18 Monday
November 2024
2024 November 18
1446 Joumada I 16

അസമിലെ കുടിയൊഴിപ്പിക്കലും ഉന്മാദ താണ്ഡവങ്ങളും


അനധികൃത കുടിയേറ്റമൊഴിപ്പിക്കാനെന്ന പേരില്‍ അസമിലെ ദരാങ് ജില്ലയില്‍ ബി ജെ പി നേതൃത്വത്തിലുള്ള സംസ്ഥാന ഭരണകൂടം നടപ്പാക്കിക്കൊണ്ടിരിക്കുന്നത് വംശീയ ഉന്മൂലനത്തിന്റെ ഏറ്റവും കിരാതമായ മാതൃകയാണ്. കഴിഞ്ഞ ദിവസമുണ്ടായ പൊലീസ് വെടിവെപ്പും തുടര്‍ സംഭവങ്ങളും ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. പന്ത്രണ്ടു വയസ്സുകാരന്‍ ഉള്‍പ്പെടെ രണ്ടുപേരാണ് പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഡസനിലധികം പേര്‍ക്ക് പരിക്കേറ്റു. വെടിയേറ്റു മരിച്ചുവീണയാളുടെ മൃതദേഹത്തിനോടു പോലും അനാദരവു കാണിച്ച് ഫാസിസത്തിന്റെ ഏറ്റവും ബീഭത്സ മുഖത്തെയാണ് രാജ്യത്തിനു മുന്നില്‍ അസം തുറന്നിട്ടത്. പൊലീസ് നടപടി വലിയ നാണക്കേടുണ്ടാക്കുകയും രാജ്യമൊട്ടുക്കും പ്രതിഷേധം അലയടിക്കുകയും ചെയ്തതോടെ, പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ബാന്ധവം ആരോപിച്ച് വിഷയത്തെ വഴിതിരിച്ചുവിടാനുള്ള ശ്രമത്തിലാണ് സര്‍ക്കാറും ബി ജെ പിയും.
ഒരു വെടിവെപ്പിലോ രണ്ടുപേരുടെ മരണത്തിലോ ഒതുങ്ങുന്നതല്ല അസമിലെ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ ബോഡോ തീവ്രവാദികളും സംഘ്പരിവാറും ചേര്‍ന്ന് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ക്രൂരതകള്‍. പതിറ്റാണ്ടുകളായി തുടരുന്ന പീഡനമാണിത്. അസമിന്റെ അതിര്‍ത്തി ജില്ലകളില്‍ കഴിയുന്ന മുസ്‌ലിം ന്യൂനപക്ഷങ്ങളെ ആട്ടിപ്പായിക്കാനുള്ള ആസൂത്രിതമായ നീക്കങ്ങളാണ് ഇതിനു പിന്നില്‍. പിറന്ന മണ്ണില്‍ ഒരു ജനതയെ അപരവല്‍ക്കരിച്ച് ഇല്ലായ്മ ചെയ്യുകയെന്ന ഹീനമായ തന്ത്രം. ബംഗ്ലാദേശ് അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്നതിനാല്‍ ബംഗാളി ഭാഷ സംസാരിക്കുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും എന്നതു മാത്രമാണ് ഇവരുടെ ഭാഗത്തുനിന്നുള്ള ഏക ‘അപരാധം’. ഇതിന്റെ മറവില്‍ ബംഗാളി സംസാരിക്കുന്നവരെല്ലാം ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി കുടിയേറിയവരാണെന്ന വ്യാജ പ്രചാരണം സൃഷ്ടിച്ചാണ് മുസ്‌ലിം വേട്ട നടത്തിക്കൊണ്ടിരിക്കുന്നത്. കോക്രജറിലും ദിബ്രുഗഡിലുമെല്ലാം നടന്ന മുസ്‌ലിം വിരുദ്ധ കലാപങ്ങള്‍ ഓര്‍മകളില്‍ നിന്ന് മാഞ്ഞിട്ടുണ്ടാകില്ല.
ആയിരക്കണക്കിന് കുടുംബങ്ങളാണ് അന്ന് തെരുവാധാരമായത്. 77 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. കലാപ ശേഷം കാണാതായ നിരവധി പേരുണ്ട്. സര്‍ക്കാര്‍ കണക്കില്‍ വരാത്ത ഇവരും കൊല്ലപ്പെട്ടിരിക്കാമെന്നാണ് നിഗമനം. 400ഓളം ഗ്രാമങ്ങളെയാണ് കലാപം ബാധിച്ചത്. 40,000 ത്തോളം കുടുംബങ്ങള്‍ അഭയാര്‍ഥികളായി. ആസൂത്രിതമായ കലാപത്തില്‍ ജീവിതോപാധികള്‍ നശിപ്പിക്കപ്പെടുകയോ കൊള്ളയടിക്കപ്പെടുകയോ ചെയ്യപ്പെട്ട നിസ്സഹായരായ ജനത വലിയ ചോദ്യചിഹ്നമായിരുന്നു. കലാപം തടയുന്നതില്‍ തരുണ്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അന്നത്തെ കോണ്‍ഗ്രസ് ഭരണകൂടം ദയനീയമായി പരാജയപ്പെട്ടു. സൈനിക വിന്യാസം ഗൊഗോയി സര്‍ക്കാര്‍ മനപ്പൂര്‍വ്വം വൈകിപ്പിച്ചെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
ബി ജെ പിയും സംഘ്പരിവാറും രാഷ്ട്രീയ താല്‍പര്യങ്ങളോടെ ബോഡോ തീവ്രവാദികളുടെ ഈ ക്രൂരതക്ക് കുടപിടിക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയാണ് ഹിമന്ത ബിശ്വശര്‍മ്മയുടെ നേതൃത്വത്തിലുള്ള അസമിലെ ബി ജെ പി ഭരണകൂടം നടപ്പാക്കിക്കൊണ്ടിരിക്കുന്ന ക്രൂരത. ജില്ലാ ഭരണകൂടത്തെ മുന്നില്‍ നിര്‍ത്തി 800ഓളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കാന്‍ നടത്തിയ ശ്രമത്തിനെതിരെ ഉയര്‍ന്നു വന്ന സമാധാനപരമായ പ്രതിഷേധത്തെയാണ് ചോരയില്‍ മുക്കിക്കൊന്നത്.
പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതിനെതുടര്‍ന്നായിരുന്നു വെടിവെപ്പെന്നായിരുന്നു പൊലീസിന്റെ ആദ്യ ഭാഷ്യം. എന്നാല്‍ പ്രകോപനമൊന്നുമില്ലാതെ തന്നെ പൊലീസ് ഏകപക്ഷീയമായി ലാത്തിച്ചാര്‍ജും വെടിവെപ്പും നടത്തുകയായിരുന്നുവെന്ന് വ്യക്തമാക്കുന്ന വീഡി യോ ദൃശ്യങ്ങളാണ് പിന്നീട് പുറത്തുവന്നത്. മാത്രമല്ല, ജെ സി ബി അടക്കമുള്ളവ ഉപയോഗിച്ച് കുടിലുകള്‍ പൊളിച്ചുമാറ്റുമ്പോള്‍ വാവിട്ടു കരയുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ള മനുഷ്യരുടെ ദയനീയ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്.
അസമില്‍ തന്നെ ജനിച്ചുവളര്‍ന്ന, സാമൂഹികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായി അങ്ങേയറ്റം പിന്‍തള്ളപ്പെട്ടുപോയ ജനവിഭാഗമാണ് അതിര്‍ത്തി ജില്ലകളിലെ മുസ്‌ലിം ന്യൂുനപക്ഷങ്ങള്‍. ദളിതുകളേക്കാള്‍ താഴ്ന്ന ജീവിത നിലവാരത്തില്‍ കഴിയുന്നവര്‍. സര്‍ക്കാര്‍ ആനുകൂല്യങ്ങളുടെ പടിവാതില്‍ക്കല്‍ പോലും എത്തിപ്പെടാന്‍ കഴിയാത്തവര്‍. ചേരി സമാനമായ പ്രദേശങ്ങളില്‍ കുടില്‍ കെട്ടി കഴിയാന്‍ വിധിക്കപ്പെട്ടവര്‍. അവരെയാണ് അനധികൃതമായി രാജ്യത്ത് കടന്നുകൂടിയവരെന്ന് ആരോപിച്ച് ഭരണകൂടം ആട്ടിപ്പായിക്കുന്നത്.
പൗരത്വ നിയമ ഭേദഗതി നിയമം അസമില്‍ നടപ്പാക്കുക വഴി സംഘ്പരിവാര്‍ ഉന്നമിട്ടതും ഇതു തന്നെയായിരുന്നു. വംശീയ ഉന്മൂലനമാണ് സംഘ്പരിവാറിന്റെ ലക്ഷ്യം. അതിനുള്ള നിര്‍ദയമായ കരുനീക്കങ്ങളാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സ്വന്തം ജനതക്കു മേലുള്ള ഒരു ഭരണകൂടത്തിന്റെ യുദ്ധപ്രഖ്യാപനമായി മാത്രമേ ഇതിനെ കാണാനാകൂ. അതുകൊണ്ടുതന്നെ രാജ്യത്തെ ന്യൂനപക്ഷ – മതേതര സമൂഹം ഇതിനെതിരെ ശക്തമായ എതിര്‍സ്വരമുയര്‍ത്തി രംഗത്തുവരേണ്ടതുണ്ട്.

Back to Top