14 Tuesday
January 2025
2025 January 14
1446 Rajab 14

ആര്‍ത്തിയല്ല, ഉള്ളതിന് സ്തുതി പറയുകയാണ് വേണ്ടത്‌

എം ടി മനാഫ്‌


സുഖകരവും ആനന്ദദായകവുമായ ജീവിതം ആഗ്രഹിക്കുന്നവനാണ് മനുഷ്യന്‍. ലഭ്യമായ വിഭവങ്ങളെ പരമാവധി ഉപയോഗപ്പെടുത്തിയും അല്ലാത്തവ ആവുന്നത്ര എത്തിപ്പിടിച്ചും സുഖ ജീവിതം സാധ്യമാക്കുക എന്നതാണ് മനുഷ്യരുടെ പൊതുവിലുള്ള ഭൗതിക താല്പര്യം. ഉള്ളകാലം ‘അടിപൊളിയാക്കുക’ എന്നിടത്താണ് സമൂഹമുള്ളത്. ഈ വ്യഗ്രതയില്‍ അപരന്റെ ഇഷ്ടാനിഷ്ടങ്ങളോ കഷ്ട നഷ്ടങ്ങളോ പലപ്പോഴും പരിഗണിക്കപ്പെടാറില്ല. തിന്നുക കുടിക്കുക ആനന്ദിക്കുക ഉറങ്ങുക തുടങ്ങിയ ശരീരപ്രധാനമായ ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിനപ്പുറം മറ്റൊന്നും കാര്യമായി ഗൗനിക്കപ്പെടാത്ത പുത്തന്‍ വീക്ഷണത്തില്‍ സ്വാര്‍ഥതയാണ് അധിക ഇടങ്ങളിലും കൊടികുത്തി വാഴുന്നത്.
വ്യക്തി ജീവിതം മുതല്‍ അന്താരാഷ്ട്രതലം വരെ അസ്വസ്ഥത സൃഷ്ടിക്കുന്ന ഈ സമീപനം തിരുത്തപ്പെടേണ്ടതുണ്ട്. കാരണം മാനവിക മൂല്യങ്ങള്‍ തമസ്‌കരിക്കപ്പെടുമ്പോഴാണ് വിവിധ മേഖലകള്‍ അസന്തുലിതമായിത്തീരുന്നത്
ധനസമ്പാദനവും
വിനിയോഗവും

പ്രതിസന്ധികളില്‍ അകപ്പെടാതെ ജീവിക്കുവാനുള്ള രീതിശാസ്ത്രം ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്. സമ്പാദനത്തിലും വിനിയോഗത്തിലുമുള്ള സമീപനങ്ങളാണ് ഇതില്‍ ഏറ്റവും പ്രധാനം. കൊള്ളയും പലിശയും തട്ടിപ്പും വെട്ടിപ്പും വഞ്ചനയും കൈക്കൂലിയും അലിഞ്ഞു ചേര്‍ന്ന ഒരു സമൂഹത്തിന് നാശത്തില്‍ നിന്ന് കരകയറാനാവില്ല. മനുഷ്യ നിലനില്‍പിന് ആധാരമായ ധനസമ്പാദനത്തിന് അനുവദനീയ മാര്‍ഗങ്ങള്‍ കാണിച്ചുതന്നിട്ടുണ്ട്.
അധ്വാനരഹിതവും ചൂഷണബന്ധിതവുമായ ധനസമ്പാദനരീതികളായ പലിശ, വാതുവെപ്പ്, ചൂതാട്ടത്തിന്റെ വകഭേദങ്ങള്‍, ഊഹാധിഷ്ടിത ഇടപാടുകള്‍ മനുഷ്യ വിരുദ്ധ രീതികളായ മദ്യ-മയക്കുമരുന്ന് ഉല്‍പാദന വിതരണങ്ങള്‍, വ്യഭിചാര ബന്ധിത പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം ഇസ്ലാം ശക്തമായി നിരോധിക്കുകയും ചെയ്തിട്ടുണ്ട്.
സമൂഹത്തെ ആപാദചൂഢം ഗ്രസിച്ച മാരക വിപത്താണ് പലിശ. പ്രതിസന്ധികള്‍ക്കു പരിഹാരമെന്നോണം അവതരിപ്പിക്കപ്പെടുന്നുവെങ്കിലും വലിയ പ്രതിസന്ധികളിലേക്കുള്ള കവാടമാണത്. വിശുദ്ധ ഖുര്‍ആന്‍ ഒട്ടനവധി സൂക്തങ്ങളിലൂടെ ഈ സാമൂഹിക തിന്മയെ ഇകഴ്ത്തി കാണിക്കുന്നുണ്ട്. പലിശയുടെ അംശമെങ്കിലും കടന്നു ചെല്ലാത്ത മേഖലകള്‍ വളരെ വിരളമാണ്. മനുഷ്യര്‍ നടത്തുന്ന വ്യാപാര-വ്യവഹാരങ്ങള്‍ മുതല്‍ ക്രയവിക്രയങ്ങളുടെ സൂക്ഷ്മതലങ്ങള്‍ വരെയും പലിശ ജനങ്ങളെയും രാജ്യങ്ങളേയും വരിഞ്ഞു മുറുക്കിയിരിക്കുകയാണ്. ആധുനിക സാമ്പത്തിക ക്രമത്തെ അടിമുടി ഉലച്ചു കളയുന്ന ദുശ്ശക്തിയായി അത് മാറിയിട്ടുണ്ട്. സാമ്പത്തിക വ്യവസ്ഥയെ എക്കാലത്തും സ്വാധീനിക്കുന്ന പലിശയുടെ അടിസ്ഥാന ലക്ഷ്യം ചൂഷണമായത് കൊണ്ട് തന്നെയാണ് ഇസ്ലാം അതിനെ നിഷിദ്ധമാക്കിയത്.
‘സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം’.(വി ഖു:5:90). തിരുനബി പറഞ്ഞതായി അബൂഹുറൈറ(റ) അറിയിക്കുന്നു. ‘ജനങ്ങള്‍ക്ക് ഒരു കാലം വരും. അന്ന് അവര്‍ പലിശ തിന്നുന്നവരായിരിക്കും.’ അതുകേട്ട് ഒരാള്‍ ചോദിച്ചു. ‘ആളുകള്‍ എല്ലാവരും അത് ഭക്ഷിക്കുമോ?’ തിരുനബി പറഞ്ഞു. ‘അതു ഭക്ഷിക്കാത്തവനെ അതിന്റെ പൊടിയെങ്കിലും ബാധിക്കും.” (അഹ്മദ്, അബൂദാവൂദ്, നസാഈ, ഇബ്നുമാജ, ബൈഹഖി)
ജാഹിലിയത്തിലെ മുഴുവന്‍ പലിശ ഇടപാടുകളും നിര്‍വീര്യമാക്കിയതായി പ്രവാചകതിരുമേനി പ്രഖ്യാപിച്ചു. തന്റെ ബന്ധുക്കളില്‍ നിന്ന് ആ നിരോധനത്തിനു തുടക്കം കുറിച്ചു. നിങ്ങള്‍ക്ക് നിങ്ങളുടെ മൂലധനമുണ്ട്. നിങ്ങള്‍ അന്യായം ചെയ്യാന്‍ പാടില്ല, നിങ്ങളോട് അന്യായം ചെയ്യപ്പെടാനും പാടുള്ളതല്ല എന്ന് അവിടുന്ന് അരുളി.
പ്രവാചകന്‍ പറഞ്ഞു: ‘സ്വര്‍ണത്തിനു പകരം സ്വര്‍ണം, വെള്ളിക്കു പകരം വെള്ളി, ഗോതമ്പിനു പകരം ഗോതമ്പ്, ബാര്‍ലിക്കു പകരം ബാര്‍ലി, കാരക്കയ്ക്കു പകരം കാരയ്ക്ക, ഉപ്പിനു പകരം ഉപ്പ്, അങ്ങനെ തത്തുല്യമായത് തമ്മില്‍ വിനിമയം ചെയ്യുക. രൊക്കം സാധനം ഇടപാട് സ്ഥലത്ത് വെച്ച് നല്‍കുക. അതില്‍ കൂടുതല്‍ ആരെങ്കിലും ആവശ്യപ്പെടുന്നുവെങ്കില്‍ അവന്‍ പലിശയാണ് ചോദിക്കുന്നത്. അത് കൊടുക്കുന്നവനും വാങ്ങുന്നവനും ഒരുപോലെ കുറ്റവാളിയാണ്.’ (മുസ്‌ലിം)
മനുഷ്യന്‍ കാലങ്ങളായി പല സാമ്പത്തിക സംവിധാനങ്ങളെയും പരീക്ഷിച്ചിട്ടുണ്ട്. സാധനങ്ങള്‍ക്കു പകരം സാധനങ്ങള്‍ കൈമാറുന്ന ബാര്‍ട്ടര്‍ സംവിധാനം മുതല്‍ നവമുതലാളിത്തം വരെ. എല്ലാ സംവിധാനങ്ങളും ചില പ്രത്യേക കാലഘട്ടം പിന്നിട്ടാല്‍ പരാജയപ്പെടുകയാണ് പതിവ്. ലോകത്ത് മുതലാളിത്ത വാഴ്ചയാരംഭിച്ചതു മുതല്‍ നിരന്തരം മാന്ദ്യങ്ങളും തകര്‍ച്ചയും സംഭവിച്ചുകൊണ്ടേയിരുന്നു. തൊഴിലില്ലായ്മയും അസമത്വവും ക്രമാതീതമായി വര്‍ധിച്ചു. അത്തരം ഘട്ടങ്ങളിലൊക്കെ മുതലാളിത്തത്തിനു പകരം പലതും അന്വേഷിച്ചപ്പോഴൊക്കെ ചെന്നെത്തിയത് ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥിതിയിലായിരുന്നു. ഇന്ന് കമ്മ്യൂണിസവും സോഷ്യലിസവുമെല്ലാം നവ മുതലാളിത്തത്തിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളായി മാറിയതുകൊണ്ടുതന്നെ സമകാല ലോകത്ത് രണ്ട് സാമ്പത്തിക വ്യവസ്ഥിതികളേ നിലവിലുള്ളൂ; മുതലാളിത്തവും ഇസ്ലാമിക സമ്പദ് വ്യവസ്ഥയും. മുതലാളിത്തമാകട്ടെ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലും പ്രതിസന്ധിയിലുമാണിന്ന് ചെന്നെത്തി നില്‍ക്കുന്നത്.
സമ്പാദ്യവും ചെലവഴിക്കലും എപ്രകാരമായിരിക്കണമെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നുണ്ട്. അബൂബക്കര്‍(റ) പറയുന്നു: നബി(സ) പറഞ്ഞു: നാല് കാര്യങ്ങളെ കുറിച്ച് ചോദ്യം ചെയ്യപ്പെടാതെ (പരലോകത്ത്) ഒരടിമയുടെയും ഇരുപാദങ്ങള്‍ നീങ്ങുക സാധ്യമല്ല. തന്റെ ആയുസ്സ് എന്തിലാണ് വിനിയോഗിച്ചതെന്ന്, തന്റെ അറിവ് കൊണ്ട് എന്താണ് പ്രവര്‍ത്തിച്ചതെന്ന്, തന്റെ സമ്പത്ത് എവിടെ നിന്നാണ് സമ്പാദിച്ചതെന്ന്, എന്തിലാണ് ചെലവഴിച്ചതെന്ന്. തന്റെ ശരീരം എന്തിലാണ് ഉപയോഗപ്പെടുത്തിയതെന്ന് (തിര്‍മിദി).
ഇല്ലാത്തതിനെക്കുറിച്ചോര്‍ത്ത് വേവലാതിപ്പെടാതെ ഉള്ളതുകൊണ്ട് എങ്ങനെ കഴിയാം എന്ന ചിന്തയുണ്ടെങ്കില്‍ കുറെയൊക്കെ വേവലാതികള്‍ കുറക്കാവുന്നതാണ്. അതിനുള്ള ഒരു ഉപാധിയായി നബി(സ) പഠിപ്പിച്ചത് ഭൗതിക അനുഗ്രഹങ്ങളുടെ കാര്യത്തില്‍ തന്നെക്കാള്‍ താഴെ കിടയിലുള്ളവരിലേക്ക് നോക്കുവാനാണ്.
ആര്‍ത്തിയും ദുരയുമുള്ള മനുഷ്യന്‍ അതിന്റെ പൂര്‍ത്തീകരണത്തിനായി എന്തു ചെയ്യാനും മടിക്കില്ല. ഒരിക്കലും മതിവരാത്ത മനസ്സ് അവനെ പലതിനും പ്രേരിപ്പിച്ചു കൊണ്ടേയിരിക്കും. നന്മ-തിന്മകളുടെ അതിര്‍വരമ്പുകളോ മതശാസനകളോ നീതിയോ നിയമമോ ഒന്നും തടസ്സമല്ലാത്ത അവസ്ഥാവിശേഷമായിരിക്കും പിന്നെയുണ്ടാവുക. സമ്പാദ്യങ്ങള്‍ ഇരട്ടിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും പാവപ്പെട്ട സഹോദരങ്ങള്‍ ചോരനീരാക്കിയുണ്ടാക്കിയ നാണയത്തുട്ടുകള്‍ വഞ്ചനയിലൂടെ സ്വന്തമാക്കാന്‍ ശ്രമിക്കുമ്പോള്‍ അത് തന്റെ മഹത്വമായിട്ടായിരിക്കും അയാള്‍ കരുതുക. പക്ഷേ, ആ ആര്‍ത്തിയുടെ പ്രേരണയാല്‍ അയാള്‍ പടുത്തുയര്‍ത്തുന്ന മനക്കോട്ടകള്‍ തകര്‍ന്നു വീഴുമ്പോഴുണ്ടാകുന്ന ‘ടെന്‍ഷന്‍’ സ്വന്തം ജീവിതം മാത്രമല്ല ചിലപ്പോള്‍ കുടുംബത്തെയും സമൂഹത്തെ തന്നെയും അപകടത്തിലേക്ക് തള്ളിവിടുന്ന ക്രൂരകൃത്യങ്ങള്‍ വരെ ചെയ്യാന്‍ അയാളെ പ്രേരിപ്പിച്ചേക്കും. ചിലര്‍ക്ക് ആയിരങ്ങള്‍ ഒരു ദിവസം ലഭിച്ചാലും മണിക്കൂറുകള്‍കൊണ്ട് അത് ധൂര്‍ത്തടിച്ച് അടുത്ത ദിവസം കഷ്ടപ്പെടുന്നത് കാണാം. ലഭിച്ചുകൊണ്ടിരിക്കുന്ന സമ്പത്തിന്റെ വഴിയൊന്നടഞ്ഞാല്‍ ആത്മഹത്യയിലേക്കു വരെ എടുത്തുചാടുന്ന ദയനീയാവസ്ഥയോ അല്ലെങ്കില്‍ ധനസമ്പാദനത്തിന് കൊള്ളയും കൊലയും നടത്തുന്ന രീതിയോ ആയിരിക്കും സംജാതമാവുക.
സാമൂഹിക ദുരന്തങ്ങളുടെ പിന്നാമ്പുറങ്ങള്‍ പരിശോധിച്ചാല്‍ ആഡംബരത്തിനും അമിതവ്യയത്തിനും പൊങ്ങച്ചത്തിനുമൊക്കെ നല്ല പങ്കുള്ളതായി കാണാം. കടബാധ്യത സമാധാനം കെടുത്തുമെന്ന് നബി(സ) പഠിപ്പിച്ചിട്ടുണ്ട്. പൊങ്ങച്ചവും ധൂര്‍ത്തും ഇല്ലാതെ ജീവിച്ചാല്‍ ഏറെക്കുറെ സാമ്പത്തിക പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയും. ഈ മേഖലകളില്‍ ഇസ്ലാം മുന്നോട്ടു വെക്കുന്ന നിയമ നിര്‍ദേശങ്ങള്‍ പക്വവും പ്രായോഗികവുമാണ്. ദുര്‍വ്യയം പൈശാചികതയാണെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്: തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവര്‍ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു. പിശാച് തന്റെ രക്ഷിതാവിനോട് ഏറെ നന്ദികെട്ടവനാകുന്നു. (ഖുര്‍ആന്‍ 17:27). ഭൂമിയില്‍ വിനയാന്വിതനായി ജീവിക്കുന്ന യഥാര്‍ഥ ദൈവദാസന്മാരെ പരാമര്‍ശിക്കുന്നിടത്ത് ഖുര്‍ആന്‍ ഇങ്ങനെ പറഞ്ഞു: ‘ചെലവുചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ, പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാര്‍ഗം സ്വീകരിക്കുന്നവരുമാകുന്നു അവര്‍.’ (ഖുര്‍ആന്‍ 25:67)
തകര്‍ക്കപ്പെടുന്ന
അടിത്തറ

സമൂഹ സുസ്ഥിതിയുടെ അനിവാര്യതയും അടിസ്ഥാനവുമാണ് സുഭദ്ര കുടുംബം. മനുഷ്യോല്പത്തിയോളം പാരമ്പര്യമുള്ള പവിത്ര ബന്ധം കൂടിയാണത്. ജീവിതത്തെ തന്നെ മനോഹരമാക്കി മുന്നോട്ടു കൊണ്ടുപോകുന്ന സ്ഥാപനം കൂടിയാണ് കുടുംബം. അവിടെയുണ്ടാകുന്ന താളപ്പിഴകള്‍ വ്യക്തിജീവിതത്തിലും സമൂഹത്തിലും പ്രതികൂലമായി പ്രതിഫലിക്കും. അതാണ് ആധുനിക സമൂഹത്തില്‍ നാം കാണുന്നത്. കുടുംബം ദൈവീകമായ സ്ഥാപനമാണെന്നാണ് ഖുര്‍ആനിന്റെ ഭാഷ്യം. അതിരുകളില്ലാത്ത സ്‌നേഹവായ്പിന്റെയും പങ്കുവെക്കലുകളുടെയും ഇടം കൂടിയാണത്. ജീവിതവും സംസ്‌കാരവും വ്യക്തിത്വവും എല്ലാം രൂപപ്പെടുത്തുന്നതില്‍ കുടുംബ പശ്ചാത്തലത്തിന് നിര്‍ണായക പങ്കുണ്ട്.
ലിബറലിസം, ഇന്‍ഡിവിജ്വലിസം, ട്രാന്‍സ്ജന്‍ഡറിസം, ഫെമിനിസം മുതലായ പ്രവണതകളുടെ കടന്നു കയറ്റം കാരണം ഇന്ന് കുടുംബവ്യവസ്ഥക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. ലിബറലിസത്തിന്റെ സ്ഥാപക ചിന്തകനായി അറിയപ്പെടുന്ന ജോണ്‍ ലോക്ക് തന്റെ പ്രശസ്തമായ ട്രീറ്റിസ് ഓഫ് ഗവണ്‍മെന്റ് എന്ന കൃതിയില്‍ ഉദാരതാവാദത്തെ പരിചയപ്പെടുത്തുന്നതിങ്ങനെയാണ്. ‘എല്ലാ മനുഷ്യരും തുല്യരും സ്വതന്ത്രരുമാണ്. അവരുടെ ജീവിതത്തിലോ സ്വാതന്ത്ര്യത്തിലോ കൈ കടത്താന്‍ ആര്‍ക്കും അധികാരമില്ല.’ ആര്‍ക്കും അവരവരുടെ രീതികള്‍ തീരുമാനിക്കാമെന്നര്‍ഥം. കുടുംബ സംസ്ഥാപനത്തിന്റെ ആദ്യപടിയായ വൈവാഹിക രംഗം അരാജകവല്‍ക്കരിക്കപ്പെടുന്നതോടെ ഈ തകര്‍ച്ച ആരംഭിക്കുകയായി. ലിവിങ് ടുഗതര്‍, ഡേറ്റിംഗ് തുടങ്ങി പല രാജ്യങ്ങളും പരീക്ഷിച്ചു പരാജയമടഞ്ഞ അറു പിന്തിരിപ്പന്‍ രീതികള്‍ പുതിയ വര്‍ണങ്ങള്‍ തേച്ച് നമ്മുടെ സമൂഹ മാര്‍ക്കറ്റിലും പ്രമോട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. വിവാഹത്തില്‍ നിശ്ചിത നിയമങ്ങളൊന്നും പാലിക്കപ്പെടേണ്ടതില്ലെന്നും മാതാപിതാക്കളുടെയോ ബന്ധുമിത്രാദികളുടെ ഇടപെടല്‍ അനിവാര്യമല്ലെന്നും പരസ്പരം തൃപ്തിപ്പെടുന്ന യുവതീയുവാക്കള്‍ക്ക് ഒരുമിച്ച് താമസിക്കാവുന്ന അത്ര ലളിതമാണ് ഇണ ജീവിതമെന്നും ഇഷ്ടമുള്ളപ്പോള്‍ വേര്‍പിരിയാമെന്നും സാമാന്യേന വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു. അരക്ഷിതമായ സമൂഹ സൃഷ്ടിയിലേക്കാണ് ഇത് നയിച്ചു കൊണ്ടിരിക്കുന്നത്. കാമ്പസുകള്‍ കേന്ദ്രീകരിച്ചാണ് ലിബറലിസം പ്രധാനമായും അതിന്റെ വിത്തിറക്കുന്നത്. ജീവിതത്തെ വേണ്ടത്ര ഗൗരവത്തില്‍ കാണാന്‍ പക്വത വന്നിട്ടില്ലാത്തവരും ട്രെന്‍ഡുകളെ ആവേശമായി കാണുന്നവരുമായ കൗമാരക്കാര്‍ പലപ്പോഴും ഈ വലക്കെണിയില്‍ വീഴുന്നു എന്നത് ഗൗരവതരമാണ്.
ഇസ്ലാം വിഭാവനം ചെയ്യുന്ന സ്ത്രീ പുരുഷ ബന്ധത്തിലും കുടുംബരൂപീകരണ പ്രക്രിയയിലും കൃത്യമായ നിയമനിര്‍ദേശങ്ങളുണ്ട്. സ്ത്രീപുരുഷ ഇണജീവിതം കൃത്യമായ നിയമങ്ങളോടും നിബന്ധനകളോടും കരാറോടും സമൂഹത്തിന്റെ അറിവോടും കൂടി നടക്കുന്ന വിവാഹം മുതലാണ് ആരംഭിക്കേണ്ടത്. വിവാഹ പൂര്‍വ ബന്ധങ്ങള്‍ വിനാശകരമാണ്. കുടുംബത്തിലെ ഓരോ അംഗവും അവരുടെ റോള്‍ കൃത്യമായി നിര്‍വഹിക്കാന്‍ ബാധ്യസ്ഥരാണ്.
ഭാര്യയും ഭര്‍ത്താവും മക്കളും മാതാപിതാക്കളും സഹോദരീ സഹോദരന്മാരുമെല്ലാം അടങ്ങുന്ന ഒരു പ്രസ്ഥാനമായാണ് കുടുംബം മുന്നോട്ട് പോകേണ്ടത്. ധാര്‍മികവും സദാചാരപരവും സമാധാനപൂര്‍ണവുമായ അന്തരീക്ഷം കാത്തുസൂക്ഷിക്കുന്നതില്‍ ഓരോ അംഗത്തിനും പങ്കുണ്ട്. ശരീരത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കപ്പുറം ഒന്നും ദര്‍ശിക്കാന്‍ കഴിയാത്ത ലിബറലിസം ഈ രംഗത്ത് അമ്പേ പരാജയപ്പെടുകയാണ് ചെയ്യുന്നത്. ജൈവപരമായ താല്‍ക്കാലിക ചോദനകളെ മാത്രം തൃപ്തിപ്പെടുത്താനുള്ള ഒരു താല്‍ക്കാലിക സംവിധാനമായി സ്ത്രീ പുരുഷ ബന്ധങ്ങള്‍ വ്യാഖ്യാനിക്കുന്ന ആധുനിക ലിബറല്‍ സമീപനം സമൂഹഭദ്രതയെ തച്ചു തകര്‍ക്കുകയാണ് ചെയ്യുന്നത്.
വൈവാഹിക ബന്ധം ദൈവിക ദൃഷ്ടാന്തമായാണ് ഖുര്‍ആന്‍ നിരീക്ഷിക്കുന്നത്. അതില്‍ കാത്തുസൂക്ഷിക്കേണ്ട പവിത്രതയുടെ പാരമ്യതയാണ് അത് സൂചിപ്പിക്കുന്നത്. ‘നിങ്ങള്‍ക്ക് സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.’ (ഖുര്‍ആന്‍ 30:21)

Back to Top