അസദുമായി അടുപ്പത്തിലുള്ള അറബ് രാഷ്ട്രങ്ങളെ ചോദ്യം ചെയ്ത് തെരുവില്‍ പ്രതിഷേധം
സിറിയയിലെ ഏകാധിപത്യ ഭരണാധികാരി ബശ്ശാര്‍ അല്‍ അസദുമായി അടുത്ത ബന്ധം നിലനിര്‍ത്തുന്ന അറബ് രാഷ്ട്രങ്ങളെ ചോദ്യം ചെയ്ത് നൂറുകണക്കിന് പേര്‍ പ്രതിഷേധവുമായി തെരുവില്‍. വടക്കുപടിഞ്ഞാറന്‍ സിറിയയിലെ വിവിധ നഗരങ്ങളിലാണ് കഴിഞ്ഞ ദിവസം പ്രതിഷേധ റാലി നടന്നത്. ചില അറബ് രാജ്യങ്ങളും പ്രസിഡന്റ് ബഷാര്‍ അല്‍ അസദും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിനെതിരെയാണ് പ്രതിഷേധം നടന്നത്.
അസദിനെ എതിര്‍ക്കുന്ന ഗ്രൂപ്പുകളുടെ ശക്തികേന്ദ്രമായ ഇദ്‌ലിബില്‍ കഴിഞ്ഞ ദിവസം വലിയ പ്രകടനമാണ് നടന്നത്. 12 വര്‍ഷത്തെ യുദ്ധത്തിനിടയില്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് പലായനം ചെയ്ത സിറിയക്കാരുടെ അഭയകേന്ദ്രമായ ആസാസിലും തുര്‍ക്കി-സിറിയ അതിര്‍ത്തിയിലുള്ള താല്‍ അബിയാദിലും ചെറിയ സംഘങ്ങള്‍ സമാനമായി ഒത്തുകൂടി. ആംസ്റ്റര്‍ഡാം, ബെര്‍ലിന്‍, വിയന്ന എന്നിവയുള്‍പ്പെടെ നിരവധി യൂറോപ്യന്‍ നഗരങ്ങളിലും ചെറിയ സംഘങ്ങള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. ഇതിന്റെ വീഡിയോയും ചിത്രങ്ങളും അല്‍ജസീറയടക്കം പുറത്തുവിട്ടിട്ടുണ്ട്.
2011ല്‍ സിറിയയില്‍ നടന്ന സമാധാനപരമായ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ അസദിന്റെ സൈന്യം അടിച്ചമര്‍ത്തിയതിന് ശേഷമാണ് സിറിയയില്‍ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. തുടര്‍ന്ന് ഇതില്‍ വിദേശ ശക്തികളെയും ആഗോള സായുധ ഗ്രൂപ്പുകളും ഭാഗവാക്കാകുയും അറബ് രാഷ്ട്രങ്ങള്‍ ചേരിതിരിഞ്ഞ് ഇരു പക്ഷത്ത് നിലയുറപ്പിക്കുകയും ചെയ്തിരുന്നു. സിറിയയില്‍ സര്‍ക്കാര്‍ സൈന്യവും വിമത സായുധ ഗ്രൂപ്പുകളും തമ്മിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്.