26 Thursday
June 2025
2025 June 26
1447 Mouharrem 0

അസീസിയയിലെ താമസസ്ഥലങ്ങള്‍

എന്‍ജി. പി മമ്മദ് കോയ

ബസ് മെയിന്‍ റോഡില്‍ നിന്ന് പോക്കറ്റ് റോഡിലേക്ക് തിരിഞ്ഞു. അസീസിയയിലെ ഞങ്ങളുടെ താമസ സ്ഥലത്ത് ഏതാണ്ട് എത്താറായി. മക്കയില്‍ താമസം അസീസിയയിലാണ്. മക്കയിലെ തീര്‍ഥാടന കേന്ദ്രങ്ങളോട് അടുത്തു കിടക്കുന്ന ഏറ്റവും ചെലവു കുറഞ്ഞ താമസ സൗകര്യം ലഭിക്കുന്ന നഗരപ്രദേശമാണ് അസീസിയ. പൊതുവെ ചെറുകിട കച്ചവടത്തിന്റെ കേന്ദ്രമായത് കൊണ്ട് അവശ്യ സാധനങ്ങളുടെയും പലവ്യഞ്ജനങ്ങളുടെയും പച്ചക്കറികളുടേയും ഷോപ്പുകള്‍ ധാരാളമുണ്ട്. മൊബൈല്‍ ഫോണുകളുടെയും, കൗതുക വസ്തുക്കളുടെയും, വസ്ത്രങ്ങളുടെയും, കാര്‍പറ്റുകളുടെയുമൊക്കെ വിപണന കേന്ദ്രം കൂടിയാണ് ഈ പ്രദേശം.
ഒരേ എലിവേഷനുളള മൂന്നുനില റസിഡന്‍ഷ്യല്‍ ഫ്‌ളാറ്റുകള്‍ ധാരാളമുണ്ട്. അങ്ങനെയുള്ള കെട്ടിടങ്ങളാണ് ഹാജിമാര്‍ക്ക് താമസിക്കാന്‍ തയ്യാറാക്കിയിരിക്കുന്നത്. ഓരോ കെട്ടിടത്തിന്റെ മുന്നിലും ആ കെട്ടിടത്തിന്റെ നമ്പറും താമസിക്കുന്ന ഹാജിമാരുടെ രാജ്യത്തിന്റെ പേരും വലുതായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 98-ാം നമ്പര്‍ കെട്ടിടത്തിന്റെ മുന്നിലാണ് ഞങ്ങളുടെ ബസ്സ് നിര്‍ത്തിയിരിക്കുന്നത്. ‘ഹജ്ജ് 2019 ഇന്ത്യന്‍ ബില്‍ഡിങ്ങ് നമ്പര്‍ 98’ എന്ന് മുന്നില്‍ എഴുതി വെച്ചിച്ചുണ്ട്.
മണിക്കൂറുകളോളം യാത്ര ചെയ്തതിന്റെ ക്ഷീണം എല്ലാവരെയും ബാധിച്ചിട്ടുണ്ട്. ബസ്സില്‍ നിന്നിറങ്ങിയ ഓരോ ഹാജിമാരെയും സ്വീകരിക്കുന്നത് സ്ത്രീകളടക്കമുളള സന്നദ്ധ സേവകരാണ്. അധികവും കെ എം സി സിയുടെ വളണ്ടിയര്‍മാര്‍. ഒരു താലത്തില്‍ ചൂടുകഞ്ഞി, അച്ചാര്‍, ജ്യൂസ്, സംസം വെള്ളം എന്നിവ ഓരോ ഹാജിക്കും നല്കികൊണ്ടാണ് സ്വീകരണം.
മദീനയിലേതു പോലെ അസീസിയയിലെ താമസ സ്ഥലത്തും 4,5 പേര്‍ക്കു കിടക്കാന്‍ സൗകര്യമുള്ള മുറികളാണ് അനുവദിച്ചത്. ഇരുമ്പ് കട്ടിലും കിടക്കയും തലയണയും രണ്ടു സെറ്റ് തൂവെള്ള മല്ല് വിരിപ്പുകളും ഒരു കമ്പിളി പുതപ്പും ഓരോ ഹാജിക്കും നല്കിയിട്ടുണ്ട്. ഒരു പൊതു അലമാരയും രണ്ടു മുറികള്‍ക്ക് ഒരു കുളിമുറിയുമുണ്ട്. ചില മുറികള്‍ ബാത്ത് അറ്റാച്ച്ഡ് ആണ്. മൂന്നു മുറികളിലെ താമസക്കാര്‍ക്ക് ഒരു പൊതു അടുക്കളയും ഒരു ഡൈനിങ്ങ് സ്‌പേസുമുണ്ട്. ആവശ്യത്തിന് വിസ്തൃതിയുള്ള ഈ തീന്‍ മുറിയില്‍ പക്ഷെ ഡൈനിങ്ങ് ടേബിളോ കസേരകളോ ഇല്ല.
ഹജ്ജ് കമ്മിറ്റി ഒരുക്കിയ താമസ സ്ഥലങ്ങള്‍ പരിമിതമെങ്കിലും സൗകര്യപ്രദമാണ്. എല്ലാ മുറികളിലും എയര്‍കണ്ടീഷണറുകളും ഫാനും മറ്റു സൗകര്യങ്ങളുമുണ്ട്. ഞങ്ങള്‍ എത്തുന്നതോടൊപ്പം തന്നെ ഓരോ മുറിക്കു മുന്നിലും ലഗ്ഗേജുകളും എത്തിച്ചിട്ടുണ്ട്. 45 കിലോ ഭാരമുള്ള ബാഗുകളും വഹിച്ച് മുറികളിലേക്ക് എത്തുന്ന ബുദ്ധിമുട്ട് ഒഴിവായത് വലിയ അനുഗ്രഹം തന്നെയാണ്. ഭൂരിപക്ഷം ഹാജിമാരും അറുപതു കഴിഞ്ഞവരും കൂടെ സഹായികളില്ലാത്തവരുമാണ്. സേവന സംഘടനകളും അവരുടെ വളണ്ടിയര്‍മാരുമാണ് ഇവരുടെ സഹായികളായി മാറുന്നത്.
ഹജ്ജ് കമ്മിറ്റി നാട്ടില്‍ നിന്ന് അണിയിച്ച സ്റ്റീല്‍ വളക്കു പുറമെ കഴുത്തില്‍ അണിയാവുന്ന തിരിച്ചറിയല്‍ കാര്‍ഡുകളും ഒരു വാട്ടര്‍ പ്രൂഫ് വളയും ഇവിടെ നിന്ന് ലഭിച്ചു. വാട്ടര്‍ പ്രൂഫ് വള മുതവ്വിഫിന്റെ പേരും നമ്പറും പ്രിന്റു ചെയ്തതാണ്. ഓരോ ഹാജിയുടെയും ഫോട്ടോ പതിപ്പിച്ച ഒരു ഐഡികാര്‍ഡ്, താമസിക്കുന്ന കെട്ടിടത്തിന്റെ അഡ്രസ്സും നമ്പറും രേഖപ്പെടുത്തിയ മറ്റൊന്ന്, സഞ്ചരിക്കാനുളള ബസ്സിന്റെ നമ്പര്‍ എഴുതിയ മറ്റൊരു കാര്‍ഡ് ഇവയെല്ലാം കഴുത്തിലും കൈകളിലുമണിഞ്ഞു സര്‍വാഭരണ വിഭൂഷിതയായ മണവാട്ടികളെപോലെയാണ് ഇപ്പോള്‍ ഹാജിമാര്‍! പ്രത്യേകിച്ച് ഇഹ്‌റാമിന്റെ വേഷവും!
സദാ അണിഞ്ഞു നടക്കല്‍ അല്പം ബുദ്ധിമുട്ടാണെങ്കിലും കൂട്ടം തെറ്റുന്നവര്‍ക്കും വഴിയറിയാതെ നട്ടം തിരിയുന്നവര്‍ക്കും സ്വന്തം താമസസ്ഥലത്തേക്കെത്താന്‍ ഇത്രമേല്‍ സഹായകമാകുന്ന മറ്റൊരു ഉപാധിയുമില്ല. അപകടമുണ്ടായാലും അഗ്നിബാധയുണ്ടായാലും ഹാജിമാരെ തിരിച്ചറിയാന്‍ സഹായിക്കുന്നതാണ് പാസ്‌പോര്‍ട്ട് നമ്പറും കവര്‍ നമ്പറും ഉല്ലേഖനം ചെയ്ത സ്റ്റീല്‍ വള. ഇത് എപ്പോഴും ധരിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്.
ഹാജിമാരുടെ സുരക്ഷിതത്വത്തിന് നമ്മുടെ സര്‍ക്കാറും ഹജ്ജ് കമ്മിറ്റിയും ഏര്‍പ്പെടുത്തിയ മുന്‍കരുതല്‍ ബുദ്ധിപൂര്‍വവും ദീര്‍ഘ വീക്ഷണമുള്ളവയുമാണ്. പക്ഷെ തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ സഊദിയില്‍ ഉത്തരവാദപ്പെടുത്തിയ മുതവ്വിഫുകള്‍ അവരുടെ ചുമതല വേണ്ട രീതിയിലല്ല നിര്‍വഹിക്കുന്നത് എന്നത് അനുഭവ പാഠം.
ഹാജിമാരുടെ ആവശ്യങ്ങള്‍ പരിഗണിക്കുകയും അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യാന്‍ ഉത്തരവാദപ്പെടുത്തിയ സര്‍വീസ് പ്രൊവൈഡര്‍മാരാണ് മുതവ്വിഫുകള്‍. വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നു വരുന്ന വിവിധ ഹജ്ജു ഗ്രൂപ്പുകളുടെ ഉത്തരവാദിത്വം ഒരു മുതവ്വിഫിന് ഉണ്ടാകും. അങ്ങനെയുള്ള അനേകം മുതവ്വിഫുമാരുടെ ഉത്തരവാദിത്വത്തിലാണ് ഹാജിമാര്‍ക്കുള്ള സൗകര്യങ്ങള്‍ സഊദി ഭരണാധികാരികള്‍ ഒരുക്കുന്നത്.
മഹ്‌റമില്ലാതെ വരുന്ന വനിതാ ഹാജിമാര്‍ നിരവധിയുണ്ട്. 2019-ല്‍ പുതുതായി ഏര്‍പ്പെടുത്തിയ സൗകര്യമാണ് ഇത്. നാല് സ്ത്രീകള്‍ ഒന്നിച്ചു ഒരു ഗ്രൂപ്പായി അപേക്ഷ നല്‍കിയാല്‍ പുരുഷ തുണയില്ലാതെ ഹജ്ജിന് പരിഗണിക്കുന്ന രീതി. സഊദി അറേബ്യയിലെ നിയമപ്രകാരം സ്ത്രീകള്‍ യാത്ര ചെയ്യുമ്പോള്‍ രക്തബന്ധമുള്ള പുരുഷന്റെ തുണ ആവശ്യമാണ്. സഹോദരന്‍, പിതാവ്, ഭര്‍ത്താവ് ഇവരിലാരെങ്കിലും സഹയാത്രികരായി ഉണ്ടായിരിക്കണം. ഈ വര്‍ഷം ഈ നിയമത്തില്‍ ഇളവ് വരുത്തിയത് കൊണ്ടാണ് വനിതാ ഹാജിമാര്‍ മാത്രമുള്ള ഗ്രൂപ്പുകള്‍ക്ക് അനുമതി ലഭിക്കാന്‍ ഇടയായത്.
വനിതാ ഹാജിമാര്‍ക്ക് വളരെ വിപുലമായ സൗകര്യങ്ങളാണ് വിവിധ തീര്‍ഥാടന സ്ഥലങ്ങളില്‍ കമ്മിറ്റി ഏര്‍പ്പെടുത്തിയിരിക്കുന്നത്. താമസിക്കാന്‍ പ്രത്യേക കെട്ടിടങ്ങള്‍, മിനായിലും അറഫയിലും പ്രത്യേക ടെന്റുകള്‍, പ്രത്യേക ബസ് സര്‍വീസുകളും കാത്തിരുപ്പു കേന്ദ്രങ്ങളും തുടങ്ങി അനേകം വനിതാ വളണ്ടിയര്‍മാരെ ഇവരുടെ സേവനത്തിന് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അസീസിയിലെ ഹാജിമാര്‍ക്കനുവദിച്ച എല്ലാ കെട്ടിടങ്ങളിലും നമസ്‌കരിക്കാനുളള പ്രാര്‍ഥനാ ഹാളുകളും അനുബന്ധ സൗകര്യങ്ങളുമുണ്ട്. എല്ലാ നമസ്‌കാര സമയങ്ങളിലും ഹറമില്‍ പോയി ജമാഅത്തില്‍ പങ്കെടുക്കാനുള്ള സൗകര്യങ്ങളുണ്ടെങ്കിലും ചില ഗ്രൂപ്പുകള്‍ കെട്ടിടത്തില്‍ വെച്ചു തന്നെ ജമാഅത്ത് നമസ്‌കാരം നിര്‍വഹിക്കുന്നത് കാണാം.
ഒരു ലക്ഷം ഇരട്ടി പ്രതിഫലം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്യപ്പെട്ട ഹറം ശരീഫിലെ ജമാഅത്ത് നമസ്‌കാരം ഒരു വിളിപ്പാടകലെ നടക്കുമ്പോഴാണ് മസ്ജിദിന്റെ ‘ഹുറുമത്ത്’ പോലും കിട്ടാത്ത കെട്ടിടത്തിലെ നമസ്‌കാര മുറിയില്‍ ഇക്കൂട്ടര്‍ ജമാഅത്ത് നമസ്‌കരിക്കുന്നത്! സ്‌നേഹപൂര്‍വം കാരണം അന്വേഷിച്ചപ്പോള്‍ നേതൃത്വം കൊടുക്കുന്നവര്‍ പറഞ്ഞത്. ‘ഹറമില്‍ സുബഹി നമസ്‌കാരത്തിന് ഖുനൂത്ത് ഇല്ല എന്നും നമസ്‌കാരശേഷം കൂട്ടു പ്രാര്‍ഥനയില്ല’ എന്നുമാണ്.
ഇത്തരം കാര്യങ്ങള്‍ക്ക് അമിത പ്രാധാന്യം കൊടുത്തുകൊണ്ട് പാവങ്ങളായ ഹാജിമാരെ തെറ്റിദ്ധരിപ്പിക്കുകയാണ് ചിലര്‍. ഖുനൂത്തിന്റെ പ്രതിഫലവും ഹറമിലെ ജമാഅത്ത് നമസ്‌കാരത്തിന്റെ പ്രതിഫലവും തുലനം ചെയ്യാനോ മറിച്ചു ചിന്തിക്കാനോ ഇവരെ സങ്കുചിതമായ പ്രാസ്ഥാനികവിധേയത്വം അനുവദിക്കുന്നില്ല എന്നതാണ് പ്രശ്‌നം.
പ്രശസ്ത ഇസ്‌ലാമിക പഠന ഗവേഷണ കേന്ദ്രങ്ങളായ ഉമ്മുല്‍ഖുറാ സര്‍വകലാശാല, മദീന ഇസ്ലാമിക് യൂണിവേഴ്‌സിറ്റി, ഇമാം മുഹമ്മദ് ബ്ന്‍ സഊദ് ഇസ്ലാമിക് യൂണിവേഴ്‌സിറ്റി, ഇന്റര്‍നാഷനല്‍ ഇസ്ലാമിക് ഫിക്ഹ് അക്കാദമി തുടങ്ങിയവ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളാണ് പരിശുദ്ധ മക്കയും മദീന മുനവ്വറയും. ലോകോത്തര പണ്ഡിതന്‍മാരുടെയും ഇസ്ലാമിക ഗവേഷകരുടെയും ചിന്തകരുടെയും അഭിപ്രായമനുസരിച്ച് മതകാര്യങ്ങളും അനുഷ്ഠാനങ്ങളും ചിട്ടപ്പെടുത്തിയാണ് രണ്ടു ഹറമുകളിലെയും ആരാധനകളും അനുഷ്ഠാനങ്ങളും നടക്കുന്നത്.
ഈ രണ്ട് പരിശുദ്ധ ഭവനങ്ങളിലും പ്രഭാത നമസ്‌കാരത്തില്‍ ഖുനൂത്തൊ നമസ്‌കാരാനന്തരം കൂട്ടു പ്രാര്‍ഥനകളോ ഇല്ല. രണ്ട് ഹറമുകളിലും ജമാഅത്തുകളില്‍ സ്ത്രീകള്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് പ്രത്യേകിച്ച് കേരളത്തില്‍ നിന്ന് വരുന്ന എല്ലാ വിഭാഗം പണ്ഡിതന്‍മാരും അവരുടെ കൂടെവരുന്ന സ്ത്രീകളും ജമാഅത്തുകളില്‍ സജീവമായി അവിടെ പങ്കെടുക്കുന്നുണ്ട്. പക്ഷെ അസീസിയയിലെ താമസസ്ഥലത്തു നടത്തുന്ന ജമാഅത്തുകളില്‍ കൂട്ട പ്രാര്‍ഥനയും ഖുനൂത്തും അനുഷ്ഠിക്കുന്നത് കാണാം. സ്ത്രീകളെ അത്തരം ജമാഅത്തുകളില്‍ പങ്കെടുപ്പിക്കാറുമില്ല. അതുകൊണ്ട് തന്നെ പല കെട്ടിടങ്ങളിലും ചിലപ്പോള്‍ രണ്ട് വിഭാഗം ജമാഅത്തുകളും ഉണ്ടാകാറുണ്ട്. ഏക മനസ്സോടെ ഏകോദര സഹോദരന്‍മാരായി ഹജ്ജ് കര്‍മ്മത്തിന് വന്ന നിഷ്‌കളങ്കരായ ഹാജിമാരുടെ മനസ്സില്‍ വിഭാഗീയതയുടെ വിത്തിടുന്ന ഇത്തരക്കാര്‍ പവിത്രമായ എല്ലാ കര്‍മ്മങ്ങളുടെ വേദികളിലും സജീവമാണ്.

Back to Top