13 Sunday
October 2024
2024 October 13
1446 Rabie Al-Âkher 9

വൃത്തിയുള്ള കുട്ടി നല്ല കുട്ടി – സലീം ടി പെരിമ്പലം

നല്ല കുട്ടിയായാല്‍ വൃത്തി വേണം. വൃത്തി നല്ല കുട്ടിയുടെ ലക്ഷണം തന്നെ. ചെറിയൊരു വ്യവസ്ഥയുണ്ടെന്നു മാത്രം. വീട്ടില്‍നിന്ന് പുറപ്പെടുമ്പോള്‍ നല്ല വൃത്തി വേണം എന്നാക്കണം. വീട്ടില്‍ മടങ്ങിയെത്തുമ്പോള്‍ അങ്ങനെത്തന്നെയാവണമെന്ന് വാശി പിടിക്കരുത്. അങ്ങനെ വൃത്തിയോടുകൂടി മടങ്ങിവരാന്‍ അവനു കഴിയാത്തതുകൊണ്ടാണ്. കുട്ടികളുടെ പ്രകൃതം അറിയാമല്ലോ. അടങ്ങിയിരിക്കാനവര്‍ക്കാവില്ല. ഇരിക്കുന്നിടത്ത് നിന്ന് അവന് എഴുന്നേല്‍ക്കണം, ഓടണം, നിലത്തിരിക്കണം, കുത്തി മറിയണം, നിലത്തുരുളണം, കളികളിലേര്‍പ്പെടണം… ഇതെല്ലാം കഴിഞ്ഞു വസ്ത്രങ്ങളിലൊന്നും അഴുക്ക് പുരളാതെ പുത്തനായിത്തന്നെ കുട്ടി മടങ്ങിവരണമെന്നാണ് മാതാവിന്‍റെ അതിമോഹം.
നന്നായി ഭക്ഷണം കഴിക്കുന്നവരാണല്ലോ കുട്ടികള്‍. ഭക്ഷണത്തില്‍ നിന്ന് വിവിധ ഘടകങ്ങള്‍ ശരീരം ആകിരണം ചെയ്യുന്നു. പ്രവൃത്തി ചെയ്യാനുള്ള ഊര്‍ജം ലഭിക്കുന്നത് ഇങ്ങനെയാണ്. വിവിധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതിലൂടെ ഈ ഊര്‍ജം ഉപയോഗിച്ച് തീരുകയും ചെയ്യുന്നു. ശരീരത്തില്‍ നിന്ന് ഊര്‍ജം ഉപയോഗിച്ച് തീര്‍ന്നേ പറ്റൂ. എനര്‍ജി റിലീസിംഗ് എന്ന് പറയാം.
മുതിര്‍ന്നവര്‍ക്ക് എനര്‍ജി റിലീസിംഗിന് വിവിധ വ്യവഹാരങ്ങളുണ്ട്. അതേസമയം കുട്ടികള്‍ക്ക് അവരുടെ ശരീരത്തിലെ എനര്‍ജി റിലീസിംഗ് കളികളിലൂടെയാണ് സാധ്യമാകുന്നത്. അവരുടെ ശരീരത്തില്‍ നിന്ന് ഊര്‍ജം ഉപയോഗിച്ചു തീരണം. അതിന് കളികളിലേര്‍പ്പെട്ടേ പറ്റൂ. കളികളെന്നാല്‍ തടിയിളകിയുള്ള കളികള്‍ തന്നെ. അപ്പോള്‍ വസ്ത്രത്തില്‍ മണ്ണും ചെളിയും പുരളുക സ്വാഭാവികം.
ഈ പ്രശ്നത്തിന് അതിമനോഹരമായ വിധത്തില്‍ പരിഹാരം കണ്ടെത്തിയ ഒരു വിദ്യാലയത്തെകുറിച്ചുള്ള കഥയുണ്ട്. റ്റോമോ എന്ന സ്കൂളിനെക്കുറിച്ചുള്ള കഥ. ജാപ്പാനീസ് സാഹിത്യത്തിലെ ബെസ്റ്റ് സെല്ലറുകളില്‍ ഒന്നായ തെത്സുകോ കുറോയാനഗി എഴുതിയ ടോട്ടോചാന്‍ പുസ്തകത്തില്‍ പറയുന്ന റ്റോമോ സ്കൂള്‍ തന്നെയാണ് പരാമര്‍ശിക്കുന്നത്. വികൃതിക്കുട്ടിയായ ടോട്ടോചാന്‍ നല്ല കുട്ടിയായി മാറാന്‍ വേണ്ടി പ്രവേശനം തേടിയ സ്കൂള്‍. ഒരുപാടൊരുപാട് പ്രത്യേകതകളുള്ള സ്കൂളിനെയും പ്രധാനാധ്യാപകന്‍ കൊബായാഷിയെയും സ്കൂളിന്‍റെ പ്രവര്‍ത്തനങ്ങളെയും വായിച്ചറിഞ്ഞവരായിരിക്കുമല്ലോ നമ്മില്‍ പലരും.
കൊബയാഷി മാസ്റ്റര്‍ ഏറ്റവും പഴകിയ വസ്ത്രങ്ങളണിയിച്ച് കുട്ടികളെ സ്കൂളിലയക്കാനാണ് രക്ഷിതാക്കളോട് നിര്‍ദേശിച്ചിരുന്നത്. അഴുക്കാകുമെന്നോ മുഷിയുമെന്നോ ചെളി പുരളുകയോ കീറുകയോ ചെയ്യുമെന്നോ തുടങ്ങി ആശങ്കകളെല്ലാം വെടിഞ്ഞ് കുട്ടികള്‍ക്ക് സ്വതന്ത്രമായി കളിക്കാനും ആഹ്ലാദിക്കാനും സാധിക്കണം. വരുമ്പോള്‍ ധരിച്ചിരുന്ന നല്ല വസ്ത്രങ്ങള്‍ സ്കൂളിലെത്തിയാല്‍ അഴിച്ചുമാറ്റാനും ബാഗിലൊളിപ്പിച്ച് കൊണ്ട് വന്നിരുന്ന പഴയ വസ്ത്രങ്ങള്‍ ധരിക്കാനും സ്വാതന്ത്ര്യമുണ്ടായിരുന്നു. വൈകിട്ട് വീട്ടിലേക്ക് പോകുമ്പോള്‍ വസ്ത്രം മാറ്റിയുടുക്കും. അഴുക്കൊന്നുമാവാതെ വൃത്തിയുള്ള വസ്ത്രമിട്ട് കുട്ടി തിരികെ വരുന്നത് കാണുമ്പോള്‍ അമ്മമാരും സന്തോഷിക്കും. അവിടവിടെ തുന്നലുകളും കീറലുകളുമുള്ള മണ്ണുപുരണ്ട വസ്ത്രങ്ങളായിരുന്നെങ്കിലും മുഷിപ്പില്ലാത്ത മനസ്സും ആഹ്ലാദകരമായ പഠനാന്തരീക്ഷവും അനുഭവിക്കാന്‍ ഭാഗ്യം ലഭിച്ചവരായിരുന്നു റ്റോമോയിലെ കുട്ടികള്‍.
വൃത്തിയും വെടിപ്പുമുള്ള, കാണാന്‍ ചേലുള്ള വസ്ത്രങ്ങള്‍ അലക്കിത്തേച്ച് ധരിച്ചുതന്നെയാണ് കുട്ടികള്‍ വീട്ടില്‍ നിന്ന് പുറപ്പെടേണ്ടത്. അന്തസ്സുള്ള വസ്ത്രധാരണം അവരുടെ ആത്മവിശ്വാസം വര്‍ധിക്കാന്‍ സഹായിക്കും. നമ്മളൊരു കല്യാണത്തിനോ ചടങ്ങുകള്‍ക്കോ പോകുന്നതായി സങ്കല്‍പിക്കുക. വസ്ത്രധാരണത്തിലെന്തെങ്കിലും ചെറിയ അപാകതകളുണ്ടായാല്‍പോലും അത് നമ്മുടെ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. നന്നായി വസ്ത്രം ധരിക്കാനായില്ലെങ്കില്‍ കുട്ടികളുടെ മാനസികാവസ്ഥയും അതുതന്നെയാണ്. റ്റോമോ സ്കൂളില്‍ ചെയ്തപോലെ പഴയ വസ്ത്രം മാറിയുടുക്കാന്‍ നമ്മുടെ നാട്ടിലെ സ്കൂളുകളില്‍ അവസരമില്ലല്ലോ. അതിനാല്‍ ഇട്ടുടുത്ത് പോയ വസ്ത്രങ്ങളില്‍ മണ്ണും ചെളിയുമാക്കാനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്ക് കൊടുക്കണം.
യഥാര്‍ഥത്തില്‍ മണ്ണുപുരണ്ട വസ്ത്രവുമായി മടങ്ങിയെത്തുന്ന മകനെത്തന്നെയാണ് വീടുകളില്‍ ഉമ്മ കാത്തിരിക്കുന്നത്. അഴുക്കും ചെളിയും എത്രമാത്രമുണ്ടെന്നാണവര്‍ നോക്കുന്നത്. ഇസ്തിരി ചുളിയാതെ തിരികെ വരുമെന്ന് അവരാരും പ്രതീക്ഷിക്കുന്നില്ല. പക്ഷെ, മക്കളോടവര്‍ മുഷിഞ്ഞ് സംസാരിക്കും. നിന്നെ കന്നുപൂട്ടാനാണോ പറഞ്ഞയച്ചത്, പാടത്ത് കിടന്നുരുണ്ട് കേറിവന്നിരിക്കുന്നു തുടങ്ങിയ ആക്ഷേപങ്ങളാണ് കുട്ടികള്‍ കേള്‍ക്കേണ്ടി വരുന്നത്. പാവങ്ങളുടെ മനസ്സ് വിഷമിക്കും. നാളെ ചെളിയൊന്നുമാക്കാതെ തിരികെ വരുമെന്ന് മനസ്സില്‍ കരുതും. സാധിക്കില്ലല്ലോ. കുറ്റമൊന്നും ചെയ്യാതെ കുറ്റബോധത്തോടെ അടുത്ത ദിവസവും അവന്‍ വരും.
പാടത്തുരുണ്ട് വരുന്നു എന്ന് നിരന്തരം ആക്ഷേപിക്കുകയും ഇടയ്ക്ക് അടിക്കുകയും ചെയ്തിരുന്ന മാതാവിനെക്കുറിച്ച് ഒരിക്കല്‍ ഒരു കുട്ടി പരാതി പറഞ്ഞു. ഞാനവനോട് പാടത്തു കിടന്നുരുണ്ട് ചെളിയാക്കി വീട്ടിലേക്കു ചെല്ലാന്‍ നിര്‍ദേശം കൊടുത്തു. ഉമ്മാ, പാടത്തുരുണ്ടാല്‍ ഇങ്ങനെയായിരിക്കുമെന്ന് പറഞ്ഞ് ഉമ്മയെ ബോധ്യപ്പെടുത്താനും പറഞ്ഞു. അടുത്ത ദിവസം മുതല്‍ ഉമ്മയ്ക്കും ആശ്വാസം ഉണ്ടാകും. തലേന്നാളത്തെ അത്രക്കില്ലല്ലോ.
വൃത്തിയുള്ള വസ്ത്രധാരണം വളരെ പ്രധാനപ്പെട്ട ഒരു ഗുണമാണ്. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ നല്ല അന്തസ്സോടെ നമ്മുടെ മക്കള്‍ പുറപ്പെടട്ടേ. അവരെ അങ്ങനെ പറഞ്ഞയക്കേണ്ടതിന്‍റെ പരിപൂര്‍ണ ഉത്തരവാദിത്തം ഉമ്മമാരുടേതാണ്. ആ ഉത്തരവാദിത്തം നിറവേറ്റുക. അതേസമയം തന്‍റെ ബാല്യം ആസ്വദിക്കാനും പരിമിതികളെ ഭയക്കാതെ കളിക്കാനും രസിക്കാനും കുത്തിമറിയാനും നമ്മുടെ മക്കള്‍ക്ക് അവകാശവുമുണ്ട്. ആ അവകാശവും സ്വാതന്ത്ര്യവും അനുഭവിക്കാന്‍ അവനെ വിടുക. പൊഴിഞ്ഞുതീര്‍ന്ന ബാല്യത്തിന്‍റെ വില നന്നായറിയുന്നവരാണല്ലോ നാം

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x