13 Sunday
October 2024
2024 October 13
1446 Rabie Al-Âkher 9

വ്രതത്തിന്‍റെ മനശ്ശാസ്ത്രം – എന്‍ പി ഹാഫിസ് മുഹമ്മദ്

ഒരാള്‍ മറ്റൊരാളോട് വഴക്കിടാന്‍ വരുന്നു. അയാള്‍ പ്രകോപിതനാകുന്നില്ല. മറ്റൊരാള്‍ അതിവൈകാരികത കാണിക്കുമ്പോള്‍, ക്ഷമയോടെ പറയുന്നു: ഞാന്‍ നോമ്പുകാരനാണ്.
നോമ്പുകാലം ഭക്ഷണ പാനീയങ്ങളില്‍ നിന്ന് വിട്ടുമാറി നില്‍ക്കുവാന്‍ പ്രേരിപ്പിക്കുന്നു. പകല്‍നേര ഭക്ഷണവും ജലപാനം പോലും മാറ്റിവെക്കുന്നു. നോമ്പ് വിവക്ഷിക്കുന്നത് മിതഭക്ഷണം, ലളിത ഭക്ഷണം കഴിക്കാനാണ്; അതും നിഷ്കര്‍ഷിച്ച നേരങ്ങളില്‍ മാത്രം. ഇത് ബാഹ്യതലം. നോമ്പ്, ആന്തരിക ഭാവങ്ങള്‍ക്ക് നിയന്ത്രണം നടത്താനുള്ള പ്രേരണകൂടിയാണ്. ശാരീരികാവശ്യങ്ങള്‍ക്ക് മീതെയുള്ള ആത്മനിയന്ത്രണത്തില്‍ നിന്നാണ് വ്രതമാചരിക്കാന്‍ മാനസിക തലങ്ങളിലെ മാറ്റം സ്വരൂപിക്കുന്നത്. അത് അത്രക്കൊന്നും എളുപ്പമല്ലാത്തതുകൊണ്ട്, അവയ്ക്ക് മീതെയുള്ള നിയന്ത്രണത്തിന് വിശ്വാസത്തിന്‍റെയും ദൈവഭക്തിയുടെയും അടിത്തറയുണ്ട്. ശാരീരികാവശ്യങ്ങള്‍ ആത്മീയമായ ഉത്കര്‍ഷബോധത്താല്‍ ത്യജിക്കപ്പെടുന്നു. വ്രതത്തിന്‍റെ മനശ്ശാസ്ത്രപരമായ തലം വിളംബരം ചെയ്യുന്നത് ഇവിടെയാണ്.

ആത്മസംസ്കരണത്തിന്‍റെ മാര്‍ഗം
റമദാന്‍ വ്രതം ഭക്ഷണവും പാനീയങ്ങളും നിരസിക്കുന്നു. അതിരാവിലെയുള്ള ‘അത്താഴ’ത്തിന് ശേഷം അസ്മതയ നേരത്തെ ‘നോമ്പുതുറ’ വരെ യാതൊരു വിധ ഭക്ഷണവും കഴിക്കുന്നില്ല. വെള്ളം പോലും കുടിക്കുന്നില്ല. വിശപ്പ്, ദാഹം, ലൈംഗികാഭിലാഷ സഫലീകരണം, വൈകാരിക ഭാവങ്ങള്‍ എന്നിവയുമായി ഇടപെടുന്നു. സഹജവാസനകള്‍ക്ക് മീതെ ആത്മനിയന്ത്രണം കൊണ്ട് സന്തുലിതമായ ഒരു മാനസികാവസ്ഥ പരിശീലിച്ചെടുക്കാനാണ് വ്രതം ശ്രമിക്കുന്നത്. ആന്തരിക ഭാവങ്ങള്‍ക്ക് മീതെ അനുഭവജ്ഞാനം (Experiential Learning) കൊണ്ട് നിയന്ത്രണം സാധ്യമാക്കുന്നു. വ്യക്തിയില്‍ ശിഥിലീകരണം ഉണ്ടാക്കിയേക്കാവുന്ന സഹജതാല്പര്യങ്ങളെ ദൃഢീകരിക്കാനാണ് വ്രതം ഒരാളെ ശീലിപ്പിക്കുന്നത്. വ്രതത്തിലൂടെ ഒരാളുടെ മാനസിക തലത്തെ പൊതുക്രമീകരണം കൊണ്ട് സംസ്കരിച്ചെടുക്കുന്നു. വൈകാരിക ക്ഷോഭങ്ങള്‍ക്ക് അടിപ്പെടുകയും മാനസികാവസ്ഥ താറുമാറാക്കുകയും ചെയ്യുന്നത് മനുഷ്യപ്രകൃതമാണ്. ദേഷ്യത്തെയോ വെറുപ്പിനെയോ പ്രതികാരത്തെയോ ആഹ്ലാദത്തെയോ ആനന്ദത്തെയോ ആത്മപ്രശംസയെയോ നിയന്ത്രണ വിധേയമാക്കാന്‍ പറ്റാത്ത സന്ദര്‍ഭങ്ങളുണ്ട്. മറ്റു ജീവജാലങ്ങളില്‍ നിന്ന് മനുഷ്യരെ വേര്‍തിരിക്കുന്ന വ്യക്തിത്വഭാവമാണിത്. കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ക്ക് ഇത് കാരണമാകാറുണ്ട്. കോപമോ ശത്രുതയോ ദുഖമോ ചിലപ്പോള്‍ വ്യക്തിയുടെ ആന്തരിക ശിഥിലീകരണത്തിന് പോലും കാരണമാകാറുണ്ട്. അത്തരം തീവ്രവൈകാരികതയെ നിയന്ത്രിക്കാനാണ് റമദാന്‍ വ്രതം ശീലിപ്പിക്കുന്നത്. നോമ്പെടുക്കുമ്പോള്‍ അതിവൈകാരികതയ്ക്ക് ഇടപെടാനുള്ള സാധ്യത കുറയുന്നു. റമദാന്‍ വ്രതം സ്വസ്ഥപൂര്‍ണമായ വൈകാരികാവസ്ഥ സ്വരൂപിച്ചെടുക്കാനുള്ള പരിശീലനമായി മാറുന്നു.
വ്യവഹാരപമായ (Behavioural) കാര്യങ്ങളില്‍ വ്രതം ഇടപെടുന്നു. പെരുമാറ്റത്തെ ശുദ്ധീകരിക്കാനുള്ള ശ്രമമാണത്. നുണപറയുന്നതോ അക്രമവാസന കാണിക്കുന്നതോ പീഡിപ്പിക്കുന്നതോ കള്ളം ചെയ്യുന്നതോ ഒരു വ്യക്തിയുടെ വ്യവഹാരപരമായ ശിഥിലീകരണഭാവത്തെയാണ് വെളിപ്പെടുത്തുന്നത്. റമദാന്‍ വ്രതം അത്തരം കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കണിശമായും അനുശാസിക്കുന്നു. നന്മ- തിന്മകളുടെ അതിര്‍ത്തി നിര്‍ണയിച്ചാണ് ഒരു വിശ്വാസിയുടെ വ്യവഹാരത്തിനു മേല്‍ ഇടപെടല്‍ നടത്തുന്നത്; പെരുമാറ്റ രീതികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നത്. വ്യവഹാരപരമായ തകരാറുകള്‍ക്ക് പരിഹാരം കാണാന്‍ വ്രതം ഒരു ചികിത്സാ മാര്‍ഗമായി മാറുന്നു. തിരുത്തലുകള്‍ വരുത്താനും സ്വയം പരിഷ്ക്കരിക്കാനുമുള്ള സന്ദര്‍ഭം കൂടിയാണ് റമദാന്‍ വ്രതം. അവനവനെ തന്നെ മാറ്റിയെടുക്കാനുള്ള തീവ്രയത്നപരിപാടിയായി വ്രതം മാറുന്നു. ഇത്തരം ഒരു പ്രക്രിയ ആത്മപരിശോധന നടത്തി സ്വയം പുനര്‍സാമൂഹീകരണത്തിന് (Re-socialisation) വിധേയമാക്കുന്നു. ഇത്തരമൊരു ശ്രമത്തിന് വിശ്വാസത്തിന്‍റെ പിന്‍ബലമുള്ളതിനാല്‍ യാതൊരു വിധ ന്യായീകരണമോ നിര്‍ബന്ധമോ ആവശ്യമില്ലാതായും വരുന്നു. വ്യവഹാരപരമായ വൈകല്യങ്ങളില്ലാത്ത ഒരു വിശ്വാസിക്ക്, റമദാന്‍ വ്രതം താന്‍ പിന്തുടര്‍ന്ന മാര്‍ഗം ഇനിയും പിന്തുടരാനുള്ള പ്രോത്സാഹനമായിത്തീരും.

നോമ്പ് ദിനത്തിലെ വിശ്വാസി

ഒരു സാധാരണ നോമ്പ് ദിനം പരിശോധിക്കുമ്പോള്‍, ആത്മ പരിശോധനയുടെയും ആത്മ സംസ്കരണത്തിന്‍റെയും ആരംഭം ഉറങ്ങിയെണീറ്റ് അത്താഴം കഴിക്കുന്നത് മുതല്‍ തുടങ്ങുന്നുണ്ട്. രാവിലെ മുതല്‍ തുടങ്ങുന്ന വ്രതത്തിന് പ്രഭാതത്തിന് മുമ്പുള്ള ഭക്ഷണം, അത്താഴം, കഴിക്കുകയെന്നത് ഒരു ചിട്ടയാണ്. ഭക്ഷണവും നീണ്ട പ്രാര്‍ഥനയും കഴിഞ്ഞുള്ള ഉറക്കത്തെയാണത് നെടുകെ മുറിക്കുന്നത്. എന്നാല്‍ അതിരാവിലെ ആ ലഘുഭക്ഷണം നിര്‍ബന്ധമാണെന്ന് പൊതുവെ കരുതപ്പെടുന്നു. ഭക്ഷണാനന്തരം നോമ്പെടുക്കാനുള്ള തീരുമാനം- നിയ്യത്ത്. ഈ തീരുമാനം അവനവന്‍റെ മനസ്സിനോടുള്ള വാക്ക് കൊടുക്കല്‍ കൂടിയാണ്. സര്‍വേശ്വരന് വേണ്ടിയുള്ള ഒരു പ്രണാമത്തെ വ്യക്തി സ്വയം ഉള്ളിലിട്ടുറപ്പിക്കുന്നതിന് ഈ തീരുമാനത്തിന് കഴിയുന്നുണ്ട്. ബാഹ്യ സംബന്ധിയായ ഒരു പ്രവര്‍ത്തിയല്ല നോമ്പ്. വ്യക്തിയുടെ ആന്തരിക തലങ്ങളെ നോമ്പ് ക്രമീകരിക്കുന്നുണ്ട്. ഭക്ഷണ- പാനീയ തിരസ്കാരത്തേക്കാള്‍ പ്രധാനം ആന്തരികമായ ഈ ദൃഢനിശ്ചയം തന്നെയാണ്. അത് മനസ്സിനോട് തന്നെ നടത്തുന്ന കരാറാക്കി മാറ്റുന്നു നിയ്യത്ത്. ആ മുഴുനീള ദിവസത്തെ ആത്മനിയന്ത്രണത്താല്‍ ജീവിതേച്ഛകളെ, ശാരീരികവും മാനസികവുമായ ആവശ്യങ്ങളെ നിയന്ത്രണ വിധേയമാക്കാനുള്ള സ്വന്തം തീരുമാനമാണത്. വേറൊരര്‍ഥത്തില്‍ ദൈവ കല്പനയെ വ്യക്തിപരമായ തീരുമാനമാക്കി മാറ്റുകയാണ്. ഒരനുഷ്ഠാന കര്‍മത്തെ മാനസിക തലങ്ങളിലേക്ക് മാറ്റിയെടുക്കാനുള്ള ശ്രമം പ്രഭാതത്തില്‍ നോമ്പ് ആരംഭിക്കും മുമ്പെ ദൃഢീകരിക്കുന്നു.
പകല്‍ നേരം, അവരവരുടെ ജോലികളില്‍ മുഴുകണമെന്ന് തന്നെയാണ് ദൈവകല്പന. പക്ഷേ, കഴിവതും പ്രാര്‍ഥനകളിലും ഖുര്‍ആന്‍ പാരായണത്തിലും നിലകൊള്ളാന്‍ നിഷ്കര്‍ഷിക്കപ്പെട്ടിട്ടുണ്ട്. പ്രാര്‍ഥനകള്‍ക്ക് കൂടുതല്‍ സാമൂഹികമായ സ്വഭാവം റമദാന്‍ മാസക്കാലത്ത് രൂപം കൊള്ളുന്നുണ്ട്. നമസ്കാരം കൃത്യസമയത്ത് ഇമാമിനൊപ്പം കൂട്ടത്തോടെ നടത്തുന്നു. കൂട്ടുപ്രാര്‍ഥനയുടെ ആഗ്രഹം മാനസിക തലങ്ങളില്‍ മാറ്റമുണ്ടാക്കുന്നുണ്ട്. നമസ്കാരത്തോടുള്ള ഭക്തിയും ആവേശവും റമദാന്‍ വര്‍ധിപ്പിക്കുന്നു. സ്വാഭാവികമായും പുണ്യം നിറഞ്ഞ മാസം, അനുഗ്രഹങ്ങള്‍ ലഭിക്കുന്ന കൃത്യങ്ങളിലേക്ക് വിശ്വാസികളെ കൊണ്ടുപോകുന്നു. ദാനധര്‍മങ്ങള്‍ നിര്‍വഹിക്കുക, ഐച്ഛികമല്ലാത്ത പ്രവര്‍ത്തികളിലും പ്രാര്‍ഥനകളിലും മുഴുകുക, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുക, സക്കാത്ത് നിര്‍വഹണത്തിന് പുണ്യമാസത്തെ പരമാവധി ഉപയോഗിക്കുക, രാത്രിയുള്ള തറാവീഹ് നമസ്കാരത്തോടെ ദൈവത്തിങ്കലുള്ള സമര്‍പ്പണത്തിന്‍റെ ദിനം അവസാനിപ്പിക്കുക തുടങ്ങിയ കര്‍മപരിപാടികള്‍ മനസ്സ് തീരുമാനിച്ച ദൃഢനിശ്ചയത്തെ കൂടുതല്‍ പരിപാവനമാക്കാനുള്ള യത്നങ്ങളാണ്. വിശ്വാസി മാനസിക തലങ്ങളിലുള്ള തന്‍റെ ആത്മസമര്‍പ്പണം സാമൂഹിക ഭാവത്തോടെ ഒരു ദിനം പൂര്‍ത്തീകരിക്കുന്നു. അത് ആ മാസം മുഴുക്കെ ആവര്‍ത്തിക്കുന്നു. ആവര്‍ത്തനം, തുടര്‍ച്ചയായുള്ള ആവര്‍ത്തനം, മാനസിക തലങ്ങളിലെ ക്രമീകരണത്തെ നോമ്പ് കഴിഞ്ഞാലും കൈവിടാതിരിക്കാനുള്ള പരിശീലനം കൂടിയാണ്. ഒരു മാസക്കാലത്തെ അനുഷ്ഠാനത്തെ, പിന്നീടുള്ള പതിനൊന്ന് മാസങ്ങളിലും ഏറെക്കുറെ പിന്തുടരാനുള്ള സ്വയം തീരുമാനമാക്കി മാറ്റാനാണ് ഓരോ ആളും വ്രതാചരണത്തോടെ ആശിക്കുന്നത്. ശരീരത്തെയല്ല മനസ്സിനെയാണ് വ്രതം കൂടുതലായും ശിക്ഷണം നടത്തുന്നത്.
വ്രതകാല അവസാനത്തില്‍ ഭക്തിയും ആദരവും വിധേയത്വവും അതിന്‍റെ പരമാവധിയിലെത്തിക്കുന്നു. ലൈലത്തുല്‍ ഖദര്‍, പുണ്യമാക്കപ്പെട്ടതില്‍ ഏറ്റവും പുണ്യമായ ദിനം, നോമ്പിന്‍റെ അവസാന നാളുകളിലാണ്. ഈ ദിനം ഏതെന്ന് കൃത്യമായി പറയുന്നില്ല. അതുകൊണ്ടുതന്നെ നോമ്പിന്‍റെ ‘ഒടുവിലത്തെ പത്ത്’, മൂന്നില്‍ ഒന്ന്, ആരാധനയുടെയും പുണ്യകര്‍മങ്ങളുടെയും പാരമ്യതയില്‍ എത്തിക്കുന്നു. സര്‍വേശ്വരനോടുള്ള കീഴ്പ്പെടലിന്‍റെ ഉച്ചിയിലാണ് നോമ്പെടുക്കുന്ന വിശ്വാസി എത്തിച്ചേരുന്നതപ്പോള്‍. ആകുമെങ്കില്‍ ആരാധനാലയത്തില്‍ തന്നെ പുണ്യദിനത്തോടനുബന്ധിച്ച് ആരാധനാ കര്‍മങ്ങള്‍ക്ക് വേണ്ടി പകലും രാത്രിയും ഒത്തുചേര്‍ന്നിരിക്കാന്‍ താല്പര്യപ്പെടുന്നു. വിശ്വാസത്തെ, ആയൊരു മാസം ക്രമേണയുള്ള ചിട്ടകള്‍ കൊണ്ട്, പൂര്‍ണ വിധേയത്വത്തിന്‍റെ ഉന്നതങ്ങളിലാണെത്തിച്ചേര്‍ക്കുന്നത്. റമദാന്‍ കടന്നുപോകുമല്ലോ എന്ന സങ്കടം പലരിലും കണ്ണീരായി മാറുന്നത് നിരീക്ഷിക്കാന്‍ സാധിക്കും. റമദാന്‍ മാസം കഴിഞ്ഞുപോയാലും, പരിശുദ്ധി ബാക്കി നിലനിര്‍ത്താന്‍ വിശ്വാസി കേണപേക്ഷിക്കുന്നു. ഈദുല്‍ ഫിത്വ്ര്‍ ആഘോഷം അതിന് അടിവരയിടുന്നു. വീണ്ടും റമദാന്‍ കാത്തിരിക്കുന്നു.


വ്യക്തിപരമായി, ശരീരത്തെയും മനസ്സിനെയും സ്വന്തം ചുറ്റുവട്ടത്തില്‍ തന്നെ നിര്‍ത്തി, ഈ വിധം ആത്മസംസ്ക്കരണം നടത്തുന്ന ഒരു അനുഷ്ഠാനം മുസ്ലിംകള്‍ക്ക് വേറെയില്ല. പുണ്യദേശങ്ങളിലേക്ക് യാത്ര ചെയ്യാനോ പരിശുദ്ധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനോ കല്പിക്കപ്പെട്ടിട്ടില്ല. വീട്ടിലും തൊട്ടടുത്ത പള്ളിയിലും വെച്ചാണ്, ദൈനംദിന ജോലികള്‍ ചെയ്തുകൊണ്ട്, മനസ്സിനെ ചിട്ടപ്പെടുത്തുന്നത്. വ്രതാനുഷ്ഠാനത്തെ കഴിവതും കുടുംബവുമായും പ്രദേശത്തെ ആരാധനാലയവുമായാണ് ബന്ധിച്ചിരിക്കുന്നത്. അത് ഒരു വിശ്വാസിക്ക് എളുപ്പകരമായ ശിക്ഷണമാക്കി മാറ്റിയിരിക്കുന്നു. ഇതൊക്കെയും നോമ്പ് നടത്തുന്ന മാനസിക തല ഇടപാടുകളെക്കുറിച്ചാണ് ഓര്‍മിപ്പിക്കുന്നത്. വ്രതത്തിന്‍റെ മനശ്ശാസ്ത്രപരമായ പ്രാധാന്യം മറ്റൊന്നല്ല.

നോമ്പ്: മനശ്ശാസ്ത്ര വിശകലനം
പ്രശസ്ത മനശ്ശാസ്ത്രജ്ഞന്‍ സിഗ്മണ്ട് ഫ്രോയ്ഡ് വ്യക്തിത്വത്തിന്‍റെ മൂന്ന് തലങ്ങളെക്കുറിച്ച് പറയുന്നു:
1. ഇഡ് (ID)
2. ഈഗോ (Ego)
3. സൂപ്പര്‍ ഈഗോ
(Super Ego)

സഹജമായ വാസനകളാണ് ‘ഇഡ്’. ജന്മനാ മനുഷ്യരില്‍ കുടികൊള്ളുന്ന ശാരീരികമായ ആവശ്യങ്ങള്‍ ‘ഇഡി’ല്‍ പെടുന്നു. വിശപ്പ്, ദാഹം, കാമം, ലൈംഗികാഭിലാഷം എന്നീ സഹജവാസനകളാണ് ഇതില്‍ പ്രധാനം. മനുഷ്യരെ മൃഗങ്ങളുമായി അടുപ്പിക്കുന്നത് ഈ ഘടകങ്ങളാണ്. ഈ ആവശ്യങ്ങളുടെ സമ്പൂര്‍ത്തീകരണം ആദിമരും ആധുനികരുമൊക്കെ നടത്തുന്നു. നിലനില്പിന്‍റെ പ്രശ്നങ്ങളാണത്. ‘ഇഡ്’ വ്യക്തിത്വത്തിന്‍റെ അടിസ്ഥാനഭാവമായി ഫ്രോയ്ഡ് നിരീക്ഷിക്കുന്നു.
‘ഇഡി’നു മീതെ രൂപപ്പെടുന്ന തലമാണ് ‘ഈഗോ’. വ്യക്തിയുടെ വ്യതിരിക്തമായ, വേറിട്ട് നില്ക്കുന്ന, ആന്തരിക തലത്തെയാണ് ‘ഈഗോ’ പ്രതിനിധാനം ചെയ്യുന്നത്. അത് അഹംബോധത്തിന്‍റെയും സ്വത്വബോധത്തിന്‍റെയും (idtentity) വ്യവസ്ഥയാണ്. വ്യക്തിയുടെ ‘ഞാന്‍’ തീരുമാനിക്കപ്പെടുന്നത് ‘ഈഗോ’യിലൂടെയാണ്. കുട്ടിക്കാലവും കുടുംബവും വിദ്യാലയവും സൗഹൃദ സംഘങ്ങളും മതവും ‘ഈഗോ’യുടെ രൂപീകരണത്തില്‍ പങ്ക് വഹിക്കുന്നുണ്ട്.

ഇഡിനും ഈഗോയ്ക്കും മീതെ നില്‍ക്കുന്ന തലമാണ് ‘സൂപ്പര്‍ ഈഗോ’. സാമൂഹികാവബോധത്തിന്‍റെയും സഹജ ബോധത്തിന്‍റെയും ഘടകങ്ങളാണ് ‘സൂപ്പര്‍ ഈഗോ’യില്‍ നിലകൊള്ളുന്നത്. സംഘം രൂപപ്പെടുത്തിയെടുക്കുന്ന വ്യക്തിത്വത്തിലെ സാമൂഹിക തലമാണിത്. സംഘബോധവും സംഘനിര്‍മിതിയും ഇതിന്‍റെ ഫലമായുണ്ടാവുന്നു. വ്യക്തിപരമായ വാസനകള്‍ക്കും ആവശ്യങ്ങള്‍ക്കും മീതെ സാമൂഹികതയെ ‘സൂപ്പര്‍ ഈഗോ’ പ്രതിഷ്ഠിക്കുന്നു. ഈ മൂന്ന് ഘടകങ്ങളുടെ ചേരുവയാണ് ഒരു വ്യക്തിത്വം എന്ന് ഫ്രോയ്ഡ് നിരീക്ഷിക്കുന്നു.
സഹജ വാസനകളും പ്രാഥമിക ആവശ്യങ്ങളും മനുഷ്യരെ കാടത്തത്തിലേക്കോ കാരാത്വത്തിലേക്കോ കൊണ്ടുപോയിട്ടുണ്ട്. അത് സാമൂഹികമായ അരാജകത്വത്തിലെത്തിക്കുന്നുവെന്ന് മനുഷ്യര്‍ തിരിച്ചറിഞ്ഞിട്ടുമുണ്ട്. മനുഷ്യ സഹജമായ ഈ തലത്തെ നിയന്ത്രണവിധേയമാക്കാനുള്ള പരിശീലന പരിപാടിയാണ് ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം വ്രതാനുചരണം. പകല്‍ നേരങ്ങളില്‍ ഈ സഹജവാസനകള്‍ തീവ്രതരമാകുന്നു. അവ സാഹചര്യങ്ങളാല്‍ പ്രകോപിക്കപ്പെടുന്നു. ഈ പ്രാകൃതവും അപരിഷ്കൃതവുമായ ഭാവത്തെ ചിട്ടപ്പെടുത്താനാണ് നോമ്പ് വഴിയൊരുക്കുന്നത്. പ്രകോപനങ്ങളെ തടയിടാന്‍ റമദാന്‍ വ്രതം പരിശീലിപ്പിക്കുന്നു. വിശ്വാസാധിഷ്ഠിതമായ അനുഷ്ഠാനത്തിലൂടെയാണ് ആത്മനിയന്ത്രണം സാധ്യമാക്കുന്നത്. മതപരമായ നിബന്ധനകളാണ് ‘ഇഡി’ന് മീതെ നിയന്ത്രണമേര്‍പ്പെടുത്തുന്നത്. ‘ഈഗോ’യെയും വ്രതം നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഞാന്‍ എന്ന ബോധം അഹങ്കാരമായിത്തീര്‍ന്നേക്കാവുന്നതാണ്. അത് ആത്മ പ്രശംസയുടെയും അഹന്തയുടെയും പ്രകടനമായേക്കും. ‘ഇഡി’നും ‘ഈഗോ’യ്ക്കുമപ്പുറം ചോദ്യംചെയ്യലില്ലാതെ ‘സൂപ്പര്‍ ഈഗോ’യെ ഉയര്‍ത്തുന്നു. സ്നേഹത്തിന്‍റെയും ആത്മനിയന്ത്രണത്തിന്‍റെയും പാതകളിലൂടെ ഒരു സാമൂഹികബോധം റമദാന്‍ വ്രതം വളര്‍ത്തിയെടുക്കുന്നുണ്ട്. ആത്മീയതയുടെ ഔന്നത്യത്തിലേക്കാണ് നോമ്പ് വിശ്വാസികളെ കൊണ്ടുപോകുന്നത്. സഹജീവികളോടുള്ള കാരുണ്യത്തിന്‍റെയും സഹാനുഭൂതിയുടെയും ഉത്തരവാദിത്വത്തിന്‍റെയും സാമൂഹികാവസ്ഥ ‘ഇഡി’നും ‘ഈഗോ’യ്ക്കും മീതെ ‘സൂപ്പര്‍ ഈഗോ’യില്‍ പ്രാധാന്യം കൊടുക്കുന്നതോടെ ഉണ്ടാക്കിയെടുക്കുന്നു. മാനസിക അപഗ്രഥന രീതിയില്‍ വ്രതത്തെ വിശദീകരിക്കുമ്പോള്‍, സമൂഹത്തിന്‍റെ ആരോഗ്യം നിലനിര്‍ത്താനുള്ള യത്നം കൂടിയായി റമദാന്‍ വ്രതം മാറുന്നുണ്ട്.

 

ആത്മസാക്ഷാത്ക്കാരത്തിന്‍റെ മനശ്ശാസ്ത്രം

എബ്രഹാം മാസ്ലോവ് എന്ന മനശ്ശാസ്ത്രജ്ഞന്‍ മനുഷ്യരുടെ ആവശ്യങ്ങളുടെ (Needs) ശ്രേണീകരണം നടത്തുന്നു:

പ്രാഥമികാവശ്യങ്ങളില്‍ നിന്നാരംഭിച്ച് ആത്മസാക്ഷാത്ക്കാരത്തിലെത്തിക്കുന്ന പ്രക്രിയയെക്കുറിച്ച് അദ്ദേഹം പറയുന്നു:

1. ശാരീരികാവശ്യങ്ങള്‍
(Physiological Needs)
2. സുരക്ഷിതാവശ്യങ്ങള്‍
(Safety Needs)
3. സ്നേഹാവശ്യങ്ങള്‍
(Love Needs)
4. ആത്മാഭിമാനാവശ്യങ്ങള്‍
(Esteem Needs)
5. ആത്മസാക്ഷാത്ക്കാരാവശ്യങ്ങള്‍ (Self Actionalisation
Needs)

ആവശ്യങ്ങളില്‍ പ്രഥമമെന്ന് മാസ്ലോവ് കരുതുന്നത് ശാരീരികാവശ്യങ്ങളാണ്. വിശപ്പ്, ദാഹം, കാമം തുടങ്ങിയ ആവശ്യങ്ങളാണ് ഈ കൂട്ടത്തില്‍ പെടുന്നത്. ശാരീരികാവശ്യങ്ങള്‍ നിറവേറ്റപ്പെടുമ്പോള്‍ സുരക്ഷിതാവശ്യങ്ങള്‍ പ്രബലമാകുന്നു. താമസം, കാലാവസ്ഥാ മാറ്റങ്ങളെ അഭിമുഖീകരിക്കല്‍, സാമ്പത്തികം തുടങ്ങിയവ മനുഷ്യരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നു. സ്വത്ത്, വീട്, വിഭവങ്ങള്‍, ആരോഗ്യം എന്നിവയില്‍ നിന്നാണ് സുരക്ഷിതത്വാവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നത്. സ്നേഹാവശ്യമാണ് പിന്നീട് വരുന്നത്. സാമൂഹികാവശ്യമായത് മാറുന്നു. സാമൂഹിക വൈകാരികതയോട് ചേര്‍ന്ന ആവശ്യങ്ങളാണിത്; ഇതിന് മീതെ ശ്രേണിയിലെത്തുന്നതും. ഏത് സാഹചര്യങ്ങളിലും വ്യക്തി ആത്മവിശ്വാസത്തോടെ, സ്വയം മതിപ്പോടെ നിലകൊള്ളുന്നത് വ്യക്തിയുടെ ആദരാംഗീകരണങ്ങളോട് ചേര്‍ന്ന ആവശ്യങ്ങളാണ്. മറ്റുള്ളവരുടെ അംഗീകാരം വ്യക്തിയെ ആത്മവിശ്വാസത്തിലേക്ക് നയിക്കുന്നു. ഈ നാല് ആവശ്യങ്ങള്‍ നിറവേറ്റപ്പെടുമ്പോള്‍ അവസാനത്തെ ആവശ്യമായ ആത്മസാക്ഷാത്ക്കാരാവശ്യവും സജീവമായി നിറവേറ്റപ്പെടുന്നു. വ്യക്തിയുടെ സമ്പൂര്‍ണതയിലേക്കെത്തുന്ന സന്ദര്‍ഭമാണിത്. പ്രവര്‍ത്തി, സര്‍ഗ രചന, സന്യാസം, സാമൂഹിക സേവനം തുടങ്ങിയ മാര്‍ഗങ്ങളിലൂടെ സാക്ഷാത്കാരം നേടുന്നു.
വ്രതം ആദ്യം വ്യക്തിയോട് അഭിമുഖീകരിക്കാനാവശ്യപ്പെടുന്നത് പ്രാഥമികാവശ്യങ്ങളോടാണ്. ശാരീരികാവശ്യങ്ങളില്‍ നിന്നുള്ള അഭിനിവേശത്തെ അതിജീവിക്കാനാണ് വ്രതം സമ്മര്‍ദം ചെലുത്തുന്നത്. ഭക്ഷണം, വെള്ളം, ലൈംഗിക ബന്ധം തുടങ്ങിയവയില്‍ നിന്നുള്ള ആസക്തിയേയാണാദ്യം നിയന്ത്രണവിധേയമാക്കേണ്ടത്. ശാരീരികാവശ്യങ്ങള്‍ വിശ്വാസബോധത്താല്‍ ഭാഗികമായി ത്യജിക്കപ്പെടുന്നു. പിന്നീടുള്ള സുരക്ഷിതത്വ, സ്നേഹ, അംഗീകാര ആവശ്യങ്ങള്‍ ദൈവിക ബോധത്തിലൂടെയും സര്‍വേശ്വരനോടുള്ള വിധേയത്വത്തിലൂടെയുമാണ് മറികടക്കുകയോ സന്തുലിതമാക്കപ്പെടുകയോ ചെയ്യുന്നത്. വീട്, കുടുംബം, പള്ളി, പ്രദേശം, സമുദായം, ലോകം എന്നിവയാല്‍ സൃഷ്ടിക്കപ്പെടുന്ന അന്തരീക്ഷം ഈ ആവശ്യങ്ങള്‍ക്ക് മീതെയുള്ള താല്‍ക്കാലികമായെങ്കിലുമുള്ള മേധാവിത്വം ഉറപ്പ് വരുത്തുന്നു. ഉന്നതമായ ഒരു സദാചാര ബോധത്തിലേക്കാണ് റമദാന്‍ വ്രതം വ്യക്തിയെ ഉയര്‍ത്തുന്നത്. നന്മയുടെ ലോകത്ത് വിശ്വാസത്തിന്‍റെ ഒരു സാമൂഹികാവബോധമാണ് ആത്മസാക്ഷാത്ക്കാരത്തിലേക്കുള്ള മാര്‍ഗമായി മാറുന്നത്. പകല്‍ നേരത്തെ ഭക്ഷണ, പാനീയ, ലൈംഗിക ബന്ധ പരിത്യാഗവും കാമക്രോധ വികാരങ്ങള്‍ക്ക് മീതെയുള്ള നിയന്ത്രണവും വിശ്വാസിയെ ശുദ്ധപ്രകൃതത്തിലേക്കെത്തിക്കുന്നു. വികാരങ്ങള്‍ക്കും, അഹന്തയ്ക്കും, താന്‍പോരിമയ്ക്കും, അമിത സ്നേഹത്തിനുമൊക്കെ ഒരു സന്തുലിതാവസ്ഥ സ്വരൂപിക്കാനാവുന്നു.
ഭക്തിയും വിശ്വാസവും സമര്‍പ്പണവും ആത്മസാക്ഷാത്ക്കാരത്തിന്‍റെ ശിഖരം പൂക്കാന്‍ കാരണമാകുന്നു. രാത്രി നമസ്കാരം, പള്ളിയിലെ രണ്ടോ മൂന്നോ ദിവസങ്ങളിലെ വാസം, ദാനം, സല്‍ക്കര്‍മങ്ങള്‍, ക്ഷേമ പ്രവര്‍ത്തനങ്ങള്‍, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ആത്മ നിര്‍വൃതിയുടെ ഉയരങ്ങളിലെത്തിക്കുന്നു. ആത്മീയ പ്രചോദനത്തില്‍ നിന്നാണ് ശാരീരികവും അല്ലാത്തതുമായ ആവശ്യങ്ങളുടെ മീതെ വ്രതം കയ്യടക്കം കൊടുക്കുന്നത്. ശാരീരികാവശ്യങ്ങളെ പാടെ നിരാകരിക്കാതെ ആത്മസാക്ഷാത്കാരാവശ്യം വിശ്വാസത്താല്‍ സഫലീകരിക്കുവാനാണ് സാധാരണക്കാരെപ്പോലും വ്രതം സഹായിക്കുന്നത്.
മാസ്ലോവിന്‍റെ സിദ്ധാന്തത്തെ അടിസ്ഥാനമാക്കി വ്രതത്തിന്‍റെ മനശ്ശാസ്ത്രപരമായ പ്രാധാന്യം തിരിച്ചറിയാവുന്നതാണ്. വ്രതം ഒരു വ്യക്തിയെ ആത്മപരിശോധനയ്ക്ക് വിധേയമാക്കുന്നു. അവനവനെ വിലയിരുത്താനുള്ള കണ്ണാടിയായി മാറുന്നു. കഴിവും കഴിവ് കേടും, ശക്തിയുള്ള ദൗര്‍ബല്യങ്ങളും വേര്‍തിരിച്ചറിയാന്‍ വ്രതം സഹായിക്കുന്നു. ആത്മവിശകലനത്തിലൂടെ ആവശ്യമായ തെറ്റുതിരുത്തലുകള്‍ നടത്തി മുന്നോട്ട് പോകാന്‍ വ്രതം സഹായിക്കുന്നു. കഴിഞ്ഞുപോയ കാലത്തെ വിലയിരുത്തി, ചെയ്തുപോയ മതപരമായ വിലക്കുകളുടെ ലംഘനങ്ങള്‍ കണ്ടെത്താനും മാപ്പിരന്ന്, ഇനിയവ ആവര്‍ത്തിക്കാതിരിക്കാനുള്ള തീരുമാനമായി മുന്നോട്ട് നീങ്ങാന്‍ വ്രതം വഴിയൊരുക്കുന്നു. പശ്ചാത്താപം ഒരു തെറ്റു തിരുത്തല്‍ പ്രക്രിയയാകുന്നു. ഏത് തരത്തിലും മാനസിക തലങ്ങളിലെ ശുദ്ധീകരണവും സന്തുലിതാവസ്ഥയും നിലനിര്‍ത്താന്‍ റമദാന്‍ വ്രതം നിഷ്കര്‍ഷിക്കുന്നുണ്ട്. വ്രതത്തിന്‍റെ മനശ്ശാസ്ത്രപരമായ പ്രസക്തി ഇതു തന്നെയാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x