1 Tuesday
July 2025
2025 July 1
1447 Mouharrem 5

അറബി ഭാഷ: ദേശാതിര്‍ത്തികള്‍ ഭേദിക്കുന്ന അജയ്യത

ഹാസില്‍ മുട്ടില്‍


മനുഷ്യകുലത്തിന് ദൈവം നല്‍കിയ മഹത്തായ അനുഗ്രഹമാണ് ഭാഷ. മനുഷ്യര്‍ക്കിടയില്‍ പരസ്പര ആശയ വിനിമയത്തിനും വികാരങ്ങള്‍ പങ്കുവെക്കുന്നതിനും ഭാഷകള്‍ക്ക് മുഖ്യ പങ്കുണ്ട്. ഭാഷകളുടെ ഉത്ഭവത്തിന് മനുഷ്യനോളം പഴക്കമുണ്ട്. നൂഹ് നബിയുടെ കാലത്ത് ഭൂമിയിലെങ്ങും ഒരേ ഭാഷയും പദങ്ങളുമാണ് ഉണ്ടായിരുന്നതെന്നും, അക്കാലത്തെ പ്രളയത്തിന് ശേഷം മനുഷ്യന്‍ വിവിധ പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കുകയും ഭാഷയും പ്രയോഗങ്ങളുമെല്ലാം വികസിക്കുകയും ചെയ്തുവെന്നുമാണ് പഴയ നിയമത്തില്‍ പ്രതിപാദിക്കുന്നത്. മനുഷ്യ ജീവിതത്തിന്റെ സര്‍വ തലങ്ങളെയും പൊതിഞ്ഞു നില്‍ക്കുന്ന പ്രതിഭാസമാണ് ഭാഷയെന്ന് നിസ്സംശയം പറയാം. മറ്റൊരര്‍ഥത്തില്‍ മാനവ സംസ്‌കാരത്തിലേക്കുള്ള പ്രവേശികയാണ് ഭാഷയെന്നും പറയാം.
അറബി ഭാഷ ചരിത്രം
ആധുനിക – പൗരാണിക ഭാഷകളെല്ലാം സെമിറ്റിക്, ആര്യന്‍ കുടുംബാംഗങ്ങളാണ്. സെമിറ്റിക് ഭാഷാ കുടുംബത്തിലെ അംഗമാണ് അറബി ഭാഷ. നൂഹ് നബിയുടെ പുത്രനായ ശാമിന്റെ സന്താന പരമ്പരയാണ് സെമിറ്റിക് വംശം. അറബി ഭാഷക്ക് പുറമെ സുറിയാനി, ഹിബ്രു, ഫിനീഷ്യന്‍, അസ്സീറിയന്‍, ബാബിലോണിയന്‍, എത്യോപ്പ്യന്‍, അറാമിയന്‍, ഹിംയറിയന്‍ ഭാഷകളും സെമിറ്റിക് ഭാഷകളിലുള്‍പ്പെടുന്നതാണ്. ഇവയില്‍ ഇന്നും സജീവമായി പ്രതാപത്തോടെ നില്‍ക്കുന്ന ഏക ഭാഷ അറബിയാണ്.
യഅറബ് ബ്‌നു ഖഹ്താനാണ് അറബി ഭാഷയുടെ പിതാവായി ഗണിക്കപ്പെടുന്നത്. ‘വളരെ വ്യക്തമായും വിശദീകരിച്ചും വാചാലതയോടും സംസാരിക്കപ്പെടുന്നത്’ എന്ന അര്‍ഥത്തിലാണ് അറബി ഭാഷക്ക് ഈ പേര് വന്നത്. 26 ലോക രാജ്യങ്ങളുടെ ഔദ്യോഗിക ഭാഷയാണ് അറബി. 23 കോടിയിലധികം ജനങ്ങളുടെ മാതൃഭാഷയും. ഐക്യരാഷ്ട്ര സഭ അംഗീകരിച്ച ആറ് ഭാഷകളില്‍ ഒന്നാണ് അറബി. ഡിസംബര്‍ 18 അന്താരാഷ്ട്ര അറബി ഭാഷാ ദിനമായി ഐക്യരാഷ്ട്ര സംഘടന ആചരിക്കുന്നു. യുനസ്‌കോ, റെഡ്‌ക്രോസ്, ഫിഫ, ആഫ്രിക്കന്‍ യൂണിയന്‍ എന്നിവരെല്ലാം അംഗീകരിച്ച ഭാഷയാണ് അറബി. വാസ്‌കോഡഗാമയും കൊളമ്പസും ലോകസഞ്ചാരത്തിനുപയോഗിച്ച ഭൂപടത്തിന്റെ ഭാഷ അറബിയായിരുന്നു.
ഇതര ഭാഷകള്‍ക്കില്ലാത്ത നിരവധി സവിശേഷതകള്‍ അറബി ഭാഷക്കുണ്ട്. 28 അക്ഷരങ്ങളാണ് അറബി ഭാഷയിലുള്ളത്. മുഴുവന്‍ അക്ഷരങ്ങളുടെയും ഉച്ചാരണങ്ങള്‍ക്ക് മാറ്റമുണ്ടാകില്ല. സാഹിത്യ-സാംസ്‌കാരിക, വാണിജ്യ-വ്യാവസായിക, ശാസ്ത്ര-സാങ്കേതിക മേഖലകളിലെ സജീവ സാന്നിധ്യമായ അറബി ഭാഷ വിവിധ വൈജ്ഞാനിക ശാഖകള്‍ക്ക് കനപ്പെട്ട സംഭാവനകളര്‍പ്പിച്ചിട്ടുണ്ട്. 1988ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയത് പ്രസിദ്ധ അറബി സാഹിത്യകാരനായ നജീബ് മഹ്ഫൂസായിരുന്നു. 2019 ലെ മാന്‍ ബുക്കര്‍ പുരസ്‌കാരം ലഭിച്ചത് ഒമാനി നോവലിസ്റ്റായ ജോഹ അല്‍ഹാരിസിക്കായിരുന്നു.
വിശുദ്ധ ഖുര്‍ആന്റെ അവതരണമാണ് അറബി ഭാഷ – സാഹിത്യ വളര്‍ച്ചയെ ഏറ്റവുമധികം സ്വാധീനിച്ചത്. പൗരാണിക അറബികള്‍ക്കിടയില്‍ കവിത ഏറെ പ്രചാരം നേടിയ പശ്ചാത്തലത്തിലായിരുന്നു ഖുര്‍ആനിന്റെ അവതരണം. ക്ലാസിക്കല്‍ അറബി കവിത മനപ്പാഠമാക്കിയിരുന്ന പലരെയും ഖുര്‍ആനിന്റെ ഭാഷാ ഔന്നത്യവും സാഹിത്യ ഭംഗിയും അല്‍ഭുതപ്പെടുത്തി.
വിശുദ്ധ ഖുര്‍ആനിന്റെ മാസ്മരിക പ്രഭാവത്തിന് മുമ്പില്‍ പലരും അശക്തരായി. ഭൂലോകത്ത് മനുഷ്യന്റെ സ്പന്ദനമുള്ളേടത്തോളം കാലം വിശുദ്ധ ഖുര്‍ആന്‍ നിലനില്‍ക്കുമെന്ന് അല്ലാഹു ഉറപ്പ് നല്‍കുന്നുണ്ട്. അന്ത്യനാള്‍ വരെ നിലനില്‍ക്കുന്ന ഭാഷയെന്ന സവിശേഷതയും അറബിയെ പ്രസക്തമാക്കുന്നു. ചിന്തിക്കുവാന്‍ വേണ്ടിയാണ് ഖുര്‍ആന്‍ അറബിയില്‍ അവതരിപ്പിച്ചതെന്ന് രണ്ടിടങ്ങളില്‍ അല്ലാഹു സൂചിപ്പിക്കുന്നുണ്ട് (വി.ഖുര്‍ആന്‍ 12:2, 43:3). അറബി ഭാഷയുടെ ചരിത്ര പശ്ചാത്തലവും അജയ്യതയും ഈ വസ്തുതയെ ശരിവെക്കുന്നുണ്ട്.
അറബി ഭാഷയുടെ
കേരളീയ പരിസരം

പ്രവാചക നിയോഗത്തിനു മുമ്പ് തന്നെ അറബികള്‍ക്ക് കേരളവുമായി വ്യാപാര ബന്ധമുണ്ടായിരുന്നെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇതിന്റെ ഫലമായി അറബി ഭാഷയും ഇസ്ലാം മതവും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളത്തില്‍ പ്രചുരപ്രചാരം നേടി. അറബ്-കേരള ബന്ധങ്ങള്‍ക്ക് അറബി സാഹിത്യത്തില്‍ തന്നെ തെളിവുകള്‍ കാണാം. ക്ലാസിക്കല്‍ കാലത്തെ പ്രസിദ്ധ കവിയായ ഇംറുല്‍ ഖൈസിന്റെ കവിതയില്‍ മുറ്റത്ത് പരന്ന് കിടക്കുന്ന മാനിന്റെ കാഷ്ടത്തെ കുരുമുളക് മണികളോട് ഉപമിക്കുന്നുണ്ട്. അറബി ഭാഷയിലെ നിരവധി പദങ്ങള്‍ മലയാള ഭാഷ കടമെടുത്തിട്ടുണ്ട്.
മലയാള ഭാഷ ഇന്നത്തെ രൂപം പ്രാപിക്കുന്നതിന് മുമ്പ് തന്നെ കേരള മുസ്ലീംകള്‍ അറബി ഭാഷയില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന കൃതികള്‍ രചിച്ചിരുന്നു. കേരളത്തില്‍ പോര്‍ച്ചുഗീസ് അധിനിവേശം ശക്തമായ സാഹചര്യത്തില്‍ ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം രണ്ടാമന്‍ അറബിയില്‍ രചിച്ച ഗ്രന്ഥമാണ് തുഹ്ഫത്തുല്‍ മുജാഹിദീന്‍. അറബി ഭാഷയില്‍ രചിച്ച കേരളത്തിന്റെ ആദ്യത്തെ ചരിത്ര ഗ്രന്ഥമാണിത്. അറബി ഭാഷയില്‍ മനോഹരമായി കവിതയെഴുതുന്ന നിരവധി കവികള്‍ക്ക് കേരളം ജന്മം നല്‍കിയിട്ടുണ്ട്. ഭാഷ, വ്യാകരണം, സാഹിത്യം, കര്‍മശാസ്ത്രം, തഫ്‌സീര്‍, ചരിത്രം തുടങ്ങിയ മേഖലകളിലും ഈടുറ്റ ഗ്രന്ഥങ്ങള്‍ മലയാള മണ്ണില്‍ നിന്ന് വിരചിതമായിട്ടുണ്ട്. പ്രൈമറി തലം മുതല്‍ ഗവേഷണ തലം വരെ വ്യവസ്ഥാപിതമായി അറബി ഭാഷ പഠിക്കാനുള്ള സംവിധാനങ്ങള്‍ ഇന്ന് കേരളത്തിലുണ്ട്.
സാഹിത്യ വിവര്‍ത്തനം
സാംസ്‌കാരിക വിനിമയത്തെ ശക്തിപ്പെടുത്തുന്നതില്‍ വിവര്‍ത്തനങ്ങള്‍ക്ക് പൊതുവിലും സാഹിത്യ വിവര്‍ത്തനത്തിന് പ്രത്യേകിച്ചും അനല്‍പമായ പങ്കുണ്ട്. അറബ്-കേരള ബന്ധങ്ങളെ സുശക്തമാക്കുന്നതില്‍ വിവര്‍ത്തന സാഹിത്യത്തിന് വലിയ പ്രാധാന്യമുണ്ട്. അറബി ഭാഷയില്‍ നിന്ന് മലയാളത്തിലേക്കും മലയാളത്തില്‍ നിന്ന് അറബിയിലേക്കും നിരവധി ഗ്രന്ഥങ്ങള്‍ ഭാഷാന്തരം ചെയ്തിട്ടുണ്ട്.
തകഴി ശിവശങ്കരപ്പിള്ളയുടെ ‘ചെമ്മീന്‍’ ഡോ. മുഹ്യുദ്ദീന്‍ ആലുവായ് അറബിയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കുമാരനാശാന്റെ ‘വീണപൂവ്’ നന്മണ്ട അബൂബക്കര്‍ മൗലവിയാണ് അറബിയിലേക്ക് വിവര്‍ത്തനം ചെയ്തത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ബാല്യകാല സഖി’ ബെന്യാമീന്റെ ‘ആടുജീവിതം’ ബി എം സുഹറയുടെ ‘ഇരുട്ട്’ എന്നീ നോവലുകള്‍ സുഹൈല്‍ അബ്ദുല്‍ഹക്കീം വാഫിയാണ് അറബി വായനക്കാരിലേക്കെത്തിച്ചത്. പൗരാണികരും ആധുനികരുമായ നിരവധി മലയാള കവികളുടെ കവിതകള്‍ യു എ ഇ കവിയായ ഡോ. ശിഹാബ് ഗാനിം അറബിയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
അറബി ഭാഷയിലെ നിരവധി സാഹിത്യ കൃതികള്‍ മലയാളത്തിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. വിഖ്യാതനായ ഈജിപ്ഷ്യന്‍ നോവലിസ്റ്റ് ത്വാഹാ ഹുസൈന്റെ ‘ദുആഉല്‍ കര്‍വാന്‍’ എന്ന നോവല്‍ പ്രൊഫ. മുഹമ്മദ് കുട്ടശേരി മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. അറബി സാഹിത്യത്തിലെ ക്ലാസിക്കല്‍ കവികളുടെ കാവ്യ സമാഹാരങ്ങളുടെയും വ്യത്യസ്ത വിവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. നിരവധി സമകാലിക അറബി നോവലുകള്‍ മലയാള വായനക്കാരിലേക്കെത്തിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് അറബിക് വിഭാഗം മേധാവി ഡോ. എന്‍ ശംനാദ്.
സാഹിത്യ കൃതികള്‍ക്ക് പുറമെ ഖുര്‍ആന്‍, ഉലൂമുല്‍ ഖുര്‍ആന്‍, ഹദീസ്, ഉസൂലുല്‍ ഹദീസ്, ഫിഖ്ഹ്, ഉസൂലുല്‍ ഫിഖ്ഹ്, തഫ്‌സീര്‍, ചരിത്രം തുടങ്ങിയ മേഖലയിലെ പ്രൗഢമായ പല അറബി കൃതികളും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. വിജ്ഞാനവും സാങ്കേതിക വിദ്യയും കുതിച്ചു പായുന്ന സമകാലിക ലോകത്ത് അറബി ഭാഷയുടെ പ്രസക്തി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

Back to Top