13 Sunday
October 2024
2024 October 13
1446 Rabie Al-Âkher 9

വിശുദ്ധി വര്‍ഷിച്ച് റമദാന്‍ – ഡോ. ജമാലുദ്ദീന്‍ ഫാറൂഖി

ഭൂമിയില്‍ ഖലീഫ എന്ന പദവിയിലാണ് അല്ലാഹു മനുഷ്യനെ നിശ്ചയിച്ചിരിക്കുന്നത്. (ഖുര്‍ആന്‍ 2:30) മറ്റു സൃഷ്ടിജാലങ്ങള്‍ക്കില്ലാത്ത സവിശേഷതകള്‍ അവനുള്ളത് കൊണ്ടാണ് ഈ പദവി ലഭിച്ചിരിക്കുന്നത്. ഇത് ഒരു അലങ്കാര പദവിയല്ല. പ്രത്യേക ഉത്തരവാദിത്വങ്ങളും ബാധ്യതകളും അവനെ ഏല്‍പിച്ചിരിക്കുകയാണ് ഇതിലൂടെ. ആകാശവും ഭൂമിയും പര്‍വതങ്ങളും ഏറ്റെടുക്കാത്ത ബാധ്യതകളാണവ.
മനുഷ്യന് മാത്രമായി ലഭിച്ചിരിക്കുന്ന ബുദ്ധി വിവേചനശക്തി ഉപയോഗിച്ചു കൊണ്ടാണ് ഈ ഉത്തരവാദിത്വം അവന്‍ നിര്‍വഹിക്കേണ്ടത്. എന്നാല്‍ ഈ രംഗത്ത് പാളിച്ചകള്‍ ഉണ്ടാവാന്‍ സാധ്യത ഏറെയാണ്. നല്ലതും ചീത്തയും ആസൂത്രണം ചെയ്യാന്‍ കഴിവുള്ള മനുഷ്യന്‍റെ മനസ് തിന്മ ചെയ്യാനാണ് കൂടുതല്‍ തിടുക്കം കാണിക്കുക. ‘മനസ്സ് ദുഷ്പ്രവൃത്തിക്ക് പ്രേരിപ്പിച്ചു കൊണ്ടിരിക്കും’ (വി.ഖു 12:53) എന്ന വചനം വ്യക്തമാക്കുന്നതും അതാണ്. അതില്‍ നിന്ന് മനസ്സിനെയും ചിന്തകളെയും മോചിപ്പിക്കണം. മറുഭാഗത്ത് നല്ലതും നന്മയും കണ്ടെത്തി അതു നിര്‍വഹിക്കാന്‍ മനസ്സിനെ സജ്ജമാക്കുകയും വേണം. ശാരീരിക മാനസിക ബൗദ്ധിക ധൈഷണിക തലങ്ങളില്‍ അവനെ നിരന്തരം പാകപ്പെടുത്തിയാല്‍ മാത്രമേ ‘ഖലീഫ’ എന്ന ദൈവിക ബഹുമതിയില്‍ മനുഷ്യനും പ്രപഞ്ചത്തിനും വേണ്ടി ഫലപ്രദമായി അവന് പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂ.

ഇവിടെയാണ് ദൈവിക മതത്തിന്‍റെ പ്രസക്തി. മനുഷ്യന്‍ എങ്ങനെ ജീവിക്കണമെന്ന ദൈവിക നിര്‍ദ്ദേശങ്ങളാണല്ലോ മതം. ജീവിതത്തിന്‍റെ ഭൗതികതലം ശുഷ്കവും ദരിദ്രവുമായേക്കാം. എന്നാല്‍ എന്നും ചൈതന്യം തുളുമ്പുന്ന, ജീവിതം ദീപ്തമാക്കുന്ന ചില ആത്മീയ കരുതിവെപ്പ് മനുഷ്യന് ആവശ്യമാണ്. കണിശമായ വിശ്വാസവും ആരാധനകളും അവയുണ്ടാക്കുന്ന സംസ്കൃത സ്വഭാവങ്ങളുമാണ് മതം ആവശ്യപ്പെടുന്ന ആത്മീയത. അതു അവന്‍റെ മനസ്സിനെ നിര്‍മലമാക്കുകയും ചിന്തകളെ സംസ്കരിക്കുകയും പ്രവര്‍ത്തനങ്ങളെ ചിട്ടപ്പെടുത്തുകയും ചെയ്യുന്നു. അതിന്‍റെ നിറവിലാണ് തെറ്റും ശരിയും വിവേചിച്ചറിയാന്‍ കഴിയുന്നത്.

വ്രതാനുഷ്ഠാനവും ആത്മചൈതന്യവും
വിശ്വാസത്തിനു തിളക്കം കൂട്ടുന്നത് ആരാധനകളാണ്. ആരാധനകളില്ലാത്ത വിശ്വാസവും വിശ്വാസമില്ലാത്ത ആരാധനകളും വരണ്ടതും നിഷ്ഫലവുമായിരിക്കും. ശരീരത്തിന് പോഷണം ലഭിക്കാന്‍ ഭക്ഷണമാവശ്യമാണ്. ആത്മാവിന്‍റെ പോഷണം ആരാധനകളിലുമാണ്. ഈ ഇനത്തില്‍ പ്രധാനമാണ് നോമ്പ്. ഒരേ സമയം അത് ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും വൃത്തിയാക്കുന്നു. പതിനൊന്ന് മാസത്തെ ഭക്ഷണ ശീലങ്ങളിലൂടെ അടിഞ്ഞുകൂടിയ ദുര്‍മേദസ്സ് ശരീരം നോമ്പിലൂടെ പുറം തള്ളുന്നു. അതിനേക്കാളേറെ ദുഷ്ട ചിന്തകളില്‍ നിന്ന് മനസ് വൃത്തിയാകുകയും ഈമാനും ഭക്തിയും വര്‍ധിത രൂപത്തില്‍ അതില്‍ ശേഖരിക്കപ്പെടുകയും ചെയ്യുന്നു. വ്രതാനുഷ്ഠാനം പരാമര്‍ശിക്കുന്ന ദിവ്യവചനങ്ങള്‍ ഇത് വ്യക്തമാക്കുന്നുണ്ട്.

സൂറതുല്‍ ബഖറ 183 മുതല്‍ 187 വരെയുള്ള വചനങ്ങളിലാണ് വ്രതം വിശദീകരിക്കുന്നത്. വ്രതാനുഷ്ഠാനത്തിന്‍റെ ആത്മാവ് എന്താണെന്ന് ഇവയിലെ ആദ്യാവസാന വചനങ്ങള്‍ വ്യക്തമാക്കുന്നു. തഖ് വയാണ് രണ്ട് വചനങ്ങളുടെയും അവസാന ഭാഗത്ത് ആവര്‍ത്തിക്കുന്നത്. തഖ്വയുടെ എല്ലാ അര്‍ഥതലങ്ങളും ഓരോ നോമ്പിലും നിറഞ്ഞു നില്‍ക്കുന്നു. ഉബയ്യ്(റ) തഖ്വയുടെ പ്രവര്‍ത്തനതലം ലളിതമായി പറയുന്നുണ്ട്. എന്താണ് തഖ്വയെന്ന് ഉമര്‍(റ) ചോദിച്ചപ്പോള്‍ ഉബയ്യ് പ്രതികരിച്ചു: “നിങ്ങള്‍ കല്ലും മുള്ളുമുള്ള വഴിയില്‍ സഞ്ചരിക്കുമ്പോള്‍ എന്താണ് ചെയ്യുക? ഉമര്‍ പറഞ്ഞു: അവ ശരീരത്തിലും വസ്ത്രത്തിലും തട്ടാതിരിക്കാന്‍ ശ്രദ്ധിക്കും. ഉബയ്യ്: എങ്കില്‍ അതു തന്നെയാണ് തഖ്വ.”
മനസ്സിനും ആത്മാവിനും പരിക്കേല്‍ക്കുന്ന സന്ദര്‍ഭങ്ങള്‍ ഏറെയാണ് നമ്മുടെ ജീവിതത്തില്‍. കല്ലും മുള്ളും ശരീരത്തില്‍ ഉരസുമ്പോള്‍ വേദന അനുഭവപ്പെടും. ആവശ്യമായ പ്രതിരോധം അപ്പോള്‍ സ്വീകരിക്കുകയും ചെയ്യാം. എന്നാല്‍ ആത്മാവിനു ഏല്‍ക്കുന്ന പരിക്കുകളില്‍ അത്തരം വേദനയുണ്ടാവില്ല. വേദനയില്ലാത്ത മുഴകളാണല്ലോ മാരക രോഗങ്ങളുടെ തുടക്കം.
ഏറ്റവും ഉല്‍കൃഷ്ടമായ പ്രവര്‍ത്തനത്തെ കുറിച്ചു അബൂഉമാമ(റ) നബിയോടു ചോദിക്കുകയുണ്ടായി. നബി പറഞ്ഞു: “നീ നോമ്പെടുക്കുക, അതിനു തുല്യം മറ്റൊന്നില്ല.”
റമദാനില്‍ വ്രതശുദ്ധിക്ക് മാറ്റുകൂട്ടുന്ന ഘടകങ്ങള്‍ ധാരാളമുണ്ട്. നിര്‍ബന്ധ നമസ്ക്കാരങ്ങള്‍ക്ക് പുറമെയുള്ള തറാവീഹ്, ദാനധര്‍മങ്ങള്‍, ഖുര്‍ആന്‍ പാരായണ പഠനം, ഇഅ്ത്തികാഫ്, ഇഫ്താര്‍ തുടങ്ങിയവയെല്ലാം തഖ്വയില്‍ അധിഷ്ഠിതമായ ആത്മചൈതന്യം വീണ്ടെടുക്കാന്‍ സഹായകമാണ്. ശരീരവും മനസ്സും ഒരുപോലെ വിമലീകരിക്കപ്പെടുന്ന വ്രതനാളുകളിലെ പ്രാര്‍ഥന തല്‍സമയം അല്ലാഹു സ്വീകരിക്കുമെന്നത് ഈ ആത്മചൈതന്യത്തിന്‍റെ സദ്ഫലവുമാണ്.
മേല്‍ പറഞ്ഞ പുണ്യങ്ങളെക്കാള്‍ ഭക്തി മാറ്റുരക്കപ്പെടുന്നത് തിന്‍മകളില്‍ നിന്ന് വിട്ടു നില്‍ക്കാനുളള നിശ്ചയദാര്‍ഢ്യത്തിലാണ്. “കള്ളവാക്കും പ്രവര്‍ത്തനങ്ങളും ഉപേക്ഷിക്കാത്തവന്‍ ഭക്ഷണ പാനീയങ്ങള്‍ വെടിയുന്നു എന്നതു കൊണ്ട് മാത്രം ഒന്നും നേടാനില്ല” എന്ന നബി വചനം ശ്രദ്ധേയമാണ്. സകല സൗകര്യങ്ങളും ഒത്തിണങ്ങിയ സന്ദര്‍ഭത്തില്‍ മനസ്സ് കൊതിക്കുന്ന ഒരു തിന്‍മ ചെയ്യാതെ, തഖ്വ നിലനിര്‍ത്താന്‍ നിതാന്ത ജാഗ്രതയും മനസാന്നിധ്യവും അനിവാര്യമാണ്. “തീര്‍ച്ചയായും നിന്‍റെ റബ്ബ് നിരീക്ഷണ സ്ഥാനത്ത് തന്നെയുണ്ട്” ( ഫജ്ര്‍ 14 ) എന്ന ദിവ്യവചനത്തില്‍ നിന്നായിരിക്കണം ഇതിന് പ്രചോദനം ലഭിക്കേണ്ടത്. ഭയഭക്തിയുടെ ഈ ധന്യ നിമിഷങ്ങളില്‍ ആത്മപരിശോധനക്കും വിശ്വാസി വിധേയനാകേണ്ടതുണ്ട്. വീഴ്ചകള്‍ സംഭവിച്ച ഇന്നലെകളെ കുറിച്ച് സങ്കടപ്പെടുന്നവന് മാത്രമേ പാപരഹിതമായ പുണ്യം പുഷ്പിക്കുന്ന നാളെകളെ സൃഷ്ടിക്കാന്‍ കഴിയുകയുള്ളൂ.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x