19 Friday
April 2024
2024 April 19
1445 Chawwâl 10

അത്തഹിയ്യാത്തില്‍ ചൂണ്ടുവിരല്‍ നിരന്തരം ചലിപ്പിക്കേണ്ടതുണ്ടോ?

പി കെ മൊയ്തീന്‍ സുല്ലമി


ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ചിലരെങ്കിലും ഉന്നയിക്കാറുള്ള ഒരു വിമര്‍ശനമാണ്, ഇത്രയും നിസ്സാരവും ശാഖാപരവുമായ കാര്യങ്ങള്‍ എന്തിനാണ് ചര്‍ച്ച ചെയ്യുന്നത് എന്നത്. അവരോട് പറയാനുള്ളത്, ഇസ്‌ലാം എന്നത് ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും ഉള്‍ക്കൊള്ളുന്നതാണെന്നതാണ്. അടിസ്ഥാന കാര്യങ്ങള്‍ മാത്രം പ്രവര്‍ത്തിച്ചാല്‍ മതി, ചര്‍ച്ച ചെയ്താല്‍ മതി എന്ന് അല്ലാഹുവോ റസൂലോ ഒരിടത്തും പറഞ്ഞിട്ടില്ല. താഴെ വരുന്ന പ്രമാണങ്ങള്‍ അതിനു വിരുദ്ധവുമാണ്. അല്ലാഹു അരുളി: ”നിങ്ങള്‍ക്ക് റസൂല്‍(സ) നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അവന്‍ നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞുനില്‍ക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്” (ഹശ്ര്‍ 7).
മറ്റൊരു വചനം ശ്രദ്ധിക്കുക: ”അല്ലാഹുവും റസൂലും ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ, തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ റസൂലിനെയും ധിക്കരിക്കുന്നപക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചുപോയിരിക്കുന്നു” (അഹ്‌സാബ് 36). മറ്റൊരു വചനം നോക്കുക: ”അതൊരു നിസ്സാര കാര്യമായി (അപവാദ പ്രചാരണം) നിങ്ങള്‍ ഗണിക്കുന്നു. അല്ലാഹുവിന്റെ അടുക്കല്‍ അത് ഗുരുതരമാകുന്നു” (നൂര്‍ 15). അല്ലാഹു വീണ്ടും അരുളി: ”ഏത് ചെറിയ കാര്യവും വലിയ കാര്യവും (മലക്കുകള്‍) രേഖപ്പെടുത്തിവെക്കപ്പെടുന്നതാണ്” (ഖമര്‍ 53).
ഒരു നബിവചനം ശ്രദ്ധിക്കുക: ”ഈമാന്‍ (സത്യവിശ്വാസം) എന്നതിന് എഴുപതില്‍പരമോ അറുപതില്‍പരമോ ശാഖകളുണ്ട്. അതില്‍ ഏറ്റവും ശ്രേഷ്ഠമായത് ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വചനവും ഏറ്റവും താഴെയുള്ളത് വഴിയില്‍ നിന്ന് ഉപദ്രവം നീക്കം ചെയ്യലുമാണ്. ലജ്ജ ഈമാനിന്റെ ഒരു ശാഖയാണ്” (ബുഖാരി, മുസ്‌ലിം).
ആദ്യം രേഖപ്പെടുത്തിയ ഖുര്‍ആന്‍ വചനങ്ങളില്‍ അല്ലാഹുവിന്റെ കല്‍പന ചെറുതെന്നോ വലുതെന്നോ നോക്കാതെ മൊത്തത്തില്‍ അല്ലാഹുവിന്റെ ദൂതനെ പിന്തുടരാനാണ്. പിന്നീട് രേഖപ്പെടുത്തിയത് നാം നിസ്സാരമായി കാണുന്ന കാര്യം അല്ലാഹു ഗൗരവമായി വിലയിരുത്തുമെന്നതാണ്. മൂന്നാമതായി, അല്ലാഹുവിന്റെ മലക്കുകള്‍ നിസ്സാര കാര്യങ്ങള്‍ പോലും രേഖപ്പെടുത്തിവെക്കും എന്നതാണ്. നാലാമതായി പറഞ്ഞത്, ശഹാദത്ത് കലിമ മുതല്‍ വഴിയില്‍ നിന്നും തടസ്സം നീക്കുന്നതുവരെ ഇസ്‌ലാമില്‍ പെട്ടതാണ് എന്നാണ്. ചുരുക്കത്തില്‍, ഇസ്‌ലാമില്‍ വലിയ കാര്യങ്ങള്‍ക്ക് അതിന്റേതായ പ്രാധാന്യവും ചെറിയ കാര്യങ്ങള്‍ക്ക് അതിന്റേതായ പ്രാധാന്യവുമുണ്ട് എന്നതാണ്. ഒന്നും നിസ്സാരമായി തള്ളിക്കളയാവുന്നതല്ല എന്നുമാണ്.
അത്തഹിയ്യാത്തില്‍ ചൂണ്ടുവിരല്‍ വിറപ്പിക്കുന്നത് ഹദീസ് നിദാനശാസ്ത്ര നിയമമനുസരിച്ച് ശരിയല്ല എന്നു മാത്രമല്ല, അത് അടുത്തുള്ള വ്യക്തിയുടെ നമസ്‌കാരവും ഫസാദാക്കും എന്നത് ഒരു വസ്തുതയാണ്. ഈ ലേഖകന് പലതവണ അങ്ങനെയുള്ള അനുഭവം ഉണ്ടായിട്ടുമുണ്ട്. എന്നാല്‍, ഒരു വ്യക്തി ചൂണ്ടുവിരലിലേക്ക് നോക്കി അത്തഹിയ്യാത്തില്‍ പ്രാര്‍ഥിക്കുമ്പോള്‍ ഒരു നേരിയ ചലനം ഉണ്ടാകും എന്നത് സ്വാഭാവികവും, ജീവനുള്ള മനുഷ്യരില്‍ നിന്നും ഉണ്ടാകാറുള്ള സഹജമായ ഒരു പ്രവര്‍ത്തനവുമാണ്. അതിനെക്കുറിച്ചാണ് ഇബ്‌നുല്‍ ഖയ്യിം(റ) പ്രസ്താവിച്ചത്: ”അവിടന്ന് അതിനെ നേരിയവിധം ചലിപ്പിക്കും” (സാദുല്‍ മആദ് 1:242). അല്ലാതെ മുറിച്ചിട്ട പല്ലിയുടെ വാല് പിടയുന്നതുപോലെ മനഃപൂര്‍വം ചൂണ്ടുവിരല്‍ തുരുതുരെ ചലിപ്പിക്കുന്ന രീതി ഹദീസ് പണ്ഡിതന്മാര്‍ അംഗീകരിച്ചിട്ടില്ല. അഥവാ പിശാചിനെ വിറളി പിടിപ്പിക്കാന്‍ ചൂണ്ടുവിരല്‍ നിരന്തരം താഴോട്ടും മേലോട്ടും ധൃതിയില്‍ ചലിപ്പിക്കണം എന്നതാണ് ഇവരുടെ മറ്റൊരു വാദം.
നമസ്‌കാരത്തില്‍ ചൂണ്ടുവിരല്‍ മേല്‍പോട്ടും കീഴ്‌പോട്ടും ചലിപ്പിക്കണമെന്ന ഹദീസ് അരഡസന്‍ പരമ്പരയിലധികം വന്നിട്ടുണ്ട് എന്നത് ശരിയാണ്. പക്ഷേ, പ്രസ്തുത ഹദീസുകള്‍ക്ക് രണ്ട് ദോഷങ്ങളുണ്ട്:
ഒന്ന്, പ്രസ്തുത ഹദീസുകള്‍ മുഴുവന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് വഴിപിഴച്ചവനായി അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാരാല്‍ മുദ്രകുത്തപ്പെട്ട ആസ്വിമുബ്‌നു കുലൈബ് എന്ന വ്യക്തിയിലൂടെയാണ്. അദ്ദേഹം മുര്‍ജിഅ് (ശഹാദത്ത് കലിമ ഉച്ചരിച്ചാല്‍ മാത്രം സ്വര്‍ഗത്തില്‍ പ്രവേശിക്കും എന്ന) വാദക്കാരനാണ്. അഥവാ ഇസ്‌ലാം കാര്യങ്ങള്‍ ഒന്നും അനുഷ്ഠിച്ചിട്ടില്ലെങ്കിലും സ്വര്‍ഗത്തില്‍ കടക്കും എന്ന്. ഇസ്‌ലാം കാര്യങ്ങള്‍ അംഗീകരിക്കാത്ത ഒരു വ്യക്തിയിലൂടെ വരുന്ന ഹദീസുകള്‍ എങ്ങനെ സ്വീകരിക്കും?
രണ്ട്: ഈ ഹദീസുകള്‍ ഗരീബാണ് (ഒറ്റപ്പെട്ട വ്യക്തിയിലൂടെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്). ഗരീബായി വന്നിട്ടുള്ള തൊണ്ണൂറു ശതമാനം ഹദീസുകളും ദുര്‍ബലങ്ങളാണ്. ഹദീസ് നിദാനശാസ്ത്ര പണ്ഡിതന്മാര്‍ നല്‍കുന്ന സുവ്യക്തമായ ഒരു പാഠവുമാണ്. ഇബ്‌നു ഹജറുല്‍ അസ്ഖലാനി(റ)യുടെ ‘അത്തഹ്ദീബുത്തഹ്ദീബ്’ 5:49, ഇമാം ദഹബി(റ)യുടെ മീസാനുല്‍ ഇഅ്തിദാല്‍ 2:274 പരിശോധിച്ചാലും ഇക്കാര്യം ബോധ്യപ്പെടും. മാത്രവുമല്ല, ഇപ്രകാരം വിരല്‍ ചലിപ്പിക്കല്‍ സ്വഹീഹായി വന്ന ഹദീസുകള്‍ക്കു വിരുദ്ധവുമാണ്.
മൂന്ന്: ഇങ്ങനെ ചൂണ്ടുവിരല്‍ ധൃതിയില്‍ മേലോട്ടും കീഴോട്ടും ചലിപ്പിക്കണമെന്ന് ആരും റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. മദ്ഹബിന്റെ നാല് ഇമാമുകളും ഈ വിഷയത്തില്‍ നാല് അഭിപ്രായക്കാരാണ്. അക്കാര്യം സയ്യിദ് സാബിഖ്(റ) രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക: ”ഇമാം ശാഫിഈയുടെ അഭിപ്രായം ശഹാദത്ത് കലിമയിലെ ‘ഇല്ലല്ലാഹ്’ എന്ന് അത്തഹിയ്യാത്തില്‍ ഉച്ചരിക്കുമ്പോള്‍ വിരല്‍ ചൂണ്ടുകയെന്നതാണ്. അത് ഒരു പ്രാവശ്യം മാത്രമാണ്. ഇമാം അബൂഹനീഫയുടെ ആളുകളുടെ അഭിപ്രായം അത്തഹിയ്യാത്തില്‍ ‘ലാ’ എന്നുച്ചരിക്കുമ്പോള്‍ (ലാ ഇലാഹ) ചൂണ്ടുവിരല്‍ ഉയര്‍ത്തുകയും ‘ഇല്ല’ എന്ന് ഉച്ചരിക്കുമ്പോള്‍ (ഇല്ലല്ലാഹ്) വിരല്‍ താഴ്ത്തുക എന്നതുമാണ്. മാലികീ ഇമാമിന്റെ ആളുകളുടെ അടുക്കല്‍ നമസ്‌കാരം കഴിയുന്നതുവരെ അത്തഹിയ്യാത്തില്‍ ചൂണ്ടുവിരല്‍ ഇടത്തോട്ടും വലത്തോട്ടും ചലിപ്പിക്കുകയെന്നതാണ്. ഹമ്പലീ മദ്ഹബുകാരുടെ പക്ഷം ജലാലത്തിന്റെ നാമം (അല്ലാഹു) ഉച്ചരിക്കുമ്പോള്‍ വിരല്‍ ചൂണ്ടുകയെന്നതാണ്” (ഫിഖ്ഹുസ്സുന്ന 1:170, 171). എന്നാല്‍ മേലോട്ടും കീഴോട്ടും ധൃതിയില്‍ ചൂണ്ടുവിരല്‍ ചലിപ്പിക്കുന്ന സമ്പ്രദായം മദ്ഹബിന്റെ നാല് ഇമാമുമാര്‍ക്കും ഇല്ല. എന്നാല്‍ മാലികീ മദ്ഹബില്‍ ചൂണ്ടുവിരല്‍ ഇടത്തോട്ടും വലത്തോട്ടും ചലിപ്പിക്കുകയെന്നതാണ്. അങ്ങനെ ഇവര്‍ ചെയ്തുകാണുന്നുമില്ല.
ഇനി ഈ വിഷയത്തില്‍ വന്ന ഹദീസുകളും പണ്ഡിതാഭിപ്രായങ്ങളും പരിശോധിക്കാം. അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ) പ്രസ്താവിച്ചു: ”നബി(സ) അത്തഹിയ്യാത്തില്‍ പ്രാര്‍ഥിക്കുമ്പോള്‍ ചൂണ്ടുവിരല്‍ ചൂണ്ടാറുണ്ടായിരുന്നില്ല, ചലിപ്പിക്കാറുണ്ടായിരുന്നില്ല” (അബൂദാവൂദ്, നസാഈ).
ഇമാം നവവി(റ) തന്റെ മജ്മൂഅ് എന്ന ഗ്രന്ഥം അതിന്റെ 3:454ല്‍ മേല്‍ ഹദീസ് സ്വഹീഹാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അബ്ദുല്ലാഹിബ്‌നു സുബൈറി(റ)ല്‍ നിന്ന് ഉദ്ധരിക്കുന്ന മറ്റൊരു ഹദീസ് ഇപ്രകാരമാണ്: ”നബി(സ) അത്തഹിയ്യാത്തില്‍ ഇരിക്കുമ്പോള്‍ ഇടതുകൈ ഇടതു കാല്‍മുട്ടിന്മേലും വലതുകൈ വലതുതുടമേലും വെക്കും. അങ്ങനെ ചൂണ്ടുവിരല്‍ ചൂണ്ടും” (മുസ്‌ലിം). മുസ്‌ലിമിന്റെ ഹദീസില്‍ ചൂണ്ടുകയെന്നത് മാത്രമേയുള്ളൂ, ചലിപ്പിക്കലില്ല. മറ്റൊരു ഹദീസ് ഇപ്രകാരമാണ്: ”നബി(സ) അത്തഹിയ്യാത്തില്‍ പ്രാര്‍ഥിക്കുമ്പോള്‍ തന്റെ ചൂണ്ടുവിരല്‍ ചൂണ്ടാറുണ്ടായിരുന്നു. ചലിപ്പിക്കാറുണ്ടായിരുന്നില്ല” (അബൂദാവൂദ്, സ്വഹീഹായ പരമ്പരയോടെ).
ഒന്ന്: ഇമാം സ്വന്‍ആനി(റ) തന്റെ പ്രസിദ്ധ വ്യാഖ്യാന ഗ്രന്ഥമായ (ഹദീസ്) സുബുലുസ്സലാമില്‍ രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക: ”അബ്ദുല്ലാഹിബ്‌നു സുബൈര്‍(റ) ഇമാം അഹ്മദ്, അബൂദാവൂദ്, നസാഈ, ഇബ്‌നുഹിബ്ബാന്‍ എന്നിവരില്‍ നിന്നെല്ലാം റിപ്പോര്‍ട്ട് ചെയ്തതുപോലെ നബി(സ) ചൂണ്ടുവിരല്‍ ചൂണ്ടുക മാത്രമായിരുന്നു ചെയ്തിരുന്നത്. ചലിപ്പിക്കാറുണ്ടായിരുന്നില്ല” (സുബുലുസ്സലാം ശറഹു ബുലൂഗില്‍ മറാം 1:363).
രണ്ട്: പ്രസിദ്ധ സലഫീ പണ്ഡിതനായ അബ്ദുര്‍റഹ്മാന്‍ മുബാറക്പൂരി(റ) രേഖപ്പെടുത്തി: ”ഹദീസിന്റെ പ്രകടമായ ഭാഗം സൂചിപ്പിക്കുന്നത്, ചൂണ്ടുവിരല്‍ ചൂണ്ടുകയെന്നത് അത്തഹിയ്യാത്തിന്റെ ഇരുത്തം ആരംഭിക്കുമ്പോഴാണ്” (തുഹ്ഫത്തുല്‍ അഹ്മദി 1:242).
മൂന്ന്, ഇബ്‌നു ഹസാം(റ) രേഖപ്പെടുത്തി: ”വിരല്‍ ചൂണ്ടല്‍ അല്‍പം ഉയര്‍ത്തിക്കൊണ്ടായിരിക്കണം. ചലിപ്പിക്കാന്‍ പാടുള്ളതല്ല” (അല്‍മുഹല്ല 3:64).
നാല്: പ്രമുഖ സലഫി പണ്ഡിതന്‍ ഇമാം ശൗക്കാനി(റ)യുടെ പ്രസ്താവന: ”അത്തഹിയ്യാത്തില്‍ ചൂണ്ടുവിരല്‍ ചൂണ്ടേണ്ടതാണ്” (നൈലുല്‍ ഔത്വാര്‍ 1:318). ഇമാം ശൗക്കാനി ചലിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്നില്ല.
അഞ്ച്: ഇമാം ബൈഹഖിയുടെ പ്രസ്താവന: ”ചലിപ്പിക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആവര്‍ത്തിച്ചുകൊണ്ട് ചൂണ്ടുവിരല്‍ ചലിപ്പിക്കുകയെന്നതിന് സാധ്യതയില്ല. മറിച്ച്, ചലിപ്പിക്കണം എന്നു പറഞ്ഞത് വിരല്‍ ചൂണ്ടണം എന്നതിനാണ് സാധ്യത” (ബൈഹഖി 1:132).
ആറ്: മക്കയിലെ മുഫ്തിയും ആധുനിക പണ്ഡിതനുമായ അബ്ദുല്ലാഹിബ്‌നു അബ്ദുര്‍റഹ്മാനുബ്‌നു ജരീര്‍ രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക: ”നബി(സ)യില്‍ നിന്നു സ്ഥിരപ്പെട്ട ചര്യ ചൂണ്ടുവിരല്‍ ചൂണ്ടുകയെന്നതാണ്, ചലിപ്പിക്കില്ല” (മിന്‍ മുഖാലഫാത്തി വത്ത്വഹാറത്തി വസ്സ്വലാത്തി, പേജ് 82).
ഇനി, പിശാചിനെ ദേഷ്യം പിടിപ്പിക്കാനാണ് ചൂണ്ടുവിരല്‍ ചലിപ്പിക്കുന്നത് എന്ന ഹദീസിനെക്കുറിച്ച് ഇമാം നവവി(റ)യുടെ പ്രസ്താവന ശ്രദ്ധിക്കുക: ”നബി(സ) അത്തഹിയ്യാത്തില്‍ പ്രാര്‍ഥിക്കുമ്പോള്‍ വിരല്‍ ചൂണ്ടാറുണ്ടായിരുന്നു, ചലിപ്പിക്കാറുണ്ടായിരുന്നില്ല (അബൂദാവൂദ്, സ്വഹീഹായ പരമ്പരയോടുകൂടി). എന്നാല്‍ ഇബ്‌നു ഉമറി(റ)ല്‍ നിന്നുള്ള ‘നബി(സ) പിശാചിനെ വിറളി പിടിപ്പിക്കാന്‍ നമസ്‌കാരത്തില്‍ വിരല്‍ ചലിപ്പിച്ചിരുന്നു’ എന്ന ഹദീസ് സ്വഹീഹല്ല. ഇമാം ബൈഹഖി(റ) പ്രസ്താവിച്ചു: ഇത് വാഖിദി എന്ന വ്യക്തിയില്‍ നിന്നുള്ള ഒറ്റപ്പെട്ട ഹദീസാണ്. വാഖിദിയാകട്ടെ ഹദീസിന്റെ വിഷയത്തില്‍ ദുര്‍ബലനുമാണ് (അംഗീകാരയോഗ്യനല്ല)” (അല്‍മജ്മൂഉ ശറഹില്‍ മുഹദ്ദബി 3: 454, 455).
ഒരു ദുര്‍ബലമായ റിപ്പോര്‍ട്ട് കുറേ പരമ്പരകളിലൂടെ വന്നാല്‍ അത് സ്വഹീഹാക്കാന്‍ പറ്റുമെന്ന ഒരു പുതിയ ചിന്താഗതി ചില പണ്ഡിതന്മാര്‍ ഈ അടുത്ത കാലത്ത് ഉണ്ടാക്കിവെച്ചിട്ടുണ്ട്. അത് ഹദീസ് നിദാനശാസ്ത്ര പണ്ഡിതന്മാരുടെ ഏകോപിച്ച അഭിപ്രായങ്ങള്‍ക്കു വിരുദ്ധവും അടിസ്ഥാനരഹിതവുമാണ്. കാരണം, ഒരു നുണ കുറേ ആളുകള്‍ ആവര്‍ത്തിക്കുന്നപക്ഷം അത് ശരിയാവുകയില്ലല്ലോ. അതിനും പുറമെ ഇമാം ശാഫിഈ(റ) അടക്കമുള്ള മദ്ഹബിന്റെ ഇമാമുമാരെല്ലാം പ്രസ്താവിച്ചതും ഇസ്‌ലാമിന്റെ സുപ്രധാനമായ പ്രമാണങ്ങള്‍ ഖുര്‍ആനും സ്വഹീഹായ ഹദീസുകളുമാണ് എന്നാണ്. അവര്‍ (ഇമാമുമാര്‍) ഖുര്‍ആനിനും സുന്നത്തിനും വിരുദ്ധമായി പറയുന്നപക്ഷം ഖുര്‍ആനിലേക്കും സുന്നത്തിലേക്കും മടങ്ങണം എന്നുമാണ്. അവരെല്ലാം സുന്നത്തുകള്‍ കൊണ്ടുദ്ദേശിച്ചത് ദുര്‍ബലമോ നിര്‍മിതമോ ആയിട്ടുള്ള വാറോലകളല്ല. മറിച്ച്, സ്വഹീഹായ ഹദീസുകളാണ്. അല്ലാഹു അഅ്‌ലം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x