കോട്ടക്കല്‍ കഷായത്തില്‍ നിന്നും തങ്ങള്‍ മംഗളപത്രത്തിലേക്ക്
ഇസ്മാഈല്‍ കള്ളിയന്‍
2010 ആഗസ്റ്റ് മൂന്നിന് അന്ന് മാധ്യമം പത്രത്തില്‍ അസി.എഡിറ്ററായിരുന്ന സി ദാവൂദ് എഴുതിയ ഒരു ലേഖനമുണ്ടായിരുന്നു: ‘തീവ്രവാദത്തിനെതിരായ കോട്ടക്കല്‍ കഷായം’.
കേരളത്തില്‍ മുസ്‌ലിം തീവ്രവാദം ലഘുലേഖയും ചുവരെഴുത്തും അന്തിക്കവാത്തും മെഴുകുതിരി യോഗവുമൊക്കെ കടന്ന് കൈവെട്ടിലേക്ക് അപ്‌ഗ്രേഡ് ചെയ്യപ്പെട്ട സമയം. അന്ന് ലീഗ് മു ന്‍കയ്യെടുത്ത് കേരളത്തിലെ മുഴുവന്‍ മുസ്‌ലിം മതസംഘടനകളെയും കോട്ടക്കലില്‍ വിളിച്ചുകൂട്ടി കടുത്തുവരുന്ന മുസ്‌ലിംതീവ്രവാദ പ്രവണതകള്‍ക്കെതിരായ പൊതുപ്രതിരോധം രൂപപ്പെടുത്താനുള്ള ശ്രമം നടത്തി. ആ യോഗത്തിലേക്ക് ജമാഅത്തെ ഇസ്‌ലാമിക്ക് ക്ഷണമുണ്ടായില്ല എന്നതാണ് ദാവൂദിനെ മേല്‍പ്പറഞ്ഞ കോട്ടക്കല്‍ കഷായം രചിക്കാന്‍ പ്രകോപിപ്പിച്ച ഹേതു. അതിന് തൊട്ടുമുമ്പുള്ള വര്‍ഷം നടന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ ലീഗിന് പിന്തുണ കൊടുത്തിട്ടും ജമാഅത്തിനെ മുസ്‌ലിം പൊതുപ്ലാറ്റ്‌ഫോമില്‍ കസേരയിട്ടു കൊടുക്കാന്‍ വിമുഖത കാണിച്ച ലീഗ് പത്ത് കൊല്ലത്തിനിപ്പുറം അവരുടെ സ്യൂഡോപൊളിറ്റിക്കല്‍ ഹാന്‍ഡിലായ വെല്‍ഫെയര്‍ പാ ര്‍ട്ടിക്ക് മേല്‍വിലാസം ഉണ്ടാക്കിക്കൊടുക്കാന്‍ അവസരംകൊടുത്തു എന്നിടത്താണ് ജമാഅത്ത് അതിന്റെ ബൗദ്ധിക മീഡിയ വിഭവങ്ങളുപയോഗിച്ച് ലീഗിന്റെ അജണ്ടവരെ സെറ്റ് ചെയ്യുന്ന തലത്തിലേക്ക് കാര്യങ്ങളെത്തിച്ചു എന്നു മനസ്സിലാക്കേണ്ടത്. ഹയാ സോഫിയ പള്ളിയാക്കിയ ഒര്‍ദൊഗാന്റെ ചെയ്ത്തിനെ ന്യായീകരിച്ച് സാദിഖലി ശിഹാബ് തങ്ങള്‍ ചന്ദ്രികയില്‍ ലേഖനമെഴുതുന്ന തരം അന്തമില്ലായ്മ വരെ ഉണ്ടാകുന്നത് ഈ ജമാഅത്ത് സ്‌കൂളിന്റെ നറേറ്റീവുകളില്‍ നിന്നും ‘വിവരം’ ആര്‍ജ്ജിക്കുന്നത് കൊണ്ടാണ്.
ഇക്കഴിഞ്ഞ പത്ത്‌കൊല്ലം കൊണ്ട് ദാവൂദ് മാധ്യമം പത്രത്തിന്റെ എഡിറ്ററി ല്‍നിന്നും മീഡിയാവണ്‍ ചാനലിന്റെ മാനേജിംഗ് എഡിറ്ററായി വളര്‍ന്നു. ലീഗ് ജമാഅത്ത് വിരുദ്ധ രാഷ്ട്രീയത്തില്‍ നിന്നും അവരോട് സന്ധിചെയ്യുന്ന രൂപത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു. അതിനാല്‍ പത്ത് കൊല്ലം മുമ്പ് താന്‍ മാധ്യമത്തില്‍ കാച്ചിയ കോട്ടക്കല്‍ കഷായ വിരുദ്ധ ആന്റിഡോട്ടില്‍ പഞ്ചസാരപ്പാവ് ചേര്‍ത്ത് ഇന്ന് അതേ ദാവൂദ് മുനവ്വറലി തങ്ങള്‍ക്ക് ഒരു മംഗളപത്രം രചിച്ചിട്ടുണ്ട് മീഡിയാവണ്‍ വെബ്ബില്‍. നല്ലൊരു നേരമ്പോക്കിന് നേരമുള്ളവര്‍ക്ക് ആ രണ്ട് ഗദ്യകാവ്യങ്ങളും ഒരേ സമയം പാരലല്‍ ആയി വായിച്ചു നോക്കി ആനന്ദിക്കാം.
രണ്ടായിരത്തിപ്പത്തിലെ കഷായ ലേഖനത്തില്‍ ദാവൂദ് പറയുന്ന ഒരു കാര്യമുണ്ട്: ‘മുസ്‌ലിം സമുദായത്തിന്റെ 98 ശതമാനത്തിന്റെയും പിന്തുണയുള്ളവരാണ് ദാ, ഇവിടെ ഒത്തുകൂടിയിരിക്കുന്നതെന്ന് ഒരു ലീഗ് നേതാവ് പ്രസ്താവിച്ചു കളഞ്ഞു. അതായത്, 98 ശതമാനം മുസ്‌ലിംകളും തങ്ങളുടെ കയ്യിലാണെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.
തങ്ങളുടെ കക്ഷത്തിരിക്കുന്ന, തങ്ങള്‍ കല്‍പിക്കുമ്പോള്‍ അനങ്ങുകയും അടങ്ങുകയും ചെയ്യുന്ന തങ്ങളുടെ തന്നെ ഉപഗ്രഹ സംഘടനകളാണ് ഇവയില്‍ മിക്കതും എന്ന യാഥാര്‍ഥ്യം മറച്ചുവെക്കുന്നതാണ് ഈ അവകാശവാദം. 91ല്‍ ബേപ്പൂരിലും വടകരയിലും 2006 ല്‍ കുറ്റിപ്പുറത്തും തിരൂരും മങ്കടയിലുമെല്ലാം ഈ 98 ശതമാനം തങ്ങളുടെ കൂടെത്തന്നെ ഉണ്ടായിരുന്നുവെന്ന് ലീഗ് നേതൃത്വം മനസ്സിലാക്കുന്നത് നന്ന്. സമുദായത്തിലെ ഒരു ശതമാനത്തിന്റെ പോലും പിന്തുണയില്ലാത്തവരാണ് അന്നൊക്കെ/അവിടെയൊക്കെ അജണ്ട നിശ്ചയിച്ചതെന്ന് ഓര്‍ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്’.
ദാവൂദ് ആ പറഞ്ഞ അജണ്ട നിശ്ചയിക്കല്‍ പരിപാടിയാണ് അവര്‍ക്കറിയാവുന്ന മെയിന്‍ പണി. അതിന് കയ്യിലുള്ള പ്രസിദ്ധീകരണ/ബ്രോഡ്കാസ്റ്റിം
പക്ഷേ അവരുടെ വിഭവങ്ങള്‍ അങ്ങനെയല്ല. ലീഗുകാര്‍ക്കറിയാത്ത ലീഗ് ചരിത്രങ്ങളൊക്കെ മാന്തിക്കൊണ്ട് വന്ന് രാഷ്ട്രീയ വിഷയങ്ങളില്‍ കൗണ്ടര്‍ നറേറ്റീവുകള്‍ നിര്‍മ്മിച്ച് തന്ന് കൊണ്ടിരിക്കും ഇവര്‍. തലവെച്ച് കൊടുത്താല്‍ സാമുദായിക രാഷ്ട്രീയത്തില്‍ പത്തെഴുപത് കൊല്ലം കൊണ്ട് പലരും നയിച്ചുണ്ടാക്കി തന്ന സെക്കുലര്‍ ക്രെഡിബിലിറ്റി എന്നൊരു സാധനമുണ്ട്, അത് അങ്ങ് പോയിക്കിട്ടും. കമ്മ്യൂണിറ്റി പൊളിറ്റിക്‌സും കമ്മ്യൂണല്‍ പൊളിറ്റിക്‌സും തമ്മിലുള്ള നേര്‍ത്ത വേലിയിലെ ചിതലാണ് ഈ ദാവൂദുമാര്‍…
ഇസ്മാഈല്‍ കള്ളിയന്‍