13 Sunday
October 2024
2024 October 13
1446 Rabie Al-Âkher 9

ആരാധനകള്‍ വീടിനുള്ളിലേക്ക് മാറുമ്പോള്‍- നദീര്‍ കടവത്തൂര്‍

വിശ്വാസികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാസമാണ് റമദാന്‍. ഖുര്‍ആന്‍ ഇറങ്ങിയ മാസമെന്ന മഹത്വത്തോടൊപ്പം സത്കര്‍മങ്ങള്‍ക്ക് ലഭിക്കുന്ന പതിന്മടങ്ങ് പ്രതിഫലം ആരെയും പ്രതീക്ഷിതരാക്കും. കൂടാതെ പാപമോചനത്തിന്‍റെയും സ്വര്‍ഗപ്രവേശത്തിന്‍റെയും തുറന്നുവെച്ച വാതിലുകളും ബന്ധനസ്ഥനാക്കപ്പെടുന്ന പിശാചും പ്രതീക്ഷകളെ ഇരട്ടിയാക്കുകയും ചെയ്യും.
ലോകം കൊറോണയെന്ന മഹാമാരിക്കു മുമ്പില്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചു നില്ക്കുകയും എല്ലാവരും വീടുകളില്‍ തളച്ചിടപ്പെടുകയും ചെയ്ത സമയത്ത് റമദാന്‍ കടന്നുവരുമ്പോള്‍ പ്രതീക്ഷകള്‍ക്കു മുകളില്‍ മണ്ണു വീഴുകയാണ്. എന്നാല്‍ യാതൊരു നിരാശയുമില്ലാതെ ഏത് പ്രതിസന്ധിയിലും പിടിച്ചു നില്‍ക്കാനും ജീവിതത്തെ പ്രതീക്ഷയോടെ കാണാനും വിശ്വാസിക്ക് കഴിയേണ്ടതുണ്ട്.

റമദാന്‍ നല്‍കുന്ന പാഠങ്ങള്‍
മനുഷ്യന് ലഭിക്കുന്ന സ്വാതന്ത്ര്യത്തിന് പരിധികള്‍ നിശ്ചയിക്കുന്നത് അവനെ അസ്വസ്ഥനാക്കും. യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ജീവിക്കുവാനാണ് അവന്‍ ഇഷ്ടപ്പെടുന്നത്. കൊറോണക്കാലത്ത് വന്ന നിയന്ത്രണങ്ങള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ക്ക് നമ്മള്‍ സാക്ഷികളാണ്. സാധാരണ അനുഭവിച്ചിരുന്ന സ്വാതന്ത്ര്യത്തിന് വിലക്ക് വന്നതോടെ ചിലയാളുകള്‍ മാനസികമായി തകര്‍ന്നു. നിയന്ത്രണങ്ങള്‍ ഇനിയും നീളുമെന്ന വാര്‍ത്തകള്‍ വലിയ നിരാശയാണ് മനസ്സുകളില്‍ സൃഷ്ടിക്കുന്നത്.
പ്രകൃത്യാ മനുഷ്യന് ലഭിച്ചിട്ടുള്ള ഇച്ഛാസ്വാതന്ത്ര്യത്തിന് യാതൊരു നിയന്ത്രണങ്ങളുമില്ലാതിരുന്നാല്‍ അതവനെ വ്യക്തിപരമായും സാമൂഹികമായും അപകടങ്ങളിലേക്കെത്തിക്കും. ഈ ഇഛാസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുവാനും വിവിധ സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് അതിന്‍റെ ഏറ്റക്കുറച്ചിലുകളോട് പൊരുത്തപ്പെടുവാനും വ്രതം ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നു. അറബി ഭാഷയില്‍ വ്രതത്തിന് സ്വൗം എന്ന പദമാണ് ഉപയോഗിക്കുന്നത്. പിടിച്ചു വെക്കല്‍, നിയന്ത്രിക്കല്‍, സംയമനം പാലിക്കല്‍ എന്നൊക്കെയാണ് ഇതിനര്‍ഥം. ശീലങ്ങളെ പിടിച്ചു വെക്കാനും ദേഹേച്ഛകളെ നിയന്ത്രിക്കാനും വൈകാരികമായ സംയമനം നേടിയെടുക്കാനും നോമ്പിലൂടെ സാധിക്കുന്നു. സഹനത്തിന്‍റെയും അതിജീവനത്തിന്‍റെയും പാഠങ്ങളാണ് നോമ്പുകാരന്‍ നേടിയെടുക്കുന്നത്.
“സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവര്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടതുപോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ സൂക്ഷ്മതയുള്ളവരാവാന്‍. എണ്ണപ്പെട്ട ഏതാനും ദിവസങ്ങളില്‍ മാത്രം” (2:183,184). റമദാനിലെ നോമ്പിനെ സംബന്ധിച്ച ഖുര്‍ആനിന്‍റെ പ്രധാന പരാമര്‍ശം ഇതാണ്. ആത്മസംസ്കരണമെന്ന വ്രതത്തിന്‍റെ ലക്ഷ്യത്തെ ഈ സൂക്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അന്ന പാനീയങ്ങള്‍ ഉപേക്ഷിച്ച് പട്ടിണിക്കാരുടെ ദുരിതമറിയുക വഴി സഹജീവികളോട് ആര്‍ദ്രതയും സഹാനുഭൂതിയുമെല്ലാം ഉണ്ടാക്കിയെടുക്കുകയാണ് ആത്മസംസ്കരണത്തിനുള്ള ഒരു മാര്‍ഗമായി വ്രതത്തെ നിശ്ചയിച്ചതിലൂടെ ഇസ്ലാം കാണിച്ചു തരുന്നത്. വ്യക്തിഗതമായ സ്വാര്‍ഥതകളെ ഇല്ലായ്മ ചെയ്ത് സമൂഹമെന്ന വിശാലമായ കാഴ്ചപ്പാടിലേക്കു വളരുകയാണ് ഇരു ലോകത്തെയും സമാധാന ജീവിതത്തിന് ഗുണപ്രദമെന്ന് ഇസ്ലാം പഠിപ്പിക്കുന്നു.
ഇസ്ലാമിലെ ആരാധനാ കര്‍മങ്ങള്‍ക്ക് ആത്മീയമായ ലക്ഷ്യങ്ങള്‍ക്കുപരിയായി ഭൗതികമായ ചില മാനങ്ങളുമുണ്ട്. വ്രതത്തിലൂടെ അന്നപാനീയങ്ങളുപേക്ഷിച്ച് ആത്മീയ സൗഖ്യം കരസ്ഥമാക്കുവാന്‍ കഴിയുന്നതോടൊപ്പം ശാരീരികമായ പല ഗുണങ്ങളും ലഭിക്കുന്നു.

അമിതമായ ഭക്ഷണ ശൈലിയാണ് ഇന്ന് മനുഷ്യന്‍ അനുഭവിക്കുന്ന പല രോഗങ്ങള്‍ക്കും കാരണം. ശരിയായ ദഹനത്തിനോ ഭക്ഷണത്തിലൂടെ ലഭിക്കുന്ന പോഷകങ്ങളെ നല്ല രീതിയില്‍ ഉപയോഗപ്പെടുത്തുന്നതിനോ വിഷാംശങ്ങളെ ശുദ്ധീകരിക്കുന്നതിനോ ശരീരത്തിന് സമയം ലഭിക്കാത്ത വിധത്തില്‍ മനുഷ്യന്‍ ഭക്ഷിച്ചുകൊണ്ടേയിരിക്കുന്നു. ശാരീരികവും മാനസികവുമായ രോഗങ്ങളിലേക്ക് ഇതവനെ നയിക്കുന്നു. ഒരു മാസക്കാലം നിര്‍ണിത മണിക്കൂറുകള്‍ അന്ന പാനീയങ്ങള്‍ ഉപേക്ഷിച്ചുള്ള പുതിയ ജീവിതശൈലിയിലൂടെ കേടുപാടുകള്‍ തീര്‍ക്കുവാന്‍ ശരീരത്തിന് ആവശ്യമായ സമയവും അവയവങ്ങള്‍ക്ക് വേണ്ടുന്ന വിശ്രമവുമാണ് ലഭിക്കുന്നത്. ആരോഗ്യത്തിന്‍റെ വീണ്ടെടുപ്പാണ് ഇതിലൂടെ സാധ്യമാവുക. പല ജീവിത ശൈലീ രോഗങ്ങള്‍ക്കും ആധുനിക വൈദ്യശാസ്ത്രം വ്രതത്തെ പ്രതിവിധിയായി നിശ്ചയിച്ചത് ഇതിനാലാണ്.

അവസരങ്ങള്‍ ഉപയോഗപ്പെടുത്താം
അവസരങ്ങള്‍ ആരെയും കാത്തുനില്‍ക്കാറില്ല എന്നു പറയാറുണ്ട്. കിട്ടുമ്പോള്‍ അവസരങ്ങളെ ഉപയോഗപ്പെടുത്താന്‍ കഴിയണം. വ്യത്യസ്തങ്ങളായ ഒരുപാട് അവസരങ്ങളുമായാണ് റമദാന്‍ കടന്നു വരുന്നത്. അവ മുന്‍കൂട്ടി മനസ്സിലാക്കുകയും പരമാവധി പ്രയോജനപ്പെടുത്തുകയും വേണം.
കര്‍മങ്ങള്‍ക്ക് തത്തുല്യമോ അതിനേക്കാള്‍ കൂടിയതോ ആയ പ്രതിഫലമാണ് ആരും ആഗ്രഹിക്കുന്നത്. അതിനുള്ള അവസരമാണ് റമദാന്‍ മാസം. പ്രവര്‍ത്തനങ്ങള്‍ക്ക് എഴുപതു മുതല്‍ എഴുന്നൂറ് ഇരട്ടി വരെ പ്രതിഫലമാണ് റമദാനില്‍ ലഭിക്കുകയെന്ന് പ്രവാചകന്‍ പഠിപ്പിച്ചു. ‘മനുഷ്യന്‍റെ എല്ലാ കര്‍മങ്ങളും അവന്‍റേതാണ്. നോമ്പൊഴിച്ച്. അതെനിക്കുള്ളതാണ്. അതിന് പ്രതിഫലം നല്കുന്നതും ഞാനാണ്’ എന്ന അല്ലാഹുവിന്‍റെ പ്രത്യേക വാഗ്ദാനം നബി(സ) എടുത്തു പറയുകയും ചെയ്തു.
“റമദാനില്‍ നരകകവാടങ്ങള്‍ അടയ്ക്കപ്പെടുകയും സ്വര്‍ഗകവാടങ്ങള്‍ തുറക്കപ്പെടുകയും പിശാചുക്കള്‍ ബന്ധനസ്ഥരാക്കപ്പെടുകയും ചെയ്യും. ‘നന്മയാഗ്രഹിക്കുന്നവരേ മുന്നോട്ടു വരിക, തിന്മയാഗ്രഹിക്കുന്നവരേ വിരമിക്കുക’ എന്ന് റമദാന്‍ കഴിയുവോളം ഒരു മലക്ക് വിളിച്ചു പറയുകയും ചെയ്യും.” (നസാഈ)
ഇതിനു പുറമെ മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണവും വെള്ളവും മണിക്കൂറുകളോളം തടയപ്പെടുന്നുവെന്നതിനാല്‍ അവ പൂര്‍ത്തീകരിക്കപ്പെടുന്നതു വരെ തിന്മകളോടും പാപങ്ങളോടും മനസ്സ് അകലം പാലിക്കും. സ്ഥിരം ചെയ്യുന്ന പാപങ്ങളില്‍ നിന്ന് മുക്തി നേടി പുതിയ ജീവിത ശൈലി രൂപീകരിക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്താന്‍ കഴിയണം.
ജീവിതത്തിലെ വീഴ്ചകള്‍ക്ക് പരിഹാരം കാണുന്നതും അവ തിരുത്തുന്നതും മനുഷ്യ മനസ്സിന് വലിയ ആശ്വാസമേകും. “ആരെങ്കിലും റമദാന്‍ മാസത്തില്‍ ഈമാനോടു കൂടിയും പ്രതിഫലമാഗ്രഹിച്ചും നോമ്പനുഷ്ഠിച്ചാല്‍ അവന്‍റെ മുന്‍കഴിഞ്ഞ പാപങ്ങളെല്ലാം പൊറുക്കപ്പെടും” (ബുഖാരി). വിശ്വാസികള്‍ റമദാനിനെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കാന്‍ കാരണം ഈയൊരു അവസരമായിരിക്കാം
കഴിഞ്ഞ സമുദായങ്ങള്‍ക്ക് ലഭിച്ച ദൈര്‍ഘ്യമേറിയ ആയുസ്സിനെക്കുറിച്ചും നന്മകളുമായി അവരോടെങ്ങനെ കിടപിടിക്കുമെന്നതിനെക്കുറിച്ചും പരാതി പറഞ്ഞ ശിഷ്യന് പ്രവാചകന്‍ ആശ്വാസമേകിയത് വര്‍ഷാവര്‍ഷം കടന്നു വരുന്ന ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠകരമായ ഒരു രാത്രിയെക്കുറിച്ച് അറിയിച്ചു കൊണ്ടാണ്. മനുഷ്യായുസ്സു കൊണ്ട് ഒരാള്‍ക്ക് ചെയ്യുവാന്‍ കഴിയാത്തയത്ര നന്മകള്‍ക്കും കര്‍മങ്ങള്‍ക്കുമുള്ള അവസരമാണ് ലൈലത്തുല്‍ ഖദ്റിലൂടെ ലഭിക്കുന്നത്. ആയിരം മാസം നന്മ ചെയ്ത പ്രതിഫലമാണ് ഒരു രാത്രിയിലെ പ്രവര്‍ത്തനത്തിലൂടെ വിശ്വാസികള്‍ക്ക് കരസ്ഥമാക്കാന്‍ കഴിയുന്നത്. ഈ അവസരങ്ങളെല്ലാം ഉപയോഗപ്പെടുത്തുന്നതിന് തയ്യാറെടുപ്പുകളോടെ റമദാനിനെ സ്വീകരിക്കാന്‍ കഴിയേണ്ടതുണ്ട്.

നൈരന്തര്യത
റമദാനില്‍ കൂട്ടം ചേര്‍ന്നുള്ള ആരാധനാകര്‍മങ്ങള്‍ക്കും മറ്റ് കാര്യങ്ങള്‍ക്കുമെല്ലാം നേരിട്ടേക്കാവുന്ന തടസ്സങ്ങള്‍ മുന്‍കൂട്ടി കണ്ട് അവയ്ക്ക് പരിഹാരം കാണണമെന്നും ഏറ്റവും നല്ല രീതിയില്‍ റമദാനിനെ ഉപയോഗപ്പെടുത്തണമെന്നുമുള്ള ഒരു ബോധം മനസ്സുകളില്‍ ഉണ്ടാക്കിയേടുക്കേണ്ടതുണ്ട്. അതിനനസുരിച്ചുള്ള ആസൂത്രണമാണ് ഈ സമയത്ത് ആവശ്യം. ധാരാളം ഒഴിവു സമയം ലഭിക്കുന്നതിനാല്‍ കൂടുതല്‍ നന്മകളിലേര്‍പ്പെടാന്‍ കഴിയുമെന്നാണ് എല്ലാവരും കരുതുന്നത്. എന്നാല്‍ കൃത്യമായ ആസൂത്രണമില്ലാതെ പോയാല്‍ ഇത് സാധ്യമാവില്ല. ഒഴിവു സമയങ്ങള്‍ കൂടുന്നത് മനുഷ്യനെ കൂടുതല്‍ മടിയനാക്കുകയാണ് ചെയ്യുക. “ആകയാല്‍ നിനക്ക് ഒഴിവു കിട്ടിയാല്‍ നീ അധ്വാനിക്കുക” (94:7) എന്ന ഖുര്‍ആനിക വചനത്തെ യഥാര്‍ഥ രൂപത്തില്‍ നാം നടപ്പിലാക്കേണ്ടതുണ്ട്. ദൈനംദിന ജീവിതത്തെ എല്ലാ കാര്യങ്ങള്‍ക്കുമുതകുന്ന രീതിയില്‍ ആസൂത്രണം ചെയ്ത് നൈര്യന്തര്യതയുള്ളവരാവാന്‍ കഴിഞ്ഞാല്‍ മാത്രമേ വിശ്രമത്തെ ആസ്വദിക്കാന്‍ കഴിയുകയുള്ളൂ.

ആസൂത്രണങ്ങള്‍
ലോക്ഡൗണ്‍ കാലത്ത് റമദാന്‍ കടന്നുവരുമ്പോള്‍ വിശ്വാസികള്‍ക്ക് പ്രതീക്ഷകളും ആശങ്കകളും സമ്മിശ്രമാണ്. വീടുകളില്‍ ഒഴിഞ്ഞിരിക്കുകയാണെന്നതിനാല്‍ കൂടുതല്‍ സമയം ആരാധനകള്‍ക്ക് ഉപയോഗപ്പെടുത്താമെന്ന ആശ്വാസത്തിലാണ് പലരും. ജോലിയിലും മറ്റു തിരക്കുകളിലും പെട്ട് റമദാനുകളില്‍ ആരാധനകള്‍ക്കും മറ്റ് സത്കര്‍മങ്ങള്‍ക്കും സമയം കിട്ടാതിരുന്നവര്‍ക്ക് വലിയ പ്രതീക്ഷയാണ് ഈ വരുന്ന റമദാന്‍.
റമദാന്‍ മുഴുവന്‍ ലോക്ഡൗണില്‍ വീടുകളിലാവുമെന്നു കണ്ട് കര്‍മാനുഷ്ഠാനങ്ങളെ ആസൂത്രണം ചെയ്യാന്‍ സാധിക്കണം. നമസ്കാരങ്ങള്‍ക്ക് കൃത്യമായ സമയം നിശ്ചയിച്ച് വീടുകളില്‍ ജമാഅത്ത് സംഘടിപ്പിക്കല്‍ എളുപ്പം ചെയ്യാവുന്നതാണ്. സംഘടിത നമസ്കാരത്തിന്‍റെ പുണ്യം കരസ്ഥമാക്കുവാനും സമയബന്ധിതമായി ആരാധനകള്‍ നിര്‍വഹിക്കാനും ഇത് സഹായകമാവും. തറാവീഹ് നമസ്കാരങ്ങള്‍ക്കും ഈ രൂപത്തില്‍ സംവിധാനമൊരുക്കാം. ഖുര്‍ആന്‍ മനഃപാഠമില്ലാ എന്നതിനാല്‍ വിഷമിക്കുന്നവര്‍ തത്കാലം ഖുര്‍ആന്‍ നോക്കി പാരായണം ചെയ്യുക എന്നത് സ്വീകരിക്കാവുന്നതാണ്.
റമദാനില്‍ പള്ളികളില്‍ സജീവമായിരുന്ന മതപഠന സദസ്സുകള്‍ക്ക് ഇത്തവണ അവസരം കാണുന്നില്ല. വീടുകളില്‍ കുടുംബാംഗങ്ങളൊന്നിച്ച് തഫ്സീര്‍ വായിച്ച് ആശയങ്ങള്‍ പങ്കുവെക്കുകയും മതപഠനത്തിനുള്ള മറ്റ് അവസരങ്ങളൊരുക്കുകയും ചെയ്യുകയെന്നതാണ് ഈ അവസരത്തില്‍ നടത്താവുന്നത്. കൂടാതെ വിശ്വസനീയമായ ഓണ്‍ലൈന്‍ സംവിധാനങ്ങളും ഉപയോഗപ്പെടുത്താം.
ദാനധര്‍മങ്ങള്‍ക്ക് അത്യാവശ്യക്കാരായ ഒരുപാടു പേര്‍ നമ്മുടെ അയല്‍പക്കങ്ങളിലുണ്ടാവാം. പ്രത്യേകിച്ചും ഈ ലോക്ഡൗണ്‍ കാലത്ത്. അവരെ കണ്ടെത്തുകയും റമദാനിലെ നമ്മുടെ സ്വദഖകള്‍ അത്തരക്കാര്‍ക്കെത്തിക്കുവാനും ശ്രമിക്കേണ്ടതുണ്ട്. റമദാനിലെ കലക്ഷനിലൂടെ മാത്രം നിലനിന്നു പോവുന്ന പള്ളികളും സ്ഥാപനങ്ങളും ഉത്കണ്ഠയിലാണുള്ളത്. അത്തരം സ്ഥാപനങ്ങള്‍ക്ക് സ്വദഖകള്‍ നല്കാനും ഓണ്‍ലൈന്‍ സംവിധാനങ്ങളുണ്ട്. അവ ഉപയോഗപ്പെടുത്തുക എന്നതു മാത്രമാണ് ആവശ്യം. അതിനാല്‍ ആശങ്കകളെല്ലാം മാറ്റി വെച്ച് പ്രതീക്ഷയോടെത്തന്നെ ഈ റമദാനിനെയും വരവേല്ക്കാം

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x