9 Saturday
August 2025
2025 August 9
1447 Safar 14

അരക്ഷിതമാകുന്ന കേരളവും തീ(ഊതി)തുപ്പുന്ന വര്‍ഗീയതയും

ഹബീബ് റഹ്മാന്‍ കൊടുവള്ളി

ഒരു ദശ വര്‍ഷത്തോളമായി മുസ്ലിംകളുമായി ബന്ധപ്പെട്ട എന്തിനെയും വിവാദമാക്കുകയോ വിവാദമാകുന്ന എന്തിനെയും മുസ്ലിംകളുമായി ബന്ധപ്പെടുത്തുകയോ ചെയ്യുന്ന ഒരു സംസ്‌കാരം ഉയിര്‍ കൊണ്ടിരിക്കുന്നു. മുസ്ലിംകള്‍ സമ്മര്‍ദ്ദ തന്ത്രമായി നിന്ന് അനര്‍ഹമായ പലതും കൈപ്പറ്റുന്നു എന്ന ഒരു മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് ഇതിന് കൂടുതല്‍ ആക്കം കൂട്ടിയത്. വസ്തുതയാകട്ടെ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലും അതിനെ മറികടക്കാന്‍ ഇടതുപക്ഷം മെനഞ്ഞെടുത്ത പാലോളി കമ്മിറ്റി റിപ്പോര്‍ട്ടിലും അടക്കം മുസ്ലിംകള്‍ പല കാര്യങ്ങളിലും പട്ടികജാതി പട്ടികവര്‍ഗക്കാരെക്കാള്‍ പിന്നോക്കം ആണെന്ന് അടിവരയിടുന്നുണ്ട്.
അടുത്ത കാലത്തായി കേരളത്തിന്റെ കാലാവസ്ഥയും ചുറ്റുപാടുകളും നമ്മെ ഏറെ ഭയചകിതരാക്കുന്നു. ഭൂപ്രകൃതിയിലെയും കാലാവസ്ഥയിലെയും ആരോഗ്യ രംഗത്തെയും പ്രതിസന്ധികള്‍ക്കിടയിലാണ് നമ്മുടെ സാമൂഹിക രംഗം കൂടെ മലീമസവും അസ്വസ്ഥവുമാകുന്നത്. ഈ അടുത്ത കാലത് തലപൊക്കിക്കൊണ്ടിരിക്കുന്ന ജാതീയവും വര്‍ഗീയവുമായ ചേരിതിരിവുകളും വിവാദങ്ങളും നമ്മെ എവിടെക്കൊണ്ടെത്തിക്കുമെന്ന് ആലോചിക്കാന്‍ പോലും വയ്യ. മുസ്ലിംകളും ഈഴവരടക്കമുള്ള ഹിന്ദുക്കളും ക്രിസ്ത്യാനികളും ബാക്കി മതമില്ലാത്തവരും മറ്റ് മതമുള്ളവരുമൊക്കെയായി സകലരും സൗഹാര്‍ദ്ദത്തോടെ കഴിഞ്ഞിരുന്ന നമ്മുടെ നാടിന് വേണ്ടി ഉള്ളുരുകി പ്രാര്‍ഥിക്കേണ്ട അവസ്ഥയിലേക്കാണോ നാം പോകുന്നത് എന്ന ശങ്ക പോലും നമ്മെ ആശങ്കയിലാഴ്ത്തുന്നു.
കേരള ചരിത്രം പരിശോധിച്ചാല്‍ ഇന്നുവരെ ജാതി ചിന്തകളും ഉച്ചനീചത്വങ്ങളും അയിത്താചാരങ്ങളുമൊക്കെ ഉണ്ടായിരുന്നെങ്കിലും വര്‍ഗീയമായ ചേരിതിരിവ് ഒരുകാലത്തും ഉണ്ടായിട്ടില്ല എന്ന് മനസ്സിലാക്കാം. ബ്രിട്ടീഷുകാരില്‍ നിന്ന് ക്രിസ്തുമതവും അറബികളില്‍ നിന്ന് ഇസ്ലാമും സമാധാനത്തോടും സഹകരണത്തോടും കൂടിയാണ് കേരളത്തില്‍ പ്രചരിച്ചത്. കേരളത്തിലെ ജാതി വിവേചനങ്ങളും ഉച്ചനീചത്വങ്ങളും ഒരുപക്ഷേ ഈ രണ്ട് മതങ്ങളും വേഗത്തില്‍ പ്രചരിക്കാന്‍ കാരണമായിരിക്കാം. എന്നാലും പരസ്പരമുള്ള ശത്രുതയോ വിദ്വേഷമോ എതിര്‍പ്പോ ഒരു കാലത്തും ഉണ്ടായിരുന്നില്ല. ആദ്യന്ത കേരളീയ രാഷ്ട്രീയ സാമൂഹിക പരിസരം എല്ലാകാലത്തും മതസൗഹാര്‍ദ്ദത്തിനും സഹിഷ്ണുതക്കും മാതൃക തന്നെയായിരുന്നു. അതിനുള്ള ഏറ്റവും വലിയ ആധുനിക രാഷ്ട്രീയ തെളിവ് യു ഡി എഫ് എന്ന രാഷ്ട്രീയ സംജ്ഞ തന്നെയാണ്. ബാബരി മസ്ജിദ് ധ്വംസന കാലത്തോ ക്രൈസ്തവ സാമ്രാജ്യത്വ ശക്തികള്‍ മുസ്ലിം രാഷ്ട്രങ്ങള്‍ ഒന്നൊന്നായി ആക്രമിച്ച സമയത്തോ ഉണരാത്ത മതസൗഹാര്‍ദ്ദ വിരുദ്ധവും വര്‍ഗീയവുമായ ചിന്തകള്‍ ഒരു ദശാബ്ദമായി കേരളത്തെ അല്പാല്പമായി അലട്ടാന്‍ തുടങ്ങിയിട്ടുള്ളതായി കാണാം.
മുസ്ലിം വിരുദ്ധ വര്‍ഗീയ വിഷയങ്ങളിലൊക്കെയും ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് കേന്ദ്രമാണോ എന്ന് തോന്നുന്ന രീതിയിലാണ് ഇടപെടുന്നത് എന്നത് ഇത്തരം വര്‍ഗീയ വിദ്വേഷങ്ങള്‍ക്ക് കൂടുതല്‍ വളം വെക്കാന്‍ കരണമാവുകയോ ഇത്തരം ആളുകള്‍ക്ക് കൂടുതല്‍ മരുന്നിട്ട് കൊടുക്കാനോ കാരണമാകുന്നുണ്ട്. ഹാദിയ വിഷയത്തില്‍ കാണിച്ച നിലപാടുകള്‍ മുതല്‍ പാലാ ബിഷപ്പിന്റെ പ്രസ്താവനയോട് കാണിച്ച സമീപനം വരെ ഉദാഹരണങ്ങള്‍ നിരവധി. ഇരകള്‍ മുസ്ലിംകളാകുമ്പോള്‍ നീതി അന്യമാകുകയോ വൈകുകയോ ചെയ്യുന്ന കാഴ്ചയാണ് നാം കാണുന്നത്! നേരെ മറിച്ചു മുസ്ലിംകളെ ഇകഴ്ത്താനുള്ള സര്‍വ സന്ദര്‍ഭവും അവസരോചിതം താമസംവിനാ ഉപയോഗപ്പെടുത്തപ്പെടുകയും ചെയ്യുന്നു! ജിഹാദ്, ഹലാല്‍, ‘അസ്സലാമു അലൈകും’, ഹിജാബ് തുടങ്ങിയ ഇസ്ലാമിന്റെ സംജ്ഞകള്‍ വരെ യാതൊരു ന്യായീകരണവുമില്ലാതെ വേട്ടയാടപ്പെടുന്നു. ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ കൈവെക്കാതെ വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ മാത്രം പി.എസ് .സി. ക്ക് വിടുന്ന, തെക്കന്‍ മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സീറ്റുകള്‍ കാലിയായിക്കിടക്കെ മലബാറിലെ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ പോലും പുറത്തായിപ്പോകുന്നതിലെ വര്‍ഗീയ രാഷ്ട്രീയമൊന്നും നാം കാണാതിരുന്നിട്ട് കാര്യമില്ലെന്ന് മാത്രമല്ല, അടുത്ത കാലത്തൊന്നും അതിനൊരു വ്യത്യാസം പ്രതീക്ഷിക്കുക പോലും വയ്യ. ഏതെങ്കിലും ഒരു വിഭാഗത്തോട് മാത്രം ചേര്‍ന്നോ എതിര്‍ത്തോ നില്ക്കുന്നതാവരുത് ഒരു നാടിന്റെ ഭരണകൂടം. ഇല്ലെങ്കില്‍ അത് സര്‍വ നാശത്തിലാവും അവസാനിക്കുക.

Back to Top