12 Thursday
December 2024
2024 December 12
1446 Joumada II 10

അര്‍ധസത്യങ്ങള്‍ കുത്തിനിറച്ച സി എ എ ന്യായീകരണങ്ങള്‍

സിദ്ധാര്‍ഥ് വരദരാജന്‍


പൗരത്വ ഭേദഗതി നിയമത്തിന്റെ വിവേചന സ്വഭാവത്തെ മറച്ചുവെക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും ഒരു ലിസ്റ്റ് പുറത്തിറക്കുകയുണ്ടായി. അസംഭവ്യമായ അവകാശവാദങ്ങളും അര്‍ധസത്യങ്ങളും നുണകളും നിറഞ്ഞതാണ് ആ ചോദ്യോത്തരങ്ങള്‍. അതിലെ ചില ചോദ്യങ്ങളും ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരങ്ങളും സൂചിപ്പിച്ച ശേഷം യഥാര്‍ഥ വസ്തുത എന്താണെന്ന് ബോധ്യപ്പെടുത്തുകയാണ് ഈ ലേഖനത്തിലൂടെ.
മുസ്‌ലിംകളെ
ബാധിക്കുമോ?

‘ഇന്ത്യന്‍ മുസ്‌ലിംകളെ സി എ എ ബാധിക്കുമോ’ എന്ന ചോദ്യത്തിന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരം ഇങ്ങനെയാണ്: ‘ഇന്ത്യന്‍ മുസ്‌ലിംകള്‍ വിഷമിക്കേണ്ടതില്ല. കാരണം സി എ എ യില്‍ അവരുടെ പൗരത്വത്തെ ബാധിക്കുന്ന ഒരു വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടില്ല. മാത്രമല്ല, 18 കോടി വരുന്ന മുസ്‌ലിംകള്‍ക്ക് സഹപൗരന്മാരായ ഹിന്ദു സഹോദരങ്ങളെപ്പോലെ തുല്യ അവകാശങ്ങളുണ്ട്. ഈ നിയമത്തിനു ശേഷം ഒരു ഇന്ത്യന്‍ പൗരനോടും തന്റെ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടില്ല.’
എന്നാല്‍ ഇതിന്റെ വസ്തുത ഇങ്ങനെയാണ്. അഭയാര്‍ഥികളോടും നുഴഞ്ഞുകയറ്റക്കാരോടുമുള്ള മോദി സര്‍ക്കാരിന്റെ നയങ്ങളുടെ കാര്യത്തില്‍ ഒരു ‘ക്രോണോളജി’ ഉണ്ടെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ മുമ്പ് പലതവണ പറഞ്ഞിട്ടുണ്ട്. 2019 ഏപ്രിലില്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: ‘ആദ്യം ഞങ്ങള്‍ പൗരത്വ ഭേദഗതി നിയമം കൊണ്ടുവരും. അതിലൂടെ യോഗ്യരായ എല്ലാ അഭയാര്‍ഥികള്‍ക്കും പൗരത്വം ലഭിക്കും. ശേഷം ഞങ്ങള്‍ എന്‍ ആര്‍ സി കൊണ്ടുവരും. അതില്‍ നിന്ന് നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താന്‍ സാധിക്കും. അതുകൊണ്ട് നിലവിലെ അഭയാര്‍ഥികള്‍ വിഷമിക്കേണ്ടതില്ല. ഈ ക്രോണോളജി മനസ്സിലാക്കുക. എല്ലായിടത്തും നുഴഞ്ഞുകയറ്റക്കാര്‍ ഉള്ളതിനാല്‍ എന്‍ ആര്‍ സി ബംഗാളിനു മാത്രമല്ല, രാജ്യത്തിനു മുഴുവനും ബാധകമായിരിക്കും. എന്‍ ആര്‍ സി എന്നത് ഇന്ത്യയിലെ ഓരോ വ്യക്തിയുടെയും പൗരത്വം വ്യക്തമാക്കുന്ന രേഖയാണ്. അത് തെളിയിക്കുന്നതിന് ആവശ്യമായ രേഖകള്‍ നല്‍കേണ്ടത് ഓരോ പൗരനുമാണ്.’
എന്‍ ആര്‍ സി ആദ്യമായി പരീക്ഷിച്ച അസമില്‍ ദുരന്തസമാനമായ ഫലങ്ങളാണ് അനുഭവിക്കുന്നത്. ഏകദേശം 1.9 ദശലക്ഷം ആളുകള്‍ രജിസ്റ്ററില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്ത ഇന്ത്യക്കാരായിരുന്നു ഇവര്‍. ഭൂരിപക്ഷവും ഹിന്ദുക്കളായിരുന്നു. ശരിയായ പേപ്പറുകള്‍ ഇല്ലാത്തവര്‍ക്ക് പൗരത്വത്തിലേക്കുള്ള പാത സി എ എ അനുവദിക്കുന്നതിനാല്‍, പുറത്താക്കപ്പെടുകയോ അവകാശം നിഷേധിക്കപ്പെടുകയോ ചെയ്യുന്നതിനെക്കുറിച്ച് മുസ്‌ലിം ഇതര മതസ്ഥര്‍ക്ക് ആശങ്കപ്പെടേണ്ടതില്ല. എന്നാല്‍ എന്‍ ആര്‍ സി പ്രക്രിയയില്‍ പരാജയപ്പെടുന്ന മുസ്‌ലിംകള്‍ക്ക് ഒരു പോംവഴിയുമില്ല. അവര്‍ ‘നുഴഞ്ഞുകയറ്റക്കാരാ’യി മുദ്ര കുത്തപ്പെടും.

കുടിയേറ്റക്കാരെ
തിരിച്ചയക്കുമോ?

‘ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, പാകിസ്താന്‍ എന്നിവിടങ്ങളിലേക്ക് അനധികൃത മുസ്ലിം കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിന് എന്തെങ്കിലും വ്യവസ്ഥയോ കരാറോ ഈ നിയമത്തിലുണ്ടോ?’
ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരം: ‘കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിന് ഈ രാജ്യങ്ങളുമായി ഇന്ത്യക്ക് ഒരു കരാറും നിലവിലില്ല. ഈ പൗരത്വ നിയമം അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതു സംബന്ധിച്ച വ്യവസ്ഥകള്‍ കൈകാര്യം ചെയ്യുന്നില്ല. അതിനാല്‍ സി എ എ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്ന ഒരു വിഭാഗം ആളുകളുടെ ആശങ്കയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല.’
വസ്തുത: തന്ത്രപരവും വഞ്ചനാപരവുമായ ഉത്തരമാണ് ഇവിടെ നല്‍കിയിരിക്കുന്നത്. ഫോറിനേഴ്‌സ് ആക്ടും (സെക്ഷന്‍ 3), പാസ്‌പോര്‍ട്ട് ആക്ടും (സെക്ഷന്‍ 5) ഇതിനകം തന്നെ രാജ്യത്ത് അനധികൃതമായി തങ്ങുന്നതായി കരുതുന്ന വ്യക്തികളെ നാടുകടത്താന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നുണ്ട്. സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരു കരാറില്ല എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ ദീര്‍ഘകാലത്തേക്ക് ഇന്ത്യയിലെ ഡിറ്റന്‍ഷന്‍ സെന്ററിലോ ജയിലിലോ പാര്‍പ്പിക്കാം എന്നതു മാത്രമാണ്. നാടുകടത്തലിലേക്കോ തടങ്കലിലേക്കോ നയിച്ചില്ലെങ്കിലും പൗരത്വം തെളിയിക്കാന്‍ സാധിക്കാതെവരുന്ന മുസ്‌ലിംകളായ ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം നിഷേധിക്കപ്പെടാന്‍ ഇത് കാരണമായേക്കാം.
പൗരത്വം നേടുന്നതിന് തടസ്സമോ?
‘ഇന്ത്യന്‍ പൗരത്വം തേടുന്നതില്‍ നിന്ന് മുസ്‌ലിംകള്‍ക്ക് എന്തെങ്കിലും തടസ്സമുണ്ടോ?’ ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരം ഇങ്ങനെയാണ്: ‘ഇല്ല, പൗരത്വ നിയമത്തിന്റെ സെക്ഷന്‍ 6 പ്രകാരം ഇന്ത്യന്‍ പൗരത്വം തേടുന്നതിന് ലോകത്തെവിടെയുമുള്ള മുസ്‌ലിംകള്‍ക്ക് ഒരു തടസ്സവുമില്ല. നാച്വറലൈസേഷനിലൂടെ പൗരത്വം നേടാന്‍ സാധിക്കും.’
യാഥാര്‍ഥ്യം ഇതാണ്: 2003 മുതല്‍ പൗരത്വ നിയമം അനുസരിച്ച് അനധികൃത കുടിയേറ്റക്കാരായ ആര്‍ക്കും ഇന്ത്യന്‍ പൗരത്വം നേടാന്‍ സാധിക്കില്ല. എന്നാല്‍, പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്‌ലിംകളല്ലാത്ത അനധികൃത കുടിയേറ്റക്കാര്‍ക്കും അവരുടെ ഇന്ത്യയില്‍ ജനിച്ച കുട്ടികള്‍ക്കും ഇന്ത്യന്‍ പൗരത്വം നേടാനുള്ള വാതില്‍ സി എ എ തുറന്നിടുന്നു. അതേസമയം, മുസ്‌ലിംകളായ അനധികൃത കുടിയേറ്റക്കാര്‍ക്കും അവരുടെ ഇന്ത്യയില്‍ ജനിച്ച കുട്ടികള്‍ക്കും പൗരത്വം നേടുന്നതിലുള്ള വിലക്ക് തുടരും.
എന്തിനാണ്
ഈ ഭേദഗതി?

‘എന്തിനാണ് ഈ ഭേദഗതി’ എന്ന ചോദ്യത്തിന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരം: ‘ആ മൂന്നു രാജ്യങ്ങളിലെയും പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളോട് കരുണ കാണിക്കുന്നതിനും, ഇന്ത്യയുടെ നിത്യഹരിതമായ ഉള്‍ക്കൊള്ളല്‍ സംസ്‌കാരം പ്രകടിപ്പിക്കുന്നതിനുമാണ് നിയമം ഭേദഗതി ചെയ്യുന്നത്. ഈ നിയമം അവര്‍ക്ക് സന്തോഷവും സമൃദ്ധിയും നല്‍കുന്നു. ഇന്ത്യന്‍ പൗരത്വം ലഭിക്കാന്‍ അവസരം നല്‍കുന്നു.’
എന്നാല്‍ ഈ ഉത്തരം ആത്മാര്‍ഥപരമാണോ? ഇതിലെ യാഥാര്‍ഥ്യം ഇങ്ങനെയാണ്: പീഡിപ്പിക്കപ്പെടുന്ന വ്യക്തികളോട് ഉദാരമനസ്‌കത കാണിക്കുന്നതിന് മതത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ഇളവ് സൃഷ്ടിക്കേണ്ട ആവശ്യമില്ല. ഗവണ്‍മെന്റ് ചെയ്യേണ്ടത്, ഇന്ത്യയില്‍ നിലവിലുള്ള ഏതൊരു നിയമവിരുദ്ധ കുടിയേറ്റക്കാരനെയും അനിശ്ചിതകാലത്തേക്ക് ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കുകയും യഥാസമയം ഇന്ത്യന്‍ പൗരത്വത്തിന് അര്‍ഹത നേടുകയും ചെയ്യുമെന്നു പറയുക മാത്രമാണ്. വാസ്തവത്തില്‍, അഭയാര്‍ഥികളുടെ സ്വദേശിവത്കരണത്തിനായി ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ പിന്തുടരുന്ന പാത ഇതാണ്. അഭയാര്‍ഥികള്‍ ഒരു പ്രത്യേക മതത്തില്‍ പെട്ടവരായിരിക്കണമെന്ന നിബന്ധന ആരും വെക്കാറില്ല.
മുസ്‌ലിം കുടിയേറ്റക്കാര്‍ക്ക്
നിയന്ത്രണമുണ്ടോ?

‘മുസ്‌ലിം കുടിയേറ്റക്കാര്‍ക്ക് നിയന്ത്രണമുണ്ടോ?’ എന്ന ചോദ്യത്തിന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരം: ‘സി എ എ വഴി പൗരത്വ നിയമങ്ങള്‍ റദ്ദാക്കുന്നില്ല. അതിനാല്‍, ഇന്ത്യന്‍ പൗരനാകാന്‍ ആഗ്രഹിക്കുന്ന ഏതെങ്കിലും വിദേശ രാജ്യത്തു നിന്നുള്ള മുസ്‌ലിം കുടിയേറ്റക്കാര്‍ ഉള്‍പ്പെടെയുള്ള ഏതൊരു വ്യക്തിക്കും നിലവിലുള്ള നിയമങ്ങള്‍ പ്രകാരം അപേക്ഷിക്കാവുന്നതാണ്.
ഈ മൂന്നു രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ഒരു മുസ്‌ലിമിനും നിലവിലുള്ള നിയമപ്രകാരം ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കുന്നതില്‍ നിന്ന് ഈ നിയമം തടയുന്നില്ല.’
യാഥാര്‍ഥ്യം: ഈ ഉത്തരത്തില്‍ ആഭ്യന്തര മന്ത്രാലയം ചില വസ്തുതകള്‍ ബോധ്യപ്പെടുത്തുകയാണ്.
പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് പലായനം ചെയ്യുന്ന മുസ്‌ലിംകളുണ്ടെന്ന് അവര്‍ക്ക് നന്നായി അറിയാം. എന്നാല്‍ വാലിഡായ പേപ്പറുകള്‍ മുഖേനയല്ലാതെ അവര്‍ ഇന്ത്യയില്‍ പ്രവേശിക്കുകയോ വിസാ കാലാവധിയില്‍ കൂടുതല്‍ താമസിക്കുകയോ ചെയ്താല്‍, അവര്‍ സ്വയമേവ അനധികൃത കുടിയേറ്റക്കാരായി പ്രഖ്യാപിക്കപ്പെടും. നിലവിലുള്ള നിയമങ്ങള്‍ പ്രകാരം അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അര്‍ഹതയില്ല.
അതിനാല്‍ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ അവര്‍ക്ക് കഴിയുകയുമില്ല. ഇവിടെ നിലവിലുള്ള നിയമപ്രകാരം എന്നു പറഞ്ഞാല്‍ വിസയും പേപ്പറുകളുമുള്ള കുടിയേറ്റക്കാര്‍ക്കാണ് പൗരത്വം ലഭിക്കുക എന്നാണ്. അനധികൃത കുടിയേറ്റക്കാര്‍ക്ക് ലഭിക്കുകയില്ല. എന്നാല്‍, മുസ്‌ലിംകളല്ലാത്ത അനധികൃത കുടിയേറ്റക്കാര്‍ക്ക് സി എ എ പ്രകാരം പൗരത്വം ലഭിക്കുകയുംചെയ്യും.

Back to Top