22 Tuesday
October 2024
2024 October 22
1446 Rabie Al-Âkher 18

പൗരത്വ സമരങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ മുസ്ലിംകളുടെ രാഷ്ട്രീയ ജീവിതം – അഷ്റഫ് കടയ്ക്കല്‍ /വി കെ ജാബിര്‍

ഭരണഘടനാപരമായി സമത്വവും സ്വാതന്ത്ര്യവും നിലനില്‍ക്കുമ്പോഴും മുസ്ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗം രാജ്യത്ത് ഗുരുതരമായ അശാന്തിയിലാണ്. പുറമേക്ക് തീവ്രമായി പ്രകടമായില്ലെങ്കിലും അകം പുകഞ്ഞുകൊണ്ടിരിക്കുകയാണ്. സി എ എ, പൗരത്വ പട്ടിക തുടങ്ങിയ നിയമപരമായ അരുക്കാക്കല്‍ നീക്കങ്ങള്‍ക്കു ശേഷം ഏറ്റവുമൊടുവില്‍ ദല്‍ഹി വംശഹത്യാവേളയിലും മുസ്ലിം ജനവിഭാഗം അതിഭീകരമായ നീതിനിഷേധമാണ് നേരിട്ടത്. അവര്‍ പ്രതീക്ഷ വച്ചുപുലര്‍ത്തിയിരുന്ന, കണ്ണുംപൂട്ടി വോട്ടു നല്‍കി വിജയിപ്പിച്ച പാര്‍ട്ടികള്‍ പോലും ഒന്നു മുരടനക്കുക പോലും ചെയ്തില്ലെന്നു മാത്രമല്ല, തിരിച്ചടികള്‍ക്ക് വഴി സുഗമമാക്കി കൊടുക്കുകയും ചെയ്തു. ഒപ്പം ഭരണഘടനാ സ്ഥാപനങ്ങള്‍ പോലും കൈയൊഴിയുന്നു എന്ന നിരാശാബോധം രാജ്യത്തെ പ്രമുഖ ന്യൂനപക്ഷങ്ങളില്‍ പടരുമ്പോഴാണ് മതനിരപേക്ഷ കക്ഷികളില്‍ നിന്ന് ഇനിയുമേറെ പ്രതീക്ഷിക്കാനില്ല എന്ന തോന്നല്‍ ശക്തിപ്പെടുന്നത്. പൊതുബോധവും ശാസ്ത്രചിന്തയും നിഷ്പ്രഭമാക്കുന്ന ഭ്രമാത്മക വിദ്യകള്‍ മുന്‍കൈ നേടുന്ന പരിസരമാണ് ദേശീയ തലത്തില്‍ സൃഷ്ടിക്കപ്പെടുന്നത്. ഇവിടെ പേരുകള്‍ വ്യക്തമാക്കുന്ന ഐഡന്‍റിറ്റി തന്നെ മതി ഒരാള്‍ ആക്രമിക്കപ്പെടാന്‍ എന്ന സവിശേഷ സന്ധിയില്‍ മുസ്ലിം ഭാഗധേയം നിര്‍ണയിക്കാന്‍ കെല്പുള്ള രാഷ്ട്രീയവും ചര്‍ച്ചയ്ക്കു വരികയാണ്. സമകാലിക വിഷയങ്ങളെ കുറിച്ച് സംസാരിക്കുന്നു.

സംഭവ പരമ്പരകള്‍ക്കൊടുവില്‍ ഡല്‍ഹി വംശീയ അതിക്രമത്തില്‍ വരെ നിസ്സഹായരായി ഇരകളാക്കപ്പെടുന്ന മുസ്ലിംകളെയാണ് രാജ്യം കണ്ടത്. മതനിരപേക്ഷ കക്ഷികളില്‍ ആരെയും സഹായത്തിനു കണ്ടില്ല. ജീവനില്ലാത്ത പ്രസ്താവനകള്‍ക്കപ്പുറം മതേതര രാഷ്ട്രീയ കക്ഷികളുടെ അകം പൊള്ളയായിരുന്നോ?

ജനസംഖ്യാ പ്രാതിനിധ്യം നോക്കിയാല്‍ കേരളത്തിലെ മുസ്ലിംകളെക്കാള്‍ അംഗബലമുള്ള സംസ്ഥാനങ്ങളാണ് ബംഗാളും അസമും. പിന്നീട് ഗണ്യമായ മുസ്ലിം ജനസംഖ്യയുള്ള സംസ്ഥാനം ഉത്തര്‍പ്രദേശ് ആണ്. പതിനട്ടു ശതമാനം വരും അവിടെയുള്ള മുസ്ലിംകള്‍. കേരളത്തിന്‍റെ മൊത്തം ജനസംഖ്യയെക്കാള്‍ വരും യുപിയിലെ മുസ്ലിം ജനസംഖ്യ. ബിഹാറും വലിയ തോതില്‍ മുസ്ലിംകളുള്ള സംസ്ഥാനമാണ്. കശ്മീരിനെ ഒഴിച്ചു നിര്‍ത്തിയാണിത് പറയുന്നത്.
ഉത്തരേന്ത്യയിലെ നൂറിലേറെ നിയമസഭാ മണ്ഡലങ്ങളില്‍ മുസ്ലിം വോട്ടര്‍മാര്‍ നിശ്ചയിക്കുന്ന സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ കഴിയും. ജനസംഖ്യാ പ്രാതിനിധ്യം നോക്കിയാല്‍ മലബാറിലെക്കാള്‍ മികച്ച സാധ്യതകളുള്ള സംസ്ഥാനങ്ങള്‍ ഇന്ത്യയിലുണ്ടായിരുന്നിട്ടും ഇന്ത്യന്‍ മുസ്ലിംകള്‍ സാമുദായികമായി സംഘടിക്കാനോ സാമുദായിക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പിന്നില്‍ അണിനിരക്കാനോ തയ്യാറാകാതെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളോടൊപ്പം ചേര്‍ന്നുനില്‍ക്കുന്ന സമീപനമാണ് സ്വീകരിച്ചത്.
ഉത്തരേന്ത്യ എടുത്താല്‍, ആദ്യം കോണ്‍ഗ്രസിന്‍റെ കൂടെയായിരുന്നു അവര്‍. പിന്നീട് സമാജ്വാദി പാര്‍ട്ടി, ബി എസ് പി തുടങ്ങിയ പ്രാദേശിക കക്ഷികള്‍ക്കൊപ്പം നിന്നു. ബംഗാളില്‍ കോണ്‍ഗ്രസിനൊപ്പം നിന്നവര്‍ പിന്നീട് സി പി എമ്മിന്‍റെ കൂടെ നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പമാണ്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ചെറിയ രാഷ്ട്രീയ പരീക്ഷണം സാധ്യമാക്കിയത് അസമില്‍ ആള്‍ ഇന്ത്യ യുനൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ട് (എ യു ഡി എഫ്) ആണ്. ബദ്റുദ്ദീന്‍ അജ്മലിന്‍റെ നേതൃത്വത്തില്‍ രൂപം കൊണ്ട പാര്‍ട്ടിയാണത്. ഈ ട്രെന്‍ഡ് പരിശോധിച്ചാല്‍, സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയിലെ മുസ്ലിംകള്‍ സാമുദായികാടിസ്ഥാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിക്കാതെ ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ക്കൊപ്പം നില്‍ക്കുന്ന സമീപനമാണ് സ്വീകരിച്ചത്.
തങ്ങളുടെ സാമ്പത്തികമോ വിദ്യാഭ്യാസപരമോ സാമൂഹികമോ ആയ പുരോഗതിക്ക് കാര്യമായി ഒന്നും ചെയ്യാത്ത സാഹചര്യത്തിലായിരുന്നു ഇതെന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട്. വര്‍ഗീയത ഒരിക്കലും ആരോപിക്കാന്‍ കഴിയാത്ത സമീപനമാണ് അവര്‍ നാളിതുവരെ എടുത്തത്. ലോകത്തെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ നിന്നെല്ലാം അല്‍ഖാഇദ പോലുള്ള തീവ്ര- ഭീകര പ്രസ്ഥാനങ്ങളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതില്‍ ആ സംഘടനകള്‍ വിജയിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇത്തരം സംഘങ്ങള്‍ ആളുകളെ ആകര്‍ഷിക്കുന്നതില്‍ അമ്പേ പരാജയപ്പെടുകയായിരുന്നു. ഭീകരതയോട് പുറംതിരിഞ്ഞു നില്‍ക്കുന്ന സമീപനമാണ് മുസ്ലിം ബഹുജനങ്ങള്‍ സ്വീകരിച്ചത്. ഐസിസിന്‍റെ കഥയെടുത്താല്‍ പോലും സ്ഥിതി വ്യത്യസ്തമല്ല. നൂറില്‍ താഴെ പേര്‍ മാത്രമാണ് ഐസിസിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. (അതിനു പിന്നില്‍ തന്നെ മറ്റു പല ഘടകങ്ങളുമുണ്ട്.)
ഏതു പരാമീറ്റര്‍ വച്ചുനോക്കിയാലും ഏതു മാനദണ്ഡം വച്ചു അളന്നാലും ഇന്ത്യന്‍ മുഖ്യധാരയോടൊപ്പം, വിവേചനങ്ങള്‍ സഹിച്ചുകൊണ്ടു തന്നെ ഒട്ടിനില്‍ക്കുകയായിരുന്നു മുസ്ലിംകള്‍.
വിവേചനങ്ങള്‍ ഉണ്ടായിരുന്നു എന്നതിന്‍റെ ഔദ്യോഗിക രേഖയായിരുന്നു സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്. വിദ്യാഭ്യാസപരമായും സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയപരമായും മതിയായ പ്രാതിനിധ്യം കിട്ടാത്ത ദലിത് വിഭാഗങ്ങളെക്കാള്‍ താഴെ നില്‍ക്കുന്ന സമുദായമാണ് മുസ്ലിംകളെന്ന് സച്ചാര്‍ റിപ്പോര്‍ട്ട് അടിവരയിടുന്നുണ്ട്. അങ്ങേയറ്റം വിവേചനമുണ്ടായിട്ടുപോലും മുഖ്യധാരയ്ക്കൊപ്പം നിന്ന കമ്യൂണിറ്റിയാണവര്‍. ആ സമുദായത്തെ ശാരീരികമായി/ ഭൗതികമായി കൂട്ട ഉന്മൂലനം ചെയ്യുന്ന നടപടികള്‍ ഉണ്ടാവുമ്പോള്‍ പോലും ആരും ശബ്ദിക്കുന്നില്ല എന്നത് ഗുരുതരമായ വിഷയമാണ്. അത് ഗുജറാത്ത് കൂട്ടക്കൊലയിലും മുസഫര്‍പൂര്‍ കലാപത്തിലും നാം കണ്ടതാണ്. ഇന്ത്യയുടെ മെട്രോപൊളിറ്റന്‍ സിറ്റിയായ, മാധ്യമങ്ങള്‍ കണ്ണു തുറന്നിരിക്കുന്ന, ലോക രാഷ്ട്രങ്ങളുടെ എംബസികള്‍ സ്ഥിതി ചെയ്യുന്ന, ലോകത്തിന്‍റെ കണ്‍വെട്ടത്തുള്ള ഒരു തന്ത്രപ്രധാന സ്ഥലത്തെങ്കിലും വ്യത്യസ്തമായ സമീപനം ഉത്തരവാദിത്തമുള്ള രാഷ്ട്രീയ കക്ഷികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ, 65 മണിക്കൂര്‍ തുടര്‍ച്ചയായി വംശഹത്യ നടക്കുമ്പോള്‍ മാധ്യമങ്ങളിലൂടെ അരുതെന്നു പറയാന്‍ പോലും ഇന്ത്യയില്‍ ഒരു രാഷ്ട്രീയ കക്ഷി നേതാവും മുതിര്‍ന്നില്ല എന്നത് സുപ്രധാന വിഷയമാണ്.
രണ്ടാമത്, ഇങ്ങനെ കൂട്ടക്കശാപ്പിനും വസ്തുവകകള്‍ നശിപ്പിക്കുന്നതിനും വിധേയമാക്കപ്പെടുന്ന വേളയില്‍ ഈ ദുഖകരമായ സാഹചര്യം പുറംലോകത്തെ അറിയിക്കാനും അധികാരികളെ ബോധ്യപ്പെടുത്താനും ഒരു നേതാവില്ലാതെ പോയ സാഹചര്യത്തിലാണ് ഇന്ത്യയിലെ മതനിരപേക്ഷ കക്ഷികള്‍ അവരുടെ ഉത്തരവാദിത്തം നിര്‍വഹിച്ചോ ഇല്ലയോ എന്ന പ്രശ്നം ഉയരുന്നത്. സ്വാഭാവികമായും സംശയലേശമെന്യെ പറയാവുന്ന കാര്യം, ഇന്ത്യയിലെ മതനിരപേക്ഷ കക്ഷികള്‍, പാര്‍ട്ടികള്‍, ഗ്രൂപ്പുകള്‍, മറ്റു പ്രവര്‍ത്തകര്‍ ആരും തന്നെ തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിച്ചില്ല എന്നാണ്. അവിടെയാണ് ഇന്ത്യന്‍ മുസ്ലിംകളെ സംബന്ധിച്ച്, ഇനി ഈ രൂപത്തില്‍ മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന ബോധ്യം മുന്നില്‍ തെളിയുന്നത്. തങ്ങള്‍ക്ക് ആശ്വാസം പകരുമെന്നു പറയുന്നവര്‍, സംരക്ഷിക്കുമെന്നു പ്രഖ്യാപിക്കുന്നവര്‍, ഏതെങ്കിലും തരത്തില്‍ പ്രതീക്ഷയര്‍പ്പിക്കുമെന്നു പറയുന്നവര്‍ ഇവിടെ ഇല്ല എന്ന തോന്നല്‍ മുസ്ലിംകളില്‍ ഉണ്ടായിട്ടുണ്ട്.

മറ്റു രാഷ്ട്രീയ കക്ഷികളില്‍ നിന്ന് പ്രതീക്ഷയുടെ ആളനക്കമുണ്ടായില്ല. മുസ്ലിംകള്‍ക്കുള്ളില്‍ നിന്ന് രാഷ്ട്രീയ, സാമൂഹിക പ്രതിരോധം സൃഷ്ടിക്കാനോ വിഷയം പൊതുശ്രദ്ധയില്‍ കൊണ്ടുവരാനോ പ്രാപ്തിയുള്ള ഒരു നേതാവ് ഉണ്ടായില്ല. അപ്പോള്‍ ഈ പ്രതിസന്ധി ഏതു ദിശയിലേക്കാണ് പുരോഗമിക്കുക?

സമകാലിക സാഹചര്യം ഉത്തരേന്ത്യയില്‍ വല്ലാത്തൊരു പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മുസ്ലിംകള്‍ നിലനില്പിനായി സ്വത്വം ഉപേക്ഷിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. പരമ്പരാഗതമായി കാഴ്ചയില്‍ തന്നെ മുസ്ലിംകളാണെന്ന് വ്യക്തമാക്കുന്ന വേഷവിധാനം ധരിച്ചവര്‍ (മതഭക്തരായതുകൊണ്ടല്ല, കാലങ്ങളായി സ്വീകരിച്ച വേഷമത്രെ) ആ വേഷം ഉപേക്ഷിക്കുന്ന കാഴ്ച. പര്‍ദ ഉപേക്ഷിച്ചുവെന്നു മാത്രമല്ല, പല സ്ത്രീകളും നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുന്ന അവസ്ഥയിലേക്കു പോകുന്നുവെന്നാണ് ഉത്തരേന്ത്യയില്‍ നിന്നു വരുന്ന വാര്‍ത്തകളിലും അനുഭവ വിവരണങ്ങളിലും കാണുന്നത്.
പലായനം ചെയ്യുന്നതിനെ കുറിച്ചും മുസ്ലിംകളില്‍, സാമ്പത്തികമായി മെച്ചപ്പെട്ട മധ്യവര്‍ഗ, ഉപരി മധ്യവര്‍ഗ വിഭാഗം ആലോചിക്കുന്നു. മക്കളെയും കുടുംബത്തെയും കൂട്ടി കാനഡയിലേക്കോ ബ്രിട്ടനിലേക്കോ യൂറോപ്യന്‍ രാജ്യങ്ങളിലേക്കോ മാറാമെന്നാണ് ഇവര്‍ ചിന്തിക്കുന്നത്. മരണം ഉറപ്പായെന്നു ചിന്തിക്കുകയും അത്തരമൊരു സാഹചര്യത്തില്‍ ആയുധമെടുത്തു പ്രതിരോധം തീര്‍ക്കാം എന്നു കരുതുകയും ചെയ്യുന്നവരാണ് മറ്റൊരു വിഭാഗം. ഇത്തരം കാഴ്ചകളും അപൂര്‍വമായെങ്കിലും മനസ്സിലാകുന്നുണ്ട്.
ഇത്തരമൊരു സങ്കീര്‍ണ സാഹചര്യം ഇവിടെ ഫലപ്രദമായ നേതൃത്വം അനിവാര്യമാക്കുന്നുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമാണിവിടെ സംജാതമാകുന്നത്. കൃത്യമായ ദിശാബോധമുള്ള, മതനിരപേക്ഷ വീക്ഷണവും സമുദായത്തിന്‍റെ അടിസ്ഥാന വിഷയങ്ങളില്‍ ബോധ്യവും സമ്പൂര്‍ണ പ്രാതിനിധ്യവുമുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനം രൂപപ്പെടണമെന്ന ചിന്ത അവിടെ നിന്നാണ് രൂപപ്പെടേണ്ടത്. അല്ലെങ്കില്‍, താളംതെറ്റിയ അരാജകബോധത്തിലേക്കും നേതൃശൂന്യതയിലേക്കും കാര്യങ്ങളെത്തിക്കും. ഇതു സമുദായത്തിനു മാത്രമല്ല രാജ്യത്തിനു തന്നെയും അസമാധാനവും അശാന്തി നിറഞ്ഞ ഭാവിയാകും സമ്മാനിക്കുക. ആ പശ്ചാത്തലത്തിലാണ് ദീര്‍ഘവീക്ഷണമുള്ള നേതൃത്വവും രാഷ്ട്രീയ സംഘാടനവും മുസ്ലിം സമുദായത്തിന് അനിവാര്യമാകുന്നത് എന്ന ചിന്ത പലരും മുന്നോട്ടുവെക്കുന്നത്.

മുസ്ലിം പേരുതന്നെ ചോദ്യം ചെയ്യപ്പെടാന്‍ മതിയായ കാരണമാകുന്ന രാജ്യത്തെ സാഹചര്യത്തില്‍ മുസ്ലിംകള്‍ക്ക് അവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന പാര്‍ട്ടി മാത്രമാണോ പരിഹാരം? വിഷയത്തെ മുസ്ലിം ബുദ്ധിജീവികള്‍ അഡ്രസ് ചെയ്യാന്‍ തയ്യാറാകുന്നുണ്ടോ?

ഇന്ത്യന്‍ മുസ്ലിംകളുടെ അന്തസ്സോടെയുള്ള നിലനില്പ് ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയ സാഹചര്യത്തില്‍ ഇനി എന്ത് എന്ന ഗൗരവത്തോടെയുള്ള ചിന്ത രാജ്യത്തെ മുസ്ലിം ബുദ്ധിജീവികള്‍ അതിന്‍റെ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്തതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല. മുസ്ലിംകളുടെ താല്പര്യങ്ങള്‍ അഡ്രസ് ചെയ്യുന്ന രാഷ്ട്രീയ സംഘാടനം രാജ്യത്ത് അനിവാര്യമാണെന്ന് ഷാജഹാന്‍ മാടമ്പാട്ട് ഉന്നയിക്കുകയുണ്ടായി. അതുതന്നെ, കോവിഡ് പശ്ചാത്തലത്തിലായിരുന്നു. അതുകൊണ്ടു തന്നെ അത് വേണ്ടത്ര ചര്‍ച്ചയായതുമില്ല. അല്ലെങ്കില്‍ ആ വിഷയം ചര്‍ച്ച ചെയ്യപ്പെടുമായിരുന്നു എന്നാണ് വിചാരിക്കുന്നത്. മറ്റെവിടെ നിന്നും വിശദമായ ചര്‍ച്ച നടന്നതായി അറിയില്ല.

ആഗോളതലത്തിലുയരുന്ന ജിഹാദി ചിന്തകള്‍ക്കു ഇന്ത്യന്‍ മുസ്ലിംകളില്‍ നിന്ന് നാമമാത്രമായ സ്വീകാര്യത പോലും ലഭിച്ചിട്ടില്ല. സ്വന്തം നാടാണെന്ന ബോധവും ഭരണഘടനാ സംരക്ഷണമുണ്ടെന്ന ധാരണയുമായിരുന്നു ഇതിനൊരു കാരണം. ഇപ്പോള്‍ ഭരണകൂടത്തില്‍ നിന്നും ഭരണഘടനാ സ്ഥാപനങ്ങളില്‍ നിന്നും നീതി ലഭിക്കില്ലെന്ന ധാരണ വലിയൊരു പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്?

മുന്നില്‍ വഴികളടയുന്നു എന്ന പേടിപ്പെടുത്തുന്ന ഉത്കണ്ഠ സമുദായത്തില്‍ പെട്ടവരില്‍ സൃഷ്ടിച്ചിട്ടുണ്ട്. അത് സമുദായത്തിന്‍റെ മാത്രം ആശങ്കയല്ല എന്നാണ് നാം മനസ്സിലാക്കേണ്ടത്. ആത്മാര്‍ഥമായി അടിസ്ഥാന ജനവിഭാഗത്തിന്‍റെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ രംഗത്തുള്ള ഇന്ത്യയിലെ ആക്ടിവിസ്റ്റുകളെ പോലും ഈ സാഹചര്യം ഭയപ്പെടുത്തുന്നുണ്ട്.
രാജ്യത്തെ മീഡിയ ഊര്‍ജസ്വലമായും നിഷ്പക്ഷമായും ഇടപെടുന്ന ഒരു വിഭാഗമായിരുന്നു. ഭരണഘടനാ സ്ഥാപനങ്ങള്‍ ആരാലും തകര്‍ക്കപ്പെടാത്ത സംവിധാനമായിരുന്നു. ജുഡീഷ്യറി ഏറ്റവും വിശ്വാസ്യത പുലര്‍ത്തിയ സ്ഥാപനമായിരുന്നു. കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷത്തെ അനുഭവങ്ങള്‍ വിശേഷിച്ച്, പരിശോധിച്ചാല്‍ ഗുരുതരമായ ആശങ്കയാണ് സമ്മാനിക്കുന്നത്. അവ ഭരിക്കുന്നവരുടെ താല്പര്യങ്ങള്‍ക്കു വേണ്ടി ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യം സംജാതമാകുന്നു. നീതിയുടെ അവസാന ആശ്രയമാകേണ്ട സ്ഥാപനങ്ങള്‍ പോലും ഭരിക്കുന്നവരുടെ പൂര്‍ണ നിയന്ത്രണത്തിലേക്ക് ഒതുക്കപ്പെടുമ്പോള്‍, ആക്ടിവിസ്റ്റുകള്‍ പോലും പ്രതീക്ഷകളുടെ വഴികള്‍ അടയുന്നുവല്ലോ എന്ന ചിന്ത പങ്കുവെക്കുന്നു.
പക്ഷെ, അത്തരമൊരു ഭയാശങ്ക ഉടലെടുത്താല്‍ പിന്നെ ചരിത്രത്തില്‍ സംഭവിച്ചിട്ടുള്ളത്, സായുധ വിപ്ലവവും തീവ്രവാദവും അതു മറികടക്കാനുള്ള ഒരു പോംവഴിയായി സ്വീകരിക്കപ്പെടുന്നു എന്നാണ്. അത്തരമൊരു സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ വഴുതിപ്പോകരുത് എന്ന ചിന്തയില്‍ നിന്നാണ് ഇത്തരം ഫലപ്രദമായൊരു ഇടപെടല്‍ വേണം എന്ന ആശയം ഉടലെടുക്കുന്നത്. ഈയൊരു ഉത്കണ്ഠ മുസ്ലിംകള്‍ക്കു മാത്രമല്ല ഉള്ളത്. ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗങ്ങളോടും അടിച്ചമര്‍ത്തപ്പെട്ടവരോടും നീതി നിഷേധിക്കപ്പെട്ടവരോടും എപ്പോഴും ഐക്യദാര്‍ഢ്യം രേഖപ്പെടുത്തുകയും സംരക്ഷണത്തിനും പുരോഗതിക്കും വേണ്ടി ശബ്ദമുയര്‍ത്തുകയും ചെയ്യുന്ന മനുഷ്യസ്നേഹികളും പൗരാവകാശ സംരക്ഷകരുമായ ഒരുപാടു പേര്‍ ഈയൊരു ഉത്കണ്ഠ പങ്കുവെക്കുന്നുണ്ട്. അവരും പക്ഷെ മറ്റൊരു പോംവഴി മുന്നോട്ടുവയ്ക്കാനില്ലാത്ത വഴിയടഞ്ഞ ഘട്ടത്തിലാണുള്ളത്.

കോണ്‍ഗ്രസുള്‍പ്പെടുന്ന മതേതര പ്രതിപക്ഷ കക്ഷികള്‍ സമീപകാലത്ത് കേന്ദ്രം സ്വീകരിച്ച നിരവധി ജനാധിപത്യവിരുദ്ധ സമീപനങ്ങള്‍ക്കെതിരെ (യു എ പി എ ഭേദഗതി, കശ്മീര്‍, എന്‍ ആര്‍ സി) കാര്യമായി രംഗത്തുവന്നിട്ടില്ല. രാഷ്ട്രീയമായി ക്ഷീണിച്ചതു കാരണമാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ സമര രംഗത്തില്ലാത്തതെന്ന് ചിലര്‍ വാദിക്കുന്നു. എന്നാല്‍ മതേതര കക്ഷികളുടെ ഈ നിശ്ശബ്ദതയ്ക്കു കാരണം രാഷ്ട്രീയ ബലക്കുറവ് മാത്രമാണോ അതോ അടിസ്ഥാന പ്രശ്നമാണോ?

മതേതര കക്ഷികള്‍ ഒരു പ്രതിസന്ധിയില്‍ അകപ്പെട്ടിട്ടുണ്ട് എന്നത് നേരാണ്. എന്നാല്‍ അത് സ്വയം സൃഷ്ടിച്ച ആശയ പ്രതിസന്ധിയാണ്. ഒരു രാഷ്ട്രീയപ്രസ്ഥാനം അവരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം, നയനിലപാടുകള്‍, സമീപനം തുടങ്ങിയവ അണികളെ ബോധ്യപ്പെടുത്തേണ്ട, പഠിപ്പിക്കേണ്ട ഉത്തരവാദിത്തമുണ്ട്. കാന്‍ഷിറാം ബി എസ് പി രൂപീകരിച്ച വേളയില്‍ സ്വീകരിച്ച സമീപനം ശ്രദ്ധിക്കേണ്ടതാണ്. ആദ്യ പത്തു വര്‍ഷം അദ്ദേഹം തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ നിന്ന് മാറിനിന്ന്, കീഴാള രാഷ്ട്രീയം, അംബേദ്കര്‍ രാഷ്ട്രീയാശയം ജനങ്ങളെ പഠിപ്പിക്കുകയായിരുന്നു. ജനാധിപത്യത്തെയും ദേശീയതയെയും കുറിച്ചുള്ള കോണ്‍ഗ്രസിന്‍റെ സങ്കല്പമെന്താണ് എന്ന് തങ്ങളുടെ പ്രവര്‍ത്തകരെ എജ്യുക്കേറ്റ് ചെയ്യേണ്ടതിന്‍റെ ബാധ്യത പാര്‍ട്ടി നേതൃത്വത്തിന് സ്വാഭാവികമായി ഉണ്ടായിരുന്നു. പക്ഷെ അണികളെ (ജനങ്ങളെ) പഠിപ്പിക്കാനുള്ള ഉത്തരവാദിത്തം നിര്‍വഹിക്കാതെ ഇന്ത്യയിലെ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കേവലം തന്ത്രങ്ങളും അടവുകളും പ്രയോഗിച്ച് അധികാരം പിടിച്ചെടുക്കുക എന്ന ഒറ്റ അജണ്ട മാത്രമായി അവരുടെ പ്രവര്‍ത്തന ശൈലി ചുരുക്കി.
അതേസമയം, സംഘ്പരിവാറിനെ സംബന്ധിച്ച് ആര്‍ എസ് എസ് അതിന്‍റെ അടിസ്ഥാന സംഘമെന്ന നിലയില്‍ അവരുടെ അണികളിലേക്ക് പ്രത്യയശാസ്ത്രപരമായ ആശയങ്ങള്‍ കൃത്യമായി പകര്‍ന്നുകൊടുക്കുന്നതില്‍ വിജയിച്ചു. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ജനതയെ ആ ആശയപ്രചാരണം കാര്യമായി സ്വാധീനിച്ചു. അതൊരുപക്ഷെ വര്‍ഗീയവത്കരണമാകാം, ഹിന്ദുത്വയുടെ സ്വാധീനം ജനങ്ങളില്‍ അവരറിയാതെ രൂപപ്പെട്ടതാകാം.
എന്നാല്‍ കോണ്‍ഗ്രസുകാരും മറ്റു പാര്‍ട്ടിക്കാരുമായിരിക്കെ തന്നെ അണികള്‍ ബി ജെ പി പ്രത്യയശാസ്ത്രം പേറുന്നവരായി മാറി. അപ്പോള്‍, ബി ജെ പി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തിന് എതിരായി, സമാന്തരമായി മറ്റൊരു ആശയം പറയാന്‍ പോലും കഴിയാത്ത സാഹചര്യം സൃഷ്ടിക്കപ്പെട്ടു.
ഹിന്ദുത്വയെ ദേശീയതയുമായി സമീകരിക്കുന്ന, ഹിന്ദുത്വയാണ് ദേശീയത എന്ന് അംഗീകരിക്കപ്പെടുന്ന അവസ്ഥയിലേക്ക് രാജ്യത്തെ കൊണ്ടുചെന്നെത്തിച്ചു. അപ്പോള്‍ ഹിന്ദുത്വ മുന്നോട്ടുവയ്ക്കുന്ന ദേശീയതയ്ക്ക് എതിരെ ഒന്നും മിണ്ടാന്‍ പറ്റാത്ത അവസ്ഥ നിര്‍മിക്കപ്പെട്ടു. അങ്ങനെ വന്നപ്പോഴാണ്, ഒന്നുകില്‍ ബി ജെപി, അല്ലെങ്കില്‍ ബി ജെ പിയുടെ ബി ടീം ആവുക  എന്ന സാഹചര്യത്തിലേക്കു കോണ്‍ഗ്രസ് മാറിയത്. അഥവാ ബി ജെ പി മുന്നോട്ടുവയ്ക്കുന്ന ഹിന്ദുത്വയുടെ സോഫ്റ്റ് വേര്‍ഷന്‍ സ്വന്തം ആശയമായി എടുത്തണിയുകയായിരുന്നു.
തങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതിനപ്പുറം മറ്റെന്തെങ്കിലും പറഞ്ഞാല്‍ അവരെ ദേശദ്രോഹികളോ രാജ്യതാല്പര്യത്തിന് എതിരു നില്‍ക്കുന്നവരോ ആയി ജനങ്ങള്‍ കാണുന്ന സാഹചര്യം സ്ഥാപിക്കപ്പെടുകയായി. ഇതിന്‍റെ ഉത്തരവാദിത്തം സംഘപരിവാറിനു മേല്‍ അല്ല ആരോപിക്കേണ്ടത്. സ്വന്തം അണികളെ ആശയപരമായി വളര്‍ത്തുന്നതില്‍ പരാജയപ്പെട്ട മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളെയാണ്.
പാര്‍ലമെന്‍റിനകത്തു സ്വീകരിക്കുന്ന നിലപാടു പോലും ഇത്തരത്തിലായിരുന്നു. വ്യക്തികളെ പോലും ഭീകരരായി കാണുന്ന യു എ പി എ നിയമഭേദഗതി കഴിഞ്ഞ ജൂലായില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചപ്പോള്‍ പോലും നാം ഇതുകണ്ടു. മുഖ്യധാരാ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് അതിനെ പിന്തുണയ്ക്കുകയായിരുന്നു. അങ്ങനെ ചെയ്തില്ലെങ്കില്‍ ദേശീയ വിരുദ്ധരായി മുദ്ര കുത്തപ്പെടുമെന്ന കെണിയില്‍ അവര്‍ വീണുപോയി. പൗരത്വഭേദഗതി, കശ്മീര്‍ പ്രശ്നങ്ങളിലും ഇതേ സമീപനമായിരുന്നു. പൗരത്വവുമായി ബന്ധപ്പെട്ട നിയമവും സി എ എ പ്രശ്നവും ഇന്ത്യയിലെ യുവജനങ്ങളും വിദ്യാര്‍ഥികളും ഒരു വിഷയമായി ഉയര്‍ത്തുകയും ജനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തതോടെയാണ് ഈ പാര്‍ട്ടികള്‍ക്ക് പരസ്യമായി അഭിപ്രായം പറയാനെങ്കിലുമുള്ള ധൈര്യം ലഭിച്ചത്.

നയ നിലപാടുകള്‍ പാര്‍ട്ടി അണികളെ ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു എന്ന പ്രശ്നം, കേരളം, ബംഗാള്‍, ത്രിപുര സംസ്ഥാനങ്ങളിലെങ്കിലും ഇടതുകക്ഷികള്‍ക്കും ബാധകമാണോ?

നയനിലപാടുകള്‍ പാര്‍ട്ടി അണികളെ പഠിപ്പിക്കുന്ന സംവിധാനം സൂക്ഷിച്ചിരുന്ന പാര്‍ട്ടികളാണ് ഇന്ത്യയില്‍ ഇടതുപക്ഷം, വിശേഷിച്ച് സി പി എം. ഇടതു പാര്‍ട്ടികള്‍ക്ക് 1990 വരെ സജീവമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി സ്കൂളുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, പാര്‍ട്ടി തന്നെ വിമര്‍ശിക്കുന്ന ലിബറലൈസേഷനു ശേഷം ആ രൂപത്തില്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളായ മൂന്നു സംസ്ഥാനങ്ങളിലും ഈ പരിപാടി തുടര്‍ന്നു എന്നു കാണാന്‍ കഴിയില്ല. ബംഗാളില്‍ സി പി എം ഭരണവര്‍ഗ പാര്‍ട്ടിയായി മാറിയപ്പോള്‍ അധികാരം നിലനിര്‍ത്താന്‍ വേണ്ട സംവിധാനങ്ങള്‍ മാത്രമായിരുന്നു പാര്‍ട്ടിയുടെ അജണ്ടയില്‍ ഉള്‍പ്പെട്ടത്. (പാര്‍ട്ടി ആരോപിച്ചിരുന്ന) പാര്‍ലമെന്‍ററി വ്യാമോഹം പാര്‍ട്ടിക്കു തന്നെ ബാധകമാകുന്ന അവസ്ഥ കേരളത്തിലും ഉണ്ടായി. സ്വാഭാവികമായും അധികാരം നിലനിര്‍ത്തുക എന്നതാണ് പാര്‍ട്ടി പരിപാടിയും പദ്ധതിയും എന്ന് അവരും അംഗീകരിച്ചതുപോലെയാണ് പ്രവര്‍ത്തിച്ചുവരുന്നത്. പാര്‍ട്ടി അണികളെ എജ്യുക്കേറ്റ് ചെയ്യുന്നതില്‍ സി പി എം ഉള്‍പ്പെടെ പരാജയപ്പെട്ടു എന്നത് വസ്തുതയാണ്. അല്ലെങ്കില്‍ ഒരു സുപ്രഭാതത്തില്‍ ബംഗാള്‍ അവര്‍ക്കു നഷ്ടപ്പെടേണ്ട കാര്യമില്ല. ബുദ്ധദേവിന്‍റെ ഭരണത്തിലും പിന്നീട് മണിക് സര്‍ക്കാര്‍ ദീര്‍ഘകാലം ഭരിച്ച ത്രിപുരയിലും സംഭവിച്ചത് നാം കണ്ടതാണ്. ത്രിപുരയില്‍ പാര്‍ട്ടി അണികളില്‍ നിന്ന് ബി ജെ പിയിലേക്ക് ഒഴുക്കുണ്ടായി. അതുകൊണ്ട് ഈ പ്രശ്നം ഇടതുപാര്‍ട്ടികള്‍ക്കും ബാധകമാണ്.
(അവസാനിക്കുന്നില്ല)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x