അസ്സലാം എന്ന അഭിവാദ്യം
എം ടി അബ്ദുല്‍ഗഫൂര്‍
അബൂഹുറയ്‌റ(റ) പറയുന്നു: നബി (സ) പറഞ്ഞിരിക്കുന്നു. വിശ്വാസികളാവാതെ നിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയി ല്ല. പരസ്പരം സ്‌നേഹം പങ്കുവെക്കാ തെ നിങ്ങള്‍ വിശ്വാസികളാവുകയുമില്ല. ഒരു കാര്യം ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചുതരട്ടെയോ? അത് നിങ്ങള്‍ ചെയ്താല്‍ നിങ്ങള്‍ പരസ്പരം സ്‌നേഹമുള്ളവരായിത്തീരും. ‘നിങ്ങള്‍ക്കിടയില്‍ സലാം പ്രചരിപ്പിക്കുക” (മുസ്‌ലിം)
സ്വര്‍ഗപ്രവേശം വിശ്വാസിയുടെ ജീവിത ലക്ഷ്യമാകുന്നു. വിശ്വാസവും സല്‍കര്‍മവും അതിന് അനിവാര്യമാണ്. അല്ലാഹുവിന്റെ ഏകത്വത്തില്‍ വിശ്വസിക്കുകയും അവന്റെ ഗുണനാമവിശേഷണങ്ങള്‍ ഉള്‍ക്കൊണ്ട് അംഗീകരിക്കുകയും അവന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ജീവിതത്തെ ക്രമപ്പെടുത്തുകയും ചെയ്യുന്നവര്‍ക്കാണ് സ്വര്‍ഗപ്രവേശം.
വിശ്വാസ പൂര്‍ത്തീകരണത്തിന്റെ അടയാളങ്ങളില്‍ ഒന്ന് പരസ്പരമുള്ള സ്‌നേഹവും സാഹോദര്യവുമാണ്. സത്യവിശ്വാസികളും സത്യവിശ്വാസിനികളും അന്യോന്യം മിത്രങ്ങളാകുന്നു (9:71) എന്ന വിശുദ്ധ വചനം ഈ സ്‌നേഹത്തെയും സാഹോദര്യത്തെയും സാക്ഷ്യപ്പെടുത്തുന്നു.
വിശ്വാസികള്‍ക്കിടയില്‍ പരസ്പര സ്‌നേഹമുണ്ടാവുന്നതിനുള്ള പ്രവര്‍ത്തനം പരിചയപ്പെടുത്തുകയാണീ തിരുവചനം. ഓരോ വിശ്വാസിയും തന്റെ സഹോദരന് രക്ഷയും സമാധാനവും ആഗ്രഹിക്കുകയും അത് ലഭിക്കുന്നതിനുവേണ്ടി ആത്മാര്‍ഥമായി പ്രാര്‍ഥിക്കുകയും ചെയ്യുകയെന്നതാണ് ഇസ്്‌ലാം പരിചയപ്പെടുത്തുന്ന അഭിവാദന രീതി. പരസ്പരം സ്‌നേഹം വളര്‍ത്താനും പകയും വിദ്വേഷവും ഇല്ലായ്മ ചെയ്യാനുമുതകുന്ന ഉത്തമമായ ഈ അഭിവാദ്യത്തെയും പ്രത്യഭിവാദ്യത്തെയും ഏറെ മഹത്തരമായാണ് ഇസ്്‌ലാം പരിഗണിക്കുന്നത്.
പലപ്പോഴും നാം നിസ്സാരമായി കാണാറുള്ള കേവലമൊരു അഭിവാദനത്തിനുപോലും മഹത്തായ പ്രതിഫലമുണ്ടെന്നാണ് ഈ ഹദീസിന്റെ പൊരുള്‍. തന്റെ സഹോദരനുവേണ്ടി സമാധാനം കാംക്ഷിക്കുന്നതും അതിനുള്ള പ്രാര്‍ഥനയായ സലാം വ്യാപിപ്പിക്കുന്നതും ഹൃദയങ്ങളെ ഇണക്കിച്ചേര്‍ക്കുന്നതും പിണക്കത്തെ നീക്കം ചെയ്യുന്നതുമാകുന്നു.
ഒരാള്‍ മറ്റൊരാള്‍ക്ക് സലാം പറയുന്നതിലൂടെ ഇരുവരുടെയും ഹൃദയം ശുദ്ധമാവുകയും പരസഹായ മനഃസ്ഥിതി വളരുകയും സാഹോദര്യബോധം ഊട്ടിയുറപ്പിക്കപ്പെടുകയും ചെയ്യുന്നു. സമാധാനപൂര്‍ണമായ ഒരു സമൂഹസൃഷ്ടിപ്പിന് നിദാനമാകുന്ന ഈ അഭിവാദനരീതിയെക്കാള്‍ മികച്ച മറ്റൊരഭിവാദ്യ വചനം ഇല്ലതന്നെ. ഊഷ്മളമായ സ്‌നേഹ ബന്ധത്തെ ഊട്ടിയുറപ്പിക്കുന്ന ഈ അഭിവാദ്യത്തെ വ്യാപിപ്പിക്കുന്നതിലൂടെ മനുഷ്യ സൗഹാര്‍ദത്തിലേക്കുള്ള വഴി തുറക്കുകയാണ് ഇസ്‌ലാം.
മനുഷ്യസ്‌നേഹവും മാനവിക ഐക്യവും കെട്ടിപ്പടുക്കാനുതകുന്ന ഏറ്റവും ഉത്തമമായ ഈ മാര്‍ഗം സ്വീകരിക്കുന്നതിലൂടെ ദൈവപ്രീതിയും ലക്ഷ്യസാക്ഷാത്കാരവും ലഭിക്കുമെന്നത്രേ ഈ നബിവചനം നല്‍കുന്ന പാഠം.