അറസ്റ്റിലാകുന്ന പ്രതിപക്ഷം
മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിയെ അറസ്റ്റ് ചെയ്തുകൊണ്ട് ‘നിയമം നടപ്പിലാക്കിയിരിക്കുകയാണ്’ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ മദ്യനയ അഴിമതി കേസില്‍ അറസ്റ്റ് ചെയ്തിരിക്കുകയാണ്. രാജ്യത്ത് ആദ്യമായാണ് ഒരു മുഖ്യമന്ത്രിയെ സ്ഥാനത്തിരിക്കെ അറസ്റ്റു ചെയ്യുന്നത്. ഒരു ഭരണഘടനാ പദവി എന്ന നിലയിലുള്ള സംരക്ഷണം പോലും നല്‍കാതെയാണ് ഇ ഡി പെരുമാറുന്നത്. യഥാര്‍ഥത്തില്‍ ഇത് അരവിന്ദ് കെജ്‌രിവാളിനുള്ള സന്ദേശമല്ല. മറിച്ച് തെരഞ്ഞെടുപ്പ് അടുത്ത ഈ വേളയില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുമുള്ള സന്ദേശമാണ് ബി ജെ പി നല്‍കുന്നത്.
അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികളെ ഭീഷണിപ്പെടുത്തുന്ന സമീപനം ഈ ഭരണകാലത്ത് ഏറെ കണ്ടതാണ്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് തൊട്ടുമുമ്പ് അദ്ദേഹം രാജിവെച്ചത് കൊണ്ട് പദവിയിലിരിക്കെയുള്ള അറസ്റ്റ് ഒഴിവായിക്കിട്ടി. കെജ്‌രിവാളിന്റെ കാര്യത്തിലും ഇ ഡി അതാകും പ്രതീക്ഷിച്ചിട്ടുണ്ടാവുക. എന്നാല്‍, മറിച്ചാണ് സംഭവിച്ചത്. ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്ന ഈ കേസ്, മാപ്പ് സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഫ്രെയിം ചെയ്‌തെടുത്തതാണ്.
മാത്രമല്ല, മദ്യനയ അഴിമതിക്കേസില്‍ മാപ്പ് സാക്ഷിയാക്കപ്പെട്ട വ്യക്തിയും കമ്പനിയും ഇലക്ട്രല്‍ ബോണ്ട് വഴി പണം നല്‍കിയിട്ടുണ്ട്. സ്വാഭാവികമായും അത് ലഭിച്ചിരിക്കുക കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്കായിരിക്കും. ഇതും കൂടി അന്വേഷിക്കുമോ എന്ന് ആം ആദ്മി പാര്‍ട്ടി ഇലക്ട്രല്‍ ബോണ്ട് രേഖകളുടെ അടിസ്ഥാനത്തില്‍ വെല്ലുവിളിച്ചിട്ടുണ്ട്. വിശ്വസനീയമല്ലാത്ത ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് യാതൊരു തെളിവുകളുമില്ലാതെ ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കെജ്‌രിവാളിന്റെ അറസ്റ്റ് ഇന്‍ഡ്യ മുന്നണിയോടുള്ള ബി ജെ പിയുടെ പകയാണ്. കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കുകയും ഒരുവേള ബി ജെ പിക്ക് ജയം എളുപ്പമാക്കുകയും ചെയ്യുന്ന പണിയാണ് ആം ആദ്മി പാര്‍ട്ടിയുടെ സാന്നിധ്യത്തിലൂടെ ചില ഇടങ്ങളില്‍ സംഭവിച്ചിരുന്നത്. ഡല്‍ഹി നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ആം ആദ്മിയും എന്നാല്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ ബി ജെ പി യും വിജയിക്കുന്ന ഇലക്ട്രല്‍ പൊളിറ്റിക്‌സാണ് ഡല്‍ഹിയില്‍ നടന്നിരുന്നത്. ഏഴ് ലോകസഭാ മണ്ഡലങ്ങള്‍ ഡല്‍ഹിയിലുണ്ട്. വളരെ ചുരുങ്ങിയ കാലം കൊണ്ട് ദേശീയ പദവി നേടിയ ആം ആദ്മി ഇന്ന് രണ്ട് സംസ്ഥാനങ്ങളില്‍ ഭരണകക്ഷിയും നിരവധി പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ നിര്‍ണായക സ്വാധീനവുമുള്ള പാര്‍ട്ടിയാണ്. ഈ പാര്‍ട്ടി ഇന്‍ഡ്യ മുന്നണിയുടെ ഭാഗമാവുകയും കോണ്‍ഗ്രസുമായി കൈകോര്‍ത്ത് സീറ്റ് വിഭജനം പൂര്‍ത്തിയാക്കുകയും ചെയ്തുവെന്നത് ബി ജെ പിയെ ഞെട്ടിച്ചിരിക്കുകയാണ്.
ബി ജെ പിയുടെ വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കാന്‍ കഴിയുന്ന ഇലക്ട്രല്‍ തന്ത്രങ്ങള്‍ പയറ്റാന്‍ മിടുക്കുള്ള പാര്‍ട്ടിയാണ് ആം ആദ്മി. അത്തരമൊരു പാര്‍ട്ടി ഇന്‍ഡ്യ മുന്നണിയുടെ ഭാഗമായി മത്സരിക്കുന്നുവെന്നത് ബി ജെ പിയുടെ ആത്മവിശ്വാസത്തെ നഷ്ടപ്പെടുത്തുന്നു എന്നതാണ് സമീപകാല സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.
പ്രതിപക്ഷ പാര്‍ട്ടികളെയും നേതാക്കളെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള അന്വേഷണ ഏജന്‍സികളുടെ ചെയ്തികള്‍ ഏറെ കാലമായി രാജ്യത്ത് തുടരുന്നുണ്ട്. ഇ ഡി മാത്രം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 2014 മുതല്‍ 2022 വരെയുള്ള കാലത്ത് 116 ലധികം പ്രതിപക്ഷ നേതാക്കളെയാണ് പെടുത്തിയിരിക്കുന്നത്. കേസില്‍ പെട്ട ചില നേതാക്കള്‍ മറുകണ്ടം ചാടുകയോ പാര്‍ട്ടി ഒന്നടങ്കം എന്‍ ഡി എയുടെ ഭാഗമാവുകയോ ചെയ്യുന്ന കാഴ്ച വ്യാപകമാണ്. ഇങ്ങനെ മറുകണ്ടം ചാടുന്നതോടെ ഇ ഡി കേസുകള്‍ അപ്രത്യക്ഷമാകുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. സുവേന്തു അധികാരി, തപസ് റോയ്, മുകുള്‍ റോയ്, അജിത് പവാര്‍ തുടങ്ങിയവരുടെ കേസുകള്‍ക്ക് സംഭവിച്ച പരിണാമം ഇതിന്റെ ദൃഷ്ടാന്തമാണ്.
കേസുകള്‍ വന്നതിന് ശേഷം മറുകണ്ടം ചാടുകയോ കേസ് കാണിച്ച് ഭീഷണിപ്പെടുത്തി പാര്‍ട്ടി മാറാന്‍ നിര്‍ബന്ധിക്കുകയോ ചെയ്യുന്ന സ്ഥിതിവിശേഷം വ്യാപകമാണ്. പുറത്തു വന്ന ഇലക്ട്രല്‍ ബോണ്ടുകളുടെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ഇ ഡി കേസുകള്‍ രജിസ്റ്റര്‍ ചെയ്ത പല കമ്പനികളും റെയ്ഡിന് ശേഷം വലിയ തോതില്‍ സംഭാവനകള്‍ നല്‍കിയതായി കാണാന്‍ കഴിയുന്നുണ്ട്. അന്വേഷണ ഏജന്‍സികളെ ഉപയോഗപ്പെടുത്തി പ്രതിപക്ഷത്തെ നിര്‍വീര്യമാക്കാനാകുമോ എന്ന പരീക്ഷണമാണ് ഇപ്പോള്‍ നടക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വലിയ ആത്മവിശ്വാസമില്ല എന്നതാണ് ഇതിന്റെ മറ്റൊരു വശം.