4 Friday
July 2025
2025 July 4
1447 Mouharrem 8

ആശൂറാഅ് നോമ്പും പ്രായശ്ചിത്തവും

എം ടി അബ്ദുല്‍ഗഫൂര്‍


അബൂഖതാദ(റ) പറയുന്നു: നബി(സ) പറഞ്ഞിരിക്കുന്നു. അറഫാ ദിനത്തിലെ നോമ്പ് മുന്‍കഴിഞ്ഞതും വരാനിരിക്കുന്നതുമായ വര്‍ഷങ്ങളിലെ പാപങ്ങള്‍ പൊറുക്കപ്പെടുക എന്നത് അല്ലാഹു ബാധ്യതയായി ഏറ്റെടുത്തിരിക്കുന്നു എന്നാണ് ഞാന്‍ കണക്കാക്കുന്നത്. ആശൂറാഅ് ദിനത്തിലെ വ്രതം മുന്‍ വര്‍ഷത്തെ പാപങ്ങള്‍ക്കുള്ള പ്രായശ്ചിത്തമാണെന്നും ഞാന്‍ കണക്കാക്കുന്നു. (മുസ്്‌ലിം)

പാപമുക്തി ഏതൊരു മനുഷ്യന്റെയും മനസ്സിലുള്ള അടങ്ങാത്ത ആഗ്രഹവും താല്പര്യവുമത്രെ. പാപമുക്തി കരസ്ഥമക്കാനുള്ള രണ്ട് കര്‍മങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് ഈ വചനത്തിലൂടെ നബിതിരുമേനി.
തിന്മകള്‍ പ്രവര്‍ത്തിക്കാനുള്ള സാഹചര്യങ്ങള്‍ ധാരാളമായി ലഭിക്കുമ്പോള്‍ അതില്‍ പെട്ടുപോവാതെ പിടിച്ചുനില്‍ക്കാന്‍ ഈമാന്‍ ശക്തമായി മനസ്സിലുറച്ചു നില്‍ക്കേണ്ടതുണ്ട്. എന്നാല്‍ പല സന്ദര്‍ഭങ്ങളുടെയും സമ്മര്‍ദത്തിനു വഴങ്ങി തെറ്റുകള്‍ ചെയ്തുപോവുക സ്വാഭാവികമത്രെ. വാക്കിലും നോക്കിലും കര്‍മത്തിലും തെറ്റുകള്‍ വന്നുപോകുന്ന സന്ദര്‍ഭത്തില്‍ അതില്‍ ഖേദിച്ചു മടങ്ങുന്നത് വിശ്വാസികളുടെ സ്വഭാവ മഹിമയാകുന്നു.
മനുഷ്യസഹജമായി സംഭവിച്ചേക്കാവുന്ന തിന്മകളില്‍ നിന്നും അതുവഴി അനുഭവിക്കേണ്ടിവരുന്ന ശിക്ഷകളില്‍ നിന്നും രക്ഷപ്പെടാനുള്ള പല മാര്‍ഗങ്ങളും വിശദീകരിക്കപ്പെട്ടിട്ടുണ്ട് എന്നത് തൗബ ചെയ്യുന്നവര്‍ക്ക് സന്തോഷമേകുന്ന കാര്യമാകുന്നു. അബദ്ധവശാല്‍ ജീവിതത്തില്‍ വന്നുപോയേക്കാവുന്ന പിഴവുകളും ചെറുദോഷങ്ങളും നന്മകള്‍ ചെയ്യുന്നതിലൂടെ മായ്ക്കപ്പെടുക എന്നത് അല്ലാഹു മനുഷ്യരോട് കാണിക്കുന്ന കാരുണ്യമത്രെ. അത്തരമൊരു അനുഗ്രഹത്തെക്കുറിച്ചാണ് ഉപര്യുക്ത നബിവചനം സൂചിപ്പിക്കുന്നത്.
അറഫാ ദിനത്തിലെ നോമ്പും ആശൂറാഅ് ദിനത്തിലെ നോമ്പും ചെറിയ തെറ്റുകള്‍ക്കുള്ള പ്രായശ്ചിത്തമായി നിശ്ചയിക്കപ്പെട്ടിരുന്നു. അറഫാ ദിനത്തിലെ വ്രതം രണ്ട് വര്‍ഷത്തെയും ആശൂറാഅ് ദിനത്തിലെ വ്രതം ഒരു വര്‍ഷത്തെയും പാപങ്ങള്‍ പൊറുത്തുകൊടുക്കാന്‍ അല്ലാഹു ഏറ്റെടുത്ത ബാധ്യതയായിട്ടാണ് നബി(സ) പരിചയപ്പെടുത്തുന്നത്.
മനുഷ്യസഹജമായി ജീവിതത്തില്‍ സംഭവിച്ചുപോയേക്കാവുന്ന ചെറിയ പാപങ്ങള്‍ ഇത്തരം പുണ്യപ്രവൃത്തികൊണ്ട് മായ്ച്ച് കളയുകയെന്ന മഹത്തായ അനുഗ്രഹം നിരാശയില്‍ അകപ്പെട്ട മനുഷ്യന് പ്രതീക്ഷയുടെ തുരുത്താണ്. പിന്നീട് ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതിജ്ഞയെടുക്കുന്നതോടൊപ്പം വന്നുപോയതില്‍ നിരാശ പൂണ്ടിരിക്കേണ്ടതില്ല, കര്‍മ സജ്ജരാവുക എന്നത്രെ ഈ നബിവചനം നല്‍കുന്ന സന്ദേശം. റമദാനുശേഷം ഏറ്റവും ശ്രേഷ്്ഠമായ നോമ്പ് അല്ലാഹുവിന്റെ മാസമായ മുഹര്‍റത്തിലേതാകുന്നു എന്ന നബിവചനവും കൂടി ഇതിനോട് ചേര്‍ത്തുവെക്കുമ്പോള്‍ ഈ വ്രതത്തിന്റെ സവിശേഷത ബോധ്യപ്പെടും.

Back to Top