാതെ തഖ്‌വ എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. ഇസ്‌ലാമിലെ ഒരു സാങ്കേതിക ശബ്ദമെന്ന നിലയില്‍ പണ്ഡിതന്മാര്‍ തഖ്‌വയെ നിര്‍വചിച്ചത് ഇങ്ങനെയാണ്: ‘അല്ലാഹുവിന്റെ ആജ്ഞകള്‍ നിര്‍വഹിക്കുകയും അവന്‍ വിരോധിച്ചവ വെടിയുകയും ചെയ്യുക.’ ഈ നിലപാട് സ്വീകരിച്ചവരാണ് മുത്തഖികള്‍. വിശുദ്ധ ഖുര്‍ആന്‍ ജീവിതത്തില്‍ പ്രയോജനപ്പെടുക അവര്‍ക്കാണ്.
”ഇത് വിശുദ്ധ വേദമാകുന്നു. ഇക്കാര്യത്തില്‍ സംശയമില്ല തന്നെ. ഭക്തജനത്തിന് മാര്‍ഗദര്‍ശനമായിട്ടുള്ളതത്രേ ഇത്” (വി.ഖു. 2:2). കേവലം പ്രകടനപരത കൊണ്ടോ വേഷഭൂഷാദികള്‍ കൊണ്ടോ ഒരാള്‍ മുത്തഖിയാണെന്ന് തിരിച്ചറി യില്ല. നാക്കിലൂടെയും വാക്കിലൂടെയും വഴിഞ്ഞൊഴുകുന്ന ഒന്നുമല്ല അത്. ഭക്തിയും സൂക്ഷ്മതയുമുള്ള ജീവിതം കൊണ്ട് മാത്രമേ തഖ്‌വ അടയാളപ്പെടുത്താനാവൂ. വിശുദ്ധ ഖുര്‍ആന്‍ നിരവധി സ്ഥലങ്ങളിലായി തഖ്‌വയെ പരിചയപ്പെടുത്തിയിട്ടുണ്ട്.
”നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള പാപമോചനത്തിലേക്കും ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗത്തിലേക്കുമുള്ള സരണിയില്‍ കുതിച്ചു മുന്നേറുവിന്‍. ആ സ്വര്‍ഗം ദൈവഭക്തന്മാര്‍ക്കു (മുത്തഖി) വേണ്ടി ഒരുക്കിവെച്ചതാകുന്നു” (ആലുഇംറാന്‍ 133).
സൂറഃ ആലുഇംറാനിലെ 76ാം സൂക്തത്തില്‍ ഇപ്രകാരമാണ് തഖ്‌വയെ പരിചയപ്പെടുത്തുന്നത്: ”അല്ല, അവര്‍ ചോദിക്കപ്പെടുക തന്നെ ചെയ്യും. അല്ലാഹുവിനോടുള്ള കരാര്‍ പാലിക്കുകയും അധര്‍മം വെടിയുകയും ചെയ്തവരുണ്ടല്ലോ, അങ്ങനെയുള്ള ദൈവഭക്തന്മാരെയാണ് അല്ലാഹു ഇഷ്ടപ്പെടുന്നത്.”
സൂറഃ ഫുര്‍ഖാന്‍ 74ാം വചനത്തില്‍ ഇബ്‌റാഹീം നബി(അ) നടത്തിയ പ്രാര്‍ഥന ഇപ്രകാരമാണ്: ”രക്ഷിതാവേ, നീ ഞങ്ങളെ തഖ്‌വയുള്ളവരുടെ നേതാക്കളാക്കേണമേ.” സൂറഃ നഹ്‌ലിലെ 30ാം വചനത്തില്‍ പറയുന്നു: ”സ്വര്‍ഗം തഖ്‌വയുള്ളവരുടെ ഭവനമാണ്.”
തഖ്‌വയുടെ ഉേദ്ദശ്യം
ഒരിക്കല്‍ ഖലീഫ ഉമര്‍(റ) ഉബയ്യ്(റ) എന്ന പ്രവാചക ശിഷ്യനോട് ”തഖ്‌വയുടെ ഉദ്ദേശ്യം എന്താണെ”ന്ന് ചോദിച്ചു. തത്സമയം ഉബയ്യ് ഉമറിനോട് ഇപ്രകാരം തിരിച്ചു ചോദിച്ചു: ‘താങ്കള്‍ മുള്ള് ധാരാളമുള്ള ഇടവഴിയിലൂടെ സഞ്ചരിക്കാറുണ്ടോ?’ ‘അതെ’ എന്ന് ഉമര്‍ മറുപടി പറഞ്ഞു. ‘അപ്പോള്‍ താങ്കള്‍ എന്താണ് ചെയ്യാറുള്ളത്’ എന്ന് ഉബയ്യ് ചോദിച്ചു. ‘ഞാന്‍ സൂക്ഷ്മത പുലര്‍ത്തി ഓരോ കാല്‍ച്ചുവടും വെക്കും.’ ‘എങ്കില്‍ അതുപോലെയാണ് തഖ്‌വ’- ഉബയ്യ് മറുപടി കൊടുത്തു (തഫ്‌സീര്‍ ഖുര്‍തുബി).
നാം കല്ലും മുള്ളും കുണ്ടും കുഴിയുമുള്ള വഴിയിലൂടെ നടന്നുപോകുമ്പോള്‍ വളരെ സൂക്ഷ്മതയോടു കൂടിയായിരിക്കും ഓരോ ചവിട്ടടിയും മുന്നോട്ടുവെക്കുക. നമ്മുടെ കാലുകള്‍ കുണ്ടിലും കുഴിയിലും മുള്ളിലും പതിക്കാതിരിക്കാനാണത്. ഇതുപോലെ ഭൗതിക ജീവിതത്തില്‍ ഏതു രംഗത്ത് പ്രവേശിക്കുമ്പോഴും ദൈവം നിരോധിച്ചവയില്‍ ചെന്നുപതിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. അങ്ങനെ ജീവിതത്തിന്റെ സര്‍വ മേഖലകളില്‍ നിന്നും അല്ലാഹു നിഷിദ്ധമാക്കിയ സംഗതികളെ വര്‍ജിക്കുക. ഇതാണ് തഖ്‌വ അഥവാ സൂക്ഷ്മത എന്നതുകൊണ്ട് ഇസ്‌ലാം ഉദ്ദേശിക്കുന്നത്. മനുഷ്യന്റെ മുഖത്ത് പ്രകടമാകുന്ന ഒന്നല്ല അത്. മറിച്ച് വിശ്വാസിയുടെ മനസ്സിനകത്താണ് തഖ്‌വ പൂത്തുലയുക. ഒരിക്കല്‍ മുഹമ്മദ് നബി(സ) ഹൃദയത്തിലേക്ക് ചൂണ്ടിക്കാണിച്ചു പറഞ്ഞു: ”തഖ്‌വ ഇവിടെയാണ്” (മുസ്‌ലിം).
മനുഷ്യന് രണ്ടു തരം നഗ്നതയുണ്ട്. ഒന്ന്, ബാഹ്യമായ നഗ്നത. രണ്ട്, അഭിമാനക്ഷതം. മനുഷ്യന്‍ ഒരു തെറ്റില്‍ വീഴുന്ന സന്ദര്‍ഭത്തില്‍ അവന്റെ ആന്തരികമായ നഗ്നത വെളിവാകുന്നു. ഈ നഗ്നത പ്രകടമായാല്‍ പിന്നെ അവന്റെ സുന്ദരമായ വസ്ത്രധാരണം അവന് ഉപകരിക്കുന്നില്ല. തഖ്‌വയാണ് ആന്തരികമായ നഗ്നതയെ മറച്ചുവെക്കുന്നത്. അതുകൊണ്ടാണ് വിശുദ്ധ ഖുര്‍ആന്‍ തഖ്‌വയെ ഏറ്റവും നല്ല വസ്ത്രമായി ഉപമിച്ചത്:
”ആദം സന്തതികളേ, നിങ്ങളുടെ ലൈംഗികാവയവം മറയ്ക്കുന്ന വസ്ത്രത്തെയും അലങ്കാരവസ്ത്രത്തെയും നാം ഇറക്കിത്തന്നിരിക്കുന്നു. സൂക്ഷ്മതയാകുന്ന വസ്ത്രമാകട്ടെ അതുതന്നെയാണ് നിങ്ങള്‍ക്കുത്തമം. ഇവ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രേ. അവര്‍ സ്മരിക്കുന്നവരാകുവാനും വേണ്ടി” (അഅ്‌റാഫ് 26).

ചെകുത്താന്റെ ചതിയില്‍പ്പെട്ട് ആദിപിതാവും പത്‌നിയും വിലക്കപ്പെട്ട കനി തിന്നു. അതോടെ മനുഷ്യനില്‍ നിന്ന് വിശുദ്ധിയുടെയും നിരപരാധിത്വത്തിന്റെയും വസ്ത്രം ഊരിപ്പോയി. ഈ ഭൗമജീവിതത്തില്‍ ദൈവം നല്‍കുന്ന ധര്‍മബോധത്താല്‍ പ്രസ്തുത ഊരിപ്പോയ വസ്ത്രം അവന്‍ വീണ്ടും ധരിക്കണം. മനുഷ്യന് അവന്‍ ഒരിക്കല്‍ പുറത്താക്കപ്പെട്ട സ്വര്‍ഗത്തില്‍ വീണ്ടും തിരിച്ചെത്തണമെങ്കില്‍ ഈ ധര്‍മവസ്ത്രം എടുത്തണിയല്‍ അനിവാര്യമാണ്. ഉദാത്തമായ ഒരു മാനസികാവസ്ഥയാണ് തഖ്‌വ. സവിശേഷമായ ഒരു മനഃസംസ്‌കാരം. ആത്മാവിന്റെ ദുഷ്ചിന്തകളെയും ആസക്തികളെയും മൂടുന്ന വസ്ത്രം. ദൈവഭക്തി, മൂല്യബോധം, ലജ്ജ, സത്യസന്ധത, സ്‌നേഹം, ഭയം മുതലായവയില്‍ നിന്നാണ് ഈ വസ്ത്രം തുന്നിച്ചേര്‍ക്കേണ്ടത്. ഇപ്പറഞ്ഞ ഘടകങ്ങളുടെ ഗുണമേന്മയ്ക്ക് അനുസരിച്ചായിരിക്കും ആന്തരിക ദുഷ്പ്രവണതകളെ ചെറുക്കാനും മറക്കാനും ഈ വസ്ത്രത്തിനുള്ള കഴിവ്.
തഖ്‌വയും
തെറ്റിദ്ധാരണകളും

നല്ല വസ്ത്രം ഉപേക്ഷിച്ച് കീറിയതും മുഷിഞ്ഞതുമായ വസ്ത്രം ധരിക്കുക, നല്ല ഭക്ഷണസാധനങ്ങള്‍ കഴിക്കാതിരിക്കുക എന്നതൊക്കെയാണ് തഖ്‌വ എന്ന് ചിലര്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. വിശുദ്ധ ഖുര്‍ആന്‍ ഈ ധാരണയെ തിരുത്തുന്നു. ”ചോദിക്കുക: അല്ലാഹു തന്റെ ദാസന്മാര്‍ക്കു വേണ്ടി ഉല്‍പാദിപ്പിച്ചിട്ടുള്ള അലങ്കാരങ്ങളും നല്ല ആഹാരസാധനങ്ങളും നിഷിദ്ധമാക്കിയത് ആരാണ്? ഭൗതിക ജീവിതത്തില്‍ സത്യവിശ്വാസികള്‍ക്കുള്ളതാണത്. അന്ത്യദിനത്തില്‍ അവര്‍ക്ക് മാത്രമായിട്ടുള്ളതും” (അഅ്‌റാഫ് 32).
വസ്ത്രങ്ങളില്‍ നിന്നും ആഹാരസാധനങ്ങളില്‍ നിന്നുമുള്ള നല്ല വിഭവങ്ങള്‍ സത്യവിശ്വാസികള്‍ക്കായി ഉല്‍പാദിപ്പിച്ചത് അല്ലാഹുവാണ്. അത് നിഷേധിക്കാനുള്ള അവകാശം ആര്‍ക്കുമില്ല. ഖുറൈശികളല്ലാത്തവര്‍ കഅ്ബ ചുറ്റുമ്പോള്‍ വസ്ത്രം ധരിക്കാന്‍ പാടില്ലെന്നു നിര്‍ദേശിച്ചിരുന്നത് ഖുറൈശികളായിരുന്നു. അതുപോലെ ജാഹിലിയ്യാ കാലത്ത് ഹജ്ജിന്റെ അവസരങ്ങളില്‍ ചിലര്‍ മാംസാഹാരം വര്‍ജിച്ചിരുന്നു. ഇതിനെയെല്ലാം സൂചിപ്പിച്ചുകൊണ്ടാണ് ഖുര്‍ആനിലെ ഈ സൂക്തം അവതരിച്ചത്. ഇതിനൊക്കെയുള്ള അവകാശം അല്ലാഹു മറ്റൊരാള്‍ക്കും വിട്ടുകൊടുത്തിട്ടില്ല. പ്രവാചകന്മാരോട് അല്ലാഹു പറയുന്നു: ”ദൂതന്മാരേ, നല്ല വസ്തുക്കളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിക്കുവിന്‍” (മുഅ്മിനൂന്‍ 51).
ഇതുമായി ബന്ധപ്പെട്ടു വന്ന ഒരു നബിവചനം ശ്രദ്ധിക്കുക: ”മുഹമ്മദ് നബി അരുളി: ഒരു മനുഷ്യന് ദൈവം സാമ്പത്തികമായി അനുഗ്രഹം ചെയ്തുകൊടുത്താല്‍ അതിന്റെ അടയാളം അവനില്‍ പ്രകമാകുന്നതാണ് അല്ലാഹുവിന് ഇഷ്ടം” (തിര്‍മിദി).
വസ്ത്രവും ചെരുപ്പും അലങ്കാരമാക്കുന്നതിനെക്കുറിച്ച് നബിയോട് ചോദിച്ചപ്പോള്‍ അവിടത്തെ മറുപടി ഇപ്രകാരമായിരുന്നു: ”നിശ്ചയം അല്ലാഹു ഭംഗിയുള്ളവനാണ്. ഭംഗിയെ അവന്‍ ഇഷ്ടപ്പെടുന്നു” (മുസ്‌ലിം).
അതിരുകവിയല്‍
തഖ്‌വയല്ല

പ്രവാചകന്‍ മാതൃക കാണിച്ചിട്ടില്ലാത്ത ആരാധനകള്‍ ചെയ്യുക, അവിടന്ന് പ്രാര്‍ഥിച്ച് കാണിച്ചിട്ടില്ലാത്ത സ്ഥലത്തും സന്ദര്‍ഭങ്ങളിലും പ്രാര്‍ഥനകള്‍ സംഘടിപ്പിക്കുക എന്നതെല്ലാം ഇക്കാലഘട്ടത്തില്‍ പിശാച് ചിലര്‍ക്ക് തഖ്‌വയായി തോന്നിപ്പിച്ചിരിക്കുകയാണ്. യഥാര്‍ഥത്തില്‍ ഇതിന് ബിദ്അത്ത് അഥവാ അനാചാരം എന്നാണ് പറയുക. ബിദ്അത്തുകള്‍ മനുഷ്യരെ നരകത്തിലേക്കാണ് നയിക്കുക എന്ന് പ്രവാചക തിരുമേനി പറഞ്ഞിട്ടുണ്ട്. അതുപോലെ ചിലര്‍ ആരാധനകളില്‍ വസ്‌വാസ് ശീലമാക്കുന്നു. വുദു ചെയ്യുമ്പോള്‍, കുളിക്കുമ്പോള്‍, നമസ്‌കാരത്തില്‍ തക്ബീറത്തുല്‍ ഇഹ്‌റാമിലേക്ക് പ്രവേശിക്കുമ്പോള്‍ എന്നിവയിലെല്ലാം ഈ വസ്‌വാസ് ശീലം ചിലരില്‍ കാണാം. ഇതിനും യഥാര്‍ഥ തഖ്‌വയുമായി ഒരു ബന്ധവുമില്ല.
ഇസ്‌ലാം വന്‍ പാപമായി കാണുന്ന ഒന്നാണ് ശിര്‍ക്ക്. ”നിശ്ചയമായും ശിര്‍ക്ക് അതിഭയങ്കരമായ അക്രമമാണ്” (ലുഖ്മാന്‍) എന്ന് ഖുര്‍ആന്‍ പ്രസ്താവിച്ചിട്ടുണ്ട്. അതിനാല്‍ ആരാധനയിലും അനുഷ്ഠാനങ്ങളിലും ശിര്‍ക്ക് വരാതെ സൂക്ഷിക്കലാണ് ഏറ്റവും വലിയ തഖ്‌വ.

Back to Top