5 Wednesday
February 2025
2025 February 5
1446 Chabân 6

ആരാധനാ കര്‍മങ്ങളില്‍ സ്ത്രീകള്‍ക്കുള്ള ഇളവുകള്‍

സയ്യിദ് സുല്ലമി


മനുഷ്യന്റെ ആത്മീയ-ഭൗതിക വളര്‍ച്ചയും ഉന്നമനവും ദൈവിക മതമായ ഇസ്‌ലാമിന്റെ സവിശേഷതയാണ്. മനസ്സിനെ ശുദ്ധീകരിക്കുന്ന നിരവധി പ്രക്രിയകള്‍ ഇസ്‌ലാം മുന്നോട്ടുവെക്കുന്നുണ്ട്. വിശുദ്ധ ഖുര്‍ആന്‍ പറയുന്ന വിശ്വാസം മനസ്സുകളെ സംസ്‌കരിച്ചെടുക്കാന്‍ പര്യാപ്തമാണ്. അതിന്റെ കൂടെ ചില കര്‍മങ്ങള്‍ കൂടിയാകുമ്പോള്‍ വെള്ളവസ്ത്രം അഴുക്കില്‍ നിന്ന് ശുദ്ധീകരിക്കപ്പെടുന്നതുപോലെ മനുഷ്യമനസ്സുകള്‍ വിമലീകരിക്കപ്പെടുന്നു.
മതാനുഷ്ഠാനങ്ങള്‍ കാഠിന്യമേറിയതും അപ്രായോഗികവുമാണെന്നും ചിലര്‍ പറയാറുണ്ട്. അത് വാസ്തവവിരുദ്ധമാണ്. ഇസ്‌ലാം ലളിതവും സുന്ദരവും ആത്മപ്രകാശം നല്‍കുന്നതുമാണ്. അനാരോഗ്യമുള്ളവര്‍ക്കുകൂടി അവര്‍ അര്‍ഹിക്കുന്ന പരിഗണന ഇസ്‌ലാം നല്‍കി. അവരുടെ മനസ്സും ശരീരവും പരിഗണിച്ചുകൊണ്ടുള്ള അനുഷ്ഠാനങ്ങള്‍ പഠിപ്പിച്ചു. മതത്തിലെ ഇളവുകള്‍ പ്രമാണങ്ങളില്‍ നമുക്ക് കാണാം. നമസ്‌കാരം, നോമ്പ്, ഹജ്ജ് തുടങ്ങി എല്ലാ രംഗങ്ങളിലും ഇളവുകളുണ്ട്. അല്ലാഹു പറയുന്നു: ”മതകാര്യത്തില്‍ യാതൊരു പ്രയാസവും നിങ്ങളുടെ മേല്‍ അവന്‍ ചുമത്തിയിട്ടില്ല” (22:78). ”നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല” (2:185). ”അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല.” (2:286)
മതം ആശ്വാസമാണെന്നും രോഗം, യാത്ര, ശാരീരിക അസ്വസ്ഥതകള്‍ തുടങ്ങിയ ഘട്ടങ്ങളില്‍ ഇളവുകളുണ്ടെന്നും പ്രവാചകവചനങ്ങളിലും നമുക്ക് കാണാം. ”തിരുദൂതര്‍ പറഞ്ഞു: നിര്‍ബന്ധ കര്‍മങ്ങള്‍ ഇഷ്ടപ്പെടുംപോലെ അല്ലാഹു ഇളവുകള്‍ നല്‍കുന്നത് ഇഷ്ടപ്പെടുന്നു” (ഇബ്‌നു ഹിബ്ബാന്‍ 354). നമസ്‌കാരം യാത്രക്കാര്‍ക്ക് ചുരുക്കി നിര്‍വഹിക്കാമെന്ന് ഖുര്‍ആന്‍ പഠിപ്പിച്ചു. അതുമായി ബന്ധപ്പെട്ട് ഒരാള്‍ തിരുദൂതരോട് ചോദിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു: ”നിങ്ങള്‍ക്കു വേണ്ടി അല്ലാഹു ചെയ്ത ദാനമത്രേ അത്. അതിനാല്‍ നിങ്ങള്‍ ആ ദാനം സ്വീകരിക്കുവിന്‍” (മുസ്‌ലിം 686).
ഹംസത് ബിന്‍ അംറുല്‍ അസ്‌ലമി(റ) പറയുന്നു: ”അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, യാത്രയില്‍ നോമ്പ് നോല്‍ക്കാന്‍ എനിക്ക് ശക്തിയുണ്ട്. അതിനാല്‍ നോമ്പ് നോറ്റാല്‍ എന്റെ മേല്‍ കുറ്റമുണ്ടോ? അപ്പോള്‍ അവിടുന്ന് പറഞ്ഞു: അത് അല്ലാഹുവില്‍ നിന്നുള്ള ഇളവാണ്. ആരെങ്കിലും അത് സ്വീകരിച്ചാല്‍ നന്മയാണ്. എന്നാല്‍ നോമ്പ് അനുഷ്ഠിച്ചാല്‍ കുഴപ്പമില്ല” (ഇബ്‌നു ഖുസൈമ 2026). ആഇശ(റ) പറയുന്നു: ”രണ്ടു സംഗതികള്‍ പ്രവാചകന്റെ അടുക്കല്‍ വന്നാല്‍, അവയില്‍ പാപമില്ലാത്തതും ലളിതമായതുമാണ് അവിടുന്ന് സ്വീകരിക്കുക. ഇനി പാപമുണ്ടെങ്കില്‍ അദ്ദേഹം അതില്‍ നിന്ന് ഏറെ അകലം പാലിക്കുകയും ചെയ്യും” (ബുഖാരി 6786).
സ്ത്രീകളും റമദാനും
റമദാന്‍ മാസത്തില്‍ സ്ത്രീകള്‍ക്ക് പ്രത്യേക ഇളവുകള്‍ മതം നല്‍കുന്നുണ്ട്. ആര്‍ത്തവകാരിയും പ്രസവരക്തമുള്ളവളും നോമ്പും നമസ്‌കാരവും അനുഷ്ഠിക്കാവതല്ല. നമസ്‌കാരം പിന്നീട് വീട്ടേണ്ടതില്ല. നോമ്പ് പിന്നീട് നോറ്റു വീട്ടണം. ആഇശ(റ) പറയുന്നു: ”അവര്‍ ചോദിക്കപ്പെട്ടു: ആര്‍ത്തവകാരി നോമ്പും നമസ്‌കാരവും വീട്ടേണ്ടതുണ്ടോ? അവര്‍ പറഞ്ഞു: ഞങ്ങള്‍ നോമ്പ് അനുഷ്ഠിച്ചു വീട്ടാന്‍ വേണ്ടി കല്‍പിക്കപ്പെടാറുണ്ട്; എന്നാല്‍ നമസ്‌കാരം നിര്‍വഹിച്ചു വീട്ടാന്‍ കല്‍പിക്കപ്പെടാറില്ല” (മുസ്‌ലിം 508).
ആഇശ(റ) ഹജ്ജിനു പോയ സന്ദര്‍ഭത്തില്‍ അവര്‍ക്ക് ആര്‍ത്തവമുണ്ടായി. ഹജ്ജ് മുടങ്ങുമോ എന്ന വിഷമത്തില്‍ അവര്‍ കരഞ്ഞു. നബി(സ) അവരെ ആശ്വസിപ്പിച്ചു. ആ സംഭവം ബുഖാരിയില്‍ ഇപ്രകാരം വന്നിട്ടുണ്ട്: ”ഹജ്ജ് കര്‍മങ്ങള്‍ക്കിടെ എനിക്ക് ആര്‍ത്തവമുണ്ടായി. പ്രവാചകന്‍(സ) എന്റെ അടുക്കല്‍ വന്നു. മക്കയിലെ സരിഫ് എന്ന സ്ഥലത്താണത്. എന്നോട് ചോദിച്ചു: നീ ആര്‍ത്തവകാരിയായോ? ഞാന്‍ പറഞ്ഞു: അതെ, അദ്ദേഹം പറഞ്ഞു: ഈ സംഗതി ആദമിന്റെ പെണ്‍മക്കളുടെ മേല്‍ അല്ലാഹു വിധിച്ച ഒന്നാണ്” (ബുഖാരി 294).
അബൂമൂസ(റ) നിവേദനം: ”നബി പറഞ്ഞു: ഒരു വ്യക്തി രോഗിയാവുകയോ യാത്രപോവുകയോ ചെയ്താല്‍, അദ്ദേഹം ആരോഗ്യവാനും നാട്ടില്‍ നില്‍ക്കുകയും ചെയ്യുമ്പോള്‍ നിര്‍വഹിച്ചിരുന്ന കര്‍മങ്ങള്‍ക്ക് അനുസരിച്ചുകൊണ്ടുള്ള പ്രതിഫലം ഉന്നതനായ അല്ലാഹു രേഖപ്പെടുത്തുന്നതാണ്” (ബുഖാരി 2996).
ഗര്‍ഭിണികള്‍, മുലയൂട്ടുന്നവര്‍ എന്നിവര്‍ക്ക് നോമ്പ് നോല്‍ക്കുന്നത് കാരണം ശാരീരിക ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ പിന്നീട് നോറ്റുവീട്ടിയാല്‍ മതിയാകും. കാരണം, ഗര്‍ഭധാരണവേളയിലും മുലയൂട്ടുന്ന വേളയിലും ക്ഷീണവും ശാരീരിക വിഷമതകളും ഉണ്ടാകുമല്ലോ. നോമ്പ് കൂടിയാകുമ്പോള്‍ അത് കഠിനമായേക്കും. അവരുടെ പ്രയാസം നന്നായി അറിയുന്ന ദയാപരനായ അല്ലാഹു നോമ്പ് പിന്നീട് അനുഷ്ഠിച്ചാല്‍ മതിയെന്ന് അവര്‍ക്ക് ഇളവ് ചെയ്തുകൊടുത്തു. അനസുബ്‌നു മാലിക്(റ) പറയുന്നു: ”നബി(സ) പറഞ്ഞു: ഉന്നതനായ അല്ലാഹു യാത്രക്കാരന് നമസ്‌കാരത്തിന്റെ പകുതിയും ഗര്‍ഭിണിക്കും മുലയൂട്ടുന്നവള്‍ക്കും നോമ്പും ഇളവ് ചെയ്തിട്ടുണ്ട്” (ഇബ്‌നുമാജ 1361).
റമദാന്‍ നോമ്പ് സമയത്ത് ഇങ്ങനെയുള്ള സ്ത്രീകള്‍ക്ക് നോമ്പും നമസ്‌കാരവും അനുവദിക്കപ്പെട്ടില്ലയെങ്കിലും യാതൊരു പ്രയാസവുമില്ലാത്ത നിലയ്ക്ക് നിരവധി ആരാധനാ കര്‍മങ്ങള്‍ അവര്‍ക്ക് ചെയ്യാവുന്നതാണ്. തൗബ അഥവാ പശ്ചാത്താപം, ഇസ്തിഗ്ഫാര്‍ അതായത് പാപമോചന പ്രാര്‍ഥന, അല്ലാഹുവിനെ സ്മരിക്കല്‍, നബി(സ)യുടെ മേല്‍ സ്വലാത്ത്, നിര്‍ബന്ധ- ഐച്ഛിക ദാനധര്‍മങ്ങള്‍, ഖുര്‍ആന്‍ പഠനം, പാരായണം, മനഃപാഠമാക്കല്‍, ഗ്രന്ഥങ്ങള്‍ വായിച്ചും മറ്റും ഉപകാരപ്രദമായ വിജ്ഞാനം കരസ്ഥമാക്കല്‍ തുടങ്ങിയവയിലൂടെ അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാന്‍ സാധിക്കും.
അല്ലാഹുവിനെ സ്മരിക്കാന്‍ നിരവധി ദിക്‌റുകള്‍ നബി(സ) പഠിപ്പിച്ചിട്ടുണ്ട്. നിന്നും ഇരുന്നും കിടന്നും ധാരാളമായി സ്മരണകള്‍ നിലനിര്‍ത്തുക. ”നിന്നുകൊണ്ടും ഇരുന്നുകൊണ്ടും കിടന്നുകൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിനെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരത്രേ അവര്‍. അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, നീ നിരര്‍ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധന്‍! അതിനാല്‍ നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ നീ കാത്തുരക്ഷിക്കണേ” (വി.ഖു 3:191).
ആര്‍ത്തവകാരിക്ക് ഖുര്‍ആന്‍ ഓതാമോ?
ആര്‍ത്തവമുണ്ടായാല്‍ ഒരു ആരാധനയും പാടില്ലെന്നാണ് പലരും ധരിച്ചിട്ടുള്ളത്. എന്നാല്‍ ഇസ്‌ലാം ചില സംഗതികള്‍ മാത്രമാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒഴിവാക്കിയിട്ടുള്ളത്. ഇത്തരം വേളകളില്‍ ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ പാടില്ല എന്ന് ഒരു ആയത്തിലും സ്വീകാര്യമായ ഒരു നബിവചനത്തിലും പഠിപ്പിക്കുന്നില്ല. ചില പണ്ഡിതാഭിപ്രായങ്ങള്‍ ശ്രദ്ധിക്കുക:
ഇമാം നവവി പറയുന്നു: ”മുസ്ഹഫില്‍ നോക്കി ആയത്തുകളിലൂടെ മനസ്സുകൊണ്ട് വായിക്കുന്നത് അനുവദനീയമാകുന്നു. അതില്‍ യാതൊരു ഭിന്നവീക്ഷണവുമില്ല” (ശറഹുല്‍ മുഹദ്ദബ്).
ആര്‍ത്തവകാരിക്ക് ഖുര്‍ആന്‍ പാരായണം അനുവദനീയമാണെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. അത് ഇമാം മാലികി(റ)ന്റെ അഭിപ്രായമാകുന്നു. ഇമാം അഹ്മദിനും ഇതേ വീക്ഷണമാണെന്ന് ഒരു റിപ്പോര്‍ട്ടുണ്ട്. അത് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ തിരഞ്ഞെടുക്കുകയും ഇമാം ശൗക്കാനി അവലംബിക്കുകയും ചെയ്തിട്ടുണ്ട്” (ശൈഖ് സ്വാലിഹുല്‍ മുനജ്ജിദ്).
ഡോ. യൂസുഫുല്‍ ഖറദാവി പറയുന്നു: ”വുദു ചെയ്താല്‍ ജനാബത്തുകാരന് പള്ളിയില്‍ ഇരിക്കാമെന്ന് ഹന്‍ബലികള്‍ പറയുന്നു. അതിന് തെളിവ് അതാഉബ്‌നു യസാറില്‍ നിന്ന് സഈദുബ്‌നുല്‍ മന്‍സൂറും അസ്‌റമും ഉദ്ധരിക്കുന്നു: തിരുനബി(സ)യുടെ അനുയായികള്‍ നമസ്‌കാരത്തിന് എടുക്കുന്നതുപോലുള്ള വുദു ചെയ്തുകൊണ്ട് ജനാബത്തുകാരായിരിക്കെ പള്ളിയില്‍ ഇരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.”
ആര്‍ത്തവകാരിക്ക് മുസ്ഹഫ് സ്പര്‍ശിക്കല്‍ അനുവദനീയമാണ്. കാരണം സ്പര്‍ശനം നിഷിദ്ധമാണെന്നതിന്റെ കാര്യം ഒരു നബിവചനമാകുന്നു: ‘ശുദ്ധിയുള്ളവനല്ലാതെ ഖുര്‍ആന്‍ സ്പര്‍ശിച്ചുകൂടാ.’ ‘ചെറിയ അശുദ്ധിയോ വലിയ അശുദ്ധിയോ ആര്‍ത്തവമോ ഉണ്ടെങ്കിലും സത്യവിശ്വാസി ത്വാഹിര്‍ അഥവാ ശുദ്ധിയുള്ളവന്‍ തന്നെയാണ്’ (തമാമുല്‍ മിന്ന).
ഈ വീക്ഷണങ്ങളില്‍ ഏറ്റവും ശരിയായത് ആര്‍ത്തവകാരിക്ക്, വിശിഷ്യാ, അവര്‍ ഖുര്‍ആന്‍ പഠിതാവോ അധ്യാപികയോ ആണെങ്കില്‍ മുസ്ഹഫില്‍ നോക്കി അത് സ്പര്‍ശിച്ചുകൊണ്ടുതന്നെ പാരായണം ചെയ്യാമെന്നതാണ്.
ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ സ്ത്രീകള്‍ ശിരോവസ്ത്രങ്ങള്‍ ധരിക്കല്‍ ഉചിതമാണ്. കാരണം അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയാണല്ലോ. അല്ലാഹുവിന്റെ ചിഹ്നത്തെ ബഹുമാനിക്കണം. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ”ആര് അല്ലാഹുവിന്റെ ചിഹ്നങ്ങളെ ബഹുമാനിക്കുന്നുവോ നിശ്ചയം അത് ഹൃദയങ്ങളുടെ ഭക്തിയില്‍ നിന്നുള്ളതത്രേ” (വി.ഖു 22:32).
ചില സ്ത്രീകള്‍ സുബ്ഹിക്കു മുമ്പ് ആര്‍ത്തവശുദ്ധി നേടുകയും എന്നാല്‍ സമയക്കുറവോ തിരക്കോ മൂലം ബാങ്കിനു മുമ്പായി കുളിച്ചു ശുദ്ധിയാവാന്‍ സാധിക്കാതെവരുകയും ചെയ്താല്‍ അന്ന് നോമ്പ് ഉപേക്ഷിക്കുന്നതായി കാണാം. കാരണമായി അവര്‍ പറയുന്നത് സുബ്ഹിക്കു മുമ്പ് കുളിക്കാന്‍ സാധിച്ചില്ല എന്നതാണ്. പക്ഷേ, അവള്‍ നോമ്പ് നോല്‍ക്കുകയാണ് വേണ്ടത്. സുബ്ഹിക്കു ശേഷം ഉദയത്തിനു മുമ്പ് കുളിച്ചാലും മതിയാകുന്നതാണ്. സുബ്ഹിക്കു മുമ്പ് ആര്‍ത്തവത്തില്‍ നിന്ന് ശുദ്ധിയായി നിയ്യത്ത് കരുതിയാല്‍ മതി. അവളുടെ നോമ്പ് സ്വീകാരയോഗ്യമായിത്തീരും.
വയോധികരും ശാരീരികമായി ബുദ്ധിമുട്ട് നേരിടുന്നവരും നോമ്പനുഷ്ഠിക്കുന്നത് അവരുടെ ആരോഗ്യത്തെ ബാധിക്കുമെങ്കില്‍ അവര്‍ക്ക് നോമ്പ് ഉപേക്ഷിക്കാം. പകരം ഫിദ്‌യ നല്‍കിയാല്‍ മതി. ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ”ഞെരുങ്ങിക്കൊണ്ട് മാത്രം അതിനു സാധിക്കുന്നവര്‍ ഒരു അഗതിക്കുള്ള ഭക്ഷണം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ് (വി.ഖു 2:184).
അദ്ദേഹം പറഞ്ഞു: പ്രായാധിക്യമുള്ള സ്ത്രീപുരുഷന്മാര്‍ക്കുള്ള ഇളവാണ് അത്. ഞെരുങ്ങിക്കൊണ്ട് മാത്രം നോമ്പിന് സാധിക്കുന്നവര്‍ നോമ്പ് പിടിക്കാതിരിക്കുകയും ഓരോ നോമ്പിനും പാവപ്പെട്ടവന് ഭക്ഷണം നല്‍കുകയുമാണ് വേണ്ടത്” (ഇബ്‌നുകസീര്‍).
ആര്‍ത്തവകാരിക്ക്
വിജ്ഞാനസദസ്സില്‍
പങ്കെടുക്കാമോ?

പള്ളികളില്‍ ധാരാളമായി നടക്കുന്ന ക്ലാസുകളില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ത്രീകള്‍ക്ക് പങ്കെടുക്കാന്‍ ഇസ്‌ലാം ഇളവ് അനുവദിക്കുന്നുണ്ടോ എന്നു പ്രമാണങ്ങളുടെ വെളിച്ചത്തില്‍ പരിശോധിക്കാം. ഈ വിഷയത്തില്‍ വന്ന ഒരു വചനമാണ് ചുവടെയുള്ളത്: ”റസൂല്‍(സ) പറഞ്ഞു: ഞാന്‍ ആര്‍ത്തവകാരിക്കോ ജനാബത്തുകാരനോ പള്ളി അനുവദിക്കുന്നില്ല” (അബൂദാവൂദ് 232).
ഈ ഹദീസിന്റെ പരമ്പര ദുര്‍ബലമാണ്. പരമ്പരയില്‍ ജസ്‌റ ബിന്‍ത് ദജാജ എന്ന റിപ്പോര്‍ട്ടറുണ്ട്. അവരെ സംബന്ധിച്ച് ബുഖാരി പറയുന്നു: ”അവരുടെ അടുക്കല്‍ വിസ്മയകരമായ സംഗതികളുണ്ട്. ഒരു സംഘം പണ്ഡിതര്‍ ഈ ഹദീസ് ദുര്‍ബലമാണെന്ന് പറഞ്ഞിട്ടുണ്ട്. ഇമാം ബൈഹഖി, ഇബ്‌നു ഹസം, അബ്ദുല്‍ ഹഖ് ഇശ്ബീലി അവരില്‍ പെട്ടവരാണ്, മാത്രമല്ല, ഇബ്‌നു ഹസം അത് അടിസ്ഥാനരഹിതമായ വചനമാണെന്നും പറഞ്ഞിരിക്കുന്നു” (ഇര്‍വാഉല്‍ ഗലീല്‍).
ഇനി ആര്‍ത്തവകാരിയായ സന്ദര്‍ഭത്തില്‍ ആയിശ(റ) പള്ളിയില്‍ പോയി എന്ന് റിപ്പോര്‍ട്ടുണ്ട്. ആയിശ(റ)യില്‍ നിന്നു നിവേദനം: ”എന്നോട് റസൂല്‍(സ) പറഞ്ഞു: പള്ളിയില്‍ നിന്നു നമസ്‌കരിക്കാന്‍ ഉപയോഗിക്കുന്ന വസ്ത്രം എടുത്തുകൊണ്ടുവരിക. ഞാന്‍ പറഞ്ഞു: ഞാന്‍ ആര്‍ത്തവകാരിയാണ്. അവിടുന്ന് പറഞ്ഞു:നിന്റെ ആര്‍ത്തവം നിന്റെ കൈയിലല്ല, തീര്‍ച്ച” (മുസ്‌ലിം: 298).
മറ്റൊരു സ്ത്രീക്ക് പള്ളിയില്‍ തന്നെ സ്ഥിരമായി താമസിക്കാന്‍ കൂടാരം ഒരുക്കിയ ഒരു തിരുവചനം കാണുക. ആയിശ(റ) നിവേദനം: ”കറുത്ത നിറമുള്ള ഒരു അടിമ സ്ത്രീയെ അവരുടെ ആളുകള്‍ അടിമത്തത്തില്‍ നിന്ന് മോചിപ്പിച്ചു. ആയിശ(റ) പറയുന്നു: പള്ളിയില്‍ അവര്‍ക്ക് ഒരു ടെന്റ് ഉണ്ടായിരുന്നു” (ബുഖാരി 439).
ഈ വനിതയ്ക്ക് പള്ളി അവരുടെ വീടായിരുന്നു. എല്ലാ സന്ദര്‍ഭത്തിലും അവരുടെ സങ്കേതമായിരുന്നു. ആര്‍ത്തവസമയങ്ങളില്‍ പോലും അവര്‍ പള്ളിയിലായിരുന്നു. ആയിശ(റ)ക്ക് ഹജ്ജിന്റെ സന്ദര്‍ഭത്തില്‍ ആര്‍ത്തവം ഉണ്ടായപ്പോള്‍ നബി(സ) അവരോട് ത്വവാഫ് ചെയ്യരുത് എന്നാണ് വിലക്കിയത്. പള്ളിയില്‍ പ്രവേശിക്കാന്‍ പാടില്ല എന്ന് അവരോട് പറഞ്ഞില്ല.
ശൈഖ് അല്‍ബാനി പറയുന്നത് ശ്രദ്ധേയമാണ്: ”ആര്‍ത്തവകാരികള്‍ക്ക് വിജ്ഞാനസദസ്സുകളില്‍ പങ്കെടുക്കല്‍ അനുവദനീയമാണ്, ഈ വിജ്ഞാനസദസ്സുകള്‍ അല്ലാഹുവിന്റെ ഭവനങ്ങളില്‍പ്പെട്ട ഒരു ഭവനത്തിലായിരുന്നാലും” (സില്‍സിലതുല്‍ ഹുദാ, ശൈഖ് അല്‍ബാനി).
ആര്‍ത്തവകാരി, പ്രസവരക്തമുള്ളവള്‍, ഗര്‍ഭിണി, മുലയൂട്ടുന്നവള്‍ തുടങ്ങിയവര്‍ക്ക് അടുത്ത റമദാന്‍ വരെ നോമ്പ് നോറ്റുവീട്ടാന്‍ സമയമുണ്ട്. എന്നാല്‍ അടുത്ത റമദാന്‍ വന്നിട്ടും നോറ്റ് വീട്ടാന്‍ സാധിക്കാത്തവര്‍ക്ക് അത് കഴിഞ്ഞ ശേഷം നോറ്റ് വീട്ടിയാല്‍ മതിയാകും. കാരണം ഈ നോമ്പ് വീട്ടുന്നതുമായി ബന്ധപ്പെട്ട് ഖുര്‍ആന്‍ പറയുന്നത് മറ്റു ദിവസങ്ങളില്‍ അവ വീട്ടണം എന്നാണ്. തൊട്ടടുത്ത റമദാന്‍ മാസത്തിനു മുമ്പുതന്നെ നോറ്റ് വീട്ടണമെന്നില്ല. എങ്കിലും നിര്‍ബന്ധമായ നോമ്പാണ്, അത് അനന്തമായ ഒരു ബാധ്യതയായി അങ്ങനെ നീട്ടിയിടുന്നത് ഉചിതമല്ല. അല്ലാഹുവിനുള്ള കടം എത്രയും വേഗം വീട്ടുകയാണ് അഭികാമ്യം.
സ്ത്രീകള്‍ നോമ്പിന്റെ പകലില്‍ കുളിക്കാന്‍ പാടില്ല എന്ന ധാരണ അന്ധവിശ്വാസമാണ്. അവര്‍ക്ക് കുളിക്കാം. നബി(സ) നോമ്പിന്റെ പകലില്‍ കുളിച്ചിട്ടുണ്ട്. എന്നാല്‍ ശരീരത്തിന്റെ അകത്തേക്ക് വെള്ളം പോകാതെ ജാഗ്രത കാണിക്കേണ്ടതുണ്ട്. പാചകത്തിനിടെ ഉള്ളിലേക്ക് ഇറങ്ങിപ്പോകാതെ ഭക്ഷണം രുചിച്ചുനോക്കുന്നതിനും പ്രശ്‌നമില്ല. എന്നാല്‍ മനഃപൂര്‍വം വല്ല ഭക്ഷ്യവസ്തുക്കളും കഴിച്ചാല്‍ നോമ്പ് നഷ്ടമാകും.

Back to Top