ഭാഷകളെ അവഗണിക്കുന്ന ദേശീയ വിദ്യാഭ്യാസ നയം വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും -അറബിക് സ്റ്റുഡന്റ്‌സ് കോണ്‍ക്ലേവ്
കോഴിക്കോട്: ഭാഷാപഠനത്തെ അവഗണിച്ച് ശാസ്ത്ര വിഷയങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്‍കുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയം സമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരിക്കുമെന്ന് എം എസ് എം, ഐ ജി എം സംസ്ഥാന സമിതികള്‍ സംയുക്തമായി സംഘടിപ്പിച്ച അറബിക് സ്റ്റുഡന്റ്‌സ് കോണ്‍ക്ലേവ് അഭിപ്രായപ്പെട്ടു.
ശാസ്ത്രമാത്ര വിഷയങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്‍കി മാനവിക മൂല്യങ്ങളും ധാര്‍മിക ചിന്തകളും ഉള്‍ക്കൊള്ളുന്ന ഭാഷകള്‍ക്കുള്ള പ്രാധാന്യം കുറച്ചത് സാമൂഹിക പ്രതിബദ്ധതയുള്ള സമൂഹത്തെ വാര്‍ത്തെടുക്കുന്നതിന്ന് വിഘാതം സൃഷ്ടിക്കും. വിദ്യാഭ്യാസ നയത്തില്‍ ഇംഗ്ലീഷ്, ഹിന്ദി, സംസ്ഥാന ഭാഷ എന്ന ത്രിഭാഷാ പദ്ധതി നടപ്പിലാക്കുമ്പോള്‍ അഹിന്ദി സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ പരിഗണിക്കപ്പെടുന്നില്ല. അതോടൊപ്പം മുന്‍ നയങ്ങളില്‍ ഇംഗ്ലീഷിനോടൊപ്പം മറ്റു വിദേശ ഭാഷകളെക്കൂടി പരിഗണിച്ചിരുന്നുവെങ്കില്‍ പുതിയ നയത്തില്‍ നിന്ന് അറബി ഭാഷയെ പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. ഐക്യരാഷ്ട്ര സഭ അംഗീകരിച്ച, ഇന്ത്യയില്‍ യൂണിവേഴ്‌സിറ്റികള്‍ നിലവില്‍ വന്ന കാലം മുതലും അതിന് മുമ്പ് ചാര്‍ട്ടര്‍ ആക്ട് നിലവില്‍ വന്ന സമയത്തും ഇന്ത്യയില്‍ പഠിപ്പിക്കപ്പെട്ടിരുന്ന അറബി ഭാഷയെ ഒഴിവാക്കിയത് വിദ്വേഷ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണെന്നും കോണ്‍ക്ലേവ് അഭിപ്രായപ്പെട്ടു.
കെ ജെ യു സംസ്ഥാന ജന.സെക്രട്ടറിയും എന്‍ സി ഇ ആര്‍ ടി കരിക്കുലം കമ്മിറ്റി മെമ്പറുമായ ഡോ. കെ ജമാലുദ്ദീന്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. എം എസ് എം സംസ്ഥാന പ്രസിഡന്റ് ജസിന്‍ നജീബ് അധ്യക്ഷത വഹിച്ചു. ഡോ. ഐ പി അബ്ദുസ്സലാം, ഡോ. കെ ടി അന്‍വര്‍ സാദത്ത്, ഡോ. ഇസ്മായില്‍ കരിയാട്, സല്‍മ അന്‍വാരിയ്യ, ഡോ. അബ്ബാസ് കെ പി, ഡോ. മുഹമ്മദ് അമാന്‍ കെ, ഡോ. മുഹ്‌സിന്‍ എം വി, ജംഷാദ് ഫാറൂഖി, നൗഫല്‍ ഹാദി ആലുവ, ഫഹീം പുളിക്കല്‍, നദീര്‍ കടവത്തൂര്‍, ഫാത്തിമ ഹിബ സി, ഡോ. നാഷിദ് കെ, മുസ്‌ലിഹ് നീരോല്‍പാലം, ആമിര്‍ പട്ടാമ്പി, ഷഹീം പാറന്നൂര്‍, ബാദുഷ ഫൈസല്‍, സല്‍മാന്‍ ഫാറൂഖി, ഷാദിയ, നിഷിദ പ്രസംഗിച്ചു.