ആരോഗ്യത്തില്‍ വേണം ജാഗ്രത
ഡോ. മുബഷിര്‍ കെ
ചുട്ടുപൊള്ളുന്ന പകലും രാത്രിയുമാണ് ഗള്‍ഫ് നാടുകളില്‍. അന്തരീക്ഷമാകെ പൊടിയും പുകയും. ഒപ്പം ചൂടുകാറ്റും. ജലസ്രോതസ്സുകള്‍ വറ്റിവരളും. ഉള്ള വെള്ളത്തില്‍ മാലിന്യം നിറയും. സൂര്യന്റെ അതിതാപത്താല്‍ ചര്‍മം വരണ്ടുപൊട്ടും. ചൂടുള്ള കാലാവസ്ഥയില്‍ രോഗാണുക്കള്‍ ശക്തരാകും. വളരെ വേഗം രോഗം പരത്തും. ആരോഗ്യ സംരക്ഷണത്തിന് പ്രതികൂലമായ കാലാവസ്ഥയാണ് വേനല്‍ക്കാലത്ത്. മറ്റു കാലങ്ങളേക്കാള്‍ ആരോഗ്യശ്രദ്ധ വേനല്‍ക്കാലത്ത് ആവശ്യമാണ്. പ്രത്യേകിച്ച് കുട്ടികള്‍ക്ക്. കാലാവസ്ഥയ്ക്ക് അനുസരിച്ച് ഭക്ഷണവും ജീവിതചര്യകളും മാറണം ചെറുതും വലുതുമായ നിരവധി പകര്‍ച്ചവ്യാധികള്‍ വേനല്‍ക്കാലത്ത് വ്യാപകമായി കാണാറുണ്ട്. രോഗം പകരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കിയും രോഗലക്ഷണങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിക്കുന്നതിലൂടെയും അപകടം ഒഴിവാക്കാം. കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് മനുഷ്യരുടെ ആരോഗ്യാവസ്ഥകളിലും മാറ്റം വരാം. സീസണലായി ഇത്തരത്തില്‍ പിടിപെടുന്ന രോഗങ്ങള്‍ പലതുമുണ്ട്. ജലദോഷവും പനിയും പല കൊതുകുജന്യ രോഗങ്ങളുമെല്ലാം ഇങ്ങനെ കാലാവസ്ഥയോട് ബന്ധപ്പെട്ട് പരക്കാറുണ്ട്. ചെറുതും വലുതുമായ നിരവധി പകര്‍ച്ചവ്യാധികള്‍ വേനല്‍ക്കാലത്ത് വ്യാപകമായി കാണാറുണ്ട്. രോഗം പകരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കിയും രോഗലക്ഷണങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിക്കുന്നതിലൂടെയും അപകടം ഒഴിവാക്കാം.
ചിക്കന്‍പോക്‌സ്
വേനല്‍ക്കാലത്താണ് ചിക്കന്‍പോക്‌സ് കൂടുതലായി കാണപ്പെടുന്നത്. ഹെര്‍ലിസ് വൈറസ് കുടുംബത്തില്‍പെട്ട വാരിസെല്ലാ സോസ്റ്റര്‍ വൈറസുകളാണ് ചിക്കന്‍പോക്‌സിനു കാരണം. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് 10 മുതല്‍ 21 ദിവസത്തിനകം രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ജലദോഷം, പനി, കഠിനമായ ശരീരവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി തുടങ്ങി മൂന്നു ദിവസത്തിനകം ശരീരത്തില്‍ ചെറിയ കുരുക്കള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങും. ഈ കുരുക്കള്‍ കുത്തിപ്പൊട്ടിച്ചാല്‍ അത് അണുബാധയ്ക്കു കാരണമാകും. മരുന്നുകള്‍ക്കൊപ്പം വിശ്രമവും ആവശ്യമാണ്. ഏകദേശം രണ്ടാഴ്ചയോളം വിശ്രമം വേണ്ടിവരും.
മഞ്ഞപ്പിത്തം
ഹെപ്പറ്റൈറ്റിസ് എ, ഇ എന്നീ രോഗങ്ങളാണ് വേനല്‍ക്കാലത്ത് കൂടുതലായി കാണപ്പെടുന്നത്. വെള്ളത്തിലൂടെയും ആഹാരത്തിലൂടെയുമാണ് ഈ രോഗം പകരുന്നത്. ശുചിത്വമില്ലായ്മയാണ് രോഗപ്പകര്‍ച്ചയ്ക്ക് കാരണം. രോഗം ബാധിച്ച വ്യക്തിയുടെ മലത്തില്‍ ധാരാളം വൈറസുകളുണ്ട്. അതിനാല്‍ രോഗി തുറസ്സായ സ്ഥലങ്ങളില്‍ മലവിസര്‍ജനം നടത്തുന്നത് അപകടകരമാണ്. ഈച്ചകള്‍ വഴി മലത്തിന്റെ അംശം നാം ഉപയോഗിക്കുന്ന ഭക്ഷണത്തിലോ വെള്ളത്തിലോ എത്തിയാല്‍ രോഗം പകരും. മലിനജലം കുടിക്കാനോ ഭക്ഷണം പാകം ചെയ്യാനോ വീട്ടിലെ മറ്റ് ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കുന്നതും രോഗം പകരാന്‍ കാരണമാണ്. ചപ്പുചവറുകളും മറ്റും കൂട്ടിയിടുന്നത് കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കാത്ത മേഖലകളില്‍ രോഗം വേഗത്തില്‍ പടരും.
വിശപ്പില്ലായ്മ, ക്ഷീണം, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, പനി, മൂത്രത്തിന് നിറം മാറുക തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ അപകടകാരിയല്ലെങ്കിലും സൂക്ഷിക്കണം. ഈ വൈറസ് മൂലമുണ്ടാവുന്ന മഞ്ഞപ്പിത്തവും കരള്‍വീക്കവും ഗൗരവമുള്ളതല്ല. ഇതിനു വിശ്രമമാണ് ഏറ്റവും നല്ല മരുന്ന്. എന്നാല്‍ ചില രോഗികളില്‍ രോഗം കഠിനമായി കാണാറുണ്ട്. പകര്‍ച്ചവ്യാധിയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന രോഗമായതിനാല്‍ സമീപത്തു രോഗം എത്തിയെന്നറിയുമ്പോഴേ ആവശ്യമുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ ശ്രദ്ധിക്കണം.
ടൈഫോയ്ഡ്
തുറന്നുവെച്ചിരിക്കുന്ന ഭക്ഷണത്തിലൂടെയും രോഗാണുക്കള്‍ കലര്‍ന്ന ജലത്തിലൂടെയുമാണ് ടൈഫോയ്ഡ് ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കുന്നത്. സാല്‍മൊണെല്ലാ ടൈഫി എന്ന ബാക്ടീരിയയാണ് രോഗഹേതു. മലിനജലത്തിലാണ് ടൈഫോയ്ഡിന്റെ അണുക്കള്‍ ഏറ്റവും കൂടുതല്‍ കാലം നിലനില്‍ക്കുന്നത്. രോഗികളുമായോ രോഗാണുവാഹകരുമായോ അടുത്തിടപഴകുമ്പോള്‍ രോഗാണുക്കള്‍ മറ്റുള്ളവരിലേക്ക് പകരാം. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. തുടര്‍ച്ചയായ പനി, പനിയുടെ ചൂട് കൂടിയും കുറഞ്ഞും നില്‍ക്കുക, വയറുവേദന, ചുമ, ഛര്‍ദി, ശരീരത്തില്‍ ചുവന്ന തടിപ്പുകള്‍ തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.
രോഗം നേരത്തേ കണ്ടെത്തിയാല്‍ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയും. രക്തപരിശോധന, കള്‍ചര്‍ ടെസ്റ്റ് തുടങ്ങിയവയിലൂടെ രോഗം മനസ്സിലാക്കാന്‍ സാധിക്കും. രോഗം മാറിയെന്നു തോന്നിയാലും ഡോക്ടര്‍ നിര്‍ദേശിച്ച സമയത്തോളം മരുന്നു കഴിക്കാന്‍ ശ്രദ്ധിക്കണം. എങ്കില്‍ മാത്രമേ രോഗം പൂര്‍ണമായും മാറുകയുള്ളൂ.
വയറിളക്കരോഗം
വയറിളക്കരോഗം വേനല്‍ക്കാലത്ത് കാണപ്പെടുന്നു. ശുചിത്വക്കുറവാണ് ഇതിനു പ്രധാന കാരണം. ഹോട്ടല്‍ ഭക്ഷണം കൂടുതലായി ആശ്രയിക്കുന്നവര്‍ക്കാണ് വയറിളക്കരോഗം പെട്ടെന്ന് പിടിപെടുന്നത്. ഹോട്ടലുകളിലും മറ്റും കുടിക്കാനായി ലഭിക്കുന്ന വെള്ളം മിക്കവാറും പകുതി തിളപ്പിച്ചവയാണ്. വെള്ളത്തിലെ അണുക്കള്‍ നശിക്കണമെങ്കില്‍ കുറഞ്ഞത് 10 മിനിറ്റെങ്കിലും തിളപ്പിക്കണം. എന്നാല്‍ ഹോട്ടലുകളില്‍ നിന്നു ലഭിക്കുന്ന വെള്ളം തിളപ്പിച്ചതിനൊപ്പം തിളപ്പിക്കാത്തതുകൂടി ചേര്‍ത്തതാണ്. പഴകിയ ഭക്ഷണം കഴിക്കുന്നതും വയറിളക്കത്തിനു കാരണമാവും. വേനല്‍ക്കാലത്ത് സാലഡ് പോലുള്ള വേവിക്കാത്ത ഭക്ഷണം ഒഴിവാക്കണം. വയറിളക്കരോഗം പിടിപെട്ടവര്‍ക്ക് ഉപ്പിട്ട നാരങ്ങാവെള്ളമോ കഞ്ഞിവെള്ളമോ ഇടയ്ക്കിടെ കൊടുക്കുക. ഒആര്‍എസ് ലായനി നല്‍കുന്നത് വയറിളക്കരോഗം കുറയാന്‍ സഹായിക്കും.
ഡെങ്കിപ്പനി
ഈഡിസ് ഈജിപ്തി എന്നയിനം കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഫ്ളേവി വൈറസുകളാണ് ഡെങ്കിപ്പനിക്കു കാരണം. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് രണ്ടാഴ്ചയ്ക്കകം രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. മധ്യവയസ്‌കരിലാണ് ഡെങ്കിപ്പനി അധികവും കണ്ടുവരുന്നത്. പനിയാണ് മുഖ്യ ലക്ഷണം. രണ്ടാം ഘട്ടത്തില്‍ പനിയോടൊപ്പം രക്തസ്രാവവും ഉണ്ടാകുന്നു. ഇത് ശരീരത്തിലെ പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം കുറയ്ക്കുകയും മരണത്തിനു കാരണമായിത്തീരുകയും ചെയ്യുന്നു. ഡെങ്കിപ്പനി തിരിച്ചറിഞ്ഞാല്‍ ഉടനെ ഡോക്ടറെ സമീപിച്ച് ചികിത്സ തുടങ്ങുക. പൊങ്ങന്‍പനിയും വേനല്‍ക്കാലത്തു കൂടുതലായി കാണപ്പെടുന്നു. പകരുന്ന രോഗമായതിനാല്‍ രോഗിയില്‍ നിന്നു കുട്ടികളെയും ഗര്‍ഭിണികളെയും അകറ്റിനിര്‍ത്തണം. കാരണം, നവജാത ശിശുവിനു പോലും ഈ രോഗം പിടിപെടാനുള്ള സാധ്യതയുണ്ട്.
ചര്‍മത്തെ
സംരക്ഷിക്കാം
വിയര്‍പ്പും അമിതമായ ചൂടും മൂലം ഏറ്റവുമധികം കഷ്ടപ്പെടുന്നത് ചര്‍മമാണ്. ചുണങ്ങ്, പൂപ്പല്‍ബാധ, ഫംഗസ്, ചൂടുകുരു, ചര്‍മം കരുവാളിക്കുക തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങളാണ് കാത്തിരിക്കുന്നത്. വേനല്‍ക്കാലത്തു ചര്‍മം വരണ്ടുണങ്ങുന്നതു സാധാരണം. മുഖം ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലെ ചര്‍മം കരുവാളിക്കാറുമുണ്ട്. സൂര്യപ്രകാശത്തോട് അലര്‍ജിയുണ്ടാകുന്ന അസുഖവും കാണപ്പെടാറുണ്ട്. ശരീരത്തില്‍ വരുന്ന മാറ്റം ശ്രദ്ധിച്ച് അതിനനുസരിച്ചുള്ള പ്രതിവിധി ചെയ്യുകയാണ് വേണ്ടത്. ചെറിയ കരുവാളിപ്പുകള്‍ മാറ്റാന്‍ സണ്‍സ്‌ക്രീന്‍ ലേപനങ്ങള്‍ പുരട്ടിയാല്‍ മതി. വിയര്‍പ്പ് അധികമാകുമ്പോള്‍ ഫംഗസ് ബാധ, ചുണങ്ങ് തുടങ്ങിയവയുമുണ്ടാകാന്‍ സാധ്യതയുണ്ട്. വിരലുകള്‍ക്കും മറ്റുമിടയില്‍ വിയര്‍പ്പു തങ്ങിനില്‍ക്കുന്നതാണ് ഫംഗസ് ബാധയ്ക്കു കാരണം. ശരീരം എപ്പോഴും ശുചിയാക്കുകയാണ് പ്രതിവിധി. ലേപനങ്ങളും ഉപയോഗിക്കാം.
വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക
രോഗപ്രതിരോധ ശേഷിയെന്നു പറയുമ്പോള്‍ അതിന്റെ കാര്യപ്പെട്ടൊരു ഭാഗം കുടലില്‍ തന്നെയാണ് ഉള്ളത്. അതിനാല്‍ തന്നെ വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ശ്രമങ്ങള്‍ നടത്തിയേ മതിയാകൂ. ഇതിനായി ഭക്ഷണത്തില്‍ നിര്‍ബന്ധമായും ചിലത് ശ്രദ്ധിക്കേണ്ടതുണ്ട്. ബ്രൊക്കോളി, ഫ്രഷ് ബെറികള്‍, ഓറഞ്ച്, ഉള്ളി, ഇഞ്ചി, നട്‌സ് പോലുള്ള ഭക്ഷണങ്ങളെല്ലാം നല്ലതാണ്. കട്ടത്തൈര് അടക്കമുള്ള ‘പ്രോബയോട്ടിക്‌സും’ കഴിക്കുക.
പച്ചക്കറികളും പഴങ്ങളും പതിവാക്കുക. ഇവയില്‍ അടങ്ങിയിട്ടുള്ള വൈറ്റമിനുകളും ആന്റി ഓക്‌സിഡന്റുകളും വയറിന്റെ ആരോഗ്യത്തെ പോസിറ്റീവായി സ്വാധീനിക്കുന്നു. നന്നായി വെള്ളം കുടിച്ചില്ലെങ്കില്‍ വേനലില്‍ വയറിന്റെ ആരോഗ്യം അവതാളത്തിലാവും. അതിനാല്‍ ദിവസവും ആവശ്യമായത്ര വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഇക്കാര്യങ്ങള്‍ക്കൊപ്പം തന്നെ വ്യായാമവും പതിവാക്കുക. ഏറ്റവും കുറഞ്ഞത് വൈകുന്നേരങ്ങളില്‍ ചെറിയൊരു ദൂരം നടക്കുകയെങ്കിലും ചെയ്യണം.
എപ്പോഴും കൈകള്‍ നന്നായി വൃത്തിയാക്കി വയ്ക്കണം. അല്ലാത്തപക്ഷം രോഗാണുക്കള്‍ പെട്ടെന്ന് ശരീരത്തിനകത്ത് എത്താനും അവിടെ വെച്ച് പെരുകാനും ഇടയാക്കുന്നു. വീട്ടിനകത്തോ മുറികളിലോ മുഴുവന്‍ സമയവും എസി ഓണ്‍ ചെയ്തുവയ്ക്കുന്നതും ശരീരത്തിന് അത്ര നല്ലതല്ല. പ്രത്യേകിച്ച് രാവിലെയും വൈകീട്ടും കഴിയുന്നതും കാറ്റോട്ടമുള്ള രീതിയില്‍ വീടിനെ സജ്ജീകരിച്ചുവെച്ച് അതില്‍ തുടരുന്നതാണ് നല്ലത്.
പ്രഭാത ഭക്ഷണം
പ്രഭാത ഭക്ഷണം മുടക്കാതിരിക്കാം. പലര്‍ക്കും പ്രഭാത ഭക്ഷണം മാത്രമാകും ശരിയായി കഴിക്കാന്‍ സാധിക്കുക. അതുകൊണ്ടുതന്നെ ഇത് പോഷകസമൃദ്ധമാക്കാം. പാല്‍, മുട്ട, മുളപ്പിച്ച പയറുവര്‍ഗങ്ങള്‍, പഴവര്‍ഗങ്ങള്‍ എന്നിവ ഈ സമയത്ത് കഴിക്കാം. സാധാരണ ഭക്ഷണങ്ങളായ ഇഡ്ഡലി, പുട്ട്, ദോശ എന്നിവയും ചട്ണി, കടലക്കറി, പഴം എന്നിവയൊക്കെ തന്നെയാണ് യോജിച്ചത്. ഓരോരുത്തരും തങ്ങള്‍ സാധാരണ ശീലിച്ച പ്രഭാത ഭക്ഷണം തന്നെ കഴിക്കുന്നതാണ് നല്ലത്. എന്നാല്‍ ഈ സമയത്ത് എണ്ണ അധികമുള്ള ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കാം. ചൂടുകാലമായതിനാല്‍ ക്ഷീണം വര്‍ധിക്കാനും ശരീരതാപനില കൂടാനും ഇത് കാരണമാകും. വെയിലത്ത് നടക്കുമ്പോള്‍ ഇത്തരം ഭക്ഷണശീലങ്ങള്‍ ശരീരത്തെ മോശമായി ബാധിക്കും.
മാംസാഹാരം കൂടുതല്‍ കഴിക്കുന്ന ശീലമുണ്ടെങ്കില്‍ കുറക്കുന്നതാണ് നല്ലത്. പച്ചക്കറികളും പഴങ്ങളും പകരം കഴിക്കാം. ഇവയില്‍ ജലാംശത്തിന്റെ അളവ് കൂടുതലായതിനാല്‍ ചൂടിനെ പ്രതിരോധിക്കാന്‍ സഹായിക്കും. പ്രോട്ടീന്‍ കൂടുതലുള്ള മാംസാഹാരം കൂടുതല്‍ കഴിച്ചാല്‍ ദഹനത്തിന്റെ ഭാഗമായി വീണ്ടും ശരീരം ചൂടാകും.
സമയം തെറ്റി ഭക്ഷണം കഴിക്കുമ്പോള്‍ വാരിവലിച്ചു കഴിക്കുന്ന ശീലം നല്ലതല്ല. ഇടയ്ക്കിടെ കഴിക്കുന്ന പഴങ്ങളും പഴച്ചാറുകളും മറ്റും ഒറ്റ സമയത്ത് ധാരാളം ഭക്ഷണം കഴിക്കുന്നത് തടയാന്‍ സഹായിക്കും. അത്തരം ഭക്ഷണങ്ങള്‍ കൈയില്‍ കരുതണം. മാമ്പഴം, ആപ്പിള്‍, മുന്തിരി, തണ്ണിമത്തന്‍ പോലുള്ള പഴങ്ങളില്‍ ധാരാളം ജലാംശമുണ്ട്. ഒപ്പം ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിനുകളും. മാത്രമല്ല, അസിഡിറ്റി, ഗ്യാസ്ട്രബിള്‍ പോലുള്ള പ്രശ്‌നങ്ങള്‍ തടയാനും ഇടനേരത്തെ ഭക്ഷണം സഹായിക്കും. ഒറ്റ നേരം ഒരുപാട് ഭക്ഷണം കഴിക്കുന്നത് ചൂടുകാലത്ത് ശരീരത്തിന് കൂടുതല്‍ ദോഷം ചെയ്യും. ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കും എന്നതു മാത്രമല്ല, ശരീരത്തിലെ ഊര്‍ജവും ജലാംശവും കുറയാനും ഇത് കാരണമാകും.
ചെങ്കണ്ണ്, മലേറിയ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ പടരുന്ന സമയമാണ് ഇത്. പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കുന്നവര്‍ക്ക് വയറിളക്കരോഗങ്ങള്‍ വരാം. പഴകിയ ഭക്ഷണവും ശരിയായി തിളപ്പിക്കാത്ത വെള്ളവും ഇതിന് പ്രധാന കാരണമാണ്. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ ശരിയായി വേവിച്ച ആഹാരം മാത്രം കഴിക്കുക. സാലഡ് പോലുള്ളവ വീട്ടില്‍ തയ്യാറാക്കിയത് മാത്രം കഴിക്കുക. മാത്രമല്ല മാംസ ഭക്ഷണവും ഒഴിവാക്കാം. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. എരിവ് അധികമുള്ള ഭക്ഷണം ചൂടുകാലത്ത് നല്ലതല്ല. ഇത് ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. പിസ, ബര്‍ഗര്‍ പോലുള്ള ജങ്ക് ഫുഡുകളും ഒഴിവാക്കണം.
വെള്ളം
കുടിക്കുമ്പോള്‍
തിളപ്പിച്ചാറിയ വെള്ളം യാത്രയില്‍ കൈയില്‍ കരുതാം. ശരീരത്തെ തണുപ്പിക്കുന്ന പാനീയങ്ങള്‍ കൂടുതല്‍ കുടിക്കുക. പെപ്‌സി, കൊക്കകോള പോലുള്ളവ ഒഴിവാക്കണം. പകരം ഇളനീര്‍, ജ്യൂസുകള്‍, ഉപ്പിട്ട നാരങ്ങാവെള്ളം എന്നിവയാണ് ഉത്തമം. ഐസ്‌ക്രീം, കൂള്‍ഡ്രിങ്ക്‌സ് എന്നിവ ദാഹത്തിന് താല്‍ക്കാലിക ശമനം തരുമെങ്കിലും അവ ആരോഗ്യത്തിന് നല്ലതല്ല. മറ്റ് പല രോഗങ്ങള്‍ക്കും വഴിവയ്ക്കാം. ചായ, കാപ്പി എന്നിവയുടെ അമിത ഉപയോഗം കുറയ്ക്കണം. സാധാരണ കുടിക്കുന്നതിനേക്കാള്‍ ഇരട്ടി വെള്ളം ദിവസവും കുടിക്കണം.
ക്ഷീണം അകറ്റാന്‍
ശരീരത്തെ തണുപ്പിക്കുന്നതിനുള്ള ശരീരത്തിന്റെ തന്നെ സ്വാഭാവിക പ്രതികരണമാണ് വിയര്‍പ്പ്. എന്നാല്‍ ചൂടുകാലത്ത് ഉണ്ടാകുന്ന വിയര്‍പ്പുമൂലം ശരീരത്തിലെ ജലാംശം കുറയുന്നു. വിയര്‍പ്പിലൂടെ ജലാംശത്തോടൊപ്പം സോഡിയം, പൊട്ടാസ്യം തുടങ്ങിയ ലവണങ്ങളും നഷ്ടപ്പെടുന്നു. തന്മൂലം ശരീരക്ഷീണവും തളര്‍ച്ചയും ഉണ്ടാകും. ഇത് പരിഹരിക്കുന്നതിനായി ധാരാളം വെള്ളം കുടിക്കുക. ഒറ്റയടിക്ക് കുറേ വെള്ളം കുടിക്കാതെ അല്‍പാല്‍പമായി ഇടവിട്ട് കുടിക്കുക. പച്ചവെള്ളം കുടിക്കരുത്. പകരം തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കണം. കരിക്കിന്‍വെള്ളം, ഉപ്പിട്ട നാരങ്ങാവെള്ളം എന്നിവ ക്ഷീണം പെട്ടെന്ന് ശമിപ്പിക്കുന്നു. ലവണനഷ്ടം പരിഹരിക്കാനും ഇത് സഹായിക്കും. നല്ല ജാഗ്രത അനിവാര്യമാണ്. ശ്രദ്ധാപൂര്‍വം നമുക്ക് ഈ വേനല്‍ക്കാലത്തെ നേരിടാം.
(യു എ ഇയിലെ ജുമൈറ ആയുഷ് കെയര്‍ ട്രെഡീഷനല്‍ മെഡിക്കല്‍ സെന്ററിലെ ആയുര്‍വേദ പ്രാക്ടീഷണറാണ് ലേഖകന്‍)