2 Monday
December 2024
2024 December 2
1446 Joumada II 0

സുഡാനെ ഭീകരപട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി യു എസ്

സുഡാനെ ഭീകരപട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി യു എസ്

തീവ്രവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് അമേരിക്ക സുഡാനെ ഔദ്യോഗികമായി ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. യു എസിന്റെ തീരുമാനം പ്രാബല്യത്തില്‍ വന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ 27 വര്‍ഷമായി സുഡാനെ ഭീകരപട്ടികയിലായിരുന്നു അമേരിക്കന്‍ ഭരണകൂടം ഉള്‍പ്പെടുത്തിയത്. സുഡാനിലെ യു എസ് എംബസിയെ ഉദ്ധരിച്ചാണ് വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടത്. സുഡാനെ പട്ടികയില്‍ നിന്നും ഒഴിവാക്കുമെന്ന് നേരത്തെ തന്നെ ട്രംപ് ഭരണകൂടം അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട യു എസ് കോണ്‍ഗ്രസിന്റെ 45 ദിവസത്തെ വിജ്ഞാപന കാലാവധി അവസാനിച്ചതായും സുഡാനെ ഭീകരപട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള ഉത്തരവില്‍ യു എസ് സ്‌റ്റേറ്റ് സെക്രട്ടറി ഔദ്യോഗികമായി ഒപ്പുവെച്ചതായും സുഡാനിലെ യു എസ് എംബസി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. സുഡാനില്‍ നിലവില്‍ ഭരണം നടത്തുന്ന പരിവര്‍ത്തന സര്‍ക്കാരിന്റെ മുന്തിയ പരിഗണന അമേരിക്കയുടെ ഭീകര പട്ടികയില്‍ നിന്ന് രാജ്യത്തെ നീക്കം ചെയ്യുന്നതിനായിരുന്നു. ട്രംപ് ഭരണകൂടം ജനുവരിയില്‍ വൈറ്റ് ഹൗസില്‍ നിന്ന് പടിയിറങ്ങുന്നതിന് മുന്‍പായി തീരുമാനം നടപ്പാക്കുകയായിരുന്നു.

2021ല്‍ യമന്‍ കൂടുതല്‍ മാനുഷിക
ദുരന്തത്തിലേക്കെന്ന് ഐ ആര്‍ സി
2021-ല്‍ വലിയ മാനുഷിക ദുരന്തമാണ് യമന്‍ നേരിടുകയെന്ന് ഐ ആര്‍ സി (കിലേൃിമശേീിമഹ ഞലരൌല ഇീാാശേേലല). യുദ്ധം നാശം വിതച്ച യമനില്‍ ഏറ്റുമുട്ടല്‍ വര്‍ഷങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. നിലയ്ക്കാത്ത ഏറ്റുമുട്ടല്‍, വ്യാപകമായ പട്ടിണി, അന്താരാഷ്ട്ര സഹായം ലഭ്യമാകാതിരിക്കുക തുടങ്ങിയ പ്രതിസന്ധികള്‍ അടുത്ത വര്‍ഷവും യമനെ ബാധിക്കുമെന്ന് ഐ ആര്‍ സി ബുധനാഴ്ച മുന്നറിയിപ്പ് നല്‍കി. യുദ്ധം അവസാനിപ്പിക്കുന്നതിന് നിലിവിലുള്ളതിനെക്കാള്‍ കൂടുതല്‍ ഉത്തരവാദിത്തം ആഭ്യന്തര- പ്രാദേശിക- അന്താരാഷ്ട്ര പ്രവര്‍ത്തകരില്‍ നിന്നുണ്ടാവണം. പിന്തുണ ലഭിക്കുന്നില്ലായെങ്കില്‍ യമനില്‍ ഒരിക്കലും മാറ്റം സംഭവിക്കുകയില്ല. സാധാരണക്കാരായ യമനികള്‍ക്ക് ഭാവിയെ കുറിച്ച് ഒരു പ്രതീക്ഷയുമുണ്ടാവുകയുമില്ല. തലസ്ഥാനമായ സന്‍ആയില്‍ അല്‍ജസീറയുമായുള്ള അഭിമുഖത്തില്‍ യമന്‍ സഹായ ഏജന്‍സി ഡയറക്ടര്‍ താമുന സാബാദ്‌സി പറഞ്ഞു.

ലിബിയന്‍ തീരത്ത് നാല് അഭയാര്‍ഥി
കുട്ടികള്‍ മുങ്ങി മരിച്ചു
ലിബിയന്‍ തീരത്ത് അഭയാര്‍ഥികളായ നാല് കുട്ടികളുടെ മൃതദേഹം കണ്ടെടുത്തതായി സന്നദ്ധ സംഘടനയായ റെഡ്ക്രസന്റ് അറിയിച്ചു. അഞ്ചിനും പത്തിനും ഇടയിലുള്ള കുട്ടികളുടെ മൃതദേഹങ്ങളാണ് ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിക്ക് പടിഞ്ഞാറ് വംശം കണ്ടെത്തിയത്. അഭയാര്‍ഥി ബോട്ട് മുങ്ങിയാണ് കുഞ്ഞുങ്ങള്‍ മരിച്ചതെന്നും 30 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നതെന്നും റെഡ്ക്രസന്റിനെ ഉദ്ധരിച്ച് എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു. മറ്റു അഭയാര്‍ഥികളുടെ വിവരങ്ങളോ അവരുടെ രാജ്യമോ എവിടേക്കാണ് യാത്ര ചെയ്യുന്നതെന്നോ വ്യക്തമല്ല. ആഫ്രിക്കന്‍, സഹാറ മേഖലയില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ ഒരു പ്രധാന യാത്ര കേന്ദ്രമായി മാറിയിരിക്കുകയാണ് ലിബിയ. ആഭ്യന്തര യുദ്ധം മൂലം സംഘര്‍ഷഭരിതമായ ലിബിയയില്‍ സാമ്പത്തികമായി തകര്‍ച്ചയിലാണ്. ജന്മ നാട്ടിലെ സംഘര്‍ഷവും പട്ടിണിയും മൂലം യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ ലക്ഷ്യമാക്കിയാണ് മിക്ക അഭയാര്‍ഥികളുടെയും യാത്ര. ഇതിനകം ആയിരക്കണക്കിന് പേരാണ് ഇത്തരം അപകടത്തില്‍ മുങ്ങി മരിച്ചത്.

മുസ്‌ലിം വിരുദ്ധത: ഫേസ്ബുക്ക് നടപടിയെടുക്കണം- യു എസ് കോണ്‍ഗ്രസ് അംഗങ്ങള്‍
മുസ്‌ലിം വിരുദ്ധത നിര്‍ത്തലാക്കാന്‍ ഫേസ്ബുക്ക് അധികൃതര്‍ നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് ഏതാനും യു എസ് കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്ത്. 30 അംഗ ഡമോക്രാറ്റിക് പ്രതിനിധികളാണ് ഇക്കാര്യമാവശ്യപ്പെട്ട് ഫേസ്ബുക്ക് അധികൃതര്‍ക്ക് കത്ത് കൈമാറിയത്. ഫേസ്ബുക്കിലൂടെ മുസ്‌ലിം വിരുദ്ധതയും ഇസ്‌ലാം മതത്തിനെതിരെ വിദ്വേഷവും പടര്‍ത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഇത്തരം വര്‍ഗീയതകള്‍ ഇല്ലാതാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടത്. കോണ്‍ഗ്രസ് വനിത അംഗമായ ഡെബി ഡിംഗല്‍ ആണ് ഈ ശ്രമത്തിന് നേതൃത്വം നല്‍കിയത്. സോഷ്യല്‍ മീഡിയ ഭീമനായ ഫേസ്ബുക്ക് അതിന്റെ വേദി മുസ്‌ലിംകള്‍ക്കെതിരായ വിദ്വേഷം വളര്‍ത്താന്‍ സജീവമായി ഉപയോഗിക്കുന്നുണ്ട്. പ്രത്യേകിച്ചും ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണത്തിനും മ്യാന്മറില്‍ മുസ്‌ലിംകള്‍ക്കെതിരായ ആക്രമണത്തിനും റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെയും ആക്രമണത്തിന് പ്രേരിപ്പിക്കാനും ഫേസ്ബുക്ക് ഉപയോഗിക്കുന്നതായും കത്തില്‍ ചൂണ്ടിക്കാട്ടി. അക്രമത്തെ പ്രേരിപ്പിക്കുന്ന ഇവന്റുകള്‍ സംഘടിപ്പിക്കാന്‍ മിലിഷ്യകളും തീവ്രവാദ ഗ്രൂപ്പുകളും ഫേസ്ബുക്ക് ഉപയോഗിച്ചു. മുസ്‌ലിംകളെ ലക്ഷ്യമിട്ടുള്ള വിദ്വേഷത്തെയും അക്രമത്തെയും ഫലപ്രദമായി അഭിസംബോധന ചെയ്യാന്‍ ആവശ്യമായ ഇച്ഛാശക്തി ഫേസ്ബുക്കിന് ഇല്ലെന്നാണ് തോന്നുന്നതെന്നും കത്തില്‍ ആരോപിച്ചു. ഇല്‍ഹാന്‍ ഉമര്‍, റാഷിദ തലൈബ്, അലക്‌സാണ്ട്രിയ ഒകാഷ്യോ, മാര്‍ക് പൊകാന്‍, പ്രമീള ജയപാല്‍ എന്നിവര്‍ കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.

Back to Top