അസം പുകയുന്നു
മുനീര്‍ നിയാസ്
അസമിന്റെ മനസ് പ്രക്ഷുബ്ധമാണ്. ഭരണകൂട ഭീകരത തങ്ങളുടെ വിഷപ്രയോഗത്തിന്റെ ടെസ്റ്റ് സാമ്പിള്‍ ആയി ആസാമിനെയാണ് തിരഞ്ഞെടുക്കാറുള്ളത്. ഇക്കുറിയും അതങ്ങനെ തന്നെ. അസമില്‍ ഭൂമി കൈയേറ്റം ആരോപിച്ച് ബംഗാളി മുസ്ലിങ്ങള്‍ക്ക് നേരെ പൊലീസ് നടത്തിയ നരനായാട്ടിന്റെ ഭീകരമായ ദൃശ്യങ്ങളും വാര്‍ത്തകളുമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഗ്രാമീണര്‍ക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ ഇതിനകം രണ്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അടിയേറ്റ് നിലത്തുവീഴുന്നവരെപോലും പൊലീസ് മര്‍ദിക്കുന്നതിന്റെയും, കൊല്ലപ്പെട്ട് കിടക്കുന്നയാളുടെ മൃതദേഹത്തി ല്‍ പൊലീസിനൊപ്പമുള്ള ഫോട്ടോഗ്രാഫര്‍ ചാടിവീണ് ചവിട്ടുന്നതിന്റെയും, ബുള്‍ ഡോസറുകളും മറ്റ് സന്നാഹങ്ങളുമുപയോഗിച്ച് ഗ്രാമീണരുടെ കൂരകള്‍ പൊളിച്ചുമാറ്റുന്നതിന്റെയും ദൃശ്യങ്ങള്‍ ഏതൊരു ഇന്ത്യ ന്‍ പൗരനെയും ഭയപ്പെടുത്തുന്നതാണ്.
അസമിലെ ദരങ് ജില്ലയിലെ ധോല്‍പൂരില്‍ ബംഗാളി മുസ്ലിങ്ങള്‍ കൂട്ടമായി താമസിക്കുന്ന ഗ്രാമീണ മേഖലയിലാണ് പൊലീസിന്റെ നരഹത്യ അരങ്ങേറിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ രണ്ടാം തവണയാണ് ബി ജെ പി സര്‍ക്കാര്‍ ബംഗാളി മുസ്ലിങ്ങള്‍ കൂട്ടമായി താമസിക്കുന്ന മേഖലയിലെ കുടുംബങ്ങളെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കുന്നത്.
അസമില്‍ നടപ്പാക്കിയ ദേശീയ പൗരത്വ പട്ടികയുടെയും രാജ്യവ്യാപകമായി നടപ്പാക്കപ്പെട്ട പൗരത്വഭേദഗതി നിയമത്തിന്റെയും ഭാഗമായി, പ്രത്യേകിച്ചും അസമിലെ മുസ്ലിങ്ങളുടെ നിലനില്‍പ് വലിയ ഭീഷണിയിലായി മാറിയിരിക്കുന്ന കാലത്താണ് ബംഗാളി മുസ്ലിങ്ങള്‍ കൂട്ടമായി താമസിക്കുന്ന ഒരു മേഖല ഈ രീതിയി ല്‍ തുടച്ചുമാറ്റപ്പെടുന്നത്.