അര്‍ഹമായ പ്രാതിനിധ്യമില്ലാത്ത നിയമനിര്‍മാണ സഭകള്‍
എ പി അന്‍ഷിദ്
പതിനെട്ടാം ലോക്‌സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി മൂന്നാം മോദി സര്‍ക്കാര്‍ രാജ്യത്ത് അധികാരത്തില്‍ വന്ന പശ്ചാത്തലത്തില്‍, ഇന്ത്യന്‍ നിയമനിര്‍മാണസഭയിലെയും കേന്ദ്രമന്ത്രിസഭയിലെയും സാമുദായിക പ്രാതിനിധ്യം സംബന്ധിച്ച്, പ്രത്യേകിച്ച് ഏറ്റവും വലിയ ന്യൂനപക്ഷ സമൂഹമായ മുസ്‌ലിംകളുടെ പ്രാതിനിധ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി ഉയര്‍ന്നുവരുന്നുണ്ട്.
ഓരോ തിരഞ്ഞെടുപ്പ് കഴിയുംതോറും ചുരുങ്ങിക്കൊണ്ടിരിക്കുന്ന പാര്‍ലമെന്റിലെ മുസ്‌ലിം പ്രാതിനിധ്യത്തിന് ഇത്തവണയും മാറ്റമുണ്ടായിട്ടില്ല. സ്വാതന്ത്ര്യാനന്തരമുള്ള തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലെ ഏറ്റവും കുറവ് പ്രാതിനിധ്യമുള്ള രണ്ടാമത്തെ സഭയാണ് 18ാം ലോക്‌സഭ. 4.6 ശതമാനമാണ് ഈ സഭയിലെ മുസ്‌ലിം പ്രാതിനിധ്യം. 4 ശതമാനം പ്രാതിനിധ്യമുണ്ടായിരുന്ന 2014 ഒഴിച്ചാല്‍ മറ്റു സഭകളിലെല്ലാം ഇതിനേക്കാള്‍ മെച്ചമായിരുന്നുവെന്ന് പറയാമെങ്കിലും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഒരുകാലത്തും ഏറ്റവും വലിയ ന്യൂനപക്ഷത്തിന് ലഭിച്ചിട്ടില്ലെന്ന വസ്തുത വിസ്മരിക്കാനാവില്ല. മതത്തിന്റെയും സമുദായത്തിന്റെയും അതിര്‍വരമ്പുകള്‍ വെച്ച് ഇതിനെ നോക്കിക്കാണരുതെന്ന ന്യായവാദങ്ങള്‍ ഉന്നയിക്കുന്നവരുണ്ടാകാം. എന്നാല്‍, ഒരു രാജ്യത്തിന്റെ നിയമനിര്‍മാണ സഭയില്‍ ആ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രാതിനിധ്യം ഉറപ്പാക്കുക എന്നത് അടിസ്ഥാനപരമായ വിഷയമാണ്. അത് സാധ്യമാകുമ്പോള്‍ മാത്രമാണ് പ്രാതിനിധ്യ ജനാധിപത്യം എന്ന തത്വം പുലരുന്നത്. തിരഞ്ഞെടുപ്പില്‍ സാമുദായിക സമവാക്യങ്ങള്‍ പരിഗണിച്ച് സ്ഥാനാര്‍ഥി നിര്‍ണയം നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ സമീപനത്തെ അടച്ചാക്ഷേപിക്കുന്നവരും അടിസ്ഥാനപരമായ ഈ വസ്തുത കാണാതെപോവുകയാണ് ചെയ്യുന്നത്.
ജനസംഖ്യാനുപാതത്തില്‍ രണ്ടാം സ്ഥാനത്തുള്ള മുസ്‌ലിംകള്‍ക്ക് കാലാവധി പൂര്‍ത്തിയാക്കിയ 17ാം ലോക്‌സഭയില്‍ ഉണ്ടായിരുന്നത് 26 അംഗങ്ങളാണ്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍, 14 ശതമാനം ജനസമൂഹത്തെ പ്രതിനിധീകരിക്കാന്‍ 5 ശതമാനം ജനപ്രതിനിധികള്‍ മാത്രം. 2024ല്‍ എത്തുമ്പോള്‍ അത് വീണ്ടും ചുരുങ്ങി 4.6 ശതമാനത്തിലെത്തി. കേവലം 24 എംപിമാര്‍. 1980കളില്‍ രാജ്യത്തെ മുസ്‌ലിം ജനസംഖ്യ 11 ശതമാനം ആയിരുന്നപ്പോള്‍ പാര്‍ലമെന്റിലെ മുസ്‌ലിം പ്രാതിനിധ്യം 9 ശതമാനം ഉണ്ടായിരുന്നുവെന്ന വസ്തുത കൂടി പരിഗണിക്കണം.
കൂടുതല്‍ മുസ്‌ലിം സ്ഥാനാര്‍ഥികള്‍ വിജയിച്ചുവന്നത് കോണ്‍ഗ്രസില്‍ നിന്നുതന്നെയാണ് എന്നതില്‍ നിന്ന്, എത്രയൊക്കെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോഴും കോണ്‍ഗ്രസ് എന്ന ദേശീയ പ്രസ്ഥാനത്തിന്റെ തുടര്‍ച്ച എത്രത്തോളം പ്രാതിനിധ്യ സ്വഭാവം പുലര്‍ത്തുന്നു എന്നു മനസ്സിലാക്കാന്‍ കഴിയും. താരതമ്യേന എന്ന വാക്കിന് ഇവിടെ വലിയ അര്‍ഥമുണ്ട്. 300ലധികം സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസില്‍ നിന്നാണ് ഏഴു പേര്‍ പാര്‍ലമെന്റില്‍ എത്തിയത് എന്ന വസ്തുത കണക്കിലെടുക്കണം. സമാജ്‌വാദി പാര്‍ട്ടി 5, ടിഎംസി 5, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് 3, നാഷണല്‍ കോണ്‍ഫറന്‍സ് 2, സ്വതന്ത്രര്‍ 2, എഐഎംഐഎം 1 എന്നിങ്ങനെയാണ് 18ാം ലോക്‌സഭയിലെ മുസ്‌ലിം പ്രാതിനിധ്യത്തിന്റെ കക്ഷി തിരിച്ചുള്ള കണക്ക്.
സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ തുടങ്ങുന്ന മാറ്റിനിര്‍ത്തലിന്റെ തുടര്‍ച്ചയാണ് ജയിച്ചുവരുന്നവരുടെ കണക്കിലും പ്രതിഫലിക്കുന്നത്. 2019ല്‍ 115 മുസ്‌ലിം സ്ഥാനാര്‍ഥികള്‍ മത്സരരംഗത്ത് ഉണ്ടായിരുന്നുവെങ്കില്‍ ഇത്തവണ അത് 78 മാത്രമായിരുന്നു. ഭരണമുന്നണിയായ എന്‍ഡിഎക്ക് ഒരു മുസ്‌ലിം എംപി പോലുമില്ല എന്നത് ഗൗരവത്തോടെ കാണണം. എന്‍ഡിഎ മുന്നണിയില്‍ ജെഡിയു- 1, അസം ഗണപരിഷത്ത്- 1, ബിജെപി- 1 എന്നിങ്ങനെ നാലു പേരാണ് ആകെ മത്സരരംഗത്തു പോലും ഉണ്ടായിരുന്നത്. 18ാം ലോക്‌സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം ലഭിച്ചത് ഒരു മുസ്‌ലിം സ്ഥാനാര്‍ഥിക്കാണെന്ന കാര്യത്തില്‍ മാത്രം ആശ്വസിക്കാം. അസമിലെ ദുബ്രി മണ്ഡലത്തില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റാഖിബുല്‍ ഹുസൈനാണ് ഈ റെക്കോഡ് ബ്രേക്കര്‍. എഐയുഡിഎഫ് നേതാവ് ബദ്‌റുദ്ദീന്‍ അജ്മലിനെ 10,12,476 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പരാജയപ്പെടുത്തിയത്.
140 കോടി വരുന്ന ഇന്ത്യന്‍ ജനസംഖ്യയില്‍ 80 ശതമാനമാണ് ഹിന്ദു ജനസംഖ്യ. എന്നാല്‍ പാര്‍ലമെന്റിലെ ഹിന്ദു പ്രാതിനിധ്യം 90 ശതമാനമാണ്. ഓരോ 10 എംപിമാരെ എടുത്താലും ഒരാള്‍ ഹിന്ദു മതത്തില്‍ നിന്നുള്ളയാളാണെന്ന് ചുരുക്കം. എംപിമാരുടെ കണക്കിനേക്കാള്‍ നിരാശാജനകമാണ് കേന്ദ്രമന്ത്രിസഭയിലെ മുസ്‌ലിം പ്രാതിനിധ്യം. വട്ടപ്പൂജ്യം. 72 അംഗ മന്ത്രിസഭയില്‍ പേരിനു പോലും ഒരു മുസ്‌ലിം മന്ത്രിയെ ഉള്‍പ്പെടുത്തിയിട്ടില്ല. മോദിയും ബിജെപിയും രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ സമൂഹത്തോട് എന്തു സമീപനമാണ് സ്വീകരിക്കാന്‍ പോകുന്നത് എന്നതിന്റെ സൂചനയായി വേണം ഇതിനെ കണക്കാക്കാന്‍. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് 20 കോടി ജനസംഖ്യയുള്ള മുസ്‌ലിംകള്‍ക്ക് പ്രാതിനിധ്യമില്ലാതെ ഒരു മന്ത്രിസഭ അധികാരമേല്‍ക്കുന്നത്. ഒന്നാം മോദി സര്‍ക്കാരില്‍ നജ്മ ഹിബതുല്ലയും രണ്ടാം മോദി സര്‍ക്കാരില്‍ മുഖ്താര്‍ അബ്ബാസ് നഖ്‌വിയും പേരിനെങ്കിലും പ്രാതിനിധ്യം ഉറപ്പാക്കിയിരുന്നു. നിലപാടുകളില്‍ അവര്‍ എത്രത്തോളം മുസ്‌ലിം സമൂഹങ്ങളെ പ്രതിനിധീകരിച്ചിരുന്നു എന്നത് മറ്റൊരു വസ്തുത.
രാജ്യസഭയിലെ കാലാവധി കഴിഞ്ഞതോടെ 2022ല്‍ നഖ്‌വി മന്ത്രിസ്ഥാനത്തുനിന്ന് പോയതോടെ കേന്ദ്രമന്ത്രിസഭയിലെ മുസ്‌ലിം പ്രാതിനിധ്യം വട്ടപ്പൂജ്യമായിരുന്നു. അടുത്ത സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴെങ്കിലും ഇതിനു മാറ്റമുണ്ടാകാനുള്ള സാധ്യതകളുടെ വാതിലുകള്‍ കൊട്ടിയടച്ചാണ് മൂന്നാം മോദി സര്‍ക്കാരിന്റെ പടിയേറ്റ് പൂര്‍ത്തിയായിരിക്കുന്നത്.
1999ല്‍ വാജ്‌പേയിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ഷാനവാസ് ഹുസൈന്‍, ഉമര്‍ അബ്ദുല്ല എന്നീ രണ്ടു മന്ത്രിമാര്‍ സഭയിലുണ്ടായിരുന്നു. ഇതിനു മുമ്പുള്ള 1998ലെ ബിജെപി മന്ത്രിസഭയില്‍ മുഖ്താര്‍ അബ്ബാസ് നഖ്‌വി അംഗമായിരുന്നു. 2004, 2009 യുപിഎ സര്‍ക്കാരുകളില്‍ യഥാക്രമം നാലും അഞ്ചും മുസ്‌ലിം മന്ത്രിമാരുണ്ടായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ഇതാദ്യമായാണ് മുസ്‌ലിംകളെ പൂര്‍ണമായും പടിക്കു പുറത്തു നിര്‍ത്തി ഒരു മന്ത്രിസഭ അധികാരമേല്‍ക്കുന്നത്. ഭരണമുന്നണിയില്‍ മുസ്‌ലിം എംപിമാര്‍ ഇല്ലാതെപോയതാണ് ഇതിനു കാരണമെന്ന ന്യായത്തിനും പ്രസക്തിയില്ല. കാരണം സ്വന്തമായി എംപിമാര്‍ ഇല്ലാതിരുന്നിട്ടും സിഖ്, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്ന് കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിട്ടുണ്ട്. അതില്‍ ഒരാളാണ് കേരളത്തില്‍ നിന്നുള്ള ജോര്‍ജ് കുര്യന്‍. രാജ്യസഭയിലൂടെ അവരെ പാര്‍ലമെന്റില്‍ എത്തിക്കാനാണ് ബിജെപി നീക്കം. മുസ്‌ലിം പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് എന്തുകൊണ്ട് ഈ മാര്‍ഗം സ്വീകരിച്ചുകൂടായിരുന്നു എന്നതിന് ഉത്തരം പറയേണ്ടത് ഭരണകക്ഷിയാണ്.
ഒന്നും രണ്ടും മോദി സര്‍ക്കാരുകളുടെ കാലത്ത് തുടര്‍ന്ന മുസ്‌ലിം വിരുദ്ധ സമീപനങ്ങള്‍ പരിഗണിക്കുമ്പോള്‍ ഈ അവഗണനയില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ മുതല്‍ പൗരത്വ നിയമം വരെ നീളുന്ന മുസ്‌ലിം വിരുദ്ധ നീക്കങ്ങളുടെ നീണ്ട നിര തന്നെയാണ് കഴിഞ്ഞ രണ്ടു തവണയും മോദിഭരണം രാജ്യത്ത് അഴിച്ചുവിട്ടത്. അത്തരം സമീപനങ്ങള്‍ കൊണ്ട് എല്ലാ കാലത്തും നിലനില്‍ക്കാന്‍ കഴിയില്ലെന്നും എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊണ്ടുള്ള സമഗ്ര ഭരണസംവിധാനത്തിനു മാത്രമേ നിലനില്‍ക്കാന്‍ കഴിയൂ എന്നും തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടി കൊണ്ടും ബിജെപി മനസ്സിലാക്കിയിട്ടില്ലെന്നു വേണം ഇതില്‍ നിന്ന് വായിച്ചെടുക്കാന്‍.
‘ചാര്‍ സൗ പാര്‍’ മുദ്രാവാക്യം മുഴക്കി തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഇറങ്ങിയ മോദിയും സംഘവും കേവല ഭൂരിപക്ഷത്തിനുള്ള ആള്‍ബലം പോലും കണ്ടെത്താനാകാതെ പരുങ്ങുന്നതാണ് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കണ്ടത്. നിതീഷ് കുമാറിന്റെ ജെഡിയുവും ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയും കനിഞ്ഞില്ലെങ്കില്‍ ഭരണം തന്നെ മുന്നോട്ടുകൊണ്ടുപോകാനാവാത്ത സ്ഥിതിയിലാണ് ബിജെപി. മുസ്‌ലിം പ്രാതിനിധ്യം വട്ടപ്പൂജ്യത്തില്‍ ഒതുക്കുമ്പോഴും ഈ തിരഞ്ഞെടുപ്പു ഫലം രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന വലിയ പ്രതീക്ഷയുണ്ട്. അത് ബിജെപിക്ക് തനിച്ചു കേവല ഭൂരിപക്ഷം ലഭിക്കാത്തതും കോണ്‍ഗ്രസ് അടക്കം ശക്തമായ മതേതര നിലപാടുകള്‍ ഉയര്‍ത്തുന്ന ഇന്ത്യാ മുന്നണിയിലെ കക്ഷികള്‍ കൈവരിച്ച നേട്ടവുമാണ്.
പൗരത്വ നിയമം പോലുള്ള പ്രകോപനപരമായ നീക്കങ്ങളുമായി എന്തായാലും ഈ സര്‍ക്കാരിനു മുന്നോട്ടുപോകാനാവില്ലെന്ന് ഉറപ്പാണ്. ശക്തമായ പ്രതിപക്ഷം മാത്രമാവില്ല അതിനു വിലങ്ങുതടി. ഏതു സമയത്തും പാലം വലിക്കാന്‍ മിടുക്കരായ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവുമാണ്. നിതീഷിന്റെ ജെഡിയുവിനെയും നായിഡുവിന്റെ ടിഡിപിയെയും സംബന്ധിച്ച് മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ ബിഹാറിലും ആന്ധ്രയിലും അവരുടെ വോട്ടുബാങ്കുകളില്‍ വലിയ ഘടകമാണ്. മുസ്‌ലിം വിരുദ്ധ നീക്കങ്ങള്‍ സ്വന്തം നിലനില്‍പിനെ ബാധിക്കും എന്നതിനാല്‍ തന്നെ ബിജെപിയുടെ നീക്കങ്ങള്‍ക്ക് ഈ പാര്‍ട്ടികള്‍ ബലിയാടാകാന്‍ നിന്നുകൊടുക്കുമെന്ന് കരുതാനാവില്ല.
ഇന്ത്യന്‍ പാര്‍ലമെന്റിലോ കേന്ദ്രമന്ത്രിസഭയിലോ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല നിയമനിര്‍മാണ സഭകളിലെ മുസ്‌ലിം പ്രാതിനിധ്യക്കുറവ് എന്നത് രാഷ്ട്രീയകക്ഷികള്‍ക്കിടയില്‍ ആഴത്തില്‍ പുനഃപരിശോധന ആവശ്യപ്പെടുന്ന ഒന്നാണ്. ഏറ്റവുമൊടുവില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങളുടെ കണക്കു തന്നെ എടുക്കാം. 230 അംഗങ്ങളുള്ള മധ്യപ്രദേശ് നിയമസഭയില്‍ മുസ്‌ലിം എംഎല്‍എമാര്‍ കേവലം രണ്ടു പേര്‍ മാത്രമാണ്. മൊത്തം സഭയുടെ അംഗബലത്തിന്റെ ഒരു ശതമാനം പോലുമില്ല. മധ്യപ്രദേശിലെ വോട്ടര്‍മാരില്‍ ഏഴു ശതമാനത്തോളം മുസ്‌ലിംകളാണ് എന്നതുകൂടി ഓര്‍ക്കണം. ജനസംഖ്യാനുപാതികമായി കണക്കാക്കിയാല്‍ 16 എംഎല്‍എമാരെങ്കിലും മുസ്‌ലിം സമൂഹത്തെ പ്രതിനിധീകരിക്കാന്‍ സഭയില്‍ ഉണ്ടാകേണ്ടതാണ്. 163 അംഗങ്ങള്‍ വിജയിച്ച ബിജെപിയില്‍ നിന്ന് മുസ്‌ലിം അംഗമില്ല. 66 സീറ്റില്‍ ജയിച്ച കോണ്‍ഗ്രസിന്റേതാണ് ആകെയുള്ള രണ്ട് മുസ്‌ലിം പ്രതിനിധികള്‍.
200 അംഗങ്ങളുള്ള രാജസ്ഥാനില്‍ ആറ് മുസ്‌ലിം എംഎല്‍എമാരാണുള്ളത്. 119 എംഎല്‍എമാരുള്ള തെലങ്കാനയില്‍ ഏഴ് എംഎല്‍എമാര്‍. 115 അംഗങ്ങളുള്ള ബിജെപിക്ക് ഒരു മുസ്‌ലിം ജനപ്രതിനിധി പോലുമില്ല. 15 മുസ്‌ലിം സ്ഥാനാര്‍ഥികളെ മത്സരരംഗത്തിറക്കിയ കോണ്‍ഗ്രസിലെ 10 പേര്‍ പരാജയപ്പെട്ടെങ്കിലും 5 പേരെ സഭയിലെത്തിക്കാന്‍ കഴിഞ്ഞതാണ് ആശ്വാസം. മറ്റൊരാള്‍ സ്വതന്ത്രനായി മത്സരിച്ച യൂനുസ് ഖാനാണ്. 2018ല്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച ജയിച്ച യൂനുസ് ഖാന്‍ 2023ല്‍ സീറ്റു നിഷേധിച്ചതിനെ തുടര്‍ന്നാണ് സ്വതന്ത്രനായി ജനവിധി തേടിയത്.
മധ്യപ്രദേശിനെ അപേക്ഷിച്ച് താരതമ്യേന മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള സംസ്ഥാനങ്ങളാണ് രാജസ്ഥാനും തെലങ്കാനയും. എന്നാല്‍ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഇവിടെയും രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ സമൂഹത്തിന് നിഷേധിക്കപ്പെട്ടു. തെലങ്കാനയില്‍ വിജയിച്ച ഏഴു പേരും അസദുദ്ദീന്‍ ഉവൈസിയുടെ എഐഎംഐഎമ്മിന്റെ ടിക്കറ്റില്‍ മത്സരിച്ചവരാണ്. 64 അംഗങ്ങളുള്ള കോണ്‍ഗ്രസിനോ 39 അംഗങ്ങളുള്ള ചന്ദ്രശേഖര റാവുവിന്റെ ഭാരത രാഷ്ട്രസമിതിക്കോ മുസ്‌ലിം ന്യൂനപക്ഷങ്ങളില്‍ നിന്ന് ഒരംഗത്തെപ്പോലും സഭയില്‍ എത്തിക്കാനായില്ല.
90 അംഗങ്ങളുള്ള ഛത്തീസ്ഗഡ് നിയമസഭയില്‍ ഒരു മുസ്‌ലിം പോലുമില്ല. 2011ലെ കാനേഷുമാരി കണക്കനുസരിച്ച് 2.2 ശതമാനമാണ് ഛത്തീസ്ഗഡിലെ മുസ്‌ലിം ജനസംഖ്യ. 2023ലെ കണക്കനുസരിച്ച് ഇത് 3.5 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. എന്നിട്ടും ഒരു പ്രതിനിധിയെ പോലും സഭയിലെത്തിക്കാന്‍ കഴിയാതെപോയി.
16 ശതമാനം മുസ്‌ലിംകളുള്ള ഉത്തര്‍പ്രദേശില്‍ നിയമസഭയിലെ മുസ്‌ലിം പ്രാതിനിധ്യം കേവലം 7 ശതമാനം മാത്രമാണ്. മറ്റു പല സംസ്ഥാനങ്ങളുടെയും കണക്കുകള്‍ ഇതിനേക്കാള്‍ പരിതാപകരമാണ്.
കേരളത്തില്‍ മാത്രമാണ് ഇക്കാര്യത്തില്‍ താരമ്യേന മെച്ചപ്പെട്ട നിലയുള്ളത്. നിലവിലെ നിയമസഭയില്‍ 31 മുസ്‌ലിം എംഎല്‍എമാരാണുള്ളത്. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് എന്ന മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് സ്വന്തമായ രാഷ്ട്രീയ സംഘടിത ശക്തിയുള്ളതുകൊണ്ടാണ് ഇത്തരമൊരു പ്രാതിനിധ്യം ഉറപ്പാക്കാന്‍ കഴിയുന്നത് എന്ന് നിസ്സംശയം പറയാം. എന്നാല്‍ പോലും മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നതിനെ അട്ടിമറിക്കാന്‍ ആസൂത്രിതമായ നീക്കങ്ങള്‍ എത്രത്തോളം നടക്കുന്നുണ്ട് എന്ന് ചരിത്രം പരിശോധിച്ചാല്‍ ബോധ്യപ്പെടും. മുസ്‌ലിം ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കിയതിനെച്ചൊല്ലിയുണ്ടായ പുകിലുകള്‍ കേരളം മറന്നിട്ടില്ലല്ലോ.
2011ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലേറിയത് 72 അംഗങ്ങളുടെ പിന്തുണയിലാണ്. ഇതില്‍ കോണ്‍ഗ്രസിന് സ്വന്തമായി 39 അംഗങ്ങളാണ് ഉണ്ടായിരുന്നത്. മുസ്‌ലിംലീഗിന് 20 അംഗങ്ങളുണ്ടായിരുന്നു. എംഎല്‍എമാരുടെ പ്രാതിനിധ്യം കണക്കിലെടുത്താല്‍ ആറു മുതല്‍ ഏഴു മന്ത്രിമാര്‍ക്കു വരെയും ഉപമുഖ്യമന്ത്രിസ്ഥാനത്തിനും വരെ അവകാശം ഉന്നയിക്കാനുള്ള ധാര്‍മിക അവകാശം മുസ്‌ലിംലീഗിനു മുന്നിലുണ്ടായിട്ടും അഞ്ചാം മന്ത്രിസ്ഥാനത്തെ സാമുദായിക സന്തുലനം തകരുമെന്ന നീചപ്രചാരണങ്ങള്‍ ഉയര്‍ത്തി ചെറുക്കാന്‍ നടത്തിയ ശ്രമങ്ങളെ കേരളം കണ്ടതാണ്. മുസ്‌ലിംലീഗില്‍ നിന്ന് നേരത്തെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും സ്പീക്കറും ചീഫ് വിപ്പുമെല്ലാം ഉണ്ടായിട്ടുണ്ടെന്ന വസ്തുത പോലും മറന്നുകൊണ്ടായിരുന്നു വര്‍ഗീയ കോമരങ്ങള്‍ അന്ന് ഉറഞ്ഞുതുള്ളിയത്.
ഒരു ജനതയ്ക്ക് നിയമനിര്‍മാണ സഭയിലും ഭരണസംവിധാനത്തിലും അര്‍ഹമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനെ ഇത്ര അസഹിഷ്ണുതയോടെ കാണേണ്ട കാര്യമെന്താണ്? ചരിത്രപരമായും സാമൂഹിക കാരണങ്ങളാലും പാര്‍ശ്വവത്കരിക്കപ്പെട്ടുപോയ ഒരു സമൂഹത്തെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള അവസരമായി അതിനെ കാണുന്നതിനു പകരം സാമൂഹിക പുരോഗതിക്കു തന്നെ തുരങ്കം വെക്കുന്ന തരത്തിലുള്ള സമീപനമാണ് പല കോണുകളില്‍ നിന്നും അന്ന് ഉയര്‍ന്നത്.
ഇതിന്റെ മറ്റൊരു തലമാണ് ബിജെപിയും രാജ്യത്ത് പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. തുടര്‍ച്ചയായ മുസ്‌ലിം വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചതിലൂടെ തിരഞ്ഞെടുപ്പില്‍ ഒരു മുസ്‌ലിമിനെ സ്ഥാനാര്‍ഥിയാക്കാന്‍ പോലും ഭയപ്പെടുന്ന സാഹചര്യത്തിലേക്ക് ബിജെപി എത്തിപ്പെട്ടിരിക്കുന്നു. 2014ലും 2019ലും 13 മുസ്‌ലിം സ്ഥാനാര്‍ഥികളെ മത്സരരംഗത്ത് ഇറക്കിയ ബിജെപി 2024ല്‍ ഒരൊറ്റ സ്ഥാനാര്‍ഥിയെയാണ് കളത്തിലിറക്കിയത്. അതും തോല്‍ക്കുമെന്ന് നൂറു ശതമാനം ഉറപ്പുള്ള മലപ്പുറം മണ്ഡലത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ അബ്ദുല്‍ സലാമിനെ. എട്ടുനിലയില്‍ അദ്ദേഹം പൊട്ടുകയും ചെയ്തു.
കേരളത്തിലേതിനു സമാനമായി സംഘടിത രാഷ്ട്രീയ ശക്തിയോ വിലപേശല്‍ ശക്തിയോ ആയി ദേശീയ രാഷ്ട്രീയത്തിലും വിവിധ സംസ്ഥാനങ്ങളിലും മുസ്‌ലിം സമൂഹം ഉയര്‍ന്നുവരാത്തിടത്തോളം കാലം ഈ പ്രാതിനിധ്യക്കുറവ് പരിഹരിക്കപ്പെടുമെന്ന് കരുതുന്നില്ല. സര്‍ക്കാര്‍ സര്‍വീസിലെ മുസ്‌ലിം പ്രാതിനിധ്യക്കുറവ് മുസ്‌ലിം സമൂഹത്തിന്റെ പുരോഗതിയെ എത്രത്തോളം തുരങ്കംവെച്ചിട്ടുണ്ടെന്ന് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് വരച്ചുകാണിച്ചിരുന്നു. അധികാര രാഷ്ട്രീയത്തില്‍ നിന്നു മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ പിന്തള്ളപ്പെട്ടുകഴിഞ്ഞാല്‍ വിവരണാതീതമായ പ്രത്യാഘാതങ്ങളായിരിക്കും രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ സമൂഹത്തെ കാത്തിരിക്കുന്നതെന്ന് പറയാതെ വയ്യ.