26 Friday
July 2024
2024 July 26
1446 Mouharrem 19

ആരാധനാ കര്‍മങ്ങളുടെ ലക്ഷ്യങ്ങള്‍ സഫലമാകാന്‍

പി കെ മൊയ്തീന്‍ സുല്ലമി


ഇസ്‌ലാം നിര്‍ബന്ധമാക്കിയ ആരാധനാകര്‍മങ്ങള്‍ നാം വീഴ്ച കൂടാതെ നിര്‍വഹിക്കുന്നത് സ്വര്‍ഗം ലഭിക്കാനാണ്. ആരാധനാ കര്‍മങ്ങള്‍ അല്ലാഹു സ്വാലിഹായ കര്‍മമായി സ്വീകരിക്കണമെങ്കില്‍ ചില നിബന്ധനകളുണ്ട്. അതില്‍ ഒന്നാമത്തേത് ഹൃദയവിശുദ്ധിയാണ്. അസൂയ, പക, പോര്, അഹങ്കാരം, അനീതി എന്നിവയില്‍ നിന്നെല്ലാം മനസ്സ് ശുദ്ധമായിരിക്കണം. ദൗര്‍ഭാഗ്യവശാല്‍, ഇത്തരം ദുര്‍ഗുണങ്ങള്‍ പ്രബോധനരംഗത്തു പോലും ഉണ്ടാകുന്നു. ചിലപ്പോള്‍ അര്‍ഹരായ ആളുകള്‍ തഴയപ്പെടുകയും അനര്‍ഹര്‍ ഉയര്‍ത്തപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. മാനസിക വിശുദ്ധിയില്ലാത്ത ഒരാളുടെ കര്‍മവും അല്ലാഹു സ്വീകരിക്കുന്നതല്ല. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും അതിനെ (മനസ്സിനെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു. അതിനെ കളങ്കപ്പെടുത്തിയന്‍ നിര്‍ഭാഗ്യവനായിത്തീരുകയും ചെയ്തു” (ശംസ് 9,10). നബി (സ) പറഞ്ഞു: ”നിങ്ങള്‍ മനസ്സിലാക്കണം, തീര്‍ച്ചയായും ശരീരത്തിനുള്ളില്‍ ഒരു മാംസക്കഷ്ണമുണ്ട്. അത് നന്നായിത്തീര്‍ന്നാല്‍ ശരീരം മുഴുവന്‍ നന്നായി. അത് നശിച്ചാല്‍ ശരീരം മുഴുവന്‍ നശിച്ചു. അതാണ് ഹൃദയം” (ബുഖാരി, മുസ്‌ലിം).
”സമ്പത്തും സന്താനങ്ങളും പ്രയോജനം ചെയ്യാത്ത ദിവസം, കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിങ്കല്‍ ചെന്നവര്‍ക്കൊഴികെ” (ശുഅറാഅ് 88,89). ഈ വചനത്തെ ഇബ്‌നു കസീര്‍ (റ) വ്യാഖ്യാനിക്കുന്നത് ഇപ്രകാരമാണ്: ”ചേറില്‍ നിന്നും ശിര്‍ക്കില്‍ നിന്നും മുക്തരായവര്‍” (3:339). ഇവിടെ ചേറ് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് അസൂയ പോലുള്ള, ഹൃദയത്തില്‍ കടന്നുകൂടാന്‍ സാധ്യതയുള്ള മാലിന്യങ്ങളാണ്. അനസ് (റ) പറയുന്നു: ഞങ്ങള്‍ നബി(സ)യോടൊപ്പം ഇരിക്കുന്ന സന്ദര്‍ഭത്തില്‍ അവിടുന്ന് പറഞ്ഞു: സ്വര്‍ഗക്കാരില്‍പെട്ട ഒരാള്‍ ഇപ്പോള്‍ നിങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതാണ്. അങ്ങനെ ഇടതു കൈയില്‍ ചെരിപ്പ് പിടിച്ചുകൊണ്ട് (പള്ളിയിലേക്ക്) ഒരാള്‍ കടന്നുവന്നു. പ്രവാചകന്‍ എഴുന്നേറ്റുപോയപ്പോള്‍ അദ്ദേഹവും എഴുന്നേറ്റു. അംറിബ്‌നുല്‍ ആസ്വ്(റ) അദ്ദേഹത്തെ വീടു വരെ പിന്തുടര്‍ന്നു. അന്ന് രാത്രി (സ്വര്‍ഗക്കാരന്റെ) വീട്ടില്‍ താമസിച്ചു. അവിടെ മൂന്നു ദിവസം കഴിച്ചുകൂട്ടി. അംറിബ് നുല്‍ ആസ്വ്(റ) മൂന്നു ദിവസവും ഖിയാമുല്ലൈല്‍ നമസ്‌കരിച്ചു. നബി (സ) സ്വര്‍ഗക്കാരനാണെന്നു പറഞ്ഞ വ്യക്തി ഖിയാമുല്ലൈല്‍ നമസ്‌കരിക്കുകയുണ്ടായില്ല. മൂന്നാം ദിവസം കഴിഞ്ഞപ്പോള്‍ അംറിബ്‌നുല്‍ ആസ്വ്(റ) പറഞ്ഞു: ഞാന്‍ താങ്കളുടെ ഇബാദത്ത് പരിശോധിക്കാനാണ് വന്നത്. താങ്കളുടെ അടുക്കല്‍ പ്രത്യേകമായ ഇബാദത്തൊന്നുമില്ല. ഇതും പറഞ്ഞ് സലാം ചൊല്ലി പിരിയുമ്പോള്‍ സ്വര്‍ഗക്കാരന്‍ പറഞ്ഞു: നബി(സ) എന്നെക്കുറിച്ച് അപ്രകാരം പറഞ്ഞത് ഞാന്‍ കേട്ടിട്ടില്ല. അംറിബ്‌നുല്‍ ആസ്വ്(റ) പുറപ്പെട്ടപ്പോള്‍ സ്വര്‍ഗക്കാരന്‍ അദ്ദേഹത്തെ തിരിച്ചുവിളിച്ച് ഇപ്രകാരം പറഞ്ഞു: ഞാന്‍ ഇന്നേവരെ ഒരാളെയും വഞ്ചിച്ചിട്ടില്ല. ഒരാളോടും അസൂയ കാണിച്ചിട്ടുമില്ല. (അഹ്മദ്, ഇബ്‌നുകസീര്‍ 3:337-338)
അല്ലാഹു നമ്മുടെ കര്‍മങ്ങള്‍ സ്വീകരിക്കണമെങ്കില്‍ രണ്ടാമത്തെ നിബന്ധന നമ്മുടെ വിശ്വാസവും കര്‍മവും ഖുര്‍ആനിനും സുന്നത്തിനും അനുസരിച്ച് പ്രമാണബദ്ധമായിരിക്കുകയെന്നതാണ്. സമൂഹത്തില്‍ നടക്കുന്ന ഭൂരിപക്ഷം അന്ധവിശ്വാസവും അനാചാരങ്ങളും ബഹുഭൂരിപക്ഷത്തിന്റെ മറവിലാണ്. അഹ്‌ലുസ്സുന്നയുടെ ബഹുഭൂരിപക്ഷം ഇസ്‌ലാമില്‍ പ്രമാണമല്ല. ഖുര്‍ആനും സുന്നത്തും പ്രമാണമാക്കുന്നവരാണ് യഥാര്‍ഥ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ വക്താക്കള്‍. അവര്‍ എത്ര ന്യൂനപക്ഷമായിരുന്നാല്‍ പോലും ശരി അവര്‍ ഇസ്‌ലാമില്‍ പ്രമാണവുമാണ്. അല്ലാതെ കേവല ഭൂരിപക്ഷം ഇസ്‌ലാമില്‍ പ്രമാണമല്ല. അല്ലാഹു അരുളി: ”ഭൂമിയിലുള്ള ബഹുഭൂരിപക്ഷത്തെ താങ്കള്‍ അനുസരിക്കുന്നപക്ഷം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് താങ്കളെ അവര്‍ തെറ്റിച്ചുകളയുന്നതാണ്” (അന്‍ആം 116). മാത്രവുമല്ല, അല്ലാഹുവിന്റെ അടിമകള്‍ എന്നു പറയപ്പെടുന്നവരില്‍ നിന്നുപോലും ഒരു ന്യൂനപക്ഷം മാത്രമേ അല്ലാഹുവിന് നന്ദി കാണിച്ചു ജീവിക്കുന്നവരായുള്ളൂ എന്നാണ് അല്ലാഹു പറയുന്നത്. അത് ശ്രദ്ധിക്കുക. ”തികഞ്ഞ നന്ദിയുള്ളവര്‍ എന്റെ ദാസന്മാരില്‍ വിരളമാകുന്നു” (സബഅ് 13).
ഈ വിഷയത്തില്‍ ഇമാം ഗസ്സാലി(റ)യുടെ പ്രസ്താവന ഇമാം സഹസ്‌വാനി(റ) രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക: ”ഈ കാലഘട്ടത്തില്‍ വല്ലവനും തന്റെ വിശ്വാസം അടിയുറപ്പിച്ചു നിര്‍ത്താതെ ബഹുഭൂരിപക്ഷം മുസ്‌ലിംകളും പ്രവേശിച്ച മാര്‍ഗത്തില്‍ പ്രവേശിക്കുന്നപക്ഷം മുന്‍ഗാമികള്‍ നശിപ്പിക്കപ്പെട്ടതുപോലെ നിങ്ങളും നശിപ്പിക്കപ്പെടും. തീര്‍ച്ചയായും ദീനിന്റെ അടിസ്ഥാനവും അതിന്റെ തൂണും നിലനില്‍പും കുറേ ആചാരങ്ങളും ആരാധനകളും നിലനിര്‍ത്തുന്നതിലല്ല. മറിച്ച്, ദീനില്‍ കയറിക്കൂടുന്ന അപകടകരമായ ബിദ്അത്തുകള്‍ സൂക്ഷിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നതിലാണ്. തീര്‍ച്ചയായും അനാചാരങ്ങളുടെ ആധിക്യം കാരണം അത് നിര്‍ബന്ധമായ ദീനിന്റെ ചര്യ എന്ന നിലയിലാണ് വന്നിട്ടുള്ളത്” (സ്വിയാനത്തുല്‍ ഇന്‍സാന്‍, പേജ് 116).
നമ്മുടെ കര്‍മങ്ങള്‍ അല്ലാഹു സ്വീകരിക്കണമെങ്കില്‍ മൂന്നാമത്തെ നിബന്ധന അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചുകൊണ്ട് പ്രവര്‍ത്തിക്കുക എന്നതാണ്. അല്ലാഹു അരുളി: ”വല്ലവനും പരലോകം ഉദ്ദേശിക്കുകയും സത്യവിശ്വാസത്തോടെ അതിനു വേണ്ടി അതിന്റേതായ പരിശ്രമം നടത്തുകയും ചെയ്യുന്നപക്ഷം അത്തരക്കാരുടെ പരിശ്രമം പ്രതിഫലാര്‍ഹമായിരിക്കും” (ഇസ്‌റാഅ് 19).
നബി(സ) അരുളി: ”കര്‍മങ്ങള്‍ (പ്രതിഫലം) നിയ്യത്ത് അനുസരിച്ച് മാത്രമാണ്” (ബുഖാരി). നോമ്പ് അല്ലാഹു നിര്‍ബന്ധമാക്കിയത് ഒരു വര്‍ഷത്തെ ജീവിതം മുഴുവന്‍ തഖ്‌വ ഉള്‍ക്കൊണ്ടുകൊണ്ടായിരിക്കാന്‍ വേണ്ടിയാണ്. അല്ലാഹു അരുളി: ”സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നതുപോലെ തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ തഖ്‌വയുള്ളവരായിത്തീരാന്‍ വേണ്ടിയത്രേ അത്” (അല്‍ബഖറ 183). നൂഹ് നബി(അ)യുടെ കാലഘട്ടം മുതല്‍ക്കാണ് നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടത് എന്നു പറയപ്പെടുന്നു (മുസ്‌ലിം, ഫത്ഹുല്‍ ബാരി 8:27). അല്ലാഹു നിരോധിച്ച കാര്യങ്ങളില്‍ നിന്ന് മാറിനില്‍ക്കുകയും അവന്റെ കല്‍പനകള്‍ ജീവിതത്തില്‍ പുലര്‍ത്തി ജീവിക്കുകയും ചെയ്യുകയെന്നതാണ് തഖ്‌വയുടെ ആകത്തുക. ജീവിതത്തില്‍ തഖ്‌വയുള്‍ക്കൊണ്ട് ജീവിക്കുന്നവരാണ് അല്ലാഹുവിന്റെ ഔലിയാക്കള്‍. അല്ലാഹു അരുളി: ”അറിയുക, തീര്‍ച്ചയായും അല്ലാഹുവിന്റെ ഔലിയാക്കളാരോ (മിത്രങ്ങള്‍) അവര്‍ക്ക് യാതൊരു ഭയവുമില്ല. അവര്‍ ദുഃഖിക്കേണ്ടിവരുകയുമില്ല. വിശ്വസിക്കുകയും സൂക്ഷ്മത പാലിച്ചു ജീവിക്കുകയും ചെയ്യുന്നവരത്രേ അവര്‍” (യൂനുസ് 62,63). മേല്‍പറഞ്ഞ വചനത്തിന് ഇബ്‌നു ജരീര്‍ (റ) കൊടുക്കുന്ന വ്യാഖ്യാനം ഇപ്രകാരമാണ്: ”അല്ലാഹു നിര്‍ബന്ധമാക്കിയ കാര്യങ്ങള്‍ അനുഷ്ഠിച്ചുകൊണ്ടും നിരോധിച്ച കാര്യങ്ങള്‍ വെടിഞ്ഞുകൊണ്ടും അല്ലാഹുവെ സൂക്ഷിക്കുന്നവരാണവര്‍” (ജാമിഉല്‍ ബയാന്‍, യൂനുസ് 63).
മറ്റൊരു വചനത്തില്‍ അല്ലാഹു അരുളി: ”നിങ്ങളോട് നിരോധിക്കപ്പെട്ട വന്‍പാപങ്ങള്‍ നിങ്ങള്‍ വര്‍ജിക്കുന്നപക്ഷം നിങ്ങളുടെ തിന്മകളെ നിങ്ങളില്‍ നിന്ന് നാം മായ്ച്ചുകളയുകയും മാന്യമായ ഒരു സ്ഥാനത്ത് നിങ്ങളെ നാം പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്” (നിസാഅ് 31). ഒരു നോമ്പുകാരന്‍ ഏറ്റവുമധികം സൂക്ഷിക്കേണ്ടത് തന്റെ നാക്കിനെയാണ്. നബി (സ) അരുളി: ”വല്ലവനും കള്ളവാക്കും അതിനോടനുബന്ധിച്ച പ്രവര്‍ത്തനങ്ങളും ഉപേക്ഷ വരുത്താത്തപക്ഷം അത്തരക്കാര്‍ ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിക്കണം (നോമ്പനുഷ്ഠിക്കണം) എന്ന് അല്ലാഹുവിന് താല്‍പര്യമില്ല” (അസ്ഹാബുസ്സുനന്‍).
സമൂഹത്തില്‍ ഒരു ന്യൂനപക്ഷം നോമ്പിനു മാത്രം തഖ്‌വ പ്രകടിപ്പിക്കുകയും നോമ്പ് കഴിഞ്ഞാല്‍ തോന്നിയ വിധം ജീവിക്കുന്നവരുമാണ്. അത്തരം തഖ്‌വകളൊന്നും അല്ലാഹു പരിഗണിക്കുന്നതല്ല. ഇസ്‌ലാം കാര്യം അഞ്ചാണല്ലോ. പ്രസ്തുത കാര്യങ്ങളിലും അല്ലാഹുവിന് സുവ്യക്തമായ ലക്ഷ്യങ്ങളുണ്ട്. ഒന്നാമത്തേത് ‘അശ്ഹദു അന്‍ ലാഇലാഹ ഇല്ലല്ലാഹ്’ എന്ന ശഹാദത്താണ്. അതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു സത്യവിശ്വാസി ജനനം മുതല്‍ മരണം വരെ അല്ലാഹുവില്‍ തവക്കുല്‍ ചെയ്തും അവനെ അവലംബമാക്കിയും അവനില്‍ മാത്രം വിശ്വാസമര്‍പ്പിച്ചും ജീവിക്കുക എന്നതാണ്. ആരാധനയിലൂടെ അതാണ് നാം നിര്‍വഹിക്കുന്നത്.
അത്തരക്കാര്‍ക്ക് ഇഹത്തിലും പരത്തിലും വലിയ സഹായവാഗ്ദാനങ്ങള്‍ അല്ലാഹു നല്‍കിയിട്ടുമുണ്ട്. രണ്ടാമത്തെ ശഹാദത്ത് ‘വ അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ്’ എന്നതാണ്. അതുകൊണ്ട് ഉദ്ദേശിക്കുന്നത് ഞാന്‍ ജീവിക്കുന്ന കാലമത്രയും നബി(സ)യുടെ മാതൃക പിന്‍പറ്റിയേ ജീവിക്കൂ എന്നതാണ്. അതിനും ഇരുലോകത്തും വിജയം അല്ലാഹു വാഗ്ദാനം ചെയ്തിട്ടുണ്ട്. നമസ്‌കാരം കൊണ്ട് രണ്ടു ലക്ഷ്യങ്ങളാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. അക്കാര്യം അല്ലാഹു വ്യക്തമാക്കിയത് ഇപ്രകാരമാണ്: ”തീര്‍ച്ചയായും നമസ്‌കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധ കര്‍മത്തില്‍ നിന്നും തടയുന്നു. അല്ലാഹുവെ ഓര്‍ക്കുക എന്നത് ഏറ്റവും മഹത്തായ കാര്യം തന്നെയാകുന്നു” (അന്‍കബൂത്ത് 45).
മേല്‍പറഞ്ഞ കാര്യങ്ങള്‍ നടക്കുന്നില്ലെങ്കില്‍ നമസ്‌കാരം കൊണ്ട് വലിയ കാര്യമില്ല. സകാത്തു കൊണ്ട് അല്ലാഹു ഉദ്ദേശിക്കുന്നത് പ്രധാനമായും രണ്ടു കാര്യങ്ങളാണ്. അല്ലാഹു അരുളി: ”അവരെ ശുദ്ധീകരിക്കുകയും അവരെ സംസ്‌കരിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ സ്വത്തുക്കളില്‍ നിന്നു നീ വാങ്ങുക” (തൗബ 103). മേല്‍പറഞ്ഞതിന്റെ താല്‍പര്യം അന്യരുടെ അവകാശങ്ങള്‍ അവര്‍ക്ക് കൊടുത്തുകൊണ്ട് തന്റെ ധനം ശുദ്ധീകരിക്കുകയെന്നതാണ്. മറ്റൊരു ലക്ഷ്യം സാമ്പത്തികമായി വിഷമിക്കുന്നവന്റെ വിഷമം അകറ്റുകയെന്നതാണ്. ഹജ്ജിലൂടെ അല്ലാഹു ഉദ്ദേശിക്കുന്നത് അവന്റെ മാര്‍ഗത്തിലുള്ള ത്യാഗവും ഇബ്‌റാഹീം നബി(അ)യുടെയും സത്യവിശ്വാസികളായ അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ത്യാഗസമ്പൂര്‍ണമായ ജീവിതം സ്മരിക്കുക എന്നതാണ്. മേല്‍പറഞ്ഞ അഞ്ചു കാര്യങ്ങള്‍ കൊണ്ട് ഭൗതികമായ ചില നേട്ടങ്ങളും അല്ലാഹു ഉദ്ദേശിച്ചിരിക്കാം. അതിവിടെ ചര്‍ച്ചയാക്കുന്നില്ല. നോമ്പുകാരന് അവന്റെ നോമ്പു കൊണ്ട് മഹാപാപമല്ലാത്ത എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തുകൊടുക്കുന്നതാണ്. നബി (സ) അരുളി: ”സത്യവിശ്വാസത്തോടും അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ചും റമദാനില്‍ വല്ലവനും നോമ്പനുഷ്ഠിക്കുന്നപക്ഷം അവന്റെ കഴിഞ്ഞുപോയ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്” (ബുഖാരി).
റമദാനിലെ രാത്രിനമസ്‌കാരത്തിനും പ്രത്യേകതയുണ്ട്. നബി(സ) പ്രസ്താവിച്ചു: ”സത്യവിശ്വാസത്തോടു കൂടിയും അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ചും വല്ലവനും റമദാനില്‍ രാത്രി നിന്ന് നമസ്‌കരിക്കുന്നപക്ഷം അവന്റെ കഴിഞ്ഞുപോയ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്” (ബുഖാരി). ഇസ്‌ലാമില്‍ ഏറ്റവുമധികം പ്രതിഫലം ദാനധര്‍മത്തിനാണ്. സൂറത്തുല്‍ ബഖറ 261ാം വചനത്തില്‍ അല്ലാഹു അരുളിയത് ‘700 മടങ്ങും അതിന്റെ ഇരട്ടിയും’ എന്നാണ്. പക്ഷേ ജനങ്ങള്‍ ഏറ്റവുമധികം വിമുഖത കാണിക്കുന്നതും ദാനധര്‍മത്തിന്റെ വിഷയത്തിലാണ്. സാധാരണ സത്കര്‍മങ്ങളുടെ പ്രതിഫലം അതിന്റെ പത്ത് മടങ്ങാണ്.
അല്ലാഹു അരുളി: ”വല്ലവനും ഒരു നന്മ ചെയ്താല്‍ അതിന്റെ പത്ത് മടങ്ങ് പ്രതിഫലം അവനുണ്ട്” (അന്‍ആം 160). എന്നാല്‍ നോമ്പിന്റെ പ്രതിഫലം അതിന്റെ ആത്മാര്‍ഥതയ്ക്കനുസരിച്ച് എത്രയോ ഇരട്ടിയാവാം. എത്രയാണെന്ന് കൃത്യമായി പറയപ്പെട്ടിട്ടില്ല. അല്ലാഹു അരുളിയതായി നബി (സ) പ്രസ്താവിച്ചു: ”നോമ്പ് എനിക്കുള്ളതാണ്. ഞാനാണ് അതിന് പ്രതിഫലം നല്‍കുന്നവന്‍” (അഹ്മദ്, മുസ്‌ലിം).

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x