23 Wednesday
October 2024
2024 October 23
1446 Rabie Al-Âkher 19

അറിവുള്ളവരുടെ വേര്‍പാട്‌

എം ടി അബ്ദുല്‍ഗഫൂര്‍


അബ്ദുല്ലാഹിബ്നു അംറ്(റ) പറയുന്നു: നബി(സ) പറഞ്ഞു: നിശ്ചയം, അറിവിനെ അല്ലാഹു അടിമകളില്‍നിന്ന് പെട്ടെന്ന് തിരിച്ചുപിടിക്കില്ല. എന്നാല്‍ അറിവുള്ളവരുടെ വേര്‍പാട് മുഖേനയാണ് അറിവ് നഷ്ടമാവുക. അറിവുള്ളവര്‍ അവശേഷിക്കാതിരുന്നാല്‍ ജനങ്ങള്‍ അവിവേകികളെ നേതാക്കളായി സ്വീകരിക്കും. അവരോട് ജനങ്ങള്‍ (സംശയം) ചോദിക്കും. യാതൊരു അറിവില്ലാതെ അവര്‍ വിധിപറയും. അങ്ങിനെ അവര്‍ സ്വയം പിഴവിലാവുകയും ജനങ്ങളെ പിഴപ്പിക്കുകയും ചെയ്യും. (ബുഖാരി)

വിജ്ഞാന സമ്പാദനത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്ന മതമാണ് ഇസ്‌ലാം. ആഴത്തിലുള്ള അറിവ് നേടിയെടുക്കുകയെന്നത് മഹത്തരമായ പുണ്യകര്‍മമാണ്. അറിവ് മനുഷ്യന് അവന്റെ വഴിതെളിയിക്കുന്ന വെളിച്ചവും സന്മാര്‍ഗവുമാണ്. അറിവില്ലായ്മ അന്ധതയും അരക്ഷിതത്വവും സമ്മാനിക്കുന്നു. അറിവ് ആര്‍ജിച്ചെടുക്കുവാനും അത് നിലനിര്‍ത്തുവാനുമുള്ള ആഹ്വാനവും അറിവ് നഷ്ടപ്പെടുമ്പോഴുണ്ടാവുന്ന ദുരന്തവുമാണ് ഈ തിരുവചനത്തിലൂടെ നബി(സ) വിവരിക്കുന്നത്. സമൂഹത്തിന് ദിശ നിര്‍ണയിക്കുന്നത് അറിവുള്ളവരാണ്. അവര്‍ക്ക് സമൂഹം വലിയ സ്ഥാനം കല്‍പിക്കുന്നത് അതുകൊണ്ടാണ്. അവര്‍ ഇരുളടഞ്ഞ വഴിയില്‍ വെളിച്ചം വിതറുന്നവരും മാര്‍ഗഭ്രംശം സംഭവിച്ചവര്‍ക്ക് വഴികാട്ടുന്നവരുമത്രെ.
അറിവുള്ളവരുടെ അഭാവം സമൂഹത്തില്‍ വലിയ വിപത്തും ജനങ്ങള്‍ക്കിടയില്‍ വലിയ കുഴപ്പവും വരുത്തിവെക്കുന്നു. നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നത് ഏതൊരു സമൂഹത്തിലും അറിവും ഭക്തിയുമുള്ളവര്‍ വളരെ പ്രാധാന്യത്തോടെ നിര്‍വഹിക്കുന്ന ജോലിയാണ്. തിന്മകള്‍ തടയുകയെന്ന സ്വഭാവം ഒരു സമൂഹത്തില്‍ നിന്നും നഷ്ടമായാല്‍ അതവരുടെ നാശത്തിലേക്ക് മാത്രമേ എത്തിക്കൂ. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ടെങ്കിലും അറിവുള്ളവര്‍ ആ ബാധ്യത കൂടുതല്‍ ശ്രദ്ധയോടെ നിര്‍വഹിക്കുന്നത് സാമൂഹിക സംവിധാനത്തിന്റെ സുരക്ഷിതത്വത്തിന് സഹായകമാണ്.
അറിവുള്ളവര്‍ ഓരോരുത്തരായി വിടപറയുമ്പോള്‍ അറിവില്ലാത്തവര്‍ ആ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുകയും സമൂഹ സുരക്ഷയ്ക്ക് അനിവാര്യമായ ചുമതലകള്‍ നിര്‍വഹിക്കപ്പെടാതെ വരികയും ചെയ്യുന്നു. ജനങ്ങളുടെ സംശയങ്ങള്‍ക്ക് അറിവില്ലാതെ വിധി പറയുകയും ജനങ്ങളെ കുഴപ്പത്തിലകപ്പെടുത്തുകയും ചെയ്യുന്നു. ഇത് സര്‍വനാശത്തിന്റെ ഹേതുവായി ഈ തിരുവചനം വിലയിരുത്തുന്നു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x