13 Monday
January 2025
2025 January 13
1446 Rajab 13

1360 കിലോയുള്ള കൃത്രിമോപഗ്രഹത്തെ ഭൂമിയിലേക്ക് തിരിച്ചിറക്കും


യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ‘ഇയോലസ്’ കൃത്രിമോപഗ്രഹം ദൗത്യ കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് തിരികെ ഭൂമിയിലേക്ക് ഇടിച്ചിറക്കും. 1360 കിലോഗ്രാം വരുന്ന ഉപഗ്രഹത്തെ സമുദ്രത്തിലാണ് തിരിച്ചിറക്കുക. കാലാവസ്ഥാ പഠനത്തിനായി 2018ലാണ് ഇയോലസിനെ വിക്ഷേപിച്ചത്. മൂന്നു വര്‍ഷത്തെ ദൗത്യകാലാവധി പൂര്‍ത്തിയാക്കിയ ഉപഗ്രഹം ഒന്നര വര്‍ഷത്തോളം വീണ്ടും പ്രവര്‍ത്തിച്ചു. കാലാവസ്ഥാ പഠനങ്ങളില്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കുകയും ചെയ്തു. ഇന്ധനം ഏറക്കുറേ തീര്‍ന്ന ഘട്ടത്തിലാണ് നിയന്ത്രിത തിരിച്ചിറക്കലിലൂടെ കൃത്രിമോപഗ്രഹത്തെ തിരികെയെത്തിക്കുന്നത്. നിലവില്‍ 320 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലാണ് ഇയോലസ് ഉള്ളത്. സമുദ്രത്തിനു മുകളില്‍ 80 കിലോമീറ്ററിലേക്ക് എത്തുമ്പോഴേക്കും ഇയോലസ് കത്തിത്തീരുമെന്ന് ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നു.