12 Friday
April 2024
2024 April 12
1445 Chawwâl 3

അറുതിയില്ലാതെ മന്ത്രവാദക്കൊലകള്‍

ശംസുദ്ദീന്‍ പാലക്കോട്‌


‘കുട്ടിയുടെ അടുത്ത ബന്ധുവിനെയും മന്ത്രവാദ ചികിത്സ നടത്തിയയാളെയും സിറ്റി പോലീസ് കസ്റ്റഡിയിലെടുത്തു.’ ‘മന്ത്രവാദത്തെത്തുടര്‍ന്ന് കുട്ടിയുടെ മരണം: ചികിത്സ നടത്തിയയാള്‍ കസ്റ്റഡിയില്‍’ എന്ന തലവാചകത്തില്‍ നവംബര്‍ 3ന്റെ പത്രങ്ങളില്‍ വന്ന സുദീര്‍ഘമായ വാര്‍ത്തയിലെ ഒരു വാചകമാണിത്. മന്ത്രവാദം, മന്ത്രവാദ ചികിത്സ എന്നീ പദാവലികളുമായി ഇസ്ലാമിനുള്ള അടുപ്പവും അകലവും ഇന്ന് മത സമൂഹത്തിലും പൊതു സമൂഹത്തിലും സജീവ ചര്‍ച്ചയായിരിക്കുകയാണ്. ‘മന്ത്രവാദ ചികിത്സ’യുടെ പേരില്‍ ‘രോഗി’ മരണപ്പെട്ട സംഭവം മുസ്ലിം സമുദായത്തില്‍ നിന്ന് തന്നെ ഇതിന് മുമ്പും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും നവോത്ഥാന പ്രസ്ഥാനം യഥാസമയം ഇതിന്റെ (ഇത്തരം ചികിത്സാരീതിയുടെ) അപകടവും അനിസ്ലാമികതയും മതസമൂഹത്തെയും പൊതു സമൂഹത്തെയും പ്രബോധനം നടത്തി ഉല്‍ബോധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2014 ജൂലൈ, ആഗസ്റ്റ് മാസത്തില്‍ കേരളത്തില്‍ മന്ത്രവാദ ഭീകരതയുടെ മറവില്‍ കൊല ചെയ്യപ്പെട്ട ഹസീന, ഫര്‍സാന, ശകുന്തള എന്നിവരുടെ ഞെട്ടിക്കുന്ന വാര്‍ത്ത കേരളീയ സമൂഹം ഏറെ ചര്‍ച്ച ചെയ്തതാണ്. പത്രങ്ങള്‍ എഡിറ്റോറിയലുകളും ആനുകാലികങ്ങള്‍ കവര്‍ സ്റ്റോറികളുമായി ചര്‍ച്ച ചെയ്ത അതൊന്നും കേരളീയ സമൂഹം മറന്നിരിക്കാനിടയില്ല.

ആവര്‍ത്തിക്കപ്പെടുന്ന
മന്ത്രവാദ ദുരന്തം!

മദ്യ ദുരന്തം എന്നൊക്കെ പറയേണ്ട ഒരു ദുരവസ്ഥ മന്ത്രവാദത്തിന്റെ കാര്യത്തിലുമുണ്ട് എന്ന് പറയേണ്ടി വരികയാണ്. അതേപോലെ മന്ത്രവാദം വിശ്വാസ ജീര്‍ണത ബാധിച്ചവരെ ബാധിക്കുന്ന ഒരു ദുരന്തമാണ്. അതിന്റെ പേരിലുള്ള ദുരന്തമാകട്ടെ സ്വാഭാവിക പരിണതിയും.
ഇത്തരം മന്ത്രവാദ ചികിത്സാ ഭീകരത ചെറിയ തോതിലും വലിയ തോതിലും അവിടെയുമിവിടെയും നടക്കുന്ന റിപ്പോര്‍ട്ടുകള്‍ ഒരു സാധാരണ പത്രവാര്‍ത്തയായി വായിച്ചു പോകുന്ന സ്വാഭാവിക പരിണാമത്തിലേക്ക് മലയാളി സമൂഹം എത്തിപ്പെട്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു! അതിനിടയിലാണ് കണ്ണൂരില്‍ നിന്ന് പതിനൊന്നു വയസ്സായ ഒരു പൊന്നുമോള്‍ മന്ത്രവാദിയുടെ ഉപദേശത്താല്‍ നിയമാനുസൃത ചികിത്സ ലഭിക്കാതെ മരണത്തെ പുല്‍കേണ്ടി വന്ന ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത് വരുന്നത്. മന്ത്രവാദിയായ മുസ്ലിയാരെയും മന്ത്രവാദിയുടെ ഉപദേശം കേട്ട് സ്വന്തം മകള്‍ക്ക് ചികിത്സ നിഷേധിക്കപ്പെടാന്‍ ഒത്താശ ചെയ്ത പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്ത് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ലേഖനാദ്യത്തില്‍ കണ്ട പത്രവാര്‍ത്താ ശകലത്തിലെ സൂചനയും അത് തന്നെയാണ്.

മതപണ്ഡിത ധര്‍മം
മന്ത്രവാദമോ?

തട്ടിപ്പുകാര്‍ എന്ന് വിശേഷിപ്പിക്കുന്നവര്‍ മതപണ്ഡിതരിലും പുരോഹിതന്മാരിലും ധാരാളമുണ്ടെന്ന് പറയുന്നത് വേദഗ്രന്ഥം തന്നെയാണ് എന്നത് മത സമൂഹത്തിന്റെയെങ്കിലും കണ്ണു തുറപ്പിക്കേണ്ടതല്ലേ? ചിന്തയെ തട്ടിയുണര്‍ത്തേണ്ടതല്ലേ? വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘സത്യവിശ്വാസികളേ, പണ്ഡിതന്മാരിലും പുരോഹിതന്മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് അവരെ തടയുകയും ചെയ്യുന്നു.’ (ഖുര്‍ആന്‍ 9:34)
മൂന്ന് സുപ്രധാന കാര്യങ്ങളാണിതിലൂടെ അല്ലാഹു വിശ്വാസി സമൂഹത്തെ ഓര്‍മിപ്പിക്കുന്നത്.
1. പണ്ഡിതന്മാരിലും പുരോഹിതന്മാരിലും മതത്തോടോ മത ധര്‍മശാസനകളോടോ പ്രതിബദ്ധതയില്ലാത്തവരും സ്വന്തം താല്‍പര്യ സംരക്ഷണത്തിന് മതത്തെയും മത ചിഹ്നങ്ങളെയും ദുരുപയോഗം ചെയ്യുന്നവരുമുണ്ട്. ഇത്തരക്കാര്‍ കുറച്ചൊന്നുമല്ല, ധാരാളം പേരുണ്ട് പണ്ഡിത, പുരോഹിതരില്‍!
2. മതവിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച്, അവരെ ചൂഷണം ചെയ്ത് അവരുടെ കൈയിലുള്ള പണം പോക്കറ്റിലാക്കുക, മത വിശ്വാസികളെ മതത്തിന്റെ സത്യശുദ്ധമായ വഴിയില്‍ നിന്ന് തെറ്റായ വഴിയിലൂടെ സഞ്ചരിപ്പിക്കുക എന്നീ രണ്ട് കുറ്റങ്ങളാണ് ഇത്തരക്കാര്‍ പ്രധാനമായും ചെയ്യുന്നത്!
3. അതിനാല്‍ മത പണ്ഡിതന്‍ എന്ന പദവിയെയും പണ്ഡിത ധര്‍മത്തെയും വ്യഭിചരിക്കുന്ന ഇത്തരക്കാരില്‍ നിന്ന് മതവിശ്വാസികള്‍ അകലം പാലിക്കണം.
നോക്കൂ, വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞത് എത്രമാത്രം ശരിയാണെന്ന് മുസ്ലിം സമൂഹം ഉള്‍പ്പെടെയുള്ള എല്ലാ മതവിഭാഗത്തിലും നടക്കുന്ന പണ്ഡിത പുരോഹിതരാല്‍ നിയന്ത്രിക്കപ്പെടുന്ന മന്ത്രവാദ ചൂഷണവാര്‍ത്തകള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയാകും.
ഇപ്പോള്‍ പുറത്ത് വന്ന കണ്ണൂര്‍ സിറ്റിയിലെ ഫാത്വിമ എന്ന പതിനൊന്ന് കാരിയുടെ ‘രോഗശമനത്തിന്’ മന്ത്രവാദം നടത്തി ആ കുട്ടിക്ക് നിയമാനുസൃത ചികിത്സ നിഷേധിക്കുകയും മരണത്തിനിടയാക്കുകയും ചെയ്തതിന്റെ പിന്നില്‍ അറസ്റ്റ് ചെയ്യപ്പെട്ടത് പള്ളിയിലെ ഒരു മുസ്ലിയാരാണ് എന്നത് ഇതിനോട് ചേര്‍ത്ത് വായിക്കുക. ഇത് ഒറ്റപ്പെട്ട സംഭവമല്ല എന്നും മതസമൂഹത്തില്‍ നിന്ന് പുറത്ത് വരുന്ന വാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍ ബോധ്യപ്പെടും. 2014ല്‍ മന്ത്രവാദ ചികിത്സയില്‍ (അടി ചികിത്സയില്‍) കൊല്ലപ്പെട്ട ഹസീനയുടെയും ഫര്‍സാനയുടെയും കഥയും സമാനതകളുള്ളതാണ്. ചില ബാധയിറക്കാന്‍, ജിന്നിറക്കാന്‍ ‘മന്ത്രവാദ ചികിത്സക്ക്’ ഇതിന് നേതൃത്വം നല്‍കുന്ന ചില പുരോഹിതന്മാര്‍ വിശ്വാസ ഷണ്ഡീകരണം ബാധിച്ച പാമര ജനങ്ങളില്‍ നിന്ന് (അഭ്യസ്ഥവിദ്യരും ഇക്കൂട്ടത്തിലുണ്ട്!) ലക്ഷക്കണക്കിന് രൂപയും വിലകൂടിയ വസ്തുക്കളും ഫീസായി വാങ്ങുന്ന കാര്യവും പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ്.
മതപണ്ഡിത ധര്‍മം മന്ത്രവാദ, കുപ്പിവെള്ള, ചരട്, നൂല്, ചൂരല്‍ ‘ചികിത്സ’ നടത്തി മത ബോധവും മതബോധ്യവും കുറഞ്ഞ വിശ്വാസി സമൂഹത്തെ ചൂഷണ സേവ നടത്തലാണോ എന്ന് തോന്നിപ്പോകും ഇത്തരം പണ്ഡിത പുരോഹിത ചെയ്തികള്‍ കണ്ടാല്‍!

മന്ത്രവാദം ചികിത്സാ രീതിയോ?
പറഞ്ഞ് പറഞ്ഞ് അലോപ്പതി പോലെ, ഹോമിയോ പോലെ, ആയുര്‍വേദം പോലെ ഒരു ചികിത്സാരീതിയാണ് മന്ത്രവാദം എന്ന് പറയുന്ന മുസ്ലിയാന്മാരും മൗലവിമാരും വരെ ഇപ്പോള്‍ ഇതിനെ – മന്ത്രവാദത്തെ – ന്യായീകരിച്ചു കൊണ്ട് രംഗത്ത് വരുന്നുണ്ട് എന്നതാണ് ഇതിലെ ഏറ്റവും വലിയ വിരോധാഭാസം. രോഗശമനത്തിന് മന്ത്രിക്കുന്നതും മന്ത്രിച്ചൂതി ചികിത്സിക്കുന്നതും ഖുര്‍ആന്‍ വചനങ്ങള്‍ ഓതിക്കൊണ്ടാണെങ്കില്‍ അതില്‍ തെറ്റില്ല എന്ന് പറയുന്ന നവയാഥാസ്ഥിക മൗലവിമാരും ഇപ്പോള്‍ രംഗത്തിറങ്ങിയിട്ടുണ്ട് എന്നത് ക്രൂരമായ മറ്റൊരു കൗതുകം. ഇതെല്ലാം കേട്ട് ഭരണകൂടവും നിയമപാലകരും നിയമാനുസൃത ചികിത്സയല്ലാതിരുന്നിട്ടും മന്ത്രവാദ ചികിത്സക്കെതിരെ കര്‍ശനമായ നടപടിയെടുക്കാന്‍ അന്തിച്ചു നില്‍ക്കുന്ന കാഴ്ച എത്ര മാത്രം വേദനാജനകമാണ്! യാഥാസ്ഥിതിക മുസ്ലിയാന്മാരും നവയാഥാസ്ഥിതിക മൗലവിമാരും മന്ത്രവാദത്തെ ന്യായീകരിക്കുകയും ഇസ്ലാമീകരിക്കാന്‍ വെമ്പല്‍ കൊള്ളുകയും ചെയ്യുമ്പോള്‍ സന്തോഷിക്കുന്നത് മന്ത്രിച്ചൂതിയ കുപ്പിവെള്ള വ്യവസായികളും മന്ത്രിച്ചൂതിയ നൂല്, ചരട്, തകിട് കച്ചവടക്കാരുമാണ്. പുറമെക്ക് മന്ത്രവാദ ചികിത്സ ദുരന്തത്തെ എതിര്‍ക്കുന്നവരായി നടിക്കുകയും അണികള്‍ക്കിടയില്‍ മന്ത്രവാദം ഒരു മത ചികിത്സ തന്നെയാണ് എന്ന് പഠിപ്പിക്കുകയും ചെയ്യുന്ന ചില പണ്ഡിത, പുരോഹിത ഇരട്ടത്താപ്പും ഈ വിഷയത്തില്‍ തുറന്ന് കാട്ടപ്പെടണം. കള്ളനെ പിടിക്കാന്‍ ഓടുന്നവരുടെ കൂട്ടത്തില്‍ സാക്ഷാല്‍ കള്ളനും കയറിക്കൂടി ഒപ്പം ഓടുന്നത് ചര്‍ച്ച ചെയ്യപ്പെടുക തന്നെ വേണം. മന്ത്രവാദം എന്ന ഒരു ചികിത്സാരീതി ഇസ്ലാമിലില്ല എന്ന കാര്യം ഇസ്ലാമിക സമൂഹത്തെയെങ്കിലും വ്യാപകമായി, പ്രമാണബദ്ധമായി പഠിപ്പിക്കുന്ന നവോത്ഥാന സംരംഭങ്ങള്‍ ഉണ്ടാകണം.

മന്തവാദ ചികിത്സ
ഇസ്ലാമികമല്ല

മന്ത്രവാദ ചികിത്സ ഇസ്‌ലാമികമല്ല എന്നതിന് നിരവധി പ്രമാണ വാക്യങ്ങള്‍ ഉദ്ധരിക്കാന്‍ കഴിയും. അതില്‍ രണ്ടെണ്ണം മാത്രം താഴെ കൊടുക്കാം:
ഹുദൈഫ(റ) എന്ന സ്വഹാബി ഒരു രോഗിയെ സന്ദര്‍ശിച്ചു. അദ്ദേഹം രോഗിയുടെ കൈത്തണ്ടയില്‍ തടവുന്നതിനിടയില്‍ ഒരു നൂല് കെട്ടിയതായി ശ്രദ്ധയില്‍ പെട്ടു. ഇതെന്താണെന്ന് ചോദിച്ചപ്പോള്‍ രോഗി പറഞ്ഞ മറുപടി: മന്ത്രിച്ചൂതിക്കെട്ടിയതാണ്. അപ്പോള്‍ അദ്ദേഹം അത് മുറിച്ചു കളയുകയും ഇപ്രകാരം പറയുകയും ചെയ്തു: ‘ഈ നൂല് കെട്ടിയ അവസ്ഥയില്‍ നീ മരണപ്പെട്ടാല്‍ നിനക്ക് ഞാന്‍ മയ്യിത്ത് നമസ്‌കരിക്കുകയില്ല!'(അബൂ ഹാതിം)
സ്വഹാബികളുടെ ആദര്‍ശ പ്രതിബദ്ധതയും വിശ്വാസ വിശുദ്ധിയും എത്രമേല്‍ ഉന്നത നിലവാരത്തിലുള്ളതായിരുന്നു എന്ന് ഈ സംഭവത്തില്‍ നിന്ന് നമുക്ക് വായിച്ചെടുക്കാം. മന്ത്രിച്ചൂതിക്കെട്ടിയ നൂലാണ് എന്ന് രോഗി പറഞ്ഞു എന്നതും എന്നിട്ടും ഹുദൈഫ അത് പൊട്ടിച്ചെറിഞ്ഞു എന്നതും ഇത് ഖുര്‍ആന്‍ കൊണ്ട് മന്ത്രിച്ചൂതിയതാണോ എന്ന കാര്യം പ്രവാചകനില്‍ നിന്ന് ദീന്‍ പഠിച്ച ഹുദൈഫ വിശദീകരണം ചോദിക്കുക പോലും ചെയ്തില്ല എന്നതും എത്ര ശ്രദ്ധേയം!
ഉഖ്ബത്തുബ്‌നു ആമിര്‍ (റ)ല്‍ നിന്ന് നിവേദനം ചെയ്യുന്ന ഒരു നബി വചനം ഇപ്രകാരം: ‘ആരെങ്കിലും ഏലസ്സ് കെട്ടിയാല്‍ അല്ലാഹു അവന് അത് പൂര്‍ത്തികരിച്ചു കൊടുക്കാതിരിക്കട്ടെ. ആരെങ്കിലും രക്ഷാ തകിട് കെട്ടിയാല്‍ അല്ലാഹു അവന് രക്ഷ നല്‍കാതിരിക്കട്ടെ.'(അഹ്മദ്, ഹാകിം)
രോഗശമനത്തിനെന്ന് പറഞ്ഞ് ഏതെങ്കിലും പുരോഹിതനോ മറ്റോ മന്ത്രിച്ചൂതിക്കൊടുക്കുന്ന പ്രത്യേക വസ്തുക്കളായ ഏലസ്സും ഐക്കല്ലും ഉറുക്കും അനിസ്ലാമികമാണെന്ന് മനസ്സിലാക്കാന്‍ പ്രയാസമില്ലാത്ത പ്രമാണ വാക്യമാണിത്.
തിര്‍മിദി റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ വന്നിട്ടുള്ള ‘ആരെങ്കിലും ശരീരത്തില്‍ വല്ലതും കെട്ടിയാല്‍ അവന്‍ ആ വസ്തുവില്‍ ഭരമേല്‍പിച്ചു’ എന്ന നബിവചനവും ഇതിനോട് ചേര്‍ത്ത് വായിക്കുക. കൈയില്‍ വാച്ച് കെട്ടുന്നതിനെ പറ്റിയോ അരയില്‍ ബെല്‍റ്റ് കെട്ടുന്നതിനെ പറ്റിയോ അല്ല ഇപ്പറഞ്ഞതെന്ന കാര്യം മതത്തിന്റെ ബാലപാഠമെങ്കിലുമറിയുന്നവര്‍ക്കറിയാമല്ലോ. ഏതെങ്കിലും പുരോഹിതനോ മറ്റോ മന്ത്രിച്ചൂതിയ തകിടോ നൂലോ ഏലസ്സോ കെട്ടുന്നതും അതിനെ ചികിത്സയായി (ആത്മീയ ചികിത്സ!) തെറ്റിദ്ധരിക്കുന്നതും എത്ര വലിയ വിവരക്കേടും പ്രവാചക നിന്ദയും ക്രൂരതയുമാണ് എന്ന് മന്ത്രവാദത്തെ മതമാക്കാന്‍ വെമ്പല്‍ കൊള്ളുന്നവര്‍ ചിന്തിക്കട്ടെ. ഖുര്‍ആന്‍ ഓതി ഊതിയ ‘കെട്ട് വസ്തുക്കളെ’ യും പ്രവാചകന്‍ ഇതില്‍ നിന്നൊഴിവാക്കിയില്ല എന്ന കാര്യം നവയാഥാസ്ഥിതിക മൗലവിമാരും മൗലാനമാരും ചിന്തിക്കട്ടെ!

പ്രാര്‍ഥനയല്ലേ മന്ത്രം?
മന്ത്രവാദത്തിന്റെ മതവിരുദ്ധത പ്രമാണ ബന്ധമായും യുക്തിഭദ്രമായും സൂചിപ്പിക്കുമ്പോള്‍ മന്ത്രവാദത്തെ മതമാക്കാന്‍ പാടുപെടുന്നവര്‍ ചോദിക്കുന്ന ചോദ്യമാണ് പ്രാര്‍ഥനയല്ലേ മന്ത്രവാദം? പ്രാര്‍ഥന മതത്തിന്റെ അനിവാര്യ ഭാഗമല്ലേ എന്ന്. എന്നിട്ട് ഉറങ്ങാന്‍ കിടക്കുമ്പോള്‍ നബി(സ) നിര്‍ദ്ദേശിച്ച ചില ഖുര്‍ആന്‍ വചനങ്ങളും അവ ഓതി ശരീരത്തില്‍ തടവാന്‍ പറഞ്ഞതുമായ ഹദീസ് തെളിവായി ഉദ്ധരിക്കുകയും ചെയ്യും! യഥാര്‍ഥത്തില്‍ മതബോധവും മതബോധ്യവും കുറഞ്ഞ മതനാമധാരികളെ വഴിതെറ്റിക്കാന്‍ ലക്ഷ്യം വെച്ചു കൊണ്ടാണ് ഈ പുരോഹിതന്മാര്‍ ഇങ്ങനെ ഒരു ദുര്‍ ന്യായം തട്ടി വിടുന്നത്.
വിശ്വാസി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഹദീസുകളില്‍ വന്ന ചില ഖുര്‍ആന്‍ ഭാഗങ്ങള്‍ ഓതി ശരീരത്തില്‍ കൈയെത്താവുന്നിടത്തെല്ലാം തടവിക്കിടക്കണം എന്നത് പ്രവാചകന്‍ നിര്‍ദേശിച്ച കിടപ്പറ നിയമങ്ങളില്‍ പെട്ടതാണ്. പ്രവാചകനെയും ഇസ്ലാമികാധ്യാപനങ്ങളെയും സ്‌നേഹിക്കുന്ന എല്ലാ മുസ്‌ലിംകളും അപ്രകാരം ചെയ്യാറുണ്ട്. ചെയ്യേണ്ടതുമാണ്. അത് പക്ഷേ ചികിത്സാരീതിയല്ല. ഉറങ്ങാന്‍ കിടക്കുമ്പോള്‍ വിശ്വാസി പാലിക്കേണ്ടതായ പ്രവാചക നിര്‍ദേശിത മതനിയമമാണ്.
പ്രാര്‍ഥന മഹത്തായ ആരാധനയായിട്ടാണ് ഇസ്ലാം വിശദീകരിച്ചിട്ടുള്ളത്. രോഗത്തിനുള്ള ചികിത്സയായിട്ടല്ല എന്ന വസ്തുതയെ മന്ത്രവാദത്തെ പ്രമാണവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നവര്‍ കോട്ടിമാട്ടുകയാണ്.
അയ്യൂബ് നബി (അ) കഠിനമായ രോഗ പരീക്ഷണത്തിലൂടെ കടന്നു പോയപ്പോഴും നബി(സ) പതിമൂന്ന് ദിവസം രോഗബാധിതനായപ്പോഴും അതില്‍ അവസാനത്തെ അഞ്ച് ദിവസം രോഗം വര്‍ധിച്ച് അക്ഷരാര്‍ഥത്തില്‍ ശയ്യാവലംബിയായപ്പോഴും ഏതെല്ലാം മന്ത്രവാദ ചികിത്സയാണ് നടത്തിയതെന്ന് മന്ത്രവാദക്കാരും അവര്‍ക്ക് പ്രമാണം ചമക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ട യാഥാസ്ഥിക, നവയാഥാസ്ഥികരും വ്യക്തമാക്കുക.

ചികിത്സിക്കാത്ത മന്ത്രവാദമോ തെറ്റ്?
കണ്ണൂര്‍ സംഭവത്തിലും സമാന സംഭവത്തിലും പിശാചിനെ ഇറക്കല്‍, ജിന്നിറക്കല്‍, ബാധയിറക്കല്‍, കൂടോത്രം ഒഴിപ്പിക്കല്‍, പനി ശമിപ്പിക്കല്‍ തുടങ്ങിയ മന്ത്രവാദ ക്രിയകളെ ന്യായീകരിക്കുന്നവര്‍ പ്രത്യക്ഷത്തില്‍ (അധികൃതരുടെയും പൊതു സമൂഹത്തിന്റെയും കണ്ണില്‍ പൊടിയിടാനാവാം!) എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിന് കാരണമായി അവര്‍ പറയുന്നത് ആശുപത്രിയില്‍ ചികിത്സ തേടാത്തതാണ്. ഇവരുടെ വാദപ്രകാരം മന്ത്രവും മന്ത്രവാദവും മന്ത്രവാദ ക്രിയകളുമെല്ലാം ചികിത്സയാണെന്നിരിക്കെത്തന്നെയാണ് ചികിത്സ നടത്താത്തതിന്റെ പേരില്‍ ഇക്കൂട്ടര്‍ പ്രതിഷേധത്തിനിറങ്ങുന്നത് എന്നതാണ് ഇതിലെ വിരോധാതിഷ്ഠിതമായ മറ്റൊരു കൗതുകം ! മന്ത്രവാദ ക്രിയകളോടൊപ്പം ചികിത്സയും തേടേണ്ടതായിരുന്നു എന്ന് പറയുന്നവര്‍ വ്യക്തമാക്കണം, മന്ത്രവും മന്ത്രവാദവും മന്ത്രവാദ ക്രിയകളും ചികിത്സയല്ലേ എന്ന കാര്യം! ആ വാദം ചികിത്സ, ഡോക്ടര്‍, ആശുപത്രി എന്നിവയുമായി ബന്ധപ്പെടുത്തുമ്പോള്‍ നിങ്ങള്‍ വിഴുങ്ങുന്നതെന്ത് കൊണ്ട്?
ഇസ്ലാമിക പ്രമാണങ്ങളില്‍ നിന്ന് രോഗവും രോഗിയും സമീപനങ്ങളും എന്ന വിഷയത്തില്‍ കൃത്യവും വ്യക്തവുമായ മാര്‍ഗനിര്‍ദേശങ്ങള്‍ മനസ്സിലാക്കിയെടുക്കാന്‍ സഹൃദയനായ ഏതൊരു വിശ്വാസിക്കും സാധിക്കും. നാല് കാര്യങ്ങളില്‍ അധിഷ്ടിതമാണത്.

ചികിത്സ സ്വീകരിക്കുക
‘എനിക്ക് രോഗം വന്നാല്‍ എന്നെ സുഖപ്പെടുത്തുന്നവന്‍’ എന്നാണ് ഇബ്രാഹിം നബി(അ) അല്ലാഹുവിനെ പരിചയപ്പെടുത്തിയത് (ശുഅറാഅ: 79).
അഥവാ രോഗശമനം ആത്യന്തികമായി നല്‍കുന്നവന്‍ അല്ലാഹുവാണെന്നര്‍ഥം. എന്നാല്‍ രോഗ ശമനത്തിന് മതം നിര്‍ദേശിച്ച നാല് മാര്‍ഗങ്ങള്‍ വിശ്വാസിയായ രോഗി പാലിക്കുക തന്നെ വേണം. അതിലൊന്നാണ് ശരിയായ ചികിത്സ സ്വീകരിക്കുക എന്നത്. (മന്ത്രവാദം ഇസ്ലാം അനുശാസിച്ചതോ അംഗീകരിച്ചതോ ആയ ചികിത്സയല്ല എന്ന് മുകളില്‍ വ്യക്തമാക്കിയത് പ്രത്യേകം ഓര്‍ക്കാം.) ഈ വിഷയത്തില്‍ വന്നിട്ടുള്ള ധാരാളം പ്രമാണ വാക്യങ്ങളില്‍ രണ്ടെണ്ണം മാത്രം സൂചിപ്പിക്കാം:
നബി(സ) പറഞ്ഞു: ‘എല്ലാ രോഗത്തിനും മരുന്നുണ്ട്. രോഗത്തിനുള്ള യഥാര്‍ഥ മരുന്ന് ലഭ്യമായാല്‍ അല്ലാഹുവിന്റെ അനുമതിയോടെ രോഗം സുഖമാകും'(മുസ്ലിം)
ത്വാരിഖുബ്‌നു സുവൈദ് നബി (സ) യോട് ചോദിച്ചു: മദ്യം മരുന്നായിട്ട് ഉപയോഗിക്കാമോ? അപ്പോള്‍ പ്രവാചകന്‍ പറഞ്ഞ മറുപടി ഇപ്രകാരം: ‘തീര്‍ച്ചയായും അത് മരുന്നല്ല, പക്ഷെ അത് രോഗമാകുന്നു'(മുസ്ലിം, തിര്‍മുദി)
‘ഒരാള്‍ ജോത്സ്യനെയോ മാരണക്കാരനെയോ അദൃശ്യമറിയുന്നവനെന്ന് വാദിക്കുന്നവനെയോ സമീപിക്കുകയും അയാളോട് പ്രശ്‌ന പരിഹാരമാരാഞ്ഞ് അയാള്‍ പറഞ്ഞത് വിശ്വസിക്കുകയും ചെയ്താല്‍ മുഹമ്മദിന് അവതരിച്ചതില്‍ (ഇസ്ലാം മതത്തില്‍) അയാള്‍ അവിശ്വസിച്ചു’ എന്ന ഇബ്‌നു മസ്ഊദില്‍ നിന്നുദ്ധരിക്കപ്പെടുന്ന വചനവും ഇതിനോട് ചേര്‍ത്ത് വായിക്കാം. കാരണം ചിലരെങ്കിലും ഇത്തരം സിദ്ധി വാദികളെ സമീപിക്കുന്നത് രോഗശമനത്തിനും രോഗകാരണം അറിയാനുമാണല്ലോ.

പ്രാര്‍ഥിക്കുക
ചികിത്സയോടൊപ്പം തന്നെ രോഗിയും രോഗിയുടെ അഭ്യുതയ കാംക്ഷികളും രോഗശമനത്തിനായി അല്ലാഹുവിനോട് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുക എന്നതാണ് രോഗകാര്യത്തില്‍ ശ്രദ്ധിക്കേണ്ട രണ്ടാമത്തെ കാര്യം. ഈ വിഷയത്തില്‍ പ്രമാണബദ്ധമായി വന്ന ധാരാളം ആരോഗ്യ പ്രാര്‍ഥനകളുണ്ട്. അവയില്‍ ഏറ്റവും പ്രശസ്തമായതും രോഗി സ്വന്തം നിലക്കും രോഗിയെ സന്ദര്‍ശിക്കുന്നവരും അല്ലാത്തവരുമായ അഭ്യുത കാംക്ഷികളും പ്രാര്‍ഥിക്കേണ്ട ഒരു സുപ്രധാന പ്രാര്‍ഥന ഹദീസില്‍ വന്നിട്ടുള്ളതിന്റെ ആശയം ഇപ്രകാരം:
‘ലോകരുടെ നാഥനായ അല്ലാഹുവേ, നീ ഈ പ്രയാസം ശമിപ്പിക്കേണമേ. നീ രോഗം സുഖപ്പെടുത്തേണമേ. നീയാണ് രോഗം സുഖപ്പെടുത്തുന്നവന്‍. നിന്റെ ശമനമല്ലാതെ വേറെ ശമനമില്ല, ഒരു രോഗവും അവശേഷിപ്പിക്കാത്ത വിധം നീ ഈ രോഗം സുഖപ്പെടുത്തേണമേ’

പ്രത്യാശ നിലനിര്‍ത്തുക
കടുത്ത രോഗാവസ്ഥയിലൂടെ കടന്നു പോകുമ്പോഴും നിയമാനുസൃത ചികിത്സയും അല്ലാഹുവിനോടുള്ള പ്രാര്‍ഥനയും തുടരുന്നതോടൊപ്പം അല്ലാഹുവിന്റെ കാരുണ്യത്തെ പറ്റി വിശ്വാസിയായ രോഗി പ്രത്യാശ വെച്ചുപുലര്‍ത്തണം. അയ്യൂബ് നബി (അ) കടുത്ത രോഗാവസ്ഥ അഭിമുഖീകരിച്ച് പല വിധ വിഷമഘട്ടങ്ങളിലൂടെ കടന്ന് പോയപ്പോഴും ‘നാഥാ, എനിക്ക് വിഷമം ബാധിച്ചിരിക്കുന്നു. നീ കാരുണ്യവാന്മാരില്‍ ഏറ്റവും വലിയ കാരുണ്യവാനാണല്ലോ’ എന്ന പ്രത്യാശയുടെ മന്ത്രമാണുരുവിട്ടു കൊണ്ടിരുന്നത് എന്ന് വിശുദ്ധ ഖുര്‍ആന്‍ അന്‍ബിയാഅ: 83 ല്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ‘പടച്ചോന്‍ എന്തിനാ എന്നെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നേ’ എന്ന നിഷേധാത്മക വാക്കുകള്‍ വിശ്വാസിയായ രോഗി പറയാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നര്‍ഥം.

ക്ഷമയവലംബിക്കുക
‘ഒരു മുസ്ലിമിനെ ബാധിക്കുന്ന ക്ഷീണം, രോഗം, മനോവ്യഥ, സങ്കടം, മറ്റെന്തെങ്കിലും വിഷമം, എന്തിന് ഒരു മുള്ളു തറക്കുന്നത് പോലും – അതിന്റെ ഫലമായി (ആ വിഷമം അനുഭവിക്കുകയും ക്ഷമിക്കുകയും ചെയ്തതിന്റെ ഫലമായി) അവന്റെ പാപങ്ങള്‍ അല്ലാഹു പൊറുത്തു കൊടുക്കും’ എന്ന ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച നബി വചനം വിശ്വാസിയായ രോഗിക്ക് പ്രാര്‍ഥനയും പ്രത്യാശയും ചികിത്സയും നിലനിര്‍ത്തുന്നതോടൊപ്പം ക്ഷമയവലംബിക്കാനുള്ള വലിയ പ്രചോദന വചനവും ആശ്വാസവചനവും തന്നെയാണ്.
രോഗി തന്റെ രോഗാവസ്ഥയില്‍ ഈ നാല് മാര്‍ഗങ്ങളും (ചികിത്സ, പ്രാര്‍ഥന, പ്രത്യാശ, ക്ഷമ) ഒരേ സമയം അവലംബിച്ചു മുന്നോട്ട് പോവുകയും എന്നിട്ട് അല്ലാഹുവില്‍ ഭരമേല്‍പിച്ച് (തവക്കുല്‍) ആദര്‍ശ ബോധത്തോടെയും മനോബലത്തോടെയും നില കൊള്ളുകയാണ് വേണ്ടത്. പ്രാര്‍ഥിക്കുന്നുണ്ടല്ലോ അത് കൊണ്ട് ചികിത്സ വേണ്ട എന്ന് ചിന്തിക്കുന്നത് പോലും ഇസ്ലാം വിരുദ്ധ ചിന്തയാണ് എന്നര്‍ഥം. രോഗിയോട് ഇസ്ലാം നിര്‍ദേശിച്ച നിയമാനുസൃതമാര്‍ഗങ്ങളില്‍ മന്ത്രവുമില്ല, മന്ത്രവാദവുമില്ല, മന്ത്രവാദ ക്രിയകളൊന്നുമേയില്ല എന്നതും ഏറെ ശ്രദ്ധേയം.
എന്നിട്ടും ഈ ഉത്തമ സമുദായം മന്ത്രവാദ ദുരന്തത്തിന്റെ ബലിയാടുകളാകുന്നു എന്നതാണ് ഏറെ സങ്കടകരം! .

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x