ആരാധനാ കര്‍മങ്ങളുടെ സാഫല്യം
പി കെ മൊയ്തീന്‍ സുല്ലമി
നമ്മുടെ ആരാധനാ കര്‍മങ്ങള്‍ അല്ലാഹു സ്വീകരിക്കണമെങ്കില്‍ ചില നിബന്ധനകളുണ്ട്. അതില്‍ ഒന്നാമത്തേത് തഖ്‌വ(സൂക്ഷ്മത)യാണ്. തഖ്‌വയുടെ പ്രഭവകേന്ദ്രം മനസ്സാണ്. അഥവാ മാനസിക വിശുദ്ധിയോടെ നാം ചെയ്യുന്ന കര്‍മങ്ങള്‍ മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ. അല്ലാഹു അരുളി: ‘തീര്‍ച്ചയായും അതിനെ(മനസ്സിനെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു. അതിനെ കളങ്കപ്പെടുത്തിയവന്‍ നിര്‍ഭാഗ്യമടയുകയും ചെയ്തു’ (സൂറത്തുശ്ശംസ് 9,10).
നമ്മുടെ കര്‍മങ്ങള്‍ അല്ലാഹു സ്വീകരിക്കണമെങ്കില്‍ ആദ്യമായി നമ്മുടെ മനസ്സിനെ ശുദ്ധമാക്കണം. ഏതുപോലെയെന്നാല്‍, ഒരു പാത്രത്തിലേക്ക് ഭക്ഷണം വിളമ്പുമ്പോള്‍ നാം പാത്രം കഴുകി വൃത്തിയാക്കാറുണ്ട് എന്നതുപോലെ. മറിച്ച് വൃത്തിഹീനമായ ഒരു പാത്രത്തിലേക്കാണ് നാം ഭക്ഷണം വിളമ്പുന്നതെങ്കില്‍ അതുമൂലം നമുക്ക് രോഗം വരാനാണ് നൂറുശതമാനവും സാധ്യത. അത് നമ്മുടെ ആരോഗ്യ സംരക്ഷണത്തിന് ഒരിക്കലും പ്രയോജനപ്പെടുന്നതല്ല. അതുപോലെ തന്നെയാണ് വൃത്തിഹീനമായ മനസ്സും. അസൂയ, അഹങ്കാരം, വിദ്വേഷം, അനീതി, കാപട്യം, പരദൂഷണം തുടങ്ങിയ നിരവധി ചീത്ത ധാരണകളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും നമ്മുടെ മനസ്സിനെ നാം സംരക്ഷിക്കേണ്ടതുണ്ട്. മേല്‍ പറഞ്ഞ ദുര്‍ഗുണങ്ങള്‍ സമ്മേളിച്ച ഒരു വ്യക്തിക്കും തന്റെ സഹോദരനെ മനസ്സറിഞ്ഞു സ്‌നേഹിക്കാന്‍ സാധ്യമല്ല. നബി(സ) പറഞ്ഞു: ”നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുന്നതു വരെ നിങ്ങള്‍ സത്യവിശ്വാസികളായിത്തീരുന്നതല്ല” (മുസ്‌ലിം).
നാം മനസ്സിലാക്കിയ സത്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവനെപ്പോലും നാം വ്യക്തിപരമായി ശത്രുവായി ഗണിക്കരുത്. നമ്മുടെ എതിര്‍പ്പും ശത്രുതയും അയാളുടെ തെറ്റായ വാദഗതിയോട് മാത്രമായിരിക്കണം. മറിച്ച്, അയാളുടെ വാദഗതിയെക്കാളും നമ്മുടെ ശത്രുത വ്യക്തിയോടാണെങ്കില്‍ അത് സ്വാര്‍ഥതയായിട്ട് മാത്രമേ അല്ലാഹു വിലയിരുത്തൂ. അഥവാ നമ്മുടെ താല്‍പര്യം എപ്പോഴും സത്യത്തോടൊപ്പമായിരിക്കണം.
നബി(സ) അരുളി: ”ഭരണാധിപന്റെ മുന്നില്‍ സത്യം തുറന്നുപറയലാണ് ഏറ്റവും ശ്രേഷ്ഠമായ സമരം” (നസാഈ). നമ്മുടെ വാശിയും സത്യം ഗ്രഹിക്കുന്നതിലായിരിക്കണം. വ്യക്തിപരമാകരുത്. വ്യക്തിപരമായതുകൊണ്ടാണ് പരസ്പരം സത്യം മനസ്സിലാക്കാന്‍ തയ്യാറാകാത്തതും. കാരണം പലരുടെയും ലക്ഷ്യം ഭൗതികമായ ലാഭങ്ങളാണ്. തനിക്കെതിരില്‍ ശബ്ദിക്കുന്ന വ്യക്തി പ്രസ്തുത ദര്‍ശനത്തെ എതിര്‍ത്ത് സംസാരിക്കുമ്പോള്‍, അതിനെ എതിര്‍ക്കുന്ന വ്യക്തി തന്റെ ഭൗതിക നേട്ടത്തിന് എതിരാണെന്ന് കരുതി വ്യക്തിയോട് വിരോധം കാണിക്കുകയാണ്. അവന്റെ ലക്ഷ്യം തനിക്ക് ഭൗതികനേട്ടം ഉണ്ടാക്കിത്തരുന്ന ദര്‍ശനം നിലനിര്‍ത്തുകയെന്നതുമാണ്.
അല്ലാഹു അരുളി: ”വല്ലവനും ക്ഷണികമായതിനെയാണ് (ഇഹലോകത്തെ) ഉദ്ദേശിക്കുന്നതെങ്കില്‍ അവര്‍ക്ക് നാം ഉദ്ദേശിക്കുന്ന വിധം വേഗത്തില്‍ തന്നെ(ദുനിയാവ്) നല്‍കുന്നതാണ്. പിന്നെ നാം അങ്ങനെയുള്ളവന് നല്‍കുന്നത് നരകമായിരിക്കും. അപമാനിതനും പുറംതള്ളപ്പെട്ടവനുമായിക്കൊണ്ട് അവന്‍ അതില്‍ കടന്നെരിയുന്നതാണ്” (ഇസ്‌റാഅ് 18). ശേഷം അല്ലാഹു പരലോകം ഉദ്ദേശിച്ച് പ്രവര്‍ത്തിക്കുന്നവരുടെ പ്രതിഫലവും വിശദീകരിക്കുന്നുണ്ട്. ”ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും സത്യവിശ്വാസിയായിക്കൊണ്ട് അതിനുവേണ്ടി അതിന്റേതായ പരിശ്രമം നടത്തുകയും ചെയ്യുന്ന പക്ഷം അത്തരക്കാരുടെ പരിശ്രമം പ്രതിഫലാര്‍ഹമായിരിക്കും” (ഇസ്‌റാഅ് 19).
മുസ്‌ലിംകള്‍ക്ക് ഇന്ന് ഏറ്റവും നാശകരമായത് പരസ്പരം സത്യം മനസ്സിലാക്കാന്‍ തയ്യാറാകുന്നില്ലയെന്നതാണ്. താന്‍ അന്ധമായി വിശ്വസിച്ചാചരിച്ചു വരുന്ന കാര്യങ്ങള്‍ക്ക് വിരുദ്ധമായി മറ്റൊരു പണ്ഡിതന്‍ ആയത്തുകളും ഹദീസുകളും നിരത്തി ഖണ്ഡിക്കുമ്പോള്‍ അത് കേള്‍ക്കാന്‍ പോലും ചില പണ്ഡിതന്മാര്‍ തയ്യാറാകുന്നില്ല എന്നത് വസ്തുതയാണ്. സത്യം ഗ്രഹിക്കാന്‍ തയ്യാറില്ലാത്തവര്‍ പണ്ഡിതനായിരുന്നാലും പാമരനായിരുന്നാലും ശരി അത്തരക്കാര്‍ മൃഗതുല്യരാണ്. അല്ലാഹു അരുളി: ”ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിനുവേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്ക് മനസ്സുകളുണ്ട്. അതുകൊണ്ട് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്ക് കണ്ണുകളുണ്ട്. അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്. അതുപയോഗിച്ച് അവര്‍ കേട്ട്മനസ്സിലാക്കുകയില്ല. അവര്‍ കാലികളെപ്പോലെയാകുന്നു. അല്ല അവരാണ് കൂടുതല്‍ (കാലികളെക്കാള്‍) പിഴച്ചവര്‍. അവര്‍ തന്നെയാണ് അശ്രദ്ധരും” (അഅ്‌റാഫ് 179).
മറ്റൊരു വചനം: ‘തീര്‍ച്ചയായും ജന്തുക്കളുടെ കൂട്ടത്തില്‍ അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും മോശപ്പെട്ടവര്‍ ചിന്തിച്ചുമനസ്സിലാക്കാത്ത ഊമകളും ബധിരന്മാരുമാകുന്നു” (അന്‍ഫാല്‍ 22).
ഒരു സ്വഫ്ഫില്‍ ആറ് ആളുകളുണ്ടെങ്കില്‍ ആറുപേരും പരസ്പരം വിരോധം വെച്ചുപുലര്‍ത്തുന്നവരാണ്. ഇവര്‍ക്കെങ്ങനെ സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ സാധിക്കും? നബി(സ) പറഞ്ഞില്ലേ?: ”നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുന്നതു വരെ സ്വര്‍ഗത്തില്‍ കടക്കുകയില്ല” (മുസ്‌ലിം).
പരസ്പരം സ്‌നേഹിക്കാതെ വിരോധം വെച്ചുപുലര്‍ത്ത ല്‍ കപടന്മാരുടെ ലക്ഷണവുമാണ്. അല്ലാഹു അരുളി: ‘അവര്‍ ഒരുമിച്ചാണെന്ന് താങ്കള്‍ വിചാരിക്കുന്നു. അവരുടെ മനസ്സുകള്‍ ഭിന്നിപ്പിലാകുന്നു’ (ഹശ്ര്‍ 13). നമ്മുടെ കര്‍മഫലങ്ങള്‍ നഷ്ടപ്പെടുത്തുന്ന ഏറ്റവും വലിയ ദുര്‍ഗുണമാണ് അസൂയ.
മനുഷ്യജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും വ്യാപിച്ചുകിടക്കുന്ന ദുര്‍ഗുണമാണ് അസൂയ. അതിന് ജാതിമത ഭേദമില്ല. ഒരാളുടെ വളര്‍ച്ചയില്‍ മറ്റൊരാള്‍ക്കുള്ള മനോവിഷമം, അതാണ് അസൂയ. സാമ്പത്തികം, സാമൂഹികം, വിജ്ഞാനം, ആരോഗ്യ രംഗങ്ങള്‍ എന്നീ എല്ലാ മേഖലകളിലും അസൂയ വ്യാപകമാണ്. അസൂയാലുവിന്റെ ശര്‍റില്‍ നിന്ന് രക്ഷതേടാന്‍ അല്ലാഹു കല്‍പിച്ചു: ”അസൂയാലു അസൂയ കാണിക്കുമ്പോള്‍ അതിന്റെ ശര്‍റില്‍ നിന്ന് ഞാന്‍ അല്ലാഹുവോട് രക്ഷ തേടുന്നു” (ഫലഖ് 5).
ഒരേ സംഘടനയിലും പ്രസ്ഥാനത്തിലും പ്രവര്‍ത്തിക്കുന്നവര്‍ പോലും ഈ ദുര്‍ഗുണത്തില്‍ നിന്ന് മോചിതരല്ല. അല്ലാഹുവിന്റെ ചോദ്യം ശ്രദ്ധിക്കുക: ”അതല്ല, അല്ലാഹു അവന്റെ ഔദാര്യത്തില്‍ നിന്ന് മറ്റു മനുഷ്യര്‍ക്ക് നല്‍കിയിട്ടുള്ളതിന്റെ പേരില്‍ അവര്‍ അസൂയ കാണിക്കുകയാണോ?” (നിസാഅ് 54).
അസൂയാലുവിന് ഇരുലോകത്തും ഉയരാനോ വളരാനോ സാധ്യമല്ല. അത് നിലനില്‍ക്കുന്ന കാലത്തോളം അവന്റെ സല്‍കര്‍മങ്ങള്‍ പോലും അല്ലാഹു സ്വീകരിക്കുന്നതുമല്ല. നബി(സ) അരുളി: ”അസൂയയെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും തീ വിറകിനെ ഭക്ഷിക്കുന്നതുപോലെ അസൂയ സല്‍കര്‍മങ്ങളെ തിന്നുകളയും” (അബൂദാവൂദ്). മറ്റുള്ളവരുടെ വളര്‍ച്ചയില്‍ അസൂയ കാണിക്കുന്നവരെ അല്ലാഹു ഒരു നിലക്കും തുണക്കുന്നതുമല്ല.
മറ്റൊരു നബിവചനം ഇപ്രകാരമാണ്: ”നിങ്ങള്‍ പരസ്പരം കോപിക്കുകയോ അസൂയ കാണിക്കുകയോ (നല്ല കാര്യങ്ങളില്‍ നിന്ന്) പിന്തിരിയുകയോ (ചേര്‍ക്കേണ്ട) ബന്ധം മുറിച്ചുകളയുകയോ ചെയ്യരുത്. അല്ലാഹുവിന്റെ അടിമകളേ, നിങ്ങള്‍ സഹോദരന്മാരായി വര്‍ത്തിക്കണം. മൂന്ന് ദിവസത്തിലധികം ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിം സഹോദരനെ കൈവെടിഞ്ഞു ജീവിക്കല്‍ അനുവദനീയമല്ല” (ബുഖാരി, മുസ്‌ലിം).
അസൂയയെക്കാള്‍ പതിന്മടങ്ങ് ദുഷിച്ച സ്വഭാവമാണ് അഹങ്കാരം. അഹങ്കാരിയില്‍ എല്ലാവിധ ദുസ്സ്വഭാവങ്ങളും സമ്മേളിക്കും. പ്രവാചകനെയും വേദഗ്രന്ഥത്തെയും ധിക്കരിച്ചത് അവരുടെ അഹങ്കാരം മൂലമായിരുന്നു. അല്ലാഹു അരുളി: ‘തീര്‍ച്ചയായും അവര്‍ സ്വയം ഗര്‍വ് നടിക്കുകയും വലിയ ധിക്കാരം കാണിക്കുകയും ചെയ്തിരുന്നു.’ (ഫുര്‍ഖാന്‍ 21).
കിബ്‌റുള്ള വ്യക്തി ഒരാളുടെ കഴിവിനെയും അംഗീകരിക്കുകയില്ല. കാരണം അവന്റെ ഭാവം താനാണ് എല്ലാവരെക്കാളും ഉന്നതന്‍ എന്നാണ്. നല്ല വസ്ത്രം ധരിക്കലോ നല്ല ചെരുപ്പ് ധരിക്കലോ അല്ല കിബ്ര്‍. കിബ്ര്‍ എന്താണെന്ന് നബി(സ) വിശദീകരിച്ചു: ഇബ്‌നു മസ്ഊദ്(റ) നബി (സ) യില്‍ നിന്ന് ഉദ്ധരിക്കുന്നു: ”നബി(സ) പറഞ്ഞു. മനസ്സില്‍ ഒരണുമണിത്തൂക്കം അഹങ്കാരമുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതല്ല. അപ്പോള്‍ ഒരാള്‍ ചോദിച്ചു. ഒരാള്‍ തന്റെ വസ്ത്രവും ചെരുപ്പും നല്ലതായിരിക്കാന്‍ ആഗ്രഹിക്കുന്നു. അത് അഹങ്കാരമാണോ? അപ്പോള്‍ നബി(സ) പറഞ്ഞു: തീര്‍ച്ചയായും അല്ലാഹു ഭംഗിയുള്ളവനാണ്. അവന്‍ അഴകിനെ ഇഷ്ടപ്പെടുന്നു. അഹങ്കാരം എന്നത് സത്യത്തെ ധിക്കരിക്കലും ജനങ്ങളെ നിസ്സാരപ്പെടുത്തലുമാണ്” (മുസ്ലിം)
യഥാര്‍ഥ സത്യവിശ്വാസി വിനയമുള്ളവനായിരിക്കും. അല്ലാഹു അരുളി: ”ഭൂമിയില്‍ ഉന്നതിയോ കുഴപ്പമോ ആഗ്രഹിക്കാത്തവര്‍ക്കാകുന്നു ആ പാരത്രികഭവനം(സ്വര്‍ഗം) നാം നല്‍കുന്നത്” (ഖസ്വസ് 8). അല്ലാഹു പറയുന്നു: ”പരമകാരുണികന്റെ ദാസന്മാര്‍ ഭൂമിയില്‍ക്കൂടി വിനയത്തോടെ സഞ്ചരിക്കുന്നവരാകുന്നു” (ഫുര്‍ഖാന്‍ 63). മലിന മനസ്സുകളുടെ സല്‍കര്‍മങ്ങള്‍ പോലും അല്ലാഹു അന്ത്യദിനത്തില്‍ സ്വീകരിക്കുന്നതല്ല. അല്ലാഹു അരുളി: ”സന്താനങ്ങളോ സമ്പത്തോ പ്രയോജനം ചെയ്യാത്ത ദിവസം. സുരക്ഷിതമായ (കുറ്റമറ്റ) മനസ്സുമായി അല്ലാഹുവിങ്കല്‍ ചെന്നവര്‍ക്കൊഴികെ” (ശുഅറാഅ് 88,89). അക്കാര്യം നബി(സ)യും ഉണര്‍ത്തിയിട്ടുണ്ട്. ”നിങ്ങള്‍ മനസ്സിലാക്കണം, തീര്‍ച്ചയായും ശരീരത്തിനുള്ളില്‍ ഒരു മാംസക്കഷണമുണ്ട്. അത് നന്നായാല്‍ ശരീരം മുഴുക്കെ നന്നായിത്തീര്‍ന്നു. അത് ദുഷിച്ചാല്‍ ശരീരം മുഴുക്കെ ദുഷിച്ചു. അറിയുക. അതാണ് ഹൃദയം” (ബുഖാരി, മുസ്‌ലിം).
നമ്മുടെ ആരാധനകളില്‍ പെടുന്നതും സല്‍കര്‍മങ്ങളില്‍ ഉള്‍പ്പെടുന്നതുമായ എല്ലാ കര്‍മങ്ങളും അഥവാ നമസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ് തുടങ്ങിയ എല്ലാ നിര്‍ബന്ധമായതും അല്ലാത്തതുമായ എല്ലാം ശുദ്ധ ഹൃദയത്തോടുകൂടിയും അല്ലാഹുവിന്റെ പ്രതിഫലം മാത്രം ഉദ്ദേശിച്ചു കൊണ്ടും ചെയ്‌തെങ്കില്‍ മാത്രമേ അതിന്റെ പ്രതിഫലം ലഭിക്കുകയുള്ളൂ. ദുഷിച്ച മനസ്സുമായി ഒരു കര്‍മവും അല്ലാഹു സ്വീകരിക്കുന്നതല്ല. സല്‍കര്‍മങ്ങളുടെ പ്രതിഫലം മറ്റൊരാള്‍ക്ക് നല്‍കാതെ താന്‍ തന്നെ കരസ്ഥമാക്കുക എന്നതാണ് ഒരു സത്യവിശ്വാസിയുടെ കഴിവ്.