23 Wednesday
October 2024
2024 October 23
1446 Rabie Al-Âkher 19

കോവിഡ് കാലം കടന്നുപോകും പ്രവാസികളില്‍ നിന്ന് മുഖം തിരിക്കരുത് – ഡോ. ജിനു സക്കറിയ ഉമ്മന്‍ /എം എസ് ഷൈജു

ജീവിതം കരുപ്പിടിപ്പിക്കാനായി നേരത്തെ തന്നെ വീട് വിട്ട് പോയ ഒരു ജനതയുണ്ട്. പ്രവാസികളെന്ന് വിളിക്കപ്പെടുന്ന ലക്ഷോപലക്ഷം വരുന്ന ആ മനുഷ്യര്‍ ഇന്ന് കടുത്ത വേവലാതിയിലാണ്. അവരുടെ വീടുകളിലേക്ക് അവര്‍ക്ക് മടങ്ങാനുള്ള സൗകര്യങ്ങളില്ല. ദ്രുതഗതിയില്‍ ഭരണകൂടങ്ങള്‍ കൈക്കൊണ്ട ഈ നിലപാടിന്‍റെ ഏറ്റവും വലിയ ഇരകളാകേണ്ടി വന്നിരിക്കുന്നത് പ്രവാസികളാണ്. രോഗപ്രതിരോധത്തിനായി കല്പിക്കപ്പെട്ടിരിക്കുന്ന നിര്‍ദേശങ്ങള്‍ പ്രായോഗികമായി നടപ്പിലാക്കാന്‍ കഴിയാതെ ആശങ്കയില്‍ കഴിയുന്ന പ്രവാസികളെക്കുറിച്ച് കൂടുതല്‍ ആലോചിക്കാനും ദ്രുത നടപടികള്‍ കൈക്കൊള്ളാനും ബാധ്യതപ്പെട്ട ഒരു രാജ്യവും സംസ്ഥാനവുമാണ് നമ്മുടേത്. കാരണം പ്രവാസം കൊണ്ട് നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഒരു സാമൂഹ്യ ഘടനയാണ് കേരളീയരുടേത്. കോവിഡ്, കോവിഡാനന്തര കാലത്തെ മലയാളിയുടെ പ്രവാസ ജീവിതത്തെക്കുറിച്ചും അതില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രായോഗിക മാറ്റങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് സാമൂഹിക ശാസ്ത്ര ഗവേഷകനും മലയാളിയുടെ പ്രവാസ ജീവിതത്തെ സംബന്ധിച്ച് അനേകം പഠനങ്ങള്‍ നടത്തിയിട്ടുള്ള പണ്ഡിതനുമായ ഡോ. ജിനു സക്കറിയ. നിലവില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗം കൂടിയാണ് അദ്ദേഹം.

കേരളീയരുടെ കോവിഡ് വാര്‍ത്തകളില്‍ പ്രധാനപ്പെട്ട ഒന്ന്, പ്രവാസികളുമായി ബന്ധപ്പെട്ടുള്ളതാണ്. വീടും കുടുംബവും വിട്ട് നില്‍ക്കുന്ന പ്രവാസികളില്‍ സ്വതവേയുള്ള അരക്ഷിതത്വ ബോധം ഇപ്പോള്‍ കൂടുതല്‍ ശക്തമായിരിക്കുകയാണ്. പ്രവാസികളെ ഒരു പ്രതിസന്ധിഘട്ടത്തില്‍ ജന്മനാട് തിരസ്കരിക്കുന്നു എന്നൊരു ആക്ഷേപം ശക്തമായി നില്‍ക്കുന്നു. ഈയൊരു സാഹചര്യത്തെ എങ്ങനെ വിലയിരുത്തുന്നു?

പ്രവാസിയില്ലാത്ത കേരളത്തെക്കുറിച്ചും കേരളമില്ലാത്ത പ്രവാസത്തെക്കുറിച്ചും ചിന്തിക്കാന്‍ കഴിയില്ല. വികസനത്തിന്‍റെ കേരള മോഡല്‍, ആധുനിക കേരളം എന്നൊക്കെ പറയുന്നതിന്‍റെ അടിസ്ഥാന നാഡി പ്രവാസിയുടെ നിക്ഷേപവും വിനിമയവുമാണ്. വൈദ്യരംഗത്തും വിദ്യാഭ്യാസ രംഗത്തുമൊക്കെ ഇന്ന് കാണുന്ന ഈ ആധുനികതയ്ക്കും വികസനത്തിനും ഹേതുവായിട്ടുള്ളതും ഈ വിനിമയ സാമ്പത്തിക വ്യവസ്ഥയാണ്. സി ഡി എസിന്‍റെ പഠനങ്ങള്‍ അനുസരിച്ച് പ്രവാസിയുടെ പണത്തിന്‍റെ ഏറിയ പങ്കും പോകുന്നത് സെയില്‍സ്, എജ്യുക്കേഷന്‍, കണ്‍സ്ട്രക്ഷന്‍ എന്നീ മേഖലകളിലേക്കാണ്. ആധുനിക കേരളത്തെ നിര്‍മിച്ചെടുക്കുന്നതില്‍ ഈ മൂന്ന് ഘടകങ്ങളുമാണ് ഏറ്റവും കൂടുതല്‍ പങ്ക് വഹിച്ചിട്ടുള്ളത്.

ഇംഗ്ലീഷില്‍ ‘ബ്രിക്ക് ബൈ ബ്രിക്ക്’ എന്നൊരു പ്രയോഗമുണ്ട്. അതാണ് ഇവിടെയും പറയാന്‍ പറ്റിയ വാക്ക്. അത്തരമൊരു നിര്‍മാണമാണ് കേരളീയ സമൂഹത്തില്‍ പ്രവാസികള്‍ നടത്തിയിട്ടുള്ളത്. വ്യാവസായികത താരതമ്യേന പരിമിതമായ ഒരു സംസ്ഥാനമാണ് നമ്മുടേത്. സേവന മേഖലയാണ് കൂടുതലും. എന്നിട്ടും കഴിഞ്ഞ നാല്പത് വര്‍ഷമായി നാം പിടിച്ച് നില്‍ക്കുന്നത് പ്രവാസികളുടെ പണം കൊണ്ടാണ്. കേരളത്തിന്‍റെ സമത്വ മാതൃകയുടെ നട്ടെല്ല് തന്നെ പ്രവാസിയാണ്. ആ പ്രവാസിയെ തമസ്കരിച്ച് നമുക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല.
എല്ലാ മേഖലകളിലും പ്രവാസിയുടെ സംഭാവനകള്‍ ഉണ്ട്. കേരളത്തിന്‍റെ സംസ്കാരം, വേഷം, ഭാഷ തുടങ്ങി എല്ലാത്തിലും പ്രവാസത്തിന്‍റെ സ്വാധീനം കാണാന്‍ സാധിക്കും. രണ്ട് തരം നിക്ഷേപമാണ് പ്രവാസം വഴി ഇവിടെ ഉണ്ടായിട്ടുള്ളത്. ഒന്ന്, സാമ്പത്തിക നിക്ഷേപം. രണ്ടാമത്തേത് സാമൂഹിക നിക്ഷേപം. ഒരു കോസ്മോ പൊളിറ്റന്‍ സംസ്കാരം നമ്മുടെ നാട്ടിലേക്ക് കൊണ്ട് വരുന്നത് പ്രവാസിയാണ്. നമ്മുടെയൊക്കെ ലോക വീക്ഷണത്തെ അത് വലിയ തോതില്‍ സ്വാധീനിച്ചിട്ടുണ്ട്.
പ്രവാസികള്‍ ഇതിനുമുമ്പും വലിയ പ്രതിസന്ധികളെ നേരിട്ടവരാണ്. അതിനെയൊക്കെ തരണം ചെയ്ത് വന്ന ഒരു പാരമ്പര്യം പ്രവാസികള്‍ക്കുണ്ട്. ഇറാഖ്- കുവൈത്ത് യുദ്ധത്തിന്‍റെ നാളുകളിലാണ് ഏറ്റവും വലിയ ഇവാക്വേഷന്‍ നമ്മള്‍ നടത്തിയിട്ടുള്ളത്. കുവൈത്തില്‍ കുടുങ്ങിപ്പോയ പതിനായിരങ്ങളെയാണ് അന്ന് ഒഴിപ്പിച്ചെടുത്തത്. അന്നതിന് നേതൃത്വം കൊടുത്തത് സര്‍ക്കാരായിരുന്നില്ല. വ്യക്തികള്‍ മുന്‍കൈ എടുത്ത് നടത്തിയതായിരുന്നു അത്. ജോണ്‍ മാത്യു, ടൊയോട്ട സണ്ണി തുടങ്ങിയ അനേകം പ്രവാസി പ്രമുഖരായിരുന്നു അതിന്‍റെ നേതൃത്വത്തില്‍ ഉണ്ടായിരുന്നത്. അന്ന് തിരിച്ച് വന്ന പ്രവാസികള്‍ക്ക് അനുഭവിക്കേണ്ടി വന്ന വലിയ പ്രതിസന്ധികളെക്കുറിച്ച് പഠിക്കാന്‍ എനിക്ക് അവസരമുണ്ടായി. വലിയ ബുദ്ധിമുട്ടായിരുന്നു അന്ന് കുവൈത്തില്‍ നിന്ന് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് നേരിടേണ്ടി വന്നത്. ഏതാണ്ട് എണ്‍പതിനായിരത്തിലധികം കുടുംബങ്ങള്‍ അന്ന് പ്രതിസന്ധിയിലായി.
എന്‍റെ പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ചിന്‍റെ ഭാഗമായി ഏതാണ്ട് അഞ്ച് മാസത്തിലധികം കുവൈത്തില്‍ ഞാന്‍ ഉണ്ടായിരുന്നു. അന്ന് പരിചയമുണ്ടായിരുന്ന പല കുടുംബങ്ങളും എന്നോട് പറഞ്ഞത് അന്നത്തെ പലായനത്തിന് ശേഷമാണ് പലതും അവര്‍ക്ക് പഠിക്കാന്‍ കഴിഞ്ഞതെന്നാണ്. അതുവരെ അവര്‍ കുടുംബത്തിലേക്ക് നടത്തിയ ഇന്‍വെസ്റ്റുമെന്‍റുകള്‍ പലതും അവര്‍ക്ക് ഉപകാരപ്പെട്ടില്ല. സ്വന്തമായി ഒരു വീടില്ലാത്തതിന്‍റെ ബുദ്ധിമുട്ടുകള്‍ തിരിച്ചറിഞ്ഞ അവര്‍ പെട്ടെന്ന് നടത്തിയ ഇന്‍വെസ്റ്റ്മെന്‍റ് സ്വന്തമായി ഒരു വീടുണ്ടാക്കുക എന്നതായിരുന്നു. ഞാന്‍ പറയുന്നത്, ഇത്തരം പ്രതിസന്ധികളൊക്കെ നേരത്തെ അനുഭവിച്ചിട്ടുള്ളവരാണ് പ്രവാസികള്‍. അത് കൊണ്ട് തന്നെ ഇപ്പോള്‍ അവര്‍ അനുഭവിക്കുന്ന പ്രയാസങ്ങളുടെ പ്രായോഗിക പ്രശ്നങ്ങളെയും അവര്‍ക്ക് തിരിച്ചറിയാന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്.

പല ഗള്‍ഫ് രാഷ്ട്രങ്ങളിലുമുള്ള പ്രവാസികള്‍ക്കും ഒരു തരം വിവേചനത്തിന്‍റെ പ്രശ്നം അനുഭവപ്പെട്ടതായി കേട്ടിരുന്നു. പൗരന്മാരെയും പ്രവാസികളെയും രണ്ടായി കാണുന്ന ഒരു വിവേചനം ഈ അപകടാവസ്ഥയെ കൂടുതല്‍ ഭയവിഹ്വലമാക്കിയിട്ടുണ്ട്. കോവിഡ് കാലത്തെ അതിജീവിച്ച് കഴിഞ്ഞാലും അത് മനുഷ്യര്‍ക്ക് പല തിരിച്ചറിവുകളും നല്‍കി അവരുടെ കാഴ്ചപ്പാടുകളെ വലിയ നിലയില്‍ സ്വാധീനിക്കും എന്ന നിലയിലുള്ള നിരീക്ഷണങ്ങളും ശക്തമാണ്. നാട് വിട്ട് പോകുന്ന മനുഷ്യര്‍ക്ക് അനുഭവിക്കേണ്ടി വരുന്ന ഏറ്റവും വലിയ പ്രതിസന്ധികളെയാണ് കോവിഡ് ലോകത്തെല്ലായിടത്തും കാണിച്ച് കൊടുക്കുന്നത്. സ്വന്തം വീട്ടിലും നാട്ടിലും കഴിയുന്ന മനുഷ്യര്‍ക്ക് പ്രവാസികളെ അപേക്ഷിച്ച് താരതമ്യേന ലഘുവായ മാനസിക സംഘര്‍ഷങ്ങളേ അനുഭവിക്കേണ്ടി വരുന്നുള്ളൂ. രോഗം ഉറപ്പിച്ചവര്‍ക്ക് ചികിത്സ കിട്ടാത്തതും ക്വാറന്‍റൈന്‍ പോലുള്ള നിരീക്ഷണങ്ങള്‍ക്ക് നിര്‍ദേശിക്കപ്പെടുന്ന ആളുകള്‍ക്ക് അതിന് പറ്റിയ സാഹചര്യങ്ങള്‍ പോലും അവിടെ ലഭ്യമാകാത്തതുമായ വാര്‍ത്തകളും കാണുന്നു.

യഥാര്‍ഥത്തില്‍ ഗള്‍ഫ് നാടുകളില്‍ പ്രവാസികള്‍ തന്നെ രണ്ട് തരക്കാരാണ് എന്നാണ് തോന്നിയിട്ടുള്ളത്. സാധാരണയായി പാശ്ചാത്യ നാടുകളില്‍ നിന്നുള്ള വെള്ളക്കാരായ പ്രവാസികളെയാണ് എക്സ്പാട്രിയേറ്റുകള്‍ എന്ന് പരിചയപെടുത്താറുള്ളത്. അത് സാമൂഹികമായി പറഞ്ഞാല്‍ കുലീനമായ ഒരു പദമാണ്. എന്നാല്‍ ഇന്ത്യ, പാകിസ്താന്‍, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, മ്യാന്മര്‍ തുടങ്ങിയ സൗത്ത് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളെ വിളിക്കാന്‍ ഉപയോഗിക്കുന്ന പദം മൈഗ്രന്‍റ്സ് എന്നാണ്. അത് താരതമ്യേന നിലവാരം കുറഞ്ഞ, ബ്ലൂകോളര്‍, ലേബര്‍ തൊഴിലാളികളെ വിളിക്കാന്‍ ഉപയോഗിക്കുന്ന ഒരു പദം കൂടിയാണ്.
വെള്ളക്കാരന്‍ എല്ലാ വിധ സ്വാതന്ത്ര്യങ്ങളും സൗകര്യങ്ങളും അനുഭവിച്ച് ഗള്‍ഫ് നാടുകളില്‍ ജീവിക്കുമ്പോള്‍ മൈഗ്രന്‍റ് കാറ്റഗറിയിലുള്ള സൗത്ത് ഏഷ്യന്‍ ജനത വലിയ തിക്താനുഭവങ്ങള്‍ ഏറ്റ് വാങ്ങിക്കൊണ്ടാണ് അവിടെ കഴിയുന്നത്. ഇതൊരു വാസ്തവമാണ്. അതാണ് ആട് ജീവിതങ്ങളിലും ഗദ്ദാമകളിലുമൊക്കെയായി നാം കാണുന്നതും വായിക്കുന്നതും. ഇതൊക്കെ അനുഭവിച്ചിട്ടും ഗള്‍ഫിലേക്ക് ഒരു ജനത ഒഴുകുന്നത് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളെ തേടിയാണ്.
സൗത്ത് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസത്തിന്‍റെ പ്രധാന കാരണം പട്ടിണിയും സാമൂഹിക അപരത്വങ്ങളുമാണ്. അത് ഒരു ജനതക്ക് ഉറപ്പ് നല്‍കേണ്ട ഭരണകൂടം പരാജയപ്പെട്ട് പോകുന്നത് കൊണ്ടാണ് ആളുകള്‍ക്ക് നാട് വിടേണ്ടി വന്നിട്ടുള്ളത്. അതാണ് ഈ തിക്തതകളെ ഏറ്റ് വാങ്ങാന്‍ അവര്‍ തയാറാകുന്നത്. രണ്ടാമത്തെ ഒരു പ്രശ്നം ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് പോലെയുള്ള സൗത്ത് ഏഷ്യന്‍ പ്രവാസം പുരുഷ കേന്ദ്രീകൃതമായ ഒന്നാണ്. ശ്രീലങ്ക മാത്രമാണ് ഇതിന് അപവാദം. അവിടെ നിന്നുള്ള 52 ശതമാനം പ്രവാസികളും സ്ത്രീകളാണ്. ഇവരൊക്കെ ദീര്‍ഘമായ ജോലി സമയം കഴിഞ്ഞുള്ള വിശ്രമത്തിന് മാത്രം ആശ്രയിക്കുന്ന സ്ഥലമാണ് അവരുടെ താമസ സ്ഥലം. ബെഡ് സ്പേസ് എന്ന വാക്ക് പോലും അതാണ് സൂചിപ്പിക്കുന്നത്. ഇവരുടെയൊക്കെ താമസ സ്ഥലമെന്നത് കൊണ്ട് അത്ര മാത്രമേ ഉദ്ദേശിക്കേണ്ടതുള്ളൂ.
എട്ടും പത്തുമൊക്കെ ആളുകള്‍ ഒരു റൂമില്‍ പല സമയങ്ങളിലായി വന്ന് ഉറങ്ങിയെഴുന്നേറ്റ് പോകുന്നുണ്ട്. ഇങ്ങനെയൊരു സ്ഥലത്ത് മുഴുവന്‍ അന്തേവാസികളും മുഴു സമയവും ഒന്നിച്ച് കഴിച്ച് കൂട്ടുന്നതാണ് പ്രശ്നമായി വരുന്നത്. ഫലത്തില്‍ ഇവര്‍ക്കാര്‍ക്കും ക്വാറന്‍റൈന്‍ സാധ്യമല്ല. സത്യത്തില്‍ ഈ വിഷയത്തില്‍ അവിടങ്ങളിലെ ഗവണ്മെന്‍റിനെ നമുക്ക് കുറ്റം പറയാനും കഴിയില്ല. ഇത്രയധികം വികസിതമായി നാം കരുതുന്ന അമേരിക്ക പോലെയുള്ള രാജ്യങ്ങള്‍ക്ക് പോലും ഒരു പരിധിക്കപ്പുറത്ത് പൗരന്മാര്‍ക്ക് ആശുപത്രി സംവിധാനങ്ങള്‍ പോലും നല്‍കാന്‍ കഴിയുന്നില്ല. ഇത്രയധികം ആളുകളെ മാനേജ് ചെയ്യാനുള്ള മെക്കാനിസം യഥാര്‍ഥത്തില്‍ ഇവിടെയെങ്ങുമില്ല. അപ്പോള്‍ സ്വാഭാവികമായും പ്രവാസികള്‍ സ്വന്തം രാജ്യത്തേക്ക് എത്രയും വേഗം മടങ്ങാന്‍ ആഗ്രഹിക്കും. നാട് നല്‍കുന്ന സുരക്ഷയെക്കുറിച്ച് അപ്പോഴാകും അവര്‍ കൂടുതല്‍ ബോധവാന്മാരാവുക.
ഇവിടെ കൂടുതല്‍ ചെയ്യാനാവുക നമ്മുടെ എംബസികള്‍ക്കാണ്. തങ്ങളുടെ പൗരന്മാര്‍ക്ക് ചികിത്സ ഉറപ്പാക്കാനും ക്വാറന്‍റൈന്‍ സൗകര്യങ്ങള്‍ ചെയ്യാനുമുള്ള പദ്ധതികളുമായി അവര്‍ ജനങ്ങളിലേക്ക് ഇറങ്ങേണ്ടതുണ്ട്. അവിടങ്ങളിലുള്ള നമ്മുടെ സ്കൂളുകളും മറ്റും ഏറ്റെടുത്ത് ഐസൊലേഷന്‍ വാര്‍ഡുകളും ക്വാറന്‍റൈന്‍ സംവിധാനങ്ങളും ചികിത്സാ പദ്ധതികളും ആവിഷ്കരിച്ച് ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത് ഇന്ത്യയുടെ ഗവണ്‍മെന്‍റാണ്. പ്രവാസി സംഘടനകളുമായി കൈകോര്‍ത്താല്‍ എംബസികള്‍ക്ക് വലിയ പ്രവര്‍ത്തനങ്ങള്‍ ഇതില്‍ കാഴ്ച വെക്കാന്‍ സാധിക്കും. ഇന്ത്യയിലേക്ക് വരുമാനമായി വരുന്ന കോടിക്കണക്കിന് വിദേശ നാണ്യത്തില്‍ പകുതിയും ഗള്‍ഫ് നാടുകളില്‍ നിന്നുള്ള ഈ സാധാരണക്കാരുടെ പണമാണ്. അത് കൊണ്ട് തന്നെ ഇന്ത്യാ ഗവണ്മെന്‍റ് ഇതൊരു മിഷനായി കണ്ട് ഇടപെട്ടേ മതിയാകൂ.

രണ്ട് രാജ്യങ്ങള്‍ക്കിടയില്‍ നില നില്‍ക്കുന്ന നയതന്ത്ര സ്ഥാപനങ്ങളെന്ന നിലയില്‍ പ്രത്യേക ലക്ഷ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എംബസികള്‍ക്ക് മറ്റൊരു രാജ്യത്തിനുള്ളില്‍ ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍ നടത്തല്‍ സാധ്യമാണോ? സ്കൂളുകള്‍ ഏറ്റെടുക്കുക, ആരോഗ്യപ്രവര്‍ത്തനങ്ങള്‍ നടത്തുക പോലെയുള്ള സാമൂഹിക ചുമതലകള്‍ ഏറ്റെടുക്കുക എത്രത്തോളം പ്രായോഗികമാണ്?

ഇതൊരു അസാധാരണമായ സാഹചര്യമാണ്. എഴുതപ്പെട്ട നിയമങ്ങളും ധാരണകളുമൊക്കെ മാറ്റി വെച്ചിട്ടാണ് മനുഷ്യര്‍ ഈ മഹാമാരിയെ നേരിടുന്നത്. ലോകത്തെല്ലായിടത്തും വ്യാപിച്ചിരിക്കുന്ന ഈ മഹാമാരിക്കെതിരെ പ്രവര്‍ത്തിക്കുന്നതിന് അത്തരത്തിലുള്ള തടസങ്ങള്‍ ഉണ്ടാകില്ല. ഇന്ത്യന്‍ സര്‍ക്കാരാണ് ഇതില്‍ മുന്‍കൈ എടുക്കേണ്ടത്.
നോക്കൂ, കോവിഡ് ചികിത്സക്കായി ഹൈഡ്രോക്സി ക്ളോറോക്വിന്‍ എന്ന മരുന്ന് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്ക ഇന്ത്യന്‍ സര്‍ക്കാരിനോട് പ്രതികരിച്ച വിധം. തികച്ചും അസാധാരണമായ സാഹചര്യങ്ങളിലൂടെയാണ് അമേരിക്കയടക്കമുള്ള ലോകം ഇന്ന് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. ക്യൂബക്ക് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധത്തെ അംഗീകരിക്കുകയും ക്യൂബയോട് ശത്രുത പുലര്‍ത്തുകയും ചെയ്യുന്ന രാജ്യമാണ് ഇറ്റലി. ആ ഇറ്റലിയിലേക്കാണ് ക്യൂബന്‍ ഡോക്ടര്‍മാരും അവരുടെ മരുന്നും പറന്നെത്തിയത്. അപ്പോള്‍ ഇങ്ങനെയുള്ള അസാധാരണമായ നടപടികള്‍ പലതും സാധ്യമാകും. പക്ഷെ അതിനായി ഒരു പദ്ധതി ആദ്യം രൂപപ്പെടുത്തണം.
നിലനില്‍ക്കുന്ന നയതന്ത്ര നിയമങ്ങള്‍ക്കും അന്താരാഷ്ട്ര നിയമങ്ങള്‍ക്കുമൊക്കെ അതീതമായാണ് ജനങ്ങള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്. എംബസിക്ക് പ്രാഥമികമായി ചെയ്യാവുന്ന കുറെ കാര്യങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് മാപ്പിംഗ്. നമ്മുടെ ജില്ലാ കളക്ടര്‍മാര്‍ ഇവിടെ ചെയ്യുന്ന ഈ പ്രവര്‍ത്തനം അവിടെ എംബസികള്‍ വഴി ചെയ്യാനാകും. എത്രമാത്രം ഗുരുതരമായ കേസുകളുണ്ട്. അതില്‍ എത്രമാത്രം കോണ്ടാക്ടുകള്‍ ഉണ്ടാക്കാന്‍ സാധിക്കും. അവരെ എങ്ങനെ ട്രാക്ക് ചെയ്യാം. അവര്‍ക്ക് എങ്ങനെ ക്വാറന്‍റൈന്‍ സംവിധാനങ്ങള്‍ ഒരുക്കാം. അവര്‍ക്ക് എങ്ങനെ ആഹാരം എത്തിക്കാം. ഇങ്ങനെ എംബസികള്‍ക്ക് ചെയ്യാനാവുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്.
ഇതിനൊക്കെ ആദ്യം എംബസികള്‍ തങ്ങളുടെ കോണ്ടാക്ട് റീച്ച് വിപുലപ്പെടുത്തണം. നിലവില്‍ മിക്ക എംബസികള്‍ക്കും അവിടങ്ങളിലെ വൈറ്റ്കോളര്‍ വി ഐ പിയുമായി മാത്രമേ ബന്ധങ്ങളുള്ളൂ. കുവൈത്തിലെയൊക്കെ കാര്യം പറഞ്ഞാല്‍ പ്രവാസി സംഘടനകളുമായി ഒട്ടും രസത്തിലല്ല അവര്‍ പോകുന്നത്. എംബസികളും പ്രവാസി സംഘടനകളും കൈകോര്‍ത്താല്‍ ഒട്ടേറെ കാര്യങ്ങള്‍ ഈ പ്രതിസന്ധിക്കാലത്ത് എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കും.

പ്രവാസികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ ലഭ്യമാകുന്നില്ല എന്ന പരാതിയും ഉയര്‍ന്നു കേള്‍ക്കുന്നു. പൊതുവെ മധ്യവയസ് പിന്നിട്ട പ്രവാസികള്‍ പല തരത്തിലുള്ള അസുഖങ്ങള്‍ക്കും കൂടി ഇരകളായവരാണ്. ജീവന്‍ രക്ഷാ മരുന്നുകള്‍ അടക്കമുള്ള മരുന്നുകള്‍ക്ക് നേരിടുന്ന ക്ഷാമം കൂടുതല്‍ ഗുരുതരമായ സാഹചര്യങ്ങളെ സൃഷ്ടിക്കില്ലേ?

അതെ. മറ്റൊരു പ്രധാന പ്രശ്നം മരുന്നുകളാണ്. ജീവിതശൈലി രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ പൊതുവെ ഇന്ത്യന്‍ പ്രവാസികള്‍ തങ്ങളുടെ നാട്ടില്‍ നിന്നാണ് കൊണ്ട് പോയിക്കൊണ്ടിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ അത്തരം മരുന്നുകള്‍ക്ക് ഭീമമായ വിലയാണ്. മിക്കവാറും പ്രവാസികള്‍ക്കും ഇത്തരം മരുന്നുകള്‍ സൗജന്യമായി കിട്ടുന്ന ഇന്‍ഷുറന്‍സ് പാക്കേജുകളല്ല ഉള്ളത്. നിശ്ചിതമായ ഇടവേളകളില്‍ നാട്ടില്‍ നിന്ന് അവര്‍ക്ക് മരുന്ന് എത്തുന്ന സംവിധാനങ്ങള്‍ അവര്‍ തന്നെ കണ്ടെത്തിയിരുന്നു. അതൊക്കെ ഇപ്പോള്‍ അടഞ്ഞിരിക്കുകയാണ്. പഴയ കാലത്ത് പ്രവാസികള്‍ക്ക് ലഭിച്ചിരുന്ന സൗകര്യങ്ങള്‍ പലതും ഇപ്പോള്‍ വെട്ടിക്കുറക്കപ്പെട്ടിരിക്കുകയാണെന്ന് കാണാം.
അതിന്‍റെ പ്രധാന കാരണം കഴിഞ്ഞ ഒന്നുരണ്ട് പതിറ്റാണ്ടുകള്‍ കൊണ്ട് ഭീമമായ ഒരു തൊഴിലാളി തള്ളിക്കയറ്റമാണ് ഗള്‍ഫ് നാടുകളിലേക്ക് ഉണ്ടായത്. ആളുകളെ യഥേഷ്ടം ലഭിക്കുന്ന സാഹചര്യം വന്നപ്പോള്‍ പല രാജ്യങ്ങളും അവിടുത്തെ കമ്പനികളും വേതന വ്യവസ്ഥയിലും മറ്റ് സൗകര്യങ്ങളിലും വലിയ വെട്ടിക്കുറവുകള്‍ വരുത്തി. പഴയത് പോലെ പൂര്‍ണമായും സൗജന്യമായ മരുന്നുകളോ ചികിത്സയോ ഒന്നും സാധാരണക്കാരായ തൊഴിലാളികള്‍ക്ക് ഇന്ന് ലഭ്യമല്ല.
എല്ലാ ചികിത്സകള്‍ക്കും നിശ്ചിത ശതമാനം തുക അവര്‍ സ്വന്തം നിലക്ക് നല്‍കേണ്ടതുണ്ട്. അതൊന്നും അവര്‍ക്ക് താങ്ങാന്‍ കഴിയണമെന്നില്ല. കുവൈത്തിലൊക്കെ ആശുപത്രിയില്‍ പോകണമെങ്കില്‍ കണ്‍സല്‍ട്ടിംഗിനായി രണ്ട് ദിനാര്‍ (ഏതാണ്ട് അഞ്ഞൂറ് ഇന്ത്യന്‍ രൂപ) അടക്കണം. ഇതൊക്കെയാണ് നിലവിലെ സാഹചര്യങ്ങള്‍.

മറ്റൊരു പ്രശ്നം ഇവാക്വേഷനാണ്. പല രാജ്യങ്ങളും പുറം രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ പൗരന്മാരെ തിരിച്ച് കൊണ്ട് വരുന്നു. ഇന്ത്യയില്‍ കുടുങ്ങിപ്പോയ പല ടൂറിസ്റ്റുകളെയും അതാത് രാജ്യങ്ങള്‍ അടിയന്തര സ്വഭാവത്തോടെ മടക്കിക്കൊണ്ട് പോയി. ഇതൊക്കെ കാണുന്ന പ്രവാസികള്‍ക്ക് എന്തുകൊണ്ട് തങ്ങളുടെ രാജ്യവും തങ്ങളെ മടക്കിക്കൊണ്ട് പോകുവാനുള്ള സംവിധാനങ്ങള്‍ നോക്കുന്നില്ല എന്നൊരു സന്ദേഹം ഉണ്ടാകും. കോവിഡിന് ശേഷം പല കാരണങ്ങളും കൊണ്ട് നാട്ടില്‍ തന്നെ തങ്ങുന്ന പ്രവാസികളുടെ എണ്ണത്തിനും വലിയ വര്‍ധനവ് ഉണ്ടായേക്കാം. ഇത്തരം സാഹചര്യങ്ങളെയൊക്കെ എങ്ങനെ നേരിടാമെന്നാണ് കരുതുന്നത്?

ഇവാക്വേഷനെക്കുറിച്ച് പറയുമ്പോള്‍ ചില വസ്തുതകള്‍ മനസ്സിലാക്കിയും മുന്നില്‍ വെച്ചും വേണം നമ്മള്‍ വിഷയത്തെ സമീപിക്കാന്‍. നിലവില്‍ ഗള്‍ഫ് രാജ്യങ്ങളിലുള്ള പ്രവാസികളെ മുഴുവന്‍ അടിയന്തരമായി മടക്കിക്കൊണ്ടു വരല്‍ പ്രായോഗികമല്ല. പരിമിതമായ എണ്ണം പൗരന്മാരെ ചില രാജ്യങ്ങള്‍ മടക്കിക്കൊണ്ട് പോകുന്ന ഒരു രീതി ഇവിടെ സ്വീകരിക്കാന്‍ കഴിയില്ല. പക്ഷെ അതിനായി ചില സ്റ്റെപ്പുകള്‍ സ്വീകരിക്കാന്‍ ഇപ്പോള്‍ സാധിക്കും.
മൂന്ന് നാല് കാറ്റഗറികളായാണ് ഇന്ത്യന്‍ പൗരന്മാര്‍ ഗള്‍ഫ് നാടുകളില്‍ കഴിയുന്നത്. ഇതിനെ തരം തിരിച്ച് കൊണ്ടുള്ള ചില അടിയന്തര നടപടികള്‍ കൈക്കൊള്ളാന്‍ നമ്മുടെ ഭരണകൂടത്തിന് ഇപ്പോള്‍ കഴിയും. ഒന്നാമത്തെ കാറ്റഗറി തൊഴില്‍ അന്വേഷിച്ച് അവിടെ എത്തി നില്‍ക്കുന്ന ആളുകളാണ്. അവര്‍ക്ക് അവിടെ ഒരു സ്പോണ്‍സറോ ഉത്തരവാദിത്വപ്പെട്ട കമ്പനിയോ ഒന്നുമില്ല. പുതിയ സാഹചര്യങ്ങളില്‍ അരക്ഷിതരായി നില്‍ക്കുന്നവരാണിവര്‍.
രണ്ടാമത്തെ വിഭാഗം, തൊഴില്‍ കരാറുകള്‍ അവസാനിച്ച് രേഖകള്‍ പുതുക്കാന്‍ കഴിയാതെയോ രേഖകള്‍ ഇല്ലാതെയോ നില്‍ക്കുന്നവരാണ്. അണ്‍ ഡോക്യുമെന്‍റഡ് മൈഗ്രന്‍റ്സ് എന്ന കാറ്റഗറിയില്‍ പെട്ടവരാണിവര്‍.
മൂന്നാമത്തെ കാറ്റഗറി, ഈ പുതിയ സാഹചര്യത്തിന്‍റെ ഇരകളായി ജോലി നഷ്ടപ്പെട്ടവര്‍. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെടുകയും ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ഇല്ലാതെ കഴിയുകയും ചെയ്യുന്ന അനേകം ആളുകള്‍ വിവിധ ഗള്‍ഫ് നാടുകളിലുണ്ട്. അതോടൊപ്പം പ്രത്യേകമായി എടുത്ത് പറയേണ്ട മറ്റൊരു കാറ്റഗറിയാണ് സന്ദര്‍ശന വിസയില്‍ എത്തി ബന്ധുക്കള്‍ക്കൊപ്പം കഴിയുന്നവര്‍. മക്കള്‍ക്കൊപ്പം അല്‍പ ദിവസങ്ങള്‍ ചെലവഴിക്കാന്‍ പോയ പ്രായമായവര്‍, ഭാര്യമാര്‍, ഭര്‍ത്താക്കന്മാര്‍, കുട്ടികള്‍ തുടങ്ങിയവര്‍ ധാരാളമുണ്ടാകും. ഇങ്ങനെയുള്ളവരെയൊക്കെ പ്രത്യേകമായി തരം തിരിച്ച് മുന്‍ഗണന നല്‍കി അടിയന്തരമായി നാട്ടില്‍ എത്തിക്കാനുള്ള സംവിധാനങ്ങള്‍ ഗവണ്മെന്‍റ് കൈക്കൊണ്ടേ മതിയാകൂ.
ഇതിന്‍റെ കൂട്ടത്തില്‍ പരിഗണിക്കേണ്ട മറ്റ് രണ്ടു വിഭാഗങ്ങള്‍ കൂടിയുണ്ട്. ഒന്ന്, അവധിക്ക് നാട്ടില്‍ എത്തിയിട്ട് മടങ്ങിപ്പോകാന്‍ കഴിയാതെ നില്‍ക്കുന്നവര്‍. രണ്ടാമത്തെ കൂട്ടര്‍ വിസക്കും മറ്റുമായി പണമടച്ച് കാത്ത് നില്‍ക്കുന്നവര്‍. ഇവരുടെ എണ്ണവും വലിയ സംഖ്യ കാണും. ഇവരൊക്കെ പെട്ടെന്ന് തൊഴില്‍ നഷ്ടപ്പെടുകയോ ലഭിക്കാതെ പോകുകയോ ചെയ്യുന്നവരാണ്. ഇവരുടെ എല്ലാവരുടെയും കാര്യത്തില്‍ ഒരു നടപടി ഉണ്ടാക്കുവാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ കൊണ്ട് വന്നില്ലെങ്കില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കും.
അത് കൊണ്ട് ഇവര്‍ക്കായി ഒരു സാമ്പത്തിക പാക്കേജ് കൊണ്ട് വന്ന് ഇവരെ നാട്ടില്‍ സുരക്ഷിതരാക്കാനുള്ള ബാധ്യത നമ്മുടെ ഗവണ്മെന്‍റിനുണ്ട്. ഇത്രയധികം വിദേശ നാണ്യം ലഭിച്ചിരുന്ന ഒരു രാജ്യത്തിന് ഈ വിഷയത്തില്‍ ഇടപെടാനുള്ള വലിയ ബാധ്യതയുണ്ട്. കോവിഡിന് ശേഷം വലിയ തോതില്‍ ആളുകള്‍ക്ക് തൊഴില്‍ നഷ്ടം സംഭവിക്കാനുള്ള സാധ്യത കാണുന്നുണ്ട്. ഇതൊക്കെ മുന്‍ കൂട്ടി കണ്ട് ഒരു സാമ്പത്തിക, പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചാല്‍ അത് ഗുരുതരമായ പ്രതിസന്ധികള്‍ക്ക് ഇട നല്‍കും.

യു എ ഇ പോലെയുള്ള രാജ്യങ്ങള്‍ ഇന്ത്യയോട് തങ്ങളുടെ പൗരന്മാരെ തിരിച്ച് കൊണ്ട് പോകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നല്ലോ. ഈ ഘട്ടത്തില്‍ ഈ രാജ്യങ്ങള്‍ തങ്ങളുടെ കൂടെ ചേര്‍ത്ത് പിടിക്കേണ്ടവരല്ലേ ഈ പ്രവാസികള്‍? ഇത്തരമൊരു നിര്‍ദേശമുണ്ടാകുന്നത് പ്രവാസികള്‍ക്ക് ആ രാജ്യങ്ങളോടുള്ള മനോഭാവങ്ങളിലും അവരുടെ ആത്മ വിശ്വാസത്തിലും വലിയ തിരിച്ചടികള്‍ ഉണ്ടാക്കില്ലേ?

ഇന്ന് കാണുന്ന യു എ ഇ യെ കെട്ടിപ്പടുക്കുന്നതില്‍ വലിയ സംഭാവനകളര്‍പ്പിച്ചവരാണ് പ്രവാസികള്‍. പ്രത്യേകിച്ച് ഇന്ത്യന്‍ പ്രവാസികള്‍. ഇങ്ങനെയൊരു വലിയ പ്രതിസന്ധിയുടെ വക്കത്ത് നില്‍ക്കുമ്പോള്‍ അവരെ തിരസ്കരിക്കുന്നത് ശരിയായ നടപടിയല്ല. അന്താരാഷ്ട്ര മര്യാദകളുടെ ലംഘനം കൂടിയാണത്. അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന നിലയില്‍ അവരെ ചേര്‍ത്ത് പിടിക്കേണ്ട ഉത്തരവാദിത്വമുള്ളൊരു രാഷ്ട്രമാണ് യു എ ഇ. ഇവരുടെ അധ്വാനവും വിയര്‍പ്പുമാണ് ആ രാഷ്ട്രം. ആ കടമ അവര്‍ നിര്‍വഹിക്കുമെന്ന് പ്രതീക്ഷിക്കാം.
നമ്മുടെ സംസ്ഥാനം ഈ വിഷയത്തില്‍ സ്വീകരിച്ച നടപടികള്‍ അഭിനന്ദനമര്‍ഹിക്കുന്നതാണ്. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം ഏതാണ്ട് ഇരുപത്തിയഞ്ച് ലക്ഷം അതിഥി തൊഴിലാളികള്‍ നമ്മുടെ സംസ്ഥാനത്തുണ്ട്. അവര്‍ക്കാവശ്യമായ മുഴുവന്‍ സംഗതികളും നല്‍കിക്കൊണ്ട് അവരെ സംരക്ഷിക്കുകയാണ് കേരള സര്‍ക്കാര്‍. ഒരു രാഷ്ട്രം എന്ന നിലയില്‍ പലതും ആ മാതൃകയില്‍ ചെയ്യാന്‍ കഴിയും യു എ ഇക്ക്.

1970-കളില്‍ തന്നെ ഗള്‍ഫ് പ്രവാസം ആരംഭിച്ചിരുന്നെങ്കിലും അതിന് ഒരു കുതിച്ചൊഴുക്ക് ഉണ്ടായത് കഴിഞ്ഞ 30-35 വര്‍ഷങ്ങള്‍ കൊണ്ടാണ്. അതിന്‍റെ പ്രധാന കാരണങ്ങള്‍ പട്ടിണി, തൊഴിലില്ലായ്മ, ഗള്‍ഫിലെയും നാട്ടിലെയും വേതന വ്യവസ്ഥകളിലെ അന്തരം, സോഷ്യല്‍ സ്റ്റാറ്റസ് തുടങ്ങിയവയൊക്കെയായിരുന്നു. എന്നാല്‍ ഈ പറഞ്ഞ സ്ഥിതിവിശേഷങ്ങളൊന്നും കാര്യമായ നിലയില്‍ ഇന്ന് നമുക്ക് മുന്നിലില്ല. അങ്ങനെ നോക്കുമ്പോള്‍ ഈ പ്രതിസന്ധിക്കാലത്ത് നാടണയുന്ന ആളുകള്‍ക്ക് ഇത്രയധികം സമ്മര്‍ദങ്ങളും നഷ്ടങ്ങളും സഹിച്ച് പ്രവാസിയായി ഇനിയും കഴിയേണ്ടതില്ല എന്ന് ചിന്തിക്കുവാന്‍ ഈ കൊറോണക്കാലം ഇട നല്‍കുമോ?

ഇതിനൊരു പ്രശ്നമുണ്ട്. നമ്മള്‍ പ്രവാസത്തെക്കുറിച്ച് പഠിക്കുമ്പോള്‍ മനസിലാക്കുന്ന ഒരു വസ്തുതയുണ്ട്. നമ്മുടെ നാട്ടില്‍ ഗള്‍ഫ് ഡ്രീം എന്നൊരു പ്രതിഭാസമുണ്ട്. ഇതൊരു സ്വപ്നമായി ചെറുപ്പത്തിലേ കടന്ന് വരികയാണ്. ഈ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായാണ് ആളുകള്‍ ഈ യാത്ര ചെയ്യുന്നത്. കണക്കുകള്‍ പരിശോധിച്ചാല്‍, ഒരു കണ്‍സ്ട്രക്ഷന്‍ ലേബറിന് കേരളത്തില്‍ കിട്ടുന്നതും ദുബയില്‍ കിട്ടുന്നതും ഏതാണ്ട് ഒരേ വേതനമാണ്. പക്ഷെ നാട്ടിലാണെങ്കില്‍ ഒരാള്‍ക്ക് സ്വന്തം കുടുംബത്തോടൊപ്പം തന്നെ ജീവിക്കാം. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളില്‍ കഴിഞ്ഞ് കൂടാം തുടങ്ങിയ മെച്ചങ്ങളുമുണ്ട്.
എന്നാല്‍ ഗള്‍ഫില്‍ ലേബര്‍ ക്യാംപുകളില്‍ വലിയ പ്രയാസം സഹിച്ച് ജീവിക്കേണ്ടി വരുന്നുണ്ട്. എന്‍റെ ഫീല്‍ഡ് റിസര്‍ച്ചിന്‍റെ ഭാഗമായി ലേബര്‍ ക്യാംപില്‍ വെച്ച് ഞാന്‍ പരിചയപ്പെട്ട ഒരു കൃഷ്ണന്‍ കുട്ടിയുണ്ട്. അദ്ദേഹത്തിന്‍റെ മകള്‍ പി എച്ച് ഡി ഒക്കെ കഴിഞ്ഞ്, കല്യാണം കഴിച്ച് സിംഗപ്പൂരില്‍ താമസമാക്കിയിരിക്കുകയാണ്. ചെന്നൈയില്‍ ആണ് പി എച്ച് ഡി ചെയ്തത്. മോള്‍ക്ക് നാലോ അഞ്ചോ വയസുള്ളപ്പോള്‍ കുവൈത്തില്‍ എത്തിയതാണ് കൃഷ്ണന്‍ കുട്ടി. ‘എന്‍റെ മോള്‍ വളരുന്നത് ഞാന്‍ ഒന്ന് കണ്ടിട്ടില്ല സാറേ. അവളിന്ന് സിംഗപ്പൂരിലാണ്’ ഇത് പറയുമ്പോള്‍ കൃഷ്ണന്‍ കുട്ടി കണ്ണ് തുടക്കുന്നുണ്ടായിരുന്നു. ഇതാണ് ഒരു ശരാശരി പ്രവാസിയുടെ ജീവിതം.
ശരിക്ക് ഇത്രയും വലിയ പ്രയാസങ്ങള്‍ സഹിച്ച് ഒരു പ്രവാസി ഗള്‍ഫില്‍ കഴിച്ച് കൂട്ടേണ്ട സാഹചര്യം ഇന്ന് നമ്മുടെ നാട്ടിലില്ല. ഒരു റിവേഴ്സ് മൈഗ്രേഷന്‍റെ സാധ്യതകളാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. അടിസ്ഥാന തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്ന പ്രവാസികള്‍ നാട്ടിലെത്തിയാല്‍ വീണ്ടുമൊരു മടങ്ങിപ്പോക്കിന് ഒരുപക്ഷെ ആലോചിക്കണമെന്നില്ല. അവര്‍ക്ക് ചെയ്യാനുള്ള തൊഴിലുകളും മെച്ചപ്പെട്ട വേതനവും നമ്മുടെ നാട്ടിലുണ്ട്. അത് മാത്രമല്ല, ഗള്‍ഫിലും വലിയ പ്രതിസന്ധികള്‍ വരാനിരിക്കുന്നു.
അപ്പോള്‍ എല്ലാവരും എല്ലാ തൊഴിലുകളും ചെയ്യുന്ന ഒരു സാഹചര്യം നിലവില്‍ വന്നേക്കാം. അത് നമ്മുടെ നാട്ടിലെ അതിഥി തൊഴിലാളികളുടെ തൊഴില്‍ സാധ്യതകളെ ദോഷകരമായി ബാധിക്കും. മാത്രവുമല്ല, ലോകത്ത് തൊഴിലിനോടുള്ള കാഴ്ചപ്പാട് വളരെയധികം മാറിയിട്ടുണ്ട്. അത് നമ്മുടെ നാട്ടിലും വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. നിങ്ങള്‍ എന്ത് തൊഴില്‍ ചെയ്യുന്നുവെന്ന് നോക്കി നിങ്ങളെ വിലയിരുത്തുന്ന ഒരു കാലം കഴിഞ്ഞ് പോയി.
വ്യക്തിത്വവും തൊഴിലും രണ്ടാണെന്ന കാഴ്ചപ്പാട് നമ്മുടെ ഇടയിലും വ്യാപകമായിട്ടുണ്ട്. ഗള്‍ഫ് ജോലി എന്നത് സ്റ്റാറ്റസായി കണ്ടിരുന്ന ഒരു കാലവുമല്ല ഇത്. ഏത് തൊഴിലിനുമുള്ള അന്തസ് അഥവാ ‘ഡിഗ്നിറ്റി ഓഫ് ലേബര്‍’ എന്ന ഒരു കാഴ്ചപ്പാട് കഴിഞ്ഞ പത്ത് പതിനഞ്ച് വര്‍ഷക്കാലം കൊണ്ട് നമ്മുടെ നാട്ടിലും വന്നിട്ടുണ്ട്. ഇത് കേരളത്തിന്‍റെ മാത്രം സവിശേഷതയാണ്.
പൗരബോധം, അവകാശ ബോധം ഇതൊക്കെ നമ്മുടെ ഇടയില്‍ ശക്തമാണ്. പക്ഷെ വടക്കേ ഇന്ത്യയില്‍ ഇതല്ല സ്ഥിതി. ഒരു ഐ എ എസ് ഓഫീസറും ഒരു കാര്‍പെന്‍ററും ഒരു ഡ്രൈവറും സാമൂഹികമായും വ്യക്തി എന്ന നിലയിലും തുല്യരാണ് എന്ന ബോധം നമ്മുടെ ഇടയിലുണ്ട്. അവര്‍ ചെയ്യുന്ന തൊഴിലുകള്‍ ഈ ബോധത്തിന് തടസ്സമേയല്ല. ഈയൊരു മാറ്റം കേരളത്തില്‍ നില നില്‍ക്കുന്നത് കൊണ്ട് കൊറോണാനന്തര കാലം കേരളത്തില്‍ വലിയ തോതില്‍ റിവേഴ്സ് മൈഗ്രെഷന്‍ നടക്കുന്ന ഒരു കാലമായിരിക്കുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x