30 Saturday
November 2024
2024 November 30
1446 Joumada I 28

അറഫാ നോമ്പിന്റെ പുണ്യം

സയ്യിദ് സുല്ലമി


സുന്നത്ത് നോമ്പുകളില്‍ ഏറ്റവും പ്രതിഫലമേറിയതാണ് അറഫാ നോമ്പ്. ഹജ്ജിനു വേണ്ടി മക്കയില്‍ സന്നിഹിതരായവര്‍ ഒഴികെ അത് അനുഷ്ഠിക്കാന്‍ നബി (സ) പ്രോത്സാഹിപ്പിച്ചു. അബൂഖതാദ(റ) പറയുന്നു: ”റസൂലി(സ)നോട് അറഫ ദിവസത്തെ നോമ്പിനെ കുറിച്ച് ചോദിക്കപ്പെട്ടു. അവിടുന്ന് പറഞ്ഞു: കഴിഞ്ഞുപോയ ഒരു വര്‍ഷത്തെയും വരാനിരിക്കുന്ന ഒരു വര്‍ഷത്തെയും പാപങ്ങള്‍ക്ക് പ്രായശ്ചിത്തമാണത്” (മുസ്‌ലിം 1162). ഈ ഹദീസിനെ കുറിച്ച് ഇമാം നസാഈ പറയുന്നു: ”എന്റെ അടുക്കല്‍ ഈ വിഷയത്തില്‍ വന്നിട്ടുള്ള ഹദീസുകളില്‍ വെച്ച് ഏറ്റവും മഹത്തരമായ ഹദീസാണിത്” (സുനനുല്‍ കുബ്‌റ).
ഒരു ദിവസത്തെ നോമ്പു കൊണ്ട് രണ്ടു വര്‍ഷങ്ങളില്‍ സംഭവിക്കുന്ന ദോഷങ്ങള്‍ പൊറുക്കപ്പെടുക എന്നത് അതിന്റെ മഹത്വം വിളിച്ചറിയിക്കുന്നു. എന്നാല്‍ വന്‍ പാപങ്ങള്‍ ഇതുമൂലം പൊറുക്കപ്പെടുകയില്ല, ചെറിയ പാപങ്ങള്‍ക്ക് മാത്രമേ പരിഹാരമാവുകയുള്ളൂ. ഇമാം നവവി(റ) പറയുന്നു: ”ഇതിന്റെ വിവക്ഷ ചെറിയ പാപങ്ങളാകുന്നു” (ശറഹു മുസ്‌ലിം). വന്‍ പാപങ്ങള്‍ പൊറുക്കപ്പെടണമെങ്കില്‍ പ്രത്യേകമായി പശ്ചാത്തപിക്കണം.
അറഫയില്‍ സമ്മേളിച്ചിരിക്കുന്ന ഹാജിമാര്‍ നോമ്പ് എടുക്കാന്‍ പാടില്ല. അവിടെ എത്തിയിരിക്കുന്ന ഹാജിമാര്‍ നോമ്പ് നോല്‍ക്കുന്നത് പ്രവാചക ചര്യയ്ക്ക് വിരുദ്ധമാണ്. ഹജ്ജത്തുല്‍ വിദാഇല്‍ അഥവാ വിടവാങ്ങല്‍ ഹജ്ജില്‍ നബി(സ) അറഫയിലിരിക്കെ നോമ്പ് അനുഷ്ഠിച്ചിട്ടുണ്ടോയെന്ന് ജനങ്ങള്‍ക്ക് സംശയം ഉടലെടുത്തു. ആ സംശയം ദൂരീകരിച്ചത് ഇപ്രകാരമാണ്.
ഉമ്മുല്‍ ഫദ്ല്‍ ബിന്‍ത് ഹാരിസ(റ)യില്‍ നിന്ന് നിവേദനം: ”നിശ്ചയം, അറഫ ദിവസം തന്റെ അടുക്കലുള്ള ചില ജനങ്ങള്‍ നബി(സ)യുടെ നോമ്പിന്റെ കാര്യത്തില്‍ അഭിപ്രായ വ്യത്യാസം പുലര്‍ത്തി. അങ്ങനെ ചിലര്‍ പറഞ്ഞു: അദ്ദേഹം നോമ്പുകാരനാണ്. മറ്റു ചിലര്‍ പറഞ്ഞു: അദ്ദേഹം നോമ്പുകാരനല്ല. അങ്ങനെ ഞാന്‍ പാല്‍ നിറച്ച പാത്രവുമായി അദ്ദേഹത്തിന്റെ അരികിലേക്ക് ആളെ അയച്ചു, അദ്ദേഹം തന്റെ ഒട്ടകപ്പുറത്ത് നിന്നുകൊണ്ട് അതു കുടിച്ചു” (ബുഖാരി 1661). അപ്പോള്‍ പ്രവാചകന്‍ അന്ന് നോമ്പ് എടുത്തില്ലെന്ന് എല്ലാവര്‍ക്കും മനസ്സിലായി. അതുകൊണ്ട് ഹജ്ജിന് അവിടെ സമ്മേളിക്കുന്നവര്‍ക്ക് അന്ന് നോമ്പ് പിടിക്കല്‍ സുന്നത്തില്ലെന്ന് വ്യക്തം. അമിതഭക്തിക്കായി അന്ന് നോമ്പ് പിടിക്കുന്നത് വലിയ തെറ്റാണ്. ഇബ്‌നു ഉമറി(റ)ല്‍ നിന്ന് നിവേദനം: ഞാന്‍ നബി(സ)യുടെ കൂടെ ഹജ്ജ് ചെയ്തു, അദ്ദേഹം അറഫ നോമ്പ് അവിടെ വെച്ച് അനുഷ്ഠിച്ചിട്ടില്ല. ഞാന്‍ അബൂബക്കറി(റ)ന്റെ കൂടെ ഹജ്ജ് ചെയ്തു, അദ്ദേഹം അറഫ നോമ്പ് അവിടെ വെച്ച് അനുഷ്ഠിച്ചിട്ടില്ല. ഉമറി(റ)ന്റെ കൂടെയും ഹജ്ജിനു വന്നു, അദ്ദേഹവും അന്ന് നോമ്പ് അനുഷ്ഠിച്ചില്ല. ഉസ്മാന്റെ(റ) കൂടെയും ഹജ്ജ് ചെയ്തു, അദ്ദേഹവും നോമ്പ് പിടിച്ചില്ല” (തിര്‍മിദി 750). ഹജ്ജിന് എത്തിയവര്‍ അറഫയില്‍ വെച്ച് പ്രാര്‍ഥനക്കും മറ്റും കൂടുതല്‍ ഊര്‍ജസ്വലതയോടെയായിരിക്കാന്‍ വേണ്ടിയാണ് അന്ന് നോമ്പ് പിടിക്കാത്തത്.
എന്നാണ് അറഫാ
നോമ്പ്?

ഗള്‍ഫ് രാജ്യങ്ങളില്‍ അറഫാ നോമ്പ് ഹാജിമാര്‍ അറഫയില്‍ സമ്മേളിക്കുന്ന അന്നുതന്നെ അനുഷ്ഠിക്കുകയാണ് പതിവ്. കാരണം അറഫാ ദിവസമാണല്ലോ നോമ്പ് എടുക്കല്‍ പുണ്യകര്‍മമാണെന്ന് ഹദീസില്‍ വന്നത്. എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെ ഏതാനും രാജ്യക്കാരില്‍ ചിലര്‍ അറഫാ നോമ്പ് പിടിക്കുന്നത് മക്കയില്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്ന വേളയിലോ മറ്റോ ആണ്. അതിന് അവര്‍ കാരണം പറയുന്നത് അറഫാ ദിനം ദുല്‍ഹജ്ജ് ഒമ്പതിനാണ്, അതു തങ്ങളുടെ രാജ്യങ്ങളില്‍ ഒരു ദിവസം വൈകിയാണ് എത്തുന്നത് എന്നതാണ്.
ഹജ്ജിന്റെ ഏറ്റവും മുഖ്യ ഘടകമായ അറഫാ സംഗമത്തില്‍ ഹാജിമാര്‍ എത്തി, അറഫാ ഖുത്ബ ശ്രവിച്ച് നമസ്‌കാരവും നിര്‍വഹിച്ച് തൗബയും ഇസ്തിഗ്ഫാറും നടത്തിക്കൊണ്ട് പ്രാര്‍ഥനാനിരതരായി കഴിയുന്ന, ഭക്തി കൊണ്ട് സായൂജ്യമടയുന്ന നന്മയേറിയ ആ ദിനത്തില്‍ തന്നെ ഹജ്ജിന് പോകാത്ത വിശ്വാസികള്‍ നോമ്പ് പിടിക്കുകയാണ് വേണ്ടത്. പ്രവാചക അധ്യാപനത്തില്‍ നിന്ന് മനസ്സിലാകുന്നത് അതാണ്.
അറഫാ ദിനം
ഒരു വ്യക്തിക്ക് ആരോഗ്യവും സമ്പത്തും പോകാനുള്ള വഴിയും സൗകര്യപ്പെട്ടാല്‍ ഇസ്‌ലാമില്‍ ഹജ്ജ് നിര്‍ബന്ധമാണല്ലോ. ഈ പവിത്രമായ ഹജ്ജിന്റെ ഏറ്റവും ശ്രേഷ്ഠമായ കര്‍മമത്രേ അറഫാ സംഗമം. മനുഷ്യ ശരീരത്തില്‍ ഹൃദയത്തിനോ തലയ്‌ക്കോ എത്ര പ്രാധാന്യമുണ്ടോ അതുപോലെ ഹജ്ജിന്റെ ഏറ്റവും സുപ്രധാന ഭാഗമാണ് അറഫയില്‍ നില്‍ക്കല്‍. ”അല്‍ഹജ്ജു അറഫ” അഥവാ ഹജ്ജെന്നാല്‍ അറഫയാണ് എന്ന് നബി(സ) പറഞ്ഞു.
പരിശുദ്ധമായ ദീന്‍ പൂര്‍ത്തീകരിക്കപ്പെട്ട ദിവസമാണ് അറഫാ ദിവസം. ഇന്നേ ദിവസം നിങ്ങളുടെ മതം നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നുവെന്ന വചനം അവതരിച്ച ദിനമാണത്.
ഉമറുബ്‌നുല്‍ ഖത്താബി(റ)ല്‍ നിന്ന് നിവേദനം: ”നിശ്ചയം ജൂതസമൂഹത്തില്‍ പെട്ട ഒരാള്‍ വന്നു പറഞ്ഞു: ‘ഹേ അമീറുല്‍ മുഅ്മിനീന്‍, നിങ്ങളുടെ ഗ്രന്ഥത്തില്‍ നിങ്ങള്‍ പാരായണം ചെയ്യുന്ന ഒരു സൂക്തം, അത് ജൂതസമൂഹത്തിന്റെ മേലാണ് അവതരിച്ചിരുന്നതെങ്കില്‍ ആ ദിവസം ആഘോഷദിവസമാക്കി മാറ്റുമായിരുന്നു.’ അദ്ദേഹം ചോദിച്ചു: ‘ഏത് സൂക്തം?’ ‘ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരുകയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ടു തന്നിരിക്കുന്നു.’ ഉമര്‍(റ) പറഞ്ഞു: ‘ആ സൂക്തം നബി(സ)യുടെ മേല്‍ അവതരിക്കപ്പെട്ട ദിവസവും സമയവും നമുക്കറിയാം. അദ്ദേഹം വെള്ളിയാഴ്ച അറഫയില്‍ നില്‍ക്കുമ്പോഴായിരുന്നു അത്” (ബുഖാരി 45, മുസ്‌ലിം 3017). സൂറഃ ഫജ്‌റിലെ ‘യൗമുല്‍ മശ്ഹൂദ്’ അറഫാ ദിവസത്തെ അറിയിക്കുന്നതാണെന്ന് ഇമാം തിര്‍മിദി ഉദ്ധരിച്ച തിരുവചനത്തില്‍ കാണാം.
നരകവാസികള്‍ക്ക്
മോചനം

അറഫാ ദിവസത്തിന്റെ ഏറ്റവും മഹത്തായ പ്രത്യേകതകളില്‍ ഒന്ന് ഏറ്റവും കൂടുതല്‍ നരകവാസികളെ നരകത്തില്‍ നിന്നു മോചിപ്പിക്കപ്പെടുന്ന ദിനം എന്നതാണ്. ആഇശ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ”അറഫാ ദിവസത്തേക്കാള്‍ ഏറ്റവും കൂടുതല്‍ നരകവാസികളെ നരകത്തില്‍ നിന്നു മോചിപ്പിക്കുന്ന വേറെയൊരു ദിവസവുമില്ല” (മുസ്‌ലിം 1348).

Back to Top