അസമിലെ മണ്ഡല പുനര്‍നിര്‍ണയം
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പരമപ്രധാനമായ ഒരു പ്രക്രിയയാണ് മണ്ഡല പുനര്‍നിര്‍ണയം. രാഷ്ട്രീയ പ്രചാരണങ്ങള്‍ക്കും നയചര്‍ച്ചകള്‍ക്കും ഇടയില്‍ പലപ്പോഴും അവഗണിക്കപ്പെടുന്ന, ഡീലിമിറ്റേഷന്‍ പ്രക്രിയ നമ്മുടെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തിന്റെ അടിത്തറയാണ്. ഇത് കേവലം ഒരു ബ്യൂറോക്രാറ്റിക് അഭ്യാസമല്ല; തുല്യ പ്രാതിനിധ്യം, നീതി, ജനാധിപത്യ തെരഞ്ഞെടുപ്പ് മൂല്യങ്ങളുടെ സംരക്ഷണം എന്നിവയുടെ മൂലക്കല്ലാണിത്. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍, കഴിഞ്ഞ ദിവസം അസമിലെ ഡീലിമിറ്റേഷന്‍ പ്രക്രിയ പൂര്‍ത്തിയായതായി ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചിരിക്കുന്നു.
ഡീലിമിറ്റേഷന്‍ പ്രക്രിയ എന്നത് ആനുപാതിക പ്രാതിനിധ്യം ഉറപ്പിക്കുന്ന തരത്തില്‍ തെരഞ്ഞെടുപ്പ് മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയം ചെയ്യുന്നതാണ്. ജനസംഖ്യ മാറുകയും ജനസംഖ്യാശാസ്ത്രം വികസിക്കുകയും ചെയ്യുമ്പോള്‍, ജനാധിപത്യ പ്രക്രിയയുടെ സമഗ്രത നിലനിര്‍ത്തുന്നതിന് തിരഞ്ഞെടുപ്പ് അതിരുകള്‍ കാലാനുസൃതമായി പുനര്‍നിര്‍വചിക്കേണ്ടതുണ്ട്. ഈ പ്രക്രിയ ഒരാളുടെ വോട്ടിന്റെ മൂല്യം നേര്‍പ്പിക്കുന്നതിനെതിരെ സംരക്ഷണം നല്‍കുകയും ഒരു പ്രത്യേക കക്ഷിക്കോ താല്‍പ്പര്യമുള്ള ഗ്രൂപ്പിനോ പ്രയോജനപ്പെടുന്ന വിധത്തില്‍ അതിരുകള്‍ രാഷ്ട്രീയ പ്രേരിതമായി കൈകാര്യം ചെയ്യുന്നതിനുള്ള സാഹചര്യം ഇല്ലാതാക്കുകയും ചെയ്യുന്നു.
മണ്ഡല പുനര്‍നിര്‍ണയ പ്രക്രിയയുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളിലൊന്ന് ‘ഒരു വ്യക്തി, ഒരു വോട്ട്’ എന്ന തത്വത്തോടുള്ള അതിന്റെ പ്രതിബദ്ധതയാണ്. ഭൂമിശാസ്ത്രപരമായ സ്ഥാനമോ സാമൂഹിക സാമ്പത്തിക വിവേചനമോ ഇല്ലാതെ, ഓരോ പൗരന്റെയും ശബ്ദം കേള്‍ക്കുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു. ഇന്ത്യയിലെ വികസിച്ചുകൊണ്ടിരിക്കുന്ന ജനസംഖ്യ ഈ പ്രക്രിയയെ കൂടുതല്‍ പ്രസക്തമാക്കുന്നു, കാരണം ചില പ്രദേശങ്ങള്‍ ദ്രുതഗതിയിലുള്ള നഗരവല്‍ക്കരണത്തിന് സാക്ഷ്യം വഹിക്കുമ്പോള്‍ മറ്റുള്ളവ സ്തംഭനമോ തകര്‍ച്ചയോ അനുഭവിക്കുന്നുണ്ട്. ഓരോ മണ്ഡലങ്ങളുടെയും അതിരുകള്‍ പുനഃക്രമീകരിക്കുന്നതിലൂടെ, ഡീലിമിറ്റേഷന്‍ പ്രക്രിയ, ജനസംഖ്യയുടെ ഒരു വിഭാഗത്തിനും പ്രാതിനിധ്യം കുറവോ അധിക പ്രാതിനിധ്യമോ ഇല്ലെന്ന് ഉറപ്പാക്കാന്‍ സാധിക്കും.
ഇന്ത്യയില്‍ 2026-ലാണ് അടുത്ത മണ്ഡല പുനര്‍നിര്‍ണയം നടക്കേണ്ടത്. അതിന് ഒട്ടേറെ വെല്ലുവിളികളുണ്ട്. 2021-ലെ സെന്‍സസ് നടക്കാത്തത് കൊണ്ട് തന്നെ കൃത്യമായ ജനസംഖ്യാ ഡാറ്റ ഇല്ലാതെയാണ് ഈ പ്രക്രിയയിലേക്ക് കടക്കേണ്ടിവരിക. ഡീലിമിറ്റേഷന്‍ പ്രക്രിയക്ക് അതിന്റേതായ പ്രതിസന്ധികളുണ്ട്. കൃത്യമായ ആസൂത്രണവും സുതാര്യതയും ജനസംഖ്യാശാസ്ത്രത്തെയും പ്രാദേശിക ചലനാത്മകതയെയും സംബന്ധിച്ചുള്ള സമഗ്രമായ ധാരണയും ആവശ്യമാണ്. രാഷ്ട്രീയ സ്വാധീനത്തില്‍ നിന്ന് സ്വതന്ത്രവും നിഷ്പക്ഷവുമായ ഇടപെടല്‍ ഈ പ്രക്രിയയുടെ വിശ്വാസ്യതയ്ക്ക് അത്യന്താപേക്ഷിതമാണ്. ഇലക്ടറല്‍ പൊളിറ്റിക്‌സില്‍ മണ്ഡലങ്ങളുടെ അതിര്‍ത്തി സംബന്ധിച്ച് ധാരണ ഉണ്ടായിരിക്കുക എന്നത് ഓരോ രാഷ്ട്രീയ പ്രവര്‍ത്തകനും അനിവാര്യമാണ്. ജൂണില്‍ ഇലക്ഷന്‍ കമ്മീഷന്‍ അസമിലെ കരട് ഡീലിമിറ്റേഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചപ്പോള്‍, ആയിരത്തിലധികം പരാതികളാണ് ലഭിച്ചത്. പല കോണുകളില്‍ നിന്നും എതിര്‍പ്പുകളുണ്ടായി. ഇവയില്‍ 45 ശതമാനത്തോളം പരാതികള്‍ അഭിസംബോധന ചെയ്തിട്ടുണ്ടെന്നും ബാക്കിയുള്ളവ നിയമപരമോ ഭരണഘടനാപരമോ ആയ വ്യവസ്ഥകള്‍ക്ക് അതീതമാണെന്നും അല്ലെങ്കില്‍ ‘അനുവദിക്കാന്‍ സാധ്യമല്ല’ എന്നുമാണ് അന്തിമ ഉത്തരവില്‍ പറയുന്നത്.
അസമിലെ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രാഥമിക പിന്തുണയുള്ള ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ (എഐയുഡിഎഫ്) നേതാവ് ബദ്‌റുദ്ദീന്‍ അജ്മല്‍, മണ്ഡല പുനര്‍നിര്‍ണയ ഉത്തരവിനെതിരെ പാര്‍ട്ടി സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. മുസ്‌ലിം ന്യൂനപക്ഷ വോട്ടര്‍മാര്‍ വിജയം നിര്‍ണയിക്കുന്ന 22-25 മണ്ഡലങ്ങളുണ്ടായിരുന്നത് 10-11 സീറ്റുകളായി കുറഞ്ഞിട്ടുണ്ടെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. ന്യൂനപക്ഷ വോട്ടര്‍മാര്‍ക്ക് നിര്‍ണായക പങ്കുള്ള സീറ്റുകളില്‍ ചിലത് സംവരണ സീറ്റുകളായി മാറിയതും പ്രശ്‌നമായി ചൂണ്ടിക്കാണിക്കുന്നു. ഡീലിമിറ്റേഷന്‍ പ്രക്രിയ നമ്മുടെ ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയാണ്. ഉള്‍ക്കൊള്ളല്‍, നീതി, പ്രാതിനിധ്യം എന്നിവയ്ക്കുള്ള നമ്മുടെ രാജ്യത്തിന്റെ പ്രതിബദ്ധതയുടെ തെളിവാണിത്. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനുള്ള അവസരമായി ഓരോ ഡീലിമിറ്റേഷന്‍ പ്രക്രിയകളും മാറണം.