26 Friday
July 2024
2024 July 26
1446 Mouharrem 19

അതിക്രമങ്ങള്‍ സൂക്ഷിക്കുക

എം ടി അബ്ദുല്‍ഗഫൂര്‍


ജാബിര്‍(റ) പറയുന്നു: നബി(സ) പറഞ്ഞിരിക്കുന്നു. അതിക്രമത്തെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അക്രമം അന്ത്യദിനത്തില്‍ അന്ധകാരമാകുന്നു. പിശുക്കിനെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും പിശുക്ക് നിങ്ങള്‍ക്ക് മുന്‍പുള്ളവരെ നശിപ്പിച്ചിരിക്കുന്നു. അവരില്‍ രക്തം ചിന്താനും വിരോധിക്കപ്പെട്ട കാര്യങ്ങളെ അനുവദനീയമാക്കാനും അവരെ പ്രേരിപ്പിക്കുകയും ചെയ്തിരിക്കുന്നു. (മുസ്‌ലിം)

ശരീരവും സമ്പത്തും അഭിമാനവുമെല്ലാം സുരക്ഷിതമായിരിക്കണമെന്നാണ് ഏതൊരു മനുഷ്യനും ആഗ്രഹിക്കുന്നത്. അതിനുതകുന്ന തരത്തില്‍ നീതി നിര്‍വഹിക്കപ്പെടണമെന്നും നിയമങ്ങള്‍ നിര്‍മിക്കപ്പെടണമെന്നും സര്‍വരും താല്പര്യപ്പെടുന്നു.
ഭരണാധിപരെന്നോ ഭരണീയരെന്നോ ധനികനെന്നോ ദരിദ്രനെന്നോ തൊഴിലാളിയെന്നോ മുതലാളിയെന്നോ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും നീതി ലഭിക്കുന്ന സാഹചര്യമുണ്ടാവുമ്പോഴാണ് സുരക്ഷയും സമാധാനവുമുണ്ടാവുക. അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രയാസങ്ങള്‍ മനസ്സിലാക്കാതെ ഭരണാധികാരികള്‍ നിയമനിര്‍മാണം നടത്തുന്നുവെങ്കില്‍ അതവരോട് കാണിക്കുന്ന അനീതിയാണ്. സാധാരണ ജനങ്ങളുടെ ആവശ്യങ്ങളോട് മുഖം തിരിച്ചുകളയുന്ന ഉദ്യോഗസ്ഥരുടെ അനാസ്ഥയും അവരോടുള്ള അതിക്രമമത്രെ. അനുസരിക്കപ്പെടേണ്ട നിയമങ്ങള്‍ അനുസരിക്കാതിരിക്കുക എന്നത് പ്രജകള്‍ ഭരണ നേതൃത്വത്തോട് കാണിക്കുന്ന അനീതിയും അതിക്രമവുമാകുന്നു. ലോകത്ത് സമാധാനവും സുരക്ഷയും പുലരാനാവശ്യമായ നിയമവ്യവസ്ഥകളാണ് നടപ്പിലാക്കപ്പെടേണ്ടത്. ആ വ്യവസ്ഥകളില്‍ അതിരുകവിയലുണ്ടാകുമ്പോള്‍ അത് അതിക്രമമായി മാറുന്നു.
മറ്റൊരാളുടെ ജീവന്‍ നഷ്ടപ്പെടുത്തുന്ന തരത്തിലോ അന്യായമായ നിലയില്‍ അവന്റെ ധനം കൈവശപ്പെടുത്തുന്ന നിലയിലോ, അപരന്റെ അഭിമാനത്തിന് ക്ഷതമേല്പിക്കുന്ന രീതിയിലോ പ്രവര്‍ത്തിക്കുന്നത് അക്രമമാകുന്നു. ഇത്തരം പ്രവണതകള്‍ പെരുകിക്കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തില്‍ ജീവിക്കുമ്പോള്‍ അക്രമങ്ങളില്‍ നിന്ന് മാറി നില്ക്കുന്ന കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ഈ തിരുവചനത്തിന്റെ പാഠം. അന്ത്യദിനത്തില്‍ അന്ധകാരത്തില്‍ അകപ്പെട്ട് വഴിയറിയാതലയുന്നത് അചിന്ത്യമത്രെ.
തന്റെ കൈവശമുള്ളത് ചെലവഴിക്കാതെ പിടിച്ചുവെക്കുകയും മറ്റുള്ളവരുടെ കയ്യിലുള്ളതുകൂടി തനിക്ക് ലഭിക്കണമെന്ന് മോഹിക്കുകയും ചെയ്യുകയെന്നത്രെ ‘ശുഹ്ഹ്’ എന്ന പദം കൊണ്ടര്‍ഥമാക്കുന്നത്. ഈ പിശുക്ക് അത്യാര്‍ത്തിക്ക് കാരണമാവുകയും ആര്‍ത്തി മൂത്ത് അനുവദനീയമെന്നോ നിഷിദ്ധമെന്നോ ആലോചിക്കാതെ പലതും പ്രവര്‍ത്തിക്കുകയും ചെയ്യാന്‍ മനുഷ്യനെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഏത് മാര്‍ഗത്തിലൂടെയും സമ്പാദിക്കുവാനുള്ള ത്വര മനുഷ്യരില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയും അതിന്റെ പേരില്‍ രക്തച്ചൊരിച്ചില്‍ വരെയുണ്ടാവുകയും ചെയ്യുന്ന ഇക്കാലത്ത് ഈ തിരുവചനം ഏറെ പ്രസക്തമത്രെ.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x