ഇസ്‌റാഈല്‍ രാഷ്ട്രത്തിലെ അറബ് ജനത
എം എസ് ഷൈജു
ഒരു മഴവില്‍ രാഷ്ട്രമാണ് ഇസ്‌റാഈല്‍. കാരണം, ലോകജനതയുടെ വൈവിധ്യവും വൈജാത്യങ്ങളും ഇസ്‌റാഈലിലുണ്ട്. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്ന്, ബഹുവിധ സാംസ്‌കാരിക സ്വത്വങ്ങളിലും രാഷ്ട്രങ്ങളിലുമായ ജീവിച്ച മനുഷ്യരാണ് ഇസ്‌റാഈലിലെ പൗരന്മാരായി മാറുന്നത്. ഏഷ്യയിലും യൂറോപ്പിലും ആഫ്രിക്കയിലുമൊക്കെ തലമുറകളായി ജീവിച്ച ജൂതന്മാരാണ് ഇവിടേക്ക് കുടിയേറിയത്. അവരോരോരുത്തരും കൂടെ കൊണ്ട് വന്നത് പലവിധ സാമൂഹിക ബോധങ്ങളെയായിരുന്നു. ആധുനിക സാമൂഹിക ബോധങ്ങളുടെ മുന്നേ നടക്കുന്നവരും വളരെ പിറകിലായി പതിയെ നടക്കുന്നവരും ഇവരിലുണ്ട്. ജനാധിപത്യത്തെയാണ് ഇസ്‌റാഈല്‍ അതിന്റെ ഭരണ സംവിധാനമായി സ്വീകരിച്ചിരിക്കുന്നത്. ഒരു വംശീയ രാഷ്ട്രമാണെങ്കിലും ശക്തമായ ഒരു ജനാധിപത്യ പ്രക്രിയ അവിടെ നടക്കുന്നുണ്ട്. ആന്തരികമായ സാംസ്‌കാരിക വൈജാത്യങ്ങളെ മുഴുവന്‍ ഇസ്‌റാഈല്‍ എന്ന രാഷ്ട്രം അതിന്റെ ദേശീയതയുമായി ചേര്‍ത്ത് നിര്‍ത്തുന്നത് സയണിസം എന്ന പ്രത്യയശാസ്ത്രം കൊണ്ടാണ്. ഗൂഢാലോചനപരമായ ആസൂത്രണങ്ങള്‍ കൊണ്ടാണ് രാഷ്ട്രം രൂപപ്പെടുന്നത്. അത് കൊണ്ടാണ് ഒരേസമയം തന്നെ ഇസ്‌റാഈല്‍ ഒരു ആധുനിക ജനാധിപത്യ രാഷ്ട്രവും ഒരു സെക്കുലര്‍ സ്റ്റേറ്റും സയണിസ്റ്റ്, വംശീയ രാഷ്ട്രവുമാകുന്നത്.
ജോര്‍ദാന്‍ എന്ന രാഷ്ട്രം അറബികള്‍ക്കായി രൂപീകരിച്ചതാണെന്നും അത് കൊണ്ട് നിലവിലെ ഫലസ്തീന്‍ മേഖല പൂര്‍ണമായും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നുമാണ് സിയോണിസ്റ്റ് വീക്ഷണം. ഫലസ്തീന്‍ ജനതക്ക് മേല്‍ അവര്‍ നടത്തുന്ന എല്ലാ അതിക്രമങ്ങളെയും ഈയൊരു വീക്ഷണത്തില്‍ നിന്ന് കൊണ്ടാണ് അവര്‍ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഒരടിസ്ഥാനവുമില്ലാത്ത ചരിത്രവിരുദ്ധമായ ഒരു വാദം മാത്രമാണിത്. തുര്‍ക്കികളെ പരാജയപ്പെടുത്താന്‍ കൂടെ നിന്നാല്‍ ഒരു വിശാല അറബ് രാജ്യം രൂപീകരിച്ച് നല്‍കാമെന്ന ബ്രിട്ടന്റെ ഉറപ്പിനെ വിശ്വസിച്ച് കൂടെ നിന്ന മക്കയിലെ ഹാഷിമി രാജവംശത്തിന് ബ്രിട്ടന്‍ നല്‍കിയ ആശ്വാസ സഹായമോ നഷ്ടപരിഹാരമോ ആണ് ജോര്‍ദാന്‍. രാജഭരണങ്ങള്‍ ജനാധിപത്യത്തിന് വഴിമാറിക്കൊണ്ടിരുന്ന രണ്ടാം ലോക യുദ്ധാനന്തര ലോകത്ത് ഒരു പുതിയ രാജഭരണകൂടം സ്ഥാപിച്ച് ബ്രിട്ടനും ഫ്രാന്‍സും ഹാഷിമികളെ അവിടെ കുടിയിരുത്തുകയായിരുന്നു. ജോര്‍ദാന്‍ നദിക്ക് കിഴക്കുള്ള ഭൂമിയുടെ ഒരു ചീന്ത് കീറിയാണ് ഇന്നത്തെ ജോര്‍ദാന്‍ രൂപീകരിച്ചത്. ഇതൊന്നും ലോകത്തെയറിയിച്ചോ സുതാര്യമായ ചര്‍ച്ചകളിലൂടെയോ രൂപപ്പെട്ടതല്ല. ഒന്നാം ലോക യുദ്ധാനന്തരം പുറം ലോകത്തെയറിയിക്കാതെ നിഗൂഡമായി ബ്രിട്ടന്‍ ഇങ്ങനെ പല കാര്യങ്ങളും ചെയ്തിട്ടുണ്ട്. ജോര്‍ദാന്റെ രൂപീകരണം അറബ് ഫലസ്തീന്‍ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരമായിരുന്നു എന്ന വാദം വെറും വ്യാജവും ചരിത്ര വിരുദ്ധവും മാത്രമാണ്.
ഇസ്‌റാഈലും അറബികളും എന്ന് കേള്‍ക്കുമ്പോള്‍ നമുക്ക് എപ്പോഴും ഓര്‍മ വരുന്നത് ഫലസ്തീനിലെ അറബികളെ മാത്രമാണ്. ലോകം ചര്‍ച്ച ചെയ്യുന്നതും അനുതപിക്കുന്നതും അവരെ ചൊല്ലിയാണ്. ലോക ജനത കണ്ണ് നട്ടിരിക്കുന്നതും അവരിലേക്കാണ്. എന്നാല്‍ 1948ല്‍ ഇസ്രായേല്‍ എന്ന രാഷ്ട്രത്തിന്റെ അതിര്‍ത്തികള്‍ രൂപപ്പെട്ടപ്പോള്‍ അതില്‍ ഉള്‍പ്പെട്ട് പോയ അറബികളുണ്ട്. അവിഭക്ത ഫലസ്തീന്റെ ഉള്‍ഗ്രാമങ്ങളിളും പൗരാണിക അറബ് പട്ടണങ്ങളിലും കഴിഞ്ഞിരുന്നവരാണവര്‍. വിഭജനത്തിന്റെ പ്രത്യാഘാതങ്ങള്‍ അറിയാത്തത് കൊണ്ടോ, ജന്മസ്ഥലം വിട്ടോടിപ്പോകാന്‍ മനസനുവദിക്കാത്തത് കൊണ്ടോ, കൂടുതല്‍ സംഘടിതമായി താമസിച്ചിരുന്നത് കൊണ്ടോ സ്വന്തം താമസ ഇടങ്ങളില്‍ തന്നെ തുടര്‍ന്നവരാണ് ഇസ്‌റാഈലിലെ അറബികള്‍. ഇസ്‌റാഈല്‍ രൂപീകരണത്തോടെ അവര്‍ ഇസ്‌റാഈലി പൗരന്മാരായി മാറി. ഇസ്‌റാഈലിന്റെ മൊത്തം ജനസംഖ്യയുടെ ഏതാണ്ട് 20 ശതമാനം വരുമിവര്‍. ഭൂരിപക്ഷം മുസ്ലിംകളാണെങ്കിലും ക്രിസ്ത്യാനികളും ദ്രൂസുകളുമായ ഒരു ന്യൂനപക്ഷവും ഇവരിലുണ്ട്. വംശീയതയെ മാത്രം മുന്‍നിര്‍ത്തി രൂപീകരിച്ച ഒരു രാഷ്ട്രത്തിനുള്ളിലെ ഇതരന്മാരായുള്ള ഇവരുടെ ജീവിതം ലോകത്തിന്റെ ശ്രദ്ധയിലേക്കും പരിഗണനയിലേക്കും കാര്യമായൊന്നും കടന്ന് വരാത്ത ഒരു സംഗതിയാണ്.
20 ലക്ഷം അറബികള്‍ ഇസ്‌റാഈലിലുണ്ടെന്നാണ് കണക്ക്. തെല്‍ അവീവിനോട് ചേര്‍ന്ന ജാഫയിലും തംറ പോലെയുള്ള പുരാതന നഗരങ്ങളിലും ഇസ്‌റാഈലിന്റെ തെക്കും വടക്കുമായി പരന്ന് കിടക്കുന്ന ജനവാസം കുറഞ്ഞ കഫര്‍ ഖാസിം, ജല്‍ജൂലിയ, തൈബ പോലെയുള്ള ഗ്രാമീണ മേഖലകളിലുമായാണ് അറബ് ജനത ചിതറപ്പെട്ടിരിക്കുന്നത്. സ്വന്തം സംസ്‌കാരത്തെയും ചരിത്രത്തെയും പാരമ്പര്യത്തെയും കുറിച്ചുള്ള ബോധവുമായാണ് അവര്‍ ഇസ്‌റാഈല്‍ എന്ന രാഷ്ട്രത്തിലെ പൗരന്മാരായി ജീവിച്ച് കൊണ്ടിരിക്കുന്നത്. ഇസ്‌റാഈലിലെ അറബികളുമായി ബന്ധപ്പെട്ടുള്ള നിയമങ്ങളും അവരുടെ പ്രായോഗിക ജീവിതവും പരസ്പരം കൂട്ടി മുട്ടാത്ത രണ്ടരുവികള്‍ പോലെയാണ് മുന്നോട്ട് പോകുന്നത്. നിയമ പ്രകാരം അവര്‍ തുല്യ പൗരന്മാരാണ്. പക്ഷെ ഇസ്‌റാഈലിലെ സാമൂഹിക ജീവിതത്തില്‍ ഈ തുല്യത കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് അവര്‍ക്കിനിയും പിടി കിട്ടിയിട്ടില്ല. ഇന്ന് വരെ അങ്ങനെയൊരു സമജീവിതം അവരനുഭവിച്ചിട്ടില്ല എന്നത് തന്നെയാണ് കാരണം.
അവരുടെ പൗരത്വം ഇസ്രായേലിയാണെങ്കിലും അവരുടെ ദേശീയതയെ ഇസ്‌റാഈല്‍ അംഗീകരിച്ചിട്ടില്ല. വംശീയ ദേശീയതയെ ഉള്‍ക്കൊള്ളുന്ന ഒരു രാഷ്ട്രത്തിന് അത് സാധ്യവുമാകില്ല. ജനനം മുതല്‍ തന്നെ ഈ വേര്‍തിരിവ് അനുഭവിച്ചാണ് അറബ് ജനത വളരാന്‍ തുടങ്ങുന്നത്. അവരുടെ ഗ്രാമങ്ങള്‍ ഇന്നും പൗരാണികമാണ്. രാജ്യത്തിന്റെ പൊതുവായ വികസനത്തിന്റെ ചെറിയ ഒരു ശതമാനം മാത്രമേ ഇവിടെ നടക്കുന്നുള്ളൂ. പ്രകടമായ ഒരു രണ്ടാം തരം ജീവിതമാണ് അറബ് പട്ടണങ്ങളിലും ഗ്രാമങ്ങളിലുമുള്ളത്. അവരുടെ വിദ്യാഭ്യാസത്തിന് വേറെ ബോര്‍ഡാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങളില്‍ പ്രാതിനിധ്യങ്ങളില്ല. ഇസ്‌റാഈലില്‍ എല്ലാ പൗരന്മാര്‍ക്കും നിര്‍ബന്ധിത സൈനിക സേവനമുണ്ട്, അറബ് ജനതക്ക് ഒഴിച്ച്. എന്നാല്‍ അറബ് ജനത ഇതൊരു സൗകര്യമായാണ് കാണുന്നത്. തങ്ങള്‍ അനുഭവിക്കുന്ന ഇരട്ട നീതിയെക്കുറിച്ചും വിവേചനത്തെക്കുറിച്ചും അറബ് ജനതക്ക് തന്നെ സ്വയം ബോധ്യപ്പെട്ട് വരുന്നതേയുള്ളൂ. അത്രമാത്രം മുഖ്യധാരയില്‍ നിന്നകന്നും തങ്ങളിലേക്ക് ഒതുങ്ങിക്കൂടിയുമുള്ള ഒരു ജീവിതമാണവരുടേത്.
അറബ് ജൂത സ്വത്വ ബോധങ്ങള്‍ രൂഢമൂലമാക്കിയ അന്യതാ ബോധങ്ങളുടെ ഇരകളാണ് ഇസ്‌റാഈലിലെ അറബികളും സയണിസ്റ്റുകളല്ലാത്ത ജൂതന്മാരും. ഫലസ്തീനിലെ അറബികള്‍ക്ക് വേണ്ടിയും അവരുടെ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടിയും ഇസ്‌റാഈലില്‍ തെരുവുകളില്‍ പ്രകടനങ്ങള്‍ നടത്താന്‍ മാത്രം മാനവിക, സാമൂഹ്യ ബോധങ്ങള്‍ പുലര്‍ത്തുന്ന മോഡറേറ്റ് ജൂതന്മാര്‍ക്ക് പോലും ഇസ്‌റാഈലിനുള്ളിലെ അറബികള്‍ അനുഭവിക്കുന്ന ഭീകരമായ നിരാകരണങ്ങളെക്കുറിച്ച് കാര്യമായ ധാരണകളില്ല. അറിയുന്നവര്‍ അത് ചര്‍ച്ചയാക്കുന്നതിനെ ഇഷ്ടപ്പെടുന്നുമില്ല. ഹാരെറ്റ്സ് അടക്കമുള്ള മാധ്യമങ്ങള്‍ക്കും രാജ്യത്തിനുള്ളിലെ ഈ അപ്പാര്‍ത്തീഡിനെക്കുറിച്ച് അധികം സംസാരിക്കാന്‍ താത്പര്യമില്ല. വേണമെങ്കില്‍ ഫലസ്തീന്‍ ജനതയുടെ ദുരിതങ്ങളെക്കുറിച്ചും ഇസ്‌റാഈലിന്റെ മാന്യമല്ലാത്ത നിലപാടുകളെക്കുറിച്ചും അവര്‍ എഴുതും. ഇത്രത്തോളം ഗര്‍ഹ്യമായ നിലയില്‍ അപരവല്‍ക്കാരിക്കപ്പെട്ട ജീവിതമാണ് ഇസ്‌റാഈലി അറബികള്‍ അനുഭവിക്കുന്നത്.
സ്‌കൂളുകളും ആതുരാലയങ്ങളും ഉള്‍പ്പെടെ അറബികള്‍ക്കുള്ള സകല സേവനങ്ങളും വേറിട്ടാണ് ഇസ്‌റാഈല്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ജൂതനൊന്ന്, അറബിക്ക് വേറൊന്ന്! അപ്പാര്‍ത്തീഡിന്റെ ആധുനിക മുഖമാണ് ഇസ്‌റാഈല്‍. ഇസ്‌റാഈലിലെ അറബ് ജനതയുടെ ഏതാണ്ട് 40 ശതമാനവും പട്ടിണിയിലാണെന്നാണ് ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഭ്യന്തര സുരക്ഷയുടെ കാര്യത്തില്‍ ഭീകരമായ ഏകപക്ഷീയത അറബ് ജനതക്ക് അനുഭവിക്കേണ്ടി വരുന്നതായും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. പോലീസ് സേവനങ്ങള്‍ അറബികള്‍ക്ക് നിഷേധിക്കപ്പെടുന്നതായും ആരോപണമുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ രാജ്യത്തെ മൊത്തം കൊലപാതക റിപ്പോര്‍ട്ടുകളിലെ കൂടുതലും ഇരകള്‍ 20 ശതമാനം മാത്രം വരുന്ന അറബികളാണ്. കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് ഇതിന് 50 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്നും സ്ഥിതി വിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു. അറബ് ഗ്രാമങ്ങള്‍ക്കും നഗരങ്ങള്‍ക്കും ചുറ്റിനുമായി താമസിക്കുന്ന ജൂത ജനത അനധികൃതമായി ആയുധം കൈയില്‍ വെക്കുന്ന കുറ്റങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇതവര്‍ പ്രയോഗിക്കുന്നത് അറബികള്‍ക്ക് നേരെയാണ്. ഇത് കൂടാതെ 1967-ലെ യുദ്ധത്തില്‍ ഇസ്‌റാഈല്‍ കവര്‍ന്നെടുത്ത ഫലസ്തീന്‍ ഭൂമിയില്‍ താമസിക്കുന്ന ഫലസ്തീനികളുമുണ്ട്. അവരും ഇന്ന് ഇസ്‌റാഈല്‍ സ്വയം സൃഷ്ടിച്ച അതിന്റെ നിലവിലെ അതിര്‍ത്തികള്‍ക്കുള്ളില്‍ കഴിയുന്നവരാണ്.
ഈ അതിര്‍ത്തികള്‍ ഇസ്‌റാഈലിന് ആരും അനുവദിച്ച് കൊടുത്തിട്ടുള്ളതല്ല. സകല അന്താരാഷ്ട്രാ നിയമങ്ങളെയും പുല്ലു പോലെ വലിച്ചെറിഞ്ഞാണ് കിഴക്കന്‍ ജറൂസലം ഇസ്‌റാഈല്‍ കവര്‍ന്നെടുത്തത്. ഇസ്‌റാഈലിന്റെ ഇതര ഭൂമിയില്‍ നിന്ന് യാതൊരു വ്യത്യാസവും ഇവിടെയില്ല. എല്ലാം ഇസ്‌റാഈല്‍ തന്നെയാണ്. പക്ഷെ മൂന്ന് ലക്ഷത്തോളം വരുന്ന അവിടങ്ങളിലെ അറബ് ജനങ്ങളും ഇസ്‌റാഈലിന്റെ നിയമങ്ങള്‍ പ്രകാരം അവരുടെ പൗരന്മാരാണ്. പക്ഷെ വോട്ടവകാശം പോലും ഇസ്‌റാഈല്‍ അവര്‍ക്ക് നല്‍കിയിട്ടില്ല.
എന്നാല്‍ ചില സമ്പന്ന അറബ് കുടുംബങ്ങളെ ഇസ്‌റാഈല്‍ പ്രത്യേകമായി പരിഗണിച്ച് കൂടെ നിര്‍ത്തുന്നുണ്ട്. ഇസ്‌റാഈല്‍ ബാങ്കിന്റെ ചെയര്‍മാനായ സമീര്‍ ഹാജ് യഹ്യ, മുന്‍ നെതന്യാഹു മന്ത്രിസഭയിലെ വിവര വിനിമയ വകുപ്പ് മന്ത്രിയും ലിക്കുഡ് പാര്‍ട്ടി നേതാവുമായ അയൂബ് കാര എന്നിവര്‍ ഉദാഹാരണങ്ങളാണ്. അറബ് ഇസ്‌റാഈലികളുടെ രാഷ്ട്രീയ മുന്നേറ്റങ്ങളൊന്നും യോജിച്ചുള്ളതല്ല. പ്രത്യയശാസ്ത്ര ഭിന്നതകളുള്ള പല പാര്‍ട്ടികളിലായാണ് അവര്‍ ചിതറപ്പെട്ടിരിക്കുന്നത്.
പക്ഷെ കിഴക്കന്‍ ജറൂസലമും ഗസ്സയും വെസ്റ്റ് ബാങ്കും ചേര്‍ത്ത് ഫലസ്തീനികള്‍ക്കായി ഒരു രാഷ്ട്രമുണ്ടാക്കണമെന്ന വിഷയത്തില്‍ ഈ പാര്‍ട്ടികളെല്ലാം യോജിക്കുന്നുണ്ട്. ജനാധിപത്യത്തിലെ കൂട്ട് കക്ഷി സാധ്യതകളെ ഉപയോഗിക്കാനും അതു വഴി തങ്ങളുടെ രാഷ്ട്രീയാവശ്യങ്ങള്‍ നേടിയെടുക്കാനും അവര്‍ ശീലിച്ച് തുടങ്ങുന്നതേയുള്ളൂ. ഈയടുത്ത ഹൈഫ മുതല്‍ ഇസ്‌റാഈല്‍ വരെ നീളുന്ന അറബ് പാര്‍ട്ടികളുടെ വലിയൊരു പ്രതിഷേധ റാലിക്ക് ഇസ്‌റാഈല്‍ സാക്ഷിയായി. അറബികളോട് ഇസ്‌റാഈല്‍ പോലീസ് കാണിക്കുന്ന അനാസ്ഥകള്‍ക്കെതിരെയായിരുന്നു പ്രക്ഷോഭം. ഈയടുത്ത് നടന്ന തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ മാറ്റത്തിനായി അറബ് പാര്‍ട്ടിയെക്കൂടി ഭരണ മുന്നണിയില്‍ ഉള്‍പ്പെടുത്തേണ്ടി വന്ന വാര്‍ത്തകളെ ലോകം കൗതുകത്തോടെയാണ് വീക്ഷിച്ചത്. ഇസ്‌റാഈലിനുള്ളിലെ അറബ് ജനതയുടെ അസ്തിത്വത്തെക്കുറിച്ച് ബാഹ്യ സമൂഹം അത്രത്തോളം അജ്ഞതയിലായിരുന്നു.
ഇത്രയൊക്കെയാണെങ്കിലും സയണിസ്റ്റ് സമൂഹം അറബികളെ ചതുര്‍ഥിയോടെയാണ് കാണുന്നത്. കൊളോണിയല്‍ വംശീയ ബോധത്തിന്റെ മൂര്‍ത്തതയാണല്ലോ സയണിസം. ഇസ്‌റാഈലില്‍ നിന്ന് അറബികളെ പുറത്താക്കണമെന്നാണ് അവര്‍ വാദിക്കുന്നത്. അറബികളും ജൂതരും രണ്ട് ചൂരുള്ള ജനതയാണെന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ അറബ് ഇസ്രായേലികളെ കൂടുതല്‍ വിശ്വാസത്തിലെടുക്കാന്‍ ആരംഭിച്ചിരിക്കുന്നെന്നതിന്റെ സൂചനയായി 2021-ല്‍ നടന്ന തെരഞ്ഞെടുപ്പിനെ കാണാം. തെല്‍ അവീവിലെ ജൂതന്റെ വോട്ടിന്റെ അതേ ബലം തന്നെയാണ് തംറയിലെയോ കഫര്‍ ഖാസിമിലെയോ ഒരറബിയുടെ വോട്ടിനുമുള്ളതെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ തിരിച്ചറിയുന്നു എന്നാണ് ഈ മാറ്റങ്ങളൊക്കെ കാണിക്കുന്നത്.