ആരാധനാലയങ്ങള്‍ മതമൈത്രിയുടെ കേന്ദ്രങ്ങളാകണം

ചെമ്മാട്: ‘കാത്തുവെക്കാം സൗഹൃദ കേരളം’ സന്ദേശ പ്രചാരണത്തിന്റെ ഭാഗമായി ഐ എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ സമിതി ചെമ്മാട് ഇസ്‌ലാഹി കാമ്പസില്‍ സംഘടിപ്പിച്ച ‘മൈത്രിയുടെ മിനാരങ്ങള്‍’ സംഗമം മാനവികതയുടെയും സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശങ്ങളാല്‍ ശ്രദ്ധേയമായി. ആരാധനാലയങ്ങള്‍ മതമൈത്രിയുടെ കേന്ദ്രങ്ങളാകണമെന്ന് സംഗമം ആവശ്യപ്പെട്ടു. തീവ്രവാദത്തിന്റെയും അശാന്തിയുടെയും വിദ്വേഷത്തിന്റെയും സന്ദേശവാഹകര്‍ ഏത് ബാനര്‍ നെറ്റിയിലൊട്ടിച്ചാലും ഒരു മതത്തിന്റെയും മതഗ്രന്ഥങ്ങളുടെയും പിന്തുണ അത്തരം ക്ഷുദ്രപ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കില്ല. ആ തിരിച്ചറിവും ശിഥില ശക്തികള്‍ക്കെതിരില്‍ ശക്തമായ പ്രതിരോധം തീര്‍ക്കാനുള്ള ആര്‍ജ്ജവവുമുണ്ടെങ്കില്‍ രാജ്യത്തിന്റെ സല്‍കീര്‍ത്തിയും സാഹോദര്യവും പരുക്കുകളില്ലാതെ കാത്തു സൂക്ഷിക്കാമെന്ന് സംഗമം അഭിപ്രായപ്പെട്ടു. കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, റവ. സുനില്‍ പുതിയാട്ടില്‍, ഡോ. കെ ടി അന്‍വര്‍ സാദത്ത്, റിഹാസ് പുലാമന്തോള്‍, റാഫി കുന്നുപുറം, അബ്ദുല്‍ഖയ്യൂം കുറ്റിപ്പുറം, ഹബീബ് നീരോല്‍പ്പാലം, സി പി ഇബ്‌റാഹിം, ഹാരിസ് ടി കെ എന്‍ പ്രസംഗിച്ചു.
