2 Wednesday
July 2025
2025 July 2
1447 Mouharrem 6

ആസൂത്രിത നുണ പ്രചാരണം

പി ജെ ബേബി


ബിഷപ്പ് കല്ലറങ്ങാട്ടിനെ ന്യായീകരിച്ചും പിന്തുണച്ചും ദീപിക പത്രം എഴുതിയ എഡിറ്റോറിയല്‍ ഒരു കാര്യം വ്യക്തമാക്കുന്നുണ്ട്: കേരളത്തിലെ കത്തോലിക്കാ സഭ ഒറ്റക്കെട്ടായി എടുത്ത നിലപാടാണ് നാര്‍കോട്ടിക്‌സ് ജിഹാദിന്റേത് എന്ന കാര്യം. കേരളത്തിലെ കത്തോലിക്കാ സഭ ആദ്യമായല്ല അറു പിന്തിരിപ്പനും ജനവിരുദ്ധവുമായ നിലപാടെടുക്കുന്നത്. അതിന്റെ ചരിത്രം ആരംഭിക്കുന്നതു തന്നെ പോര്‍ച്ചുഗീസ് കൊളോണിയല്‍ അതിക്രമങ്ങളില്‍ നിന്നാണ്. ഇവിടെ നിവസിച്ചിരുന്ന വിപുലമായ വിഭാഗം മനുഷ്യരെ അവര്‍ ക്രൂരമായ മര്‍ദനമുറകളിലൂടെ മതം മാറ്റി. സമാധാനപരമായി ഇവിടെ ജീവിച്ചിരുന്ന സുറിയാനി (മാര്‍ത്തോമ്മാ) ക്രിസ്ത്യാനികളെ നൂറ്റാണ്ടുകള്‍ നീണ്ട ബലപ്രയോഗത്തിലൂടെയും കുതന്ത്രങ്ങളിലൂടെയും തങ്ങളുടെ രീതികളിലേക്ക് ആവാഹിച്ച് കത്തോലിക്കരാക്കി. അത്തരം അതിക്രമങ്ങള്‍ക്ക് ലോകമെങ്ങും പോയി മാര്‍പ്പാപ്പ മാപ്പു പറയുമ്പോഴും ഇവിടെ തങ്ങള്‍ക്കൊരു മാറ്റവും വന്നിട്ടില്ലെന്ന് ഈ മുഖപ്രസംഗം പ്രഖ്യാപിക്കുന്നു.
സ്വാതന്ത്ര്യ സമരത്തില്‍ നിന്നു പുറംതിരിഞ്ഞു നില്‍ക്കല്‍, വിമോചന സമരം, 1970 -കളിലെ കോളജ് സമരം, പി എം ആന്റണിയുടെ നാടകത്തിനെതിരെ തെരുവില്‍ നടത്തിയ അക്രമ പേക്കൂത്തുകള്‍ എന്നിങ്ങനെ പിന്നെയും ഉദാഹരണങ്ങളുണ്ട്. അത്തരം ജനാധിപത്യവിരുദ്ധ- വര്‍ഗീയ നിലപാടുകളില്‍ നിന്ന് മാര്‍പ്പാപ്പ അണികളെ മാറ്റാന്‍ തീവ്ര ശ്രമം നടത്തുമ്പോള്‍ ഇവിടെ വാശിയോടെ ചോര്‍ച്ചുഗീസ് മതഭ്രാന്തന്‍ നിലപാടുകളെ വാരിപ്പുണരുകയാണവര്‍.
അടുത്തിടെ മാര്‍പ്പാപ്പയും വത്തിക്കാനും അമേരിക്ക മുന്നില്‍ നിന്ന് വളര്‍ത്തുന്ന ഇസ്‌ലാമോഫോബിയക്കെതിരെ ശക്തമായ നിലപാടെടുക്കുകയുണ്ടായി. അതൊക്കെ മറച്ചു വച്ചാണ് കല്ലറങ്ങാട്ടും ദീപികയും ആലഞ്ചേരിയും വാശിയോടെ രംഗത്തിറങ്ങുന്നത്. ലവ് ജിഹാദിനെപ്പറ്റിയും നാര്‍കോട്ടിക് ജിഹാദിനെക്കുറിച്ചും കല്ലറങ്ങാട്ട് പറഞ്ഞത് അപ്രിയ സത്യമാണ് എന്നാണ് ദീപിക പറയുന്നത്. കൂടെ കൂടുതല്‍ വര്‍ഗീയത ആളിക്കത്തിക്കാന്‍ മറ്റു പലതും കൂട്ടി ചേര്‍ത്തിട്ടുണ്ട്. ‘എരുമേലിക്കടുത്തുള്ള വെച്ചൂച്ചിറയില്‍ നിന്ന് 2008-ല്‍ കാണാതായ ജസ്‌ന മരിയ ജെയിംസ് എന്ന പെണ്‍കുട്ടിയുടെ തിരോധാനത്തെക്കുറിച്ചുള്ള പോലീസ് അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഇത്തരം കേസുകളിലെ അന്വേഷണമെല്ലാം ഒരു ഘട്ടം കഴിയുമ്പോള്‍ നിലക്കുന്നു’- ദീപിക പറയുന്നു. എഡിറ്റോറിയലില്‍ത്തന്നെ മറ്റൊരിടത്ത്, അഫ്ഗാനിസ്താനിലേക്ക് മതം മാറ്റിക്കൊണ്ടുപോയ നാലു പേരുടെ കാര്യം പറയുന്നു. ജസ്‌നക്കും അതാണ് സംഭവിച്ചതെന്നാണ് സൂചന നല്കുന്നത്.
കേരളത്തിലുടനീളം ഒട്ടനവധി വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയും കള്ള സംഘടനകളിലൂടെയും ജസ്‌നയുടെ തിരോധാനത്തെ അങ്ങേയറ്റം വര്‍ഗീയമായി അവതരിപ്പിക്കുന്നതിനിടയിലാണ് ഈ ദുസ്സൂചന നല്കുന്നത്. ജസ്‌നയുടെ തിരോധാനത്തെപ്പറ്റി സഭ വ്യക്തമായ വിവരങ്ങള്‍ പോലീസിന് നല്കിയിട്ട് പോലീസ് അന്വേഷിക്കുന്നില്ല എന്നാണെങ്കില്‍ അതിങ്ങനെയാണോ പറയുക? ലക്ഷ്യം വ്യക്തമാണ്.
മറ്റൊരിടത്ത് പറയുന്നത് സമുദായ സൗഹാര്‍ദം പാലിക്കാന്‍ ബദ്ധശ്രദ്ധരാണ് ക്രൈസ്തവ സമുദായവും നേതൃത്വവും എന്നാണ്. ‘തൊടുപുഴയിലെ പ്രഫ. ജോസഫിന്റെ കൈ വെട്ടിയപ്പോഴും അവര്‍ പ്രതികരിച്ചത് തികഞ്ഞ സംയമനത്തോടെയായിരുന്നു. അത് ഭീരുത്വത്തിന്റെ ലക്ഷണമല്ല.’ പ്രൊഫ. ജോസഫ് യാതൊരും തെറ്റും ചെയ്തില്ലെന്ന് ഒരു നിയമക്കോടതി വിധിച്ചതാണ്. ആ വിധിക്കു ശേഷവും സഭ അദ്ദേഹത്തെ എത്ര കൂരമായിട്ടാണ് വേട്ടയാടിയതെന്നും അദ്ദേഹത്തിന്റെ പ്രിയ പത്‌നിയെ മരണത്തിലേക്ക് തള്ളിയിട്ടതെന്നും കേരളീയര്‍ക്ക് മുഴുവനറിയാം. ആ വേട്ടയാണ് സംയമനം പാലിക്കല്‍! ആടിനെ പട്ടിയാക്കാന്‍ എന്തൊരു കഴിവ്?
ജോസഫ് മാഷുടെ കൈ വെട്ടിയത് മുസ്‌ലിം സമുദായമാണോ അതോ അതിനുള്ളിലെ ഒരു തീവ്രവാദ സംഘടനയോ? വിമോചന സമര കാലത്ത് സഭ രൂപം കൊടുത്ത നിരണം പടയും ക്രിസ്റ്റഫര്‍ സേനയും എത്രയോ പേരെ ക്രൂരമായി കൊന്നു കളഞ്ഞു. മരിച്ചവരില്‍ കൂടുതലും ഹിന്ദു നാമധാരികളായിരുന്നു. അത് സഭയുടെ ഹിന്ദു ഉന്മൂലനം എന്നു പറഞ്ഞാല്‍ എങ്ങനെയിരിക്കും?
കത്തോലിക്കാ സഭയെപ്പോലെ ഇത്രയധികം ചോരക്കുരുതി നടത്തിയ ഏതെങ്കിലും വിഭാഗം ചരിത്രത്തിലുണ്ടോ? നാലു പേരെ അഫ്ഗാനിസ്താനിലേക്ക് മതം മാറ്റിക്കൊണ്ടുപോയ പ്രശ്‌നം പറയുമ്പോള്‍ ക്രിസ്തീയ സഭകള്‍ ഇന്ത്യയില്‍ത്തന്നെ എത്ര ദശലക്ഷങ്ങളെ മതം മാറ്റി. അവരില്‍ എത്ര പേരെ മറ്റിടങ്ങളിലേക്ക് മത പ്രവര്‍ത്തനങ്ങള്‍ക്കയച്ചു? വല്ല കണക്കുകളുമുണ്ടോ?
കല്ലറങ്ങാട്ട് പിതാവും ദീപിക എഡിറ്റോറിയലെഴുതിയ വ്യക്തിയും വിക്ടര്‍ യൂഗോയുടെ നേത്രദാമിലെ കൂനന്‍ ഒന്നു വായിക്കുമോ? 15 കഴിഞ്ഞ സുന്ദരികളായ പെണ്‍കുട്ടികള്‍ക്ക് പിശാചാണ് പുരുഷന്മാരെ വഴിതെറ്റിക്കാന്‍ സൗന്ദര്യവും ആകര്‍ഷകത്വവും നല്കുന്നത് എന്നു പറഞ്ഞ് എത്രയായിരം പേരെ അചിന്ത്യമായ പീഡനമുറകള്‍ പ്രയോഗിച്ച് മധ്യകാലത്ത് കൊന്നൊടുക്കി? എത്ര ലക്ഷം തദ്ദേശീയരെ കൊന്നൊടുക്കിയാണ് അമേരിക്കയും ആസ്‌ട്രേലിയയും ഇന്ന് ക്രിസ്ത്യന്‍ രാജ്യങ്ങളായത്?
കുരിശുയുദ്ധത്തിന്റെ ഭീകരകഥ എഴുതുന്നില്ല. താലിബാനും ഐ എസും പാശ്ചാത്യ ശക്തികളുടെ സൃഷ്ടികളാണെന്ന പച്ചയായ സത്യം മൂടിവച്ചാണ് എല്ലാം മുസ്‌ലിം എന്ന അക്കൗണ്ടില്‍ വരവു വക്കുന്നത്. യഥാര്‍ഥത്തില്‍ ക്രിസ്ത്യന്‍ പാശ്ചാത്യചേരി മുസ്‌ലിം ജനസമൂഹങ്ങളോട് പ്രവര്‍ത്തിച്ച കൊടിയ ക്രൂരതകളാണ് താലിബാനും ഐ എസും. കേരളത്തില്‍ ലവ് ജിഹാദ് ഇല്ലെന്ന് ഭരണഘടനാപരമായ ഏജന്‍സികള്‍ വ്യക്തമാക്കിയ ശേഷമാണ് ലവ് ജിഹാദ് എന്ന ഗീബല്‍സിയന്‍ പ്രചാരണം. ഭരണഘടന കാറ്റില്‍പ്പറത്തി നടത്തുന്ന വര്‍ഗീയവത്കരണമാണ് ഈ പ്രചരണം.
കേരളത്തില്‍ മയക്കുമരുന്ന്, മാഫിയാ, ക്വട്ടേഷന്‍ കൊല തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാണ്. പെണ്‍വാണിഭവും ഹണി ട്രാപ്പും എല്ലാമുണ്ട്. അതില്‍ എല്ലാ സമുദായക്കാരുമുണ്ട്. അതില്‍പ്പെട്ട ഞങ്ങളുടെ മതക്കാരായ യുവതീയുവാക്കളെല്ലാം വിവിധ ജിഹാദിന്റ ഇരകളാണ്. എല്ലാം ഇസ്‌ലാം മതം നടത്തുന്ന ജിഹാദാണ് എന്ന പ്രചാരണം നടത്തിയ ശേഷം അപ്രിയ സത്യങ്ങള്‍ വിളിച്ചു പറയുന്നവരെ കൊഞ്ഞനം കുത്തരുത് എന്നാണ് ആഹ്വാനം.
ഭരണകൂട സംരക്ഷണമുള്ളതു കൊണ്ട് എങ്ങനെയും വര്‍ഗീയ ഭ്രാന്തു പറയാം എന്ന അമിതമായ ഈ ആത്മവിശ്വാസത്തിന് അധികനാള്‍ ആയുസ്സുണ്ടാകില്ല. ആഗോള ക്രിസ്ത്യാനികള്‍ കേരള കത്തോലിക്കാ സഭയുടെ ഈ വൈകൃതങ്ങള്‍ അറിയണം. യേശുവിന്റെ പേരിലാണ് ഇതെല്ലാം. കണ്ണടച്ചുള്ള പാലുകുടി വിവരമുള്ളവര്‍ അനുവദിക്കരുത്.
(ഫെയ്‌സ് ബുക്കില്‍ എഴുതിയ കുറിപ്പ്)

Back to Top