13 Sunday
October 2024
2024 October 13
1446 Rabie Al-Âkher 9

നോമ്പെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇളവുകളുടെ ആശ്വാസമുണ്ട് – അബൂമുബീന്‍

മഹത്തായ ഉദ്ദേശ്യലക്ഷ്യങ്ങള്‍ കരസ്ഥമാക്കാന്‍ വേണ്ടി ഇസ്ലാം വിധിച്ച ഒരു നിര്‍ബന്ധ അനുഷ്ഠാന കര്‍മമാണ് റമദാന്‍ മാസത്തിലെ നോമ്പ്. മനുഷ്യര്‍ക്ക് തിന്മയെ തടുക്കാന്‍ പരിശീലനം നല്കുക, സഹനവും ക്ഷമയും ഉണ്ടാക്കുക, പരസ്പര സഹായബോധവും സഹകരണ മനോഭാവവും വളര്‍ത്തുക, പാപമോചനത്തിന് സുവര്‍ണാവസരം ഉണ്ടാക്കുക, ആരോഗ്യം സംരക്ഷിക്കുക മുതലായവ അവയില്‍ ഉള്‍പ്പെടുന്നു. എങ്കിലും ഇസ്ലാം മനുഷ്യന്‍റെ പരിമിതികള്‍ പരിഗണിക്കുകയും ശാരീരിക പീഡനത്തെ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന മതമായതിനാല്‍ നോമ്പിന്‍റെ നിര്‍ബന്ധത്തില്‍ നിന്ന് ചിലരെ ഒഴിവാക്കുകയും അതിനുള്ള പ്രായശ്ചിത്തം അവരുടെ മേല്‍ നിര്‍ബന്ധമാക്കുകയും ചെയ്തിരിക്കുന്നു.

രോഗികള്‍
രോഗികളെ രണ്ട് വിഭാഗമാക്കി തിരിക്കാം. ഒന്ന്), താല്ക്കാലിക രോഗികള്‍. നോമ്പുകാലത്ത് രോഗബാധിതരാണെങ്കിലും നോമ്പ് കഴിഞ്ഞ ഉടനെയോ അല്ലെങ്കില്‍ അല്പം വൈകിയോ ശമനം ലഭിക്കാനിടയുള്ള വിഭാഗം. ചിലപ്പോള്‍ നോമ്പുകാലത്തു തന്നെ ശമനം ലഭിച്ചേക്കാം. അങ്ങനെയെങ്കില്‍ രോഗം ബാധിച്ച ദിവസങ്ങളില്‍ ഇവര്‍ നോമ്പ് ഉപേക്ഷിക്കണം. തുടര്‍ന്ന് മറ്റു മാസങ്ങളില്‍ നഷ്ടപ്പെട്ട അത്രയും നോറ്റ് വീട്ടണം. ഇവര്‍ പ്രായശ്ചിത്തം നല്കേണ്ടതില്ല.
രണ്ട്) നിത്യരോഗികള്‍: നോമ്പുകാലത്തിനു ശേഷം നോമ്പനുഷ്ഠിക്കാനുള്ള ആരോഗ്യം തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷയില്ലാത്ത വിഭാഗം. അല്ലെങ്കില്‍ നോമ്പനുഷ്ഠിച്ചു എന്ന കാരണത്താല്‍ രോഗത്തിന്‍റെ പ്രയാസം അനുഭവപ്പെടുന്നവര്‍. ഇവര്‍ പ്രായശ്ചിത്തം നല്കുകയാണ് വേണ്ടത്. മറ്റു മാസങ്ങളില്‍ നോറ്റ് വീട്ടേണ്ടതില്ല. രോഗത്തിന്‍റെ സ്വഭാവവും തോതുമൊന്നും ഇസ്ലാം നിജപ്പെടുത്തിയിട്ടില്ല. അത് ഓരോ മനുഷ്യന്‍റെയും കഴിവിനും മനസ്സാക്ഷിയുടെ തീരുമാനത്തിനും വിട്ടിരിക്കുകയാണ്.

യാത്രക്കാര്‍
യാത്രയില്‍ നോമ്പ് ഉപേക്ഷിച്ച് മറ്റു ദിവസങ്ങളില്‍ എണ്ണം പൂര്‍ത്തിയാക്കുക എന്നതാണ് പൊതുവായ സുന്നത്ത്. എന്നാല്‍ യാത്രയില്‍ നോമ്പനുഷ്ഠിക്കുന്നത് ഇസ്ലാം നിരോധിക്കുന്നില്ല. ഹംസതുല്‍ അസ്ലമി(റ) എന്ന സ്വഹാബി നബിയോട് ചോദിച്ചു: “യാത്രയില്‍ നോമ്പനുഷ്ഠിക്കാനുള്ള ആരോഗ്യം എനിക്കുണ്ട്. നോമ്പനുഷ്ഠിക്കുന്നതിന് വിരോധമുണ്ടോ? നബി(സ) പറഞ്ഞു: നോമ്പ് ഉപേക്ഷിക്കല്‍ അല്ലാഹു നല്കിയ ഒരു ഇളവാണ്. അത് സ്വീകരിക്കലാണ് നല്ലത്. എന്നാല്‍ നോമ്പനുഷ്ഠിച്ചാല്‍ കുറ്റമില്ല.” (മുസ്ലിം). അബൂസഈദ്(റ) പറയുന്നു: “നബി(സ)യുടെ കൂടെ യാത്ര പുറപ്പെടുമ്പോള്‍ നോമ്പ് അനുഷ്ഠിക്കുന്നവരും നോമ്പ് മുറിക്കുന്നവരും ഞങ്ങളില്‍ ഉണ്ടാവാറുണ്ട്. ആരും പരസ്പരം ആക്ഷേപിക്കാറുണ്ടായിരുന്നില്ല.” (മുസ്ലിം)

എന്നാല്‍ യാത്രയില്‍ പ്രയാസം അനുഭവപ്പെടുകയാണെങ്കില്‍ നോമ്പനുഷ്ഠിക്കല്‍ നിഷിദ്ധമാണ്. അവര്‍ ധിക്കാരികളാണെന്ന് നബി(സ) പ്രഖ്യാപിക്കുകയുണ്ടായി. (ബുഖാരി, മുസ്ലിം). യാത്ര, രോഗം എന്നിവ നമസ്കാരം ചുരുക്കാനും നോമ്പ് ഉപേക്ഷിക്കാനും ഒരു കാരണമാണ്. പ്രയാസം ഉണ്ടാവുക എന്നത് ഇളവിന് അടിസ്ഥാനമല്ല. യാതൊരു പ്രയാസവുമില്ലാത്ത സുഖകരമായ യാത്രയാണെങ്കിലും നോമ്പ് ഉപേക്ഷിച്ച് മറ്റു മാസങ്ങളില്‍ എണ്ണം പൂര്‍ത്തിയാക്കലാണ് പുണ്യം. യാത്രക്ക് ദൂരപരിധിയും ദിവസപരിധിയും ഇസ്ലാം നിശ്ചയിക്കുന്നില്ല. യാത്രയാകണമെങ്കില്‍, ഇത്ര ദൂരം സഞ്ചരിക്കണമെന്ന് യാതൊരു ഭാഷാനിഘണ്ടുവിലും പറയുന്നില്ല. ഖുര്‍ആനിലും നബിചര്യയിലും വ്യക്തമാക്കിയിട്ടില്ല. യാത്രയാണോ എന്നു തീരുമാനിക്കേണ്ടതും ഓരോ മനുഷ്യന്‍റെയും മനസ്സാക്ഷിയാണ്. വീട്ടില്‍ നിന്ന് തന്‍റെ മഹല്ലിലുള്ള പള്ളിയിലേക്കോ ചന്തയിലേക്കോ പോകുന്നതിന് യാത്ര എന്ന് പറയുകയില്ല. ഇതിന് ഇന്‍തഖല (നീങ്ങി) എന്നാണ് പറയുക എന്ന് ഇമാം റാസി(റ) പറയുന്നു.

വൃദ്ധര്‍

പ്രയാസത്തോടു കൂടി സാധിക്കുന്നവര്‍ ഒരു ദരിദ്രനുള്ള ഭക്ഷണം നല്കിയാല്‍ മതി എന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നതിന്‍റെ പരിധിയിലാണ് കിഴവന്മാരും കിഴവികളും ഉള്‍പ്പെടുക എന്ന് ഇബ്നുഅബ്ബാസ്(റ), ആഇശ(റ) മുതലായവരില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്നു (ബുഖാരി, അബ്ദുര്‍റസ്സാഖ്, ത്വബ്റാനി). മക്കയില്‍ പോകാതെ ഹജ്ജ് നിര്‍വഹിക്കാന്‍ സാധ്യമല്ല. ധനം ഉള്ളവനേ സകാത്ത് നല്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ നോമ്പിനെ സംബന്ധിച്ച് സാധിക്കാതെ വരിക എന്ന പ്രശ്നമില്ല. പ്രയാസത്തോടുകൂടി സാധിക്കുക, പ്രയാസമില്ലാതെ സാധിക്കുക -ഇത് രണ്ടും മാത്രമാണ് നോമ്പിലുള്ളത്. അനുഷ്ഠിക്കാന്‍ പ്രയാസമുള്ളവര്‍ പ്രായശ്ചിത്തം നല്കുകയാണ് വേണ്ടത്. നോമ്പ് ഉപേക്ഷിക്കുന്നതിന് വയസ്സിന്‍റെ പരിധി ഇസ്ലാം നിശ്ചയിക്കുന്നില്ല. 65 വയസ്സ് പ്രായമുള്ളവന് നോമ്പ് അനുഷ്ഠിക്കാന്‍ വൈഷമ്യം അനുഭവപ്പെടുന്നുവെങ്കില്‍ അവന്‍ നോമ്പനുഷ്ഠിക്കേണ്ടതില്ല. എന്നാല്‍ നൂറ് വയസ്സ് പ്രായമുള്ളവന് നോമ്പനുഷ്ഠിക്കാന്‍ ആത്മവിശ്വാസമുണ്ടെങ്കില്‍ അയാള്‍ നോമ്പെടുക്കേണ്ടതുമാണ്. ഖലീഫാ ഉമറിനോട്(റ) ഒരാള്‍, തനിക്ക് നോമ്പ് ഉപേക്ഷിക്കാന്‍ വയസ്സായിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍, “പക്ഷേ മനുഷ്യന്‍ തന്‍റെ ശരീരത്തെക്കുറിച്ച് ഉള്‍ക്കാഴ്ചയുള്ളവനാണ്” എന്ന സൂക്തം ഓതിക്കൊടുക്കുകയാണ് ചെയ്തത്.

ഗര്‍ഭിണികളും മുലയൂട്ടുന്നവരും
‘പ്രയാസപ്പെടുന്നവര്‍ പ്രായശ്ചിത്തം നല്കിയാല്‍ മതി’ എന്ന നിര്‍ദേശത്തിന്‍റെ പരിധിയിലാണ് ഗര്‍ഭിണികളും മുലയൂട്ടുന്ന സ്ത്രീകളും ഉള്‍പ്പെടുക. സ്വന്തം ശരീരത്തിന്‍റെ അനാരോഗ്യം ഭയപ്പെടുന്ന ഗര്‍ഭിണികളും കുട്ടികളുടെ അനാരോഗ്യം ഭയപ്പെടുന്ന ഉമ്മമാരും ഇവിടെ സമമാണ്. നബി(സ) പറയുന്നു: അല്ലാഹു ഗര്‍ഭിണിക്കും മുലയൂട്ടുന്ന സ്ത്രീകള്‍ക്കും നോമ്പ് ഉപേക്ഷിക്കാന്‍ ഇളവ് നല്കിയിരിക്കുന്നു. (അന്നസ്സാഈ)
അനസ്(റ) പറയുന്നു: സ്വന്തം ശരീരത്തിന്‍റെ കാര്യത്തില്‍ ഭയപ്പെടുന്ന ഗര്‍ഭിണിക്ക് നോമ്പ് ഉപേക്ഷിക്കാന്‍ നബി(സ) ഇളവ് അനുവദിച്ചിരിക്കുന്നു (ഇബ്നുമാജ). ഇബ്നുഅബ്ബാസ്(റ) പറയുന്നു: ‘പ്രയാസത്തോടു കൂടി സാധിക്കുന്നവര്‍’ എന്ന ഖുര്‍ആന്‍ വചനത്തിലൂടെ ഉദ്ദേശിക്കപ്പെടുന്നത് ഗര്‍ഭിണിയും മുലയൂട്ടുന്ന മാതാവുമാണ്. (അബൂദാവൂദ്). ഇവര്‍ പ്രായശ്ചിത്തം നല്കിയാല്‍ മതി. മറ്റു ദിവസങ്ങളില്‍ നോറ്റുവീട്ടല്‍ നിര്‍ബന്ധമില്ല. എങ്കിലും നോറ്റുവീട്ടല്‍ അല്ലാഹു പറഞ്ഞതുപോലെ, ഉത്തമമാണ്.
ഇബ്നു ഉമര്‍(റ) പറയുന്നു: അനാരോഗ്യം ഭയപ്പെടുന്ന ഗര്‍ഭിണികള്‍ നോമ്പ് ഉപേക്ഷിച്ചാല്‍ പ്രായശ്ചിത്തം നല്കിയാല്‍ മതി. അവള്‍ക്ക് നോറ്റുവീട്ടല്‍ നിര്‍ബന്ധമില്ല (അബ്ദുര്‍റസ്സാഖ്). സഈദുബ്നു സുബൈര്‍(റ) പറയുന്നു: ഗര്‍ഭിണിയും മുലയൂട്ടുന്ന സ്ത്രീകളും നോമ്പനുഷ്ഠിക്കേണ്ടതില്ല. അവര്‍ പ്രായശ്ചിത്തം നല്കിയാല്‍ മതി. (അബ്ദുര്‍റസ്സാഖ്, മുഹല്ല, ദുര്‍റുല്‍മന്‍സൂര്‍ 1:434). ഇബ്നു അബ്ബാസ്(റ) നിവേദനം: അദ്ദേഹം, ഗര്‍ഭിണിയായ അല്ലെങ്കില്‍ മുലയൂട്ടുന്ന തന്‍റെ ഉമ്മുല്‍ വലദിനോട് പറഞ്ഞു: നീ ‘പ്രയാസപ്പെടുന്നവര്‍….’ എന്ന് അല്ലാഹു പറഞ്ഞവരില്‍ ഉള്‍പ്പെടുന്നു. നീ ഭക്ഷണം നല്കിയാല്‍ മതി. നിന്‍റേ മേല്‍ നോറ്റ് വീട്ടല്‍ നിര്‍ബന്ധമില്ല.” (ഇബ്നുജരീര്‍, ദാറുഖുത്വ്നി, ദുര്‍റുല്‍മന്‍സൂര്‍).
ശാഫിഈ മദ്ഹബില്‍, ഈ സ്ത്രീകള്‍ പ്രായശ്ചിത്തം നല്കുകയും നോറ്റ് വീട്ടുകയും ചെയ്യണമെന്ന് പറയുന്നു. ഇത് അടിസ്ഥാനരഹിതമാണ്. ഒന്നുകില്‍ റമദാനില്‍ നോമ്പനുഷ്ഠിക്കുക, അല്ലെങ്കില്‍ മറ്റു മാസങ്ങളില്‍ എണ്ണം പൂര്‍ത്തിയാക്കുക, അതുമല്ലെങ്കില്‍ പ്രായശ്ചിത്തം നല്കുക -ഇതില്‍ ഏതെങ്കിലും ഒന്നാണ് നിര്‍ബന്ധമാവുക. രണ്ടും നിര്‍ബന്ധമാകുന്ന ഒരു സന്ദര്‍ഭമുണ്ട്. അത് പുരുഷന്‍റെ മേല്‍ ആണ്. നോമ്പിന്‍റെ പകല്‍ സമയത്ത് ഭാര്യയുമായി ലൈംഗികബന്ധം സ്ഥാപിച്ചാല്‍ പുരുഷന്‍ ആ ദിവസത്തെ നോമ്പ് നോറ്റുവീട്ടുകയും ശേഷം പ്രായശ്ചിത്തം നല്കുകയും വേണം. നോമ്പ് വേളയില്‍ ഭാര്യയുമായി ബന്ധപ്പെട്ട പുരുഷനോട് നിനക്ക് ഒരു അടിമയെ മോചിപ്പിക്കാന്‍ സാധിക്കുമോ? രണ്ട് മാസം നോമ്പനുഷ്ഠിക്കാന്‍ സാധിക്കുമോ? അറുപത് ദരിദ്രന്മാര്‍ക്ക് ഭക്ഷണം നല്കാന്‍ സാധിക്കുമോ? എന്നു മാത്രമാണ് നബി(സ) ചോദിച്ചത്. നിന്‍റെ ഭാര്യക്ക് സാധിക്കുമോ എന്ന് ചോദിക്കുകയുണ്ടായില്ല. അതിനാല്‍ സ്ത്രീയുടെ പ്രേരണ കൊണ്ട് സംഭവിച്ചതാണെങ്കിലും സ്ത്രീ ആ ദിവസത്തെ നോമ്പ് നോറ്റുവീട്ടിയാല്‍ മതി. പ്രായശ്ചിത്തം നല്കേണ്ടതില്ല. കാരണം നബി(സ) ഈ ഗ്രാമീണനോട് സ്ത്രീയുടെ പ്രേരണയാല്‍ സംഭവിച്ചതാണോ എന്ന് ചോദിച്ചില്ല. ഈ വിഷയത്തില്‍ ശാഫിഈ മദ്ഹബാണ് പ്രബലമായത്. ഹന്‍ബലീ മദ്ഹബിന് പ്രമാണത്തിന്‍റെ പിന്‍ബലമില്ല.

തൊഴിലാളികള്‍
കച്ചവടം ചെയ്യുന്നവര്‍, കൃഷി ചെയ്യുന്നവര്‍, അടിമകള്‍, സാധാരണ തൊഴിലുകളില്‍ ഏര്‍പ്പെട്ടവര്‍ തുടങ്ങിയവര്‍ക്ക് നോമ്പ് ഉപേക്ഷിക്കാന്‍ നബി(സ) അനുവാദം നല്കിയത് ഉദ്ധരിക്കപ്പെടുന്നില്ല. എന്നാല്‍ നോമ്പ് അനുഷ്ഠിക്കാന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചാല്‍ പോലും അതിന് വളരെ പ്രയാസം അനുഭവപ്പെടുന്ന കഠിന ഭാരമുള്ള ജോലികളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ ഉണ്ടായിരിക്കും. നോമ്പുകാലത്ത് തൊഴില്‍ ഉപേക്ഷിക്കാന്‍ ചിലര്‍ക്ക് സാധിക്കുകയില്ല. സാമ്പത്തിക പ്രയാസങ്ങളുണ്ടാകും. ഇവര്‍ക്ക് നോമ്പ് ഉപേക്ഷിക്കാന്‍ മതം അനുമതി നല്കുന്നു. ഇവര്‍ മറ്റു ദിവസങ്ങളില്‍ നോമ്പനുഷ്ഠിച്ചാല്‍ മതി. എന്നാല്‍ മറ്റു ദിവസങ്ങളില്‍ നോറ്റുവീട്ടാന്‍ കഴിയുന്നില്ലെങ്കില്‍ പ്രായശ്ചിത്തം നല്കിയാല്‍ മതിയാവുന്നതാണ്.

അശുദ്ധിയുള്ള സ്ത്രീകള്‍
അശുദ്ധിയുള്ള (ആര്‍ത്തവമുള്ള) സ്ത്രീകളും പ്രസവരക്തമുള്ള സ്ത്രീകളും മറ്റു മാസങ്ങളില്‍ നോറ്റ് വീട്ടല്‍ നിര്‍ബന്ധമാണ്. ഇവര്‍ പ്രായശ്ചിത്തം നല്കേണ്ടതില്ല. ഒരു സ്ത്രീ ഗര്‍ഭിണിയാണ്. ഒരു റമദാനിലെ നോമ്പ് ഗര്‍ഭം മൂലം നഷ്ടപ്പെടുന്നു. ശേഷം രണ്ടുവര്‍ഷം നിര്‍ബന്ധമായും അവള്‍ കുട്ടിയെ മുലയൂട്ടണം. ഇതോടെ മൂന്ന് വര്‍ഷത്തെ നോമ്പ് അവള്‍ക്ക് നഷ്ടപ്പെട്ടു. അടുത്ത നോമ്പിന് മുമ്പ് ഒരു ഗര്‍ഭംകൂടി ധരിക്കുകയാണെങ്കില്‍ പിന്നെയും മൂന്നു വര്‍ഷത്തെ നോമ്പ് നഷ്ടപ്പെടും. പിന്നീട് ആറ് വര്‍ഷത്തെ നോമ്പ് അവള്‍ നിര്‍ബന്ധമായും നോറ്റ് വീട്ടണമെന്ന് പറഞ്ഞാല്‍ അതു സ്ത്രീകള്‍ക്ക് പ്രയാസമാകും. ഇതുകൊണ്ടാണ് ഗര്‍ഭിണികളും മുലയൂട്ടുന്ന സ്ത്രീകളും പ്രായശ്ചിത്തം നല്കിയാല്‍ മതിയെന്നും നോറ്റുവീട്ടല്‍ സുന്നത്തു മാത്രമാണെന്നും കല്‍പിച്ചത്. പ്രായശ്ചിത്തം നല്കാത്ത പക്ഷം ഇവര്‍ നോറ്റുവീട്ടല്‍ നിര്‍ബന്ധമാണ്.

പ്രായശ്ചിത്തം നല്കല്‍
ഒരു നോമ്പിന് പകരമായി ഒരു ദരിദ്രന് ഒരു നേരത്തെ വിശപ്പ് ശമിക്കാനുള്ള ഭക്ഷണം നല്കുകയോ അല്ലെങ്കില്‍ അതിന് വരുന്ന വില നല്കുകയോ ആണ് പ്രായശ്ചിത്തമായി ചെയ്യേണ്ടത്. ദരിദ്രരുടെ എണ്ണവും ഭക്ഷണത്തിന്‍റെ അളവും വര്‍ധിപ്പിക്കുന്നത് നല്ലതാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട്. ദരിദ്രന്‍ നോമ്പനുഷ്ഠിക്കുന്നവനായിരിക്കണമെന്നോ അവന്‍ മുസ്ലിമായിരിക്കണമെന്നോ ഉള്ള നിബന്ധനകള്‍ ഖുര്‍ആനോ നബിചര്യയോ വെക്കുന്നില്ല. പ്രായശ്ചിത്തം നല്കാന്‍ സാധിക്കാത്തവര്‍ പ്രായശ്ചിത്തം നല്‍കേണ്ടതില്ല. അവര്‍ കഴിയുന്നത്ര പുണ്യകര്‍മങ്ങള്‍ വര്‍ധിപ്പിക്കാന്‍ ശ്രമിക്കണം. നോമ്പ് വേളയില്‍ ഭാര്യയുമായി ബന്ധപ്പെട്ട ഒരാള്‍, പ്രായശ്ചിത്തം നല്കാന്‍ സാധ്യമല്ലെന്ന് പറഞ്ഞപ്പോള്‍ എങ്കില്‍ അതും നല്കേണ്ടതില്ല എന്നാണ് നബി(സ) സ്വീകരിച്ച നയം. ഒരു മനുഷ്യനോടും അവന് താങ്ങാനാകാത്തത് മതം കല്പിക്കുന്നില്ല. പ്രായശ്ചിത്തം നല്കുന്നതിന് സമയ പരിധിയും ഇസ്ലാം നിര്‍ണയിക്കുന്നില്ല. കഴിയുന്നത്ര വേഗത്തില്‍ നല്‍കുകയാണ് പുണ്യം.

നോറ്റ് വീട്ടല്‍
നോറ്റുവീട്ടല്‍ നിര്‍ബന്ധമായവര്‍ അടുത്ത റമദാനിന് മുമ്പു തന്നെ നോറ്റുവീട്ടണമെന്നില്ല. നബി(സ)യുടെ ഭാര്യമാരും മറ്റും ശഅ്ബാന്‍ മാസമായാല്‍ നഷ്ടപ്പെട്ട നോമ്പുകള്‍ നോറ്റ് വീട്ടിയിരുന്നുവെന്ന് ഹദീസുകളില്‍ കാണാം. അതിനാല്‍ ഇത് സുന്നത്ത് മാത്രമാണ്. എത്ര വര്‍ഷം കഴിഞ്ഞുപോയാലും നഷ്ടപ്പെട്ട എണ്ണം പൂര്‍ത്തിയാക്കിയാല്‍ മതി. കഴിഞ്ഞുപോയ ഓരോ വര്‍ഷത്തിനും ഓരോ മുദ്ദും ശേഷം നഷ്ടപ്പെട്ട എണ്ണവും പൂര്‍ത്തിയാക്കണമെന്ന ശാഫിഈ മദ്ഹബ് അടിസ്ഥാനരഹിതമാണ്. അതിന് പ്രമാണത്തിന്‍റെ പിന്‍ബലമില്ല.

നിയ്യത്ത്
റമദാനിലെ എല്ലാ ദിവസവും മനസ്സിലോ ഉച്ചത്തിലോ നിയ്യത്ത് ചൊല്ലിപ്പറയുക എന്ന നിബന്ധനയില്ല. ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ(റ)യോട് ചോദിച്ച ഒരു ചോദ്യവും അതിന് അദ്ദേഹം നല്കിയ മറുപടിയും നോക്കൂ. ചോദ്യം: റമദാനില്‍ നോമ്പനുഷ്ഠിക്കുന്ന ഒരാള്‍ ഓരോ ദിവസവും നിയ്യത്ത് ചൊല്ലേണ്ടതുണ്ടോ? മറുപടി: നാളെയും നോമ്പ് തന്നെയാണെന്ന് മനസ്സിലാക്കിയ ഏതൊരു വ്യക്തിയും നാളെയും നോമ്പനുഷ്ഠിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അവന്‍ നോമ്പിന് നിയ്യത്ത് ചെയ്തു. നിയ്യത്തു ചൊല്ലുന്നതും ചൊല്ലാതിരിക്കുന്നതും ഇവിടെ സമമാണ് (മജ്മൂഅ് ഫതാവാ 25:215)
ഇബ്നു ഉമര്‍(റ) പറയുന്നു: പ്രഭാതത്തിന് മുമ്പായി നോമ്പെടുക്കാന്‍ ഉദ്ദേശിക്കാത്തവന് നോമ്പില്ല (തിര്‍മിദി, അബൂദാവൂദ്). ഹഫ്സ(റ) നിവേദനം: രാത്രിയില്‍ നോമ്പിനെ ഉദ്ദേശിക്കാത്തവന് നോമ്പില്ല (അബൂദാവൂദ്, തിര്‍മിദി). ഇതുപോലെ മറ്റൊരു ഹദീസ് ആഇശ(റ)യില്‍ നിന്ന് നിവേദനം ചെയ്യുന്നു. ഈ ഹദീസുകളില്‍ ഒന്നു പോലും നബി(സ) പറഞ്ഞതായി പരമ്പര സ്ഥിരപ്പെട്ടിട്ടില്ല. സ്ഥിരപ്പെട്ടിട്ടുണ്ടെന്ന് നാം സങ്കല്പിച്ചാലും ശൈഖുല്‍ ഇസ്ലാമിന്‍റെ അഭിപ്രായത്തിന് ഇത് എതിരാകുന്നില്ല. കാരണം നോമ്പിന്‍റെ വിഷയത്തില്‍ രാവ് എന്നതിന്‍റെ വിവക്ഷ സൂര്യാസ്തമനമാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: “ശേഷം നിങ്ങള്‍ രാത്രിവരെ നോമ്പ് പൂര്‍ത്തിയാക്കുവീന്‍”(അല്‍ ബഖറ 197).
ഒരാള്‍ നോമ്പ് മുറിക്കുന്ന സന്ദര്‍ഭത്തില്‍ തന്നെ നാളെ നോമ്പാണെന്ന് ഉറപ്പുണ്ട്. നാളെ നോമ്പ് ഉപേക്ഷിക്കണമെന്ന തീരുമാനം അവനില്ല. എന്നാല്‍ രാത്രി തന്നെ അവന് നിയ്യത്ത് ഉണ്ടായി. അത്താഴത്തിനും മറ്റും എഴുന്നേല്ക്കുന്ന സന്ദര്‍ഭത്തില്‍ പ്രത്യേകമായും നിയ്യത്തുണ്ടായി. കിടക്കുന്ന അവസരത്തില്‍ ഇനി പ്രത്യേകം നിയ്യത്ത് കരുതേണ്ടതില്ല. നിയ്യത്ത് ചൊല്ലാന്‍ മറന്നു എന്ന് പറഞ്ഞ് ഏതെങ്കിലും ഒരു സ്വഹാബി റമദാനിലെ നോമ്പ് ഉപേക്ഷിച്ച സംഭവം ഉദ്ധരിക്കപ്പെടുന്നില്ല. നിയ്യത്ത് മറന്നാല്‍ എന്തു ചെയ്യണമെന്ന ഒരു വിഷയും ഖുര്‍ആനിലോ ഹദീസിലോ ചര്‍ച്ച ചെയ്തിട്ടില്ല.
മുകളില്‍ ഉദ്ധരിച്ച ഹദീസുകള്‍ നബി(സ) പ്രസ്താവിച്ചതാണെന്ന് ഉറപ്പില്ല. ഈ യാഥാര്‍ഥ്യം അബൂദാവൂദ്, തിര്‍മിദി, അബൂഹാതിം, ഇമാം ബുഖാരി, നസാഈ, ബൈഹഖി(റ) മുതലായവര്‍ എല്ലാം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇമാം നവവി(റ)യും ഈ ഹദീസുകള്‍ നബി(സ) പ്രസ്താവിച്ചതല്ലെന്ന് ഉദ്ധരിക്കുന്നു. (ശറഹുല്‍ മുഹദ്ദബ് 6:73). ഇമാം മാലിക്(റ) റമദാനിന്‍റെ ആദ്യരാത്രിയില്‍ മാത്രം നിയ്യത്ത് ഉണ്ടായാല്‍ മതിയെന്ന് പറയുന്നു. ഇമാം അഹമ്മദ്(റ), ഇസ്ഹാഖ്(റ) മുതലായവരില്‍ നിന്നും ഇപ്രകാരം ഉദ്ധരിക്കപ്പെടുന്നു. (ശറഹുല്‍ മുഹദ്ദബ് 6:302)

അത്താഴം
നബി(സ) പറയുന്നു: അത്താഴം അല്ലാഹു നിങ്ങള്‍ക്ക് നല്കിയ നന്മയാണ്. അതു നിങ്ങള്‍ ഉപേക്ഷിക്കരുത് (നസാഈ). മറ്റൊരു  റിപ്പോര്‍ട്ട്: അത്താഴം മുഴുവന്‍ നന്മയാണ്. അല്പം വെള്ളം കുടിച്ചിട്ടെങ്കിലും നിങ്ങളത് നിലനിര്‍ത്തുക (അഹ്മദ്). അത്താഴം ഏറ്റവും പിന്തുന്നതാണ് നബിചര്യ. നബി(സ)യുടെ അത്താഴത്തിന്‍റെയും സുബ്ഹ് ബാങ്കിന്‍റെയും ഇടയില്‍ അന്‍പത് ആയത്തുകള്‍ പാരായണം ചെയ്യപ്പെടുന്ന സമയം മാത്രമാണ് ഉണ്ടായിരുന്നതെന്ന് ഹദീസുകളില്‍ പറയുന്നു (ബുഖാരി). അത്താഴത്തിന്‍റെ അവസാന സമയം ഏതുവരെയാണെന്ന പ്രശ്നത്തില്‍ പ്രവാചകന്‍റെ സ്വഹാബിമാര്‍ക്കിടയില്‍ തന്നെ ഭിന്നതയുണ്ട്. സുബ്ഹിന്‍റെ ബാങ്ക് വരെ മാത്രമേ അത്താഴം കഴിക്കാന്‍ പാടുള്ളൂ എന്ന് പറയുന്ന അഭിപ്രായത്തിനാണ് സുന്നത്തിന്‍റെ പിന്‍ബലം കൂടുതല്‍ ഉള്ളത്. സൂക്ഷ്മതയും ഈ അഭിപ്രായം സ്വീകരിക്കലാണ്.
എന്നാല്‍ അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ സുബ്ഹ് ബാങ്ക് വിളിക്കുന്നതു കേട്ടാല്‍ ചാടിക്കുടഞ്ഞ് എഴുന്നേല്ക്കേണ്ടതില്ലെന്ന് നബിചര്യ വ്യക്തമാക്കുന്നു. ധൃതിപ്പെട്ട് അത്യാവശ്യമുള്ളത് കഴിച്ചശേഷം വിരമിച്ചാല്‍ മതി. നബി(സ) അരുളി: ഒരാള്‍ പാത്രം കൈയില്‍ പിടിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ ബാങ്ക് വിളിക്കപ്പെട്ടാല്‍ തന്‍റെ ആവശ്യം നിറവേറ്റുന്നതുവരെ അത് താഴെ വെക്കേണ്ടതില്ല (അബൂദാവൂദ്).

നോമ്പുകാരനും കുളിയും
രാത്രിയില്‍ നോമ്പുകാരന് ഭാര്യയുമായി ലൈംഗിക ബന്ധം സ്ഥാപിക്കാവുന്നതാണ് (2:187). കുളിയുടെ പ്രശ്നത്തില്‍ നോമ്പുകാലം, മറ്റുള്ള കാലം എന്ന യാതൊരു വ്യത്യാസവുമില്ല. സുബ്ഹ് നമസ്കാരത്തിന് മുമ്പായി കുളിക്കണമെന്ന് മാത്രം. മറ്റുള്ള കാലങ്ങളില്‍ ചെയ്യുന്നതുപോലെത്തന്നെ.
ബാങ്കിന്‍റെ മുമ്പായി തന്നെ ജനാബത്ത് കുളി നിര്‍വഹിക്കണമെന്ന നിബന്ധനയില്ല. ആയിശ(റ) പറയുന്നു: നബി(സ) റമദാനില്‍ സ്വപ്ന സ്ഖലനം കൊണ്ടല്ലാതെ സംയോഗം കൊണ്ടുതന്നെ വലിയ അശുദ്ധിയോടെ പ്രഭാതത്തില്‍ പ്രവേശിക്കാറുണ്ട്. ശേഷം അവിടുന്ന് കുളിച്ച് നോമ്പ് അനുഷ്ഠിക്കുമായിരുന്നു (ബുഖാരി, മുസ്ലിം). ഇതുപോലെ തന്നെ ആര്‍ത്തവമുള്ള സ്ത്രീ രാത്രിയില്‍ രക്തം അവസാനിച്ചാല്‍ കുളിക്കുന്നതിന്‍റെ മുമ്പു തന്നെ നോമ്പ് നിയ്യത്ത് ചെയ്തു നോമ്പനുഷ്ഠിക്കണം. (ശറഹു മുഹദ്ദബ് 6:308)

പല്ലുതേക്കല്‍
ഇബ്നു ഉമര്‍(റ) നിവേദനം: നബി(സ) നോമ്പുകാലത്ത് പകലിന്‍റെ അറ്റത്ത് ‘മിസ്വാക്ക്’ ചെയ്യാറുണ്ട് (ഇബ്നുഹിബ്ബാന്‍). ഇബ്നു മുന്‍ദിര്‍(റ) പറയുന്നു: ഉച്ചക്കു ശേഷവും മിസ്വാക്ക് ചെയ്യാമെന്ന് ഉമര്‍(റ), ഇബ്നുഅബ്ബാസ്(റ), ആഇശ(റ) ഉര്‍വതുബ്നു സുബൈര്‍(റ) മുതലായവര്‍ പറയുന്നു. (ശര്‍ഹു മുഹദ്ദബ് 6:378)
സുഗന്ധം ഉപയോഗിക്കല്‍
സുന്നത്തായ ഈ സംഗതി നോമ്പുകാരനും സുന്നത്താണ്. ഹജ്ജിനും ഉംറക്കും ഇഹ്റാം കെട്ടിയവര്‍ സുഗന്ധം ഉപയോഗിക്കരുതെന്ന് നിര്‍ദേശിച്ച പ്രവാചകന്‍ നോമ്പനുഷ്ഠിക്കുന്നവര്‍ സുഗന്ധം ഉപയോഗിക്കരുതെന്ന് നിര്‍ദേശിച്ചിട്ടില്ല. ഖത്താദ(റ) പറയുന്നു: നോമ്പുകാരന്‍ എണ്ണയിടുന്നത് നല്ലതാണ്. (അബ്ദുര്‍റസ്സാഖ്)

ഇന്‍ജക്ഷനെടുക്കല്‍
രോഗികള്‍ നോമ്പ് അനുഷ്ഠിക്കേണ്ടതില്ല. എന്നാല്‍ ചില വ്യക്തികള്‍ക്ക് സ്ഥിരമായി ചില ഇഞ്ചക്ഷന്‍ എടുക്കേണ്ടിവരും. നോമ്പനുഷ്ഠിക്കുന്നതിന് അവര്‍ക്ക് പ്രശ്നവുമില്ല. എങ്കില്‍ ഇഞ്ചക്ഷന്‍ എടുക്കുന്നതിന് വിരോധമില്ല. ഇതു കാരണം നോമ്പ് മുറിയുകയില്ല (മജ്മൂഅ് ഫതാവ 25-234). ഇബ്നുഹസം(റ) എഴുതുന്നു: ഇഞ്ചക്ഷന്‍ എടുക്കല്‍, ചെവിയില്‍ മരുന്ന് ഇറ്റിക്കല്‍ എന്നിവകൊണ്ട് നോമ്പ് മുറിയുകയില്ല (മുഹല്ല 4:306). കണ്ണില്‍ മരുന്ന് ഇറ്റിക്കുന്നതിനും വിരോധമില്ല. തൊണ്ടയില്‍ രുചി അനുഭവപ്പെട്ടാലും അതു നോമ്പിനെ അസാധുവാക്കില്ല.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x