വേണ്ടത് ആഘോമല്ല; ആത്മപരിശോധന
പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ലോകം. കോവിഡ് മഹാമാരി വിതച്ച ഭീതിയുടെയും ആശങ്കയുടെയും ദുരന്തപൂര്‍ണമായ നാളുകളില്‍ നിന്ന് വാക്‌സിനേഷന്റെയും രോഗമുക്തിയുടെയും പ്രതീക്ഷയിലേക്ക് കൂടിയാണ് 2021 ല്‍ ലോകം കണ്ണു തുറക്കാന്‍ ഒരുങ്ങുന്നത്. ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വകഭേദം വന്ന കോവിഡ് വൈറസ് പൂര്‍വാധികം ശക്തിയോടെ അതിവ്യാപന ഭീഷണി സൃഷ്ടിക്കുമ്പോള്‍ തന്നെ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വാക്‌സിനേഷന് തുടക്കംകുറിച്ചുകഴിഞ്ഞു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളും അധികം വൈകാതെ തന്നെ ഇതില്‍ കണ്ണിയാകും.
പുതുവര്‍ഷപ്പുലരി വരാനിരിക്കുന്ന നല്ല നാളുകളിലേക്കുള്ള പ്രതീക്ഷയുടെ വാതായനമാണ്. അതുകൊണ്ടുതന്നെ പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് വര്‍ഷം തോറും പൊലിമ കൂടിവരികയാണ്. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് അടഞ്ഞുകിടക്കുന്ന വിനോദ സഞ്ചാരമേഖല പുതുവര്‍ഷാഘോഷം പുത്തനുണര്‍വ് സമ്മാനിക്കുമെന്ന പ്രത്യാശയിലാണ്. ആട്ടവും പാട്ടും നൃത്തവുമായി പുതുവര്‍ഷ രാവ് കൊഴുപ്പിക്കുമ്പോള്‍ പോയ കാലത്തിന്റെ കണക്കെടുക്ക് ദിനം കൂടിയാണ് ഡിസംബര്‍ 31 എന്ന് പലരും മറന്നുപോകുന്നു. ആയുസ്സിന്റെ പുസ്തകത്തിലെ ഒരു ഏടാണ് പോയിമറയുന്നത്. ജീവിതത്തിലെ ഒരു വര്‍ഷം – 12 മാസം – 365 ദിവസം.
ചെറിയൊരു കാലയളവല്ലിത്. ഇത്രയും സമയത്തെ നാം എങ്ങനെ വിനിയോഗിച്ചു എന്നത് ആത്മപരിശോധന നടത്തുന്നതിനുള്ള വേള കൂടിയാണിത്. തന്റെ വ്യക്തി ജീവിതത്തില്‍, കുടുംബ ജീവിതത്തില്‍, സാമൂഹ്യ ജീവി എന്ന നിലയില്‍ ഈ കാലയളവ് എന്തു മാറ്റം വരുത്തി. എന്തെല്ലാം നേടാനായി എന്തെല്ലാം നഷ്ടപ്പെട്ടു. പണവും സമ്പത്തും മാത്രമല്ല, മൂല്യങ്ങള്‍, ബന്ധങ്ങള്‍, സ്‌നേഹ സൗഹൃദങ്ങള്‍ എല്ലാറ്റിന്റെയും കണക്കെടുപ്പിനുള്ള അവസരമാണിത്. അതിന് ആരും മുതിരാറില്ലെന്ന് മാത്രം. പകരം ഒരു രാത്രി മുഴുവന്‍ കുടിച്ച് മദോന്‍മത്തരായി തെരുവില്‍ ബഹളം വെച്ച് ബൈക്ക് റൈഡ് നടത്തി, ജനങ്ങളുടെ സ്വസ്ഥ ജീവിതത്തിനും സൈ്വര്യ വിഹാരത്തിനും ഭംഗം വരുത്തി ആഘോഷമെന്ന പേരില്‍ കാട്ടിക്കൂട്ടുന്ന ആഭാസങ്ങളുടെ കൂത്തരങ്ങാക്കി പുതുവര്‍ഷ രാവിനെ മാറ്റുന്ന കാഴ്ച പതിവായിരിക്കുന്നു.
ഓരോ പുതുവര്‍ഷ രാവിലും മലയാളികള്‍ കുടിച്ചുതീര്‍ക്കുന്ന മദ്യത്തിന്റെ റെക്കോര്‍ഡ് ഭേദിക്കുന്ന കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. 2020 ന്റെ പുതുവര്‍ഷ രാവില്‍ 68.57 കോടിയുടെ മദ്യമാണ് കേരളത്തില്‍ വിറ്റഴിച്ചതെന്നാണ് സര്‍ക്കാറിന്റെ ഔദ്യോഗിക കണക്ക്. കണക്കില്‍ പെടാത്ത മറ്റു കേന്ദ്രങ്ങളില്‍ നിന്നുള്ള വിതരണവും കള്ളു ഷാപ്പുകളിലെ കണക്കും ഇതിന് പുറമെയാകും. 2019 ല്‍ ഇത് 63 കോടിയായിരുന്നു 2019 ഡിസംബര്‍ 22 നും 31 നും ഇടയില്‍ ബീവറേജസ് കോര്‍പ്പറേഷന്‍ വിറ്റഴിച്ചത്. 522 കോടിയുടെ മദ്യമാണ് 2018-19 വര്‍ഷം സമാന കാലയളവില്‍ 512 കോടിയായിരുന്നു.
ഓരോ വര്‍ഷവും പുതുക്കപ്പെടുന്ന മദ്യവില്പനയിലെ ഈ റെക്കോര്‍ഡുകളില്‍ നിന്ന് തന്നെ വരാനിരിക്കുന്ന വര്‍ഷത്തെ മലയാളി എങ്ങനെ വരവേല്‍ക്കും എന്നതിന്റെ ചിത്രം തെളിയും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പോലും ഇതിന്റെ പ്രോത്സാഹനമായി മാറുന്നു. പുതുവര്‍ഷത്തിനു മുന്നേ ബാറുകളും ബീവറേജസ് ഔട്ട് ലെറ്റുകളും തുറക്കാനും ആളുകള്‍ക്ക് ഇരുന്ന് മദ്യം കഴിക്കാനും അവസരം ഒരുക്കിയ സര്‍ക്കാറിന്റെ ‘വിശാല മനസ്‌കത’യില്‍ ഇത് തെളിഞ്ഞു കാണാം. ഒരു രാവില്‍ തീരുന്ന ആഘോഷങ്ങള്‍ എത്ര കുടുംബങ്ങളെയാണ് ഒരായുസ്സു മുഴുവന്‍ തീരാകണ്ണീരിലേക്ക് തള്ളിവിടുന്നതെന്ന് എന്തുകൊണ്ടാണ് ഓര്‍ക്കാതെ പോകുന്നത്. പുതുവര്‍ഷാഘോഷത്തിനിടെ നടക്കുന്ന വാഹനാപകടങ്ങളുടെ കണക്ക് മാത്രം പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും.
മാറി വരുന്ന കലണ്ടറുകള്‍ പുതുമോടിയുടെ പ്രതീകം മാത്രമല്ല. പോയ കാലത്തിന്റെ നഷ്ടനൊമ്പരങ്ങള്‍ കൂടിയാണ്. തിരിച്ചെടുക്കാനാവാത്ത വിധം നഷ്ടപ്പെട്ടുപോയ ആയുസ്സിന്റെ പുസ്തകത്തിലെ വിലപ്പെട്ട ഏടുകള്‍.
അത് തിരിച്ചറിയാനുള്ള വിവേകം നാം ആദ്യം ആര്‍ജിക്കേണ്ടിയിരിക്കുന്നു. പോയ കാലത്തിന്റെ കണക്കുകളെ ആദ്യം തിട്ടപ്പെടുത്തണം. പണം ഏകകമാക്കിയല്ല, മറിച്ച് ജീവിതം അളവുകോലാക്കി വേണം ഈ തിട്ടപ്പെടുത്തല്‍. സമ്പാദിച്ചതും നഷ്ടം സംഭവിച്ചതും സ്വരുക്കൂട്ടിയതും സൂക്ഷിച്ചു വച്ചതും ഇനി ആര്‍ജിക്കാനുള്ളതുമെല്ലാം ആ തിട്ടപ്പെടുത്തലിന്റെ ഭാഗമാകണം.
സര്‍വേശ്വരന്‍ നല്‍കിയ ജീവിതമെന്ന വരദാനത്തെ സ്രഷ്ടാവിന്റെ വിധിവിലക്കുകളോട് എത്രത്തോളം നീതി പുലര്‍ത്തി വിനിയോഗിക്കാന്‍ കഴിഞ്ഞുവെന്ന് ആത്മ പരിശോധന നടത്തണം. ഈ കണക്കുകളില്‍ നിന്നാണ് വരാനിരിക്കുന്ന വര്‍ഷത്തേക്കുള്ള ഊര്‍ജം ആവാഹിക്കേണ്ടത്. 2021 ലെ ജീവിതത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കേണ്ടത്.