ആര്‍ജിത അറിവും മനുഷ്യ മനസ്സും
യൂസുഫ് കൊടിഞ്ഞി
മനുഷ്യര്‍ വിവിധ തരക്കാരും സ്വഭാവക്കാരുമാണ്. മനുഷ്യ വ്യവഹാരങ്ങള്‍ വളരെ സങ്കീര്‍ണവുമാണ്. മനുഷ്യ വ്യവഹാരങ്ങളെയും മാനസികാവസ്ഥകളെയും നിരീക്ഷിച്ച് അവയെ വ്യാഖ്യാനിക്കുകയും വിശദീകരിക്കുകയും ചെയ്യുന്നതാണ് മനഃശാസ്ത്രം.
ആരാണ് മനുഷ്യന്‍ എന്ന ചോദ്യത്തിന് മനുഷ്യന്റെ മനസ്സുമായി മാത്രമേ ചേര്‍ത്തുപറയാനാവുകയുള്ളൂ. ബാഹ്യമായ പല അടയാളങ്ങളിലും മനുഷ്യര്‍ വ്യതിരിക്തമായി നിലകൊള്ളുന്നു. മനുഷ്യ ശരീരത്തില്‍ മുഖം, വിരലുകളുടെ ഘടന, വിരല്‍ത്തുമ്പ്, കണ്ണ്, മുടി, ഗന്ധം തുടങ്ങി ഈ ഭൗതികലോകത്ത് അവന്റെ വ്യവഹാരങ്ങളെ രേഖപ്പെടുത്താവുന്നവയൊക്കെ അവന്റെ ഓരോ ഐഡന്റിറ്റിയാണ്. ഓരോ ഐഡന്റിറ്റിയും ഓരോ തലത്തിലാണ് ഉപയോഗപ്പെടുത്തറുള്ളത്. ഏതൊരു സാധാരണക്കാരനും മറ്റൊരാളെ മനസ്സിലാക്കുന്ന പ്രധാന ഐഡന്റിറ്റി മനുഷ്യന്റെ മുഖമാണ്. മുഖം വഴി കുടുംബവും വംശവും രാജ്യവുമൊക്കെ തിരിച്ചറിയാനാകുന്നു.
എന്നാല്‍ ശാരീരികമായല്ലാത്ത ഒരു പ്രധാന ഐഡന്റിറ്റി മനസ്സാണ്. മനുഷ്യ മനസ്സിനെ അടിസ്ഥാനമാക്കിയാണ് ഏതൊരാളെയും മറ്റുള്ളവര്‍ മനസ്സിലാക്കുക. ഒരു മനുഷ്യന്‍ അദ്ദേഹത്തെ സ്വയം മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുന്നതിന് അനുസരിച്ചല്ല, അദ്ദേഹത്തിന്റെ ഇടപെടലുകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയുമാണ് ആ വ്യക്തിത്വത്തെ മറ്റുള്ളവര്‍ മനസ്സിലാക്കുക. അധര്‍മങ്ങള്‍ക്കെതിരെ വലിയ രീതിയില്‍ സംസാരിക്കുകയും പ്രവൃത്തിയില്‍ അധര്‍മം ഉണ്ടാവുകയും ചെയ്താല്‍ അയാളെ ആരും ധര്‍മിഷ്ഠനായി പറയില്ല.
ഒരാളെ ഇന്ന രാഷ്ട്രീയക്കാരനാണ് അതല്ലെങ്കില്‍ ഇന്ന സംഘടനക്കാരനാണ് എന്നോ ആശയക്കാരനാണ് എന്നോ മനസ്സിലാക്കുക, അദ്ദേഹമത് വെളിപ്പെടുത്തുന്നതിനേക്കാളുപരി അദ്ദേഹത്തിന്റെ വ്യക്തികളോടും പൊതുസമൂഹത്തോടുമുള്ള ഇടപെടലുകളിലൂടെയാണ്. അതാകട്ടെ, ആ മനുഷ്യന്റെ മനസ്സുമായി ബന്ധപ്പെട്ടതാണുതാനും. ഒരാളെ ശരിയാംവിധം മനസ്സിലാക്കാന്‍ യാത്രയോ സാമ്പത്തിക ഇടപാടോ തുടങ്ങിയവയിലൂടെ അറിയാനാകുമല്ലോ, അതുവഴി അയാളുടെ ശരിയായ സ്വഭാവം അടുത്തറിയാനാകും. അത്തരം സന്ദര്‍ഭങ്ങളില്‍ അയാളുടെ മനസ്സ് ശരിയായി പ്രതിഫലിക്കപ്പെടും.
എന്താണ് മനസ്സ്? ചില സംജ്ഞകളില്‍ നമ്മള്‍ മനസ്സിലാക്കിയ പദങ്ങളുണ്ട്- ചിന്ത, ബുദ്ധി, മനസ്സ്, ആത്മാവ്, ജീവന്‍ തുടങ്ങിയവ. മനസ്സിനെ ആത്മാവ് എന്നു സൂചിപ്പിക്കാറുണ്ട്. യഥാര്‍ഥത്തില്‍ അവ രണ്ടും രണ്ടാണ്, എന്നാല്‍ പരസ്പര പൂരകങ്ങളാണ്. ഏതൊരു ജീവിയിലും ജീവന്‍ നിലനിര്‍ത്തുന്നത് ആ ജീവിയില്‍ കുടികൊള്ളുന്ന ജീവാത്മാവാണ്. എന്നാല്‍, ഇതര ജീവികളില്‍ നിന്ന് വിഭിന്നമായി മനുഷ്യനു മാത്രമുള്ളതാണ് മനുഷ്യാത്മാവ്.
ഇന്ദ്രിയങ്ങളില്‍ മനുഷ്യന്റെ വിശേഷബുദ്ധിയുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്നവയാണ് കേള്‍വിയും കാഴ്ചയും. അതുവഴി നിക്ഷേപിക്കപ്പെടുന്ന വിവരങ്ങളെ മനുഷ്യന്റെ ബുദ്ധി കൊണ്ട് കൈകാര്യം ചെയ്തു ലഭിക്കുന്ന ഉല്‍പന്നമാണ് അറിവ്. ആ അറിവിനെ ഓര്‍മയില്‍ സൂക്ഷിക്കുന്നതിനെ മനസ്സെന്നു പറയാം. അറിവിനെ പ്രാതിഭാസികം, ആധ്യാത്മികം എന്നിങ്ങനെ തിരിക്കാം. ഭൗതികമായവയാണ് പ്രാതിഭാസികമായ അറിവ്. ആധ്യാത്മിക യാഥാര്‍ഥ്യങ്ങളെ സംബന്ധിക്കുന്ന അറിവ് ആധ്യാത്മികമായ അറിവും.
മനുഷ്യന്റെ തലച്ചോറുമായി ബന്ധപ്പെട്ടതാണ് ബുദ്ധിയും ഓര്‍മയുമെല്ലാം. ചിലര്‍ക്ക് ചില കാര്യങ്ങള്‍ പെട്ടെന്ന് ഗ്രഹിക്കാന്‍ കഴിയുന്നത് തലച്ചോറുമായി ബന്ധപ്പെട്ടാണ്. ഒരേപോലെ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന വ്യക്തികള്‍ക്ക് വ്യത്യസ്ത ഉത്തരങ്ങള്‍ ലഭിക്കുന്നതും ഉത്തരം ലഭിക്കുന്നതിലെ കാലതാമസവുമെല്ലാം തലച്ചോറിന്റെ പ്രൊസസിംഗിനനുസരിച്ചും മെമ്മറിക്കനുസരിച്ചുമാണ്, പ്രൊസസിംഗിനെ ചിന്ത എന്നും ചിന്തിക്കാനുള്ള കഴിവിനെ ബുദ്ധി എന്നും പറയാം. അങ്ങനെ ബുദ്ധി കൊണ്ട് ചിന്തിച്ചു ലഭിക്കുന്ന ഉല്‍പന്നം (ഔട്ട്പുട്ട്) ആണ് അറിവ്. ആ അറിവിനെ ഓര്‍മയില്‍ സൂക്ഷിക്കുന്നതിനെ മനസ്സ് എന്നു പറയാം. മനസ്സിലായി എന്നു പറയുന്നത് ശരിയാംവിധം അറിവ് ലഭിച്ചെന്ന് ഉറപ്പുവരുത്തലാണല്ലൊ. അങ്ങനെ ജീവിത ചുറ്റുപാടുകളില്‍ നിന്നു മനുഷ്യ മനസ്സില്‍ ശേഖരിക്കപ്പെട്ട അനേകം വിവരങ്ങള്‍ക്കനുസരിച്ച് മനുഷ്യന്റെ എല്ലാ ക്രയവിക്രയങ്ങളും നടക്കുന്നത്. മനുഷ്യന്‍ ആര്‍ജിച്ചെടുത്ത അറിവുകള്‍ക്കനുസരിച്ച് ചുറ്റുപാടുകളെ വീക്ഷിക്കുകയും പുതിയ അനേകം അറിവുകള്‍ നേടുകയും ചെയ്യുന്നു. ചിന്തയിലൂടെ രൂപം കൊള്ളുന്ന ആശയങ്ങളെ സീമാതീതമായി വികസിപ്പിക്കാന്‍ മനുഷ്യനു സാധിക്കുന്നു.
അനേകം മനുഷ്യന്‍ വ്യവഹരിക്കുന്ന ഒരു പട്ടണത്തില്‍ എല്ലാ വ്യക്തികളും തങ്ങളുടെ ചുറ്റുപാടുകളില്‍ കാണുന്നതും കേള്‍ക്കുന്നതും ഒരുപോലെയുള്ളവയാണ് എങ്കിലും, ഓരോ വ്യക്തികളിലും കുടികൊള്ളുന്ന അറിവുകള്‍ക്കനുസരിച്ച് രൂപപ്പെടുന്ന ചിന്തകള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു, അതുവഴി രൂപപ്പെടുത്തുന്ന മനസ്സും. അതുകൊണ്ടാണ് തെറ്റുകാരനായ ഒരാള്‍ക്ക് വീണ്ടും തെറ്റിലേക്കു വഴിമാറാന്‍ അവന്റെ മനസ്സ് പ്രേരിപ്പിക്കുന്നത്. അങ്ങനെ തെറ്റ് ചെയ്യുന്നതില്‍ നിന്നു മനസ്സ് അവനെ പിന്തിരിപ്പിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യില്ല.
അറിവും ഭയവും
ഭയം താല്‍ക്കാലികമാണ്, യുക്തി ഉപയോഗിച്ച് ഭയത്തെ നിയന്ത്രിക്കാനാകും. ഭയം മനുഷ്യന് ആവശ്യമായ ഘടകമാണ്. അത് നമ്മെ അപായപ്പെടുത്തുന്ന സാഹചര്യങ്ങളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് നമ്മെ തടയുന്നു. അനിവാര്യമല്ലാത്ത സാഹചര്യങ്ങളില്‍ നിന്ന് എപ്പോള്‍ എങ്ങനെ രക്ഷപ്പെടാമെന്ന് തീരുമാനിക്കുന്നതിലും ഭയം ഒരു വ്യക്തിയെ സഹായിക്കുന്നു. ഭയം ഒരാളുടെ ജീവിതത്തെ യുക്തിഹീനമാക്കുകയില്ല. എന്നാല്‍ ഫോബിയ ഒരുതരം ഉത്കണ്ഠാ രോഗമാണ്, ഫോബിയ എന്നാല്‍ ഭയമല്ല. പലതരം ഫോബിയകളുണ്ട്. എന്നാല്‍ ചില രാഷ്ട്രീയ-സാമുദായിക നേട്ടങ്ങള്‍ ലക്ഷ്യംവെച്ച് ഒരുകൂട്ടം ആളുകള്‍ പുറത്തുവിടുന്ന വികല വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തുന്ന ഫോബിയകളുണ്ട്. അത് ഏതാനും വ്യക്തികള്‍ക്കപ്പുറം വലിയൊരൂ സമൂഹത്തെ തന്നെ ഫോബിക്കാക്കി മാറ്റുന്നു. അതിന്റെ ഒരു ഉദാഹരണമാണ് ഇസ്ലാമോഫോബിയ.
ഇസ്‌ലാമോഫോബിയയില്‍ ജീവിക്കുന്ന ഒരാള്‍ ഒരു മുസ്‌ലിം വ്യക്തിയെ കാണുന്നതുപോലെയല്ല മറ്റ് ഇതര മതവിഭാഗങ്ങളിലുള്ളവരെ കാണുന്നത്. പ്രത്യേകിച്ച് ശിരോവസ്ത്രം ധരിച്ചവരും താടി വളര്‍ത്തിയവരുമായ ഒരു മുസ്‌ലിമിനെ കാണുമ്പോള്‍ ആക്രമണത്തിനു തുനിയാന്‍ ഫോബിക് മനസ്സ് പ്രേരിപ്പിക്കുന്നു. ഇനി താടിയും തലപ്പാവും ഒന്നുമില്ലെങ്കിലും മുഖഭാവത്തില്‍ മുസ്‌ലിമെന്നു തോന്നിയാല്‍ അതിക്രമങ്ങള്‍ക്ക് തുനിയുന്നു. ചെറിയ കുട്ടികളെന്നോ സ്ത്രീകളെന്നോ പ്രായവ്യത്യാസമില്ലാതെ അതിക്രൂരമായ ആക്രമണങ്ങള്‍ക്ക് വിധേയരാകുന്നു. ചെറിയ കുട്ടികളെയടക്കം കഴുത്ത് ഞെരിച്ചു കൊന്നതും വെട്ടിക്കൊന്നതും തീയിട്ട് കൊന്നതടക്കം നാട്ടില്‍ നമ്മള്‍ കണ്ടതാണ്.
ഇസ്‌ലാമോഫോബിക് ആയ ഒരാളുടെ മനസ്സിലേക്ക് എത്തിച്ചേരുന്ന അറിവുകളെ അയാളുടെ ഫോബിക് മനസ്സില്‍ കുടികൊള്ളുന്ന അറിവുകളുമായി ചേര്‍ത്താണ് ചിന്ത പ്രവര്‍ത്തിക്കുക. ലഭിക്കുന്ന അറിവ് ഫോബിയ വര്‍ധിപ്പിക്കുന്നതാണെങ്കില്‍ അതിനനുസരിച്ച് അയാളുടെ ഫോബിക് അവസ്ഥ കൂടിക്കൊണ്ടിരിക്കുകയും അതിനനുസരിച്ച് പ്രതികരണങ്ങള്‍ ആ വ്യക്തിയില്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. എല്ലാ ഫോബിയകളെയും പോലെത്തന്നെ തെറ്റായ അനേകം അറിവുകളിലാണല്ലോ ഇസ്‌ലാമോഫോബിയ രൂപപ്പെടുത്തുന്നത്. അങ്ങനെയുള്ള ഒരാളില്‍ രൂപം കൊള്ളുന്ന ഫോബിയ വളരെ ഭീകരമായി വ്യക്തിയെ സ്വാധീനിക്കുന്നു. ഫോബിക് ആയ വിഷയത്തെ ഇല്ലായ്മ ചെയ്യാന്‍ വേണ്ടി വലിയ രീതിയിലുള്ള ആക്രമണങ്ങള്‍ക്ക് ഇറങ്ങാന്‍ മനസ്സ് ആ വ്യക്തിയെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അത്തരം അവസ്ഥകളില്‍ ജീവിക്കുന്ന അനേകം ആളുകളിലൂടെയാണ് വലിയ കലാപങ്ങള്‍ നടക്കുന്നത്. അതിക്രൂരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള മാനസികാവസ്ഥയിലായിരിക്കും അത്തരം ആളുകള്‍.
ആയതിനാല്‍ തെറ്റായ വിവരങ്ങളില്‍ ജീവിക്കുന്നവരെ അവഗണിക്കാതെ ശരിയായ അറിവ് എത്തിച്ചുകൊടുക്കുക എന്നത് സാമൂഹികമായ സുരക്ഷക്ക് അതിപ്രധാനമാണ്. സമൂഹനന്മ ലക്ഷ്യമാക്കിയ സാമുദായിക-സാമൂഹിക-രാഷ്ട്രീയ സംഘടനകളും വ്യക്തികളും അത്തരം കള്ളവാദങ്ങളെയും കൊള്ളരുതായ്മകളെയും ഉയര്‍ത്തിക്കാണിക്കുന്നതും പൊളിച്ചടുക്കുന്നതും. അങ്ങനെ സത്യസന്ധമായ അറിവുകള്‍ കൈമാറ്റം ചെയ്യപ്പെടുന്നതിനാലാണല്ലോ ഫാസിസ്റ്റുകള്‍ക്ക് മലയാള മനസ്സില്‍ ഇടമില്ലാതായത്. എന്നാല്‍ പോലും മലയാള മണ്ണില്‍ സ്വകാര്യ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ പോലെയുള്ള ചില നിയന്ത്രിത വഴികളിലൂടെ നിരന്തരം അസത്യങ്ങള്‍ പ്രചരിപ്പിക്കുക വഴി ചിലരെങ്കിലും തെറ്റായ കാര്യങ്ങള്‍ വിശ്വസിക്കുന്നുണ്ട്. അതിനെ തിരുത്താന്‍ മാര്‍ഗങ്ങളൊന്നുമില്ല. എന്നാല്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പൊതുഇടങ്ങളില്‍ സത്യസന്ധമായ വിവരകൈമാറ്റം നടക്കേണ്ടതുണ്ട്. തെറ്റായ വിവരങ്ങളുമായി ജീവിക്കുന്ന ചെറുകൂട്ടങ്ങളെന്ന നിലയില്‍ അവരെ അവഗണിക്കാവതല്ല. കാരണം ഒരാളുടെ മാനസികാവസ്ഥ അയാളെ എന്ത് പ്രവര്‍ത്തിക്കാനും പ്രേരിപ്പിക്കുന്നു.
വിവിധ തരം മനസ്സുകള്‍
വിശുദ്ധ ഖുര്‍ആനില്‍ പലതരം മനസ്സുകളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അവയെല്ലാം പരിശോധിക്കുകയാണെങ്കില്‍ മനുഷ്യന്‍ ചുറ്റുപാടുകളില്‍ നിന്ന് ആര്‍ജിച്ചെടുത്ത അറിവുകളുമായി ബന്ധപ്പെട്ടാണ് അവയുള്ളത്. ഒരു മനുഷ്യന്‍ മോശപ്പെട്ട കൂട്ടുകെട്ടുകളിലൂടെ ജീവിക്കുമ്പോള്‍ അവനില്‍ രൂപപ്പെടുന്ന അറിവുകളില്‍ അവന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതിഫലിക്കുന്നു. അതിനനുസരിച്ചവന്‍ കുറ്റകൃത്യങ്ങളില്‍ ജീവിക്കുന്നു. ഈ ഒരവസ്ഥയെ വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് ‘നഫ്‌സുല്‍ അമ്മാറ’ എന്നാണ്. കുറ്റകൃത്യങ്ങള്‍ക്ക് പ്രേരണ നല്‍കുന്ന മനസ്സ്. നല്ലൊരൂ സാമൂഹികാന്തരീക്ഷത്തിലും അത്തരം മനസ്സുകള്‍ അന്വേഷിച്ചുകൊണ്ടിരിക്കുക തെറ്റുകള്‍ ചെയ്യാനായിരിക്കും.
എന്തുകൊണ്ടാവാം ഒരാളെ ഫാസിസം പിടികൂടുന്നത് എന്നതും, ഒരു സാഹചര്യം ലഭിച്ചാല്‍ അയാള്‍ എത്രത്തോളം ക്രൂരനാകുമെന്നതും അയാളില്‍ കുടിയേറിയ അറിവുകള്‍ക്കനുസരിച്ച് രൂപപ്പെട്ട മാനസികാവസ്ഥ കാരണമാണ്. അങ്ങനെയാണ് ഗര്‍ഭിണിയുടെ വയറ്റില്‍ നിന്ന് ഗര്‍ഭസ്ഥശിശുവിനെ ആയുധത്തില്‍ കോര്‍ത്തെടുക്കാന്‍ പ്രേരിപ്പിക്കുന്ന മനസ്സ് രൂപപ്പെടുന്നത്. ഒരു സാധാരണക്കാരന് മനസ്സ് താളം തെറ്റാനും ഹൃദയം തകര്‍ന്നുവീഴാനും അത്തരം ആക്രമണ കാഴ്ചകള്‍ മാത്രം മതിയാകും.
മറ്റു ചില മനുഷ്യരുണ്ട്, തെറ്റുകള്‍ ചെയ്യുകയും ചെയ്തുകഴിഞ്ഞാല്‍ ചെയ്ത തെറ്റില്‍ പശ്ചാത്തപിക്കുകയും ചെയ്യുന്നവര്‍. അതായത് ചുറ്റുപാടുകള്‍ക്കനുസരിച്ചും സാഹചര്യങ്ങള്‍ക്കനുസരിച്ചും തെറ്റുകളില്‍ വ്യാപൃതരാവുകയും എന്നാല്‍ അവ ചെയ്തുകഴിഞ്ഞാല്‍ തന്റെ ചെയ്തികളില്‍ സ്വയം കുറ്റബോധം തോന്നുകയും ചെയ്യുന്ന മനസ്സ്. അത്തരം മനസ്സുള്ളവരില്‍ പ്രവര്‍ത്തനങ്ങളില്‍ ആത്മസംതൃപ്തിയുണ്ടാകില്ല. പോരാ എന്നോ ചെയ്തത് ശരിയായില്ല എന്നോ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്ന മനസ്സ്. അത്തരം മനസ്സുകളെ കുറിച്ചാണ് ഖുര്‍ആന്‍ ‘നഫ്‌സുല്‍ ലവ്വാമ’ എന്നു പറയുന്നത്.
എന്നാല്‍ സമാധാനം കൊണ്ട മനസ്സുണ്ട്. തന്റെ അറിവുകളില്‍ സംതൃപ്തിയുള്ളവര്‍. അത്തരം അറിവുകള്‍ക്കനുസരിച്ച് ചിന്തിച്ചുകൊണ്ട് മനസ്സില്‍ എല്ലാ അവസ്ഥയിലും സാഹചര്യങ്ങളിലും സംതൃപ്തി നിലനിര്‍ത്തുന്നവര്‍. മനസ്സമാധാനത്തോടെ ജീവിക്കുന്ന മനുഷ്യര്‍, എല്ലാം തന്റെ രക്ഷിതാവിങ്കല്‍ സമര്‍പ്പിച്ചവര്‍, അവരെ കുറിച്ചാണ് ‘തത്മഇന്നല്‍ ഖുലൂബ്’ (സംതൃപ്തിയടഞ്ഞ മനസ്സ്) എന്നു പറഞ്ഞത്. അത്തരം മനസ്സില്‍ ചാഞ്ചാട്ടമുണ്ടാവില്ല, കുറ്റപ്പെടുത്തലുകളുണ്ടാവില്ല, ആദര്‍ശ-ആശയങ്ങളില്‍ ലവലേശം സംശയത്തിനു വകയില്ല. ആധുനിക മനുഷ്യന്റെ പ്രകൃതി എന്താണോ, ആ പ്രകൃതിയോട് ഏറ്റവും അനുഗുണമായതാണ് മനുഷ്യന് നല്‍കിയിട്ടുള്ള സത്യജ്ഞാനം (ഖുര്‍ആന്‍ 30:30). അതിലേക്ക് മുഖം തിരിക്കാനാണ് സ്രഷ്ടാവ് മനുഷ്യരോട് കല്‍പ്പിക്കുന്നത്. അതല്ലാതെ മറ്റെന്തുണ്ട് മനുഷ്യ മനസ്സിനെ സമാധാനപ്പെടുത്തുന്നത്?
ഇസ്‌ലാമിനെ മതമായും വിശുദ്ധ ഖുര്‍ആനും പ്രവാചക മാതൃകയും പൂര്‍ണമനസ്സോടെ അംഗീകരിച്ച ആദര്‍ശത്തിലുറച്ച മനസ്സാണത്. ഇഹലോകത്തും മരണസമയത്തും പരലോകത്തും ആ മനസ്സിന് സമാധാനമായിരിക്കും. അവരോടാണ് പറഞ്ഞത്: ”അല്ലയോ ശാന്തി നേടിയ ആത്മാവേ, നീ നിന്റെ നാഥങ്കലിലേക്ക് തൃപ്തിപ്പെട്ടവനായും തൃപ്തി നേടിയവനായും തിരിച്ചു ചെല്ലുക.”