26 Saturday
April 2025
2025 April 26
1446 Chawwâl 27

ഇന്ത്യന്‍ മുസ്ലിംകളുടെ രാഷ്ട്രീയഭാവി എല്ലാ പ്രതീക്ഷകളും അവസാനിക്കുന്നില്ല – അഷ്റഫ് കടയ്ക്കല്‍ /വി കെ ജാബിര്‍

സി എ എ വിരുദ്ധ സമരത്തിന്‍റെ പശ്ചാത്തലത്തില്‍ കക്ഷി രാഷ്ട്രീയത്തിനപ്പുറം ന്യൂനപക്ഷങ്ങള്‍ക്കും മുസ്ലിംകള്‍ക്കും പ്രതീക്ഷ നല്‍കുന്ന ഒരു ജനാധിപത്യ ബദല്‍ രൂപപ്പെടുമെന്ന പ്രതീക്ഷയുണ്ടോ?

അങ്ങനെയൊരു സാധ്യത ഉണ്ടായിരുന്നു. പക്ഷെ നിലവിലുള്ള എല്ലാ കാര്യങ്ങളും അട്ടിമറിക്കപ്പെടുന്ന ഒരു ദുരന്തമാണ് എല്ലാവര്‍ക്കും സംഭവിച്ചുകൊണ്ടിരിക്കുന്നത്. പൗരത്വസമരം ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ രൂപപ്പെടലിനോ രാഷ്ട്രീയ മാറ്റത്തിനോ കാരണമാകും എന്നു പ്രതീക്ഷിക്കാവുന്ന സാഹചര്യം അല്ല മഹാ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ ഉരുത്തിരിഞ്ഞിരിക്കുന്നത്. അതിനു മുമ്പ് അങ്ങനെയൊരു പ്രതീക്ഷാനിര്‍ഭരമായ സാഹചര്യം രാജ്യത്ത് ഉടലെടുത്തിരുന്നു. കൊറോണ ദുരന്തം ഒരു വീണു കിട്ടിയ അവസരമായി സര്‍ക്കാര്‍ ഉപയോഗിച്ചു എന്നു പറയാന്‍ കഴിയില്ല. പക്ഷെ മാധ്യമങ്ങള്‍ സാഹചര്യം ഫലപ്രദമായി ഉപയോഗിച്ചു എന്ന കുറ്റപ്പെടുത്തലില്‍ വാസ്തവമുണ്ടു താനും.

കോണ്‍ഗ്രസിനും പിന്നീട് മുസ്ലിംകള്‍ പ്രതീക്ഷയര്‍പ്പിച്ച മതേതര പ്രാദേശിക കക്ഷികളും (മുലായംസിംഗ്, രാംവിലാസ് പാസ്വാന്‍, നിതീഷ് കുമാര്‍  തുടങ്ങി അരവിന്ദ് കെജ്രിവാള്‍ വരെ) അവരെ പിന്‍കാലുകൊണ്ട് തൊഴിച്ച പശ്ചാത്തലത്തില്‍, മുസ്ലിം ലീഗ് ഉള്‍പ്പെടെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇന്ത്യന്‍ മുസ്ലിംകളുടെ ഭാഗധേയം നിര്‍ണയിക്കാന്‍ സാധിക്കുമെന്നു കരുതാമോ?

നിലവിലുള്ള മുസ്ലിം കക്ഷികള്‍ക്കുള്ള വലിയ പോരായ്മ കഴിവുറ്റ നേതൃനിരയുടെ അഭാവമുണ്ട് എന്നതാണ്. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്‍റെ കാലം തൊട്ട്, സര്‍സയ്യിദ് മുതല്‍ അബുല്‍കലാം ആസാദ്, ഡോ. സാകിര്‍ ഹുസൈന്‍ വരെയുള്ള മുസ്ലിം നേതൃനിരയെ പരിശോധിച്ചാല്‍, ഓരോരുത്തരും അവരവരുടെ മേഖലയില്‍ അതിപ്രഗത്ഭരും കഴിവുറ്റവരുമായിരുന്നു എന്നു കാണാം. വിദ്യാഭ്യാസ മേഖലയില്‍, പത്രപ്രവര്‍ത്തന രംഗത്ത്, തത്വചിന്താരംഗത്ത്, രാഷ്ട്രീയ കാഴ്ചപ്പാടില്‍ തുടങ്ങി അവര്‍ വ്യവഹരിച്ച മേഖലകളില്‍ വിശിഷ്ട നിലകളിലായിരുന്നു. കേരളത്തില്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് ഉള്‍പ്പെടെ ദേശീയ പരിപ്രേക്ഷ്യം ഉള്ള നേതൃത്വമുണ്ടായിരുന്നു. സുഭാഷ് ചന്ദ്രബോസിനൊപ്പം തലയെടുപ്പുള്ള നേതാവായി അബ്ദുറഹ്മാന്‍ സാഹിബ് വളര്‍ന്നിരുന്നു. ഇന്ത്യയിലാകമാനം മുസ്ലിംകളെ സ്വാധീനിക്കാന്‍ തക്ക നേതൃത്വമായിരുന്നു. ഇവരില്‍ ഭൂരിഭാഗവും മുസ്ലിം സ്വത്വം ഉയര്‍ത്തിപ്പിടിച്ചവരും ഐഡന്‍റിറ്റി പ്രഖ്യാപിച്ച ആളുകളുമായിരുന്നു. അങ്ങനെയുള്ള, നേതൃപാടവവും ദീര്‍ഘവീക്ഷണവുമുള്ള ആളുകള്‍ മുസ്ലിം കക്ഷികളുടെ നേതൃത്വത്തില്‍ പിന്നീട് ഉണ്ടായില്ല. ഗുലാം മുഹമ്മദ് ബനാത്ത് വാല, ഇബ്റാഹിം സുലൈമാന്‍ സേഠ് തുടങ്ങിയവരുടെ ലെവലിലെങ്കിലും ഉയര്‍ന്നുനില്‍ക്കുന്ന, മികച്ച പാര്‍ലമെന്‍റേറിയന്മാരായ നേതാക്കള്‍ പോലും ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗിനു പോലുമുണ്ടായില്ല. പിന്നീട് ദേശീയ രാഷ്ട്രീയത്തില്‍ തലയെടുപ്പു കാണിക്കുന്നൊരാള്‍ അസദുദ്ദീന്‍ ഉവൈസിയാണ്. പക്ഷെ അദ്ദേഹത്തിന്‍റെ തീവ്രമായ നിലപാടുകള്‍ പൊതുവെ അംഗീകരിക്കാന്‍ പ്രയാസമുള്ളതാകയാല്‍ അത് സ്വീകാര്യതക്കു തടസ്സമായി. പ്രതീക്ഷയര്‍പ്പിക്കുന്ന ഒരു നേതാവു പോലും ഈ പാര്‍ട്ടികളുടെ തലപ്പത്ത് ഇല്ല എന്നത് സങ്കടകരമായ വസ്തുതയാണ്. അപ്പോള്‍ എങ്ങനെ നിലവിലുള്ള പാര്‍ട്ടികളെ ആശ്രയിക്കുമെന്ന വിഷയം ഉയര്‍ന്നുവരുന്നുണ്ട്. മാത്രമല്ല, ഈ പാര്‍ട്ടികള്‍ക്കൊന്നും ഒരു പാന്‍ ഇന്ത്യന്‍ കാഴ്ചപ്പാട് മുന്നോട്ടുവെക്കാനുമില്ല. ദേശീയ തലത്തില്‍ മുസ്ലിം സമൂഹത്തെ വിദ്യാഭ്യാസപരമായും സാമൂഹികമായും രാഷ്ട്രീയപരമായും സമുദ്ധരിക്കാനുള്ള പദ്ധതികളോ പരിപാടികളോ ഇപ്പോഴത്തെ പാര്‍ട്ടികള്‍ക്കൊന്നും മുന്നോട്ടുവയ്ക്കാനില്ല.
കേരളത്തില്‍ ഭരണപരമായും രാഷ്ട്രീയമായും സ്വാധീനമുള്ള കക്ഷിയാണ് ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ്. ഹിന്ദുത്വ ആശയങ്ങള്‍ കേരളത്തിലെ മധ്യവര്‍ഗ സമൂഹത്തില്‍ വേരോട്ടം നേടിക്കൊണ്ടിരിക്കുമ്പോള്‍, വിഷയത്തെ അര്‍ഹിക്കുന്ന ഗൗരവത്തോടെ വിലയിരുത്താനോ ചര്‍ച്ച ചെയ്യാനോ കേരളത്തിലെ ലീഗ് പാര്‍ട്ടിക്കോ നേതൃത്വത്തിനോ പോലും കഴിഞ്ഞിട്ടില്ല എന്നത് വസ്തുതയായി അവശേഷിക്കുന്നു. കേരളം ഒരു കൃത്യമായ സെക്യുലര്‍ ഭൂമികയാണ്, മതനിരപേക്ഷ മണ്ഡലമായതിനാല്‍ അവിടെ ബി ജെ പിക്കോ അവരുടെ പ്രത്യയശാസ്ത്രത്തിനോ വേരോട്ടം ഉണ്ടാക്കാന്‍ കഴിയില്ല എന്നത് മിഥ്യാ ധാരണയാണ്. ആ കാഴ്ചപ്പാട് അകം ശൂന്യമായ ഒന്നാണെന്ന് മനസ്സിലാക്കാനും, ഒരുപക്ഷെ കേരള രാഷ്ട്രീയത്തിലെ ഈ മുന്നണികളുടെ താളക്രമം ഏതു നിമിഷവും നഷ്ടപ്പെട്ട് ഹിന്ദുത്വ ആശയങ്ങളിലേക്ക് വഴുതിവീഴുന്ന അവസ്ഥയിലാണ് ഉള്ളതെന്നു തിരിച്ചറിഞ്ഞ് അതിനുവേണ്ട രാഷ്ട്രീയ ആലോചനകള്‍ നടത്താനും ആ പാര്‍ട്ടിക്കു കഴിഞ്ഞിട്ടുണ്ടോ?
പത്തുവര്‍ഷം കഴിയുമ്പോള്‍, അല്ലെങ്കില്‍ 2030-ലോ അതിനു ശേഷമോ കേരളത്തിന്‍റെ രാഷ്ട്രീയം എങ്ങനെയാകുമെന്നും ദിശ എങ്ങോട്ടാകുമെന്നും ആലോചിക്കാനും അതിനനുസരിച്ചുള്ള രാഷ്ട്രീയ ചട്ടക്കൂട് നെയ്തെടുക്കാനും മുസ്ലിം ലീഗിനു പോലും കഴിയുന്നില്ല. ഇവിടെയും തെരഞ്ഞെടുപ്പിലെ ഫലപ്രദമായ ഇടപെടലാണ് പാര്‍ട്ടിയുടെയും മുഖ്യ വിഷയം. അതിനര്‍ഥം, ഇത്രയും രാഷ്ട്രീയ സ്വാധീനമുള്ള കേരളത്തിലെ മുസ്ലിം ലീഗിനു പോലും സംസ്ഥാന വിഷയത്തില്‍ ദീര്‍ഘവീക്ഷണത്തോടെ ബുദ്ധിപരമായി ഇടപെടാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെങ്ങനെയാണ് ദേശീയതലത്തില്‍ നേതൃത്വം നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുക എന്നത് വലിയ ചോദ്യമാണ്.

സമുദായത്തെ പ്രതിനിധീകരിക്കുന്ന പ്രധാന രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ മുസ്ലിം ലീഗ് അങ്ങനെ അവകാശപ്പെടുന്നുണ്ട്?

കേരളത്തിലെ മുസ്ലിം ലീഗ് വിജയിച്ച രാഷ്ട്രീയ പരീക്ഷണമാണ് എന്നതില്‍ തര്‍ക്കമില്ല. പക്ഷെ മാറിയ സാഹചര്യത്തില്‍ ലീഗ് അതിനൊപ്പം ഉയര്‍ന്നിട്ടുണ്ടോ എന്ന സന്ദേഹമാണ് ഞാന്‍ ഉന്നയിക്കുന്നത്. ലീഗിന്‍റെ രാഷ്ട്രീയ പ്രസക്തിയെ അംഗീകരിച്ചുകൊണ്ടാണ് ഈ വിമര്‍ശനം മുന്നോട്ടുവയ്ക്കുന്നത്.

രാജ്യം ഒരു മഹാമാരിയുടെ മുഖത്തുനില്‍ക്കുമ്പോഴും, പൊതുബോധം പോലും നഷ്ടപ്പെടുന്ന തരത്തില്‍ പ്രതീകാത്മകമായ വിദ്യകള്‍ കൊണ്ട് ജനങ്ങളില്‍ ഉന്മാദാവസ്ഥ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഇതൊരു ഫാസിസ്റ്റ് രീതിയാണോ രാഷ്ട്രീയ തന്ത്രമാണോ?

നരേന്ദ്ര മോദി തന്നെയാണ് ഭരണത്തിനും പാര്‍ട്ടിക്കും നേതൃത്വം നല്‍കുന്നത്. അവര്‍ വിജയിച്ചു പരീക്ഷിച്ച രാഷ്ട്രീയ ആയുധം സാമുദായിക ധ്രുവീകരണമാണ്. ഇതു ഫലപ്രദമായി ഉപയോഗിച്ച് മുസ്ലിം അപരത്വം പൊലിപ്പിക്കാന്‍ അവര്‍ക്കു കഴിഞ്ഞിട്ടുണ്ട്. സ്വാഭാവികമായും വൈകാരിക വിഷയങ്ങളില്‍ രാജ്യത്തെ ബഹുജനങ്ങളെ അണിനിരത്തുകയും അതിലേക്കുള്ള പടപ്പുറപ്പാട് സാധ്യമാക്കുകയും ചെയ്താല്‍ അടിസ്ഥാന പ്രശ്നങ്ങള്‍ ഇവരുടെ ചിന്താമണ്ഡലത്തില്‍ നിന്ന് മറഞ്ഞുനില്‍ക്കുമെന്ന തന്ത്രം ഏറ്റവും സമര്‍ഥമായി ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കയാണ്. അതിന് ഏറ്റവും ഭംഗിയായി ഉപയോഗപ്പെടുത്താവുന്ന ഉപകരണം ദേശീയതയാണ്. അത്തരമൊരു നയത്തിന്‍റെ ഭാഗമാണ് പുല്‍വാമ സംഭവത്തെ നാം വിലയിരുത്തേണ്ടത്.

കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഏകനിയമം എന്ന മുദ്രാവാക്യവും ഇത്തരമൊരു ഗെയിം പ്ലാനിന്‍റെ ഭാഗമാണ്. യഥാര്‍ഥത്തില്‍ ഇന്ത്യയില്‍ ഏക നിയമമല്ല (വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഉദാഹരണം) എന്ന വസ്തുത മറച്ചുപിടിച്ചുകൊണ്ടാണ് കണ്ണില്‍ പൊടിയിടുന്ന ഈ പരിശ്രമം. അതുകൊണ്ടാണ് രാമായണവും മഹാഭാരതവും ചാണക്യനുമൊക്കെ വീണ്ടും ചര്‍ച്ച ചെയ്യുന്നത്. ആളുകള്‍ വിശപ്പു മറന്നുപോകും, അവരുടെ ദാരിദ്ര്യം മറക്കും, അവികസിതാവസ്ഥ വിസ്മരിക്കും, സാമ്പത്തികവും വിദ്യാഭ്യാസപരവുമായ വിഷയങ്ങള്‍ അവരെ സ്പര്‍ശിക്കില്ല എന്ന ധാരണയിലാണ് പാര്‍ട്ടിയും ഭരണവും പ്രവര്‍ത്തിക്കുന്നത്. അവരെ സംബന്ധിച്ച് ദുരഭിമാനവും അതിവൈകാരികതയും നിലനിര്‍ത്തുക പ്രധാനമാണ്. ഓരോ പുതിയ കാര്യങ്ങള്‍ വരുമ്പോഴും ഇത് പണ്ട് പുരാണത്തില്‍ പറഞ്ഞതാണ്, നാം അവഗണിച്ചതാണ് എന്ന വാദം ഉയരുന്നത് അതുകൊണ്ടാണ്. അശാസ്ത്രീയ ദുരഭിമാന പ്രമത്തത ഊതിവീര്‍പ്പിക്കപ്പെടുന്നത് ആ പശ്ചാത്തലത്തില്‍ തന്നെയാണ് പരിഗണിക്കേണ്ടത്. വിജയിച്ച ശൈലിയായി അവര്‍ കണക്കാക്കുന്നതിനാല്‍ നാം കണ്ടുകൊണ്ടിരിക്കുന്ന ഇത്തരം ഗിമ്മിക്കുകള്‍ വീണ്ടും വീണ്ടും ഉയര്‍ന്നുവരും.
നോട്ട് നിരോധവും അശാസ്ത്രീയ ജി എസ് ടി സംവിധാനവും ഇന്ത്യന്‍ പരമ്പരാഗത വ്യവസായങ്ങളെയും നിര്‍മാണ മേഖലയെയും ഇടത്തരം ചെറുകിട സംരംഭങ്ങളെയും തകര്‍ത്ത സാമ്പത്തിക പരീക്ഷണമാണ്. തൊഴില്‍ രഹിതരായ ആളുകളുടെ എണ്ണം വര്‍ധിച്ചു. വഴിയാധാരമായ ചെറുകിട വ്യാപാരികളുടെ എണ്ണം വര്‍ധിച്ചു. ജനങ്ങളുടെ കൈയില്‍ പണം ഇല്ലാതാവുകയും വാങ്ങല്‍ ശേഷി കുറയുകയും ചെയ്തു. ദാരിദ്ര്യവും തൊഴിലില്ലായ്മയും ഏറ്റവും ഉയരുകയും ജി ഡി പി കുത്തനെ താഴുകയും ചെയ്തു. പക്ഷെ ഇതൊക്കെയുണ്ടായിട്ടും പിന്നീട് വന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഇതൊന്നും ബാധിച്ചില്ലല്ലോ എന്ന പ്രസക്തമായ ചോദ്യം നിലനില്‍ക്കുന്നുണ്ട്. ഇവയെ മറികടക്കാന്‍ അതിദേശീയത ഊതിവീര്‍പ്പിച്ചതു വഴി അവര്‍ക്കു കഴിഞ്ഞു.
പക്ഷെ ഇത്തരം ഗിമ്മിക്കുകള്‍ എത്രകാലം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയും എന്നത് പ്രസക്തമായ ചോദ്യമാണ്. അടിസ്ഥാനപരമായി ജനങ്ങളുടെ പ്രശ്നം വിശപ്പാണ്. വിശപ്പ് വലിയൊരു പ്രശ്നമാകുന്ന ഘട്ടത്തിലൂടെയാണ് ഇന്ത്യയും ലോകവും കടന്നുപോകാന്‍ പോകുന്നത്. ആ പ്രതിസന്ധിയെ ഭരണകൂടം എങ്ങനെ മറികടക്കുമെന്നത് ഒരു വലിയ ചോദ്യചിഹ്നം തന്നെയായിരിക്കും.

 

ശാഹീന്‍ബാഗിലെ വനിതാ നേതൃത്വം സമരത്തെ ഗുണപരമായി വ്യത്യസ്തമാക്കി എന്നു വിലയിരുത്തുന്നുണ്ട്. ഒരേസമയം മതനിരപേക്ഷവും സ്വത്വത്തെ നിരാകരിക്കാത്തതുമായിരുന്നു സമരത്തിന്‍റെ ഭാഷയും ശൈലിയും. മതേതരസമൂഹം സമരത്തെ എങ്ങനെയാണ് സ്വീകരിച്ചത്?

ശാഹീന്‍ബാഗ് സമരത്തിന് വലിയ സ്വീകാര്യതയാണ് പൊതുസമൂഹത്തില്‍ നിന്നു ലഭിച്ചത്. സമരത്തെ സാമുദായികവത്കരിക്കാനും അപരത്വവത്കരിക്കാനും ഭരണവര്‍ഗം പരമാവധി ഉത്സാഹിച്ചുവെങ്കിലും ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പോലും ആ വാദത്തിന് കാര്യമായ സ്വീകാര്യത ലഭിച്ചില്ല. രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായി നില്‍ക്കാത്ത കലാകാരന്മാരും വിദ്യാഭ്യാസ പ്രവര്‍ത്തകരും വിദ്യാര്‍ഥികളുമെല്ലാം ആവേശത്തോടെ ഏറ്റെടുത്ത സമരമാണ് ശാഹീന്‍ബാഗിലേത്. മുസ്ലിം സമുദായത്തെ മാത്രം പ്രചോദിപ്പിച്ച സമരമായിരുന്നില്ല ശാഹീന്‍ബാഗില്‍ വനിതകള്‍ നേതൃത്വം നല്‍കിയ പോരാട്ടം.
ആ സമരത്തിന്‍റെ മറ്റൊരു പ്രത്യേകത അതിന്‍റെ ജൈവികതയാണ്. സ്വാഭാവികമായി രൂപം പ്രാപിച്ച ഒരു മുന്നേറ്റമായിരുന്നു അത്. ജൈവികമായ പ്രക്രിയ ആ സമരം രൂപപ്പെടുന്നതിലും വികാസം പ്രാപിക്കുന്നതിലും ഉണ്ടായിരുന്നു. സിഖ് സമുദായം ഈ സമരത്തോട് വലിയ അനുഭാവം പുലര്‍ത്തി എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. സുവര്‍ണക്ഷേത്രം ഒഴികെ സിഖ് സമുദായത്തിന്‍റെ പ്രധാന ആത്മീയ കേന്ദ്രങ്ങളെല്ലാം പാകിസ്താനിലെ പഞ്ചാബിലാണുള്ളത്. ഇമ്രാന്‍ഖാന്‍ പാക് ഭരണത്തിലേറിയ ശേഷം, കര്‍ത്താര്‍പൂര്‍ ഇടനാഴി തുറക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടു.
സിഖുകാര്‍ക്കാണ് അതിന്‍റെ ഏറ്റവും വലിയ ഗുണം ലഭിക്കുക. ദേശീയത ഉപയോഗപ്പെടുത്തി ഇന്ത്യക്കാരെ വിഭജിക്കാന്‍ നടത്തിയ ശ്രമം പക്ഷെ പഞ്ചാബികളെ (സിഖ്) സംബന്ധിച്ച് പരാജയപ്പെടുകയായിരുന്നു. സിഖ് ആത്മീയ കേന്ദ്രങ്ങളില്‍ സന്ദര്‍ശിക്കാനുള്ള വഴിയൊരുങ്ങിയതോടുകൂടി ഇന്ത്യയിലെ മുസ്ലിംകളോടുള്ള നിലപാടില്‍ പോലും സിഖുകാര്‍ക്ക് മാറ്റമുണ്ടായി എന്നത് കാണാതിരുന്നുകൂടാ. ശാഹീന്‍ബാഗില്‍ സമരം നിലനിര്‍ത്താനും സഹായിക്കാനും സിഖുകാര്‍ തന്നെ മുന്നിട്ടിറങ്ങിയത് സ്വാഭാവികമായും രാജ്യത്തെ മറ്റു സമുദായങ്ങളെയും സ്വാധീനിച്ചു. ശാഹീന്‍ബാഗ് സമരം മുസ്ലിം- സിഖ് ബന്ധത്തെ മാത്രമല്ല ഊഷ്മളമാക്കിയത്. രാജ്യത്തെ മറ്റു സമുദായങ്ങളും സമരത്തെ സ്വാഗതം ചെയ്തു. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാപിത താല്പര്യം സംരക്ഷിക്കാനുള്ള സമരല്ല, ജനങ്ങളുടെയും സ്ത്രീകളുടെയും പ്രക്ഷോഭമാണ് എന്ന വികാരം സൃഷ്ടിക്കപ്പെട്ടു. പ്രത്യേകിച്ചും വീട്ടമ്മമാരുടെ സമരം എന്ന നിലയില്‍.
ഇന്ത്യാ ചരിത്രത്തില്‍ സ്ത്രീകള്‍ ആവിഷ്കരിച്ച ഇത്രയും വലിയൊരു സമരം ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെയാണ് ശാഹീന്‍ബാഗ് മോഡല്‍ സമരങ്ങള്‍ ഇന്ത്യയില്‍ ഏതു സംസ്ഥാനത്ത് നടന്നാലും മുന്നണിയിലെല്ലാം സ്ത്രീകളെയും കുട്ടികളെയും കൂടുതല്‍ കണ്ടത്. അവരു തന്നെ, മുദ്രാവാക്യത്തിന്‍റെയും കലാപ്രകടനങ്ങളുടെയും പ്രഭാഷണത്തിന്‍റെയും സമര രൂപങ്ങള്‍ ആവിഷ്കരിച്ചപ്പോള്‍ അതിനു വലിയ സ്വീകാര്യത ലഭിച്ചു. അത് ഇന്ത്യയിലൊട്ടാകെ ജാതി മത ഭേദമെന്യെ സ്ത്രീകളില്‍ തന്നെ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ ശാഹീന്‍ബാഗ് ഇന്ത്യയില്‍ വഴിത്തിരിവു സൃഷ്ടിച്ച ഒരുസമരാവിഷ്കാരമായിരുന്നു.

വിരലിലെണ്ണാവുന്ന മാധ്യമങ്ങളും വ്യക്തികളുമാണ് മതേരപക്ഷത്ത്, ഭരണകൂടത്തിന്‍റെ തെറ്റുകളെ ചോദ്യം ചെയ്ത് നിലയുറപ്പിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍, ഇന്ത്യന്‍ മനസ്സിന് സ്ഥായിയായി വര്‍ഗീയമായി നില്‍ക്കാന്‍ കഴിയില്ലെന്ന, മതേതരമാണത് എന്ന വാദത്തിന് പ്രസക്തിയുണ്ടോ?

ദല്‍ഹി കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ ആശങ്കകളും വിയോജിപ്പുകളും ഉന്നയിക്കുമ്പോഴും ഇന്ത്യന്‍ മനസ്സ് പ്രതീക്ഷ നല്‍കുന്നത് തന്നെയാണ് എന്ന ശുഭാപ്തി വിശ്വാസമുണ്ട്. അതിനേറ്റവും നല്ല ഉദാഹരണം മനസ്സിലെത്തുന്നത്, ശാഹീന്‍ ബാഗ് സമരത്തെ തുടര്‍ന്ന് മുസ്ലിംകള്‍ ദേശീയപാതയിലും മറ്റും (വെള്ളിയാഴ്ചയിലെ) ജുമാ നമസ്കാരം നിര്‍വഹിക്കുമ്പോള്‍ ഇതര മതവിശ്വാസികളായ ആളുകള്‍ കൈകോര്‍ത്തു പിടിച്ചുകൊണ്ട്, പ്രാര്‍ഥനയില്‍ മുഴുകിയ ആളുകള്‍ക്ക് സംരക്ഷണം കൊടുത്ത സന്ദര്‍ഭങ്ങളാണ്. ആരെങ്കിലും പറഞ്ഞിട്ടു ചെയ്തതായിരുന്നില്ല ഇത്. സ്വമേധയാ മുന്നോട്ടുവന്ന് സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു.
ഇതു നല്‍കുന്ന സന്ദേശം, പ്രതീക്ഷാനിര്‍ഭരമാണ്. മറ്റു രാഷ്ട്രീയ പാര്‍ട്ടികളോ അവരുടെ നേതാക്കളോ നിര്‍വഹിച്ചിട്ടില്ലെങ്കിലും ദല്‍ഹി കലാപസമയത്ത് കുറെ കേന്ദ്രങ്ങളില്‍ മുസ്ലിംകളും ഹിന്ദുക്കളും കൈ കോര്‍ത്തു പിടിച്ചുകൊണ്ട് പുറമെ നിന്നു വന്ന അക്രമികളെ തുരത്തിയ കാഴ്ചയും നാം കണ്ടു. അവര്‍ ഇപ്പോഴും സൗഹാര്‍ദത്തിലും സഹവര്‍ത്തിത്വത്തിലും കഴിയുന്നു എന്ന ചിത്രം, മതേതര സ്നേഹം കാത്തുസൂക്ഷിക്കുന്നു എന്നാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്.
അഥവാ മതത്തിനപ്പുറം പരസ്പര സ്നേഹത്തിന്‍റെയും ആദരവിന്‍റെയുമൊക്കെ പാരമ്പര്യമുള്ള ഇന്ത്യന്‍ മനസ്സ് മരിച്ചുപോയി എന്നു പറയാന്‍ കഴിയില്ല. ആ നിലയില്‍ പ്രതീക്ഷയുടെ കിരണമുള്ള സംഭവങ്ങളാണ് സി എ എ വിരുദ്ധ സമരങ്ങള്‍ക്കിടയിലും കലാപങ്ങള്‍ക്കിടയിലും നാം കണ്ടത്.

Back to Top