22 Sunday
December 2024
2024 December 22
1446 Joumada II 20

അറബികളും ഇസ്‌റായേലും

എം എസ് ഷൈജു


ഇസ്‌റായേല്‍ രാഷ്ട്രം തത്വത്തില്‍ യാഥാര്‍ഥ്യമായതോടെ ജൂതരും അറബികളും തമ്മിലുള്ള പോര് എന്ന ആഖ്യാനത്തില്‍ നിന്ന് ‘അറബികളും ഇസ്‌റായേലും’ എന്നൊരു പുതിയ വ്യാവഹാരിക ദ്വന്ദത്തിലേക്ക് ഫലസ്തീന്‍ സംഘര്‍ഷങ്ങളെ പുനര്‍നാമകരണം ചെയ്യാന്‍ സിയോണിസ്റ്റ് സംഘടന ശ്രമമാരംഭിച്ചു. ഫലസ്തീന്‍ സംഘര്‍ഷങ്ങളെ ഇസ്ലാമും ജൂതരും തമ്മിലുള്ള ഒരു മത പ്രശ്‌നമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ മറുഭാഗത്തുള്ള കക്ഷികളും നടത്തുന്നുണ്ടായിരുന്നു. യഥാര്‍ഥത്തില്‍ ഫലസ്തീന്‍ പ്രശ്നങ്ങള്‍ ഇത് രണ്ടുമായിരുന്നില്ല.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടന്ന ജൂതന്മാരില്‍ ചിലര്‍ക്കെങ്കിലും അവരുടെ പൂര്‍വികരുടെ പൗരാണിക പാരമ്പര്യം ഉള്‍ക്കൊള്ളുന്നതെന്ന് കരുതപ്പെടുന്ന ദേശത്തേക്ക് മടങ്ങിപ്പോകണമെന്ന ആഗ്രഹമുണ്ടായിരുന്നു എന്നത് സത്യമാണ്. എന്നാല്‍ എല്ലാ ജൂതന്മാര്‍ക്കും ആ ആഗ്രഹമുണ്ടായിരുന്നില്ല. സ്വന്തമായി ഒരു രാഷ്ട്രം ലഭിച്ചിട്ടും ആഗോള ജൂത ജനസംഖ്യയുടെ ഭൂരിപക്ഷം ഇന്നും വസിക്കുന്നത് ഇസ്രായേല്‍ എന്ന രാഷ്ട്രത്തിന് പുറത്താകുന്നത് ഈ ആഗ്രഹമില്ലായ്മ കൊണ്ടാണ്. പക്ഷെ ആഗോള സിയോണിസ്റ്റ് ലോബിയുടെ മതാധിഷ്ഠിതമായ അഭിലാഷമായിരുന്നു ഫലസ്തീന്‍ രാഷ്ട്രത്തിന്റെ രൂപീകരണം. പുരാവൃത്തങ്ങളുടെയും വിശ്വാസങ്ങളുടെയും മാത്രം പിന്‍ബലങ്ങളേ തങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് പിന്നിലുള്ളൂ എന്നും അതൊരു ‘നടക്കാത്ത ആഗ്രഹം’ മാത്രമാണെന്നും ആഗ്രഹമുള്ളവര്‍ക്ക് തന്നെ അറിയാമായിരുന്നു.
അനേകം നൂറ്റാണ്ടുകളായി ഒരു ജനത അവരുടെ സ്വന്തം പരമ്പര്യങ്ങളില്‍ ജീവിച്ച് കൊണ്ടിരുന്ന ഒരു ഭൂപ്രദേശത്തേക്ക് അവിടെ ഒരിക്കല്‍ പോലും വന്നിട്ട് കൂടിയില്ലാത്ത ലക്ഷക്കണക്കിന് ജനങ്ങളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൊണ്ട് വന്ന് താമസിപ്പിക്കാനും, തലമുറകളായി അവിടെ വസിച്ച് പോന്ന ജനതയുടെ പാരമ്പര്യ ഭൂമിയില്‍ നിന്ന് ഒരു സുപ്രഭാതത്തില്‍ അവരെ ബലമായി തള്ളിപ്പുറത്താക്കാനുമായി ലോക ശക്തികള്‍ നടത്തിയ തുല്യതയില്ലാത്ത അനീതിയും നിരാര്‍ദ്രമായ രാഷ്ട്രീയ ഗൂഢാലോചനയുമാണ് ഫലസ്തീന്‍ സംഘര്‍ഷങ്ങളുടെ യഥാര്‍ഥ കാരണങ്ങള്‍. ജൂതരുടെ അസ്പഷ്ടമായ ഒരു വിദൂര മോഹത്തെ ചൂഷണം ചെയ്ത് കൊണ്ട് നെപ്പോളിയന്‍ അവരില്‍ ഇട്ട് കൊടുത്ത ഒരു ‘നടക്കാത്ത ആഗ്രഹത്തെ’ അറബികളെ ഇരയാക്കി ബ്രിട്ടനും അമേരിക്കയും ചേര്‍ന്ന് നടത്തിക്കൊടുക്കുകയായിരുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ രണ്ടാം ലോക യുദ്ധത്തോടെ യൂറോപ്പിന് ബാധ്യതയായി അനുഭവപ്പെട്ട ജൂത സമൂഹത്തെ അവിടെ നിന്ന് കൊണ്ട് വന്ന് തള്ളാനുള്ള മികച്ച ഒരിടമായി അമേരിക്കയും ബ്രിട്ടനും ഫലസ്തീനെ കണ്ടു. ഇതൊക്കെയാണ് ഫലസ്തീന്‍ സംഘര്‍ഷങ്ങളുടെ മൂല കാരണങ്ങള്‍. ഇസ്രായേല്യര്‍, ജൂതര്‍, മുസ്ലിംകള്‍ തുടങ്ങിയ ആഖ്യാനങ്ങള്‍ അതിലേക്ക് കടന്ന് വരുന്നത് മതപരമായ താത്പര്യങ്ങളുടെ പേരില്‍ മാത്രമാണ്.
പൗരാണിക കാലത്ത് മനുഷ്യര്‍ തമ്മില്‍ വിഭവങ്ങള്‍ക്കായി നടത്തിയ എണ്ണമറ്റ ഗോത്രീയ സംഘര്‍ഷങ്ങളുടെയും അതിനെത്തുടര്‍ന്നുണ്ടായ സംഘ സഞ്ചാരങ്ങളുടെയും ഫലമാണ് മനുഷ്യ കുലത്തിന്റെ ഭൂഖണ്ഡാന്തര വ്യാപനങ്ങളും അവരില്‍ കാണുന്ന സാംസ്‌കാരിക വൈഭിന്ന്യങ്ങളും. ആധുനിക മനുഷ്യര്‍ അവരുടെ പൗരാണിക പാരമ്പര്യങ്ങളേയും തേടി, ഭൂതകാലത്തിന്റെ ശരി തെറ്റുകളെ പുനര്‍വിചാരണ നടത്തി പിന്നോട്ട് നടക്കാന്‍ ശ്രമിച്ചാല്‍ ഭൂമി മുഴുവന്‍ സംഘര്‍ഷങ്ങള്‍ കൊണ്ട് വീണ്ടും മുഖരിതമാകും. കാരണം ചരിത്രത്തെ ഒരിക്കലും തിരിച്ച് നടന്ന് തിരുത്താന്‍ കഴിയില്ല. ചരിത്രത്തെ വിശകലനം ചെയ്യാനും അതില്‍ നിന്ന് തത്വങ്ങളെ സ്വാംശീകരിക്കാനും മാത്രമേ സാധിക്കുകയുള്ളൂ. അപ്പോള്‍ പിന്നെ ചരിത്രത്തിന്റെ പിന്‍ബലമില്ലാത്ത, പുരാവൃത്തങ്ങളെ മാത്രം ആധാരമാക്കി നടത്തുന്ന തിരുത്തല്‍ പ്രക്രിയകളുടെ കാര്യം പറയേണ്ടതില്ലല്ലോ. ഒരു ജനതയുടെ പൂര്‍വികരായി പരിഗണിക്കുന്നവര്‍ അധിവസിച്ചിരുന്നതെന്ന് വിശ്വസിക്കപ്പെടുന്ന ഓരോ ദേശത്തേക്കും മടങ്ങിപ്പോകാന്‍ അവരുടെ ഇന്നത്തെ തലമുറയ്ക്ക് സ്വാതന്ത്ര്യമുണ്ടെന്ന തത്വം നടപ്പിലാക്കാന്‍ ഇന്ന് നാം തുനിഞ്ഞാല്‍ എന്താകും ഫലം?
ഏറ്റവും കുറഞ്ഞ പക്ഷം ബ്രിട്ടന്‍ അമേരിക്കക്കാര്‍ക്കും അമേരിക്ക റെഡ് ഇന്ത്യന്‍സിന്റെ വംശക്കാര്‍ക്കും തീറെഴുതി കൊടുക്കേണ്ടി വരും. കാരണം ചരിത്രത്തിന്റെ വെള്ളി വെളിച്ചത്തില്‍ നടന്ന രണ്ട് പലായനങ്ങളുടെ ബാക്കിപത്രമാണ് ആധുനിക അമേരിക്ക. ബ്രിട്ടന്റെ മത പീഡനങ്ങള്‍ സഹിക്കാനാകാതെ അവിടം വിട്ട് പോയവര്‍, ചെന്ന് കയറിയ ഭൂഖണ്ഡത്തിലെ ആദിവാസികളെ ആട്ടിപ്പായിച്ച് നിര്‍മിച്ചതാണ് ഇന്നത്തെ അമേരിക്ക. ചരിത്ര ബോധമില്ലാതെ ഇസ്‌റായേലിനെ ന്യായീകരിക്കുന്നവര്‍ ഉയര്‍ത്തുന്ന ‘മടങ്ങിപ്പോക്ക് വാദ’ങ്ങളുടെ മൗഢ്യത ബോധ്യപ്പെടുത്താനാണ് ഇത് പരാമര്‍ശിച്ചത്.
നിര്‍ദിഷ്ട ഇസ്‌റായേല്‍ രാഷ്ട്രത്തിന്റെ നയങ്ങളും നിലപാടുകളും തീരുമാനിച്ചിരുന്നത് സിയോണിസ്റ്റുകളായിരുന്നു. പതിറ്റാണ്ടുകള്‍ നീണ്ട സുസംഘടിതമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ കരുത്താര്‍ജിച്ച ഒരു ആഗോള ജൂത സംഘടനയാണ് സിയോണിസ്റ്റുകളുടേത്. ഓരോ നാല് വര്‍ഷങ്ങളിലും സമ്മേളിച്ച് അവര്‍ തങ്ങളുടെ അജണ്ടകളും താത്പര്യങ്ങളും ഉറപ്പിക്കുകയും അതിനെ വിശകലനം ചെയ്യുകയും ചെയ്യുന്നുണ്ടായിരുന്നു. ഹിംസാത്മകമായ പ്രത്യയശാസ്ത്രമുള്ള ഒരു സംഘടനയാണ് സിയോണിസം. അവര്‍ ഇന്നുവരെ നടത്തിയിട്ടുള്ള കുത്സിത കര്‍മങ്ങള്‍ അതിനുള്ള മതിയായ സാക്ഷിത്വമാണ്. സ്വന്തം അഭിവൃദ്ധി, സ്വന്തം നിലനില്‍പ് എന്നിവയില്‍ മാത്രമാണ് അവരുടെ അജണ്ടകള്‍ ഊന്നപ്പെട്ടിരിക്കുന്നത്. അതിന് വേണ്ടി ചെയ്യുന്ന ഏത് അനീതിയും, എന്ത് ഹീനകൃത്യവും അവരുടെ വംശീയ ബോധങ്ങളുടെ പിന്‍ബലത്തില്‍ അവര്‍ സ്വയം ന്യായീകരിക്കും. എന്നാല്‍ സിയോണിസ്റ്റുകളുടെ ഹിംസാത്മകവും വംശീയവുമായ ക്രൂര കൃത്യങ്ങളുടെ പേരില്‍ ജൂതര്‍ എന്നൊരു വംശത്തെയോ മത വിശ്വാസത്തെയേയോ കണ്ണുമടച്ച് പഴിക്കുന്നത് നീതിയുക്തമല്ല. ഇസ്‌റായേലിന്റെ വംശീയവും അന്യായവുമായ നിലപാടുകളോട് യോജിക്കാത്ത നിരവധി ജൂതര്‍ ഇന്നത്തെപ്പോലെ തന്നെ അക്കാലത്തും ഫലസ്തീനിലുണ്ടായിരുന്നു. സ്വന്തമായി ഒരു രാഷ്ട്രം എന്ന ആഗ്രഹത്തില്‍ മാത്രമായിരുന്നു അവര്‍ സിയോണിസ്റ്റുകളോട് യോജിച്ചത്. പക്ഷെ അവര്‍ക്ക് രാഷ്ട്ര രൂപീകരണത്തിന്റെ ആഭ്യന്തര കര്‍മങ്ങളില്‍ കാര്യമായ സ്വാധീനമൊന്നുമുണ്ടായിരുന്നില്ല. രാഷ്ട്ര രൂപീകരണ തീരുമാനത്തിന് ശേഷവും സിയോണിസ്റ്റുകളുടെ ആസൂത്രണങ്ങള്‍ അനുസരിച്ച് മാത്രമാണ് ഇസ്‌റായേല്‍ ചലിച്ചിട്ടുള്ളത്.
ഇസ്‌റായേലിന്റെ രൂപീകരണത്തോടെ യഹൂദ വിരോധവും ഇസ്രായേല്‍ വിരോധവും കൊണ്ട് ഉപഭൂഖണ്ഡത്തിലെ അറബികള്‍ മുഴുവനും കോപാകുലരായിരുന്നു. നിര്‍ദ്ദിഷ്ട ഇസ്‌റായേലില്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങളില്‍ അറബികള്‍ കൂട്ടക്കൊലകള്‍ക്ക് ഇരയാകുന്ന വാര്‍ത്തകള്‍ അറബ് മേഖലയാകെ പരക്കുന്നുണ്ടായായിരുന്നു. സാധ്യമാകുന്നിടങ്ങളില്‍ ഫലസ്തീന്‍ വിമോചന സേന തിരിച്ചും ആക്രമണങ്ങള്‍ നടത്തി. പക്ഷെ ഫ്രാന്‍സ്, അമേരിക്ക, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ പിന്തുണയുടെ പിന്‍ബലത്തില്‍ സിയോണിസ്റ്റ് തീവ്രവാദികള്‍ നടത്തുന്ന കരുണയറ്റ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതില്‍ ഫലസ്തീനികള്‍ പരാജയപ്പെട്ടു. അറബികള്‍ ചതിക്കപ്പെട്ട അന്താരാഷ്ട്ര ഗൂഡാലോചനക്കെതിരെ വിവിധ അറബ് രാഷ്ട്രങ്ങളില്‍ രോഷം പുകഞ്ഞു. അന്താരാഷ്ട്ര വേദികളില്‍ അവര്‍ ഇസ്‌റായേലിനെതിരെ ആഞ്ഞടിച്ചു. ഇസ്രായേലിനെതിരില്‍ ഫലസ്തീന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിവിധ പോരാട്ട സംഘങ്ങള്‍ക്ക് അവര്‍ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണ നല്‍കി.
ബ്രിട്ടീഷ് ഭരണകൂടവും അറബ് ഗ്രാമങ്ങളെ ഒഴിപ്പിക്കുന്നതില്‍ ശ്രദ്ധയൂന്നി. പലയിടങ്ങളിലും ബ്രിട്ടീഷ് ആര്‍മിയും ഹാഗാനയും സംയുക്തമായാണ് ഒഴിപ്പിക്കല്‍ നടപടികള്‍ തുടര്‍ന്നത്. ഒഴിപ്പിക്കപ്പെട്ട സ്ഥലങ്ങളില്‍ നിന്ന് രക്ഷപ്പെട്ട അറബ് അഭയാര്‍ഥികള്‍ ജീവഭയം കൊണ്ട് സാധ്യമാകുന്ന രാജ്യങ്ങളിലേക്ക് പരക്കം പാഞ്ഞു. അയല്‍രാജ്യങ്ങള്‍ പലതും ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായി വാതില്‍ തുറന്നിട്ടു. യു എന്‍ ഫലസ്തീന്‍ മേഖലകളില്‍ അഭയാര്‍ഥി ക്യാമ്പുകള്‍ തുറന്നു. ലോകം മുഴുവന്‍ ഫലസ്തീനികള്‍ക്ക് വേണ്ടി കണ്ണുനീരൊഴുക്കി. ഖുദ്സ് നഗരത്തിന്റെ പടിഞ്ഞാറെ ഭാഗം പൂര്‍ണമായും സിയോണിസ്റ്റുകള്‍ കൈക്കലാക്കിക്കഴിഞ്ഞിരുന്നു. ബ്രിട്ടന്‍ പിന്മാറു ന്ന മുറക്ക് ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശത്തെ കാറ്റില്‍പ്പറത്തി ജറുസലേം മുഴുവന്‍ പിടിച്ചെടുക്കാനുള്ള ഒരു ഗൂഡപദ്ധതിയാണ് സിയോണിസ്റ്റുകള്‍ ആവിഷ്‌കരിച്ചത്. ബ്രിട്ടന്‍ പിമാറിയാലുടന്‍ ഫലസ്തീനിലേക്ക് സൈന്യത്തെ അയക്കാന്‍ സിറിയയും ലബനാനും ഇറാഖും തീരുമാനിച്ചു.
1948 മെയ് 16ന് ബ്രിട്ടന്‍ ഫലസ്തീന്‍ വിടുമെന്നാണ് നേരത്തെ തീരുമാനിക്കപ്പെട്ടിരുന്നത്. മെയ് 14ന് ജോര്‍ദാന്റെ സൈന്യം സ്വന്തം നിലയില്‍ ഫലസ്തീനില്‍ പ്രവേശിച്ചു. നിര്‍ദിഷ്ട ഇസ്‌റായേലിലെ ജൂത കോളനികളില്‍ സൈന്യം ആക്രമണങ്ങള്‍ നടത്തി. അനേകം ജൂതര്‍ പ്രാണരക്ഷാര്‍ത്ഥം പരക്കം പാഞ്ഞു. പിറ്റേ ദിവസം നടത്താന്‍ തീരുമാനിച്ച രാഷ്ട്ര പ്രഖ്യാപനം 14 ന് വൈകിട്ട് തന്നെ നടത്തുവാനും ഉടന്‍ തന്നെ ആ രാഷ്ട്രത്തെ അമേരിക്കയും ബ്രിട്ടനും അംഗീകരിക്കണമെന്നും അവര്‍ തമ്മില്‍ ധാരണയുണ്ടാക്കി. അല്ലാത്ത പക്ഷം അറബ് സേന ഇസ്‌റായേലിനെ ഇല്ലാതാക്കിയേക്കുമെന്ന് അവരും ആശങ്കിച്ചിരുന്നു. 1948 മെയ് 14ന് വൈകിട്ട് തന്നെ ഡേവിഡ് ബെന്‍ഗൂറിയന്‍ എന്ന സിയോണിസ്റ്റ് നേതാവിനെ രാഷ്ട്ര നായകനാക്കിക്കൊണ്ട് ഇസ്‌റായേല്‍ എന്ന രാഷ്ട്രം പ്രഖ്യാപിക്കപ്പെട്ടു. രാഷ്ട്ര പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഫലസ്തീന്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കുക എന്ന അറബ് രാജ്യങ്ങളുടെ പദ്ധതി അതോടെ പാളി. അമേരിക്കയും ബ്രിട്ടനും അവരുടെ സില്‍ബന്തികളും ഇസ്രായേലിനെ അംഗീകരിച്ചെങ്കിലും മഹാഭൂരിപക്ഷം രാജ്യങ്ങളും ഇസ്‌റായേലിനെ അംഗീകരിച്ചില്ല. ഇസ് റായേലുമായി നയതന്ത്ര ബന്ധമുണ്ടാക്കാനും മിക്കവാറും രാജ്യങ്ങളും തയാറായില്ല. ഒരു വംശത്തിന്റെ പേരില്‍ നിലനില്‍ക്കുന്നതും സെറ്റില്‍മെന്റിലൂടെ സ്ഥാപിക്കപ്പെട്ടതുമായ ലോകത്തെ ആദ്യ രാഷ്ട്രമായി ഇസ്‌റായേല്‍ മാറി. 1880കളില്‍ അറബികളില്‍ നിന്ന് കൃഷിഭൂമി വിലകൊടുത്ത് വാങ്ങി കുടില്‍കെട്ടി ജീവിതം ആരംഭിച്ച ആസൂത്രിത ജൂത സെറ്റില്‍മെന്റ് അതിന്റെ ദൗത്യം നിര്‍വഹിച്ചു! സാമ്രാജ്യത്വ ശക്തികള്‍ ഒരു കാര്യം തീരുമാനിച്ചാല്‍; ആരൊക്കെ എതിര്‍ത്താലും, അതില്‍ എത്ര നീതികേടുണ്ടായാലും അത് നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന് അവര്‍ ലോകത്തെ കാണിച്ച് കൊടുത്തു. അക്രമവും അനീതിയും വന്‍ ശക്തികളുടെ പിന്‍ബലം കൊണ്ടുള്ള തിണ്ണ മിടുക്കും കൊണ്ട് ഒരു ജനതയെ ആട്ടിപ്പായിച്ച് അക്രമത്തിലൂടെ രൂപപ്പെടുത്തിയ ഇസ്‌റായേലിന് തെമ്മാടി രാഷ്ട്രമെന്ന ഇരട്ടപ്പേരും വീണു.
മെയ് 15ന് സംയുക്ത അറബ് സേന ഫലസ്തീനില്‍ പ്രവേശിച്ചു. പല ദിശകളിലായി തിരിഞ്ഞ് യുദ്ധം ചെയ്യാനാണ് അവര്‍ തീരുമാനിച്ചിരുന്നത്. യുദ്ധ സന്നാഹങ്ങളുമായി വന്ന അറബ് രാജ്യങ്ങള്‍ ആയിടക്ക് മാത്രമാണ് പാശ്ചാത്യ അധിനിവേശങ്ങളില്‍ നിന്ന് സ്വതന്ത്രരായതെന്ന് നാമോര്‍ക്കണം. ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും കോളനികളായിരുന്നു അവര്‍. അവരുടെ സേനയും സൈനിക സംവിധാനങ്ങളും അപ്പോഴും നിയന്ത്രിക്കപ്പെട്ടിരുന്നത് പാശ്ചാത്യ ഉദ്യോഗസ്ഥരിലൂടെയായിരുന്നു. ഈ രാജ്യങ്ങള്‍ക്കൊന്നും നാമിന്ന് കാണുന്ന രാഷ്ട്രീയ അസ്തിത്വമായിരുന്നില്ല അന്നുണ്ടായിരുന്നത്. കാലഹരണപ്പെട്ടതും പഴകിയതുമായ ആയുധങ്ങളാണ് അവരിലുണ്ടായിരുന്നവയില്‍ ഭൂരിപക്ഷവും. അത് കൂടാതെ അവരൊന്നും സൈനികമായി ഏകീകരിക്കപ്പെട്ടിരുന്നില്ല. ഗോത്രീയത അപ്പോഴും സേനയിലുണ്ടായിരുന്നു. ഇങ്ങനെ അനേകം ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉള്ള ഒരു സംയുക്ത മുന്നണിക്ക് നേരിടേണ്ടി വരുന്ന മുഴുവന്‍ പ്രശ്‌നങ്ങളും നേരിട്ട് കൊണ്ടാണ് അറബ് സേന ഫലസ്തീനില്‍ പ്രവേശിച്ചത്.
ഫലസ്തീന്‍ പോരാട്ട സംഘടനകള്‍ ഒറ്റ തിരിഞ്ഞ് നടത്തുന്ന സായുധ പോരാട്ടങ്ങള്‍ അവസാനിപ്പിച്ച് യുദ്ധം അറബ് സേനയുടെ നേതൃത്വത്തില്‍ മാത്രം നടത്തിയാല്‍ മതിയെന്നാണ് തീരുമാനിക്കപ്പെട്ടിരുന്നത്. അറബ് സേനയുമായി സഹകരിക്കാത്ത ജിഹാദി സംഘടനകളെ പിരിച്ച് വിടാനും അവര്‍ തീരുമാനിച്ചു. നേരത്തെ ലബനാനിലിരുന്ന് ജിഹാദി മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച അമീനുല്‍ ഹുസൈനിയുടെ ജിഹാദ് സംഘം അറബ് സഖ്യ സേനയുമായി ഒത്ത് പോയില്ല. അതോടെ അമീനുല്‍ ഹുസൈനിയുടെ സംഘത്തെ പിരിച്ച് വിട്ടതായി സംയുക്ത സേന പ്രസ്താവനയിറക്കി. സായുധ പോരാളികളും സംയുക്ത സേനയും തമ്മില്‍ സംഘര്‍ഷങ്ങളുണ്ടാകാന്‍ ഇത് കാരണമായി. അതോടെ സേനയുടെ മുഖ്യ ജോലി ഫലസ്തീനികളെ നിരായുധീകരിക്കലായി മാറി. മറ്റൊരു പ്രശ്‌നം, അറബ് സൈന്യങ്ങളിലെ ഉന്നത ഓഫീസര്‍മാര്‍ മുഴുവന്‍ ഫ്രഞ്ചുകാരോ ബ്രിട്ടീഷുകാരോ ആയിരുന്നു എന്നതായിരുന്നു. ഈ ഉദ്യോഗസ്ഥരില്‍ ഭൂരിപക്ഷമാളുകളും ദ്വിരാഷ്ട്ര പദ്ധതിയില്‍ ബ്രിട്ടന്റെ സേനയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചവരും ആ സേനയോട് വളരെയടുത്ത ബന്ധം പുലര്‍ത്തുന്നവരുമായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ അറബ് രാജ്യങ്ങളുടെ രാഷ്ട്രീയ നേതൃത്വം ആഗ്രഹിച്ച നിലയിലല്ല ഫലസ്തീനില്‍ അറബ് സേനയുടെ പ്രവര്‍ത്തനം നടന്നത്. എന്നിട്ട് പോലും പരിശീലിപ്പിക്കപ്പെട്ട ജൂത തീവ്രവാദികള്‍ നേതൃത്വം കൊടുക്കുന്നതും ഫ്രാന്‍സിന്റെ ഏറ്റവും മികച്ച ആയുധങ്ങള്‍ ഇസ്രായേലിന് വേണ്ടി ഉപയോഗിക്കപ്പെട്ടതുമായ യുദ്ധത്തിന്റെ ആദ്യ ഘട്ടത്തില്‍ അറബികള്‍ക്ക് ഇഞ്ചോടിഞ്ച് പിടിച്ച് നില്‍ക്കാന്‍ സാധിച്ചുവെന്നതിനെ ആശ്ചര്യത്തോടെയാണ് പാശ്ചാത്യര്‍ നോക്കിക്കണ്ടത്.
(തുടരും)

Back to Top