അരങ്ങ്
യൂസുഫ് നടുവണ്ണൂര്‍
ചേര്‍ത്തുപിടിച്ചിട്ടും
കുതറി മാറുന്നു
അന്തിനിഴല്‍ പോലെ
നിന്റെ വാക്കുകള്‍.
നമുക്കിടയില്‍
നിശ്ശബ്ദത മുഖാവരണമിട്ട്
ആളറിയാതെ
നടക്കാന്‍ തുടങ്ങിയിരിക്കുന്നു.
എത്ര നിറഞ്ഞാടിയിട്ടും
കയ്യടിക്കാതെ കാണികള്‍
പിരിഞ്ഞുപോകുന്നു.
ആട്ടം കഴിഞ്ഞ്
മടങ്ങിയവര്‍
അഴിച്ചുവെച്ച വേഷങ്ങളില്‍
കണ്ണീര്‍മുത്തിന്‍ തൊങ്ങലുകള്‍.
അവര്‍ നടന്നുമറഞ്ഞ വഴികളില്‍
പ്രണയമിഴഞ്ഞു പൊള്ളിയ പാടുകള്‍.
നോക്കൂ,
നീ അന്നണിഞ്ഞ
വെയിലുകള്‍ ചാഞ്ഞുവീണ്
ഇന്നും സന്ധ്യാമുഖം
കറുത്തുപോകുന്നു!
വരൂ,
നമുക്കീ ചന്തമില്ലാത്ത രാവിനെ
നിലാവുടുപ്പിക്കാം!